“പ തിവ് പോലെ ക്ലിനിക്കിലേക്കുള്ള യാത്രയിലാണ്… കുറച്ചുദൂരമുണ്ട്. അവിചാരിതമായി അന്നൊരു കാഴ്ച കണ്ടു. ഹൊ… 14വര്‍ഷങ്ങള്‍ക്കിപ്പുറവും അതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് മനംപുരട്ടും. അന്നും അങ്ങനെയായിരുന്നു,” ഡോക്റ്റര്‍ ജോജോ ഓര്‍ക്കുന്നു.
“ആ ദിവസത്തിന് ശേഷം നേരെ ചൊവ്വേ ഭക്ഷണം കഴിക്കാന്‍ പറ്റിയിട്ടില്ല,” ജീവിതത്തില്‍ വലിയൊരു മാറ്റംവരുത്തിയ ആ ദിവസം അദ്ദേഹത്തിന് മറക്കാന്‍ കഴിയില്ല. “വിശന്നിരുന്ന് എന്തെങ്കിലും കഴിക്കാമെന്നു കരുതിയെടുത്താല്‍ ഛര്‍ദിക്കാന്‍ തോന്നും. ആ വിമ്മിഷ്ടം സഹിക്കാതെ നിവൃത്തിയില്ലായിരുന്നു.
“ഏതാണ്ട് ആറുമാസക്കാലം മനസില്‍ ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു. ഒടുവില്‍ ഒരു കാര്യം തീരുമാനിച്ചു. അതോടെ അതൊക്കെ മറക്കാനായി തുടങ്ങി,” ജോജോ ഡോക്റ്റര്‍ പലതും ഓര്‍ക്കുകയാണ്.
പഴയതൊന്നും മറന്നിട്ടില്ല ഡോക്റ്റര്‍. എത്രയൊക്കെ തിരക്കുണ്ടെങ്കിലും ഇന്നും ഈ പൊതിച്ചോറുമായി തൃശൂര്‍ ടൗണിലേക്ക് പോകുന്നതും ഓര്‍മകള്‍ കൂടെയുള്ളത് കൊണ്ടാണ്. ഈ പതിവ് അവസാനിപ്പിക്കാനും അദ്ദേഹത്തിനാകില്ല. ആരോരുമില്ലാതെ വഴിയോരങ്ങളില്‍ കഴിയുന്നവരുടെ വിശപ്പകറ്റുകയാണ് ഡോ.ജോജോ ജോസഫ്. ആ ജീവിതകഥ ഡോക്റ്റര്‍ തന്നെ പറയുന്നു.
“20 വര്‍ഷം മുന്‍പാണ് എറണാകുളത്ത് നിന്ന് തൃശൂരിലേക്കെത്തുന്നത്.” തൃശൂരിലേക്ക് വന്നകാലം തൊട്ടുള്ള കാര്യങ്ങള്‍ പറയണമെന്നു പറഞ്ഞു ഡോക്റ്റര്‍ തുടരുന്നു. ” എറണാകുളത്ത് വൈപ്പിനാണ് സ്വന്തം നാട്. പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നു ഹോമിയോപ്പതിയൊക്കെ കഴിഞ്ഞ് നേരെ തൃശൂര്‍ക്കാണ് വരുന്നത്.
ചെറിയൊരു റിസര്‍ച്ചിന്‍റെ ഭാഗമായിട്ടാണ് വരുന്നത്. ഇതിനൊപ്പം ആശുപത്രിയിലും വര്‍ക് ചെയ്യുന്നുണ്ട്. പീച്ചി ഡാമിനടുത്താണ് ക്ലിനിക്ക്. അതിനു സമീപത്ത് ലൂര്‍ദ് പുരം സോഷ്യല്‍ സെന്‍റിലാണ് താമസം.
പിന്നീട് കുറച്ചുകാലത്തിനു ശേഷം തൃശ്ശൂര്‍ എം ജി റോഡിലെ ക്ലിനിക്കിലേക്ക് മാറി. മാതാ ഹോളിസ്റ്റിക് എന്നാണ് ക്ലിനിക്കിന്‍റെ പേര്. കുറച്ചു സിസ്റ്റര്‍മാരൊക്കെ കൂടി നടത്തുന്ന സ്ഥലമാണ് ലൂര്‍ദ്‍പുരം സോഷ്യല്‍ സെന്‍റര്‍. താമസവും ഭക്ഷണവുമൊക്കെയുണ്ട്.
ക്ലിനിക്കിലേക്ക് വരുന്ന വഴിക്ക്, വഴിയരുകിലെ മാലിന്യകൂമ്പാരത്തില്‍ നിന്നെന്തൊക്കെയോ എടുത്തൊരാള്‍ കഴിക്കുന്നു.
നേരത്തെ ഞാന്‍ പറഞ്ഞില്ലേ.. ആ കാഴ്ച ഇന്നും എന്നെ വേദനിപ്പിക്കുന്നതാണ്. എന്നെ മാത്രമാകില്ല.. മനുഷ്യന്‍മാര്‍ക്ക് ആര്‍ക്കും അതൊന്നും കണ്ടുനില്‍ക്കാനാകില്ലല്ലോ.
” പ്രായമായ ഒരാളാണ് തെരുവിലെ വേസ്റ്റ് ബിന്നില്‍ നിന്നു ഭക്ഷണം കഴിക്കുന്നത്. അതും രാവിലെ. ഇത്ര രാവിലെ വിശക്കുന്നുണ്ടെങ്കില്‍ അയാള് രാത്രിയൊന്നും കഴിച്ചിട്ടുണ്ടാകില്ലല്ലോ. രാവിലെയായതു കൊണ്ടു അതിലുള്ളതു തലേന്നത്തെ വേസ്റ്റുമായിരിക്കും.
നമ്മളൊക്കെ ഈ നഗരത്തില്‍ ജീവിച്ചിട്ട്… ഒരാള്‍ക്ക് ഇങ്ങനെ വിശപ്പടക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്തായിരുന്നു ഏറെ സങ്കടം. ആ കാഴ്ച വല്ലാതെ മനസില്‍ കൊണ്ടു. അഞ്ചാറുമാസം കഴിഞ്ഞിട്ടും അതെന്‍റെ മനസില്‍ നിന്നു പോയില്ല. ഭക്ഷണം കഴിക്കാനിരിക്കുമ്പോ എനിക്കിത് ഓര്‍മ്മ വരും. പിന്നെ ഒന്നും കഴിക്കാന്‍ പറ്റില്ല.
ഇതുകൂടി വായിക്കാം: ‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍
ഇത്രയും ദിവസമായിട്ട് ഒന്നും ചെയ്യാനും പറ്റിയില്ലല്ലോ എന്ന സങ്കടവും.
വെറുതേ ഇരുന്ന് ആലോചിച്ചിട്ട് കാര്യമില്ല. അങ്ങനെ ഒരു ദിവസം ഹോട്ടലില്‍ നിന്നു ആറോ ഏഴോ പൊതിച്ചോറു വാങ്ങി. ഓട്ടോയും വിളിച്ച് ടൗണില്‍ കറങ്ങി. തെരുവില്‍ കുറേപ്പേരിങ്ങനെ അലയുന്നുണ്ട്.
പക്ഷേ എല്ലാവര്‍ക്കുമൊന്നും വെറുതേ ഭക്ഷണം കൊണ്ടുപോയി അരികില്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെയാണ് അര്‍ഹതപ്പെട്ടവരെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങുന്നത്. രണ്ട് മണിക്കൂറ്‍ കറങ്ങിയ ശേഷമാണ് ഈ പൊതിച്ചോറുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.
14 വര്‍ഷം മുന്‍പത്തെ കാര്യമാണിത്. പക്ഷേ വര്‍ഷം കുറേ കഴിഞ്ഞുവെങ്കിലും ജോജോ ഡോക്റ്റര്‍ ആ പതിവുകളൊന്നും തെറ്റിച്ചില്ല. എന്നു മാത്രമല്ല ഇന്നും തുടരുന്നുമുണ്ട്. തൃശൂരില്‍ മാത്രമല്ല മറ്റു ജില്ലകളിലേക്കും ഡോക്റ്റര്‍ തന്നെ സ്നേഹം പകര്‍ന്നു.
“തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലായിടത്തും മീന്‍കറി ഊണ് വിതരണം ചെയ്തിരുന്നു. പക്ഷേ ഇന്നിപ്പോ എല്ലാ ജില്ലയിലുമില്ല. ഈ ക്ലിനിക്കില്‍ നിന്നു കിട്ടുന്ന വരുമാനത്തിലാണ് ഊണ് വിതരണം ചെയ്യുന്നത്.
“ക്ലിനിക്ക് അടച്ചിട്ടു എന്നും ദൂരേക്ക് പോകാനാകുമില്ല. സാമ്പത്തികവും വലിയ പ്രശ്നം തന്നെയായിരുന്നു,” ഡോ. ജോജോ മനസ്സുതുറന്നു.
ആലപ്പുഴയിലും തൃശൂരിലും എന്നും പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. മിക്ക ദിവസങ്ങളിലും മീന്‍കറി ഊണാണ് വിതരണം ചെയ്യുന്നത്. മീനില്ലെങ്കില്‍ ചിക്കനോ ബീഫ് കറിയോ ഉണ്ടാകും. വല്ലപ്പോഴുമൊക്കെ മട്ടന്‍ കറിയുമുണ്ടാകും. ചോറിനൊപ്പം ഒരു തോരനും കൊണ്ടാട്ടംമുളകുമൊക്കെയുണ്ടാകും. നോണ്‍വെജ് ഊണ് മാത്രമേ നല്‍കാറുള്ളൂ.
ഹോട്ടലില്‍ നിന്നു കുറച്ചു പൊതിച്ചോറുകള്‍ വാങ്ങിയാണ് വിതരണം ചെയ്തിരുന്നത്. ഓട്ടോറിക്ഷയില്‍ ഉച്ചനേരത്ത് നഗരത്തിലൂടെ കറങ്ങും. വിശന്നിരിക്കുന്നവര്‍ക്ക് അത് നല്‍കും. അതു പിന്നെ ശീലമായി മാറി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ നിന്നു വാങ്ങുന്നത് അവസാനിപ്പിച്ചു.
താമസിക്കുന്ന ലൂര്‍ദ്‍പുരം സോഷ്യല്‍ സെന്‍ററിലെ താമസക്കാര്‍ ഭക്ഷണം ഉണ്ടാക്കി തരും. ഹോസ്റ്റല്‍ അല്ല ഒരു സോഷ്യല്‍ സെന്‍ററാണിത്. അവിടെയുള്ള കുക്കിനെ കൊണ്ടുതന്നെയാണ് വിതരണം ചെയ്യാനുള്ള ഭക്ഷണമുണ്ടാക്കിക്കുന്നത്. അതിനു ചെലവാകുന്ന തുക ഞാന്‍ കൊടുക്കും.
കൊടുക്കുമ്പോള്‍ നല്ല ഭക്ഷണം തന്നെ കൊടുക്കണമെന്ന് ഡോ. ജോജോയ്ക്ക് നിര്‍ബന്ധമുണ്ട്. ദൂരെ നിന്നൊക്കെ വരുന്ന ഐസും രാസവസ്തുക്കളുമിട്ട മീനൊന്നുമല്ല.. നല്ല പെടക്കണ മീന്‍ തന്നെയാണ് ഇവര്‍ക്ക് വേണ്ടി വാങ്ങുന്നത്.
ഹാര്‍ബറില്‍ നിന്നു ലേലം ചെയ്താണ് മീന്‍ വാങ്ങുന്നത്. രാവിലെ മുനമ്പത്തോ ചേറ്റുവ ഹാര്‍ബറിലോ പോകും. വില നോക്കാറില്ല. ഞാന്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവര്‍ക്കും നല്‍കുന്നത്.
ചേറ്റുവ ഹാര്‍ബറിലെ ഗോപിയും മീനുമായി കാത്തുനില്‍ക്കും. ഗോപി.. മീന്‍പിടുത്തക്കരാനാണ്. ഗോപിയുടെ വള്ളം നഷ്ടമായപ്പോള്‍ ഞാനൊരു ചെറുവള്ളം വാങ്ങി കൊടുത്തിരുന്നു. അന്നൊരു കാര്യം മാത്രമേ ഗോപിയോട് ആവശ്യപ്പെട്ടുള്ളൂ.
മീന്‍ നല്‍കണമെന്ന കാര്യം. ഗോപി വാക്ക് തെറ്റിച്ചുമില്ല. ഇന്നും മീന്‍ തരുന്നുണ്ട്. കാശൊന്നും വാങ്ങാറില്ല. പക്ഷേ അതു തികയില്ലല്ലോ. അതുകൊണ്ടാണ് ലേലത്തില്‍ നിന്നു വിളിക്കുന്നത്.
ഡോ. ജോജോ രാവിലെ ക്ലിനിക്കിലേക്ക് വരുമ്പോള്‍ ഊണൊക്കെ പൊതിയാക്കി കൂടെ കൊണ്ടുവരും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്ലിനിക്ക്.
ഇതിനിടയില്‍ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോ പൊതികളുമായി ഇറങ്ങും. പതിവുകാരണല്ലോ.. അവരൊക്കെ കാത്തിരിപ്പുണ്ടാകും. ഊണു കൊടുത്ത് ഡോക്റ്റര്‍ രണ്ടുമണിയോടെ ക്ലിനിക്കിലെത്തും.
അദ്ദേഹത്തിന് സ്വന്തമായി മൂന്ന് ഓട്ടോറിക്ഷകളുണ്ട്. ‘ഒരു നേരം ഭക്ഷണം ഒരിറ്റു സ്നേഹം തെരുവിന്‍റെ മക്കള്‍ക്ക്’ എന്നൊക്കെയെഴുതിയ ആ ഓട്ടോയിലാണ് പൊതിച്ചോറുകളുമായി പോകുന്നത്.
നേരത്തെ തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ പൊതിച്ചോറുകള്‍ വിതരണം ചെയ്തിരുന്നു.
ഓരോ ജില്ലയിലും പോയി നഗരം ചുറ്റിക്കറങ്ങും. എത്രയാളുകള്‍ ഇങ്ങനെ ഭക്ഷണം കഴിക്കാതെയിരിക്കുന്നുണ്ടെന്നു നോക്കും. നടന്നു പോയി ഊണ് കഴിക്കാന്‍ പറ്റാതെയുള്ളവരെ കണ്ടെത്തും. അവര്‍ക്ക് ഭക്ഷണമെത്തിക്കും. ഇങ്ങനെയാണ് അദ്ദേഹം സംതൃപ്തനായിരുന്നത്.
“പക്ഷേ ഇപ്പോ എല്ലാ ജില്ലയിലും ഇല്ല. എല്ലാ ജില്ലകളിലേക്കും എത്താനാകുന്നില്ല. പിന്നെ സാമ്പത്തിക പ്രശ്നവുമുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇതുകൂടി വായിക്കാം: ‘അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്‍റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം
ഇത്രയും ജില്ലകളെന്നു പറയുമ്പോള്‍ കുറേപ്പേരുണ്ടാകുമല്ലോ. പിന്നെ നാലഞ്ച് ജില്ലകളിലാക്കി ചുരുക്കി. തൃശൂരും ആലപ്പുഴയിലമൊക്കെ ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും പൊതിച്ചോറു നല്‍കും.
ചില സുഹൃത്തുക്കള്‍ സഹായിക്കുന്നുണ്ട്. മാസത്തിലൊരിക്കല്‍ ഇവര്‍ ഭക്ഷണം സ്പോണ്‍സര്‍ ചെയ്യും. പിന്നെ പിറന്നാളൊക്കെ വരുമ്പോള്‍ ചിലര്‍ ഭക്ഷണത്തിനുള്ള കാശു നല്‍കും. പക്ഷേ അതൊന്നും അധികമില്ല. വലപ്പോഴും മാത്രമേ കിട്ടാറുള്ളൂ, അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയും ഞായറാഴ്ചയും ക്ലിനിക്കിന് അവധിയാണ്. ആ ദിവസങ്ങളില്‍ ഓരോ ജില്ലകളില്‍ മാറി മാറി പോകും. അന്നാട്ടിലെ ഹോട്ടലുകളില്‍ വിളിച്ച് നേരത്തെ പറയും.
വല്യ വിലയ്ക്ക് വാങ്ങാന്‍ പറ്റില്ല.. മിതമായ നിരക്കില്‍ ഭക്ഷണം വാങ്ങും. ആ സ്ഥലത്തെ ഓട്ടോക്കാരെയും നേരത്തെ കണ്ട് വെച്ചിട്ടുണ്ടാകും.. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ മനസുള്ളവരെയാണ് വിളിക്കുന്നതെന്നു ഡോക്റ്റര്‍ പറയുന്നു.
പറ്റുന്ന ദിവസങ്ങളില്‍ അവര്‍ക്കൊപ്പം പൊതിച്ചോറുമായി ഓട്ടോറിക്ഷയില്‍ ഞാനും പോകും. അല്ലാത്ത ദിവസങ്ങളില്‍ ഓട്ടോറിക്ഷക്കാരോട് മുന്‍ക്കൂട്ടി പറയും. അപ്പോ അവര് ചെന്ന് ആ ഹോട്ടലുകളില്‍ നിന്നു ഫൂഡ് എടുത്തു അവര് തന്നെ കൊടുത്തോളും. അവര്‍ക്ക് ചെറിയ പൈസയും കൊടുക്കും, ജോജോ വിശദീകരിക്കുന്നു.
“ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ഞാന്‍ പോകും.. അവര് കൃത്യമായി എല്ലാവര്‍ക്കും ഫൂഡ് നല്‍കുന്നുണ്ടോന്നൊക്കെ അറിയണമല്ലോ. പിന്നെ എന്നും ഇവരില്‍ നിന്നു ഭക്ഷണം വാങ്ങുന്നവരുടെ റെസ്പോണ്‍സ് കണ്ടാല്‍ നമുക്ക് മനസിലാകുമല്ലോ.
സണ്‍ഡേ ഹോട്ടലുകള്‍ മിക്കതും തുറക്കില്ലല്ലോ.. അതുകൊണ്ടാണ് ബുധനാഴ്ച ഓഫ് എടുത്തിരിക്കുന്നത്. ആ ദിവസം ഹോട്ടലുകളില്‍ പോയി അവരുടെ ബില്ലൊക്കെ സെറ്റില്‍ ചെയ്യും.
“ഹോട്ടലുകാര്‍ക്ക് പൈസ ഒരു മാസം മുന്‍പേ അഡ്വാന്‍സായിട്ട് കൊടുക്കും. പിന്നെ നേരിട്ട് ചെന്നില്ലെങ്കിലും ഹോട്ടലുകാര്‍ ഫൂഡൊക്കെ റെഡിയാക്കിക്കോളൂം. പിന്നെ ഇതിനോടൊക്കെ താത്പ്പര്യമുള്ളവരെയാണ് കൂടെ നിറുത്തുന്നത്.
“ഇതിനൊന്നും ആരും സഹകരിക്കാതെയിരിക്കില്ല.. മിക്കവര്‍ക്കും ഇങ്ങനെയൊക്കെ ചെയ്യണമെന്നു ആഗ്രഹമുണ്ടാകും. പക്ഷേ നടക്കാതെ പോകുന്നതാണ്. പിന്നെ ഇതിനൊക്കെ നല്ല ക്ഷമയും സമയവുമൊക്കെ വേണമല്ലോ.. അതാകും പലരും വേണ്ടെന്നു വയ്ക്കുന്നത്.
“തൃശൂരില്‍ നിത്യേന 40 പേര്‍ക്ക് മീന്‍കറി ഊണൊക്കെ കൊടുക്കാറുണ്ട്. പക്ഷേ ചിലപ്പോ പുതിയ ആള്‍ക്കാര് വരും. അവര്‍ക്ക് തത്ക്കാലം ബിസ്ക്കറ്റൊക്കെ കൊടുക്കും. ഈ കൊണ്ടുവരുന്ന പൊതിച്ചോറിനൊക്കെ ആവശ്യക്കാരുള്ളതല്ലേ.. പുതുതായി വരുന്നവര്‍ അര്‍ഹിക്കുന്നവരെങ്കില്‍ അടുത്ത ദിവസം മുതല്‍ അവര്‍ക്കുള്ള ഊണും കൊണ്ടുവരും,” ജോജോ തുടരുന്നു.
പൊതിച്ചോറു മാത്രമല്ല ആവശ്യക്കാര്‍ക്ക് മരുന്നു കൊടുക്കുന്നുണ്ട്. വിറ്റാമിന്‍ ഗുളിക കൊടുക്കും. അസുഖമൊക്കെ ഉണ്ടെങ്കില്‍ അവര് നമ്മളോട് പറയും. എല്ലാവര്‍ക്കും പുതിയ ഷര്‍ട്ടും മുണ്ടും പുതപ്പും കൊടുക്കും. ഇതൊക്കെ കൊടുത്താല്‍ കൊണ്ടുപോയി കളയില്ലെന്നു തോന്നുന്നവര്‍ക്കേ കൊടുക്കൂവെന്നു ജോജോ കൂട്ടിച്ചേര്‍ക്കുന്നു.
ആരോരുമില്ലാത്തവരുടെ വിശപ്പ് മാത്രമല്ല ഈ ഡോക്റ്റര്‍ ഇല്ലാതാക്കുന്നത്. മനസും സന്തോഷം കൊണ്ടു നിറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട് അദ്ദേഹം. തെരുവില്‍ കഴിയുന്നവരേയും കൂട്ടി ചെറിയ ഉല്ലാസയാത്രകള്‍.
” പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള് യാത്ര പോയി തുടങ്ങുന്നത്.”
ഞങ്ങളെന്ന് പറഞ്ഞാല്‍ തെരുവില്‍ കിടന്നുറങ്ങുന്ന ഒരു കൂട്ടം മനുഷ്യരും പിന്നെ ഞാനുമെന്നു ജോജോ പറയുന്നു. ” പത്ത് വര്‍ഷം മുന്‍പ് പീച്ചി ഡാമിലേക്കായിരുന്നു അദ്യയാത്ര. അന്ന് ഒമ്പത് പേരെന്തോ ഉണ്ടായിരുന്നു.
“ആ യാത്രയ്ക്ക് വരാന്‍ ഇവരില്‍ പലര്‍ക്കും പേടിയായിരുന്നു.. ഞാനെങ്ങാനും ഇവരെ വല്ല അനാഥാലയത്തിലെങ്ങാനും കൊണ്ടുപോയി ആക്കുമോയെന്നാണ് അവര്‍ക്ക് സംശയം. എന്നോടുള്ള അടുപ്പം കൊണ്ട് നോ പറയാനും പറ്റില്ല അവര്‍ക്ക്.
“യാത്ര പോകുന്നതിന്‍റെ തലേദിവസം തന്നെ ഷര്‍ട്ടും മുണ്ടുമൊക്കെ കൊടുത്തു. പിറ്റെ ദിവസം എല്ലാവരും നല്ല മിടുക്കന്‍മാരായിട്ടാണ് വരുന്നത്. ഇവരെ കണ്ടാല്‍ ആരും പറയില്ല വഴിയോരത്ത് ജീവിക്കുന്നവരാണ്.
മലമ്പുഴ ഡാം, അതിരപ്പിള്ളി, പിന്നെ സര്‍ക്കസ് കാണാനുമൊക്കെ പോയി. ഏതാനും ദിവസം മുന്‍പാണ് എറണാകുളത്ത് വന്നത്. 14 പേരുണ്ടായിരുന്നു.
“മെട്രോ ട്രെയിനില്‍ കയറി, ലുലുമാളില്‍ പോയി, സുഭാഷ് പാര്‍ക്കിലും മറൈന്‍ ഡ്രൈവിലുമൊക്കെ പോയി. ട്രാവലറെടുത്താണ് യാത്ര. എല്ലാവരും ഹാപ്പിയായിരിക്കും.
കടത്തിണ്ണകളിലൊക്കെ കിടന്നുറങ്ങുന്നവരില്‍ വീടുള്ളവരും അല്ലാത്തവരുമുണ്ട്. ഇവരില്‍ പലരും നല്ല സാമ്പത്തികനിലയിലൊക്കെ ജീവിച്ചവരുമുണ്ടാകും. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കുന്നൊരാളെ കണ്ടുമുട്ടി, ഡോ. ജോജോ മനസ്സില്‍ തട്ടിയ മറ്റൊരു സംഭവം ഓര്‍ക്കുന്നു.
“മുഖം കണ്ടപ്പോ ഏതോ നല്ല നിലയില്‍ കഴിഞ്ഞയാളാണെന്നു തോന്നി സംസാരിച്ചു. എന്നോട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. പിന്നെ ഞാനും ഇംഗ്ലീഷില്‍ സംസാരിച്ചു. പിന്നെ ഇംഗ്ലീഷിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഞാന്‍ സംസാരിച്ചു.. എല്ലാത്തിലും അതേഭാഷയില്‍ തന്നെ പുള്ളിക്കാരന്‍ മറുപടിയും നല്‍കി.
“ഈ അഞ്ച് ഭാഷകള്‍ കഴിഞ്ഞതോടെ എന്‍റെ കൈയിലെ സ്റ്റോക്ക് തീര്‍ന്നു. എത്ര ഭാഷ അറിയാം എന്നറിയാം എന്നു ചോദിച്ചു. അയാള്‍ക്ക് ഏഴു ഭാഷകള് അറിയാം. ബാക് ഗ്രൗണ്ട് ചോദിച്ചപ്പോ, പാലക്കാട് റോയല്‍ ഫാമിലി അംഗമാണെന്നാ പറഞ്ഞത്.
“ഇങ്ങനെ ഭിക്ഷ യാചിച്ചു നടക്കേണ്ട താമസിക്കാനുള്ള സൗകര്യം നല്‍കാമെന്നു പറഞ്ഞു കൂടെ കൂട്ടി. പീച്ചിയിലുള്ള ഒരു ഓര്‍ഫനേജിലാക്കി. അയാള് അവിടെ നിന്നില്ല. ആരോടും പറയാതെ ഇറങ്ങിപ്പോയി.”
ആദ്യസംഭവമല്ല. തെരുവില്‍ കഴിയുന്ന പലരും ഇങ്ങനെയൊക്കെ തന്നെയാണ്. അവര്‍ക്ക് നല്ല ഭക്ഷണവും കിടക്കാന്‍ നല്ല സൗകര്യവുമൊക്കെ നല്‍കിയാലും അതൊന്നും വേണ്ട. അതൊക്കെ ഉപേക്ഷിച്ച് അവര് പോകും, അദ്ദേഹം പറയുന്നു.
കൃത്യസമയത്ത് ഭക്ഷണം, ഉറക്കം. രാവിലെയെഴുന്നേറ്റ് പ്രാര്‍ഥിക്കണം. പക്ഷേ ഇതൊന്നും അവര്‍ക്ക് വേണ്ട. തെരുവില്‍ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിച്ചവരാണ്. അവരെ മുറിക്കുള്ളിലാക്കി ജീവിതം നല്‍കാനാകില്ലെന്നു ജോജോ പറയുന്നു.
വല്ലപ്പോഴും ചിലരൊക്കെ ഫൂഡ് സ്പോണ്‍സര്‍ ചെയ്യും. അല്ലാതെ ആരോടും പൈസയൊന്നും വാങ്ങുന്നില്ല. സര്‍ക്കാരിന്‍റെ സഹായമൊന്നും ചോദിച്ച് പോയില്ല. എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സഹായം നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ട.
ഞാനിത് ഭംഗിയായിട്ടാണ് ഇപ്പോ നടത്തുന്നത്. ആളുകള്‍ ഇതിലേക്ക് വന്നാല്‍ പിന്നെ പിരിവെടുക്കലുമൊക്കെയാകും. നമ്മള് എന്തിനാ അതിനൊക്കെ നില്‍ക്കുന്നേ..
കേരള ടൈംസ് പബ്ലിഷര്‍ ആയിരുന്ന ജോസഫും ട്രീസയമാണ് അപ്പനും അമ്മയും. ഇപ്പോ ഇവരൊന്നുമില്ല. ഒരു സഹോദരനും സഹോദരിയും മാത്രമുണ്ട്. “ബാച്ച്ലറായ എനിക്ക് വല്യ ചെലവുകളും ഇല്ല. ആര്‍ഭാടങ്ങളൊന്നും ജീവിതത്തില്‍ ഇല്ല.
ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍
എന്‍റെ ചില ഇഷ്ടങ്ങളൊക്കെ മാറ്റിവെച്ചാണ് ഇതിലേക്കുള്ള തുക കണ്ടെത്തുന്നത്. ദൂരേയൊക്കെ പോകുമ്പോള്‍ ഒരുമാസം മുപ്പതിനായിരം രൂപയൊക്കെ ചെലവ് വന്നിരുന്നു. എനിക്കിത് ഒരു ബാധ്യതയല്ല. അതുകൊണ്ടു നഷ്ടങ്ങളില്‍ സങ്കടവുമില്ലെന്നു ഡോക്റ്റര്‍ പറഞ്ഞുനിറുത്തുന്നു.