‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ

“ഓരോ ദിവസവും പോരാട്ടമായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, ഇനിയെന്ത് എന്നോര്‍ത്ത് കായല്‍പ്പരപ്പിലേക്ക് വെറുതെ നോക്കി ഇരുന്ന നാളുകള്‍.”

 ണ്ണി ജോര്‍ജ്ജ് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. 2016-ലെ ആ ദിവസം പതിവ് പോലെ പണിസ്ഥലത്തായിരുന്നു. അന്നാണ് അയാളുടെ ജീവിതം മാറിമറിഞ്ഞത്.

പണിയ്ക്കിടയില്‍ പെട്ടെന്ന് കടുത്ത വയറുവേദന തോന്നി. ആസ്പത്രിയിലേക്ക്. പലതരം ടെസ്റ്റുകള്‍… പിന്നീടറിഞ്ഞു, കിഡ്‌നിയ്ക്കാണ് തകരാറ്.

“എന്‍റെ ഭാര്യ അന്ന് മൂന്നുമാസം ഗര്‍ഭിണിയായിരുന്നു,” ഉണ്ണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“എന്‍റെ രണ്ടു കിഡ്‌നിയും തകരാറിലായിക്കഴിഞ്ഞിരുന്നു. കിട്ടിക്കൊണ്ടിരുന്ന വരുമാനം കൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങള്‍ എത്തുംപിടിയുമായിരുന്നു. അതിന്‍റെ കൂടെ എന്‍റെ അസുഖം. ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. ആകാശം ഇടിഞ്ഞ് തലേല് വീഴുന്ന പോലെ തോന്നി. എന്തുചെയ്യണമെന്ന് യാതൊരു പിടിയുമില്ല…,”  ഉണ്ണി(32) അക്കാലം ഓര്‍ക്കുന്നു.

ഉണ്ണി ജോര്‍ജ്ജ്

ബന്ധുക്കളെയും കൂട്ടുകാരെയും ആശ്രയിക്കാതെ വേറെ വഴിയില്ലാതെ വന്നു. പലരും സഹായിച്ചു. സര്‍ജറിക്ക് മാത്രം ഉണ്ണിക്ക് 15 ലക്ഷം രൂപ വേണമായിരുന്നു. കൂട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടി. ഒരുപാട് പേര്‍ പിന്തുണച്ചു. അങ്ങനെ വൃക്ക മാറ്റിവെയ്ക്കാനുള്ള പണം കണ്ടെത്തി.


പ്രകൃതി സൗഹൃദ വസ്ത്രങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


വൃക്ക മാറ്റിവെച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയുടെ പ്രസവം. അവര്‍ക്കും സര്‍ജറി വേണമായിരുന്നു. ഉണ്ണി മൂന്ന് ലക്ഷം രൂപ കടമെടുത്തു, വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

മരുന്നിനുമാത്രം മാസംതോറും നല്ലൊരു തുക വേണം. സര്‍ജറിക്ക് ശേഷം പണിക്കൊന്നും പോകാനാവാത്ത അവസ്ഥ. വീട് കടത്തില്‍ മുങ്ങി.

“മരുന്നിനായി മാത്രം ഏകദേശം 20,000 രൂപ മാസം വേണമായിരുന്നു. അതുതന്നെ ഞങ്ങളുടെ മാസവരുമാനത്തിലും എത്രയോ അധികമായിരുന്നു. മാത്രമല്ല, സര്‍ജറി കഴിഞ്ഞേപ്പിന്നെ എനിക്ക് ഭാരമൊന്നും എടുക്കാന്‍ പറ്റില്ല. അഞ്ച് കിലോയില്‍ കൂടുതല്‍ പൊക്കാനാവില്ലായിരുന്നു. കെട്ടിടം പണി എനിക്ക് പറ്റാതായി. വേറെ ജോലി നോക്കാന്‍ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഉപദേശിച്ചു. ഞാനത്ര പഠിച്ചിട്ടൊന്നുമില്ല, അതുകൊണ്ട് മറ്റ് അവസരങ്ങളും കുറവാണ്..,” ഉണ്ണി പറഞ്ഞു.


“ഓരോ ദിവസവും വല്ലാത്തൊരിതായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, ഇനിയെന്ത് എന്നോര്‍ത്ത് കായലിലേക്ക് നോക്കി വെറുതെയിരുന്ന നാളുകള്‍.”


കുമ്പളങ്ങിയിലാണ് ജനിച്ചതും വളര്‍ന്നതും. കായലുമായുള്ള ബന്ധം ഏഴുവയസ്സിലേ തുടങ്ങി. “വളരെ ചെറുപ്പത്തിലേ മീന്‍ പിടിക്കാന്‍ തുടങ്ങി. ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും നോക്കി കായല്‍പ്പരപ്പിലേക്ക് കണ്ണുംനട്ടിരിക്കുന്നതായിരുന്നു ഏറ്റവും ഇഷ്ടം. മണിക്കൂറുകള്‍ അങ്ങനെ പോവും.

“ജീവിതവും ചൂണ്ടയിടുന്ന പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്,” ഉണ്ണി അല്‍പം ഫിലോസഫിക്കലായി പറയുന്നു. “ക്ഷമയോടെ കാത്തിരിക്കണം. നല്ല ശ്രദ്ധവേണം. ശരിയായ സമയത്ത് ചൂണ്ടയിടണം, തെറ്റാതെ വലിക്കണം.”

ഈ ചിന്ത തന്നെയാവണം ഉണ്ണിയെ കടുത്ത പരീക്ഷണങ്ങള്‍ നീന്തിക്കയറാന്‍ സഹായിച്ചത്. ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷം, കലങ്ങിമറിഞ്ഞ കാലത്തിന് ശേഷം, ഉണ്ണി ഇന്ന് ഇന്റര്‍നെറ്റില്‍ താരമായി മാറിയിരിക്കുന്നു.

അതിന് ഉണ്ണിയെ സഹായിച്ചത് എന്നും കാണുന്ന ആ കായലും ചെറുപ്പംമുതലേ ഇഷ്ടം കൂടിയ മീന്‍പിടുത്തവുമാണ്.

ഉണ്ണിയുടെ യൂട്യൂബ് ചാനല്‍ ഹിറ്റായി. ഓ.എം.കെ.വി ഫിഷി്ങ്ങ് ആന്‍റ് കുക്കിങ് എന്നാണ് ചാനലിന്‍റെ പേര്. ഇന്‍ഡ്യയിലെത്തന്നെ ഏറ്റവും പ്രശസ്തരായ വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഉണ്ണിയിപ്പോള്‍. യുട്യൂബ് ചാനലിന് 179,220-ലധികം സബ്‌സ്‌ക്രൈബര്‍മാരായിക്കഴിഞ്ഞു

‘ഓട് മീനേ കണ്ടം വഴി’ എന്നതിന്‍റെ ചുരുക്കപ്പേരാണ് ഓ എം കെ വി എന്ന് ഉണ്ണി. കുമ്പളങ്ങിയും കണ്ടം വഴിയോടുന്ന മീനുകളും ഉണ്ണിയുടെ ‘തനി നാടന്‍’ അവതരണവുമെല്ലാം ചാനലിനെ പ്രിയങ്കരമാക്കി.


ഇതുകൂടി വായിക്കാം: കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്


“കുറച്ചു കൂട്ടുകാരാണ് എന്നെ യുടൂബിലേക്ക് എത്തിച്ചത്. ഞാന്‍ അതില്‍ കുറെ റിസേര്‍ച്ച് ചെയ്തു. നിറയെ ഫുഡ്, മീന്‍പിടുത്തം, യാത്രകള്‍ അങ്ങനെയുള്ള വീഡിയോകള്‍ ആയിരുന്നു. അപ്പോ എനിക്ക് തോന്നി, കുക്കിങ്ങും മീന്‍പിടുത്തവും ഒരു കോംബിനേഷന്‍ നോക്കിയോലോന്ന്. രണ്ടിലും എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. യുവാക്കള്‍ക്കിടയില്‍ വ്‌ളോഗിങ് തരംഗമായിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്നാപ്പിന്നെ ഒരു കൈനോക്കാമെന്ന് ഉറപ്പിച്ചു,” ഉണ്ണി വിശദീകരിക്കുന്നു.

കുറെക്കാലം യുട്യൂബിനെക്കുറിച്ചും വ്‌ളോഗിങ്ങിനെക്കുറിച്ചുമൊക്കെ നന്നായി പഠിച്ചു. കൂട്ടുകാരന്‍റെ ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. 2018 മെയിലായിരുന്നു അത്. കായലില്‍ നിന്ന് മീന്‍പിടിച്ച് നേരെ അവിടെ വെച്ചുതന്നെ പാകം ചെയ്യുന്നതായിരുന്നു അത്.

നല്ല നാടന്‍ ശൈലിയിലുള്ള പാചകത്തിനൊപ്പം മീനറിവുകളും കായല്‍ ഭംഗിയും കൊച്ചിയുടെ ഉള്‍നാടന്‍ ചന്തങ്ങളുമൊക്കെ ഉണ്ണിയുടെ വീഡിയോകളെ പ്രിയങ്കരമാക്കി.ഒപ്പം, കുമ്പളങ്ങിയുടെ നല്ല പെടയ്ക്കണ ഭാഷയും കൂടിയായപ്പോള്‍ നാട്ടുകാര്‍ക്ക് ശരിക്കും രുചിച്ചു.

“25,000 സബ്‌സ്‌ക്രൈബേഴ്‌സ് ആയിക്കഴിഞ്ഞപ്പോള്‍ എനിക്ക് യൂട്യൂബില്‍ നിന്ന് അഭിനന്ദന സന്ദേശങ്ങള്‍ കിട്ടാന്‍ തുടങ്ങി. ഇന്ന് എനിക്ക് മാസം 50,000 രൂപയിലധികം കിട്ടുന്നുണ്ട്. കൂടാതെ എനിക്ക് സ്‌പോണ്‍സര്‍മാരെയും കിട്ടുന്നുണ്ട്,” ഉണ്ണി പറഞ്ഞു.

“ഞാന്‍ മുമ്പ് എന്തായിരുന്നു എന്നല്ല, ഇന്ന് എന്താണ് എന്ന് ആളുകള്‍ മനസ്സിലാക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്,” ആ ചെറുപ്പക്കാരന്‍ പറയുന്നു. ഉണ്ണി കടന്നുപോന്ന വഴികളെക്കുറിച്ച് അദ്ദേഹത്തെ യുട്യൂബില്‍ പിന്തുടരുന്ന പലര്‍ക്കുമറിയില്ല.

ആളുകള്‍ക്ക് നാട്ടിലെ മീന്‍പിടുത്ത രീതികളും തനത് രുചികളും പരിചയപ്പെടുത്തുക എന്നതാണ് ഈ ചാനലിന്‍റെ ലക്ഷ്യം. അത് അവര്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്, അല്ലാതെ സഹതാപമല്ല ആഗ്രഹിക്കുന്നത്.

“ആദ്യമൊക്കെ കൂട്ടുകാര്‍ പറയുമായിരുന്നു, എന്‍റെ കഷ്ടപ്പാടുനിറഞ്ഞ ആ കാലത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാന്‍. അങ്ങനെ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടും എന്നൊക്കെ പറഞ്ഞു. പക്ഷേ, എനിക്കാ സിമ്പതികൊണ്ട് ആളെക്കൂട്ടുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല.

ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയിക്കഴിഞ്ഞ് യൂട്യൂബിന്‍റെ സില്‍വര്‍ ബട്ടണ്‍ കിട്ടിയ ശേഷമാണ് ഞാന്‍ എന്‍റെ കഥ പ്രേക്ഷകരോട് പറയുന്നത്,” ഉണ്ണി പറഞ്ഞു.

ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് അപ്പോഴും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴും അതൊരു കഥപോലെ തോന്നുന്നു.


ഇതുകൂടി വായിക്കാം: മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


“(തുടക്കത്തില്‍) ഒരുപാടുപേര്‍ പറഞ്ഞു, ഈ വീഡിയോ കൊണ്ടൊന്നും കാര്യമൊന്നുമില്ലെന്ന്. വെറുതെ സമയം കളയുന്ന പരിപാടിയാണെന്നൊക്കെ. പക്ഷേ, ഞാനത് തുടര്‍ന്നു. ഞാന്‍ ചെയ്യുന്നതില്‍ എനിക്ക് സന്തോഷം ഉണ്ടായിരുന്നു.

“ഇന്ന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെല്ലാം തീര്‍ക്കാന്‍ ഇതുകൊണ്ട് എനിക്ക് കഴിഞ്ഞു,” ഉണ്ണി പറയുന്നു. പഴയ കാര്യങ്ങളൊന്നും മറക്കരുതെന്ന് ഉണ്ണി എല്ലാവരെയും ഓര്‍മ്മിപ്പിക്കും. കിട്ടിയ സഹായങ്ങളൊന്നും മറന്നിട്ടുമില്ല. അതുപോലെ, അത്യാവശ്യക്കാരെ സഹായിക്കണമെന്ന് എപ്പോഴും പറയും. ഉണ്ണിയുടെ ഫേസ്ബുക്ക് പേജ് നിറയെ നിസ്സഹായരായ രോഗികള്‍ക്ക്, അവശര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്.

ഉണ്ണിയ്ക്ക് ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ എല്ലാ ആശംസകളും.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: ഉണ്ണി ജോര്‍ജ്ജ്
ഉണ്ണി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പേജ് ,  യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാം

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം