എം.ടെക്കുകാരന്‍റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍

ഈ ചെറിയ ഷോപ്പിലൂടെ ഇത്രയും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഈ രീതിയിലേക്ക് വരികയാണെങ്കില്‍ വലിയ മാറ്റം തന്നെ കൊണ്ടുവരാനാകില്ലേ?

 യറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം. ടെക്ക്, ബാംഗ്ലൂരില്‍ നല്ലൊരു ജോലി. ഇതൊക്കെ മാറ്റിവെച്ച് 31-കാരന്‍ നാട്ടിലെത്തി പലചരക്ക് കച്ചവടം തുടങ്ങി.

ഇതു കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വച്ച് കണ്ണ് മിഴിച്ച് ചോദിക്കും. ഇതെന്താപ്പാ.. എംടെക്ക് വരെ പഠിച്ചത് പലചരക്ക് കച്ചവടം നടത്താനാണോ.

ഇതിന്‍റെയൊക്കെ വല്ല ആവശ്യവുമുണ്ടോയെന്നു അറിയുന്നവരും ഒരു പരിചയമില്ലാത്തവരും വരെ അഭിപ്രായം പറഞ്ഞു കളയും.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

എന്നാല്‍, ഈ എയറോനോട്ടിക്കല്‍ എന്‍ജിനീയറുടെ സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി അത്ര സിംപിളായിട്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല. കേരളത്തില്‍ ഒരു പക്ഷേ ഇങ്ങനെയൊരെണ്ണം ആദ്യത്തേതായിരിക്കാം എന്നാണ് ഈ എം ടെക്കുകാരന്‍ പറയുന്നത്.  കോതമംഗലംകാരന്‍ ബിട്ടു ജോണ്‍ അക്കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്കുന്നു.

ബിട്ടു ജോണ്‍ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍

ബിട്ടു ജോണ്‍ വാഴക്കുളത്തെ വിശ്വജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്ന് നല്ല മാര്‍ക്കോടെ  എം.ടെക്ക് പാസായി ജോലി നേടി. വിവാഹം കഴിച്ചത് ഒരു ഡോക്റ്ററിനെയും. ഡോ. നിഷ ബിട്ടു.

കോലഞ്ചേരിയില്‍ ഡെന്‍റല്‍ ക്ലിനിക്ക് നടത്തുകയാണ് നിഷ. വേണമെങ്കില്‍ എന്‍ജിനീയര്‍ കുപ്പായത്തില്‍ ജീവിക്കാമായിരുന്നു. പക്ഷേ ബിട്ടുവെന്ന 31-കാരന്‍ പപ്പയുടെ പാതയിലൂടെ നടക്കുകയാണ്. അല്‍പം വ്യത്യസ്തമായതാണ് ഈ റൂട്ട് എന്നുമാത്രം.

“പപ്പയ്ക്ക് മാത്രമല്ല പപ്പയുടെ അപ്പനും പലചരക്ക് കച്ചവടമായിരുന്നു. യോഹന്നാന്‍ എന്നാണ് പപ്പയുടെ പേര്. ലില്ലിയാണ് അമ്മ. ഞങ്ങള് രണ്ടാളെയും പഠിപ്പിച്ചതൊക്കെ ഈ വരുമാനത്തിലൂടെയല്ലേ. രണ്ടാള് എന്നു പറഞ്ഞാല്‍ ഒരനിയനുണ്ട്. ടിറ്റു ജോണ്‍, എന്‍ജിനീയറിങ്ങ് കഴിഞ്ഞു.

“ബെംഗളൂരുവിലെ ജോലിക്കിടെ ഒരു യാത്ര പോയി. ലണ്ടനിലേക്കായിരുന്നു യാത്ര.


ആ ഒരു മാസത്തെ യാത്രയാണ് ജോലി ഉപേക്ഷിച്ച് പലചരക്ക് കട ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നത്


“അത് മാത്രമെന്നു പറഞ്ഞു കൂടാ. ലണ്ടനിലെ ആ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആശയം മനസില്‍ നിന്നു പോകുന്നില്ല. അതിനൊപ്പം നാട്ടില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കുമിഞ്ഞുകൂടുന്നതും. പപ്പയെ പോലെ ബിസിനസ് ചെയ്യാനിഷ്ടമായിരുന്നതുമൊക്കെയാണ് ഇവിടേക്കെത്തിച്ചത്. എന്നാല്‍ പിന്നെ ലണ്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് പോലൊരെണ്ണം ആരംഭിക്കാമെന്നു തീരുമാനിച്ചു.

“എര്‍ത്ത്, ഫൂഡ്, ലവ് അതാണ് ആ സൂപ്പര്‍മാര്‍ക്കറ്റ്. വലിയ വലുപ്പം ഒന്നുമില്ല. എന്‍റെ ഷോപ്പിനെക്കാളും ചെറുതാണ്. പക്ഷേ ആ കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് എന്നു പറയുന്ന സാധനമില്ല.

“സൂപ്പര്‍മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കില്ലെന്നോ.. ഞെട്ടിയല്ലേ… എന്‍റെ കടയും ഇങ്ങനെ തന്നെയാണ്.” പ്ലാസ്റ്റിക് വിമുക്ത സൂപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തോടെയാണ് ഈ ചെറുപ്പക്കാരന്‍ പലചരക്ക് കട ആരംഭിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് ബിട്ടു പറയുന്നു.

“7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍ എന്നാണ് എന്‍റെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പേര്. എറണാകുളം കോലഞ്ചേരി മെഡിക്കല്‍ കോളെജിന് അടുത്താണ് ഷോപ്പ്. വന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഒന്നുമല്ല. 500 സ്ക്വയര്‍ ഫീറ്റിലുള്ള ഒരു ഷോപ്പ് അത്രേയുള്ളൂ.

“പക്ഷേ സാധാരണ കടകള്‍ പോലെ ഇവിടെ പ്ലാസ്റ്റിക് കവറുകളിലിരിക്കുന്ന വെളിച്ചെണ്ണയോ മുളകുപ്പൊടിയോ മല്ലിപ്പൊടിയോ അരിപ്പൊടിയോ എന്തിന് കടുക് പോലും ഉണ്ടാകില്ല.

“കടയിലെ 80 ശതമാനം സാധനങ്ങളും പ്ലാസ്റ്റിക് മുക്തമാണ്. ഇവിടെ വാങ്ങാനെത്തുന്നവര്‍ക്കും പ്ലാസ്റ്റിക് കവറുകളില്‍ ഒന്നും നല്‍കില്ല. പ്ലാസ്റ്റിക് വേസ്റ്റിന്‍റെ നല്ലൊരു ശതമാനം കുറയ്ക്കാന്‍ പറ്റിയ ഷോപ്പിങ് രീതിയാണിവിടെയുള്ളത്. നമ്മള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പല ഉത്പന്നങ്ങളുടെയും ലൂസ് ആണിവിടെ വില്‍ക്കുന്നത്.


ഇതുകൂടി വായിക്കാം: രണ്ട് മണിക്കൂര്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍! മടക്കിയെടുക്കാം, ചവിട്ടിക്കൊണ്ടുപോകാം. ഇന്ത്യയിലെ ആദ്യ പോര്‍ട്ടബിള്‍ ഇ-ബൈക്കുമായി മലയാളി യുവഎന്‍ജിനീയര്‍മാര്‍


“ഈ ഷോപ്പ് ആരംഭിച്ചിട്ടിപ്പോള്‍ ആറു മാസമാകുന്നു.  7റ്റു 9 ഗ്രീന്‍ സ്റ്റോര്‍ റീട്ടെയ്ല്‍ ഷോപ്പാണ്. ലണ്ടനിലെ ഡൗണ്‍ ടൗണില്‍ കണ്ട എര്‍ത്ത്, ഫൂഡ്, ലവ് എന്ന ഷോപ്പിന്‍റെ പാറ്റേണ്‍ തന്നെയാണ് ഇവിടെയും കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ അവിടുത്തെ പോലെ എല്ലാ ഐറ്റവും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സാധിച്ചിട്ടില്ല.

“സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിട്ട് ആറു മാസമാകുന്നു. തുടക്കം മുതല്‍ പ്ലാസ്റ്റിക് ഫ്രീയാണ്. മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അരിപ്പൊടികള്‍, റവ, അവല്‍, എണ്ണകള്‍, കടുക്, ജീരകം, ഉള്ളി ഇങ്ങനെ തുടങ്ങി ഇവിടെ ഒട്ടുമിക്ക പലചരക്ക് സാധനങ്ങളും വില്‍ക്കുന്നത് പ്ലാസ്റ്റിക് കവറുകളില്‍ അല്ല.

“ഇതൊക്കെയും ഇവിടെ ലൂസ് ആയിട്ടാണുള്ളത്. ഇതുകൂടാതെ അരിയും പാലും എന്തിനേറെ പ്ലാസ്റ്റിക് കുപ്പിയിലെ മിനറല്‍ വാട്ടറും ഇവിടെ കിട്ടില്ല. പൊടികളും എണ്ണകളും മാത്രമല്ല ലോഷനുകളും ലൂസാണ്.

“ക്ലീനിങ്ങ് ലോഷനുകളും കുപ്പികള്‍ കൊണ്ടുവന്നാല്‍ ഇവിടെ നിന്നു വാങ്ങി കൊണ്ടുപോകാം. ഹാര്‍പിക്, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ്.. ഇതൊക്കെ ലൂസായിട്ടുണ്ട്. ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് ഇതൊക്കെ നിറച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

“അമേരിക്കന്‍ കമ്പനിയുടേതാണ് ഇതൊക്കെ. അവരില്‍ നിന്നു ബള്‍ക്കായിട്ട് കിട്ടും. പ്രാദേശികതലത്തില്‍ ഉണ്ടാക്കുന്ന ബാത്ത് റൂം ലോഷനൊക്കെയുണ്ടെങ്കിലും ആളുകള്‍ക്ക് കമ്പനി സാധനങ്ങള്‍ വേണമല്ലോ. നമ്മളൊക്കെ സാധാരണയായി ഉപയോഗിക്കുന്ന ഹാര്‍പ്പിക്കും ലൈസോളുമൊക്കെ ബള്‍ക്കായിട്ട് കിട്ടും. ഓഫിസുകളിലൊക്കെ ഉപയോഗിക്കുന്ന 20 ലിറ്റര്‍ ക്യാന്‍ വാട്ടറില്ലേ, അതാണ് ഇവിടെ ലൂസായിട്ട് വില്‍ക്കുന്നത്.


 ഇരുപത് ലിറ്റര്‍ വെള്ളത്തിന് 50 രൂപയാണ്. ഒരു ലിറ്ററിന് രണ്ടര രൂപയേ വില വരുന്നുള്ളൂ.


“ഇതേ വെള്ളം തന്നെയാണ് നമ്മള്‍ ഒരു ലിറ്റര്‍ 20 രൂപയ്ക്ക് വാങ്ങിക്കുന്നത്. വെള്ളം കുടിച്ച ശേഷം ആ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുകയാണ് പതിവ്. അതേസമയം ഇവിടെ കുപ്പിയുമായി വന്നാല്‍ അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളം വാങ്ങാം.

“വെള്ളം മാത്രമല്ല എണ്ണയും പാലും അങ്ങനെ വില്‍ക്കുന്നുണ്ട്. കുപ്പികളിലാക്കി കൊണ്ടുപോകാവുന്ന തരത്തിലാണ് വെളിച്ചെണ്ണയും എണ്ണയുമൊക്കെ ഇവിടെ വച്ചിരിക്കുന്നത്. ഫ്രീസറിലെ ബിന്നിലാണ് പാല്‍ സൂക്ഷിക്കുന്നത്. ബോട്ടില്‍ കൊണ്ടുവന്ന് കസ്റ്റമര്‍ക്ക് ബിന്നില്‍ നിന്നു ആവശ്യത്തിന് പാല്‍ എടുക്കാം. പക്ഷേ കവര്‍ പാല്‍ കുറച്ചുണ്ട്.” ആളുകള്‍ക്ക് കവര്‍ പാലിനോടുള്ള താല്‍പര്യം മാറിവരാന്‍ സമയമെടുക്കുമെന്ന് ബിട്ടു.

പ്ലാസ്റ്റിക് കവറുകളില്‍ നിന്നൊഴിവാക്കിയ പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിന് ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെയാണുള്ളത്. ഓരോ ഐറ്റത്തിനും ആവശ്യമായ ചില്ലുക്കുപ്പികള‍ുണ്ടെന്നു ബിട്ടു പറയുന്നു.

“ചില്ലുകുപ്പികള്‍ പല അളവിലുള്ളവയുണ്ട്. 50 രൂപ മുതല്‍ 150 രൂപ വരെയുള്ള ചില്ലുക്കുപ്പികളാണ് ഇവിടെയുള്ളത്.  ഈ കുപ്പികള്‍ക്ക് ഒരു തുക ഈടാക്കുന്നുണ്ട്. ഡെപ്പോസിറ്റ് തുകയാണത്. ബോട്ടില്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കി തിരികെ തന്നാല്‍ കുപ്പിയ്ക്ക് നല്‍കിയ പണം തിരിച്ചു നല്‍കും.

“വെളിച്ചെണ്ണ വാങ്ങിയിട്ട് കൊണ്ടുപോകാന്‍ 100 രൂപയുടെ കുപ്പി വാങ്ങിയെന്നിരിക്കട്ടെ.  വീട്ടില്‍ കൊണ്ടുപോയി വെളിച്ചെണ്ണ മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചുവെച്ചാല്‍ കടയില്‍ നിന്നു വാങ്ങിയ കുപ്പി കാലിയാകും.

“അതു കഴുകിയുണക്കി വൃത്തിയാക്കി തിരികെ കടയില്‍ കൊണ്ടുതന്നാല്‍ മതി. കുപ്പി വാങ്ങാന്‍ നല്‍കിയ തുക തിരിച്ചു കൊടുക്കും. ചൈനയില്‍ നിന്നിറക്കുമതി ചെയ്ത കുപ്പികളാണിതൊക്കെയും. നമ്മുടെ നാട്ടില്‍ 300 രൂപയൊക്കെ വില വരുന്നവയാണ്.

“ചൈനയില്‍ നിന്നു എനിക്ക് കിട്ടിയ അതേ വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. കസ്റ്റമര്‍ കുപ്പി ഇനി തിരികെ തന്നാലും ഇല്ലെങ്കിലും നഷ്ടവും ലാഭവും വരുന്നില്ല. കുപ്പികള്‍ തിരിച്ചുകൊണ്ടുവന്നവരുമുണ്ട്. ചിലരൊക്കെ ആ കുപ്പി റെഗുലറായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കസ്റ്റമര്‍ക്ക് വീട്ടില്‍ നിന്നു കുപ്പി കൊണ്ടുവന്നും സാധനങ്ങളൊക്കെ വാങ്ങാം.

“കുപ്പികള്‍ മാത്രമല്ല തുണി സഞ്ചികളും കടലാസ് കവറുകളുമുണ്ട്. 250 ഗ്രാം, 500 ഗ്രാം, ഒരു കിലോ, രണ്ടു കിലോ തുടങ്ങിയ അളവില്‍ സാധനങ്ങളിടാവുന്ന തുണി ബാഗുകളാണ് ഇവിടെയുള്ളത്. 20 രൂപയാണ് ഇതിന്‍റെ വില. തുണി സഞ്ചിയൊക്കെ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതാണല്ലോ.

“കടലാസുകവറുകളും ഇവിടുണ്ട്. പണ്ടൊക്കെ ബേക്കറി ഐറ്റം വാങ്ങുമ്പോള്‍ കടലാസു കവറിലാക്കി തരുമായിരുന്നില്ലേ.. അതേ കടലാസുകവറുകളാണ് ഇതും. കടലാസ് കവറിന് വിലയൊന്നും ഈടാക്കുന്നില്ല.

“20 ഐറ്റം വാങ്ങുമ്പോള്‍ ഒരു 15 ഐറ്റം ഉറപ്പായും പ്ലാസ്റ്റിക്കില്ലാതെ വീട്ടിലേക്ക് കൊണ്ടുപോകാനാകും. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിക്കാത്തവയുമുണ്ടല്ലോ. ഓര്‍ഗാനിക് സാധനങ്ങളാക്കാന്‍ ശ്രമമുണ്ട്.

“ബാംബുവിന്‍റെ ടൂത്ത് ബ്രഷ് ഇവിടെ ലഭിക്കും. പക്ഷേ സോപ്പുകള്‍, ബിസ്ക്കറ്റ്, ഷാംപൂ ഇതൊക്കെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സാധിച്ചിട്ടില്ല. ലണ്ടനില്‍ ഞാന്‍ കണ്ട കടയില്‍ സോപ്പും ഷാംപ്പുവും ഒക്കെ പ്ലാസ്റ്റിക് വിമുക്തമാക്കിയാണ് കൊടുക്കുന്നത്.

“ബ്രാന്‍ഡഡ് ഷാപുവും മറ്റും ബാള്‍ക്കായിട്ട് അവിടെ വില്‍ക്കുന്നുണ്ട്. ആ സംവിധാനവും ഇവിടേക്ക് കൊണ്ടുവരണം. സൂപ്പര്‍മാര്‍ക്കറ്റ് എന്നതില്‍ നിന്ന് ബള്‍ക്ക് ഷോപ്പ് എന്നൊരു കാഴ്ചപ്പാടിലേക്ക് ലണ്ടനിലെ കച്ചവട സ്ഥാപനങ്ങള്‍ മാറി വരുന്നുണ്ട്. ഇവിടെയും അങ്ങനെയൊക്കെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.


ഇതുകൂടി വായിക്കാം: 11,500 അടി ഉയരത്തിലെ തണുത്ത മരുഭൂമിയില്‍ മരങ്ങള്‍ നട്ട് ദാരിദ്ര്യം മാറ്റിയ കര്‍ഷകന്‍


“ലൂസായിട്ട് വില്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നുവെന്നത് മാത്രമല്ല വിലയിലും കുറവുണ്ട്. ബ്രാന്‍ഡഡ് സാധനങ്ങളൊക്കെ തന്നെയാണ് ലൂസ് ആയിട്ട് ഇവിടെ വില്‍ക്കുന്നത്.

“കവറുകളിലാക്കി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നൊക്കെ ലഭിക്കുന്ന അതേ ബ്രാന്‍ഡ് നെയിമുള്ള സാധനങ്ങള്‍ ലൂസ് ആയിട്ട് വാങ്ങുമ്പോള്‍ വിലയിലും കുറവു വരുന്നുണ്ട്.”

250 ഗ്രാമിന് ചായപ്പൊടിക്ക് 74 രൂപ. നമ്മളൊക്കെ ഉപയോഗിക്കുന്ന പേരുകേട്ട്ബ്രാ ന്‍ഡ് ചായപ്പൊടിയാണിത്. കവറിലാക്കി വില്‍ക്കുന്നതിനാണ് ഈ വില. ഇതേ ചായപ്പൊടി തന്നെ ലൂസായിട്ട് ഇവിടുണ്ട്. അതിനു കാല്‍ക്കിലോ 45 രൂപയേ വരുന്നുള്ളൂ, ബിട്ടു വിശദമാക്കുന്നു.


ഒരു പ്രമുഖ ബ്രാന്‍റിന്‍റെ റവയ്ക്ക് 89 രൂപയാണ് വില. ഇത് ലൂസായിട്ട് വാങ്ങുമ്പോള്‍, ഇതേ ബ്രാന്‍റിലുള്ള റവ തന്നെ 55 രൂപയ്ക്ക് കിട്ടും.


അത്രയും വില വ്യത്യാസം ഉണ്ട്. ഇതുപോലെ ലൂസ് ആയിട്ടു വാങ്ങുന്ന 80 ശതമാനം സാധനങ്ങള്‍ക്കും ഇങ്ങനെ വിലക്കുറവ് ലഭിക്കുന്നുണ്ട്.

“പാക്കറ്റില്‍  വാങ്ങുന്നതിനെക്കാള്‍ ലാഭമാണ് ലൂസ് ആയിട്ട് വാങ്ങുന്നത്. അതിപ്പോ ഈ കടയില്‍ നിന്നു വാങ്ങിയാല്‍ മാത്രമല്ല ലൂസായിട്ട് കൊടുക്കുന്ന എല്ലാ പലചരക്ക് കടകളിലും ഈ കുറവുണ്ടാകും. ബ്രാന്‍ഡ് നെയിമുള്ള പാക്കറ്റില്‍ കിട്ടുന്നതാണ് നല്ലത് എന്നൊരു ചിന്ത എല്ലാവരിലുമുണ്ട്.

“ബ്രാന്‍ഡഡ് സാധനങ്ങളുടെ തന്നെ ലൂസ് ഐറ്റങ്ങള്‍ക്ക് എപ്പോഴും പ്രിസെര്‍വേറ്റീവ്സ് കുറവായിരിക്കും. അതുകൊണ്ടു തന്നെ പെട്ടെന്നു കേടാകുകയും ചെയ്യും. ലൂസ് ആട്ട മൂന്ന് ആഴ്ചകള്‍ കൊണ്ടു കേടാകും. പക്ഷേ അവരുടെ പാക്കറ്റിലുള്ള ആട്ട പിന്നെയും കുറേ ദിവസം നില്‍ക്കും.

“കവറിലാകുമ്പോള്‍ കുറച്ചു കൂടുതല്‍ ദിവസം ഇരിക്കേണ്ടി വരുമല്ലോ. വില കുറയുന്നുവെന്നു കരുതി ക്വാളിറ്റിയില്‍ മാറ്റമുണ്ടാകുന്നില്ല. മാത്രമല്ല കസ്റ്റമര്‍ക്ക് ആവശ്യമുള്ള അളവില്‍ മാത്രം ഉത്പന്നങ്ങളെടുത്താല്‍ മതിയെന്ന പ്രത്യേകതയുമുണ്ട്,” എന്ന് ബിട്ടു.


100 ഗ്രാം കടുക് വാങ്ങാന്‍ വന്നയാള്‍ക്കും 250 ഗ്രാം മുളകുപൊടി വാങ്ങാന്‍ വന്നയാള്‍ക്കുമൊക്കെ പേപ്പര്‍ കവറിലിട്ടാണ് നല്‍കുന്നത്


ഇപ്പോള്‍ ബിട്ടുവിന്‍റെ സൂപ്പര്‍മാര്‍ക്കെറ്റിലേക്ക് വരുന്ന പലരും വീട്ടില്‍ നിന്നു തന്നെ സഞ്ചിയും കുപ്പിയുമൊക്കെ കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്.

“ക്യാരിബാഗുകള്‍ വേണമെങ്കില്‍ കസ്റ്റമര്‍ക്ക് കൊണ്ടുവരാം.. അതിപ്പോള്‍ പ്ലാസ്റ്റിക്കോ തുണിയോ ഒക്കെയാകും. ഇവിടെ നിന്നു തുണിയുടെ ക്യാരിബാഗ് മാത്രമേ കൊടുക്കുകയുള്ളൂ. തുണി ബാഗിന് 20 രൂപയുണ്ട്. പേപ്പര്‍ കവറിന് വിലയൊന്നും ഈടാക്കുന്നില്ല,” എന്ന് ബിട്ടു.

സഞ്ചിയും കവറുമൊക്കെ കൊണ്ടുവരുന്ന കസ്റ്റമേഴ്സുമുണ്ട്. ഇവര്‍ക്ക് മാത്രമല്ല ഇവിടെ നിന്നു നേരത്തെ വാങ്ങിയ കുപ്പിയോ തണി സഞ്ചികളോ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ കൊണ്ടു വരുന്നവര്‍ക്കും ചെറിയൊരു കിഴിവുണ്ട്.  അവരുടെ ബില്ലില്‍ രണ്ടു ശതമാനം കുറയ്ക്കും. രണ്ട് ശതമാനം അത്ര കുറവല്ലല്ലോ. കൂടുതല്‍ ആളുകളെ തുണി സഞ്ചിയും കുപ്പിയുമൊക്കെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും ബിട്ടു പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിട്ടിപ്പോള്‍ ആറുമാസമായതേയുള്ളൂ. ഇതിനോടകം രണ്ട് ലക്ഷം പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാനായിട്ടുണ്ടെന്നു ബിട്ടു പറയുന്നു. മിനറല്‍ വാട്ടര്‍ കുപ്പികളും ക്ലീനിങ്ങ് ലോഷന്‍ കുപ്പികളുമടക്കം  12,000 പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനായിട്ടുണ്ട്. “ഇത്രയും സമയം കൊണ്ടു ഇത്രയേറെ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചതു വലിയ കാര്യമാണെന്നു തോന്നുന്നു.

“ഈ ചെറിയ ഷോപ്പിലൂടെ ഇത്രയും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഈ രീതിയിലേക്ക് വരികയാണെങ്കില്‍ വലിയ മാറ്റം തന്നെ കൊണ്ടുവരാനാകില്ലേ,” എന്നാണ് ഈ എം ടെക്കുകാരന്‍ ചോദിക്കുന്നത്.

“പഴയ പലചരക്ക് കടയുടെ അഡ്വാന്‍സ്ഡ് പതിപ്പാണിതെന്നു പറയാം. തുണി സഞ്ചിയും കുപ്പിയുമൊക്കെയായി സാധനങ്ങള്‍ വാങ്ങിയിരുന്നില്ലേ അതിന്‍റെ പുതിയ വേര്‍ഷന്‍. കസ്റ്റമര്‍ക്ക് എടുത്തു തരുന്നയാളുടെ അരികില്‍ പോയി നിന്ന് അരകിലോ പയര്‍, ഒരു കിലോ വെളിച്ചെണ്ണ എന്നൊക്കെ പറയേണ്ട ആവശ്യം ഇവിടല്ല. ആവശ്യമുള്ളത് സ്വയം എടുക്കാം എന്നതാണ് ഒരു വ്യത്യാസം. അളവ് നോക്കുന്നതിനൊക്കെ സഹായിക്കാനാളുണ്ട്.

“ഒന്നര വര്‍ഷം മുന്‍പാണ് ലണ്ടനില്‍ പോകുന്നത്. ആ സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടതിനു ശേഷം, നാട്ടിലെത്തിയപ്പോള്‍ അവരെ വിളിച്ചു സംസാരിച്ചു. അളവ് മെഷീനൊക്കെ റെഡിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

“കുപ്പികള്‍  കസ്റ്റമര്‍ കൊണ്ടുവരുമ്പോള്‍ തന്നെ അളവെടുക്കും. എന്നിട്ടൊരു ബാര്‍കോഡ് അടിച്ചു തരും. പിന്നെ ഉത്പന്നങ്ങള്‍ നിറച്ച ശേഷം അളക്കുമ്പോള്‍ ആ കുപ്പിയുടെ ഭാരം ഒഴിവാക്കും. ഇതേക്കുറിച്ചൊക്കെ പഠിച്ചിട്ടൊക്കെ തന്നെയാണ് ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പിന്തുണയായി ബന്ധുവായ ഗിവര്‍ഗീസ് സജിയുമുണ്ട്.

“നമ്മുടെ നാട്ടില്‍ ഇതൊരു പുതിയ രീതിയല്ലേ.. ആളുകളെ ഇതു പരിചയപ്പെടുത്തി, ഇതിലേക്ക് കൊണ്ടുവരിക ശ്രമകരമായിരുന്നു. തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഓഫറുകള്‍ പിന്നാലെ പോകുന്നവരെ ലൂസ് സാധനങ്ങള്‍ വില്‍ക്കുന്നിടത്തേക്ക് കൊണ്ടുവരിക കുറച്ച് ബുദ്ധിമുട്ടല്ലേ. പഴയൊരു സംവിധാനമായിരുന്നല്ലോ.. പിന്നെയല്ലേ എല്ലാവരും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് മാറുന്നത്.

“പലചരക്ക് കടകളിലെ ചാക്കില്‍ അരിയും പൊടിയമൊക്കെ തുറന്നിരിക്കുന്നതും കൈകൊണ്ട് എടുത്ത് തരുന്നതുമൊക്കെയായിരുന്നു ആളുകള്‍ക്ക് ബുദ്ധിമുട്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ അങ്ങനെയല്ലല്ലോ.. എല്ലാം പ്ലാസ്റ്റിക് കവറുകളില്ലല്ലേ. അതുകൊണ്ട് തന്നെ വൃത്തിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനുമില്ല.

“സാധാരണക്കാരും ഇവിടേക്ക് വരുന്നുണ്ട്. അതിനൊരു കാരണം കൂടിയുണ്ട്. പൂര്‍ണമായും പ്ലാസ്റ്റിക് രഹിത, ഓര്‍ഗാനിക് വസ്തുക്കള്‍ മാത്രമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഹൈ ക്ലാസ് ടീം മാത്രമേ ഇവിടേക്ക് വരൂ. വേറൊന്നും കൊണ്ടല്ല ഓര്‍ഗാനിക് വസ്തുക്കള്‍ക്ക് വില കൂടുതാണ്. എന്നാലിവിടെ വിലക്കുറവുള്ളതു കൊണ്ടുകൂടി ഇടത്തരക്കാരെ ഇവിടെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്,” ബിട്ടു പറഞ്ഞു.

ജര്‍മനി, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നൊക്കെ കൊണ്ടുവന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോപ്പ് സജ്ജീകരിച്ചത്. ജാറില്‍ നിന്നു പമ്പ് ചെയ്തു ലോഷനൊക്കെ എടുക്കുന്ന മെഷീന്‍ യുഎസില്‍ നിന്നു കൊണ്ടുവന്നതാണ്. അത് ഒരു സുഹൃത്ത് വഴിയാണ് ബിട്ടു നാട്ടിലെത്തിച്ചത്. ചില്ലുകുപ്പികള്‍ ചൈനയില്‍  നിന്നുള്ളതാണ്.

“അപ്പപ്പൊടി, പുട്ട് പൊടി, മൈദ എല്ലാം പാക്കറ്റ് ഒഴിവാക്കി. ലൂസാണിപ്പോള്‍ ഇവിടെയുള്ളത്. ഇവിടെയുള്ള പുട്ട് പൊടി മൂന്നു ദിവസത്തിനുള്ളില്‍ തീരും. പൊടിപ്പിക്കുന്നിടത്ത് നിന്ന് നേരിട്ട് വാങ്ങുന്നതാണ്. മുളക്, മല്ലി, മഞ്ഞള്‍, അരിപ്പൊടികള്‍, ഗോതമ്പുപൊടി, വെളിച്ചെണ്ണ.. ഇതൊക്കെ ഒരു ബന്ധുവിന്‍റെ മില്ലില്‍ ഉണ്ടാക്കിയെടുക്കുന്നതാണ്.

“കടയില്‍ നിന്നുള്ളവ തന്നെ വൃത്തിയാക്കി മില്ലില്‍ കൊടുത്തു പൊടിച്ചും ആട്ടിയുമെടുക്കുകയാണ്. ആട്ട, മൈദ, റവ, അവല്‍.. ഇതൊക്കെ ബ്രാന്‍ഡഡ് സാധനങ്ങള്‍ തന്നെയാണ് വില്‍ക്കുന്നത്. കമ്പനിയുടെ തന്നെ 25 കിലോ പാക്കറ്റ് കിട്ടും. ഇതാണ് ലൂസായിട്ട് വില്‍ക്കുന്നത്,” ബിട്ടു കൂട്ടിച്ചേര്‍ത്തു.

സീറോ വേസ്റ്റ് ഓര്‍ഗാനിക് ഷോപ്പ് ചെന്നൈയിലും പൂനൈയിലുമുണ്ട്. സീറോ വേസ്റ്റ് ആണെന്നു മാത്രമല്ല ഇവിടങ്ങളില്‍ മുഴുവനായും ഓര്‍ഗാനികുമാണ്, ബിട്ടു പറയുന്നു.

“പക്ഷേ പൂര്‍ണമായും ഓര്‍ഗാനിക് ആക്കുകയാണെങ്കില്‍ കസ്റ്റമേഴ്സിന്‍റെ എണ്ണത്തില്‍ കുറവു വരും. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്‍റെ ഒരു ഗുണം എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ സാധാരണക്കാരെയും ഉള്‍പ്പെടുത്തണം,” എന്നാണ് ബിട്ടുവിന്‍റെ അഭിപ്രായം.


 

ഇതുകൂടി വായിക്കാം: ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്


പ്ലാസ്റ്റിക് അവബോധ ക്ലാസുകള്‍ എടുക്കാനും ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍ പോകുന്നുണ്ട്. “ഒരു മാസം മുന്‍പ് ഒരു ടീച്ചര്‍ കടയില്‍ വന്നിരുന്നു. ഈ കടയിലെ കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ഇതൊക്കെ വന്നു സ്കൂളില്‍ കുട്ടികളോട് സംസാരിക്കാമോയെന്ന്. ക്ലാസ് എടുത്ത് ഒരു പരിചയമില്ലെന്നൊക്കെ പറഞ്ഞു.

“പക്ഷേ എന്നോട് പറഞ്ഞ പോലെ സംസാരിച്ചാല്‍ മതിയെന്നാണ് ടീച്ചര്‍ പറഞ്ഞത്. പാരന്‍റ്സ് മീറ്റിങ്ങിന് പോയി ക്ലാസെടുത്തു. പിന്നെ ഇതറിഞ്ഞ് വേറൊരു സ്കൂളില്‍ നിന്നു വിളിച്ചു. പിന്നെ റോട്ടറി ക്ലബുകാര്‍ വിളിച്ചു, ക്ലാസെടുക്കാന്‍. അങ്ങനെ ചിലത്,” ബിട്ടു ചിരിക്കുന്നു.

“പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം എത്ര വലിയ ആഘാതമാണുണ്ടാക്കുന്നത് ഇന്നും പൂര്‍ണമായും പലര്‍ക്കും അറിയില്ല. നമ്മുടെ വീട്ടില്‍ കാണുമ്പോള്‍ ഓ… ഇത്രയേയുള്ളൂവെന്നു തോന്നും. പക്ഷേ ഓരോ വീടുകളില്‍ നിന്നെടുക്കുന്ന പ്ലാസ്റ്റിക് കൊണ്ടിടുന്ന സ്ഥലമില്ലേ അതു കാണുമ്പോഴാണ് ആ വ്യാപ്തി മനസിലാകുന്നത്.” എന്ന് ബിട്ടു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.</h4

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം