‘അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്‍റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം

ഇതൊരു സാധാരണ പിക്കപ്പ് വാന്‍ ഡ്രൈവറായ പ്രവാസിയുടെ ജീവിതകഥയാണ്. വിശക്കുന്നവന് ഭക്ഷണമാകുന്ന സിജുവിന്‍റെ കനിവ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ദുബായിലെ പ്രവാസികള്‍ക്ക് അറിയാം.

“ജോ ലിയും കൂലിയുമില്ലാതെ മൂന്നു പേര്‍ ഷാര്‍ജാ വ്യവസായ മേഖലയിലെ സജയില്‍ പെട്ടിട്ടുണ്ട്. താമസം മാലിന്യക്കൂമ്പാരത്തിനടുത്താണ്…ദുരൈക്കണ്ണ്, രംഗസാമി, വീരരാഘവന്‍… മൂവരും തമിഴ്നാട് സ്വദേശികളാണ്. വീസയോ. താമസ രേഖകളോ ഒന്നുമില്ല. മുന്‍പ് ലേബര്‍ സപ്ലൈ കമ്പനിയിലായിരുന്നു ജോലി. അവിടുത്തെ ജോലി നഷ്ടപ്പെട്ടു. പിന്നെ ജോലി തേടി അലച്ചിലായിരുന്നു. അതിനിടയില്‍ ഇവിടെ അകപ്പെട്ടു. താന്‍ വന്നൊന്ന് സഹായിക്കുമോ?”

ഒരു സുഹൃത്താണ് പാവപ്പെട്ട ഈ മൂന്നു മനുഷ്യരുടെ അവസ്ഥ സിജുവിനെ അറിയിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി സിജു അവരുടെ അടുത്തേക്ക് ഓടിയെത്തി. അവര്‍ക്ക് ഭക്ഷണം നല്‍കി. ദിവസങ്ങളായുള്ള ദുരിതവും മാലിന്യങ്ങള്‍ക്കിടയിലെ ജീവിതവും മൂലം അവര്‍ ആകെ അവശരായിരുന്നു. അവര്‍ക്ക് വൃത്തിയാവാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


പിന്നെ അവരുടെ നരകയാതന മാധ്യമങ്ങളില്‍ കൂടി ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിനേയും പിന്നെ സാമൂഹ്യപ്രവര്‍ത്തകരേയും അറിയിച്ചു. അവര്‍ക്ക് നാടെത്താനുള്ള എല്ലാ സാഹചര്യങ്ങളും സിജു ഒരുക്കിക്കൊടുത്തു.

ദുബായ്: നഗരത്തിന്‍റെ പളപളപ്പ് മാത്രമേ നമ്മള്‍ കാണൂ. എന്നാല്‍ ഇവിടെ ജോലി തേടിയെത്തുന്ന ആയിരങ്ങളുണ്ട്, ഭക്ഷണം പോലും കിട്ടാതെ വലയുന്നവര്‍… (Image for representation only: Photo. Pixabay.com)

സിജു പന്തളംകാരനാണ്. ദൂബായില്‍ ഒരി ലോറി ഡ്രൈവര്‍. പക്ഷേ, നൂറുകണക്കിന് പേര്‍ക്ക് അഭയം നല്‍കിയ മനുഷ്യന്‍–ഭക്ഷണമായും വസ്ത്രമായും ജീവിക്കാനൊരു ജോലിയായും…അങ്ങനെയങ്ങനെ. ഏത് നാട്ടുകാരനെന്നോ എന്നൊന്നും സിജു നോക്കാറില്ല. ഇന്‍ഡ്യക്കാര്‍ മാത്രമല്ല, പാകിസ്ഥാനികളും അഫ്ഗാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ളവരുമുണ്ട് അക്കൂട്ടത്തില്‍.


പാര്‍ക്കില്‍ ശരീരം മുഴുവന്‍ മണല്‍ പറ്റിപ്പിടിച്ച നിലയില്‍ ഒരു പയ്യന്‍ രണ്ടു ദിവസമായി കിടക്കുന്നു


”അജ്മാനില്‍ ദുരിതക്കയത്തിലായിരുന്ന മലയാളി കുടുംബത്തെ ഇന്ന് നാട്ടിലേക്ക് അയക്കാന്‍ സാധിച്ചു. വിവിധ കേസുകളില്‍ പെട്ട് അവര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ എട്ടു കേസുകള്‍ സെറ്റില്‍ ചെയ്തു. പുഞ്ചിരി തൂകുന്ന മനസുമായി അവര്‍ നാട്ടിലേക്ക് മടങ്ങി,”സിജു പറഞ്ഞു.

”ഒരു ദിവസം രാത്രിയില്‍ എന്‍റെ ഫോണിലേക്കൊരു കോള്‍. സിജു അത്യാവശ്യം ഇവിടെ വരെയൊന്നു വരണം.

(Image for representation only: Photo. Pixabay.com)

“ദുബായിലെ അല്‍ ബര്‍ഷ സൗത്തിലെ ഒരു പാര്‍ക്കില്‍ ശരീരം മുഴുവന്‍ മണല്‍ പറ്റിപ്പിടിച്ച നിലയില്‍ ഒരു പയ്യന്‍ രണ്ടു ദിവസമായി കിടക്കുന്നു.പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന്‍ ആന്ധ്രാ സ്വദേശിയായ ഗംഗയാണ് ഈ പയ്യനെ കണ്ടത്. അയാള്‍ ഒരറബിയുടെ വീട്ടിലെ ഡ്രൈവറായ പാലക്കാട് സ്വദേശി ഉമറൂല്‍ ഫാറൂഖിനോട് വിവരം പറഞ്ഞു. അയാളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവം നാട്ടുകാരെ അറിയിച്ചത്.

“എന്നോട് സുഹൃത്ത് വിവരം പറഞ്ഞു. ഉടന്‍ തന്നെ ഞങ്ങള്‍ രണ്ടാളും കൂടി കൂടി കാറില്‍ അവിടെയെത്തി. പക്ഷെ അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഞാനെന്‍റെ മറ്റൊരു സുഹൃത്തിനെക്കൂടി കൂട്ടി ഇവനെ തിരഞ്ഞുപോകുകയാണ്. ഒരു പൊടി പോലും കാണുന്നില്ല. എനിക്കാകെ വിഷമമായി,”സിജു മറ്റൊരു സംഭവം ഓര്‍ക്കുന്നു.

”അത്രയും നേരം വണ്ടി ഓടിച്ച എന്‍റെ സുഹൃത്തിന് മടുത്തു. പിന്നെ ഡ്രൈവിംഗ് ജോലി ഞാന്‍ ഏറ്റെടുത്തു. അയാളോട് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു അവനെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. ഒരു വീടിന്‍റെ അത്താണിയായിരിക്കും അവന്‍.”

സിജു

“താനും നോക്കിക്കോണേ. ഇയാളെ കണ്ടു പിടിച്ചാല്‍ അത് തന്‍റെ ജീവിതത്തിലേ തന്നെ മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും,” കൂട്ടുകാരന്‍ സിജുവിനോട് പറഞ്ഞു. രാത്രി പിന്നെയും വൈകിക്കൊണ്ടേയിരുന്നു. പക്ഷെ ആ പയ്യനെ കണ്ടെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ അവര്‍ പിന്നെയും മുന്നോട്ടുതന്നെ പോയി.

“ഞങ്ങള്‍ ഒരിടത്തെത്തി. അങ്ങകലെ ഒരു ചുവന്ന പൊട്ട്. വണ്ടിയുടെ വെളിച്ചത്തില്‍ ശ്രദ്ധിച്ചപ്പോള്‍ അത് ഞങ്ങള്‍ അന്വേഷിച്ചു നടക്കുന്ന പയ്യന്‍ തന്നെയാണെന്ന് തോന്നി. വണ്ടി നിര്‍ത്തി ഞാന്‍ വെളിയിലറങ്ങി. അവന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയാണ്. പക്ഷെ രണ്ടോ മൂന്നോ ദിവസമായി പട്ടിണി കിടന്നതിന്‍റെ ക്ഷീണം അവനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ഞാന്‍ വിടുമോ,” സിജു ദ് ബെറ്റര്‍ ഇന്‍ഡ്യ (ടി ബി ഐ)യോട് പറഞ്ഞു. “പെട്ടെന്ന് ഞാനവനെ എന്‍റെ കൈപ്പിടിയിലൊതുക്കി.


അവനെ ആ വഴിയില്‍ കണ്ടെത്തിയപ്പോഴുണ്ടല്ലോ, ഒരാകാശവും ഇന്നുവരെ കാണാത്ത നക്ഷത്ര തിളക്കമായിരുന്നു എന്‍റെ ഉള്ളില്‍


“അപ്പോഴൊക്കെ ‘എന്‍റെ അച്ഛനും മരിച്ചു. അമ്മയും മരിച്ചു.’ എന്നൊക്കെ അവന്‍ പുലമ്പിക്കൊണ്ടേയിരുന്നു. അവനെ അവിടെ നിന്ന് പിടിച്ചു അവന്‍റെ സുഹൃത്തുക്കളുടെ അടുത്തെത്തിച്ചു. സുഹൃത്തായ ഡോക്ടറെയും വിളിച്ചുവരുത്തി. കുറച്ചു ദിവസം നീണ്ടുനിന്ന കൗണ്‍സിലിങ്ങിലൂടെ അവനെ ജീവിതത്തിലേയ്ക്കു വീണ്ടെടുത്തു,” സിജു പറഞ്ഞു.

സിജു

“ആ പയ്യനെ ദുബായിലെ ആ വഴിയില്‍ കണ്ടെത്തിയപ്പോഴുണ്ടല്ലോ ഒരാകാശവും ഇന്നുവരെ കാണാത്ത നക്ഷത്ര തിളക്കമായിരുന്നു എന്‍റെയും സുഹൃത്തിന്‍റേയും മനസില്‍,”എന്ന് കൂട്ടിച്ചേര്‍ക്കുന്ന സിജുവിന്‍റെ വാക്കുകളിലെല്ലാമുണ്ട്.

ആ ലോറി ഡ്രൈവറെ സേവനത്തിന്‍റെ വഴിയില്‍ പിടിച്ചുനിര്‍ത്തുന്ന പ്രലോഭിപ്പിക്കുന്ന വേതനം ഇതല്ലാതെ മറ്റെന്താണ്?

“ഞങ്ങള്‍ക്കു തിരിച്ചു കിട്ടിയ ഈ യുവാവ് അച്ഛന്‍റെ മരണവാര്‍ത്ത അറിഞ്ഞതോടെ കമ്പനിയില്‍ നിന്ന് ഇറങ്ങിപ്പോയതാണ്. അചഛന്‍റെ മരണത്തിന് ലീവ് കിട്ടാത്തതിലുള്ള കടുത്ത വിഷമത്തിലായിരുന്നു അവന്‍,” എന്ന സിജു കൂട്ടിച്ചേര്‍ക്കുന്നു.

ഇതൊരു സാധാരണ പിക്കപ്പ് വാന്‍ ഡ്രൈവറായ പ്രവാസിയുടെ ജീവിതകഥയാണ്. വിശക്കുന്നവന് ഭക്ഷണമാകുന്ന സിജുവിന്‍റെ കനിവ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രവാസികള്‍ക്ക് അറിയാം.

കുട്ടിക്കാലത്ത് ജീവിച്ച ചുറ്റുപാടില്‍ നിന്നുണ്ടായ തിരിച്ചറിവാണ് ഷിജുവിനെ ഇങ്ങനെയാക്കിയത്.


‘ഹോട്ടലില്‍ സപ്ലയര്‍ ജോലിയായിരുന്നു അപ്പന്..അമ്മച്ചിയ്ക്ക് ജോലിയില്ല. മൂന്നു മക്കളാണ് ഞങ്ങള്‍. അപ്പന്‍ സപ്ലയറായിരുന്നെങ്കിലും വീട്ടിലേയ്ക്കുള്ള സപ്ലൈ തീരെ കുറവായിരുന്നു.’


ആ വേദനയില്‍ അല്‍പം തമാശ ചേര്‍ത്ത് സിജു തുടരുന്നു.
“ദാരിദ്യവും പട്ടിണിയും അവഗണനയുമൊക്കെ നന്നായറിയാം. പണക്കാര്‍ക്കുമാത്രം പരിഗണന നല്‍കുന്ന സമുഹത്തോടുള്ള വെറുപ്പാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കിയത്. തളര്‍ന്നിരിക്കുന്നവര്‍ക്ക് എന്നെക്കൊണ്ടാവുന്നത്ര തണല്‍ നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നു…” എന്നുമാത്രമേ സിജു അവകാശപ്പെടുന്നുള്ളൂ.

ആരും വിശന്നിരിക്കരുത് എന്നാണ് സിജുവിന്.. കാരണം ആ വേദന നന്നായി അനുഭവിച്ചിട്ടണ്ട് ഈ ട്രക്ക് ഡ്രൈവര്‍

“സ്‌കൂളില്‍ പഠിച്ചിരുന്ന കാലം വേദനയുടേയും വിശപ്പിന്‍റേതുമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം.. തിരിച്ചു വീട്ടിലെത്തുമ്പോള്‍ ഒന്നും കഴിക്കാനുണ്ടാകില്ല. ചിലപ്പോള്‍ ചീനി (കപ്പ/കൊള്ളി) പുഴുങ്ങിയതോ ഒക്കെ ഉണ്ടാകും. അന്നെന്‍റെ അമ്മ എന്നോട് പറയുമായിരുന്നു.


അത്രയ്ക്കായിരുന്നു വിശപ്പിന്‍റെയും വിശന്നുകരഞ്ഞതിന്‍റേയും ആഴം.


“വിശപ്പിന്‍റെ വേദനയെന്താ, ആഴമെന്താ എന്നൊക്കെ നിനക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേയെന്ന്. പിന്നെ പഠിച്ച് വലിയ ജോലി വാങ്ങണമെന്നൊന്നും അന്ന് ഉപദേശിച്ചിട്ടില്ല. പക്ഷെ നാട്ടുകാരെ പറ്റിക്കാതെ ജീവിക്കുക, നീ വലുതാകുമ്പോള്‍ നിനക്കു പറ്റുന്നതു പോലെ നിന്‍റെ വിശപ്പു മാറ്റുക. അതു മാത്രമായിരുന്നു അമ്മയുടെ ഉപദേശം. അത്രയ്ക്കായിരുന്നു വിശപ്പിന്‍റെയും വിശന്നുകരഞ്ഞതിന്‍റേയും ആഴം.

”ക്രൈസ്തവനായതു കൊണ്ട് ഞായറാഴ്ചകളിലെ വേദപഠന ക്ലാസുകള്‍ നിര്‍ബ്ബന്ധം. ദൈവത്തിനു മുന്നില്‍ എല്ലാവരേയും ഒരുമിച്ചു കാണേണ്ടിടത്ത് ചില അധ്യാപകര്‍ എന്നേയും സഹോദരങ്ങളേയും അവഗണിച്ചു. അതിനൊരുദാഹരണം പറയാം.

“വേദപാഠക്ലാസിന്‍റെ വാര്‍ഷികാഘോഷത്തിന് എല്ലാ വര്‍ഷവും അവിടെ നാടകമൊക്കെ സംഘടിപ്പിക്കും. മുടിയനായ പുത്രന്‍ എന്ന നാടകം സ്ഥിരമായി കുട്ടികളെക്കൊണ്ട് കളിപ്പിക്കുമായിരുന്നു. അതിലെ പ്രധാനപ്പെട്ട റോളുകളൊന്നും പാവപ്പെട്ട കുട്ടികള്‍ക്കു നല്‍കില്ല.

“നാടകത്തില്‍ കുറെ പന്നികളുണ്ട്. ആ പന്നികളുടെ വേഷമായിരുന്നു ഞങ്ങള്‍ക്കൊക്കെ തന്നിരുന്നത്. മുടിയനായ പുത്രന്‍റേയോ അപ്പന്‍റേയോ മറ്റ് പ്രധാനപ്പെട്ട റോളുകളുമൊക്കെ പണക്കാരുടെ മക്കള്‍ക്കു നല്‍കും.

“അതെന്നെ വല്ലാതെ ഉലച്ചിരുന്നു. ഏഴാം ക്ലാസില്‍ ഞാന്‍ വേദപഠനക്ലാസ് അവസാനിപ്പിച്ചു,” അന്ന് കുഞ്ഞു മനസിലുണ്ടായ മുറിവുകള്‍ ഇന്നും മായാതെ കിടക്കുന്നുണ്ടെന്ന് പറയുമ്പോള്‍ സിജുവിന്‍റെ വാക്കുകള്‍ മുറിയുന്നു.

അവഗണിക്കപ്പെട്ടു പോകുന്നവന് തണലാകണമെന്നും വിശക്കുന്നവന് ഭക്ഷണം നല്‍കണമെന്നും സിജു അന്നേ മനസില്‍ കുറിച്ചു.
അങ്ങനെ പത്താംക്ലാസും ഐ റ്റി ഐയും കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് നാട്ടുകാരായ ഫിലിപ്പും ആന്‍സിയും സഹായത്തിനെത്തിയത്.  സിജുവിനെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകാം എന്നവര്‍ ഏറ്റു. അവരുടെ സഹായത്തില്‍ സിജു 2006-ല്‍ ദുബായിലെത്തുന്നു.

ഇന്‍ഡ്യക്കാര്‍ മാത്രമല്ല, പാകിസ്ഥാനികളും അഫ്ഘാനികളും ശ്രീലങ്കക്കാരുമൊക്കെ സിജുവിന്‍റെ നല്ല മനസ്സ് അറിഞ്ഞിട്ടുണ്ട്.

നാട്ടില്‍ നിന്നു ദുബായിലേക്ക് വീസ ശരിയാക്കി നല്‍കുമ്പോള്‍ ഫിലിപ്പ് സിജുവിനോട് ഒരു കാര്യം പറഞ്ഞിരുന്നു: “സിജു, ഞാന്‍ നിന്നെ കൊണ്ടുപോകുന്ന പോലെ അവിടെ ചെന്ന് പച്ചപിടിച്ചു കഴിയുമ്പോള്‍ നിനക്ക് സഹായിക്കാന്‍ പറ്റിയവരേയൊക്കെ സഹായിക്കണമെന്ന്…”

മിക്കവാറും പ്രവാസികളെപ്പോലെ വലിയ സ്വപ്നങ്ങളുമായാണ് സിജുവും മണല്‍ നഗരത്തിലെത്തുന്നത്.
”വലിയ പ്രതീക്ഷകളോടെയാണ് ദുബായിലെത്തുന്നത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷനായിട്ടാണ്,” സിജു ഓര്‍ത്തെടുക്കുന്നു.

“ഒരു ജൂണില്‍ ചുട്ടുപഴുത്തു കിടക്കുന്ന ദുബായിലേക്കാണ് ഞാന്‍ വന്നിറങ്ങിയത്. അതുപോലെ തന്നെ മനസും ശരീരവും ചുട്ടുപൊള്ളി. പറഞ്ഞ ജോലിയൊന്നുമല്ല ചെയ്യേണ്ടിവന്നത്. സമയത്തിന് ഭക്ഷണമില്ല. വിശപ്പിന് അറുതിയായില്ല. ബാത്റൂമില്‍ കയറിയിരുന്ന് വലിയ ഉച്ചത്തില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്,” ദുബായിലെ  സിജുവിന്‍റെ ആദ്യ ഓര്‍മ്മകളിങ്ങനെ.

”നാട്ടിലെ 12,000 രൂപയാണ് അന്നെന്‍റെ ശമ്പളം. ഭക്ഷണവും താമസവും കഴിഞ്ഞ് ബാക്കി നാട്ടിലേക്ക് അയക്കും. എങ്കിലും എന്‍റെ ഒപ്പമുള്ളവര്‍ക്ക് എന്തെങ്കിലും സങ്കടം വന്നാല്‍ ഞാന്‍ സഹായിക്കും. ആ മാസത്തില്‍ പിന്നെ നാട്ടിലേക്കയക്കാന്‍ പണമുണ്ടാകില്ല.

“കെട്ടിക്കാനൊരു പെങ്ങളു നില്‍ക്കുമ്പോഴും വീടിന്‍റെ അത്താണിയായ ഞാന്‍ പണമയക്കാത്തതിനെപ്പറ്റി അന്ന് അപ്പനോ അമ്മയോ എന്നോട് ഒരു വാക്കു പോലും ചോദിച്ചിട്ടില്ല.

സിജു കുടുംബത്തോടൊപ്പം

“ആ ജോലി ചെയ്ത രണ്ടു വര്‍ഷത്തിനിടയില്‍ ആകെ ഞാന്‍ ആകെ 25,000 രൂപയാണ് നാട്ടിലേക്ക് അയച്ചത്. അക്കാലത്ത് പല കാറ്ററിംഗ് കമ്പനിക്കാരുമായി ചങ്ങാത്തത്തിലായി. എന്‍റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു: അവിടെ നിന്ന് ചെറിയ പൈസക്ക് ഭക്ഷണം വാങ്ങി ലേബര്‍ ക്യാമ്പുകളിലെത്തിയ്ക്കുക.

”അങ്ങനെയിരിക്കെ ഞാന്‍ പറ്റു പല ജോലികള്‍ ചെയ്തു … പിന്നെ വന്ന ജോലിയ്ക്ക് ടിപ്പ് കിട്ടുമായിരുന്നു. അറബികളൊക്കെ് അഞ്ചു ദിര്‍ഹംസ് ഒക്കെ ടിപ്പെനിക്കുതരും. പിന്നെ സ്വര്‍ഗം കിട്ടിയ സന്തോഷമാണ്. അതുകൊണ്ട് ഗ്രോസറിയിലേയ്ക്ക് ഓടും. ഇഷ്ടമുള്ള ജ്യൂസൊക്കെ വാങ്ങും.”

പെട്ടെന്ന് ചങ്ങാത്തം കൂടുന്ന തരത്തിലുള്ള ആളാണ് സിജു. സ്ഥിരമായി പോയിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ പലരോടും നല്ല അടുപ്പമായിരുന്നു.
“അതിലൊരാളുമായി സ്ഥിരമായി ഞാന്‍ സംസാരിക്കാറുണ്ട്.

“ഒരിക്കലിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ആരാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ മുതലാളിയെന്ന്. അയാളുടെ ഉത്തരം എന്നെ ശരിക്കും ഞെട്ടിച്ചു.

“സ്ഥിരമായി പോയിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ പലരോടും എനിക്ക് ഭയങ്കര അടുപ്പമായിരുന്നു. അതിലൊരാളുമായി സ്ഥിരമായി ഞാന്‍ സംസാരിക്കാറുണ്ട്.” (Image for representation only. Photo: pixabay.com)

സിജു അത്രനാളും സംസാരിച്ചുകൊണ്ടിരുന്ന ആള്‍ തന്നെയായിരുന്നു അതിന്‍റെ ഉടമ.

“ഞെട്ടല്‍ തീരും മുന്‍പ് വീണ്ടും ഞാനദ്ദേഹത്തോടു ചോദിച്ചു. ഇവിടെ എന്തെങ്കിലും വേക്കന്‍സിയുണ്ടോയെന്ന്. ഉണ്ടെന്ന് പറഞ്ഞു. അന്ന് വിസിറ്റിംഗ് വീസയില്‍ വന്ന് ജോലിയില്ലാതെ നില്‍ക്കുകയായിരുന്ന എന്‍റെ ഒരു സുഹൃത്തിന് ആ ജോലി ശരിയാക്കി കൊടുത്തു.

“എനിക്ക് വെറും അറുനൂറ് ദിര്‍ഹംസ് മാത്രം ശമ്പളമുള്ളപ്പോള്‍ രണ്ടായിരം ദിര്‍ഹംസും താമസ സൗകര്യവും ലഭിയ്ക്കും. മറ്റ് പല സുഹൃത്തുക്കളും എന്നെ വഴക്കു പറഞ്ഞു. നിനക്ക് ചെറിയ ശമ്പളം മാത്രമുള്ളപ്പോള്‍ നീ മറ്റൊരാള്‍ക്ക് അതില്‍ കൂടുതല്‍ ശമ്പളത്തിന് ജോലി വാങ്ങിക്കൊടുത്തോ എന്നും ചോദിച്ചു. അയാള്‍ക്കായിരുന്നു ഞാന്‍ ആദ്യമായി ജോലി വാങ്ങി നല്‍കിയത്.”

അന്നു തുടങ്ങിയതാണ്,.. ഇതുവരെ 180 പേര്‍ക്ക് ഇങ്ങനെ ജോലി വാങ്ങിക്കൊടുക്കാന്‍ സിജുവിന് കഴിഞ്ഞു.

സിജു സുരേഷ് ഗോപിക്കൊപ്പം

”അങ്ങനെ ദുരിതക്കയത്തില്‍ നിന്നു രക്ഷപെടാന്‍ ഫിലിപ്പച്ചായന്‍ വീണ്ടുമെന്നെ സഹായിച്ചു. ഡ്രൈവിംഗ് പഠിച്ചു. ആയിടയ്ക്കാണ് അദ്ദേഹമൊരു ട്രക്ക് വാങ്ങുന്നത്. പിന്നെ എന്‍റെ ജീവിതം അതിലേക്കു പറിച്ചു നട്ടു. ഒപ്പം മറ്റുള്ളവര്‍ക്കായി ജോലി തേടിയുള്ള അന്വേഷണവും തുടര്‍ന്നു. ഞാന്‍ ചെല്ലുന്നിടത്ത് ജോലി എന്തെങ്കിലും ഉണ്ടോയെന്ന് ആദ്യമേ അന്വേഷിക്കും. പിന്നെ ജോലി അന്വേഷിച്ചലയുന്നവര്‍ക്കത് സംഘടിപ്പിച്ചു കൊടുക്കും. അത്തരത്തില്‍ ചെറുതെന്നോ വലുതെന്നോ വലിപ്പവ്യത്യാസമില്ലാതെ ജോലികള്‍ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു,”സിജു തുടരുന്നു.

സാധാരണ വീട്ടു ജോലി മുതല്‍ മികച്ച കമ്പനികളില്‍ എക്സിക്യൂട്ടീവ് പദവികളിലേയ്ക്കു വരെ സിജുവിന്‍റെ സഹായം കൊണ്ട് ജോലി കിട്ടിയവരുണ്ട്.
“ഇതിനിടയില്‍ ഞാനെന്‍റെ പെങ്ങളുടെ വിവാഹം നടത്തി. നാട്ടില്‍ വീടു വെച്ചു. ചങ്ങനാശേരി സ്വദേശി അഭിനയയെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ഏയ്ഞ്ചല. എന്‍റെ അനുജന്‍ സിജോയേയും നിങ്ങളറിയും, ഈയടുത്ത കാലത്ത് വഴിയില്‍ കിടന്നു കിട്ടിയ ഒന്നര ലക്ഷം രൂപയും കുറച്ചു ഗോള്‍ഡും തിരികെയേല്‍പിച്ചതിന് കേരളാ പൊലീസ് അവനെ ആദരിച്ചിരുന്നു.”

അതാണ് സിജുവിന്‍റെ കുടുംബം. നന്മയുടെ ജീനുകള്‍ അവര്‍ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയിരുന്നു.

മന്ത്രി ജി സുധാകരനൊപ്പം

തയ്യല്‍ക്കാരി രാധയുടെ ജീവിതം

കേരളത്തില്‍ നിന്നും ഒമാനിലേയ്ക്ക് തയ്യല്‍ ജോലിയ്ക്കായി ഏജന്‍റ് എത്തിച്ച ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു രാധ. അവരവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു മലയാളി യുവാവുമായി പ്രണയത്തിലാകുകയും അവര്‍ക്കൊരു കുഞ്ഞു ജനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിയ്ക്കാതെ അമ്മയാകുന്നവര്‍ക്ക് ജിസിസി രാജ്യങ്ങളുടെ നിയമ പ്രകാരം ജയില്‍ ശിക്ഷയാണ് നല്‍കുന്നത്. മാത്രമല്ല ഈ യുവാവ് നേരത്തേ വിവാഹിതനുമായിരുന്നു.

എങ്ങനെയോ രാധയും ആ യുവാവും യാതൊരു രേഖകളുമില്ലാതെ അതിര്‍ത്തി കടന്ന് ദുബായിലെത്തി. പക്ഷെ വിധിയെന്നു പറയട്ടെ രാധയുടെ കാലുകള്‍ക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു. അവര്‍ തളര്‍ന്നു വീണു. ജീവിക്കാന്‍ യാതൊരു നിവൃത്തിയുമില്ല,രേഖകളൊന്നുമില്ലാതെ തൊഴിലെടുക്കാനും കഴിയുന്നില്ല.

“ഒരു സുഹൃത്താണ് ഈ വിവരങ്ങള്‍ എന്നെ അറിയിക്കുന്നത്. ഞാന്‍ ആ കുടുംബത്തെ കണ്ടു. തീര്‍ത്തും ദയനീയാവസ്ഥ.. എംബസി ഇടപെടലുണ്ടാകണം. എങ്കിലേ രക്ഷപെടാനൊക്കൂ. പറ്റാവുന്ന രീതിയിലൊക്കെ ശ്രമിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എംബസി ഇടപെട്ടു. പക്ഷെ രേഖകള്‍ ഹാജരാക്കാന്‍ കഴിയണം. പക്ഷെ പ്രശ്നമെന്താണെന്നു വെച്ചാല്‍ രാധയും ഒപ്പമുള്ള യുവാവും വിവാഹിതരാണെന്നുള്ള രേഖ ഹാജരാക്കണം. അവിടെയും ഈശ്വരന്‍ രക്ഷകനായെത്തി. ഈ യുവാവിന്‍റെ മുന്‍ ഭാര്യയുടെ പേരും രാധയെന്നായിരുന്നു.

സിജുവിന്‍റെ പ്രവര്‍ത്തനങ്ങളെ പല സംഘടനകളും അദരിച്ചിട്ടുണ്ട്.

“എങ്ങനെയോ അതൊക്കെ കണ്ടെത്തി ഒരു വിധത്തില്‍ രക്ഷപെടാനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് നേരിട്ട് വിഷയത്തിലിടപെട്ടു. രാധയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സ്ട്രെക്ചറിനുള്‍പ്പടെ 22,000 രൂപ അനുവദിച്ചു തന്നു. വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വന്നതോടെ വിവിധ സംഘടനകളും വ്യക്തികളും ഇവരേ സഹായിക്കാന്‍ മുന്നോട്ടു വന്നു. അവരെ കൊണ്ടുപോരുന്നതിനുള്ള എല്ലാ സൗകര്യങ്ങളും റെഡിയാക്കി. വിധിയെന്നു പറയട്ടെ, തിരികെ പോകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ആ സ്ത്രീ മരിച്ചു.

“എന്‍റെ ജീവിതത്തില്‍ ഏറെ ദുഖമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. പക്ഷെ അവരുടെ കുട്ടിയേയും ഭര്‍ത്താവിനേയും നാട്ടില്‍ തിരികെ എത്തിച്ചു. ആ കുട്ടിയുടെ പേരില്‍ ഒരു പതിനൊന്നു ലക്ഷം രൂപ നിക്ഷേപിക്കാനുമായി. ആ കുട്ടിയുടെ ജീവിതം കുറച്ചെങ്കിലും രക്ഷപെടുമല്ലോ,”ഏറെ ചാരിതാര്‍ത്ഥ്യത്തോടെ സിജു പറയുന്നു.

വിശന്ന വയറിന് ഭക്ഷണം

ആരും വിശന്നിരിക്കരുത്. കാരണം ഒരുപാട് വിശപ്പ് അറിഞ്ഞയാളാണ് സിജു.

“ആദ്യകാലങ്ങളിലൊക്കെ തുച്ഛമായ വരുമാനത്തില്‍ നിന്ന് ആളുകളെ സഹായിക്കുമായിരുന്നു. പിന്നെ സമാനമനസ്‌കരുടെ സഹായം തേടി തുടങ്ങി. ഒരു നേരത്തേ ഭക്ഷണമൊക്കെ വാങ്ങി നല്‍കാന്‍ പലരുടെയും മുന്നില്‍ കൈനീട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


“ദുബായ് പുറത്തു നിന്നു കാണുന്നവര്‍ക്കൊരു പളപളുപ്പുള്ള ഒരു രാജ്യം മാത്രമാണ്. ഇവിടെയെത്തി നരകിക്കുന്ന ലക്ഷങ്ങളുണ്ട്. തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്ത് ഒരു കുബ്ബൂസും പച്ചമുളകും കൂടിവന്നാല്‍ തൈരും മാത്രം ഭക്ഷിച്ചു ദിവസങ്ങള്‍ തള്ളി നീക്കുന്ന അനേകരുണ്ട്. എനിക്ക് ഇതൊന്നും കണ്ടുനില്‍ക്കാന്‍ കഴിയില്ല.” വിശന്നു വലയുന്നവര്‍ക്ക് ഒരു നേരത്തേ ഭക്ഷണം,ചിലപ്പോള്‍ അവര്‍ക്ക് ദിവസങ്ങളോളവും ഭക്ഷണം വാങ്ങി നല്‍കുമ്പോഴുണ്ടാകുന്ന സംതൃപ്തി സിജുവിന്‍റെ വാക്കുകളിലുണ്ടായിരുന്നു.

ദുബായിലെ ഒരു വര്‍ക്ക് സൈറ്റ്. Image for representation only photo: pexels.com

“എന്നെ ഏറെ സങ്കടപ്പെടുത്തിയ ഒരു സംഭവം പറയാം. ഒരിക്കല്‍ ഒരു സ്ഥാപനത്തിലെ 42 സാധാരണ തൊഴിലാളികളെ പറ്റിച്ച് തൊഴിലുടമ നാടുവിട്ടു. ഈ പാവങ്ങളാകട്ടെ ഭക്ഷണമില്ല. വെളിച്ചമില്ല, ആകെ ദുരിതക്കയത്തില്‍ ഒരു ലേബര്‍ ക്യാമ്പില്‍.

“ലേബര്‍ ക്യാമ്പെന്നൊക്കെ പറഞ്ഞാല്‍ കന്നുകാലിക്കൂടിനേക്കാളൊക്കെ കഷ്ടമാണ്. ഒരു സുഹൃത്ത് വഴിയാണ് ഞാനിതറിയുന്നത്. ഞാനവിടെ ചെന്നു. വിവിധ രാജ്യക്കാരുണ്ട്. ആദ്യം അവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി. പക്ഷെ പ്രശ്നം അവിടെക്കൊണ്ട് അവസാനിച്ചില്ല. പേപ്പറുകളൊന്നും ശരിയാക്കാതെ അവരെ അവരവരുടെ നാടുകളിലേയ്ക്കു തിരിച്ചയയ്ക്കുക പ്രയാസം. എന്തു ചെയ്യും?

“ആദ്യം തന്നെ ദിവസേന അവര്‍ക്കു വേണ്ട ഭക്ഷണങ്ങള്‍ ഏര്‍പ്പാടു ചെയ്തു. പല ഹോട്ടലുകളുടെ മുന്നിലും കൈനീട്ടി. പലരും പണം കുറച്ച് ഭക്ഷണം തരാമെന്നേറ്റു. അതിനുള്ള പണത്തിനായി പലരേയും സമീപിച്ചു. അവര്‍ തരുന്ന അന്‍പതും നൂറും ദിര്‍ഹങ്ങള്‍ കൊണ്ട് ഈ മനുഷ്യര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കി. പിന്നീട് പ്രശ്നം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെടുത്താനായി. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദിന്‍റെ സഹായത്തോടെ ആ നിസഹായരായ മനുഷ്യരെ അവരവരുടെ നാടുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞു,” ദുബായ് ജീവിതത്തിനിടയില്‍ അവിടുത്തെ ഭരണകൂടവും പിന്നെ നന്മ നിറഞ്ഞ കുറച്ചു മനുഷ്യരും കൂടെ നിന്ന കഥ ഏറെ അഭിമാനത്തോടെയാണ് സിജു ടി ബി ഐയോട് പറഞ്ഞത്.

ആരും വിശന്നിരിക്കരുത് എന്നാണ് സിജുവിന്.. കാരണം ആ വേദന നന്നായി അനുഭവിച്ചിട്ടണ്ട് ഈ ട്രക്ക് ഡ്രൈവര്‍

ഭക്ഷണമില്ലാതെ ദുബായില്‍ നരകിക്കുന്ന സഹജീവികള്‍ക്കു വേണ്ടി സിജു ഇപ്പോള്‍ സ്വന്തമായി ഒരു കഫറ്റീരിയ ആരംഭിച്ചിട്ടുണ്ട്.
”ഇനി ഒരാള്‍ പോലും ദുബായില്‍ ഭക്ഷണം കിട്ടാതെ വലയരുത്. അത്തരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് എന്‍റെ സ്വന്തം കഫറ്റീരിയയിലേക്കു വരാം. അവിടെ ഭക്ഷണമുണ്ടാകും,”സിജു സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

 രോഗികള്‍ക്കൊരു കൈത്താങ്ങ്

സിജു തന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ഒതുക്കുന്നില്ല. ആദ്യമൊക്കെ ആളുകള്‍ക്ക് സൗജന്യമായാണ് അദ്ദേഹം ജോലി വാങ്ങി നല്‍കിയിരുന്നത്. ആളുകളുടെയും ആവശ്യക്കാരുടെയും എണ്ണം കൂടിയതോടെ ആ സൗജന്യമൊഴിവാക്കി ജോലി വാങ്ങി നല്‍കുന്നയാള്‍ ആദ്യശമ്പളത്തില്‍ നിന്ന് കേരളത്തിലുള്ള ഒരു നിര്‍ദ്ധന ക്യാന്‍സര്‍ രോഗിയ്ക്ക് പതിനായിരം രൂപ നല്‍കണമെന്ന് സിജു നിര്‍ദ്ദേശിച്ചു.

ഇതിനു വേണ്ടിയുള്ള രോഗിയെ കണ്ടെത്തി സഹായം എത്തിക്കുന്നതിനും സിജു മുന്‍കൈ എടുത്തു. അത്തരത്തില്‍ ചികില്‍സാ ധനസഹായം ആവശ്യമുള്ളവരെ സിജു കണ്ടെത്തുകയും അവരുടെ അക്കൗണ്ട് നമ്പര്‍ ജോലി വാങ്ങിക്കൊടുത്ത ആളിനു കൈമാറുകയും ചെയ്യും. അവര്‍ ആ അക്കൗണ്ടിലേക്ക് പണമയച്ച ശേഷം രസീത് നല്‍കണം. ഇതുവരെ ഇത്തരത്തില്‍ പതിനൊന്നു ലക്ഷം രൂപയോളം വിവിധ അക്കൗണ്ടുകളിലേയ്ക്കു കൈമാറിയിട്ടുണ്ട്.

ജോയ് മാത്യുവിനൊപ്പം

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശത്തു നിന്നും വിദേശത്തു നിന്നും സിജുവിനെത്തേടി നിരവധി അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. മാത്രമല്ല നാട്ടിലേയും വിദേശത്തേയും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള സംഘം സിജുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുമുണ്ട്.

സിജുവിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ (ദുബായില്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തിനിടയിലാണ് ജോയ് മാത്യു സിജു പന്തളത്തിനെ കണ്ടു മുട്ടിയത്)

“അതിസമ്പന്നതയുടെ ആരവങ്ങള്‍ക്കപ്പുറം ദാരിദ്ര്യത്തിന്‍റെയും ഏകാന്തതയുടെയും മണല്‍ ജീവിതങ്ങള്‍ ദുബായിലുണ്ട്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് ലേബര്‍ ക്യാമ്പുകളിലെ നിരവധി കണ്ണീര്‍ കഥകള്‍ ലോകത്തേ അറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ സ്നേഹത്താല്‍ സമൃദ്ധി അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരെക്കണ്ടു. അതില്‍ ഇന്‍ഡ്യക്കാര്‍ക്കു പുറമെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ്,ശ്രീലങ്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

ജോയ് മാത്യു ലേബര്‍ ക്യാമ്പില്‍

“ഇവരെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹമാണ് സിജു പന്തളം. ഒരു ട്രക്ക് ഡ്രൈവറായ സിജു 160 ലേറെ പേര്‍ക്ക് വിവിധ കമ്പിനികിളില്‍ ഇതുവരെ ജോലി വാങ്ങി നല്‍കിയിട്ടുണ്ട്. വിശക്കുന്ന തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ചെറുതും വലുതുമായ സംരഭങ്ങള്‍ സിജു ഷാര്‍ജ വ്യവസായ മേഖലയില്‍ നടത്തുന്നുണ്ട്.”

ജോയ് മാത്യു തുടരുന്നു: “തൊട്ടടുത്ത അഫ്ഗാനിയുടെ അടുപ്പ് സ്വന്തം അടുപ്പാക്കി മാറ്റി പാചകത്തില്‍ കൈപ്പുണ്യമുള്ള സിജു ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം. എന്നെ അറിയുക പോലുമില്ലാത്ത അന്യരാജ്യക്കാരുടെ സ്നേഹോപചാരങ്ങള്‍. ഈ രാത്രി എനിക്ക് പ്രിയപ്പെട്ടതാകുന്നത് അങ്ങനെയൊക്കെയാണ്.”


പണിയെടുക്കുന്ന ഈ മനുഷ്യരില്ലാതെ ഒരു മണിമന്ദിരങ്ങളും ഈ മണല്‍ നഗരത്തില്‍ ഉയരുകയില്ല. ഇവരുടെ നായകനായ സിജുവിന്‍റെ ഉയരം തന്നെ അതിനു തെളിവാണല്ലോ: ജോയ് മാത്യു.


സിജുവിന് നാട്ടുകാരോട് പറയാന്‍ ചിലതുണ്ട്: ”വളരെ കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളൊക്കെ ദുബായിലെത്തി ജോലി സംഘടിപ്പിച്ചു ജീവിക്കുന്നത്. ഞാന്‍ മാത്രമല്ല എന്നേപ്പോലെയുള്ള അനേകര്‍. അവര്‍ക്കിടയിലേയ്ക്ക് നുഴഞ്ഞുകയറി വരുന്ന നാട്ടിലെ സര്‍ക്കാര്‍ ജോലിക്കാരോട് ശരിക്കും സഹതാപമാണ്. അഞ്ച് വര്‍ഷവും മറ്റും നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്നവധിയെടുത്ത് ഗള്‍ഫില്‍ വന്ന് ജോലി നോക്കും. പക്ഷെ നിങ്ങള്‍ എത്ര വലിയ തെറ്റാണ് ചെയ്യുന്നതെന്നോ. നിങ്ങളുടെ ഒപ്പം പരീക്ഷയെഴുതിയ ഒരാളുടെ അവസരമാണ് ആദ്യം നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.

ജോയ് മാത്യു ലേബര്‍ ക്യാമ്പില്‍

“പിന്നെ ഇവിടെ ജോലി കണ്ടെത്തുമ്പോള്‍ നിങ്ങളുടെ ജോലിക്ക് യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ട മറ്റൊരാളുടെയും അവസരം നഷ്ടമാവുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു തന്നെ എന്തെങ്കിലും നടപടിയുണ്ടാകണമെന്നാണ് ഞാന്‍ ആശിക്കുന്നത്. അല്ലാത്ത പക്ഷം ഇതിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനാണ് എന്‍റെ തീരുമാനം,” സിജു വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം: 91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…


ദുബായിലെ പകലുകള്‍ക്ക് നീളമേറെയാണ്. സൂര്യന്‍ ആകാശത്തു നിന്നു മറഞ്ഞു തുടങ്ങി. എങ്കിലും ചൂടിനൊരു കുറവുമില്ല. ലോറി ഡ്രൈവറായ സിജു അതിന്‍റെ തിരക്കുകളൊക്കെ ഒതുക്കി വെച്ച് കഫ്റ്റീരയയുടെ തിരക്കുകളിലേക്ക് എത്തി. വിശക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍. യു എ ഇയില്‍ ഒരു ജോലിയ്ക്കായെത്തി തൊഴിലിനായി അലയുന്നവര്‍ക്ക് ഒരു തണലാകാന്‍.

***

ഫോട്ടോകള്‍ക്ക് കടപ്പാട്: സിജു പന്തളം

കൂടുതല്‍ വിവരങ്ങള്‍ക്ക് സിജു പന്തളത്തിന്‍റെ ഫേസ്ബുക്ക് പേജ് നോക്കാം, ഫോളോ ചെയ്യാം. ലിങ്ക് ഇവിടെ.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം