‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍

“2012-ല്‍ ഈ വീല്‍ച്ചെയര്‍ വാങ്ങാന്‍ ഒരു പെയിന്‍റിങ് പ്രദര്‍ശനം നടത്തിയിരുന്നു. ഗ്ലാസ് പെയിന്‍റിങ്ങാണ് നടത്തിയത്. നൂറു ചിത്രങ്ങളാണ് വരച്ചത്. ഈ നൂറും സിജു തന്നെയാണോ വരച്ചതെന്നു അത്ഭുതത്തോടെ ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനുണ്ട്.”

ടല്‍ കാണാന്‍ മോഹിച്ചൊരു പെണ്‍കുട്ടി… അവളുടെ പേര് ഇന്‍ഷ. ഈ പതിമൂന്നുകാരിയുടെ ജീവിതം വീല്‍ച്ചെയറിലാണ്.. വീട് മാത്രമാണ് അവള്‍ കണ്ട ലോകം. കൂട്ടുകാരിയുടെ സ്വപ്‌നം എങ്ങനെയും സഫലമാക്കാന്‍ ശ്രമിക്കുന്ന കുറച്ചു ചങ്ങാതിമാര്‍. പക്ഷേ സ്വപ്‌നത്തിലേക്കുള്ള യാത്ര അപകടങ്ങള്‍ നിറഞ്ഞതാണ്..

ഇതൊരു സിനിമാക്കഥയാണ്.. ഇന്‍ഷ എന്നാണ് ഈ സിനിമയുടെ പേര്. ഈ സിനിമാക്കഥയെക്കാള്‍ സാഹസികമാണ് ചിത്രത്തിന്‍റെ സംവിധായകന്‍റെ ജീവിതം.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ഡോ. സിജു വിജയന്‍ എന്നാണ് സംവിധായകന്‍റെ പേര്. ഒട്ടുമിക്ക മനുഷ്യര്‍ക്കും അവരുടെ ജീവിതത്തിലെ അതിസാഹസികത നിറഞ്ഞ കുറേ കാര്യങ്ങള്‍ പറയാനുണ്ടായേക്കും..

ഡോ. സിജു വിജയന്‍

ഡോ. സിജു ആലപ്പുഴ അരൂക്കുറ്റിക്കാരനാണ്. ഹോമിയോ ഡോക്റ്ററാണ്. അന്താരാഷ്ട്ര പുരസ്‌കാരം നേടിയിട്ടുള്ള ഷോര്‍ട്ട്ഫിലിമുകളെടുത്തിട്ടുണ്ട്. ചിത്രകാരനാണ്. ഒരുപക്ഷേ വീടിനകം മാത്രമായി പോകുമായിരുന്ന ജീവിതത്തോട് പൊരുതിയാണ് സിജു എന്ന സംവിധായകന്‍ ഇന്‍ഷയിലൂടെ മലയാളസിനിമാലോകത്തിലേക്കെത്തുന്നത്.

വീല്‍ ചെയറിലിരുന്ന് ആക്ഷനും കട്ടും പറയുന്ന സംവിധായകന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

“അഞ്ച് വയസു വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു ഞാനും. പിന്നീട് ഇടയ്ക്കിടെ ഞാന്‍ വീഴുന്നു, മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍. ഇടയ്ക്കിടെ കാലു മടങ്ങി പോകുന്നു. പക്ഷേ അതൊന്നും ആരും അത്ര കാര്യമായി എടുത്തില്ല. ഒരിക്കല്‍ പനി വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി…”


പറയത്തക്ക ചികിത്സയൊന്നും ഇല്ല. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗവും കൂടും. മരുന്നൊന്നും ഇല്ല.


ഇടയ്ക്കിടെയുള്ള വീഴ്ചയെക്കുറിച്ച് അമ്മ വത്സല, ഡോക്ടറോട് വെറുതേ പറഞ്ഞതാണ്. “അതൊരു അസുഖലക്ഷണമാണെന്നൊന്നും അറിയാത്ത കാലമല്ലേ.. പക്ഷേ ഗിരി ഡോക്ടര്‍ക്ക് ഒരു സംശയം. കൂടുതല്‍ പരിശോധനയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. മസില്‍ ബയോപ്‌സി ചെയ്തു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗമാണെന്നു കണ്ടെത്തി.

ഇന്‍ഷയിലെ അഭിനേതാക്കള്‍ ഡോ. സിജു വിജയനൊപ്പം

“മസിലുകള്‍ക്ക് ബലക്ഷയമുണ്ടാകുന്ന അസുഖമാണത്. പറയത്തക്ക ചികിത്സയൊന്നും ഇല്ല. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗവും കൂടും. മരുന്നൊന്നും ഇല്ല. അമ്മയും അച്ഛനും എല്ലാത്തിനും കൂടെ നിന്നു. പഠിപ്പിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. വിജയന്‍ എന്നാണ് അച്ഛന്‍റെ പേര്.

പല സ്‌കൂളുകളിലായിട്ടാണ് ഡോ. സിജു പഠിച്ചത്. “ആദ്യം, അക്കരെയുള്ള സ്‌കൂളിലായിരുന്നു, കായല്‍ കടന്ന് വേണം സ്‌കൂളിലേക്ക് പോകാന്‍. അച്ഛന്‍ വള്ളത്തിലാണ് എന്നെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. കായലും മഴയും കൊടുങ്കാറ്റുമൊക്കെ കുറേ കണ്ടതും അച്ഛന്‍റെ കൂടെയുള്ള ഈ സ്‌കൂള്‍ യാത്രകളിലാണ്. പനങ്ങാട് സെന്‍റ് ആന്‍റണി യു പി സ്‌കൂളിലേക്കുള്ള യാത്രയായിരുന്നു ഇത്.”

പിന്നെ അരൂക്കുറ്റി സ്‌കൂളിലും പാണാവള്ളി എന്‍ എസ് എസ് സ്‌കൂളിലും പഠിച്ചു. ഏഴാം ക്ലാസ് വരെ സംസ്‌കൃതമാണ് പഠിച്ചത്. പാണാവള്ളി സ്‌കൂളിലേക്കെത്തുമ്പോള്‍ അവിടെ സംസ്‌കൃതമില്ല, മലയാളമാണ് പിന്നെ പഠിച്ചത്. അതുകൊണ്ടാണ് ഒമ്പതാം ക്ലാസിലേക്കെത്തിയപ്പോള്‍ വീണ്ടും സ്‌കൂള്‍ മാറിയത്. ഒമ്പത് മുതല്‍ പ്ലസ് ടു വരെ ശ്രീകണ്‌ഠേശ്വരം എസ് എന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍.

മഹാരാജാസിലെ സിനിമാക്കാലം

“കോളെജിലേക്ക് എത്തുന്നത് കുറച്ചു സിനിമാറ്റിക് ആണെന്നു പറയാം,” സിജു ആ കഥ പറഞ്ഞു. “അച്ഛന്‍ ബോട്ട് മാസ്റ്ററായിരുന്നു. എറണാകുളത്ത് കെ എസ് ആര്‍ ടി സിക്ക് സമീപമുള്ള ബോട്ട് ജെട്ടിയില്ലേ.. അവിടെ. അച്ഛന് മഹാരാജാസില്‍ ചേര്‍ക്കണമെന്നായിരുന്നു. അവിടെയാകുമ്പോള്‍ അച്ഛനും തൊട്ടപ്പുറത്ത് തന്നെയുണ്ടല്ലോ.. ഇടയ്ക്ക് എന്‍റെ കാര്യം അന്വേഷിക്കാം, അച്ഛന് എളുപ്പത്തില്‍ കോളേജിലേക്ക് വരാം. പക്ഷേ ഗോവണികള്‍ ഇല്ലാത്തതും എളുപ്പത്തില്‍ കയറാവുന്നതുമൊക്കെയായ കോളെജാണ് ഞാനാഗ്രഹിച്ചത്.”

ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ടെങ്കിലെ ആ കഥ പൂര്‍ണമാകൂ:

മഹാരാജാസ് കോളെജ്, എറണാകുളം. ഫോട്ടോ: വിക്കിമീഡിയ കോമണ്‍സ്

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, ചിത്രരചന മത്സരത്തിന് എറണാകുളത്തെ രുദ്രവിലാസം എന്ന സ്‌കൂളില്‍ പോയി… ആ മത്സരം കഴിഞ്ഞ് അച്ഛന്‍റെ കൂടെ ഫൈന്‍ ആര്‍ട്‌സ് ഹാളിന്‍റെ ഭാഗത്ത് നിന്ന് ബോട്ട് ജെട്ടിയിലേക്ക് നടക്കുകയാണ്. ആ വരവില്‍ കോടതിയും ക്ഷേത്രവുമൊക്കെ അച്ഛന്‍ എനിക്ക് കാണിച്ചു തരുന്നുണ്ട്.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


വീട്ടിലേക്കുള്ള ബോട്ടിന്‍റെ സമയമായിട്ടില്ല.. അതുകൊണ്ട് കോളെജ് കാണാമെന്നും പറഞ്ഞ് മഹാരാജാസിന് അകത്തേക്ക് കയറി, യൂനിയന്‍ ഓഫിസിന്‍റെ വലതുവശത്തു കൂടി മുകളിലേക്ക് കയറി.. കുറേ ഗോവണികളൊക്കെയുള്ള കോളെജാണെന്നു മനസിലായി. അങ്ങനെയാണ് മഹാരാജാസ് ആദ്യമായി കാണുന്നതും അറിയുന്നതും. പടികളൊക്കെ കുറേയുള്ളിടത്ത് പോകാന്‍ പേടിയുണ്ടായിരുന്നു.

പക്ഷേ പ്ലസ് ടു കഴിഞ്ഞ് മഹാരാജാസില്‍ നിന്ന് ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടി. അവിടെ പഠിപ്പിക്കാനായിരുന്നു അച്ഛനിഷ്ടം. കോളെജിന്‍റെ മുകള്‍ നിലയിലെ മെയ്ന്‍ ഹാളിലാണ് ഇന്‍റര്‍വ്യൂ. സൂവോളജി, ബോട്ടണി, ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്കാണിവിടെ ഇന്‍റര്‍വ്യൂ. അകത്തേക്ക് കയറാതെ നില്‍ക്കുകയാണ്. ഹാളിനകത്ത് കുട്ടികളും രക്ഷിതാക്കളുമൊക്കെയായി നിറയെ ആള്‍ക്കാരുണ്ട്.

ഇന്‍ഷയുടെ സെറ്റില്‍

അകത്ത് കയറി ബെഞ്ചിലിരുന്നാല്‍ എന്‍റെ പേര് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടാകും. അന്നൊക്കെ കുറച്ചു അപകര്‍ഷത ബോധമൊക്കെയുള്ള കൂട്ടത്തിലായിരുന്നു..എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ അച്ഛനെന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കുമല്ലോ.. അതെല്ലാവരും കാണും. അതെനിക്ക് ബുദ്ധിമുട്ടാണ്.


എന്‍റെ പേര് വിളിക്കുന്നത് കേള്‍ക്കാം.. പക്ഷേ തിരിച്ചു പോകാം എന്നു പറഞ്ഞു ഞാന്‍ നടന്നു. എന്‍റെ വിഷമം മനസിലാക്കിയിട്ടാകും അച്ഛനും ഒപ്പം നടന്നു.


ഹാളിലെ സ്റ്റേജിലാണ് അധ്യാപകരൊക്കെ ഇരിക്കുന്നത്. കുട്ടികളെ സ്റ്റേജിലേക്കാണ് വിളിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ടീച്ചര്‍മാരെ കാണിക്കണം, എന്തൊക്കെയോ അവര്‍ കുട്ടികളോട് ചോദിക്കുന്നൊക്കെയുണ്ട്. സ്റ്റേജിന്‍റെ ഒരു വശത്തുകൂടി കയറി മറ്റൊരു വശത്തുകൂടി ഇറങ്ങണം.. അപ്പോഴാണ് സ്‌റ്റേജിലേക്കുള്ള പടികള്‍ക്ക് കൈവരിയില്ലെന്നു കണ്ടത്. ഏഴെട്ട് പടികളുണ്ട്. അതു കണ്ടതോടെ ഞാനാകെ തളര്‍ന്നു.

സ്റ്റേജില്‍ കയറണമെങ്കില്‍ ഒന്നുകില്‍ അച്ഛന്‍ എന്നെ എടുക്കണം. അല്ലെങ്കില്‍ വളരെ മെല്ലെ സമയമെടുത്ത് അച്ഛന്‍ എന്നെ പിടിച്ച് ഞാന്‍ കയറേണ്ടി വരും. അന്നേരം വല്ലാത്തൊരു പറയാന്‍ പറ്റാത്ത അവസ്ഥയിലായി. അത്രയും ആളുകളുടെ മുന്നില്‍.. എനിക്ക് പറ്റില്ലായിരുന്നു.

ഇന്‍ഷയുടെ ചിത്രീകരണത്തിനിടയില്‍

എന്‍റെ പേര് വിളിക്കുന്നത് കേള്‍ക്കാം.. പക്ഷേ തിരിച്ചു പോകാം എന്നു പറഞ്ഞു ഞാന്‍ നടന്നു. എന്‍റെ വിഷമം മനസിലാക്കിയിട്ടാകും അച്ഛനും ഒപ്പം നടന്നു. തിരികെ വീട്ടിലെത്തി… ഇനിയിപ്പോ പഠനമൊക്കെ തീര്‍ന്നുവെന്നു തന്നെയാണ് ഉറപ്പിച്ചത്. പക്ഷേ അച്ഛന്‍ ഞാനറിയാതെ തന്നെ കോളെജില്‍ കയറി ഇറങ്ങുന്നുണ്ടായിരുന്നു.

അച്ഛന് തോന്നി, എന്നെ പഠിക്കാന്‍ തന്നെ വിടണമെന്ന്. രണ്ടുമൂന്നു മാസം ഡിപ്പാര്‍ട്ട്‌മെന്‍റ് കയറി ഇറങ്ങുകയായിരുന്നു അച്ഛന്‍. അങ്ങനെ ഒരിക്കല്‍ ഒരു ഭിന്നശേഷിക്കാരിയായ കുട്ടി സുവോളജി ഒഴിവാക്കി ബി എ എടുക്കാന്‍ നോക്കുന്നുവെന്നു കേട്ടു. ആ കുട്ടിക്ക് ലാബിലൊക്കെ പോകാനുള്ള ബുദ്ധിമുട്ട് കാരണം സുവോളജി ഒഴിവാക്കുകാണ്. ആ കുട്ടി പോയാല്‍ എനിക്ക് ആ സീറ്റ് കിട്ടും. ചേയ്ഞ്ച് ചെയ്താല്‍ അറിയിക്കാമെന്നു ടീച്ചര്‍മാര്‍ പറഞ്ഞു. ആ കുട്ടി പോയതോടെ ഞാന്‍ നഷ്ടപ്പെടുത്തിയ സീറ്റ് എനിക്ക് കിട്ടി.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


അഡ്മിഷനെടുത്ത് സൂവോളജി ഡിപ്പാര്‍ട്ട്‌മെന്‍റെലേക്ക് പോയി. റീത്താമ്മ ടീച്ചറും ജമീല ടീച്ചറും ഡിപ്പാര്‍ട്ട്‌മെന്‍റിലിരിപ്പുണ്ട്. അവരോട് അച്ഛന്‍ പറഞ്ഞു, ക്ലാസില്‍ ഒരു ദിവസം പോലും അവന്‍ മുടങ്ങില്ല. മൂന്നു വര്‍ഷം വേണമെങ്കില്‍ ഞാന്‍ ലീവ് എടുത്ത് അവന്‍റെ കൂടെ വരാമെന്ന്..

ഇന്‍ഷയുടെ ചിത്രീകരണത്തിനിടയില്‍

അതുകേട്ട് ടീച്ചര്‍മാര്‍ ചിരിച്ചു. ‘നിങ്ങള്‍ ഇപ്പോ തന്നെ ഹോസ്റ്റലില്‍ പോയി അഡ്മിഷനെടുത്ത് വീട്ടിലേക്ക് പോയ്‌ക്കോ. ഈ കോളെജിലെ കുട്ടികളെ നിങ്ങള്‍ക്ക് അറിയാത്ത കൊണ്ടാണ്. ഇനി അവന്‍റെ കാര്യം ഇവിടുത്തെ പിള്ളേര് നോക്കിക്കൊള്ളും.’ എന്നാണ് അവര്‍ പറഞ്ഞത്.

ടീച്ചര്‍മാര്‍ പറഞ്ഞത് സത്യമായിരുന്നു. ആ എറണാകുളത്ത് പോകാത്ത ഒരിടം പോലുമില്ല. ഇന്നും ആ നഗരത്തിന്‍റെ ഏതെങ്കിലും വഴിയെക്കുറിച്ച് എന്നോട് ചോദിച്ചാല്‍ പറഞ്ഞുതരാന്‍ പറ്റും. പതിയെ പതിയെ നടന്നിട്ടാണെങ്കിലും എല്ലായിടത്തും പോയി. കുറേയേറെ സിനിമകള്‍ തിയെറ്ററുകളില്‍ കൂട്ടുകാര്‍ക്കൊപ്പം പോയി കണ്ടു.

സിനിമാമോഹം

അന്നുകണ്ട സിനിമകളൊക്കെ സിജുവിന്‍റെ മനസ്സിലുണ്ട്.

“ആഷിക് അബുവും (സിനിമാ സംവിധായകന്‍) ഞാനും ഒരേ സമയത്ത് മഹാരാജാസില്‍ പഠിച്ചതാണ്.” കോളെജിലെ സിനിമാക്കാലത്തെക്കുറിച്ച് സിജു പറയുന്നു. “ആഷിഖ് അബുവും കൂട്ടുകാരും ചേര്‍ന്ന് ‘മനസറിയാതെ’ എന്നൊരു വര്‍ക്ക് ചെയ്തിരുന്നു. ആഷിക്, തിരക്കഥാകൃത്ത് സേതു, പിന്നെ ഇവരൊക്കെ കൂടെ ചെയ്തിരുന്ന ഒരു വര്‍ക്കിന്‍റെ ഷൂട്ട് കോളെജില്‍ വച്ചായിരുന്നു. അതു നേരില്‍ കണ്ടുവെന്നല്ലാതെ ക്യാംപസ് നാളുകളില്‍ സിനിമാ പരിചയമൊന്നും ഇല്ലായിരുന്നു.”

ഇന്‍ഷയുടെ ചിത്രീകരണത്തിനിടയില്‍

ഹോമിയോ കോളെജില്‍ പഠിക്കുമ്പോഴാണ് സിനിമയെടുക്കണമെന്ന സ്വപ്‌നമൊക്കെ മനസിലേക്കെത്തുന്നതെന്ന് സിജു പറഞ്ഞു. കുട്ടിക്കാലത്ത് പരസ്യകലയോട് താല്‍പര്യം ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് മള്‍ട്ടിമീഡിയ കോഴ്‌സ് പഠിക്കുകയും ചെയ്തിരുന്നു. പിന്നീട് സിനിമയോടായി ഇഷ്ടം.

ആയുഷ്മിത്ര എന്ന പേരില്‍ 2012-ല്‍ ഹോമിയോ ക്ലിനിക്കുമിട്ടു. വീടിന് അടുത്ത് തന്നെയാണ് ക്ലിനിക്ക്. ആ വര്‍ഷം തന്നെ ആദ്യ ഷോര്‍ട്ട്ഫിലിമും ചെയ്തു.

ആദ്യ ഷോര്‍ട്ട്ഫിലിമിന് മുന്‍പ് ഒരു ടെലിവിഷന്‍ ചാനലിന്‍റെ വര്‍ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു. അതില്‍ സംവിധായകന്‍ കമല്‍, ജോണ്‍പോള്‍ എന്നിവരൊക്കെ ക്ലാസ്സെടുക്കാനുണ്ടായിരുന്നു. ആ വര്‍ക് ഷോപ്പില്‍ വെച്ച് ഒരു ചെറുചിത്രം ചെയ്തു. അത് അവിടെ നിര്‍മ്മിച്ച ഏറ്റവും നല്ല പത്തെണ്ണത്തിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം സിജു ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ ആത്മവിശ്വാസം നേടി.

ഡോക്റ്ററാകണമെന്ന സ്വപ്നം

“സിനിമയെക്കാള്‍ മുന്‍പ് ഇഷ്ടം തോന്നിയത് പോസ്റ്റര്‍ ഡിസൈനിങ്ങിനോടാണ്,” സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് പറയുന്നു സിജു. “സിനിമയിലെ മഹാരഥന്‍മാര്‍ പഠിച്ചിറങ്ങിയ കോളെജല്ലേ മഹാരാജാസ്. സിനിമയോട് ഇഷ്ടം കൂടുന്നത് ഡ്രിഗി നാളുകളിലാണ്. പക്ഷേ ഡോക്റ്ററാകണമെന്നതു പണ്ടേയുള്ള ആഗ്രഹമായിരുന്നു. ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സിന് തയാറെടുക്കുന്നതിന് വേണ്ടി വീണ്ടും ഒരു വര്‍ഷം കൂടി എറണാകുളത്ത് നിന്നു. ആ സമയത്താണ് മള്‍ട്ടിമീഡിയ ഡിസൈനിങ് പഠിച്ചത്.”

ഡോ. സിജു അച്ഛന്‍ വിജയനോടൊപ്പം

തിരുവനന്തപുരം നേമത്ത് ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കല്‍ കോളെജിലായിരുന്നു ഹോമിയോ പഠനം. മഹാരാജാസില്‍ നിന്നു കിട്ടിയ സിനിമാപ്രേമം ശക്തമാകുന്നതു അന്നാളുകളിലാണ്.

അനാമിക ദി പ്രേ ഇതാണ് സിജുവന്‍റെ ആദ്യ ഷോര്‍ട്ട് ഫിലിം. പിന്നീട് മുല്ലപ്പെരിയാറിനെ വിഷയമാക്കിയെടുത്ത ഹെഡ് ലൈന്‍, നോവ്, മരം പെയ്യുമ്പോള്‍. നാറണത്ത് ഭ്രാന്തന്‍ സംസ്‌കൃതത്തില്‍ എടുത്ത ഒരു ഡോക്യുമെന്‍ററിയാണ്. വീല്‍ റ്റു റീല്‍ എന്ന പേരില്‍ സിജുവിന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയും ചെയ്തിട്ടുണ്ട്. നോവ് അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.

കൈരളി തിയെറ്ററും കമലും

നോവ് എന്ന ചിത്രം രാജ്യാന്തരമേളില്‍ പ്രദര്‍ശിപ്പിക്കാന്‍ പോയപ്പോള്‍ സിജുവിന് മുന്നില്‍ തിരുവനന്തപുരം കൈരളി തീയ്യെറ്റിലെ പടികള്‍ തടസ്സം നിന്നു. വീല്‍ച്ചെയര്‍ കൈരളി തിയെറ്ററിലേക്ക് പ്രവേശിപ്പിക്കാനാകില്ലായിരുന്നു. രണ്ട് മൂന്ന് സെക്ഷനുകളിലായി പത്തോ പന്ത്രണ്ടോ പടികളുണ്ട് തിയെറ്ററില്‍. നല്ല ഉയരത്തിലാണ് പടികള്‍.

“ആദ്യതവണ പോകുമ്പോള്‍ കുറേ ബുദ്ധിമുട്ടി. ഞാനല്ല എന്‍റെ കൂടെയുള്ളവരാണ് കഷ്ടപ്പെട്ടത്,” സിജു ഓര്‍ക്കുന്നു.

കമല്‍. ഫോട്ടോ: വിക്കിപ്പീഡിയ

“ആദ്യം എന്നെയെടുത്ത് മുകളില്‍ കൊണ്ടുപോയി ആക്കും. പിന്നാലെ ചെയര്‍ എടുത്തുകൊണ്ടുവരണം. (പവര്‍ വീല്‍ ചെയറാണ്, 100 കിലോ ഭാരം കാണും) ചെയര്‍ മൂന്നു നാലു പേര്‍ ചേര്‍ന്നെടുക്കണം.. അത്രയ്ക്ക് കനമുണ്ട്. മൂന്നാലു ദിവസം ഇങ്ങനെ ചെയ്യേണ്ടി വരുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ..”

തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിലാണ് സിജു താമസിച്ചത്. പക്ഷേ അവിടെയും പടികള്‍ പ്രശ്നമായിരുന്നു. തിയെറ്ററിലും താമസസ്ഥലത്തും കൂട്ടുകാര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകും. “ഒരു എതിര്‍പ്പുമില്ലാതെ അവര്‍ എന്നെ സഹായിച്ചു. പക്ഷേ അതൊരു ബുദ്ധിമുട്ടാണ്.. അവര്‍ അതൊന്നും പറയില്ലെങ്കിലും ഞാന്‍ മനസിലാക്കണ്ടേ..”


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


കൈരളിയില്‍ വീല്‍ച്ചെയര്‍ കയറ്റാന്‍ പറ്റാത്തതിനെക്കുറിച്ച് സിജു ചലച്ചിത്ര അക്കാദമിക്ക് ഒരു കത്ത് അയച്ചു. “അങ്ങനെയൊരിക്കല്‍ കമല്‍ സാര്‍ (അക്കാദമി ചെയര്‍മാനും സംവിധായകനും) വിളിച്ചു. കമല്‍ സാറിനോട് കാര്യമൊക്കെ പറഞ്ഞു, അത് കുഴപ്പമില്ല നമുക്ക് അതു പരിഹരിക്കാമെന്നു പറഞ്ഞു.

ഡോ. സിജു വിജയന്‍ സംവിധാനം ചെയ്ത നോവ് എന്ന സിനിമയുടെ പോസ്റ്റര്‍

“പടിക്കെട്ടിന്‍റെ അരികിലെങ്കിലും വീല്‍ച്ചെയര്‍ കയറുന്നതിന് ഒരു സൗകര്യമൊരുക്കി തരണമെന്നാണ് കമല്‍സാറിനോട് ആവശ്യപ്പെട്ടത്. അടുത്ത തവണ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ശരിക്കും ഞെട്ടി. അരികിലൊന്നുമല്ല, എല്ലാവരും ഉപയോഗിക്കുന്ന പടികളുടെ നടുക്ക് തന്നെ മുകളിലൂടെ റാംപ് ശരിയാക്കിയിട്ടുണ്ടായിരുന്നു. ആരു വന്നാലും റാംപിലൂടെ കയറാം എന്നായി. നമ്മളെ അവര്‍ വേര്‍തിരിച്ചു കണ്ടില്ല. നല്ലൊരു കിടിലന്‍ റാംപ് തന്നെ അവര്‍ നിര്‍മിച്ചു തന്നു. താത്ക്കാലിക റാംപാണ്. ആ വര്‍ഷം തന്നെ ഒരു പ്രഖ്യാപനവും നടത്തി. ഇനി എല്ലാ ഫെസ്റ്റുകളിലും ഈ റാംപുണ്ടാകുമെന്ന്.”


പഴയ പോലെയല്ല ഭിന്നശേഷിക്കാരായവരൊക്കെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നുണ്ട്.


ഇങ്ങനെയൊരു സംവിധാനം സ്ഥിരമായി എല്ലാ തിയെറ്ററുകളിലുമുണ്ടെങ്കില്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ഗുണമായേനെ. വീല്‍ച്ചെയര്‍ സൗഹൃദമാക്കി നാടിനെ മാറ്റിയെടുക്കണം.. പഴയ പോലെയല്ല ഭിന്നശേഷിക്കാരായവരൊക്കെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നുണ്ട്. അവര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന തരത്തില്‍ ഇതൊക്കെ മാറണം, സിജു പറയുന്നു.

“2012-ലാണ് വീല്‍ച്ചെയറിലേക്കെത്തുന്നത്. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതിനൊപ്പം ഓടണം. വെളിച്ചമാണ് സിനിമാക്കാരുടെ ആയുധം. ആ വെട്ടം പോകുന്നതിന് മുന്‍പ് തീരുമാനിച്ചുറപ്പിച്ചതൊക്കെ ഷൂട്ട് ചെയ്യണം. എല്ലായിടത്തും നമ്മള്‍ ഓടിയെത്തണം. അവിടെ ഏതുനേരവും എടുത്തുകൊണ്ടുപോകാന്‍ ആളുണ്ടാകില്ല. വീല്‍ച്ചെയര്‍ തള്ളി പോകാനും ആരും എപ്പോഴുമുണ്ടാകണമെന്നില്ല.

ഇന്‍ഷയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ഡോ. സിജുവിന്‍റെ പിതാവ് വിജയന്‍ വിളക്കുതെളിയിക്കുന്നു.
ഇന്‍ഷയുടെ ഫസ്റ്റ് ക്ലാപ്പ് ഡോ. സിജു വിജയന്‍റെ അമ്മ വത്സല നിര‍്വ്വഹിക്കുന്നു

“പക്ഷേ പവര്‍ ചെയറിലാണെങ്കില്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി.. വേഗത്തില്‍ എവിടെയും എത്താം. ട്രാക്കും നമ്മുടെ കൈവശമുണ്ട്.. മുകളിലേക്ക് കയറണെങ്കിലോ മറ്റോ ട്രാക്ക് വെച്ചാല്‍ മതി അതിലൂടെ വീല്‍ചെയര്‍ പോയ്‌ക്കോളും. പിന്നെ സാധാരണക്കാരുടെ കൂടെ അതില്‍ നമുക്ക് പോകാം..”

സിനിമ എടുക്കാന്‍ ചിത്രം വര

ഇന്‍ഷയുടെ കഥയും സംഭാഷണവും സംവിധാനവും മാത്രമല്ല നിര്‍മാണത്തിലും സിജുവുണ്ട്. സുഹൃത്ത് ആഘോഷ് ബാബുവും ഞാനും ചേര്‍ന്നാണ് ഇന്‍ഷ നിര്‍മിക്കുന്നത്. “സിനിമയെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സിനിമയുടെ ചെലവിന്‍റെ പകുതി തരാമെന്ന് ആഘോഷ്…ബാക്കി ഇനി ഞാനുണ്ടാക്കിയാല്‍ മതിയല്ലോ, ആശ്വാസമായി,” എന്നാണ് അതിനെക്കുറിച്ച് സിജു പറഞ്ഞത്.

സ്വന്തമായി വരച്ച ചിത്രങ്ങള്‍ വിറ്റാണ് സിജു ഈ ചിത്രത്തിനുള്ള ബാക്കി ഫണ്ട് കണ്ടെത്തിയത്. അതിങ്ങനെയാണ്: “ആരോടും ചോദിക്കണ്ട സ്വയം എങ്ങനെയെങ്കിലും ഫണ്ട് കണ്ടെത്താമെന്നു കരുതി. അങ്ങനെയാണ് ചിത്രം വരയ്ക്കുന്നത്. നവംബര്‍ തൊട്ടേ വര തുടങ്ങി. ഇതിനിടയ്ക്ക് സിനിമയുടെ വണ്‍ ലൈന്‍ എഴുതി. വരയും എഴുത്തും ഒരേസമയം നടത്തി. ഒടുവില്‍ ഷൂട്ട് തുടങ്ങി. അക്രിലിക്കില്‍ 50-ലധികം ചിത്രങ്ങള്‍ വരച്ചു. ഈ ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന കാശാണ് ഞാന്‍ സിനിമയ്ക്ക് ഉപയോഗിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നു.”

ഡോ. സിജു വിജയന്‍ ചിത്രരചനയ്ക്കിടയില്‍. ഫോട്ടോ: ഫേസ്ബുക്ക്/ Dr.Siju Vijayan

“ഭിന്നശേഷിക്കാരെക്കുറിച്ച് സാധാരണക്കാര്‍ക്ക് ഒരു ധാരണയുണ്ട്. കുറ്റമല്ല.. അങ്ങനെ ചിന്തിക്കാനേ അവര്‍ക്കാകൂ.” വിഷമമുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞു കൊണ്ട് സിജു ആ സംഭവം ഓര്‍ക്കുന്നു.

“2012-ല്‍ ഈ വീല്‍ച്ചെയര്‍ വാങ്ങാന്‍ ഒരു പെയിന്‍റിങ് പ്രദര്‍ശനം നടത്തിയിരുന്നു. ഗ്ലാസ് പെയിന്‍റിങ്ങാണ് നടത്തിയത്. നൂറു ചിത്രങ്ങളാണ് വരച്ചത്. ഈ നൂറും സിജു തന്നെയാണോ വരച്ചതെന്നു അത്ഭുതത്തോടെ ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനുണ്ട്.”

മഹാരാജാസില്‍ പഠിക്കുന്ന കാലത്ത്  ആരുടെയെങ്കിലും തോളില്‍ പിടിച്ചാല്‍  സിജുവിന് നടക്കാമായിരുന്നു. പിന്നീടാണ് വീല്‍ച്ചെയറിലേക്കായത്. ഒരിക്കല്‍ ഇന്ദിരഗാന്ധി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ പോയിരുന്നു, അവിടെ വച്ച് ഡോക്റ്റര്‍ സിജുവിനെ അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്തി, രോഗി മാത്രമല്ല സിജു ഡോക്റ്ററുമാണെന്ന്.

“അപ്പോ ചിലര്‍ ചോദിച്ചു, നിങ്ങള്‍ പുസ്തകം വായിച്ച് പഠിച്ച് ഡോക്റ്ററായതാണോ തപാല്‍ വഴി പഠിച്ചതാണോ എന്ന്. വേറെ ചില സ്ഥലത്ത് ഏതെങ്കിലും വിഷയത്തില്‍ ഡോക്റ്ററേറ്റ് എടുത്തതാണോ എന്നു ചോദിച്ചിട്ടുണ്ട്. ചിലര്‍ക്കെങ്കിലും അംഗീകരിക്കാന്‍ ബുദ്ധിമുട്ട്. വീട്ടിലിരുന്ന് ഇന്‍ര്‍നെറ്റ് വഴിയാണോ സിനിമയെടുക്കുന്നതെന്നു കുട്ടൂകാരന്‍ ചോദിച്ചിട്ടുണ്ട്.”

എന്നെ പോലുള്ളവര്‍ക്ക് ഇത്രയേ പറ്റൂ എന്ന മുന്‍ധാരണകളാണ് ഈ ചോദ്യങ്ങള്‍ക്ക് കാരണം. എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന വീട്ടുകാരും സുഹൃത്തുക്കളുമാണ് എന്‍റെ ധൈര്യം, സിജു പറയുന്നു.


ഇതുകൂടി വായിക്കാം: മലയണ്ണാനും കുരുങ്ങുകള്‍ക്കും വേണ്ടി മരമേലാപ്പുകള്‍ക്കിടയില്‍ മേല്‍പ്പാലങ്ങള്‍: കാട്ടുമൃഗങ്ങളെ രക്ഷിക്കാന്‍ ചിന്നാര്‍ മോഡല്‍


ഇന്‍ഷ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് സിജുവും പിന്നണിയിലുള്ളവരും. “ഇന്‍ഷ അടുത്ത ഓഗസ്റ്റില്‍ ഗോവ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം.. അതിനു മുന്‍പ് സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. പിന്നെ തിരുവനന്തപുരത്ത് ഐ എഫ് എഫ് കെയിലും പ്രദര്‍ശിപ്പിക്കാനാണ് പ്ലാന്‍. അതിനു ശേഷമാകും തിയെറ്റര്‍ റിലീസ്. തിയെറ്ററുകളെക്കാള്‍ ഫെസ്റ്റുകളിലും സ്‌കൂള്‍, കോളെജുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു.

പ്രിയദര്‍ശന്‍റെയും ഭരതന്‍റെയും പദ്മരാജന്‍റെയുമൊക്കെ സിനിമകളിഷ്ടപ്പെടുന്ന സിജു വലിയ പ്രതീക്ഷയിലാണ്. ഇന്‍ഷ എല്ലാവരും സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്.

സിജുവിനു ഒരു സഹോദരനുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വിജയന്‍. സഹോദരി അനു നഴ്സാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Facebook/Siju Vijayan

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം