പ്ലാവും തേക്കും ഞാവലുമൊക്കെയായി നൂറിലേറെ മരങ്ങള്‍ നിറ‍ഞ്ഞ കാട്ടില്‍ ഒരു ‘ഹരിതമൈത്രി’ പൊലീസ് സ്റ്റേഷന്‍: പൊലീസുകാര്‍ പോറ്റിവളര്‍ത്തുന്ന കാട്

ഒന്നര ഏക്കറിൽ 150-ലേറെ മരങ്ങളും കുറേ ചെടികളുമുണ്ട്. വലിയ മരങ്ങളൊക്കെ മതിൽക്കെട്ടിനോട് ചേർന്നാണ് വളരുന്നത്. കുറച്ചു ഫലവൃക്ഷങ്ങളും ഇവിടുണ്ട്

ഴയൊരു ഇരുമ്പ് ഗേറ്റ്. മിക്കവാറും ഗേറ്റ് തുറന്നു കിടക്കുകയാകും. മതില്‍ക്കെട്ടിനുള്ളിലേക്ക് നോക്കിയാല്‍ നിറയെ പച്ചപ്പാണ്.. തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളാണ് പറമ്പ് നിറയെ. തുറന്നിട്ട ആ ഗേറ്റിലൂടെ അകത്തേക്ക് നടക്കാം.

ഇരുവശങ്ങളിലും മരങ്ങളും ചെടികളും പുല്ലുമൊക്കെ വളര്‍ന്നു നില്‍ക്കുന്നതിനിടയിലെ പാതയിലൂടെ അകത്തേക്ക് കുറച്ചു ദൂരം നടന്നാല്‍ ഒരു കെട്ടിടം. അതൊരു പൊലീസ് സ്റ്റേഷനാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

ചീവിടുകള്‍ കരയുന്ന ശബ്ദവും ഇടയ്ക്ക് അപൂര്‍വമായി കാക്കകളുടെ കൂട്ടക്കരച്ചിലുമൊക്കെ കേട്ടെന്നു വരാം. ഈ പറമ്പിന്‍റെ ഏതു ഭാഗത്തേക്ക് നോക്കിയാലും എന്തോ ഒരു ശാന്തത തോന്നും.

തൃശ്ശൂര്‍ ജില്ലയിലെ  വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍. മരങ്ങളും ചെടികളും ധാരാളമുള്ള ഒരു സ്റ്റേഷന്‍. പിന്നെ പൊലീസുകാരന്‍ നിര്‍മിച്ച കുഞ്ഞു വെള്ളച്ചാട്ടവുമൊക്കെയുള്ള ഒരു പൊലീസ് സ്റ്റേഷന്‍ ഒരു പക്ഷേ കേരളത്തില്‍ ഇതു മാത്രമേയുണ്ടാകൂ.

ഒന്നര ഏക്കറില്‍ പലതരം മരങ്ങളും കുറേ ചെടികളുമൊക്കെയായി ഈ സ്റ്റേഷനെ മാറ്റിയെടുത്തതും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. പരിസ്ഥിതി ദിനങ്ങളില്‍ തൈകള്‍ നടുന്നതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ട മരങ്ങളെ സംരക്ഷിക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്.

മാസങ്ങള്‍ക്ക് മുന്‍പ് വരന്തരപ്പിള്ളി സ്റ്റേഷനില്‍ നിന്നു പ്രോമോഷന്‍ നേടി കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലേക്ക് പോയ എസ് ഐ രാജന്‍ പറഞ്ഞുതുടങ്ങുകയാണ്. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ ഒരു വനമായി മാറിയ കഥ.

” ഏഴെട്ട് വർഷം മുൻപാണ് ഈ സ്റ്റേഷന്‍റെ മുറ്റത്ത് വൃക്ഷതൈകൾ നട്ടു തുടങ്ങുന്നത്. ഓരോരുത്തരായി ഓരോന്നു നട്ട് നട്ട് ഇത്രയും വലിയൊരു കാടായി മാറി. നിറയെ മരങ്ങളുള്ള പ്രദേശമായിരുന്നു. പിന്നെ ഇത്രയും വർഷം കൊണ്ട് ഓരോന്ന് നട്ട് നട്ട് കാട് പോലെയായി.


 ഞങ്ങള് പൊലീസുകാർ മാത്രമല്ല ഇവിടെ ചെടികളും വൃക്ഷ തൈകളും നട്ടത്.


” ഫോറസ്റ്റ് വകുപ്പിലെ ജീവനക്കാരും നാട്ടുകാരും സ്കൂൾ കുട്ടികളുമൊക്കെ കൂടിയാണ് ഇങ്ങനെയൊരു കാട് തന്നെ ഉണ്ടാക്കിയെടുത്തത്.

”ഒന്നര ഏക്കറിൽ 150ലേറെ മരങ്ങളും കുറേ ചെടികളുമുണ്ട്. വലിയ മരങ്ങളൊക്കെ മതിൽക്കെട്ടിനോട് ചേർന്നാണ് വളരുന്നത്. കുറച്ചു ഫലവൃക്ഷങ്ങളും ഇവിടുണ്ട്. പ്ലാവും മാവും പേരയുമൊക്കെയുണ്ട്.

” ഇതൊക്കെ നല്ല കായ്ഫലങ്ങളും തരാറുണ്ട്. ഇടയ്ക്ക് ഇതൊക്കെ ലേലത്തിന് വിറ്റിട്ടുണ്ട്. അല്ലാതെയുള്ള ചക്കയും മാങ്ങയുമൊക്കെ കുറേയൊക്കെ ഇവിടുള്ളവരൊക്കെ കഴിക്കും. പിന്നെ പക്ഷികളും അണ്ണാനുമൊക്കെ കുറേയുണ്ട്. അവര് കഴിക്കും.”


ഇതുകൂടി വായിക്കാം: രണ്ട് മണിക്കൂര്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍! മടക്കിയെടുക്കാം, ചവിട്ടിക്കൊണ്ടുപോകാം. ഇന്ത്യയിലെ ആദ്യ പോര്‍ട്ടബിള്‍ ഇ-ബൈക്കുമായി മലയാളി യുവഎന്‍ജിനീയര്‍മാര്‍


പലതരം മാവുകൾ കുറേയുണ്ട്. പ്ലാവും നെല്ലിയും ഞാവലുമൊക്കെയുണ്ട്. ഔഷധസസ്യങ്ങളും വളരുന്നുണ്ട്. ദന്തപ്പാലയും ആര്യവേപ്പും മരുതുമൊക്കെയുണ്ട്. കണിക്കൊന്ന, മന്ദാരം, വാക, ചെമ്പരത്തി.. ഇങ്ങനെ കുറച്ചു ചെടികളും ഈ പറമ്പിൽ വളരുന്നുണ്ട്. പിന്നെ മുളയുണ്ട്. ഇതൊക്കെ പരിചരിക്കുന്നതും സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെയാണെന്നും രാജൻ പറയുന്നു.

”ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് ഓഫിസും ഇവിടെ തന്നെയാണ്. അവരും വൃക്ഷതൈകൾ നടാനും മറ്റും വരും. എല്ലാ പരിസ്ഥിതി ദിനങ്ങളിലും തൈകൾ നടാറുണ്ട്. സ്കൂളുകളിൽ നിന്നൊക്കെ കുട്ടികളും ചില സംഘടനകളുമൊക്കെ നട്ടുപിടിപ്പിച്ച തൈകളാണ് ഈ വളർന്നു നിൽക്കുന്നത്.

പരിസ്ഥിതി ദിനത്തില്‍ വ‍ൃക്ഷതൈ നടുന്നു

”ഇവിടെയുള്ളവരുടെ സഹായത്തോടെയാണ് ഇതൊക്കെ നടുന്നത്. വൃക്ഷതൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്‍റെ യൊക്കെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്ന കാലം കൂടിയല്ലേ.. ആരും എതിർപ്പൊന്നും പറഞ്ഞിട്ടില്ല.

”വേനലാകുമ്പോൾ ഇവിടെ ജലക്ഷാമമുണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ നട്ട തൈകളൊക്കെ ഉണങ്ങിപ്പോയിട്ടുണ്ട്.


വെള്ളം കുറവുള്ള ഇടമാണ്. കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.


” ക്വാര്‍ട്ടേഴ്സുണ്ടല്ലോ… എന്നും ചെടിയൊക്കെ നനയ്ക്കാന്‍ വെള്ളമെടുത്താല്‍ അവിടെ താമസിക്കുന്നവര്‍ക്കും കൂടി ബുദ്ധിമുട്ടാകും. എന്നും കൃത്യമായി ചെടിയില്‍ വെള്ളമൊഴിക്കലൊക്കെ നടക്കാറില്ല. ഉണങ്ങലൊന്നും എപ്പോഴുമില്ല.. പക്ഷേ കുറച്ചു ജലക്ഷാമം ഉള്ള ഇടമാണിത്.

” ഇവിടെ അടുത്തൊരു പുഴയുണ്ട്. ഇടയ്ക്കൊക്കെ അവിടെ ബണ്ട് കെട്ടാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ വെള്ളം കൂടുതലായിരിക്കും. പിന്നെ മഴയെങ്ങാനും കൂടിയാല്‍ പുഴയൊക്കെ നിറഞ്ഞ് ബണ്ട് തകരുന്ന അവസ്ഥയുമുണ്ടാകും. കഴിഞ്ഞ പ്രളയം നല്ല പോലെ ബാധിച്ച ഇടമാണിത്. സ്റ്റേഷനകത്ത് വെള്ളം കയറിയില്ല. മരങ്ങള്‍ക്കൊന്നും വലിയ നാശങ്ങളൊന്നും സംഭവിച്ചുമില്ല.


 ഇത്രയും സ്ഥലത്ത് കുറേ മരങ്ങളൊക്കെ നില്‍ക്കുന്നത് കാണാന്‍ തന്നെ രസമല്ലേ.


” പൊതുസ്ഥലത്ത് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ആളുകള്‍ കാണാനൊക്കെ വരും. സ്റ്റേഷനിലും കാണാനൊക്കെ ആളുകള്‍ വന്നിട്ടുണ്ട്.

” പഴയ സ്റ്റേഷന്‍ പൊളിച്ച് പുതിയ കെട്ടിടം നിര്‍മിച്ചിട്ടിപ്പോള്‍ 12 വര്‍ഷമായി. അതുകൊണ്ട് തത്ക്കാലം സ്റ്റേഷന്‍ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. നല്ല സൗകര്യമുള്ള സ്റ്റേഷനാണിത്. ആ പേരില്‍ മരങ്ങളൊന്നും മുറിക്കേണ്ടി വരില്ല.

” ഈ പറമ്പില്‍ ഒരു ഫ്ലാറ്റ് വരാന്‍ സാധ്യതയുണ്ട്. പൊലീസുകാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സില്ലേ.. അങ്ങനെ ഒരു ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. പക്ഷേ അതിലൊന്നും തീരുമാനം വന്നിട്ടില്ല. മാത്രമല്ല മരങ്ങള്‍ അധികമില്ലാത്ത ഒരിടത്താണ് ഫ്ലാറ്റിനുള്ള സ്ഥലം കണ്ടിരിക്കുന്നത്. ഈ മരങ്ങളെ വെട്ടി നശിപ്പിക്കേണ്ടി വരില്ലെന്നു പ്രതീക്ഷിക്കാം.


ഇതുകൂടി വായിക്കാം: 11,500 അടി ഉയരത്തിലെ തണുത്ത മരുഭൂമിയില്‍ മരങ്ങള്‍ നട്ട് ദാരിദ്ര്യം മാറ്റിയ കര്‍ഷകന്‍


” മരങ്ങള്‍ മാത്രമല്ല ചെറിയൊരു വെള്ളച്ചാട്ടമൊക്കെ നിര്‍മിച്ചിട്ടുണ്ട്. ശില്‍പങ്ങളുണ്ടാക്കാനുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു പരീക്ഷണം നടത്തിയത്.”

സിവില്‍ പൊലീസുകാരനായിരിക്കുന്ന നാളില്‍ രാജനാണ് ശില്‍പങ്ങളൊക്കെ നിര്‍മിച്ചത്. ”കൊക്കും താറാവുമൊക്കെയുള്ള ഒരു കൊച്ചു വെള്ളച്ചാട്ടം. പിന്നെ വേറെ കുറച്ചു ശില്‍പങ്ങളും ഈ പറമ്പില്‍ പണിതിരുന്നു. ചെടികള്‍ നടുന്നതിനോടും ശില്‍പ്പങ്ങളുണ്ടാക്കുന്നതിനോടുമുള്ള ഇഷ്ടം കൊണ്ടുമാത്രം ചെയ്തതാണെന്നു രാജന്‍ പറയുന്നു.

എസ് ഐ രാജന്‍

വരന്തരപ്പിള്ളി സ്റ്റേഷനില്‍ നിന്നു എസ് ഐയായി പ്രോമോഷന്‍ കിട്ടിയാണ് രാജന്‍ ട്രാന്‍സ്ഫറാകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലാണിപ്പോള്‍. ഇവിടെ സ്ഥലപരിമിതിയുണ്ട്. ചെടികളൊന്നും നടാനുള്ള സൗകര്യമൊന്നുമില്ല. ആലപ്പുഴ കലവൂര്‍ സ്വദേശിയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം