മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു

” സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് എനിക്കൊരു ഫോണ്‍കോള്‍… അച്ഛന്‍ മരിച്ചുപോയി..”

ക്ടോബര്‍ ആവുമ്പോള്‍ കുറ്റിക്കോല്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ തെയ്യം സീസണുവേണ്ടി തയ്യാറെടുപ്പ് തുടങ്ങും. വണ്ണാന്‍ വിഭാഗത്തില്‍ പെട്ട ഈ കുടുംബക്കാരാണ് ആ കാസര്‍ഗോഡന്‍ ഗ്രാമത്തില്‍ തെയ്യം കെട്ടിയാടുന്നത്.

പക്ഷേ, തെയ്യം കലാകാരന്‍റെ മകനായ വിവേകിന് തെയ്യക്കാലം എന്നാല്‍ സ്വന്തം ജീവിതത്തെ ദുരന്തത്തിലും ദുരിതത്തിലും തള്ളിയിട്ട കനല്‍ക്കാലം കൂടിയാണ്.

ആഴിയിലും കനലിലും നൃത്തം ചെയ്യുന്നവരാണ് തെയ്യം കലാകാരന്മാര്‍. കഠിനമാണ് ആ മൂന്ന് നാലുമാസക്കാലം. ശരീരത്തിനും മനസ്സിനും ഒരുപോലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞകാലം. നീണ്ട മുടിയും ആടയാഭരണങ്ങളും ചമയങ്ങളുമണിഞ്ഞ് മണിക്കൂറുകള്‍ നീളുന്ന തെയ്യാട്ടങ്ങള്‍. തെയ്യക്കാലത്ത് ദൈവങ്ങളായിരിക്കുമെങ്കിലും അവരുടെ ജീവിത സാഹചര്യങ്ങള്‍ക്ക് അത്രയൊന്നും നിറപ്പൊലിമയുണ്ടാവില്ല.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


പലപ്പോഴും തെയ്യംകെട്ടുകാര്‍ ആ കഠിനകാലം കടക്കാന്‍ മദ്യത്തിന്‍റെ സഹായം തേടും. ലഹരി കൊണ്ട് ശരീരവും മനസ്സും തളര്‍ത്തിയിട്ടാണ് അവരില്‍ പലരും ആ വേദനകളും വിഷമങ്ങളും മറികടക്കുന്നത്.

തെയ്യം.

പക്ഷേ, ചിലര്‍ക്കെങ്കിലും തെയ്യക്കാലം കഴിഞ്ഞാലും മദ്യത്തിനോടുള്ള അഭിനിവേശം മാറില്ല. അത് വിട്ടുമാറാത്ത ആസക്തിയായി കൂടെക്കൂടും.

കാസര്‍ഗോഡുകാരനായ വിവേക് ഈ മദ്യാസക്തിയുടെ ദുരന്തമുഖം നേരിട്ടു കണ്ടും അനുഭവിച്ചുമാണ് വളര്‍ന്നത്.


ഇതുകൂടി വായിക്കാം: ‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍


“തെയ്യക്കാലം വന്നാല്‍ വണ്ണാന്‍ സമുദായത്തില്‍ പെട്ട പുരുഷന്‍മാരും ആണ്‍കുട്ടികളും തെയ്യം കെട്ടുന്ന തിരക്കിലായിരിക്കും,” വിവേക് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. ” സ്ത്രീകള്‍ പരമ്പരാഗതമായി വീടുതോറും ചെന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന് അലക്കിക്കൊടുക്കുന്നവരാണ്. ഈ സ്ത്രീകളാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും നിത്യച്ചെലവിനുള്ള പണമുണ്ടാക്കുന്നതും. പുരുഷന്‍മാര്‍ പരമ്പരാഗത ആചാരങ്ങളും തെയ്യവും പിന്തുടരും.

വിവേക്

“തെയ്യംകെട്ടലിന്‍റെ കഠിനതകളില്‍ നിന്ന് രക്ഷനേടാന്‍ എന്‍റെ കുടുംബത്തിലെ പലരും മദ്യത്തിന് അടിമപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ അമ്മാവന്‍ വളരെ ചെറുപ്പത്തില്‍ തന്നെ മദ്യത്തിനടിപ്പെട്ട് മരിച്ചുപോയി. അച്ഛനും തിരിച്ചുവരാനാവത്തവിധം മദ്യത്തിനടിമയായി. ഞാന്‍ വളര്‍ന്നുവന്ന ആ കാലം വല്ലാത്തൊരു അവസ്ഥയായിരുന്നു…”


അച്ഛനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മൊത്തത്തിലുള്ള സമൂഹത്തിന്‍റെ സ്വഭാവത്തിലും അവസ്ഥയിലും പ്രശ്‌നങ്ങളുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി.


ചെറുപ്പകാലത്തൊക്കെ വീട്ടിലെ അവസ്ഥയുടെ പേരില്‍, മദ്യപാനത്തിന്‍റെ പേരില്‍ വിവേക് അച്ഛനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ സോഷ്യോളജിയും സാമൂഹികാവസ്ഥകളും പഠിച്ചതോടെ കാര്യങ്ങള്‍ മറ്റൊരുവിധത്തില്‍ കാണാന്‍ അയാള്‍ക്ക് കഴിഞ്ഞു.

അച്ഛനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മൊത്തത്തിലുള്ള സമൂഹത്തിന്‍റെ സ്വഭാവത്തിലും അവസ്ഥയിലും പ്രശ്‌നങ്ങളുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി. അതൊരു വലിയ സാമൂഹ്യ പ്രശ്‌നത്തിന്‍റെ തുടര്‍ച്ചയാണെന്ന് മനസ്സിലായതോടെ സിവില്‍ സര്‍വീസിന് ചേരണമെന്ന് വിവേക് ഉറപ്പിച്ചു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൂടി ഉണ്ടായിരുന്നു അതിന് പിന്നില്‍.

വിവേകിന്‍റെ അച്ഛന്‍ കാസര്‍ഗോഡുനിന്നും അമ്മ കണ്ണൂരുകാരിയും ആണ്. അമ്മ കുറച്ചുകൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നു. തിരിച്ചുവരാനാവാത്ത വിധം ഭര്‍ത്താവ് മദ്യത്തിന് അടിമപ്പെട്ടു എന്ന് മനസ്സിലാക്കിയ ആ സ്ത്രീ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹം കൂടി മനസ്സിലിട്ട് തലശ്ശേരിയിലെ വീട്ടിലേക്ക് പോന്നു.

പോസ്റ്റോഫീസില്‍ ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു ഓഫീസ്. വിവേകിനെ കണ്ണൂര്‍ ടൗണിനടുത്ത് ബര്‍ണഞ്ചേരിയിലെ സെന്‍റ് മൈക്കല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ സ്‌കൂളില്‍ ചേര്‍ത്തു.


ഇതുകൂടി വായിക്കാം: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ


“രണ്ട് ബസും ട്രെയിനും കയറി വേണമായിരുന്നു സ്‌കൂളിലെത്താന്‍. ഒരു സൈഡിലേക്ക് 90 മിനിറ്റ് എടുക്കുമായിരുന്നു. തിരിച്ചുവീട്ടിലെത്തുമ്പോഴേക്കും ക്ഷീണിച്ച് തളര്‍ന്നിട്ടുണ്ടാവും,” വിവേക് ഓര്‍ക്കുന്നു.

വിവേക്, അമ്മ

“വീട്ടിലെ മൂത്തയാള്‍ ഞാനായിരുന്നു. അമ്മയുടെ ജോലി ആറുമണിക്കേ കഴിയൂ,” വിവേക് തുടരുന്നു. “അപ്പോഴേക്കും ഞാന്‍ വീട്ടിലെത്തിയിട്ടുണ്ടാവും. അതുകൊണ്ട് വീട്ടിലെ ജോലിയൊക്കെ ഞാനെടുക്കുമായിരുന്നു. കിണറ്റില്‍ നിന്ന് വെള്ളം കോരി വെയ്ക്കും. പാത്രങ്ങളെല്ലാം കഴുകിവെയ്ക്കും. അമ്മ എത്തുമ്പോഴേക്കും ഏറെ ഇരുട്ടും. ആകെ തളര്‍ന്നിട്ടുണ്ടാവും. അപ്പോഴേക്കും ഞാന്‍ വീട്ടിലെ പണികളെല്ലാം തീര്‍ത്തുവെയ്ക്കും. വന്നാല്‍ അമ്മയ്ക്കല്‍പം വിശ്രമിക്കാലോ..”


പഠിക്കുമ്പോള്‍ വിവേക് ഒരു കാര്യം കൃത്യമായി മനസ്സിലുറപ്പിച്ചിരുന്നു–സംസ്‌കാരം, ഭാഷ, സാമ്പത്തിക പശ്ചാത്തലം എന്നിങ്ങനെയുള്ള വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ തന്നെ കിട്ടില്ലെന്ന്.


അങ്ങനെ, സ്‌കൂളിലേക്കുള്ള നീണ്ട യാത്രയും വീട്ടിലെ പണികളുമെല്ലാമെടുത്ത് രാത്രി വൈകും. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയല്ലേ, വിവേകും തളരും. പിന്നെ പഠിക്കാനൊക്കെ എവിടെ നേരം? പഠനത്തില്‍ പിന്നാക്കമായി. ക്ലാസ്സിലെ മിക്ക കുട്ടികളും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നു വരുന്നവരായിരുന്നു. അവരെല്ലാം സ്‌കൂളില്‍ നിന്ന് വലിയ ദൂരെയല്ലാതെ താമസിക്കുന്നവരുമായിരുന്നു. ക്ലാസ്സില്‍ പിന്നാക്കം പോകുന്നുവവെന്ന് മനസ്സിലായതോടെ വിവേക് ആ പ്രശ്‌നത്തിനൊരു പരിഹാരം കാണാന്‍ തീരുമാനിച്ചു. ഉള്ള സമയം പാഴാക്കിക്കളയാതെ നോക്കണം. അതേയുള്ളു വഴി.

“എന്‍റെ സ്‌കൂളിനും കൊടുക്കണം ഇതിന്‍റെ ക്രെഡിറ്റ്,” വിവേക് പറയുന്നു. “കുറഞ്ഞ ഫീസിന് നല്ല വിദ്യാഭ്യാസം ആണ് എനിക്ക് കിട്ടിയത്. എന്‍റെ കൂടെയുള്ള കുട്ടികളെല്ലാം നല്ല നിലയിലുള്ള വീടുകളില്‍ നിന്ന് വരുന്നവരായിരുന്നു. അധ്യാപകരെല്ലാം നന്നായി സംസാരിക്കുന്നവരും നല്ല അറിവുള്ളവരും ആയിരുന്നു. എന്‍റെ ഇംഗ്ലീഷ് ഭാഷ നന്നാക്കാന്‍ കൂട്ടുകാരും അധ്യാപകരും ഒരുപോലെ സഹായിച്ചു.

വിവേക്

“സമയം ലാഭിക്കാന്‍ ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിക്കും തിരിച്ചുവരുമ്പോഴും പഠിച്ചു. ബസിലും ട്രെയിനിലും ഇരുന്ന് എഴുതുകയും വായിക്കുകയും ചെയ്തു. ഇപ്പോഴും എനിക്ക് ഓടുന്ന കാറിലിരുന്ന് വളരെ നന്നായി എഴുതാന്‍ കഴിയും,” വിവേക് ചിരിക്കുന്നു.

ആ കഠിന പരിശ്രമത്തിന് പുറമെ ഹോളിവുഡ് സിനിമകള്‍ ധാരാളം കണ്ടു. ഇംഗ്ലീഷ് പുസ്തകങ്ങളും നന്നായി വായിച്ചു. അങ്ങനെ ഇംഗ്ലീഷ് ഭാഷയിലെ സ്വാധീനം കൂടി. വൈകീട്ട് വീട്ടിലെത്തിയാല്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ അമ്മ ഹിന്ദി സീരിയലുകള്‍ എന്നും കാണുമായിരുന്നു. വിവേകും ഒപ്പം അതൊക്കെ കാണും. അങ്ങനെ ഹിന്ദിയും മെച്ചപ്പെട്ടു.

സ്‌കൂളിലും കോളെജിലും പഠിക്കുമ്പോള്‍ വിവേക് ഒരു കാര്യം കൃത്യമായി മനസ്സിലുറപ്പിച്ചിരുന്നു–സംസ്‌കാരം, ഭാഷ, സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ തന്നെ കിട്ടില്ലെന്ന്. കിട്ടിയ അവസരങ്ങളിലെല്ലാം ആ വേലിക്കെട്ടുകള്‍ക്ക് പുറത്തുകടക്കാന്‍ അയാള്‍ ശ്രമിച്ചു.

കാര്യങ്ങള്‍ അത്ര എളുപ്പമൊന്നുമായിരുന്നില്ല. വ്യക്തിജീവിതത്തിലും ഒരുപാട് പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍. വേറിട്ട് കഴിഞ്ഞിരുന്ന അമ്മയും അച്ഛനും ഡിവോഴ്‌സ് ചെയ്തു. അപ്പോള്‍ വിവേകിന് 14 വയസ്സായിരുന്നു. അച്ഛന്‍റെ എക്കാലവും കൂടിക്കൂടി വന്നുകൊണ്ടിരുന്ന കടങ്ങള്‍ അമ്മ വീട്ടേണ്ട സ്ഥിതിയായിരുന്നുവെന്ന് വിവേക് പറയുന്നു. അവര്‍ നിയമപരമായി ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരുന്ന കാലം മുഴുവന്‍ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ അമ്മ ആ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു.

“ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന്, വളരെയൊന്നും വിദ്യാഭ്യാസമില്ലാത്ത ഒരു സ്ത്രീ അങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ അതിന് ചെറിയ ധൈര്യമൊന്നും പോരാ,” 30-കാരനായ വിവേക് ആ ഡിവോഴ്‌സിനെക്കുറിച്ച് പറയുന്നു. “എല്ലാവരും അകറ്റിനിര്‍ത്തുമെന്ന്, കൂട്ടുകാര്‍ പോലും മിണ്ടാതാവുമെന്ന് അമ്മയ്ക്കറിയാമായിരുന്നു. പക്ഷേ, അമ്മ വളരെ സ്വതന്ത്രയായ ഒരു സ്ത്രീയായിരുന്നു. ആര്‍ക്കും തളര്‍ത്താനാവില്ലായിരുന്നു. ആ ധൈര്യമാണ് എനിക്കും കിട്ടിയത്.”

വര്‍ഷങ്ങള്‍ കടന്നുപോയി. വിവേക് ഇലക്ടോണിക് കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി എടുത്തു. മെഡിക്കലും എന്‍ജിനീയറിങ്ങും താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് ഈ കോഴ്‌സിന് ചേര്‍ന്നു. വിവേകിന്‍റെ ലക്ഷ്യം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ഐ ഐ എം) ആയിരുന്നു. പക്ഷേ, പണം അപ്പോഴും പ്രശ്‌നമായിരുന്നു. അതുകൊണ്ട് ആ ചെറുപ്പക്കാരന്‍ ചെന്നൈയിലെ ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറി. ഐ ഐ എം കൊല്‍ക്കത്തയില്‍ മാനേജ്‌മെന്‍റ് പഠനം നടത്താനാവശ്യമായ പണം സമ്പാദിക്കുന്നതുവരെ അവിടെ ജോലി ചെയ്തു.

അവിടെ നിന്ന് വിവേകിന്‍റെ ജീവിതം അപ്രതീക്ഷിതമായി തിരിഞ്ഞു.

സോഷ്യോളജി പഠിച്ചു. ഒരാളുടെ ചിന്തയിലും ജീവിതത്തിലും, വിദ്യാഭ്യാസത്തിലും പ്രൊഫഷനിലുമൊക്കെ സാമൂഹ്യഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കിയത് അങ്ങനെയാണ്. മദ്യത്തിന് അടിമയായിപ്പോയതിന് അച്ഛനെ മാത്രം പൂര്‍ണമായും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നുകൂടി മനസ്സിലായി. സാമൂഹ്യസാഹചര്യങ്ങള്‍ കൂടി അതിന് പിന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞു.

“സ്വന്തം സഹോദരന്‍ കുടിച്ചുമരിച്ചത് അച്ഛന്‍ കണ്ടതാണ്. എന്നിട്ടും അച്ഛന്‍ സ്വയം മദ്യത്തിന് അടിപ്പെട്ടു. അതിന് ഞാനെപ്പോഴും അച്ഛനെ കുറ്റപ്പെടുത്തുമായിരുന്നു. പക്ഷേ, ഇപ്പോഴെനിക്കറിയാം അച്ഛനെവിടെ നിന്നാണ് വരുന്നതെന്ന്. ആ അറിവാണ് എന്നെ പബ്ലിക് സര്‍വ്വീസ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്–എന്‍റെ ജീവിതവും വേരുകളും മതിക്കപ്പെടുന്ന ഒരിടം. ഐ ഐ എം ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ കിട്ടുന്ന ഒരു ജോലി എന്നാല്‍ ഞാന്‍ കുറെ തുല്യരില്‍ ഒരാളായി പോകും. അത് എന്‍റെ കഥയെ ഇല്ലാതാക്കിക്കളയും.

“എന്‍റെ ചിന്തകള്‍ ഞാന്‍ സുഹൃത്തായ പ്രതീക് റാവുവിനോട് പറഞ്ഞു. ഐ എ എസ് ഓഫീസര്‍ ആയ അവന്‍റെ അച്ഛന്‍റെ കഥയാണ് അവന്‍ മറുപടിയായി പറഞ്ഞത്. ആ പദവിയിലിരുന്നുകൊണ്ട് ഒരു പക്ഷേ, മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത പല മാറ്റങ്ങളും കൊണ്ടുവരാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു എന്നും…”

വിവേക്

പക്ഷേ, ആ ലക്ഷ്യത്തിലെത്താന്‍ പിന്നെയും സമയമെടുക്കും. ഐ ഐ എം-ല്‍ നിന്ന് ഡിഗ്രി നേടിക്കഴിഞ്ഞിട്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരുപാട് തീര്‍ക്കാനുണ്ടായിരുന്നു. പ്രതീകിനൊപ്പം ഗുരുഗ്രാമില്‍ ഒരു ജോലിക്ക് കയറി. സ്ഥിരമായ ഒരു വരുമാനമായി.
ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്ന ശീലം പണ്ടേ ഉള്ളതുകൊണ്ട് ഒപ്പം യു പി എസ് സി കോച്ചിങ്ങിനും ചേര്‍ന്നുപഠിച്ചു.

“അവധിദിവസങ്ങള്‍ മുഴുവന്‍ പഠനത്തിനുള്ളതായിരുന്നു. മറ്റുദിവസങ്ങള്‍ ജോലിക്കും. രണ്ടുവര്‍ഷം കഠിനമായി അധ്വാനിച്ചു. യു പി എസ് സി പരീക്ഷ എങ്ങനെയാണ് എന്നറിയാന്‍ രണ്ട് തവണ എഴുതിനോക്കി. ഞാന്‍ വിചാരിച്ചതിലും കടുപ്പമാണ് എന്ന് മനസ്സിലായി; ജോലിയും കോച്ചിങ്ങും ഒരുമിച്ച് കൊണ്ടുപോയാല്‍ നല്ല റാങ്കിലെത്തുവാന്‍ കഴിയില്ലെന്നും. പൂര്‍ണമായും യു പി എസ് സി പഠനത്തിനായി ഞാന്‍ 2017 ജൂലൈയില്‍ ജോലി ഉപേക്ഷിച്ചു…

“പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് എനിക്കൊരു ഫോണ്‍കോള്‍… അച്ഛന്‍ മരിച്ചുപോയി..”

നേരിട്ടല്ലെങ്കിലും അച്ഛന്‍ കാരണം തുടങ്ങിയ ഐ എ എസിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടതായി തോന്നി വിവേകിന്. പക്ഷേ, ആ തോന്നല്‍ അധികം നീണ്ടുനിന്നില്ല.


അച്ഛന്‍റെ  ജീവിതാവസ്ഥയാണ് എന്നെ ഈ വഴി തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.


ഇനി പുറകിലേക്ക് പോകാന്‍ കഴിയില്ലെന്ന് ആ ചെറുപ്പക്കാരന് മനസ്സിലായി. അച്ഛനെ മദ്യത്തിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കാനായില്ലെങ്കിലും അതുപോലെ നിരവധി പേരെ സഹായിക്കാന്‍, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍, മദ്യത്തിന്‍റെ പിടിയില്‍ പെട്ടുഴലുന്ന നിരാശരും ഏകാകികളുമായ മനുഷ്യരുടെ നിഴലില്‍ കഴിയേണ്ടി വരുന്ന കുഞ്ഞുള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍…

“നല്ല നിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം…അതുമാത്രമാണ് ആ ലക്ഷ്യത്തിലേക്കുള്ള ഏക മാര്‍ഗ്ഗം,” വിവേക് സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു. ആ ഉറച്ച വിശ്വാസം നല്‍കിയ ഊര്‍ജ്ജം മനസ്സിലിട്ട് യു പി എസ് സി പരീക്ഷ ഒന്നുകൂടി എഴുതി. ഇത്തവണ വിജയം വിവേകിനൊപ്പമായിരുന്നു.
“അമ്മ എപ്പോഴും പറയും, എസ് സി വിഭാഗത്തില്‍ പെട്ട ആള്‍ എന്ന നിലയില്‍ എനിക്കുകിട്ടുന്ന സംവരണം ഒരു സോഷ്യല്‍ ഇന്‍ഷുറന്‍സ് ആണ് എന്ന്. അതുണ്ടെന്നുവെച്ച് മറ്റുള്ളവര്‍ പരിശ്രമിക്കുന്നതിലും കുറച്ച് അധ്വാനിച്ചാല്‍ മതിയെന്ന് വിചാരിക്കരുത് എന്ന്…

വിവേക്

“ഇന്ന് ഞാന്‍ യു പി എസ് സി കടമ്പ കടന്നു. അതിന്‍റെ എല്ലാ ക്രെഡിറ്റും എനിക്ക് ഏറ്റവും വലിയ താങ്ങായി നില്‍ക്കുന്ന എന്‍റെ അമ്മയാണ്. പിന്നെ, അച്ഛന്‍… അദ്ദേഹത്തിന്‍റെ ജീവിതാവസ്ഥയാണ് എന്നെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.


ഇതുകൂടി വായിക്കാം: ഡെല്‍ഹി ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ


“എനിക്ക് എന്നെപ്പോലെ ഒരാളെ സഹായിക്കാന്‍ കഴിഞ്ഞാല്‍…എന്‍റെ അച്ഛനെപ്പോലെ മദ്യത്തിന് മുന്നില്‍ ജീവിതം ഹോമിച്ച ഒരാളെ, അതുമല്ലെങ്കില്‍ അമ്മയെപ്പോലെ കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ഒറ്റയ്ക്ക് തുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ വിജയിച്ചുവെന്ന് ഞാന്‍ കരുതും,” വിവേക് പറഞ്ഞുനിര്‍ത്തുന്നു…

***
ചിത്രങ്ങള്‍ക്ക് കടപ്പാട്:  വിവേക് കെ വി/ ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം