27 കിലോയുള്ള മീന്‍ വെച്ചത്, മൂന്ന് ആടിന്‍റെ ബിരിയാണി…നമ്മളെ കൊതിപ്പിച്ച് യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വാരുന്ന സാധാരണക്കാരന്‍

പക്ഷേ ഇത് വെറും കളിയല്ല.. കാശു വാരുന്ന കിടിലന്‍ പണിയാണ്.

 ട്ടീലും കലത്തിലും കഞ്ഞീം കൂട്ടാനും കറിവെച്ച് കളിക്കാന്‍ എന്താ രസല്ലേ.. ചോറുണ്ടാക്കാന്‍ മണ്ണും കറിയുണ്ടാക്കാന്‍ പച്ചിലകളും പിന്നെ ഒന്നൂടി.. ചെമ്പരത്തിപ്പൂവ് വെള്ളത്തിലിട്ട് ചതച്ചെടുത്താല്‍ കറിയ്ക്കുള്ള വെളിച്ചെണ്ണയും റെഡി.. ഇതൊക്കെയായിട്ട് പറമ്പിലെ ഏതെങ്കിലുമൊരു മരത്തണലില്‍ പോയിരുന്ന് കളിക്കും..ഹൊ അതൊക്കെ ഓര്‍ക്കാന്‍ തന്നെ എന്താ രസം.

ഇപ്പോഴും പറമ്പില്‍ പോയിരുന്നു കൂട്ടുകാര്‍ക്കൊപ്പം അടുപ്പുകൂട്ടി കളിക്കുന്നൊരാളുണ്ട്. ഒരു പാലക്കാട്ടുകാരന്‍. പക്ഷേ ഇത് വെറും കളിയല്ല.. കാശു വാരുന്ന കിടിലന്‍ പണിയാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


രുചിക്കൂട്ടുകളൊരുക്കി താരമായിരിക്കുകയാണിപ്പോള്‍. ഫിറോസ് എലപ്പുള്ളി എന്നാണ് യുട്യൂബിന്‍റെ ഗോള്‍ഡന്‍ ബട്ടന്‍ സ്വന്തമാക്കിയ ആ താരത്തിന്‍റെ പേര്. യുട്യൂബില്‍ നിന്നു ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഒരു സാധാരണക്കാരന്‍. 

ഫിറോസിനെ അറിയാത്തവരുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കുണ്ട് ആരാധകര്‍. 27 കിലോയുള്ള മീന്‍ കറി, 50 മുട്ടയുടെ ഓംലെറ്റ്, ഒന്നല്ല മൂന്നു ഫുള്‍ ആട് കൊണ്ടുള്ള ബിരിയാണി, വീട്ടിലുണ്ടാക്കാവുന്ന ബ്ലാക്‌ഫോറസ്റ്റ് കേക്ക്, ഇതൊക്കെയുണ്ടാക്കുന്ന യുട്യൂബ് വിഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.


അതിലൊരു ഉയര്‍ച്ച വരുന്നില്ല. ചെലവും കൂടുതലാണ്. അതോടെ ഫോട്ടോസ്റ്റാറ്റ് ബിസിനസ് അവസാനിപ്പിച്ചു.


കള്ളിമുണ്ടുടുത്ത്, തനി പാലക്കാടന്‍ ശൈലിയില്‍ നാട്ടുകാരെ പാചകം പഠിപ്പിച്ചും കൊതിപ്പിച്ചും മുന്നേറുന്ന ഫിറോസിന്‍റെ വിശേഷങ്ങളിലേക്ക്.

പുതിയ വിഡിയോ എഡിറ്റ് ചെയ്തു ഭംഗിയാക്കി യുട്യൂബിലിടുന്നതിന്‍റെ തിരക്കൊഴിഞ്ഞ നേരം നോക്കി ഫിറോസ് എലപ്പുള്ളി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിച്ചു.

“കുറേക്കാലം പ്രവാസിയായിരുന്നു. സൗദി അറേബ്യയില്‍ വെല്‍ഡറായിരുന്നു,” പ്രവാസിയില്‍ നിന്ന് പാചകത്തിലേക്കെത്തുന്നതിനെ കുറിച്ച് പറയുന്നു ഫിറോസ്. “2007 മുതല്‍ 2012 വരെ സൗദിയിലുണ്ടായിരുന്നു. അന്നാളിലാണ് പാചകമൊക്കെ ചെയ്തു തുടങ്ങുന്നത്. അവിടെ എന്‍റെ കൂടെ താമസിച്ചിരുന്ന ഒരു അഷ്‌റഫുണ്ട്. ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ക്ക് ജോലി.

“അഷ്‌റഫ് ഡ്രൈവറായിരുന്നു. ഞാന്‍ ഫൂഡ് ഒക്കെ ഉണ്ടാക്കുമ്പോ അഷ്‌റഫും കൂടെ കൂടും. പിന്നെയാ അഷ്‌റഫ് ഒരു കുക്കായിരുന്നു, ഹോട്ടലിലൊക്കെ വര്‍ക് ചെയ്തിട്ടുണ്ടെന്നു അറിയുന്നത്. ആള് ആണ് പാചകത്തിലെ ആദ്യ ഗുരു. പിന്നെ ഗൂഗിളും. ഗൂഗിളില്‍ നോക്കിയാണ് പലതും പഠിച്ചത്.

“2012 ഒക്കെ ആയപ്പോഴേക്കും പ്രവാസം അവസാനിപ്പിച്ചു. എന്തോ നാട്ടിലേക്ക് മടങ്ങണമെന്ന് തോന്നി. നാട്ടില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കട തുടങ്ങി. കുറഞ്ഞ മുതല്‍ മുടക്കില്‍ നല്ല വരുമാനം.. അതാണ് ഫോട്ടോസ്റ്റാറ്റ് കട തുടങ്ങാന്‍ കാരണം. പക്ഷേ നല്ല വരുമാനം ഒക്കെ തന്നെ കിട്ടുന്നുണ്ട്. അതിലൊരു ഉയര്‍ച്ച വരുന്നില്ല. ചെലവും കൂടുതലാണ്. അതോടെ ഫോട്ടോസ്റ്റാറ്റ് ബിസിനസ് അവസാനിപ്പിച്ചു.

“അന്നൊക്കെ ഫേസ്ബുക്കിലൊക്കെയുണ്ടായിരുന്നു. പക്ഷേ യുട്യൂബിനെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. ആയിടയ്ക്കാണ് യുട്യൂബ് ചാനലിലൂടെ വരുമാനം നേടാം എന്നൊരു ആര്‍ട്ടിക്കിള്‍ വായിക്കുന്നത്. അത് കൊള്ളാലോ എന്നു തോന്നി.


ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോഴാണ് യുട്യൂബില്‍ നിന്നെനിക്ക് ആദ്യ വരുമാനം കിട്ടുന്നത്. 8500 രൂപ. അതോടെ ഹാപ്പിയായി


“ഒരു യുട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തു. പാറയില്‍ മീഡിയ എന്നായിരുന്നു പേര്. എന്‍റെയൊരു മാമന്‍റെ പോറോട്ട കടയില്‍ പോയി, അതിന്‍റെ വിഡിയോ എടുത്തു പാറയില്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. വെറുതേയായില്ല.. അത് ഹിറ്റായി. പിന്നെ വിഡിയോ എടുക്കലും അപ് ലോഡ് ചെയ്യലും തന്നെയായിരുന്നു.

“പക്ഷേ അബദ്ധം പറ്റിയത് അറിയാന്‍ വൈകി.’ അറിവില്ലായ്മ കൊണ്ടുണ്ടായ അമളികളെപ്പറ്റി പറയുകയാണ് ഫിറോസ്. “യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നതിന് ചില നിബന്ധനകളൊക്കെയുണ്ടായിരുന്നു. അതൊന്നും അറിയില്ലായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ വന്നതോ കോപ്പി റൈറ്റുള്ളതോ ആയ വിഡിയോ യുട്യൂബിലിടാന്‍ പാടില്ലെന്നാണല്ലോ… ഇതൊന്നും എനിക്കറിയില്ലായിരുന്നു.”

കയ്യില്‍ ഫോര്‍വേഡ് ചെയ്തുകിട്ടുന്ന വീഡിയോകളും ഫെയ്സ്ബുക്കിലൊക്കെ വരുന്ന നല്ല വിഡിയോകളും വരെ ഫിറോസ് യുട്യൂബിലിട്ടു.  കോപ്പിറൈറ്റ് വയലേഷനെ തുടര്‍ന്ന് പാറയില്‍ മീഡിയയുടെ അക്കൗണ്ട് യൂട്യൂബ് പൂട്ടിച്ചു.


ഇതുകൂടി വായിക്കാം:ആക്രിയും മദ്യക്കുപ്പികളും പെറുക്കി ഈ ബി എഡ് വിദ്യാര്‍ത്ഥി നേടുന്നത് മാസം 40,000 രൂപ


“പിന്നീടാണ് ട്രാവല്‍ മാസ്റ്റര്‍ എന്ന പേരിലൊരു ചാനല്‍ ആരംഭിക്കുന്നത്. നാലു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുണ്ടായിരുന്നു ട്രാവല്‍ മാസ്റ്ററിന്. ഇതാരംഭിച്ച് ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോഴാണ് യുട്യൂബില്‍ നിന്നെനിക്ക് ആദ്യ വരുമാനം കിട്ടുന്നത്. 8,500 രൂപ. അതോടെ ഹാപ്പിയായി. പിന്നീട് വരുമാനമൊക്കെ കൂടി. ഇപ്പോ ലക്ഷക്കണക്കിന് രൂപ കിട്ടുന്നുണ്ട്. കൃത്യം പറയാനാകില്ല.. അങ്ങനെയൊരു പോളിസിയുണ്ട് യുട്യൂബിന്,” ഫിറോസ് പറയുന്നു. 

“ഇതിനൊക്കെ ശേഷമാണ് ക്രാഫ്റ്റ്‌സ് മീഡിയ ആരംഭിക്കുന്നത്,” സോഷ്യല്‍ മീഡിയകളിലെ ഹിറ്റ് വ്‌ളോഗ് ഉണ്ടാക്കിയ കഥ ഫിറോസ് പറയുന്നു. “ഒന്നരവര്‍ഷം മുന്‍പാണ് ക്രാഫ്റ്റ്‌സ് മീഡിയ ആരംഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നൊക്കെയുള്ള പാചകവിഡിയോകളില്ലേ.. അധികമാളില്ലാത്ത പറമ്പിലൊക്കെ പോയി കുറേയേറെ ഭക്ഷണമുണ്ടാക്കുന്നത്. ഞാനും അതൊക്കെ കുറേ കണ്ടിട്ടുണ്ട്. അതായിരുന്നു പ്രചോദനം. പിന്നെ പുരുഷന്‍മാര്‍ കുക്കറി ചെയ്യുന്നതും കുറവല്ലേ. വെറുതേ ചെയ്തു നോക്കി, അത് ഹിറ്റായി.

“വലിയ അളവില്‍ തന്നെയാണ് ഫൂഡ് ഉണ്ടാക്കുന്നത്. ആളുകള്‍ക്കിഷ്ടവും ഇതുതന്നെയാണ്. കൂട്ടുകാരാണ് കൂടെ സഹായത്തിനുള്ളത്.”

അയല്‍പക്കക്കാരായ ലക്ഷ്മണനും സജിത്തും രതീഷും പിന്നെ ക്യാമറമാന്‍ അരുണും…ഇതാണ് ഫിറോസിന്‍റെ സംഘം. പാചകത്തിന് ഉള്ളി, പച്ചമുളകൊക്കെ അരിയാനും കൂടെ നില്‍ക്കാനുമൊക്കെ ലക്ഷ്മണനും സജിത്തുമൊക്കെ എപ്പോഴുമുണ്ടാകും.

“ഇവരും ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതരാണ്. ഫെയ്‌സ്ബുക്കിലും യുട്യൂബ് വിഡിയോ കമന്‍റിലുമൊക്കെ ഇവരെക്കുറിച്ചൊക്കെ പലരും അന്വേഷിക്കാറുണ്ട്. ക്യാമറ ചെയ്യുന്ന അരുണും ഞാനും കൂടിയാണ് വിഡിയോ എഡിറ്റിങ്ങൊക്കെ ചെയ്യുന്നത്. മിക്കവാറും അരുണിന്‍റെ പറമ്പാണ് ഞങ്ങളുടെ ഷൂട്ടിങ് ലൊക്കേഷന്‍.”

വിഡിയോ ചെയ്യാനും എഡിറ്റിങ്ങും എല്ലാം പഠിച്ചത് ഗൂഗിളില്‍ നോക്കിയാണ് എന്ന് ഫിറോസ്. “അത് മാത്രമല്ല പാചകറെസിപ്പിയും ഗൂഗിളില്‍ നോക്കാറുണ്ട്. ഗൂഗിളാണെന്‍റെ ഗുരു. ഇതിനു മാത്രമല്ല വിഡിയോ സെര്‍ച്ചില്‍ മുന്നില്‍ വരുന്നതിനെക്കുറിച്ചൊക്കെ പഠിക്കുന്നതും ഗൂഗിള്‍ വഴിയാണ്. നന്നായി പഠിച്ച്, ആലോചിച്ച് തന്നെയാണ് വിഡിയോ ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും,” അദ്ദേഹം പറയുന്നു.

“ആഴ്ചയില്‍ ഒരു വിഡിയോ. ഇതാണ് പതിവ്. പിന്നെ ഇത്രയേറെ അളവില്‍ ഫൂഡ് ഉണ്ടാക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. കാണാനൊരു ചന്തമുള്ളത് ഇതിനാണ്. അതാണ് എല്ലാവര്‍ക്കുമിഷ്ടവും. ഈ ഉണ്ടാക്കുന്ന ഫൂഡ് അനാഥമന്ദിരങ്ങളിലേക്കും മറ്റുമാണ് നല്‍കുന്നത്. ഫൂഡ് വെറുതേയുണ്ടാക്കി പാഴാക്കുന്നില്ല. ഒറ്റപ്പാലത്തുള്ള പോളിഗാര്‍ഡന്‍ ഓര്‍ഫനേജിലേക്കാണ് കൂടുതലും ഫൂഡ് നല്‍കിയിരിക്കുന്നത്.

“അവിടെ കുറേ ഓട്ടിസം ബാധിച്ചവരെയാണ് സംരക്ഷിക്കുന്നത്. മൂന്നു ഫുള്‍ ആടിനെ ബിരിയാണിയാക്കി ഓര്‍ഫനേജില്‍ കൊടുത്തിട്ടുണ്ട്. വേറെയും കുറേ ആളുകള്‍ക്ക് ഫൂഡ് നല്‍കണമെന്നുണ്ട്. അനാഥരായ അമ്മമാര്‍ താമസിക്കുന്ന ഒരിടമുണ്ട്. 150 ഓളം പേരുണ്ടെന്നാ കേട്ടത്. അതേക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍.. അവിടേക്കും ഇനി ഭക്ഷണമെത്തിക്കാനാണ് ശ്രമിക്കുന്നത്.

യുട്യൂബ് വിഡിയോ ചെയ്യുന്നതിന് മുന്‍പ് കുറച്ചു കാലം ഇ കൊമേഴ്‌സ് ചെയ്തിരുന്നു. ഷൂവിന്‍റെ ഓണ്‍ലൈന്‍ വില്‍പ്പനയായിരുന്നു. ഒരു വര്‍ഷം മാത്രമേയുണ്ടായുള്ളൂ. ഇതിനൊക്കെ ശേഷമാണ് വോഗ്ലറാകുന്നത്. പത്ത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ടാകുമ്പോഴാണ് യുട്യൂബിന്‍റെ ഗോള്‍ഡന്‍ ബട്ടണ്‍ കിട്ടുന്നത്. യുട്യൂബില്‍ നിന്ന് മറ്റൊരു അംഗീകാരം കൂടി കിട്ടിയുണ്ട്.


ഇതുകൂടി വായിക്കാം:ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


അവര് എനിക്ക് ഒരു മാനെജറെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എനിക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ക്കൊക്കെ ഈ മാനേജറാണ് പിന്തുണയ്ക്കുന്നത്. യുട്യൂബില്‍ നിന്നെങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നതിനെക്കുറിച്ച് ഒരു വര്‍ക് ഷോപ്പുണ്ടായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു. കേരളത്തില്‍ നിന്ന് പങ്കെടുത്തത് ഞാന്‍ മാത്രമായിരുന്നു. ഇതൊക്കെ വലിയ സന്തോഷമാണെന്നും ഫിറോസ് പറയുന്നു.

“ഇതു സോഷ്യല്‍ മീഡിയയുടെ കാലമല്ലേ.. അതില്‍ നിന്നൊക്കെ വരുമാനവുമുണ്ടാക്കാം.” കൊച്ചിയിലൊരു വര്‍ക് ഷോപ്പ് നടത്തുന്നതിനെക്കുറിച്ച് ഫിറോസ് പറയുന്നു. “യുട്യൂബ്, ടിക് ടോക്ക്, ഷെയര്‍ചാറ്റ് ഇതൊക്കെ ഉപയോഗിച്ച് എങ്ങനെ വരുമാനം നേടാമെന്നതിനെക്കുറിച്ചാണ് ക്ലാസ്. വര്‍ക് ഷോപ്പില്‍ 5,000 പേരെ പങ്കെടുപ്പിക്കണമെന്നാണ്. ചര്‍ച്ചകളൊക്കെ നടക്കുന്നു. പിന്നെ പുതുതായി ഒരു ട്രാവല്‍ വിഡിയോ ആരംഭിക്കാനുള്ള പ്ലാനിലാണ്. വൈകാതെ നടക്കുമെന്ന പ്രതീക്ഷയിലാണ്..” വീണ്ടും പുതിയ വിഡിയോ എടുക്കേണ്ടതിന്‍റെ തിരക്കുകളിലേക്ക് പോകുകയാണ് ഫിറോസ്.

ഫോട്ടോ കടപ്പാട് : ക്രാഫ്റ്റ്‌സ് മീഡിയ

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം