‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍

മൂന്നാലഞ്ച് ദിവസം മുന്‍പാണ് വീട്ടിലെ ഏറ്റവും അവസാനത്തെ പട്ടിയെ കടുവ കൊണ്ടുപോയത്. സാധാരണ പട്ടികളെ ഇവിടെ കൂട്ടിലിട്ടോ കെട്ടിയിട്ടോ വളര്‍ത്താറില്ല. പക്ഷേ, അന്ന് കെട്ടിയിട്ടിരിക്കുകയായിരുന്നു

മാ നന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരം. തിരുനെല്ലി ബസ് സ്റ്റോപ്പിലിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കണം. കാടും കാട്ടാറും ഒന്നിക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെത്താം..

ഇവിടെ നിന്നു കടുവയും പുലിയും ആനയും കാട്ടുപന്നിയൊക്കെ ഇടയ്ക്കിടെ ഇറങ്ങിവരുന്ന കീഴേപ്പാട്ടില്ലത്തിന്‍റെ മുറ്റത്തേക്ക് ഏറെ നടക്കാവുന്ന ദൂരമേയുള്ളൂ. വയലിനക്കരെ കവുങ്ങും കാപ്പിയും നിറഞ്ഞുനില്‍ക്കുന്ന ഒരു ജൈവകര്‍ഷകന്‍റെ വീട്ടിലേക്കാണ് ഈ ദൂരം താണ്ടിയെത്തുന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


കീഴേപ്പാട്ടില്ലം സുകുമാരനുണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധിക്കാലമാഘോഷിക്കാന്‍, മുത്തശ്ശിക്കൊപ്പം കൃഷി കണ്ടുനടക്കാനെത്തിയ ഇടമാണിത്. നാളുകള്‍ക്കിപ്പുറം കുടുംബസ്വത്തായി കിട്ടിയ ആ മണ്ണില്‍ പ്രകൃതിയെ അറിഞ്ഞു ജീവിക്കുകയാണ് അദ്ദേഹം.

സുകുമാരനുണ്ണി

പച്ചമണ്ണിലൂടെ നടക്കണമെന്ന് തോന്നുന്നവര്‍ക്ക്, കാട്ടാറിന്‍റെ തണുപ്പിലൂളയിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്… രാജവെമ്പാലയും മൂര്‍ഖനുമൊക്കെ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വൈരമായി ജീവിക്കുന്ന ബ്രഹ്മഗിരി മലനിരകള്‍ കാണണമെങ്കില്‍… സുകുമാരനുണ്ണിയുടെ ഇല്ലത്തേക്ക് വരാം.

ഇദ്ദേഹത്തിന്‍റെ  പറമ്പില്‍ നിന്ന് വിളവെടുത്ത പച്ചക്കറികള്‍ കറി വെച്ചും പാടത്തെ നെല്ലുകുത്തിയ അരിയുടെ ചോറുണ്ടാക്കിയും വാഴപ്പഴവും പേരയ്ക്കയുമൊക്കെ ആവോളം കഴിച്ചും പ്രകൃതിയുടെ ആനന്ദമറിഞ്ഞ്  സംതൃപ്തിയോടെ മടങ്ങാം.

63-കാരനായ സുകുമാരനുണ്ണിയും ഭാര്യയും പശുവും പൂച്ചയും പിന്നെ രാത്രിനേരങ്ങളില്‍ അടുക്കളപ്പുറത്തേക്കെത്തുന്ന കാട്ടുപന്നിയും കടുവയും പുലിയും മാത്രമേ ഈ വീട്ടിലുള്ളൂ. മലയിലേക്ക് മേയാന്‍ വിട്ടിരിക്കുന്ന പശുവിനെ കാത്തിരിക്കുന്ന ഇടനേരത്ത് സുകുമാരനുണ്ണി ജീവിതത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“തിരുനെല്ലി എന്‍റെ കുട്ടിക്കാലം തൊട്ടേ കാണുന്ന സ്ഥലമാണ്. മുത്തശ്ശി ഇട്ടിച്ചിരി മനയമ്മയുടെ സ്നേഹത്തണലില്‍ കുറേക്കാലം ഇവിടെ ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ഞങ്ങള് കുട്ട്യോള്‍ക്ക് വേനലവധിക്കാലത്തെക്കാള്‍ ഇഷ്ടം ചെറിയ വെക്കേഷനുകളോടാണ്.

“വെറൊന്നും കൊണ്ടല്ല. ആ ദിവസങ്ങളിലാണ് പാലക്കാട്ടെ വീട്ടില്‍ നിന്നും ബ്രഹ്മഗിരി മലയുടെ അടിവാരത്തിലുള്ള മുത്തശ്ശിയുടെ ഈ വീട്ടിലേക്ക് വരുന്നത്. അതിനെക്കാള്‍ സന്തോഷം വേറൊന്നുമില്ല… ആറ്റില്‍ കുളിച്ചും പാടത്തും പറമ്പിലൂടെയും ഓടിനടന്നും എന്താ രസം!…”


വീട് പാലക്കാട് ചിറ്റൂരില്‍ മീനാക്ഷിപുരത്തായിരുന്നു.. പ്ലാച്ചിമടയില്ലേ.. എന്‍റെ വീട്ടില്‍ പോകാന്‍ പ്ലാച്ചിമട ബസ് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. പഠിച്ചതൊക്കെ അവിടെയാണ്.


1921-ലാണ് സുകുമാരനുണ്ണിയുടെ മുത്തശ്ശി തിരുനെല്ലിയിലെ ഈ സ്ഥലം വാങ്ങുന്നത്. മുത്തശ്ശനൊക്കെ കര്‍ഷകരായിരുന്നു. ഇവിടെയും കൃഷി തന്നെയായിരുന്നു.

ഭാര്യ സരസ്വതിയോടൊപ്പം വീട്ടുമുറ്റത്ത്

“അമ്മ എന്നെ പ്രസവിച്ചെന്നേയുള്ളൂ. വളര്‍ത്തിയതൊക്കെ മുത്തശ്ശിയായിരുന്നു,” അദ്ദേഹം തുടരുന്നു. “അതുകൊണ്ടാകും മുത്തശ്ശിയോട് അടുപ്പം കൂടുതലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 1982-ലാണ് ഇവിടത്തെ സ്ഥിരതാമസക്കാരനാകുന്നത്. കുടുംബസ്വത്തായിട്ട് ഈ മണ്ണ് എനിക്കാണ് കിട്ടിയത്.

“കൗമാരത്തില്‍ ഞാനെന്‍റെ അമ്മാവന്‍റെ കൂടെ കൃഷിപ്പണി ചെയ്യുമായിരുന്നു. പാലക്കാട്ടെ വീട്ടില്‍ നിന്നു ഇവിടെ വന്നു കൃഷിപ്പണിക്കൊക്കെ കൂടും. പണിക്കാരുണ്ടെങ്കിലും എല്ലാം പണിയും ചെയ്യും.

“കന്നുപൂട്ടാനും നനയ്ക്കാനും വിത്തെറിയാനും മെതിക്കാനും തൈ നടാനുമെല്ലാം. കടല പറിക്കുന്നതെങ്ങനെ.. കൊയ്യുന്നതെങ്ങനെ ഇതൊക്കെ പറമ്പിലെ പണിക്കാരാണ് പഠിപ്പിച്ചു തന്നത്.”

സുകുമാരനുണ്ണിയുടെ പാടത്തുനിന്നും

മണ്ണിന്‍റെ മണം വല്ലാത്തൊരു മണമാണ്. ചെറുപ്പത്തിലേ തന്നെ ആ മണം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. മുത്തശ്ശിയുടെ പറമ്പില്‍ പച്ചക്കറിയും നെല്ലും പശുവും ഒക്കെയുണ്ടായിരുന്നു. മുത്തശ്ശിയുടെ കൂടെ നടന്നാണ് കൃഷി കാണുന്നതും അറിയുന്നതുമൊക്കെ, സുകുമാരനുണ്ണി പറയുന്നു.

“കുറേ പശുക്കളുണ്ടായിരുന്നു. പശുക്കളെ കാട്ടിലേക്ക് വിടും.. അവയുടെ പ്രസവം വരെ കാട്ടിലാകും.. കിടാവാകുമ്പോള്‍ പോയി മുത്തശ്ശി എടുത്തു വീട്ടിലേക്ക് കൊണ്ടുവരും. മുത്തശ്ശി വിളിച്ചാല്‍ പശുക്കള്‍ അടുത്ത് വരും.. മുത്തശ്ശിയുടെ കൈയില്‍ നിന്നു സാധനങ്ങളൊക്കെ വാങ്ങി തിന്നു പോകും,” അദ്ദേഹം ഓര്‍ക്കുന്നു.

“മുത്തശ്ശിക്ക് വൈദ്യവും വശമുണ്ടായിരുന്നു. ആദിവാസികള്‍ക്കിടയില്‍ ചികിത്സയും ചെയ്തിരുന്നു മുത്തശ്ശി. അവരില്‍ നിന്നാകും എനിക്കും കൃഷിയോടും വൈദ്യത്തോടുമൊക്കെ താത്പ്പര്യം തോന്നിയത്. മുത്തശ്ശി വിളിച്ചാല്‍ കിടാവൊക്കെ അടുത്തേക്ക് വരും.


ഇതുകൂടി വായിക്കാം: ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്


“ദാ.. ഇപ്പോ എന്‍റെ പശുക്കളും അങ്ങനെയാണ്. വീടിന്‍റെ അകത്തേക്ക് കയറി വരും.. സരസ്വതി(ഭാര്യ)യോട് പറയും.. ദാ വന്നിരിക്കൂന്നു.. വല്ലതും തിന്നാന്‍ കൊടുക്കുവെന്ന്. ഇങ്ങനെയാണ് ഇവിടെ. ആരെയും അകറ്റിനിറുത്താറില്ല.”

കുറേ പശുക്കളുണ്ടായിരുന്നു സുകുമാരനുണ്ണിക്ക്. പക്ഷേ,  ഇപ്പോ അഞ്ചെണ്ണമെയുള്ളൂ. “ബ്രാഹ്മിണി എന്ന പശുവിന്‍റെ കിടാക്കളാണിതൊക്കെയും. പശുക്കളെയൊക്കെ കാട്ടുമൃഗങ്ങള് പിടിച്ചോണ്ട് പോയതാണ്,” അദ്ദേഹം സങ്കടപ്പെടുന്നു.

“പശുവിനെ മാത്രമല്ല ഇവിടുത്തെ പട്ടികളെ.. കോഴികളെ…താറാവുകളെ.. എല്ലാം. രാത്രിയാകുമ്പോള്‍ കാട്ടില്‍ നിന്ന് കടുവയും പുലിയും  ഇറങ്ങും. എല്ലാത്തിനെയും കൊണ്ടുപോയി.. ദാ ഇനീപ്പോ അഞ്ചു പശുക്കളേയുളളൂ.

സുകുമാരനുണ്ണിയുടെ വാഴത്തോട്ടം

“മൂന്നാലഞ്ച് ദിവസം മുന്‍പാണ് വീട്ടിലെ അവസാനത്തെ പട്ടിയെയും കടുവ കൊണ്ടുപോയത്,” സുകുമാരനുണ്ണി പട്ടിയെ നഷ്ടമായതിനെക്കുറിച്ച് പറയുന്നു.


വീടിനു ചുറ്റും വനമാണ്. ഒട്ടുമിക്ക മൃഗങ്ങളെല്ലാം ഈ മുറ്റത്തു കൂടെ പോകും. നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാടന്‍ പട്ടിയെ പുലി കൊണ്ടു പോയത്.


“18 പട്ടികളുണ്ടായിരുന്നു. എല്ലാത്തിനെയും ഇങ്ങനെ നഷ്ടമായി. പട്ടികളെയൊന്നും കെട്ടിയിട്ട് വളര്‍ത്താറില്ല. പറമ്പിലൂടെയൊക്കെ പട്ടികളിങ്ങനെ ഓടിനടക്കും. ഈ പട്ടിക്കുട്ടിയെ പുലി കൊണ്ടുപോകുന്ന ദിവസം അടുക്കളപ്പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.”

“ഒറ്റയ്ക്കായതോടെ രാത്രി കുരയും ബഹളവുമൊക്കെയായിരുന്നു.. കുറേ ദിവസമായി രാത്രി ഇങ്ങനെ ഈ ശബ്ദമൊക്കെ കാരണം ഉറങ്ങാന്‍ പറ്റിയിട്ടില്ലെന്നു പറഞ്ഞു ഭാര്യ അടുക്കള ഭാഗത്താണ് അവനെ കെട്ടിയിട്ടത്. അന്നു തന്നെ അവനെ പുലി കൊണ്ടുപോകുകയും ചെയ്തു. കുറച്ചുകാലം മുന്‍പ് എന്‍റെ മൂന്നു കിടാവുകളെ കടുവ കൊണ്ടുപോയിട്ടുണ്ട്.

“”കാട്ടുപന്നിയുടെ ശല്യവും കൂടുതലാണിവിടെ.. രണ്ട് ദിവസം മുന്‍പ് ഒരു കാട്ടുപന്നിയുടെ മുന്നില്‍പ്പെട്ടു. രാത്രിയെങ്ങാനും ഇതിന്‍റെയൊക്കെ ശബ്ദം കേട്ടാല്‍ എനിക്ക് സമാധാനത്തോടെ അകത്തിരിക്കാനാകില്ല..


ഇതു കൂടി വായിക്കാം: പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും


“വാതിലു തുറന്നു നോക്കും. എന്‍റെ വിള നശിപ്പിക്കുന്നത് എന്താണെന്നു നോക്കാതിരിക്കാനാകില്ലല്ലോ. കല്യാണമൊക്കെ കഴിഞ്ഞതില്‍ പിന്നെയാണ് വീടിനകത്ത് കിടന്നുറങ്ങിയേക്കുന്നേ.. അതുവരെ പാടത്തും പറമ്പിലും വരമ്പിലുമൊക്കെയായിരുന്നു കിടന്നുറങ്ങിയിരുന്നത്,” കാട്ടിറമ്പിലെ കര്‍ഷകന്‍ ആ ജീവിതത്തിന്‍റെ സന്തോഷവും വിഷമങ്ങളുമൊക്കെ ഒന്നും വിട്ടുപോകാതെ പറയുന്നു.

മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് ആയിട്ടായിരുന്നു സുകുമാരനുണ്ണിയുടെ തുടക്കം. പിന്നീടാണ് കൃഷിക്കാരനായി ഈ കാട്ടിനടുത്തെത്തിയത്.  ഇതൊക്കെ അവസാനിപ്പിച്ച് എന്തിനാണ് കൃഷിയിലേക്ക് വന്നതെന്ന് ആള്‍ക്കാര്‍ ചോദിക്കും. അതിന് അദ്ദഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്: “അതാണ് മനസ്. കൃഷിയില്‍ നിന്നു കിട്ടുന്ന മനസമാധാനം. വേറെ ജോലിയില്‍ നിന്നു കിട്ടില്ല അത്രേയുള്ളൂ.”

മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് ആയി ജോലി ആരംഭിച്ചതിന്‍റെ മൂന്നാം മാസം സുകുമാരനുണ്ണി മൊത്തവിതരണം തുടങ്ങി. ആറാം മാസത്തില്‍ കമ്പനി ഉണ്ടാക്കാന്‍ തീരുമാനിച്ചു.

“പക്ഷേ അതൊക്കെ വേണ്ടെന്നു വച്ചു. 1982-ല്‍ തിരുനെല്ലിയിലേക്ക് പോന്നു. കമ്പനിയുണ്ടാക്കലൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നു തോന്നി. ജന്മം കൊണ്ട് കൃഷിക്കാരനാണ്.

“മാക്സിമം ഒരു പത്ത് വര്‍ഷം കൃഷിയല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടാകും. അപ്പോഴും എന്തെങ്കിലുമൊക്കെ കൃഷി ചെയ്യുമായിരുന്നു. ജീവിതമാര്‍ഗമായിട്ട് വേറെ ജോലികള്‍ ചെയ്തുവെന്നേയുള്ളൂ..

“രാവിലെ നാലു മണിക്ക് എഴുന്നേറ്റ് സൈക്കിളില്‍ വയലിലേക്ക് പോകും. അവിടെ പോയി കാര്യങ്ങളൊക്കെ നോക്കും.. ഏഴു മണിക്ക് വീട്ടില്‍ വന്നു, ഷര്‍ട്ടും പാന്‍റുമിട്ട് മെഡിക്കല്‍ റെപ്പിന്‍റെ ബാഗുമായി ഇറങ്ങും. അന്നത്തെ പതിവ് അതായിരുന്നു.”

അന്നൊക്കെ സുകുമാരനുണ്ണി പാലക്കാടായിരുന്നു. 1989-ലാണ് വിവാഹം. കല്യാണം കഴിക്കുമ്പോള്‍ പക്കാ കൃഷിക്കാരന്‍. ഭാര്യ സരസ്വതിയുടെ വീട് കാഞ്ഞങ്ങാടാണ്. അവര്‍ക്കും കൃഷിയോടൊക്കെ താല്‍പര്യമുണ്ട്.

ഫാം സ്റ്റേ കാണാനെത്തിയ വിദേശികള്‍

“വൈദ്യ കുടുംബമാണ് ഞങ്ങളുടേത്. എനിക്ക് വൈദ്യം അറിയില്ല, പക്ഷേ ആര്‍ക്കെങ്കിലും എന്തെങ്കിലും ചികിത്സ പറഞ്ഞു കൊടുത്താല്‍ ഏല്‍ക്കാറുണ്ട്. ജന്മനായുള്ളതല്ലേ.. അങ്ങനെ പോകില്ലല്ലോ..

“സ്വന്തം ചികിത്സയാണ് എനിക്കും  ചെയ്യുന്നത്. മാനന്തവാടിയിലെ നല്ല ഡോക്റ്ററെ ചോദിച്ചാല്‍ എനിക്കറിയില്ല.. കാരണം ഞാന്‍ പോകാറില്ല.”കാര്യമായ അസുഖവും ഇല്ലെന്നു സുകുമാരനുണ്ണി.

നാലര ഏക്കറിലാണ് സുകുമാരനുണ്ണിയുടെ കൃഷി. നെല്ലും കവുങ്ങും വാഴയും പച്ചക്കറിയുമൊക്കെയുണ്ട് . “പ്രകൃതിയെ അറിഞ്ഞാണ് ജീവിക്കുന്നത്. ജൈവകര്‍ഷകനാണെന്നു ഞാന്‍ പറയില്ല. അങ്ങനെ ആരോടും പറയാന്‍ പോയിട്ടില്ല,” എന്ന്  സുകുമാരനുണ്ണി.

“നമ്മുടെ കൃഷിസമ്പ്രദായം കണ്ടുവന്ന കൃഷി ഓഫിസര്‍മാരും മറ്റുള്ളവരുമാണ് ജൈവകൃഷിയെന്നു പറഞ്ഞത്. മണ്ണില്‍ വളപ്രയോഗത്തിന്‍റെയോ കീടനാശിനികളുടെയോ ആവശ്യമില്ല. മണ്ണിലിതൊക്കെയും ഉണ്ട്. നൈട്രജന്‍ ഇല്ലാത്ത ഇടത്തു കൊടുത്താല്‍ മതിയല്ലോ,” ഇതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.


വേപ്പില കഷായം, വെളുത്തുള്ളി കഷായം, പുകയില കഷായം ഇതൊക്കെ ഉപയോഗിക്കുന്നതിനോട് താത്പ്പര്യമില്ല


“ഇതുപയോഗിക്കുന്നതിലൂടെ മിശ്ര കീടങ്ങള്‍ മണ്ണില്‍ നിന്നു പോകും. മിശ്രകീടങ്ങള്‍ മണ്ണിന് വേണ്ടതാണ്.. ഇതൊക്കെ അകന്നു പോകും. പിന്നെ തിരികെ വന്നുവെന്നു വരില്ല.

“നേരെ മറിച്ച് ശത്രുകീടങ്ങള്‍ ഈ തളിക്കുന്ന കഷായത്തിന്‍റെ മണം മാറി കഴിയുമ്പോള്‍ വീണ്ടും വന്ന് തൈകള്‍ നശിപ്പിക്കും. കീടങ്ങളും കളകളും പോകും. പിന്നെ ഈ മണം പോയാല്‍ ചെടിയെ നശിപ്പിക്കുന്ന കീടങ്ങള്‍ തിരിച്ചുവരും.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നു

“കഴിഞ്ഞ രണ്ടുവര്‍ഷമായി പുകയില കഷായം ഉപയോഗിക്കുന്നില്ല. ജൈവകീടനാശിനിഎന്ന പദം പോലും ഒഴിവാക്കി. എങ്കിലും വലിയ നഷ്ടമില്ലാത്ത കൃഷിയും ചെയ്യാന്‍ സാധിക്കുന്നുണ്ട്. പച്ചക്കറിയായാലും എല്ലാം ധാരാളമായി ചെയ്യാന്‍ പറ്റുന്നുണ്ട്,”  സുകുമാരനുണ്ണി പറഞ്ഞു.

പല തരം നെല്ലും അദ്ദേഹം വളര്‍ത്തുന്നുണ്ട്. നവര, രക്തശാലി, ഗന്ധകശാല ചേറ്റുവിളിയന്‍, പാല്‍ത്തൊണ്ടി ഇതൊക്കെ പാടത്തുണ്ട്. നാടന്‍ ഇഞ്ചിയും വയനാടന്‍ മഞ്ഞളും കൃഷി ചെയ്യുന്നു. കാപ്പി, കുരുമുളക്, പിന്നെ ഒട്ടുമിക്ക പച്ചക്കറികളും വെളുത്തുള്ളിയും ബ്രോക്കോളിയും ഇവിടുണ്ട്. രണ്ട് മഴമറയുണ്ട്. മഴമറയില്‍ പച്ചക്കറിയാണ് കൃഷി.

കുറേ വര്‍ഷം പഴക്കമുള്ള കാപ്പി നശിക്കുമ്പോ പകരം നടുന്നത് മലയില്‍ മുളച്ച കാപ്പി തൈകളാണ്. പഴുത്ത കാപ്പിക്കുരു തിന്നാന്‍ വേണ്ടി വെരുകും കാട്ടില്‍ നിന്നു പക്ഷികളും തോട്ടത്തിലേക്ക് വരും.

ഇവ കാഷ്ഠിക്കുമ്പോള്‍ വീഴുന്ന കുരുവാണ് കാട്ടില്‍ കിടന്നു മുളക്കുന്നത്. ഈ തൈയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. ചാണകവും ഗോമൂത്രവുമൊക്കെയാണ് കൃഷിയ്ക്ക് വളമായിട്ട് നല്‍കുന്നത്, അദ്ദേഹം വിശദീകരിക്കുന്നു.

“വാഴയും കുറേ നട്ടിട്ടുണ്ട്. വാഴ കുലച്ചാല്‍ ഉടന്‍ വെട്ടില്ല. വാഴപ്പഴമുണ്ടായി പഴുത്ത് കിളി കൊത്തും വരെ കുല വെട്ടില്ല. കിളികള്‍ക്കും അണ്ണാനും കൂടി അവകാശപ്പെട്ടതാണിത്,”  ആ കര്‍ഷകന്‍ പറഞ്ഞു.

“അവര് കൊത്തി കുറച്ചൊക്കെ തിന്നു തുടങ്ങിയ ശേഷമേ വാഴക്കുല വെട്ടി വീടിനകത്തു കയറ്റൂ. നമ്മള്‍ നട്ടു വളര്‍ത്തുന്നത് പ്രകൃതിയിലെ ജീവികള്‍ക്കും കൂടി അവകാശപ്പെട്ടതാണ്, അത്രയേയുള്ളു”വെന്നു സുകുമാരനുണ്ണി.

ഇവിടെയൊരു ജൈവകര്‍ഷക കൂട്ടായ്മയുണ്ട്. ഒരാളുടെ കൃഷിത്തോട്ടത്തില്‍ ഇല്ലാത്തതു മറ്റൊരു കര്‍ഷകന്‍റെ പറമ്പില്‍ നിന്നും കിട്ടും.. ഈ കൂട്ടായ്മയിലൂടെ. ഇല്ലത്തുവില്ല ഓര്‍ഗാനിക് പ്രൊഡക്റ്റ്സ് എന്ന പേരില്‍ കൃഷിപ്പറമ്പിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

നമ്മുടെ തോട്ടത്തില്‍ ഇല്ലാത്തവ ഈ കൂട്ടായ്മയില്‍ നിന്നാണ് വാങ്ങുന്നത്. തരുന്നവരുടെ മേല്‍വിലാസത്തിലാണ് അതൊക്കെ വില്‍ക്കുന്നതെന്നും സുകുമാരനുണ്ണി പറയുന്നു.

സുകുമാരനുണ്ണിയുടെ വീട്

” വീട്ടില്‍ നിന്നു ടൗണിലേക്ക് പോകുന്നതിന് മൂന്നു വണ്ടികളുണ്ട്. രണ്ട് ബൈക്കും ഒരു ഓമ്നി വാനും. ഓമ്നി എടുത്താണിപ്പോള്‍ കൂടുതലും പോകുന്നത്. അത്യാവശ്യങ്ങള്‍ക്കുമാത്രമേ ടൗണില്‍ പോകൂ. പോകുമ്പോള്‍ കൂടെ ഭാര്യയും ഉണ്ടാകും.

“ഇവിടെ ഇല്ലാത്ത സാധനങ്ങള്‍ വാങ്ങാനാണ് പോകുന്നത്. നാളികേരം കുറവാണ്. വെളിച്ചെണ്ണ പുറത്ത് നിന്നാണ് വാങ്ങുന്നത്. മഞ്ഞളൊക്കെ പൊടിപ്പിക്കാനൊക്കെ പോകും.”

“പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ പിടിച്ചെന്നു കരുതി കാട്ടുമൃഗങ്ങളെ കൊല്ലാനൊന്നും ആരോടും പറയില്ല. എല്ലാവരും ഭൂമിയുടെ അവകാശികളാണ്,”  കോഴികളേയും താറാവുകളെയും പട്ടിയെയുമെല്ലാം പുലി പിടിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

“ഈ വീടിനകത്ത് മാറാല കെട്ടിയാല്‍ അത് അടിച്ചുവാരി കളയില്ല. കുറേ വല കെട്ടിയ ശേഷം താനെ പൊട്ടിതാഴെ വീഴും അന്നേരം അടിച്ചു വൃത്തിയാക്കും. അത്രേയുള്ളൂ.”

കൃഷി കാണാനും വനഭംഗി ആസ്വദിക്കാനുമൊക്കെ ഒരുപാട് പേര്‍ സുകുമാരനുണ്ണിയുടെ വീട്ടിലെത്തും. ചിലര്‍ അവിടെ താമസിക്കും. അങ്ങനെ വരുന്നവര്‍ക്കുവേണ്ടി വീടിനോട് ചേര്‍ന്നൊരു കോട്ടേജുണ്ട്. ഓര്‍ഗാനിക് ഫാം വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ കോട്ടേജ് ഒരുക്കിയിരിക്കുന്നത്. ഇല്ലത്തു വില്ലാസ് ഫാം സ്റ്റേ എന്നാണ് പേര്.

ഇവിടെ താമസിക്കാനെത്തുന്നവര്‍ നല്‍കുന്ന വാടക, വരുന്നവര്‍ പലരും ഇവിടെ നിന്നു വിളകള്‍ വാങ്ങും. ഇതൊക്കെയാണ് വരുമാനം. വരുന്നവര്‍ക്ക് കൃഷിയിടത്തില്‍ ടെന്‍റ് കെട്ടി താമസിക്കാം. അതിനും ചെറിയ തുക വാങ്ങും. കൃഷിയിടത്തിന്‍റെ നടുക്കാണ് സുകുമാരനുണ്ണിയും കുടുംബവും താമസിക്കുന്നത്. കോട്ടേജ് അതിനൊപ്പം തന്നെയാണ്.


ഇതുകൂടി വായിക്കാം: വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍


“പിന്നെ എനിക്കൊരു ജോലിയുണ്ട്. തിരുനെല്ലി ക്ഷേത്രത്തില്‍. ബലി തര്‍പ്പണത്തിന് വരുന്നവര്‍ക്ക് വേണ്ടി ക്ഷേത്ര ആചാരങ്ങളും എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള വിവരണം കൊടുക്കുന്ന ജോലിയാണ്. രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ വന്നപ്പോള്‍ ഞാനാണ് ചെയ്തത്.

“നാലു മണിക്ക് എഴുന്നേല്‍ക്കും. അഞ്ചരയ്ക്ക് ക്ഷേത്രത്തിലെത്തും. ഉച്ചയോടെ തിരിച്ച് വീട്ടിലെത്തും. പിന്നെ പറമ്പില്‍ തന്നെയാണ്. ഒരു മകനുണ്ട്. യദു ദാമോദരന്‍. നോയിഡയില്‍ മാര്‍ക്കറ്റിങ് മാനെജറാണ്. സി എയ്ക്ക് പഠിക്കുന്നുമുണ്ട്. ഇതിനിടയില്‍ ജോലി കിട്ടിയപ്പോള്‍ പോയെന്നു മാത്രം. ഡല്‍ഹിയിലൊക്കെ പഠിക്കാന്‍ കുറേ സൗകര്യമുണ്ടല്ലോ,” അദ്ദേഹം പറഞ്ഞു.

സുകുമാരനുണ്ണി പശുകിടാക്കള്‍ക്കൊപ്പം

കൃഷിയോട് മകനും താത്പ്പര്യമുണ്ട് എന്ന് സുകുമാരനുണ്ണി. “ഈ ജോലി ഒരു താത്ക്കാലിക ബ്രേക്ക് ആണെന്നു പറയാം. സി എ അവന്‍റെ ആഗ്രഹമാണ്. കൃഷിയില്‍ വന്നാല്‍ സിഎ പഠനം നടക്കാതെ വന്നേക്കും. പിന്നെ കുറച്ചു കടബാധ്യതകളുമുണ്ട്.”

“ജൈവകൃഷിക്ക് വലിയ ഉത്പാദനം ഉണ്ടാകില്ല.. വരുമാനവും കുറവാ. അവനും (മകന്‍) കൃഷിയിലേക്ക് തന്നെ വരുമെന്നാണ് കരുതുന്നത്. വര്‍ത്തമാനങ്ങളൊക്കെ അവസാനിപ്പിച്ച് ‘കാട്ടിലേക്ക് മേയാന്‍ പോയ പശുക്കളെ നോക്കട്ടെ’യെന്നു പറഞ്ഞ് അദ്ദേഹം വീണ്ടും കൃഷിക്കാര്യങ്ങളിലേക്ക്…

***
ഫോട്ടോകള്‍ക്ക് കടപ്പാട്: സുകുമാരനുണ്ണി
സുകുമാരനുണ്ണിയെ ബന്ധപ്പെടാം: 081130 16418

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം