ഏഴെട്ടുവര്‍ഷമായി തൃശ്ശൂര്‍ ചാവക്കാടുകാരനായ മുഹമ്മദ് സലിം (40) ഒരു ആഗ്രഹവുമായി നടക്കുകയാണ്–ഒരു സയന്‍സ് മ്യൂസിയം ഉണ്ടാക്കണം.
കെ എസ് ഇ ബിയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങ് ക്ലാസ്സുമൊക്കെ എടുക്കും. കിട്ടുന്ന പണമെല്ലാം മ്യൂസിയം ഉണ്ടാക്കാനായി കൂട്ടിക്കൂട്ടി വെച്ചു.
ചാവക്കാട്ടേയും അടുത്തുള്ള തീരദേശ ഗ്രാമങ്ങളിലേയും കുട്ടികള്‍ക്ക് വേണ്ടിയാണ് സലിം ശാസ്ത്ര മ്യൂസിയം തുറക്കുന്നത്. താമസിക്കുന്ന വീടുതന്നെ ശാസ്ത്ര മ്യൂസിയമാക്കി മാറ്റുകയാണ് സലിം.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
“നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള ശാസ്ത്ര പഠന സൗകര്യങ്ങളൊന്നും ഗ്രാമീണ മേഖലയിലെയോ തീരപ്രദേശത്തെയോ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല,” സലിം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “അതുകൊണ്ടാണ് ഈ മേഖലയിലെ കുട്ടികളെ ലക്ഷ്യമിട്ട് മ്യൂസിയം തുടങ്ങുന്നത്.”
ഭാര്യയുടെ പേരിലുള്ള 65 സെന്‍റ് സ്ഥലവും അതിലെ വീടും പരിസരവുമാണ് കുട്ടികളില്‍ ശാസ്ത്രത്തോടുള്ള താല്‍പര്യം വളര്‍ത്താനായി മ്യൂസിയവും പാര്‍ക്കുമായി സലിം ഒരുക്കിയെടുക്കുന്നത്. ഈ വീട്ടില്‍ തന്നെയാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നതും.
“ഓരോന്നോരോന്നായി സെറ്റ് ചെയ്ത് വരികയായിരുന്നു ഇത്രയും നാള്‍. ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇവിടെയൊരു അസ്ട്രോണമി ഗാലറിയുണ്ട്. സ്പേസില്‍ പോയൊരു ഫീല്‍ കിട്ടും സന്ദര്‍ശകര്‍ക്ക്,” സലിം പറയുന്നു.
“കുറെക്കാലമായി മനസ്സില്‍ പ്ലാന്‍ ചെയ്യുന്ന കാര്യമായിരുന്നു ഈ മ്യൂസിയം. ഏഴെട്ട് വര്‍ഷങ്ങളായി ഈ ആഗ്രഹവുമായി നടക്കുകയാണ്,” എന്ന് സലിം.
പക്ഷേ പല കാരണങ്ങള്‍ കൊണ്ടും ആ സ്വപ്‌ന പദ്ധതി നീണ്ടു നീണ്ടുപോയി. പണംകണ്ടെത്തുന്നത് തന്നെയായിരുന്നു പ്രശ്‌നം.
ആരുടേയും സഹായമില്ലാതെ സ്വന്തം കീശയില്‍ നിന്നുള്ള കാശെടുത്താണ് സലിം ശാസ്ത്രമ്യൂസിയം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത്. ഭാര്യ ടീച്ചറാണ്. അവരുടെയും സഹായമുണ്ടെങ്കിലും ഓരോന്നോരോന്ന് അടുപ്പിച്ച് വരുമ്പോഴേക്കും മറ്റെന്തെങ്കിലും അത്യാവശ്യ കാര്യത്തിന് പണം മാറ്റിച്ചെലവഴിക്കേണ്ടി വരും.
“ഒരിക്കല്‍ കൂട്ടിവെച്ച പണം വാപ്പയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. വാപ്പയുടെ മരണശേഷം വീണ്ടും മ്യൂസിയത്തിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു,” സലിം പറഞ്ഞു. “ഭാര്യയുടെ ഉമ്മയും ക്യാന്‍സര്‍ രോഗിയാണ്. അവരുടെ ചികിത്സയ്ക്കും പണം മാറ്റി വയ്ക്കുന്നുണ്ട്.”
ഇതുവരെ എത്ര രൂപ ചെലവായെന്നൊരു കണക്കും സലിം സൂക്ഷിക്കുന്നില്ല. ഇനിയെത്രയാകും എന്നൊരു കണക്കുമില്ല.
ഇങ്ങനെയുളള പ്രശ്നങ്ങള്‍ മൂലമാണ് ആറേഴ് വര്‍ഷങ്ങള്‍ക്ക് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി വൈകിയത്. ഇതൊക്കെയാണെങ്കിലും ഈ ആഗസ്തില്‍ മ്യൂസിയം കുട്ടികള്‍ക്കായി തുറന്നുകൊടുക്കാനാണ് സലിം ഒരുങ്ങുന്നത്.
“ഇത്ര രൂപ ചെലവഴിച്ച് സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കണം എന്നൊരു പ്ലാന്‍ ഇല്ല. ഓരോ ദിവസവും ഉരുത്തിരിയുന്ന ആശയങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു,” സലിം വിശദീകരിക്കുന്നു.
ഇതുവരെ എത്ര രൂപ ചെലവായിയെന്നൊരു കണക്കും സലിം സൂക്ഷിക്കുന്നില്ല. ഇനിയെത്രയാകും എന്നൊരു കണക്കുമില്ല. വളരെ പതിയെ ഓരോ സ്റ്റെപ്പും കൈയില്‍ കിട്ടുന്ന കാശിന് അനുസരിച്ച് ചെയ്ത് പോകുകയാണ് ചെയ്യുന്നത്.
നാട്ടിലെ കുട്ടികള്‍ക്കും സയന്‍സ് പരീക്ഷിച്ചറിഞ്ഞും കണ്ടറിഞ്ഞും പഠിക്കാനുള്ള സൗകര്യം സ്വന്തം വീട്ടിലും പറമ്പിലുമായി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒപ്പം കുട്ടികള്‍ക്ക് സ്‌പേസില്‍ പോയ അനുഭവം കൃ്ത്രിമമായി ഉണ്ടാക്കണമെന്നും സലിം ഉദ്ദേശിക്കുന്നു.
“അതായത് സ്‌കൂളില്‍ പഠിപ്പിക്കുന്ന ആശയങ്ങള്‍ പ്രാക്ടിക്കലായി ചെയ്ത് അവരില്‍ അഭിരുചി ഉണ്ടാക്കിയെടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ചാവക്കാട്ടെ കടപ്പുറത്തെ കുട്ടികള്‍ക്ക് വേണ്ടിയാണിത് തുടങ്ങുന്നത്. ഇവിടെ വലിയ വികസനമൊന്നുമില്ലല്ലോ,” എന്ന് സലിം.
ചാവക്കാട്-പൊന്നാനി ഹൈവേയില്‍ മംഗലാംകുന്ന് ബീച്ചിലാണ് ഈ ഗ്രാമീണ സയന്‍സ് മ്യൂസിയം വരുന്നത്.
വൈദ്യുതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞന്‍ മൈക്കല്‍ ഫാരഡെയുടെ ഓര്‍മ്മയില്‍ ഫാരഡേയ്‌സ് എന്‍ജിനീയേഴ്‌സ് ഡിസ്‌കവറി ലാന്‍ഡ് എന്നാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ പേരിട്ടിരിക്കുന്നത്.
“അഞ്ച്, ആറ് ക്ലാസിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള കിറ്റുകള്‍ ഇവിടെ ഒരുക്കുന്നുണ്ട്. സയന്‍സുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മറ്റും ചെയ്തു പഠിക്കാം. സയന്‍സിലെ അടിസ്ഥാന തത്വങ്ങള്‍ അറിയാതിരുന്നാല്‍ പഠനം ബോറാകും. ഒന്നും മനസ്സിലാകത്തുമില്ല. ആ അവസ്ഥ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതൊക്കെ സന്ദര്‍ശിക്കുന്ന കുട്ടിക്ക് സയന്‍സ് പഠിക്കാന്‍ താല്‍പര്യം ഉണ്ടാകും,” സലിം വിശ്വസിക്കുന്നു.
“ഇതൊരു പ്ലാനറ്റോറിയമല്ല. പ്ലാനറ്റോറിയം എല്ലായിടത്തും ഉള്ളത് കൊണ്ട് നമ്മള്‍ വ്യത്യസ്തമായിട്ടാണ് ചെയ്യുന്നത്,” സലിം തുടരുന്നു. “സന്ദര്‍ശകരായ കുട്ടികള്‍ എത്തുമ്പോള്‍ സ്പേസില്‍ പോകുന്നതിന്‍റെ ഇഫക്ട് കിട്ടുന്ന ഫീല്‍ വെര്‍ച്വര്‍ റിയാലിറ്റി വച്ച് ചെയ്യും. തുടര്‍ന്ന് ചൊവ്വയിലെ അന്തരീക്ഷവും പ്രകൃതിയും താമസിക്കാനുള്ള മൊഡ്യൂളുകളും സെറ്റ് ചെയ്യും.
അതിലൂടെ കുട്ടികളെ റോക്കറ്റ് സയന്‍സും അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തും.
“മാഴ്സ് എന്ന സയന്‍സ് ഫിക്ഷന്‍ സിനിമ കണ്ടപ്പോള്‍ തോന്നിയ ഐഡിയ ആണിത്. ആ ആശയം പ്രദര്‍ശിപ്പിക്കുന്ന ഒരു ഗാലറിയുണ്ട്. ഒരു സയന്‍സ് ഫിക്ഷന്‍ മോഡിലായിരിക്കും പ്രവര്‍ത്തനം.
“മനുഷ്യന്‍ ഭാവിയില്‍ ചൊവ്വയില്‍ താമസിക്കും എന്നാണല്ലോ പറയുന്നത്. അവിടെ പോയാല്‍ എങ്ങനെയുണ്ടാകും എന്നു കാണിക്കുന്ന ഒരു സൗകര്യം ഇവിടെ ഉണ്ടാക്കണം എന്നാഗ്രഹമുണ്ട്,” മ്യൂസിയം വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് പറയുമ്പോള്‍ സലീമിന് വലിയ ആവേശം.
വ്യാവസായിക വിപ്ലവത്തിന്‍റെ നാലാം അവതാരത്തിലേക്ക് ലോകം തയ്യാറെടുക്കുകയാണ്. ഈ മാറ്റം വ്യവസായത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ല, അദ്ദേഹം പറയുന്നു. സാങ്കേതിക വിസ്ഫോടനത്തിന് അനുസരിച്ചുള്ള വിദഗ്ദ്ധരെ സൃഷ്ടിക്കുവാന്‍ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന് പൂര്‍ണമായി കഴിയുന്നില്ല. അതിനാല്‍ പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കും അന്വേഷണത്തിനുമായിട്ടുള്ള സൗകര്യങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത് എന്ന് സലിം.
വീട്ടുകാരുടെ പൂര്‍ണ പിന്തുണയുള്ളത് കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നതെന്ന് സലിം പറയുന്നു. പിന്നെ, പഠിപ്പിച്ച കുട്ടികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. അവരുടെ സഹായത്തോടെയാണ് വെര്‍ച്വല്‍ റിലായിറ്റി പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.
പത്രങ്ങളില്‍ വായിക്കുന്ന ശാസ്ത്ര ലേഖനങ്ങള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം സലിമിന് ഉണ്ടായിരുന്നു. ആ ശേഖരവും ഇനി വരും കുട്ടികള്‍ക്ക് നല്‍കും. അനവധി ശാസ്ത്രജ്ഞരുമായി നല്ലൊരു ബന്ധവും സലീം വളര്‍ത്തിയെടുത്തിട്ടുണ്ട്.
ഇതുകൂടി വായിക്കാം: മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു
ഈ മ്യൂസിയത്തിന്‍റെ തറക്കല്ലിട്ടത് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരാണ്. ഉദ്ഘാടനത്തിനും അദ്ദേഹം വരാമെന്ന് ഏറ്റിട്ടുണ്ടെന്ന് സലിം പറയുന്നു. ഐ എസ് ആര്‍ ഒ പോലുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ സഹകരണവും തേടാന്‍ സലിമിന് പദ്ധതിയുണ്ട്. ചില എഞ്ചിനീയറിങ് കോളെജുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടുകാര്‍ എനിക്ക് ഭ്രാന്താണെന്ന് പറയുന്നുണ്ട്. പക്ഷേ അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. സലിം ചിരിയോടെ പറയുന്നു. “എന്തെങ്കിലും ബിസിനസ് തുടങ്ങുന്നത് പോലെയല്ലല്ലോ ഇത്. എന്നാലും പിന്തുണയ്ക്കുന്നവരുമുണ്ട്.”
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.