കൈ യില്‍ കൊണ്ടു നടക്കാവുന്ന ഒരു ഇ-ബൈക്ക്… കാറിന്‍റെ ഡിക്കിയില്‍ ഒടിച്ചുമടക്കി കൊണ്ടുപോകാം. . വേണമെങ്കില്‍ മെട്രോ ട്രെയ്നിലോ ബസിലോ കയറുമ്പോള്‍ മടക്കിയെടുത്ത് കൊണ്ടുപോകാം..
സാധാരണ സൈക്കിള്‍ പോലെ ചവിട്ടി നടക്കുകയും ചെയ്യാം.
ഇന്ത്യയിലെ ആദ്യത്തെ പോര്‍ട്ടബിള്‍ ഇ-ബൈക്ക് ഇതാണ് എന്നാണ് ഇതുണ്ടാക്കിയ മൂന്നു മലയാളി യുവ എന്‍ജിനീയര്‍മാര്‍ പറയുന്നത്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഈ കൂട്ടുകാരുടെ ലക്ഷ്യം വെറുമൊരു ജോലി ആയിരുന്നില്ല. അവര്‍ ഒരു കമ്പനിയുണ്ടാക്കി.
മിഥുന്‍ വി.ശങ്കര്‍, പി.ജിഷ്ണു, എ.ഐ. അഷിന്‍ ഇവരാണ് ഈ പരിസ്ഥിതി-സൗഹൃദ ഇ-ബൈക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച ചങ്ങാതിമാര്‍. ഇ-ബൈക്ക് ലോഞ്ച് ചെയ്യും മുന്‍പേ ഓര്‍ഡുകള്‍ കിട്ടി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് അവര്‍. ആല്‍ഫ 1, ആല്‍ഫ 1 പ്രോ എന്നു പേരിട്ടിരിക്കുന്ന ബൈക്കിന്‍റെ പ്രത്യേകതകള്‍ അവര‍് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.
മൂന്നുപേരും പല നാട്ടുകാരാണ്. ഒരുമിച്ച് പഠിച്ചിട്ടുമില്ല. പലയിടത്തും വെച്ച് കണ്ടുമുട്ടി കൂട്ടായവരാണ്. എന്തെങ്കിലും പുതുതായി ചെയ്യണമെന്ന ആഗ്രഹമാണ് അവരെ ഒന്നിപ്പിക്കുന്നത്. അങ്ങനെ അവര്‍ സ്മാഡോ ലാബ്സ് എന്ന സ്റ്റാര്‍ട് അപ് സംരംഭം തുടങ്ങി.
കൊച്ചിക്കാരനായ അഷിനും തൃശൂര്‍ ഇരിങ്ങാലക്കുടക്കാരനായ മിഥുനും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജിഷ്ണുവും പഠിച്ചത് വേവ്വേറെ കോളെജുകളിലാണ്.
“ഞങ്ങള്‍ കോളേജ് മേറ്റ്സോ സ്കൂള്‍ മേറ്റ്സോ ഒന്നുമല്ല,” സ്മാഡോ ലാബ്സ് കമ്പനിയുടെ സി ടി ഒ (ചീഫ് ടെക്നിക്കല്‍ ഓഫീസര്‍) കൂടിയായ ജിഷ്ണു പറയുന്നു. “പല ഇവന്‍റുകളില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വീണ്ടും വീണ്ടും ചില പരിപാടികള്‍ക്കിടെ കണ്ടുമുട്ടി. അത്രയേള്ളൂ.
പക്ഷേ ഞങ്ങള്‍ക്കിടയില്‍ ചില സാമ്യങ്ങളുണ്ടായിരുന്നു.സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു മൂന്നാള്‍ക്കും ഉണ്ടായിരുന്നത്.
“അങ്ങനെ ഞങ്ങള്‍ നല്ല കമ്പനിയായി. പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. … കുറേ ചര്‍ച്ചകള്‍ക്കും പഠനത്തിനുമൊക്കെ ഒടുവിലാണ് പോര്‍ട്ടബിള്‍ ഇ-ബൈക്കിലേക്കെത്തുന്നത്.
“മൂന്നു വര്‍ഷം മുന്‍പാണ് ബൈക്ക് നിര്‍മാണമൊക്കെ ആരംഭിക്കുന്നത്. സാധാരണ വൈദ്യുതിയില്‍ ചാര്‍ജ് ചെയ്ത് ഓടിക്കുന്ന സ്കൂട്ടറൊക്കെയുണ്ടല്ലോ. ആറു മണിക്കൂര്‍ ചാര്‍ജ് ചെയ്താലും മുപ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ അതൊക്കെ ഓടിക്കാനാകൂ.”
“ഇതായിരുന്നു ഞങ്ങള്‍ നേരിട്ട പ്രശ്നവും. ആ കുറവ് പരിഹരിച്ചാകണം ബൈക്ക് ഇറക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചു,” കമ്പനിയുടെ സിഇഒ മിഥുന്‍ വി.ശങ്കര്‍ പറയുന്നു. ” ഇതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇതിന്‍റെ പഠനങ്ങളും അന്വേഷണങ്ങളുമൊക്കെ ആരംഭിക്കുന്നത്.
ഇതുകൂടി വായിക്കാം: വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍
“ആറു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ ദൂരം മാത്രം വരെ ഓടിക്കാന്‍ സാധിച്ചിരുന്ന ഇലക്ട്രിക് സൈക്കിളുകള്‍ക്കിടയിലേക്കാണ് രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം ഓടിക്കാവുന്ന, അതും കൈയില്‍ കൊണ്ടുനടക്കാവുന്ന ഇ-ബൈക്ക് ഞങ്ങളുണ്ടാക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് പോര്‍ട്ടബിള്‍ ഇ-ബൈക്ക് ഉണ്ടാക്കുന്നത്,” മിഥുന്‍ കൂട്ടിച്ചേര്‍ത്തു.
ആല്‍ഫ 1, ആല്‍ഫ പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ബൈക്കിന്‍റെ പാര്‍ട്സുകള്‍ പലയിടത്തു നിന്നു കൊണ്ടുവന്നു കളമശ്ശേരിയിലെ ഞങ്ങളുടെ ടെസ്‍ല (TEZLAA) കമ്പനിയിലാണ് യോജിപ്പിക്കുന്നത്. ഊരിയെടുക്കാവുന്ന ബാറ്ററിയാണ് ഇതിനുള്ളത്. ഓടിക്കാത്ത നേരങ്ങളില്‍ വീടിനകത്തോ ഓഫിസിലോ എവിടെ വേണമെങ്കിലും ഇതു ചാര്‍ജ് ചെയ്യാനിടാവുന്നതാണെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മിഥുന്‍ വിശദീകരിച്ചു.
ഇലക്ട്രിക് മോഡിലല്ലാതെ സാധാരണ സൈക്കിള്‍ ചവിട്ടുന്നതുപോലെയും ഉപയോഗിക്കാം. ജിഷ്ണു കൂട്ടിച്ചേര്‍ക്കുന്നു : ” ആളുകള്‍ക്ക് ഇന്നും സൈക്കിളിനോട് ഒരിഷ്ടം കൂടുതലുണ്ടല്ലോ. ബൈക്കും കാറുമൊക്കെ അന്തരീക്ഷ മലിനീകരണവും അരോഗ്യപ്രശ്നങ്ങളുമൊക്കെയുണ്ടാക്കുന്നുണ്ട്.
“സൈക്കിള്‍ ചവിട്ടുന്നത് നല്ലൊരു വ്യായാമം കൂടിയല്ലേ. ഗതാഗതപ്രശ്നവും മലിനീകരണവും ഒന്നും അതിനില്ല. വീണ്ടും പഴയൊരു സൈക്കിള്‍ സംസ്കാരത്തിലേക്ക് ആളുകള്‍ എത്തുകയാണെങ്കില്‍ നല്ലതല്ലേ. അതിന് ഞങ്ങളുടെ പോര്‍ട്ടബിള്‍ ബൈക്ക് കൊണ്ടാകും.”
ആല്‍ഫ 1-ഉം ആല്‍ഫ പ്രോയും മൂന്നു തരത്തില്‍ ഉപയോഗിക്കാം.
നോര്‍മല്‍ സൈക്കിള്‍ മോഡില്‍ സാധാരണ സൈക്കിള്‍ ചവിട്ടുന്ന പോലെ നമുക്ക് ഈ പോര്‍ട്ടബിള്‍ ഇ-ബൈക്ക് ഓടിക്കാം.
രണ്ടാമത്തെ മോഡില്‍ സാധാരണ മോട്ടോര്‍ ബൈക്ക് പോലെ ഓടിച്ചു പോകാം. ചവിട്ടേണ്ട ആവശ്യമില്ല. മൂന്നാമത്തേത് പെഡല്‍ അസിസ്റ്റന്‍റ് മോഡാണ്. ഇതില്‍ പതിയെ ചവിട്ടിയാല്‍ മതി ബാക്കി ഇലക്ടിക് മോഡില്‍ നീങ്ങിക്കോളും. “പ്രായമായവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ള സൈക്കിള്‍ ചവിട്ടാന്‍ പാടില്ലാത്തവരില്ലേ അവര്‍ക്ക് വേണ്ടിയാണിത്. മറ്റൊരു സൗകര്യം കൂടിയുണ്ട് ഈ ബൈക്കില്‍,” ജിഷ്ണു തുടരുന്നു.
പേരന്‍റ് കണ്‍ട്രോള്‍ മോഡ് എന്നാണതിന്‍റെ പേര്. വണ്ടിയുടെ വേഗത മുന്‍കൂട്ടി തീരുമാനിക്കാവുന്ന സൗകര്യമാണിത്.
“അധിക വേഗത്തില്‍ ബൈക്ക് ഓടിക്കേണ്ടെന്നൊക്കെ പറഞ്ഞാലും പലരും വേഗത്തില്‍ വണ്ടിയോടിക്കും. അതിനെ കുറ്റം പറയാനൊക്കില്ല. പക്ഷേ എത്ര വേഗത്തില്‍ ഈ വണ്ടി ഓടിക്കണമെന്നു മുന്‍ക്കൂട്ടി തീരുമാനിക്കാവുന്ന പേരന്‍റ് കണ്‍ട്രോള്‍ മോഡിലൂടെ മക്കളുടെ വണ്ടിയുടെ വേഗത രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം.”
ആല്‍ഫ 1, ആല്‍ഫ 1 പ്രോ തമ്മില്‍ വിലയില്‍ വ്യത്യാസമുണ്ടെങ്കിലും സൗകര്യങ്ങളില്‍ വലിയ വ്യത്യാസമില്ല. രണ്ടും പോര്‍ട്ടബിളാണ്, രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം.
“പക്ഷേ ആല്‍ഫ 1-ന് 49,500 രൂപയും ആല്‍ഫ 1 പ്രോയ്ക്ക് 69,500 രൂപയുമാണ്. സാധാരണക്കാര്‍ക്ക് കൂടി വാങ്ങാവുന്ന തരത്തില്‍ വേണമെന്നുള്ളത് കൊണ്ടാണ് രണ്ട് വിലയില്‍ വില്‍ക്കുന്നത്. ക്വാളിറ്റിയും ഡിസൈനും ഒന്നു തന്നെയാണ്,” എന്ന് ജിഷ്ണു.
ഇതുകൂടി വായിക്കാം: സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്‍റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍
” കിലോമീറ്ററിന്‍റെ കണക്കില്‍ മാത്രം രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആല്‍ഫ 1 രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്ററും ആല്‍ഫ 1 പ്രോ അത്രയും സമയം തന്നെ ചാര്‍ജ് ചെയ്താല്‍100 കിലോമീറ്ററും ഓടിക്കാം. ഈ വ്യത്യാസമേയുള്ളൂ. വിലയില്‍ കുറവുണ്ടായാലും ക്വാളിറ്റിയില്‍ കുറവുണ്ടാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” എല്ലാവര്‍ക്കും സൈക്കിള്‍ ചവിട്ടാന്‍ ഇഷ്ടമൊക്കെയുണ്ടാകും. പക്ഷേ ഒന്നോ രണ്ടോ കിലോമീറ്റര്‍ ചവിട്ടിക്കഴിയുമ്പോള്‍ മതിയാകും. ക്ഷീണിക്കുമല്ലോ.. എവിടെയെങ്കിലും ദൂരേക്ക് പോകുമ്പോള്‍ സൈക്കിളെടുക്കാന്‍ മടിക്കുന്നതും വെറുതേ കഷ്ടപ്പെടുന്നതെന്തിനാ എന്ന് ആലോചിച്ചാണ്,” എന്നാണ് അഷിന്‍റെ തോന്നല്‍.
” ഈ പോര്‍ട്ടബിള്‍ ബൈക്ക് ആണെങ്കില്‍ കഴിയുന്നത്ര ദൂരത്തില്‍ സൈക്കിള്‍ പോലെ ഉപയോഗിക്കാം. മടുക്കുമ്പോള്‍ മോഡില്‍ മാറ്റം വരുത്തി ബൈക്ക് പോലെ ഓടിച്ചു വരുകയും ചെയ്യാമല്ലോ.”
വ്യായാമം ചെയ്യുന്നവര്‍ക്കും ഇതു പ്രയോജനപ്പെടുത്താമെന്നു ജിഷ്ണു കൂട്ടിച്ചേര്‍ക്കുന്നു. “ഇനീപ്പോ രാവിലെ വ്യായാമത്തിന് വേണ്ടി ഈ ബൈക്ക് സൈക്കിള്‍ മോഡിലിട്ട് ചവിട്ടാം. അതുകഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഓഫിസില്‍ പോകുന്നത് ഇതേ വണ്ടി തന്നെ മോട്ടോര്‍ ബൈക്ക് പോലെ ഉപയോഗിക്കുകയും ചെയ്യാം. ഇതിനിടയില്‍ കൊച്ചിക്കാര്‍ ആണെങ്കില്‍ മെട്രോ ട്രെയ്നില്‍ കയറി പോകുമ്പോള്‍ ഇതു മടക്കിയെടുത്ത് കൂടെ കരുതാം.
” ട്രെയ്ന്‍ ഇറങ്ങിയ ശേഷം വേറെ വണ്ടി അന്വേഷിക്കുകയും വേണ്ട. ഇതൊക്കെ പോര്‍ട്ടബിള്‍ ബൈക്കിന്‍റെ ഗുണങ്ങളാണ്. ഫോള്‍ഡ് ചെയ്യാവുന്ന സൈക്കിളൊക്കെ മെട്രോ ട്രെയ്നില്‍ കയറ്റാന്‍ അനുവാദമുണ്ട്. കാറില്‍ കയറ്റി കൊണ്ടുപോകാം. കൈയില്‍ കൊണ്ടുനടക്കാനുള്ള ഒരു സൗകര്യവുമുണ്ട്.
23 കിലോയാണ് ഇതിന്‍റെ ഭാരം. രണ്ടു പേര്‍ക്ക് സുഖമായി ഈ വണ്ടിയില്‍ സഞ്ചരിക്കാം. 160 കിലോവരെ ഇ-ബൈക്കില്‍ താങ്ങും.
ഇന്ത്യയിലെ ആദ്യ ഫോള്‍ഡിബള്‍ ഇ-ബൈക്ക് എന്ന പ്രത്യേകതയുള്ള ആല്‍ഫയ്ക്ക് ഒരു വര്‍ഷത്തെ റിപ്ലേസ് വാറന്‍റിയും കമ്പനി നല്‍കുന്നുണ്ട്.
” ഞങ്ങളുടെ ഒരു ഐഡിയ ആളുകളിലേക്ക് എത്തിക്കണം, എന്നാല്‍ ആ ആശയം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദവുമാകണം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹവും ലക്ഷ്യവും. …” ജിഷ്ണു പറഞ്ഞു.
സെപ്റ്റംബര്‍ ആദ്യവാരം ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്. ഞങ്ങള്‍ കണക്കാക്കിയ ടാര്‍ഗറ്റ് പൂര്‍ത്തിയായി. നിത്യേന ആയിരക്കണക്കിന് ആളുകളാണ് കമ്പനിയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നത്. പ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു. പ്രീ ഓര്‍ഡറുകളാണ് എടുത്തിരിക്കുന്നത്. നല്ല തുടക്കം തന്നെയാണിതെന്നും ജിഷ്ണു.
സ്മാര്‍ട്ട് ഡിവൈസസ് എന്ന ഒരു കണ്‍സെപ്റ്റിലാണ് ഇവര്‍ കമ്പനിക്ക് സ്മാഡോ എന്നു പേരിട്ടത്. നേരത്തെ ഈ കമ്പനിയുടെ പേരില്‍ ഇവര്‍ മൂവരും ചേര്‍ന്ന് ഒരു ഡോര്‍ ലോക്ക് നിര്‍മിച്ചിരുന്നു. വിദേശത്തുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഡോര്‍ലോക്ക് ഉണ്ടാക്കിയത്.
ഇതുകൂടി വായിക്കാം: 60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍
യുഎസിലായിരുന്നു അതിന്‍റെ വിപണനം. വലിയ നേട്ടം തന്നില്ലെങ്കിലും ഡോര്‍ലോക്കിലൂടെ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നു ആ കൂട്ടുകാര്‍ പറയുന്നു.
വ്യത്യസ്ത കോളെജുകളില്‍ നിന്ന് പല സമയങ്ങളിലാണിവര്‍ പഠിച്ചിറങ്ങിയത്. തൃക്കാക്കരയിലെ മോഡല്‍ എന്‍ജിനീയറിങ് കോളെജില്‍ നിന്നാണ് മിഥുന്‍ പഠിച്ചത്. ജിഷ്ണു കോയമ്പത്തൂരിലെ എന്‍പിടിഎസിലും അഷിന്‍ എറണാകുളം എടത്തലയിലെ കെഎംഇഎയിലുമാണ് എന്‍ജിനിയീറിങ് പഠിച്ചത്. മെക്കാട്രോണിക്സാണ് ജിഷ്ണു പഠിച്ചത്. മിഥുന്‍ സ്ഫോറ്റ്‍വെയര്‍ എന്‍ജിനീയറും അഷിന്‍ മെക്കാനിക്കല്‍ എന്‍ജിനീയറുമാണ്.
ഫോട്ടോകള്‍ക്ക് കടപ്പാട്: Smado Labs
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിങ്ക്