Placeholder canvas

കാന്‍സറിനെ അതിജീവിച്ചു, 115 പേരുടെ പോറ്റമ്മയാകാന്‍ ബിഎഡും പഠിച്ചു; ഇനി ആവശ്യം ആ മക്കളുമൊത്ത് ജീവിക്കാന്‍ സ്വന്തമായൊരു വീട്

സ്വന്തമായി വീടില്ല. പക്ഷേ കഷ്ടപ്പാടുകള്‍ക്കിടയിലും ഈ കുട്ടികളെയും ആരോരുമില്ലാത്തവരെയും തന്നെത്തേടി വന്നവരെയും ഉപേക്ഷിക്കാനാകില്ലെന്നു പറഞ്ഞു കൊണ്ടു ജീവിതത്തെ നേരിടുകയാണ് ഈ സ്ത്രീ.

“ഇനി മൂന്നു മാസം കൂടിയേയുള്ളൂവെന്ന് രാജന്‍ ഡോക്റ്റര്‍ പറഞ്ഞതു കേട്ട് ഞാനാകെ തകര്‍ന്നു പോയി… നാലു വയസുകാരിയായ മോള്… അവള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടേയുള്ളൂ. മോള്‍ക്ക് അമ്മയില്ലാതെയാകുമല്ലോ.

“മരണം അരികിലെത്തിയെന്ന് അറിയുന്ന ആ നിമിഷമുണ്ടല്ലോ… അതേക്കുറിച്ച് ഇന്നും ഓര്‍ക്കുമ്പോള്‍ മനസ് മാത്രമല്ല ശരീരവും വിറയ്ക്കുന്ന പോലെ തോന്നും. കാന്‍സര്‍ തിരിച്ചറിയുമ്പോള്‍ ഏറെ വൈകിയിരുന്നു,” അനിത സുരേഷ് എന്ന തിരുവനന്തപുരംകാരി ജീവിത കഥ പറഞ്ഞുതുടങ്ങുന്നു.


 നല്ല ഭക്ഷണത്തേക്കാള്‍ നല്ല മരുന്ന് വേറെയില്ല. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളും വാങ്ങാം. shop.thebetterindia.com


“കീമോതെറാപ്പിയും സര്‍ജറിയുമൊക്കെ ചെയ്തു. പക്ഷേ ഇനി ഏറെക്കാലം ഇല്ല. രക്ഷയില്ല… എന്നൊക്കെ വരുമ്പോള്‍ എന്‍റെ അവസാന കച്ചിത്തുരുമ്പ് ദൈവമായിരുന്നു. ഒരാശ്വാസത്തിന് ദൈവത്തെയാണ് മുറുകെ പിടിച്ചത്.

ശ്രീകാരുണ്യ മിഷനിലെ കുട്ടികള്‍ക്കൊപ്പം അനിതയും സുരേഷും

“ജീവിതത്തിലേക്ക് തിരികെ വരാനായാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാകും ഇനിയുള്ള ജീവിതം.. കരുണയേകേണ്ടവര്‍ക്ക് മാത്രമാകും ജീവിതമെന്നാണ് പ്രാര്‍ഥിച്ചത്.
ആ പ്രാര്‍ഥന ഫലിച്ചു. ഇനി തിരിച്ചുവരവില്ലെന്നു പറഞ്ഞ ഡോക്റ്റര്‍ പോലും എന്‍റെ അസുഖം മാറിയതു കണ്ട് ഇതൊരു മിറാക്കിളാണെന്നു പറഞ്ഞു,” അനിത തുടരുന്നു.


“മരണത്തിന്‍റെ വക്കില്‍ നിന്നു ജീവിതത്തിലേക്കെത്തിയ ഞാന്‍ ദൈവത്തിന് നല്‍കിയ വാക്കു പാലിക്കുകയാണിപ്പോള്‍. ആരുമില്ലാത്ത, കരുണയോടെ നോക്കേണ്ടവരെയാണ് ഞാന്‍ എനിക്കൊപ്പം ചേര്‍ത്തുനിറുത്തുന്നത്.”


സ്വന്തമായി വീടില്ല. പക്ഷേ കഷ്ടപ്പാടുകള്‍ക്കിടയിലും ഈ കുട്ടികളെയും ആരോരുമില്ലാത്തവരെയും ഉപേക്ഷിക്കാനാകില്ലെന്നു പറഞ്ഞു കൊണ്ടു ജീവിതത്തെ നേരിടുകയാണ് ഈ സ്ത്രീ.  കാന്‍സറിനെ അതിജീവിച്ച നിരാലംബയായ കുറേപ്പേരുടെ അമ്മയാണിന്ന് അനിത സുരേഷ്.

നെയ്യാറ്റിന്‍കരയിലെ വഴുതൂരില്‍ ശ്രീകാരുണ്യ മിഷന്‍ ആരംഭിച്ചതിനെക്കുറിച്ചും കാന്‍സര്‍ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ചുമെല്ലാം  ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുകയാണ് അനിത.

ശ്രീകാരുണ്യമിഷനിലെ കുട്ടികള്‍

“2001 സെപ്റ്റംബറിലാണ് കാന്‍സറാണെന്നു കണ്ടെത്തുന്നത്. അന്ന് മോള്‍ക്ക് നാലു വയസ് മാത്രമേയുള്ളൂ. അവളുടെ പേര് വൃന്ദ. അവളെ സ്കൂളില്‍ ചേര്‍ക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. സ്തനാര്‍ബുദമായിരുന്നു.


കാന്‍സറാണെന്നു തിരിച്ചറിയാന്‍ ഏറെ വൈകി. ഏതാണ്ട് ലാസ്റ്റ് സ്റ്റേജിലാണ് രോഗം തിരിച്ചറിയുന്നത്.


“ചെറിയൊരു മുഴയുണ്ടായിരുന്നു. പക്ഷേ വൃന്ദയ്ക്ക് മുലപ്പാലു കൊടുക്കാത്ത കൊണ്ടുണ്ടാകുന്ന മുഴയാകുമെന്നാണ് കരുതിയത്. പലരും അങ്ങനെയൊരു അഭിപ്രായവും പറഞ്ഞു. കുഞ്ഞിന് പാലു കൊടുക്കാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതിലൊന്നും കാര്യമില്ലെന്നു പറഞ്ഞു ശ്രദ്ധിച്ചില്ല.”

പക്ഷേ, ആ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് അനിതയെ ആര്‍ സി സി(റീജണല്‍ കാന്‍സര്‍ സെന്‍റര്‍) യിലേക്ക് മാറ്റി.

“മോശമായ അവസ്ഥയായതു കൊണ്ടു പ്രത്യേകിച്ച് പ്രതീക്ഷയൊന്നുമില്ല. ഏഴു തവണ കീമോതെറാപ്പി ചെയ്തു, സര്‍ജറി ചെയ്തു. ഇതിനൊപ്പം കുറേ മരുന്നുകളും. ആര്‍സിസിയിലെ സൂപ്രണ്ടായിരുന്ന ഡോ. രാജനാണ് ചികിത്സിച്ചത്,” അനിത ഓര്‍ക്കുന്നു.

“എന്തൊക്കെ ചികിത്സ ചെയ്താലും മൂന്നു മാസം കൂടി എന്നാണ് ഡോക്റ്റര്‍മാര്‍ കാലാവധി പറഞ്ഞത്. സര്‍ജറിയും കീമോയുമൊക്കെ ചെയ്തിരുന്നുവല്ലോ.

” അത്ഭുതമെന്നു പറയട്ടെ, രോഗം മാറി. അതൊരു മിറാക്കിള്‍ ആയിരുന്നുവെന്നാണ് ഡോക്റ്ററും പറഞ്ഞത്. മരിച്ചു പോകും എന്നു പറഞ്ഞ അതേ ഡോക്റ്റര്‍ തന്നെയാണിത് പറയുന്നത്. രോഗത്തിന്‍റെ ശേഷിപ്പൊന്നും ശരീരത്ത് കാണുന്നില്ല. എന്തെങ്കിലും ലക്ഷണങ്ങള്‍ ഇനിയെന്നെങ്കിലും കണ്ടാല്‍ മാത്രം ആശുപത്രിയില്‍ വന്നാല്‍ മതിയെന്നും ഡോക്റ്റര്‍ പറഞ്ഞു. പിന്നീട് ഇന്നുവരെ എനിക്കായിട്ട് ഞാന്‍ ആശുപത്രി പടി ചവിട്ടിയിട്ടില്ല,” അനിത അവകാശപ്പെടുന്നു.


ഇതുകൂടി വായിക്കാം: തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


അങ്ങനെയാണ് അസുഖം മാറിയതോടെ നേരത്തെ ഒരു നേര്‍ച്ച പോലെ പറഞ്ഞിരുന്ന ആ കാരുണ്യപ്രവര്‍ത്തിയിലേക്ക്  അനിത വരുന്നത്. എന്തെങ്കിലുമൊക്കെ നല്ലതുചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും എങ്ങനെ, എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു.

മക്കള്‍ക്ക് കുടനിര്‍മ്മാണക്കളരി

“അക്കാലത്ത് വീടിന് അടുത്തൊരാള്‍ ഭിന്നശേഷിക്കാരെ സംരക്ഷിക്കാനൊരു പദ്ധതിയിടുന്നു. ഭിന്നശേഷിക്കാരായ ഒരു കുട്ടിയെയും കൊണ്ടാണ് അവരെത്തിയതെങ്കിലും ആ പദ്ധതി നടന്നില്ല. അങ്ങനെ അവിടേക്ക് കൊണ്ടുവന്ന  കുട്ടിയെ ഞാന്‍ നോക്കിക്കൊള്ളാമെന്നേറ്റു,” അനിത പറഞ്ഞു. തുടക്കം ഇവിടെയാണ്.

“അധികം വൈകാതെ പരിചയക്കാര്‍ വഴി രണ്ടു കുട്ടികളെ കൂടി എനിക്ക് വളര്‍ത്താന്‍ കിട്ടി. മൂന്നു മക്കള്‍ക്കൊപ്പമാണ് ഈ ശ്രീകാരുണ്യമിഷന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.”

ഭര്‍ത്താവ് സുരേഷ് കൂടെ നിന്നു. “നിനക്കൊപ്പം ഞാനുമുണ്ട്.. മരണത്തില്‍ നിന്നെനിക്ക് എന്‍റെ ഭാര്യയെ തിരിച്ചു കിട്ടിയല്ലോ..” എന്നാണ് അദ്ദേഹം ആശ്വസിച്ചത്.

“അതുമതിയെന്നു പറഞ്ഞ് അദ്ദേഹവും (ഭര്‍ത്താവ്) കൂടെ നിന്നു. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ആ മക്കളുടെ സംരക്ഷണം ഏറ്റെടുത്തു. പക്ഷേ ഞാന്‍ ഈ മൂന്നു കുഞ്ഞുങ്ങളെ മാത്രം നന്നായി സംരക്ഷിക്കാം എന്നാണ് കരുതിയത്. അദ്ദേഹത്തിന് കോണ്‍ട്രാക്റ്റ് വര്‍ക്കായിരുന്നു. അതില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്നു അധികം പേരെയൊന്നും സംരക്ഷിക്കാനാകില്ലല്ലോ,” അനിത തുടരുന്നു.

“പക്ഷേ ഈ കുഞ്ഞുങ്ങളെ നോക്കാന്‍ തുടങ്ങിയതോടെ–കുഞ്ഞുങ്ങളെന്നു പറഞ്ഞാല്‍ 16-ഉം 19-ഉം 15-ഉം വയസുള്ള ആണ്‍കുട്ടികളാണ്–ഇവരെ നോക്കാമെന്നു കരുതി.. വേറൊന്നും ചിന്തിച്ചില്ല.

“ഇതുപോലുള്ള മക്കളെ സംരക്ഷിക്കുന്നുണ്ടെന്ന കാര്യം പലരും വഴി നാട്ടിലൊക്കെ അറിഞ്ഞു. അതോടെ പലരും കുട്ടികളെയും കൂട്ടി വീട്ടിലേക്ക് വന്നു തുടങ്ങി. ഇവരെയൊക്കെ നോക്കാനുള്ള സാമ്പത്തികമൊന്നും ഇല്ലെന്നു പറഞ്ഞുവെങ്കിലും ആരും കേട്ടില്ല… കഴിയുന്ന പോലെ നാലഞ്ച് പേരെ മാത്രം നോക്കാമെന്നാണ് ഭര്‍ത്താവ് പറ‍ഞ്ഞത്.

കൂടുതല്‍ കുട്ടികളെയും കൊണ്ട് ആളുകള്‍ തേടിയെത്താന്‍ തുടങ്ങി. അവരെ നിരാശരാക്കി മടക്കിയയക്കാന്‍ അനിതയ്ക്കും സുരേഷിനും കഴിഞ്ഞില്ല.

“വരുന്നവരോട് ഇവിടെ നോക്കാന്‍ പറ്റില്ലെന്നു പറയാന്‍ സാധിക്കില്ല…പിന്നെ ഞങ്ങള്‍ താമസിക്കുന്നതിന് അടുത്ത് തന്നെ ഒരു കെട്ടിടം വാടകയ്ക്ക് എടുത്തു. അതാണ് ശ്രീകാരുണ്യ മിഷന്‍ സ്പെഷ്യല്‍ സ്കൂള്‍. അവര്‍ക്ക് ഭക്ഷണം തയാറാക്കുന്നതിന് വേണ്ടി ഒരാളെ നിറുത്തി.

“700 രൂപ ശമ്പളത്തിനാണ് പാചകത്തിനും മറ്റുമായി സരളയെ നിറുത്തുന്നത്.  ഇന്നും സരള ഇവിടുണ്ട്. സ്വന്തം മക്കളെ പോലെയാണ് സരള എല്ലാവരെയും നോക്കുന്നത്.

“2003 മുതല്‍ സരള ഇവിടുണ്ട്. പിന്നെ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു. ഇവരെ സംരക്ഷിക്കുകയെന്നത് എന്‍റെ ചുമതലയാണിപ്പോള്‍,”  ശ്രീകാരുണ്യമിഷന്‍റെ ഫൗണ്ടറും ചെയര്‍പേഴ്സണുമായ അനിത പറഞ്ഞു.

അനിതയും സുരേഷും

“പക്ഷേ സ്പെഷ്യല്‍ സ്കൂളിന്‍റെ മേല്‍നോട്ടത്തിന് ബിഎഡ് വേണം. അതിനു വേണ്ടി സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്ന ബി എഡും ഞാന്‍ പഠിച്ചെടുത്തു. തിരുവനന്തപുരം മുറിഞ്ഞപ്പാലം ബി എഡ് കോളെജില്‍ നിന്നാണ് ബി എഡ് പൂര്‍ത്തിയാക്കിയത്. 2006-ലാണ് ബി എഡ് എടുക്കുന്നത്.” അനിത പറഞ്ഞു.

2003 മേയിലാണ് ശ്രീകാരുണ്യ മിഷന്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.


ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


“അമ്മ മാത്രമുള്ള കുട്ടികളും അച്ഛനും അമ്മയും ഇല്ലാത്തവരുമൊക്കെയാണ് കാരുണ്യയിലെ കുട്ടികള്‍. ഏഴു വര്‍ഷം വാടകക്കെട്ടിടത്തില്‍. ഞങ്ങള്‍ താമസിക്കുന്ന വീടും ആ കെട്ടിടവും ഒരു കോcപൗണ്ടില്‍ തന്നെയായിരുന്നു. വീടും കെട്ടിടവും ഒരാളുടേത് തന്നെയായിരുന്നു.

സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ ഉണ്ടാക്കിയ കൗതുകവസ്തുക്കള്‍

” വര്‍ഷം കുറേയായി. പക്ഷേ ഇന്നും ശ്രീകാരുണ്യ പുതിയൊരു വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. ഇവിടെ നിന്നു ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍.

“ഇരുനില വീടാണിത്. മുകളില്‍ ഞങ്ങളും താഴെ സ്പെഷ്യല്‍ സ്കൂളുമാണ് പ്രവര്‍ത്തിക്കുന്നത്. 34 സെന്‍റിലാണ് ഈ വീട്. വീടിന്‍റെ പുറകില്‍ കുറച്ച് സ്ഥലമൊക്കെയുണ്ട്. അതൊക്കെ ടൈല്‍ പാകി ചെറിയ ഷെഡ് പോലെയാക്കിയെടുത്താണ് ഉപയോഗിക്കുന്നത്.

“(പക്ഷേ,) ഇവിടെ നിന്നും ഇറങ്ങി കൊടുക്കേണ്ട സമയമായി. കഴിഞ്ഞ മാര്‍ച്ചില്‍ ഒഴിയണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞിരുന്നത്. പക്ഷേ അവര് കുറച്ച് കരുണ കാണിക്കുന്നത് കൊണ്ട് വീണ്ടും നീട്ടിക്കിട്ടി. കെട്ടിടം വില്‍ക്കാം, നിങ്ങള്‍ വാങ്ങിക്കോളൂവെന്നാണ് അവര്‍ പറഞ്ഞത്. അതിന് പണം വേണ്ടേ.  ഇവിടെയൊക്കെ നാലു കോടിയൊക്കെയാ സ്ഥലത്തിന് വില.


മാസം തോറും കുട്ടികളുടെ കാര്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ഞാനെങ്ങനെയാണ് ഇത്രയും പണം കൊടുത്ത് ഈ സ്ഥലം വാങ്ങിക്കുക.


“ഇനി വീട് മാറണമെങ്കിലും ബുദ്ധിമുട്ടാണ്. ബോര്‍ഡിങ്ങില്‍ 62 പേരാണ് താമസിക്കുന്നത്. പുതിയ കുട്ടികളൊക്കെ ഓരോ ദിവസവും വരുന്നുണ്ട്. പക്ഷേ ഇവിടെ ഇനി ആളെയെടുക്കുന്നില്ലെന്നൊക്കെയാണ് പറയുന്നത്. എല്ലാവരെയും നോക്കാനുള്ള സാമ്പത്തികമൊന്നുമില്ല.

“ഇവിടെയുള്ള 115 പേരില്‍ മൂന്നു വയസ് മുതല്‍ 60 വയസ് വരെയുള്ളവരുണ്ട്. മൂന്നു മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കാണ് പഠിക്കാനുളള സൗകര്യമുള്ളത്. 18 മുതല്‍ 35 വരെയുള്ളവര്‍ക്ക് വെക്കേഷണല്‍ ട്രെയ്നിങ്ങാണ് കൊടുക്കുന്നത്. 35-ന് മുകളിലേക്കുള്ളവരെ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ പോലെ താമസിപ്പിക്കുന്നു.

“ബുദ്ധിമാന്ദ്യമുള്ളവരും ഓട്ടിസം ബാധിച്ചവരുമൊക്കെയാണ് ഇവിടുള്ളത്. മൂന്നു വയസുള്ളയാളെയും 60കാരനെയും കുഞ്ഞുങ്ങളെന്നേ പറയാനാകൂ. പ്രായം ഉണ്ടെങ്കിലും അവര്‍ക്കൊന്നും തനിച്ച് കാര്യങ്ങള്‍ ചെയ്യാനാകില്ല. അവരും എനിക്ക് കുഞ്ഞുങ്ങള്‍ തന്നെയാണ്.

“ഒന്നും ചെയ്യാന്‍ സാധിക്കാത്ത കുട്ടികളെന്നു പറഞ്ഞാണ് പലരും ഇവരെ ഒഴിവാക്കുന്നത്. അങ്ങനെയുള്ള അവരെന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്നൊരു സന്തോഷമുണ്ടല്ലോ.. അതിനോളം വലുത് ഒന്നുമില്ല,” അനിത ആ സംതൃപ്തി ടി ബി ഐയുമായി  പങ്കുവെയ്ക്കുന്നു.


അതുകൊണ്ട് എന്തിന്‍റെ പേരിലും ഇതൊന്നും അവസാനിപ്പിക്കാന്‍ തോന്നുന്നില്ല.


കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് മുതിര്‍ന്നവരെ താമസിപ്പിക്കുന്നതിന് വീടിന് അടുത്ത് തന്നെ ഒരു കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇരുപതിനായിരം രൂപയാണ് ഇവിടെ വാടക. 24 പേരാണ് ഇവിടെ താമസിക്കുന്നത്.

” 62 പേരില്‍ 40 പേര്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഇവരെ കൊണ്ടുപോകാന്‍ ആളില്ല. ഇവരെ ഉപേക്ഷിച്ച് വേറൊരു വീട് വാടകയ്ക്ക് എടുത്ത് പോകാനും എനിക്കാകില്ല.

“രണ്ടു വീടും തമ്മില്‍ അധികം ദൂരമൊന്നുമില്ല. അമ്പത് മീറ്റര്‍ ദൂരം പോലുമില്ല. അവര്‍ക്ക് ആവശ്യമായ ഫൂഡ് ഇവിടെ ഉണ്ടാക്കി കൊടുത്തയക്കും. അവരെ നോക്കാനും സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. തുടക്കത്തില്‍ സരള മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കില്‍, ഇന്നിപ്പോള്‍ 34 സ്റ്റാഫ് ഉണ്ട്.

“അതില്‍ മൂന്നു പേര്‍ മുതിര്‍ന്നവരെ താമസിപ്പിക്കുന്ന വീട്ടിലാണ് ജോലി ചെയ്യുന്നത്. സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസും സ്കൂള്‍ യൂനിഫോമുമുണ്ട്. 34 സ്റ്റാഫില്‍ അധ്യാപികമാരും ഫിസിയോതെറാപ്പി, വെക്കേഷന്‍ തെറാപ്പിസ്റ്റുമൊക്കെയുണ്ട്.

“വളരെ കുറഞ്ഞ ശമ്പളത്തിനാണ് ഈ 34 ജീവനക്കാരും ജോലി ചെയ്യുന്നത്. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം കൊടുക്കാനൊന്നും വരുമാനമില്ല. വര്‍ഷം തോറും സര്‍ക്കാരിന്‍റെ ഗ്രാന്‍റായി ഏഴര ലക്ഷം രൂപ കിട്ടിയിരുന്നു. ഒരു വര്‍ഷത്തെ വാടകയും ജീവനക്കാരുടെ ശമ്പളവും കൊടുക്കാന്‍ പോലും ഇതു തികയില്ല.

“എന്തൊക്കെയോ നൂലാമാലകള്‍ കാരണം ഇനി മുതല്‍ ആ ഗ്രാന്‍റ് കിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ കൃത്യമായി കിട്ടിയിരുന്നതാണ്.

“ഞാനും കുടുംബവും മാത്രമാണ് എങ്കില്‍ വാടക വീട് കിട്ടും. വീട് മാറിപ്പോകുന്നതിനും പ്രശ്നമില്ല. പക്ഷേ ഈ 40 കുഞ്ഞുങ്ങളെയും കൊണ്ട് എവിടേക്ക് പോകാനാണ്?” അനിത ചോദിക്കുന്നു.

“…ഈ മക്കളെയും കൊണ്ട് താമസിക്കാന്‍ സ്വന്തമായൊരു വീട്. ഇതാണ് എന്‍റെ വലിയ ആഗ്രഹം. ആരോരുമില്ലാത്തവരല്ലേ. ഞാനില്ലെങ്കിലും ഒറ്റയ്ക്കായി പോകരുതല്ലോ.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


എല്ലാത്തിനും പിന്തുണയേകി ഭര്‍ത്താവ് സുരേഷ് കൂടെ തന്നെയുണ്ട്. സ്പെഷ്യല്‍ സ്കൂളിന്‍റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹം ഒപ്പമുണ്ട്.  പൂര്‍ണമായും ഇപ്പോള്‍ സ്കൂളിനൊപ്പമാണ്. പഴയ നാലു വയസുകാരി മകളിപ്പോള്‍ ജോര്‍ജിയയില്‍ എം ബി ബി എസിന് പഠിക്കുകയാണ്. “ഞങ്ങള്‍ താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥരാണ് അവളുടെ പഠനം സ്പോണസര്‍ ചെയ്തിരിക്കുന്നത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകുകയാണ്,” അനിത പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം