കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?

ഒരുമിച്ചിട്ട് 34 വര്‍ഷങ്ങള്‍! ഇക്കാലമത്രയും അവരുടെ പ്രേമം വളര്‍ന്നിട്ടേയുള്ളൂ, യാത്രകളോടുള്ള പ്രണയവും.

“ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ വലിയ അല്‍ഭുതമായിത്തോന്നും…ഞാനെന്‍റെ ഭര്‍ത്താവിനെ ആദ്യമായി കാണുന്നത് ഞങ്ങളുടെ കല്യാണമണ്ഡപത്തില്‍ വെച്ചാണ്,” അതുപറയുമ്പോള്‍ മുക്ത വര്‍മ്മയ്ക്ക് ഇപ്പോഴും ചിരിവരും.

റിട്ടയേഡ് ഗവണ്‍മെന്‍റ് രെജിസ്ട്രാര്‍ ആണ് മുക്ത. ബിഹാറിലെ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. വീട്ടില്‍ ഒമ്പത് മക്കളായിരുന്നു. വീട്ടിലെ വരുമാനം പരിമിതമായിരുന്നുവെങ്കിലും വക്കീലായ അച്ഛനും സ്‌കൂള്‍ ടീച്ചറായ അമ്മയും അവരുടെ ഏഴ് പെണ്‍മക്കള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.

അഞ്ചാംക്ലാസ്സ് വരെ മുക്തയെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. ആറാം ക്ലാസ്സിലെത്തിയപ്പോള്‍ ഗവ. സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തു.


ഇനി മുതല്‍ നമ്മുടെ യാത്രകള്‍ ഉത്തരവാദിത്വത്തോടെ, പ്രകൃതിയെ നോവിക്കാതെ… മനോഹരമായ പ്രകൃതിസൗഹൃദയാത്രാ പാക്കേജുകള്‍ക്കായി സന്ദര്‍ശിക്കുക: Shop.thebetterindia.com


“അക്കാലത്ത് ഞങ്ങളുടെ ജീവിതം വളരെ ലളിതമായിരുന്നു,” മുക്ത തുടരുന്നു. “ഞങ്ങള്‍ പഠിച്ചു, ആളുകളെ പരിചയപ്പെട്ടു, കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു, റേഡിയോ കേട്ടു… യാത്ര എന്നത് അന്നൊക്കെ ഒരു ആഢംബരമായിരുന്നു. ഞങ്ങള്‍ക്ക് അതിനുള്ള പണവും ഇല്ലായിരുന്നു.”

മുക്ത വര്‍മ്മയും സ‌ഞ്ജീവയും

സഞ്ജീവ വീട്ടിലെ അഞ്ച് മക്കളില്‍ മൂത്തയാളാണ്. പിതാവ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍. 1985-ല്‍ മുക്തയെ വിവാഹം ചെയ്യുമ്പോള്‍ പാറ്റ്‌നയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാനേജരായിരുന്നു സഞ്ജീവ. വളരെ ചെറുപ്പത്തിലേ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നു. ജോലിയുടെ ഭാഗമായി മാസത്തില്‍ 15 ദിവസവും യാത്രയിലായിരുന്നു.

“ഞങ്ങളുടെ നാട്ടിലെ ആചാരപ്രകാരം, വിവാഹത്തിന് മുമ്പ് വധുവും വരനും നേരിട്ടുകാണുന്ന പതിവില്ല,” മുക്ത പറഞ്ഞതിനെ സഞ്ജീവ കുറച്ചുകൂടി വിശദമാക്കുന്നു. “ആ ദിവസം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു…


ഒരു ബിസിനസ് ട്രിപ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എന്‍റെ അച്ഛനും അമ്മാവനും എന്നോട് പറഞ്ഞു, എന്‍റെ വിവാഹം തീരുമാനിച്ചുവെന്ന്.


“എവിടെ നിന്നാണെന്ന് ഞാന്‍ ചോദിച്ചു. അതൊന്നും നീ അറിയാന്‍ പാടില്ല, അവര്‍ പറഞ്ഞു,” കമ്പനിയില്‍ നിന്നും അസിസ്റ്റന്‍റ് ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്ത അദ്ദേഹം പൊട്ടിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജീവ മുക്തയോട് ആദ്യമേ ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു: “നീ എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട്?”

ഗയയിലേക്കും വാരണാസിയിലേക്കും തീര്‍ത്ഥയാത്ര പോയിട്ടുണ്ടെന്നല്ലാതെ മുക്തയ്ക്ക് വേറൊരു യാത്രാനുഭവവും ഇല്ലായിരുന്നു. “എനിക്ക് പാസ്‌പോര്‍ട്ടും ഇല്ല,” മുക്ത പറഞ്ഞു.

സഞ്ജീവയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു: “വേഗം പാസ്‌പോര്‍ട്ടിന് അപ്ലൈ ചെയ്യണം. നമുക്ക് ഒരുമിച്ച് ലോകം ചുറ്റാനുള്ളതാണ്.”

“ഭര്‍ത്താവ് എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു…,”മുക്ത ഓര്‍ക്കുന്നു.

മുക്തയും സജ്ഞീവയും ഒരുമിച്ചിട്ടിപ്പോള്‍ 34 വര്‍ഷമായി. അവര്‍ക്ക് പരസ്പരമുള്ള പ്രണയവും യാത്രകളോടുള്ള സ്‌നേഹവും ഇക്കാലമത്രയും വളര്‍ന്നിട്ടേയുള്ളൂ.

ജോലിയുടെ ഭാഗമായി സ്ഞ്ജീവയ്ക്ക് സ്ഥിരമായി യാത്രകളുണ്ടായിരുന്നു. മുക്തയ്ക്ക് പലവട്ടം ട്രാന്‍സ്ഫറും ലഭിച്ചു. എന്നാല്‍ ഇതിനിടയില്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഇന്‍ഡ്യയുടെ വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു. പിന്നെപ്പിന്നെ, അവരുടെ കുട്ടികളും കുടുംബവും യാത്രകളില്‍ ഒപ്പം കൂടി. ജമ്മു, വൈഷ്‌ണോദേവി, കാഠ്മണ്ഡു, ഷിംല…അങ്ങനെയങ്ങനെ അവരുടെ ഓര്‍മ്മകളില്‍ മനോഹരമായ സ്ഥലങ്ങള്‍ ഒന്നൊന്നായി ഇടം പിടിച്ചുകൊണ്ടേയിരുന്നു.


ഇതുകൂടി വായിക്കാം: പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


അവര്‍ ആദ്യമായി നടത്തിയ ഡാര്‍ജിലിങ്ങ് യാത്രയില്‍ രസകരമായ ഒരു സംഭവം ഉണ്ടായി. അതവരുടെ ഹണിമൂണ്‍ ട്രിപ്പ് കൂടിയായിരുന്നു.

“ഞങ്ങളൊരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. ഞങ്ങള്‍ വിന്‍ഡോ അടയ്ക്കാന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ അത് പൊട്ടിപ്പോയി. അങ്ങനെ ഞങ്ങള്‍ പന്ത്രണ്ട് മണിക്കൂറോളം മഴ നനഞ്ഞ് യാത്ര ചെയ്യേണ്ടി വന്നു,” സഞ്ജീവ ഓര്‍ക്കുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ദമ്പതികള്‍ ഇന്‍ഡ്യയിലെ ഒരുവിധം എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞിരുന്നു. അടുത്ത ലക്ഷ്യം യൂറോപ്പായിരുന്നു.

ആ സമയത്താണ് ദുരന്തം അവര്‍ക്കുമേല്‍ നിഴലിടുന്നത്. മുക്തയ്ക്ക് സ്തനാര്‍ബുദമാണെന്ന് പരിശോധനകളില്‍ തെളിഞ്ഞു.

2005 ഒക്ടോബറിലായിരുന്നു അത്. ഞാന്‍ ചെക്കപ്പിന് പോയപ്പോള്‍ തന്നെ ഡോക്റ്റര്‍ പറഞ്ഞു, ആ ട്യൂമര്‍ അപകടകാരിയാണെന്ന്. ഉടന്‍ സ്തനം നീക്കം ചെയ്യുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലായിരുന്നു. ഞാനാകെ പ്രശ്‌നത്തിലായി. എന്തുചെയ്യണമെന്ന് ഒരുപിടിയുമില്ല,” മുക്ത ഓര്‍ക്കുന്നു.

“എനിക്കുമാത്രമല്ല, കുടുംബത്തിനാകെ അതൊരു ഷോക്കായിരുന്നു. എന്തായാലും ഞങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനം എടുക്കണമായിരുന്നു. സര്‍ജറിയുമായി മുന്നോട്ടുപോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ പാറ്റ്‌നയില്‍ നിന്നും മുംബൈയിലേക്ക് പോന്നു,” സഞ്ജീവ പറഞ്ഞു.


2016 ഒക്കെ ആയപ്പോള്‍ മുക്ത അപകടാവസ്ഥ തരണം ചെയ്തുവെന്ന് എല്ലാവരും വിചാരിച്ചു. പക്ഷേ, മെഡിക്കല്‍ പരിശോധനാഫലങ്ങള്‍ മറ്റൊന്നായിരുന്നു.


മുക്തയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതായിരിക്കുന്നു. മാത്രവുമല്ല, കാന്‍സര്‍ എല്ലുകളിലേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ച്ചയായ റേഡിയേഷനും കീമോത്തെറപ്പിയും ചെയ്യേണ്ടിവന്നു.

“ഈ ട്രീറ്റ്‌മെന്‍റ് കാലത്ത് വിദേശയാത്രകള്‍ക്ക് പോകണമെന്ന ഞങ്ങളുടെ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. അവളുടെ റേഡിയോളജിസ്റ്റിനോട് സംസാരിച്ചപ്പോഴും യാത്ര ചെയ്യാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചതേയുള്ളൂ,” സഞ്ജീവ പറഞ്ഞു.

അങ്ങനെ, അവരുടെ ആദ്യത്തെ വിദേശയാത്ര യൂറോപ്പിലൂടെയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ല്ണ്ടന്‍, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ആസ്ട്രിയ, ജെര്‍മ്മനി, സ്വീറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി…ഒക്കെ കറങ്ങി. ഈയടുത്ത് റഷ്യയും.

“പോകേണ്ട ഇടങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് മാപ്പ് ചെയ്യും. യാത്ര കഴിഞ്ഞ് തിരിച്ചുവന്നാല്‍ അടുത്തത് പ്ലാന്‍ ചെയ്യും. ആദ്യ ട്രിപ്പ് തന്നെ മുക്തയ്ക്ക് വലിയ മോട്ടിവേഷന്‍ നല്‍കിയെന്ന് എനിക്ക് മനസ്സിലായി. ഞങ്ങളുടെ യാത്രകള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല,” സഞ്ജീവ പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം


“ഫ്രാന്‍സിന്‍റെയും ഇറ്റലിയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റേയും തെരുവുകളിലൂടെയുള്ള നടത്തം എനിക്ക് വളരെയിഷ്ടപ്പെട്ടു,” മുക്ത പറയുന്നു. “അവിടെയുള്ള ശില്‍പങ്ങള്‍, വാസ്തുഭംഗിയുള്ള കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍–എല്ലാം ആ രാജ്യങ്ങളുടെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നവ… പഴയകാലം വീണ്ടും ജീവന്‍ വെച്ചുവരുന്നതുപോലെ…”

മൈക്കലാഞ്ജലോയുടെയും ലിയനാഡോ ഡാ വിന്‍ജിയുടെയും കാലാതീതമായ ശില്‍പങ്ങളും കെട്ടിടങ്ങളും, മധ്യകാല നിര്‍മ്മിതികളില്‍ പ്രധാനമായ പാരിസിലെ നോത്രദാം പള്ളി (ഈയിടെ കത്തിയെരിഞ്ഞ കെട്ടിടം)…

മുക്ത ആ കാഴ്ചകളെല്ലാം ആവേശത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നു.

“നെതര്‍ലാന്‍ഡ്‌സിലെ ഗതാഗത സംവിധാനം അതിശയിപ്പിക്കുന്നതാണ്. ആളുകള്‍ അധികവും സൈക്കിളാണ് ഉപയോഗിക്കുന്നത്. ട്രാമുകളും ബസുകളും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും നല്ലതുപോലെയുണ്ട്. നിരത്തുകള്‍ അധികവും തിരക്കില്ലാത്തതും മാലിന്യരഹിതവുമാണ്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ അഞ്ച് കോളെജുകള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു. വളരെ നല്ല അനുഭവമായിരുന്നു അത്. കോളെജുകളിലെ പ്രധാനഹാളുകളില്‍ ശാസ്ത്രജ്ഞരുടെയും തത്വചിന്തകരുടെയും എഴുത്തുകാരുടെയുമെല്ലാം ഛായാചിത്രങ്ങള്‍ തൂക്കിയിരുന്നു. ലണ്ടനിലെ പല പഴയ കെട്ടിടങ്ങളുടെയും ശൈലിയും ഇന്‍ഡ്യയിലെ പല പഴയ കെട്ടിടങ്ങളുടേതിന് സമാനമാണ്.”

ആ സ്‌നേഹം നിറഞ്ഞ വിവാഹജീവിതത്തിന്‍റെ രഹസ്യം എന്താണ് എന്ന് ചോദിച്ചാല്‍ മുക്ത ചിരിച്ചുകൊണ്ടു പറയും: “ഓഫീസ് കാര്യങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാതെ നോക്കിയിരുന്നു. വ്യക്തിജീവിതം പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഭര്‍ത്താവ് ജോലിയിലായിരുന്നപ്പോള്‍ പൂര്‍ണമായും അതില്‍ മുഴുകുമായിരുന്നു. ജോലിയുടെ ടെന്‍ഷന്‍ അദ്ദേഹം വീട്ടിലേക്കൊരിക്കലും കൊണ്ടുവരില്ലായിരുന്നു. വീട്ടില്‍ അദ്ദേഹത്തിന്‍റെ സമയം മുഴുവനായും കുടുംബത്തിന് വേണ്ടി മാറ്റിവെച്ചു. ജോലികഴിഞ്ഞെത്തിയാല്‍ എന്നെ ഏറെ സഹായിക്കുന്ന ഭര്‍ത്താവും മക്കളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്ന അച്ഛനുമാണ് അദ്ദേഹം.


ഇതുകൂടി വായിക്കാം: തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


“യുവാക്കളായ ദമ്പതിമാരോട് ഞാന്‍ പറയും, നിങ്ങളുടെ സാഹചര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഴിയാവുന്നത്രയും ഒരുമിച്ച് യാത്ര ചെയ്യണം. വിദേശത്തൊന്നും പോകണമെന്നില്ല. ഇന്‍ഡ്യയില്‍ തന്നെ ഇഷ്ടം പോലെ നല്ല സ്ഥലങ്ങള്‍ ഉണ്ടല്ലോ…,” എന്നാണ് മുക്തയുടെ ഉപദേശം.

സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് സഞ്ജീവ ഇത്ര കൂടിപ്പറഞ്ഞു: “പരസ്പരം മനസ്സിലാക്കുകയെന്നതാണ് ദമ്പതികള്‍ക്കിടയില്‍ ഏറ്റവും പ്രധാനം. കുടുംബത്തിന് ഏറ്റവും വിലകല്‍പിക്കുക. ഉയര്‍ന്ന കരിയര്‍ ഉണ്ടാക്കുക എന്നതുകൊണ്ടുമാത്രം കാര്യമില്ല, മനസ്സമാധാനവും വേണം. യാത്രയാണ് ഏറ്റവും നല്ല ഗുരു.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം