11,500 അടി ഉയരത്തിലെ തണുത്ത മരുഭൂമിയില്‍ മരങ്ങള്‍ നട്ട് ദാരിദ്ര്യം മാറ്റിയ കര്‍ഷകന്‍

താഷിക്ക് 15 വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ഏഴ് സഹോദരങ്ങള്‍ക്ക് പുറമെ അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു വീട്ടില്‍. അവരെയെല്ലാം പോറ്റേണ്ട ബാധ്യത താഷിയുടെ ചുമലിലായി.

സെ താന്‍ ദോല്‍കര്‍ ഇപ്പോഴും ഓര്‍ക്കുന്നു,  ലഡാക്കില്‍ നിന്നും മാറി സക്തി ഗ്രാമത്തിലെ മരവീട്ടില്‍ ചെലവിട്ട മരംകോച്ചുന്ന മഞ്ഞുകാലങ്ങള്‍. കട്ടിക്കമ്പിളിപ്പുതപ്പിനുള്ളിലേക്കും തണുപ്പ് ഇരച്ചുകയറും. വീട്ടിനുള്ളിലെ ബുഖാരിക്ക് ചുറ്റും എല്ലാവരും ചടഞ്ഞുകൂടിയിരിക്കും.

വീടിനകം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം ചൂളയാണ് ബുഖാരി. ആ ചൂടുവട്ടത്തില്‍ തണുപ്പകറ്റാനിരിക്കുമ്പോള്‍ അവരെല്ലാവരും അപ്പൂപ്പനെ പുകഴ്ത്താറുണ്ട്. വിറക് സമൃദ്ധമായി കിട്ടാന്‍ ഇടയാക്കിയതിന്. ഒരു ദാക്ഷിണ്യവുമില്ലാത്ത മഞ്ഞുകാലം കടക്കാന്‍  വിറകില്ലെങ്കില്‍ കഴിയുമായിരുന്നില്ല. ആ വീട്ടില്‍ പക്ഷേ, വിറകിനൊരു ക്ഷാമവും ഇല്ലായിരുന്നു.

അന്നൊന്നും സെതാന് അവര്‍ അപ്പൂപ്പനെപ്പറ്റി പറയുന്നതിന്‍റെ ശരിക്കുള്ള വില മനസ്സിലായിരുന്നില്ല. കാരണം, വീട്ടില്‍ നിന്ന് നാട്ടുകാര്‍ക്കും അടുത്തുള്ള ബുദ്ധഭിക്ഷുക്കളുടെ മഠത്തിലേക്കും വൃദ്ധസദനത്തിലേക്കുമൊക്കെ മഞ്ഞുകാലത്ത് വിറക് ആവശ്യത്തിന് കൊടുത്തുവിടുന്നത് ചെറുപ്പം മുതലേ അവള്‍ കണ്ടിട്ടുണ്ട്.

സെതാന്‍ ദോല്‍ക്കര്‍ അപ്പൂപ്പന്‍ താഷിയോടൊപ്പം

“ചുറ്റും മരങ്ങള്‍ ഇഷ്ടം പോലെയുണ്ടായിരുന്നു, അന്ന്. അതുകൊണ്ട് എന്‍റെ അപ്പൂപ്പന്‍ എത്ര കഷ്ടപ്പെട്ടാണ് അവയെല്ലാം വളര്‍ത്തിയെടുത്തത് എന്ന് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ ഞങ്ങളുടെ തോട്ടത്തിലേക്ക് കയറിവരുന്ന ആടുകളേയൊക്കെ ഞാന്‍ ഓടിച്ചുവിടുമായിരുന്നു. പിന്നെ, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും സഹായിക്കുമായിരുന്നു. വളര്‍ന്നപ്പോഴാണ് എനിക്ക് അപ്പൂപ്പന്‍ ജീവിതകാലം മുഴുവനും ചെയ്ത ആ കാര്യത്തിന്‍റെ  ശരിക്കുള്ള ഗുണം മനസ്സിലായത്. പ്രത്യേകിച്ചും, എന്‍റെ മാതാപിതാക്കള്‍ വീടുപണിയാന്‍ തുടങ്ങിയപ്പോള്‍.


മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? ദ് ബെറ്റര്‍ ഇന്‍ഡ്യ ഷോപ്പില്‍ നിന്നും  HDPE ഗ്രോബാഗുകള്‍ വാങ്ങാം. 


“പറമ്പിലെ മരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ വീടുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ ഇറക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വന്നേനെ. അന്നാണ് അപ്പൂപ്പനോട് അതിനെപ്പറ്റി ചോദിച്ചറിയണമെന്ന് എനിക്ക് തോന്നുന്നതുതന്നെ,'” ഇപ്പോള്‍ ഭൂമിശാസ്ത്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ദോല്‍ക്കല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന ലഡാക്കില്‍ നിന്നും പിന്നെയും കിഴക്കോട്ട് പോവണം സെതാന്‍റെ ഗ്രാമമായ സക്തിയിലെത്താന്‍.

സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് അമ്പത് വര്‍ഷത്തിലേറെക്കാലമെടുത്ത് 84 കാരനായ താഷി പാംബര്‍ സിയാസര്‍ നട്ടുപിടിപ്പിച്ചത് നാലായിരത്തോളം മരങ്ങളാണ്. വില്ലോ, പോപ്ലാര്‍ അങ്ങനെയുള്ള മരങ്ങള്‍… എല്ലാ മരങ്ങളും ആ കാലാവസ്ഥയില്‍ പിടിക്കില്ല. ഇതുതന്നെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയെടുത്തത്. പല മരങ്ങളുടെയും മൂന്നും നാലും തലമുറകളുണ്ടിവിടെ.

ഈ മരത്തിന്‍റെ തടികൊണ്ടാണ് അവിടങ്ങളിലെല്ലാം വീടുകള്‍ ഉണ്ടാക്കുന്നത്.

പരമ്പരാഗതമായി വീടുകളുടെ മേല്‍ക്കൂരയ്ക്കായി കമ്പുകളും ഉപയോഗിക്കും. ഈ മേല്‍ക്കൂരയെ താല്‍ബു എന്നാണ് പറയുക.

ലഡാക്ക്… ഫോട്ടോ. Pixabay.com

“അയല്‍ക്കാരൊക്കെ എന്‍റെ കയ്യില്‍ നിന്ന് തൈകള്‍ വാങ്ങിക്കൊണ്ടുപോകും… ഞാനവരെ പ്രോത്സാഹിപ്പിക്കും. കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് തൈ പിടിച്ചുകിട്ടി വളര്‍ന്നാല്‍ അത് അവര്‍ക്ക് ശരിക്കൊരു വരുമാനമാര്‍ഗ്ഗം കൂടിയാവും. വര്‍ഷം തോറും വിളവെടുക്കുന്ന കൃഷി പോലെയല്ല ഇത്. അതുമനസ്സിലാക്കി ഒരു പാട് പേര്‍ ഈ മരങ്ങള്‍ വളര്‍ത്താന്‍ തുടങ്ങി,” താഷി പറയുന്നു.

ഏറെ കഷ്ടപ്പാടുകള്‍ക്കിടയിലേക്കാണ് താഷി ജനിച്ചുവീണത്. ലേ-യില്‍ നിന്നും 45 കിലോമീറ്റര്‍ മാറി സക്തി ഗ്രാമത്തില്‍ 1936-ല്‍ ആണ് അദ്ദേഹത്തിന്‍റെ ജനനം. വീട്ടിലെ എട്ടുമക്കളില്‍ മൂത്തയാളായിരുന്നു.


താഷിക്ക് 15 വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ഏഴ് സഹോദരങ്ങള്‍ക്ക് പുറമെ അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു വീട്ടില്‍. അവരെയെല്ലാം പോറ്റേണ്ട ബാധ്യത താഷിയുടെ ചുമലിലായി.


“വലിയ കുടുംബം പോറ്റാന്‍ ഞാന്‍ ശരിക്കും പാടുപെട്ടു. ചില ദിവസങ്ങളില്‍ വിറകും ഉണക്കച്ചാണകവും ശേഖരിക്കുന്നതിന് വീട്ടിലെ എല്ലാവരും ഒരുമിച്ചിറങ്ങും. അടുത്ത വീടുകളില്‍ കല്യാണമോ മറ്റ് ചടങ്ങുകളോ ഉണ്ടെങ്കില്‍ പാകം ചെയ്യുന്നതിനുള്ള വിറക് ശേഖരിക്കാന്‍ അയല്‍വീട്ടുകാര്‍ ഞങ്ങളെ വിളിക്കുമായിരുന്നു,” താഷി ഓര്‍ക്കുന്നു.

താഷി പാംബര്‍ സിയാസര്‍ (ഇടത്ത്) സെതാന്‍ ദോല്‍ക്കര്‍, താഷിയുടെ ഭാര്യ ഷെറിങ്ങ് ദോല്‍ക്കര്‍

ഈ മരങ്ങളെല്ലാം നട്ടുവളര്‍ത്തുമ്പോള്‍ താഷിക്ക് അറിയില്ലായിരുന്നു, അദ്ദേഹം പ്രകൃതിയെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുകയാണ് എന്ന്. വീടുപോറ്റുന്നതിനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു അത്.

“അന്നൊക്കെ അരുവികളില്‍ നിന്ന് വെള്ളം തിരിച്ചുവിടുന്നതൊന്നും വലിയ പ്രശ്‌നമായിരുന്നില്ല. അതുകൊണ്ട് മരത്തൈകള്‍ നടുന്നതിനും നനയ്ക്കുന്നതിനും ഞങ്ങള്‍ക്ക് വെള്ളത്തിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടേയില്ല,'”താഷി തുടരുന്നു. “പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനറി്ഞ്ഞത് മരങ്ങള്‍ നടുന്നതും പച്ചപ്പ് നിലനിര്‍ത്തുന്നതുംകൊണ്ട് കൂടുതല്‍ ശുദ്ധവായു ഉണ്ടാകും എന്നൊക്കെ,” ഒറ്റപ്പല്ലുപോലും ഇല്ലാത്ത മോണ കാട്ടി താഷി ചിരിക്കുന്നു.

മരങ്ങള്‍ നടാന്‍ തുടങ്ങുന്നത് മുപ്പതുവയസ്സൊക്കെയുള്ളപ്പോഴാണെന്ന് അദ്ദേഹം പറയുന്നു. അക്കാലത്ത് ഗ്രാമത്തില്‍ അവിടവിടെയായി പച്ചപ്പിന്‍റെ ചെറിയ തുരുത്തുകള്‍ മാത്രമേയുള്ളൂ. അതും ചില വീട്ടുകാരുടേതായിരുന്നു. “എന്‍റെ ഒരു കസിന്‍റെ പറമ്പില്‍ കുറച്ചുമരങ്ങള്‍ ഉണ്ടായിരുന്നു. അവനാണ് എനിക്ക് കുറച്ച് തൈകള്‍ ഫ്രീയായി തന്നത്.”

 കുതിരപ്പുറത്ത് കെട്ടിവെച്ച് കൊണ്ടുപോയാണ് താഷി പലയിടത്തായി തൈകള്‍ നട്ടുവെയ്ക്കാന്‍ തുടങ്ങിയത്.

താഷി പാംബര്‍ തണുത്ത മരുഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍.

“പിന്നീട് ആ പണി നിര്‍ത്തിയില്ല. അടുത്തു്ള്ള ഗ്രാമങ്ങളില്‍ നിന്നും തൈകള്‍ കൊണ്ടുവന്ന് നട്ടു. ഒരുഘട്ടത്തില്‍ വനംവകുപ്പില്‍ നിന്നും തൈകള്‍ ശേഖരിച്ചു. മരം നടുന്നത് അവര്‍ പ്രോത്സാഹിക്കുന്ന കാലമായിരുന്നു അത്. ഒരു തൈനട്ടുവളര്‍ത്തുന്നതിന് എനിക്കവര്‍ 50 പൈസ വെച്ചുതന്നു. വനംവകുപ്പില്‍ നിന്നെനിക്ക് 4,000 രൂപയും തന്നു, മരക്കൂട്ടത്തിനുചുറ്റും മതിലുകെട്ടി സംരക്ഷിക്കാന്‍. ആടും മറ്റും കയറി തൈകള്‍
തിന്നുനശിപ്പിക്കാതിരിക്കാനായിരുന്നു അത്.

“തൈകള്‍ മാത്രമല്ല, ചെറിയ കമ്പുകളിലെ തളിരിലകളും ആടുകള്‍ തിന്നുനശിപ്പിക്കുമായിരുന്നു. കമ്പുകളും ഇലകളും ചീന്തിയെടുത്താണവ തിന്നുക, അപ്പോള്‍ അതെല്ലാം നശിച്ചും മുരടിച്ചുംപോകും. അന്നൊക്കെ എല്ലാ വിട്ടിലും ആടുകള്‍ ഉണ്ടായിരുന്നു,” അദ്ദേഹം തുടരുന്നു.


ഇതുകൂടി വായിക്കാം:ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


ഒറ്റയ്ക്കുതുടങ്ങിയ താഷിയുടെ മരംനടല്‍ പരിപാടി പതിയെ വീട്ടുകാരെല്ലാവരും ഏറ്റെടുത്തു. തൈകള്‍ നടുന്നതിന് കൂലിക്ക് ആളെ വെയ്ക്കുന്നതൊന്നും ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. താഷിക്കും ഭാര്യയ്ക്കും അവരുടെ എട്ട് മക്കള്‍ക്കും മരത്തൈകള്‍ക്ക് വെള്ളം നനയ്ക്കലും ആടുതിന്നാതെ അവ സംരക്ഷിക്കലും ഒരു ജോലിയായി മാറി.

തൈകള്‍ മാത്രമല്ല, ചെറിയ കമ്പുകളിലെ തളിരിലകളും ആടുകള്‍ തിന്നുനശിപ്പിക്കുമായിരുന്നു. ലഡാക്കില്‍ മേയുന്ന ആട്ടിന്‍പറ്റങ്ങള്‍. (Image for representation only. ഫോട്ടോ. Pixabay.com)

“ഇന്നവര്‍ അതിന്‍റെ ഗുണം അനുഭവിക്കുകയാണ്. ഇന്ന് വീടുവെയ്ക്കുന്നതിനോ മഞ്ഞുകാലങ്ങളില്‍ വിറകിനോ അവര്‍ക്ക് മറ്റെവിടെയും പോവേണ്ട കാര്യമില്ല. ഇന്നെന്‍റെ മക്കളൊക്കെ കുടുംബമായി, കുട്ടികളും പേരക്കുട്ടികളുമൊക്കെയായി പലവീടുകളിലേക്ക് പിരിഞ്ഞു. എങ്കിലും അവര്‍ക്കെല്ലാമുള്ള മരവും വിറകും ഇവിടെ നിന്നുകിട്ടും,” അദ്ദേഹം പറയുന്നു.

സെതാന് അപ്പൂപ്പന്‍റെ ഹരിത ദൗത്യം ശരിക്കും പ്രചോദനമായി. “ആലോചിച്ചുനോക്കുമ്പോള്‍ അത് വലിയൊരു അതിശയമാണ്. ഒരു സാധാരണ കര്‍ഷകന്‍ സ്വന്തം അധ്വാനം കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി നല്‍കിയത്… ഞങ്ങളുടെ ഗ്രാമങ്ങളില്‍ ആദ്യമായി കാബേജും കോളിഫ്‌ളവറും, കാരറ്റും ഗ്രീന്‍പീസും വിളയിച്ച കര്‍ഷകരിലൊരാളായിരുന്നു അപ്പൂപ്പന്‍.

“ലഡാക്കിന്‍റെ കിഴക്കന്‍ പ്രദേശത്താണ് ഞങ്ങളുടെ ഗ്രാമം. ഇത്രയും ഉയരത്തില്‍, കൊടുംതണുപ്പില്‍ ഇതെല്ലാം കൃഷിചെയ്യാന്‍ കഴിയില്ല എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.

ഇന്ന് ഗ്രീന്‍ പീസ് ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ് സക്തി,” സെതാന്‍ പറയുന്നു.

താഷി പാംബര്‍ തണുത്ത മരുഭൂമിയില്‍ നട്ടുവളര്‍ത്തിയ തോട്ടം.

താഷി ഇന്നും പേരക്കുട്ടികള്‍ക്ക് മരങ്ങളെപ്പറ്റിയും നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നന്നായി പറഞ്ഞുകൊടുക്കുന്നുണ്ട്.

“നടാന്‍ തെരഞ്ഞെടുക്കുന്ന തൈകള്‍ക്ക് എത്ര നീളം ഉണ്ടായിരിക്കണം, എത്ര ആഴത്തില്‍ കുഴികളെടുക്കണം എന്നൊക്കെ അപ്പൂപ്പന്‍ എനിക്ക് പറഞ്ഞുതന്നു. താഴെയുള്ള പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ കാലമെടുക്കും ഞങ്ങളുടെ ഗ്രാമത്തില്‍ ഈ മരങ്ങള്‍ വളരാന്‍ എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതുകൊണ്ട് ഒരു ഗുണമുണ്ട്. കൂടുതല്‍ വര്‍ഷം എടുത്തുവളരുന്നുകൊണ്ട് ഇവിടെയുള്ള മരങ്ങളെല്ലാം നല്ല കരുത്തുള്ളവയാണ്,” സെതാന്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: 2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍


ഈ മരത്തോട്ടങ്ങള്‍ ഇനിയും വികസിപ്പിക്കുന്നതിനെക്കുറിച്ച് താഷി പാംബര്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ഒന്നാമതായി ഇപ്പോള്‍ പണ്ടത്തേപ്പോലെ മരത്തിന് അത്രയൊന്നും ആവശ്യമില്ല. പിന്നെ വെള്ളം നനയ്ക്കാനും ആടുകള്‍ തിന്നുപോവാതെ നോക്കാനൊക്കെ ആര്‍ക്കാണ് നേരം എന്ന് അദ്ദേഹം ചോദിക്കുന്നു. ചെറുപ്പക്കാരൊക്കെ സ്വന്തം ബിസിനസ്സോ സര്‍ക്കാര്‍ ജോലിയോ ഒക്കെയായി തിരക്കിലാണ്, അദ്ദേഹം പറയുന്നു. നോക്കാനാളില്ല, പിന്നെ വെള്ളത്തിന്‍റെ പ്രശ്‌നവുമുണ്ട്.

താഷി പാംബര്‍ തണുത്ത മരുഭൂമിയില്‍ നട്ടുവളര്‍ത്തിയ തോട്ടം.

“അധ്വാനവും അര്‍പ്പണവുമുണ്ടെങ്കില്‍ എ്ന്തും സാധിക്കുമെന്ന് പറയുമല്ലോ… അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് അപ്പൂപ്പന്‍. ഒരുകാര്യം കൂടിയുണ്ട്. ഈ മരങ്ങള്‍ നടുന്നത് അപ്പൂപ്പനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വരുമാനം നല്‍കുന്ന മാര്‍ഗം കൂടിയായിരുന്നു. അതോടൊപ്പം പ്രകൃതിയെക്കൂടി പോഷിപ്പിച്ചു. എന്‍റെ അച്ഛന്‍ ഇന്‍ഡ്യന്‍ സൈന്യത്തിലായിരുന്നു 33 വര്‍ഷം. മൂന്ന് വര്‍ഷം മുമ്പാണ് വിരമിച്ചത്. എന്‍റെ അച്ഛനും അമ്മയും ഇപ്പോഴും മരങ്ങള്‍ നടുന്നുണ്ട്. ഇടയ്‌ക്കെല്ലാം ഞാനും അവരോടൊപ്പം ചേരും,” സെതാന്‍ പറഞ്ഞു.

ഇനി മരംനടാനൊന്നും ആളെക്കിട്ടില്ലെന്ന തോന്നലൊക്കെ ഉണ്ടെങ്കിലും താഷിക്ക് പൂര്‍ണമായും പ്രതീക്ഷ നശിച്ചിട്ടില്ല. “എന്തൊക്കെയായാലും മരങ്ങള്‍ നടുന്നത് ഒരു മഹത്തായ കാര്യമാണ്. ഇപ്പോ പണ്ടത്തെപ്പോലെയല്ലല്ലോ. സാധനങ്ങള്‍ കൊണ്ടുപോകാനൊക്കെ എളുപ്പമല്ലേ. പിന്നെ, വെള്ളമെത്തിക്കാനും അന്നത്തെപ്പോലെ ബുദ്ധിമുട്ടൊന്നുമില്ല. തൊഴിലുറപ്പ് പദ്ധതി പോലുള്ള സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. വേണമെങ്കില്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ മരങ്ങള്‍ വ്യാപകമായി നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ. മാത്രമല്ല, ഇതൊരു ലാഭമുള്ള പരിപാടി കൂടിയാണ്,” താഷി തുടരുന്നു.

ലഡാക്കില്‍ മരംകൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത കെട്ടിടത്തിന്‍റെ മച്ച്

“പ്രകൃതിയ്ക്കുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് മാത്രം പറഞ്ഞാല്‍ പോരാ, മരം നടുന്നത് ഒരു ബദല്‍ ജീവിതമാര്‍ഗ്ഗം കൂടിയാവണം. എന്നാലേ ഈ തണുത്ത മരുഭൂമിയില്‍ പച്ചപ്പുണ്ടാക്കാന്‍ കഴിയൂ,” എന്നാണ് ആ വൃദ്ധകര്‍ഷകന്‍ പറയുന്നത്.


ഇതുകൂടി വായിക്കാം: 550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു


കടുത്ത ദാരിദ്ര്യത്തെയും കഠിനമായ കാലാവസ്ഥയേയും അതിജീവിച്ച് ഈ തണുത്ത മരുപ്പരപ്പില്‍ ആ 84-കാരന്‍റെ ഹരിതദൗത്യം ഏറെ മുന്നോട്ടുപോയിരിക്കുന്നു. എങ്ങനെയും കുടുംബത്തെ പോറ്റാനുള്ള പെടാപ്പാടിനിടയില്‍ അപ്രതീക്ഷിതമായി മരങ്ങള്‍ നട്ടുതുടങ്ങിയ താഷിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് സുസ്ഥിരമാതൃകയായി ഹിമാലയത്തിന്‍റെ ഉയരങ്ങളില്‍ പച്ചവിരിച്ച് നില്‍ക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം