കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്

ഉത്തരവാദിത്വ ടൂറിസത്തിലൂടെ ജീവനോപാധിയും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള ആത്മവിശ്വാസവും മാത്രമല്ല സമൃദ്ധിയിലെ സ്ത്രീകള്‍ നേടിയത്.

“സ്നേഹം ചേര്‍ത്ത് വിളമ്പിയ രുചികരമായ ഭക്ഷണം. വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന ജീവനക്കാര്‍. വളരെ വളരെ നന്ദി,” ഇംഗ്ലണ്ടുകാരനായ ടൂറിസ്റ്റ് ഹരോള്‍ഡ് ഗുഡ് വിനും സംഘവും കുമരകത്തെ ആ ചെറിയ റെസ്‌റ്റോറന്‍റിന്‍റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.

കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്‍റ് ആണ് സമൃദ്ധി. എന്നാല്‍ രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. കുമരകത്തിന്‍റെ തനതുരുചികള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ തീന്‍മേശയിലെത്തിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ (പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍) പാലിക്കുകയും ചെയ്യുന്നു ഈ ഭക്ഷണപ്പുര.


ഇനിയുള്ള യാത്രകള്‍ പരിസ്ഥിതി സൗഹൃദമാവട്ടെ. shop.thebetterindia.com ന്‍റെ പരിസ്ഥിതി സൗഹൃദ ട്രാവല്‍ പാക്കേജുകളെക്കുറിച്ചറിയാം. 


ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്ത ടൂറിസം (Responsible Tourism) പദ്ധതി ഗ്രാമീണതലത്തില്‍ തൊഴിലും ജീവനോപാധികളും സൃഷ്ടിക്കുന്നതിന്‍റെ ഉദാഹരണം കൂടിയാണ് സമൃദ്ധി എത്‌നിക് ഫുഡ് റെസ്റ്റോറന്‍റ്.

കായല്‍പ്പരപ്പിലൂടെ…

“വിനോദ സഞ്ചാരത്തോടൊപ്പം ഉത്തരവാദിത്ത ടൂറിസവും വളര്‍ന്നപ്പോള്‍ വീട്ടിലിരുന്ന് സമയം പാഴാക്കിയിരുന്ന ഞങ്ങള്‍ക്ക് ഒരു പുതിയ തൊഴില്‍ സാധ്യത തുറന്നുകിട്ടുകയായിരുന്നു. ഒപ്പം അതിജീവനത്തിനൊരു മാര്‍ഗ്ഗവും,” സമൃദ്ധി സംഘത്തിന്‍റെ പ്രസിഡണ്ട് വിജയമ്മ സരളപ്പന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


“കുമരകം പഞ്ചായത്തിലെ പത്ത് വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ഓരോ അംഗങ്ങളെ കൂട്ടിയാണ് ഞങ്ങള്‍ സമൃദ്ധി തുടങ്ങിയത്.


“ഓരോ അംഗവും പ്രാഥമിക മൂലധനമായി പതിനായിരം
രൂപ വെച്ച് എടുത്തു. 2 ലക്ഷം രൂപ കുടുംബശ്രീ ലോണും ഒരു ലക്ഷം രൂപ സബ്‌സിഡിയും കിട്ടി,” വിജയമ്മ കൂട്ടിച്ചേര്‍ക്കുന്നു.

2011 ഏപ്രില്‍ 11-ന് ആണ് സമൃദ്ധി എത്ത്‌നിക് ഫുഡ് റെസ്റ്റോറന്‍റ് കുമരകത്ത് തുടങ്ങിയത്. കാറ്ററിംഗ്, ക്ലീനിങ്ങ്, തുടങ്ങിയ മേഖലയില്‍ കുടുംബശ്രീയില്‍ നിന്നും പരിശീലനവും പിന്തുണയും കിട്ടിയിരുന്നുവെന്ന് സമൃദ്ധിയിലെ സംഘാംഗങ്ങള്‍ പറഞ്ഞു.

സമൃദ്ധിയുടെ അടുക്കള

കഫേ കുടുംബശ്രീയില്‍ നിന്നും മികച്ച ഭക്ഷണം ഉണ്ടാക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും പരിശീലനം കിട്ടി. വിളമ്പുന്നതില്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആ ട്രെയിനിങ്ങിലൂടെ അറിയാന്‍ കഴിഞ്ഞു, അവര്‍ പറഞ്ഞു.

“പാചകത്തില്‍ കൃതിമ നിറങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ, ഹരിത ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് ഞങ്ങള്‍ ഭക്ഷണ ശാല നടത്തിവരുന്നത്,” സമൃദ്ധിയുടെ സെക്രട്ടറി പുതുപ്പറമ്പില്‍ രാജി വിശദീകരിക്കുന്നു.

“ഇത് വിനോദ സഞ്ചാരികള്‍ക്കും അനുബഡ മേഖലയിലെ എല്ലാര്‍ക്കും ഇടയില്‍ സമൃദ്ധി ഒരു കുമരകം ബ്രാന്‍റായി മാറാന്‍ ഇടയാക്കി. പുറത്ത് നിന്നുള്ള ചടങ്ങുകള്‍ക്ക് ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങി, 200 ആളുകളുടെ ഭക്ഷണം വരെ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇതിലും വലിയ ഓര്‍ഡറുകളും ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ട്,” രാജി തുടര്‍ന്നു.

സമൃദ്ധിയുടെ പ്രവര്‍ത്തകര‍ായ വിജയമ്മ സരളപ്പന്‍, പുതുപറമ്പില്‍ രാജി, 
ഷൈനി പുറത്തച്ചിറ, ഷൈല ഷാജി വാലുചിറ, കവിത ആശാരിമറ്റം,
ഷീല മനോഹരന്‍, രജനി സുരേഷ്

കേരള സര്‍ക്കാരിന്‍റെ വിനോദ സഞ്ചാര വകുപ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത വിനോദ സഞ്ചാര വികസന മിഷന്‍റെ ഭാഗമായി രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പതിനാലായിരം യൂണിറ്റുകളില്‍ ഒന്നാണ് സമൃദ്ധിയും.

എഴുപത്തി അയ്യായിരം തദ്ദേശവാസികള്‍ക്ക് ടൂറിസത്തിന്‍റെ ഭാഗമായി വരുമാനം, 40 ഗ്രാമീണ വിനോദ സഞ്ചാര പാക്കേജുകള്‍…ഇതൊക്കെയാണ് മിഷന്‍റെ ഇതുവരെയുള്ള നേട്ടങ്ങള്‍. ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വര്‍ഷം  ഏകദേശം 10 കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുവെന്നാണ് കണക്ക്. കുമരകത്തെ ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങള്‍ മാത്രം ഇതില്‍ വര്‍ഷം 3.15 കോടിയുടെ വരുമാനം ഉണ്ടാക്കുന്നു, ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ സംസ്ഥാന കോഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.  മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങളും മിഷന്‍ ഇതുവരെ നേടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


ഉത്തരവാദിത്വ ടൂറിസത്തിലൂടെ ജീവനോപാധിയും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള ആത്മവിശ്വാസവും മാത്രമല്ല സമൃദ്ധിയിലെ സ്ത്രീകള്‍ നേടിയത്. വീടിന്‍റെ നാലുചുവരുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗ്രാമീണ സ്ത്രീകള്‍ പൊതുസമൂഹവുമായി കൂടുതല്‍ തുറന്ന ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍.

“വീട്ടില്‍ പൊതുസമൂഹവുമായി കാര്യമായി ഇടപെടലൊന്നും ഇല്ലാതെയിരുന്ന സാധാരണ വീട്ടമ്മമായിരുന്ന ഞങ്ങള്‍ക്ക് എവിടെ പോകാനും സമൂഹവുമായി നല്ല രീതിയില്‍ ഇടപെടാനും കഴിഞ്ഞത് ഞങ്ങളില്‍ ഉണ്ടാക്കിയ വലിയ മാറ്റമാണ്. ഒപ്പം മക്കളുടെ വിവാഹം, നല്ല വിദ്യഭ്യാസം, കടബാധ്യത തീര്‍ക്കല്‍, അങ്ങിനെ കുടുംബത്തിന്‍റെ അതിജീവനത്തിന് മികച്ച പിന്തുണയേകാനായി,” വിജയമ്മ വിശദമാക്കുന്നു.

കുടുംബശ്രീയില്‍ നിന്നും മറ്റും കടമെടുത്തു തുടങ്ങിയ സമൃദ്ധിയുടെ സാമ്പത്തികനിലയും പതിയെ മെച്ചപ്പെട്ടു. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ആത്മവിശ്വാസവും അവര്‍ക്ക് കൈവന്നു. സെക്രട്ടറി രാജി പറയുന്നു: “മൂന്ന് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ കടബാധ്യത തീര്‍ത്തപ്പോള്‍ ഞങ്ങളുടെ വേതനത്തിലും വര്‍ദ്ധനവ് ഉണ്ടായി. 220 രൂപയില്‍ തുടങ്ങി, 350 രൂപ ,500 രൂപ എന്നിങ്ങനെ ദിവസവേതനം വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്നു.

“ഇപ്പോള്‍ ഒരാള്‍ 750 രൂപ വേതനം എടുക്കുന്നുണ്ട്.”

ഞങ്ങള്‍ ഒരു കുറി ചേര്‍ന്ന് ഓണം, വിഷു, ഉത്സവങ്ങള്‍ എന്നിവക്കെല്ലാം ബോണസും പങ്ക് വെച്ചെടുക്കുന്നു. അങ്ങിനെ പുരുഷന്മാര്‍ക്കൊപ്പം തന്നെ വരുമാനം നേടാന്‍ കഴിയുന്നുണ്ട്, രാജി കൂട്ടിച്ചേര്‍ത്തു.

രാവിലെ 6.30 ന് സമൃദ്ധി തുറക്കും. രാത്രി 8.30 വരെ ഉണ്ടാകും. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കുമരകത്തിന്‍റെ തനതു കായല്‍ വിഭവങ്ങളുടെ വരവായി.


കുമരകം സ്‌പെഷല്‍ ഷാപ്പ് കറികള്‍ തന്നെയാണ് ഇവിടത്തെ രുചിപ്പെരുമയില്‍ മുന്നിട്ട് നില്‍ക്കുന്നത്. കക്ക, കരിമീന്‍, ഞണ്ട്, ചെമ്മീന്‍ എന്നിവ കുമരകത്തിന്‍റെ താര രുചികളാണ്.


മായവും കൃത്രിമവസ്തുക്കളും ചേര്‍ക്കാത്ത തനതുരുചിയുള്ള വിഭവങ്ങളായതുകൊണ്ട് ആവശ്യക്കാരുമേറെയാണ്.

ഏകദേശം 15 ലക്ഷം വാര്‍ഷിക വരുമാനം നേടുന്ന സമൃദ്ധി അടുത്ത ഘട്ടമായി ലൈവ് കിച്ചനും, ജ്യൂസ് കൗണ്ടറുകളും ഭക്ഷൃമേളകളും ആസൂത്രണം ചെയ്തുവരികയാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ, കുമരകം കോര്‍ഡിനേറ്റര്‍ ഭഗത് സിങ്ങ് വി എസ് എന്നിവരുടെ പിന്തുണയും മേല്‍നോട്ടവും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് അവര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഒപ്പം കുടുംബശ്രീയും കുമരകം ഗ്രാമ പഞ്ചായത്തും എല്ലാ സഹായവും നല്‍കുന്നുണ്ട്.

സമൃദ്ധി എത്നിക് ഫുഡ് കോര്‍ട്ടിലേക്ക് ആവശ്യമുള്ള വസ്തുക്കള്‍ ഭൂരിഭാഗവും പ്രദേശത്തെ കര്‍ഷകരില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നുമാണ് വാങ്ങുന്നത്. കര്‍ഷകരും കുടുംബശ്രീ സംഘങ്ങളും കൃഷി ചെയ്തുണ്ടാക്കുന്ന വിഷരഹിതമായ പാവക്ക, പയര്‍, പടവലങ്ങ, ചീര, വാഴച്ചുണ്ട്, മത്തങ്ങ, ഏത്തക്കായ, ഏത്തപഴം,  പപ്പടം, പാല്‍, നാളികേരം സമൃദ്ധി നേരിട്ട് വാങ്ങുന്നു. ഒപ്പം മത്സ്യത്തൊഴിലാളികള്‍ മീനും കക്കയും ഞണ്ടുമൊക്കെ  നേരിട്ട് എത്തിക്കുകയും ചെയ്യും.

സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനൊപ്പം പ്രദേശത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സമൃദ്ധി ഗുണം ചെയ്യുന്നു.

സമൃദ്ധിയുടെ പ്രവര്‍ത്തകര‍്

കുടുംബശ്രീ പ്രദര്‍ശനങ്ങളിലും ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള ഭക്ഷ്യമേളകളിലും സംഘാംഗങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. പാചക മത്സരങ്ങളില്‍ പുരസ്‌കാരങ്ങളും നേടിയത് അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.


സമൃദ്ധിയുടെ രുചിപ്പെരുമ ഏഷ്യയിലെ തന്നെ പ്രശസ്തമായ PATA (Pacific Asia Travel Association) പുരസ്‌കാരം നേടിയതോടെ കേരളത്തിന് പുറത്തേക്കും വളര്‍ന്നു.


ഏഷ്യയിലെ തന്നെ പ്രശസ്തമായ PATA പുരസ്‌കാരം ലഭിച്ചതോടെ കുമരകത്തെ ഈ സ്ത്രീ സംരംഭം ആഗോള ശ്രദ്ധ നേടി. ഈ വര്‍ഷം കേരള ടൂറിസത്തിന് ലഭിച്ച മൂന്ന് PATA പുരസ്കാരങ്ങളില്‍ ഒന്ന് വിനോദ സഞ്ചാര മേഖലയില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും പ്രത്യേകിച്ച് കുമരകം സമൃദ്ധി എത്നിക് ഫുഡ് റെസ്‌റ്റോറന്‍റിനുമാണ്. സ്ത്രീ ശാക്തീകരണ പദ്ധതി വിഭാഗത്തിലാണ് കേരള ടൂറിസം ഈ പുരസ്‌കാരം നേടിയത്.

കായല്‍പ്പരപ്പിലൂടെ…

കേരളത്തില്‍ ആകെയുള്ള 15,500 ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകളില്‍ 13,500 എണ്ണവും സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണ്.

പരമ്പരാഗത തൊഴിലുകളെ ടൂര്‍ പാക്കേജുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം, വനിതകളുടെ കലാഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുക, പാരമ്പര്യ ഭക്ഷണം ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച സമൃദ്ധി എത്നിക് റസ്റ്റോറന്‍റ്, പാരിസ്ഥിതിക സൗഹൃദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുണി സഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. ഇവയെല്ലാം സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് നടപ്പാക്കുന്നത്.

കുമരകത്തിനൊപ്പം വളര്‍ന്ന്

കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലോരത്തുള്ള ചെറുദ്വീപുകളുടെ പറുദീസയാണ് കുമരകം എന്ന ഗ്രാമം. പരിസ്ഥിതി സൗഹൃദമായിരിക്കുന്നതിനൊപ്പം ഗ്രാമീണര്‍ക്ക് വിനോദസഞ്ചാരത്തിന്‍റെ ഗുണഫലങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പങ്കുവെയ്ക്കപ്പെടുന്ന ഉത്തരവാദിത്വ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കുമരകം.

കായല്‍പ്പരപ്പിലൂടെ…

കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങള്‍ രൂപപ്പെട്ട കാലത്താണ് കുമരകവും ഉണ്ടായത്. കണ്ടല്‍ക്കാടുകള്‍ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. സംസ്ഥാനത്ത് കായല്‍ നികത്തി ഉണ്ടാക്കിയ ആദ്യത്തെ പാടശേഖരവും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ പ്രദേശത്തെ കേരളത്തിന്‍റെ നെതര്‍ലാന്‍ഡ്‌സ് എന്നു സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നു.

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഉത്തരവാദിത്വ ടൂറിസം കേന്ദ്രമെന്ന നിലയില്‍ കുമരകം കൂടുതല്‍ പ്രാധാന്യം നേടുമ്പോള്‍ നാട്ടുരുചി പകര്‍ന്ന് ഒപ്പം വളരുകയാണ് സമൃദ്ധിയും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന സ്ത്രീ കൂട്ടായ്മയും.


ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


നിങ്ങള്‍ കുമരകത്തേക്ക് യാത്ര പോകാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും സമൃദ്ധിയുടെ ആതിഥ്യം സ്വീകരിക്കാന്‍ മറക്കരുത്. നല്ല ഭക്ഷണത്തോടൊപ്പം ഉത്തരവാദിത്വ ടൂറിസത്തിന്‍റെയും പരിസ്ഥിതി സൗഹൃദസഞ്ചാരത്തിന്‍റെയും സന്ദേശം കൂടിയാണ് അവര്‍ പകരുന്നത്. രുചികരമായ നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുമ്പോള്‍ ഒരു കൂട്ടം സ്ത്രീകളുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് നിങ്ങള്‍ ചെയ്യുന്നത്. ഒപ്പം അതിന്‍റെ ഗുണം ഗ്രാമത്തിലെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമൊക്കെ ലഭിക്കുന്നുവെന്ന് കൂടി ഓര്‍ക്കുക.

നിങ്ങളുടെ ഇനിയുള്ള യാത്രകള്‍ ജനങ്ങളുടെ ജീവിതത്തെക്കൂടി തൊടുന്നതാവട്ടെ. ഇനിയുള്ള യാത്രകള്‍ പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടാവട്ടെ.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം