വയനാടിന്‍റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍

ഒരു പേരും സംഘടനയുമില്ലാതിരുന്നിട്ടും ഇരട്ടച്ചങ്കുളള ഈ ചെറുപ്പക്കാര്‍ വയനാടിന്‍റെ രക്ഷകരായി വിളിപ്പുറത്തുണ്ട്, 25 വര്‍ഷത്തിലേറെയായി…

രുപത്തിയാറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. കബനി കുത്തിക്കലങ്ങി പായുകയാണ്.

കാടുംമലയും ഇളക്കിയൊഴുക്കി കലിതുള്ളിപ്പാഞ്ഞുവന്ന പുഴ മാനന്തവാടി വാളാട് ടൗണിലെ ചെറിയ മരപ്പാലവും മുക്കിക്കളഞ്ഞു. അക്കരെക്കടക്കാൻ തോണി മാത്രമായി നാട്ടുകാരുടെ ആശ്രയം.

1992 ജൂൺ 26. നിലക്കാതെ മഴ പെയ്തു, അന്നും.

വാളാട് ​ഗവ. ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരം വീടുകളിലേക്ക് പോവുകയായിരുന്നു.

തോണിയിൽ മുപ്പതിലേറെ കുട്ടികളുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തോണി മറിഞ്ഞു. ​ഗ്രാമം പകച്ചുനിന്നു–മുപ്പതിലേറെ ജീവൻ…


ഇതുകൂടി വായിക്കാം: ‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍


തോണി മറിഞ്ഞതറിഞ്ഞ് കുറെ ചെറുപ്പക്കാര്‍ പലയിടങ്ങളിൽ നിന്നും ഓടിയെത്തി. മറ്റൊന്നും ചിന്തിക്കാതെ അവർ പുഴയിലേക്ക് എടുത്തു ചാടി.

ഓരോരുത്തരെയായി രക്ഷിച്ച് അവർ തീരത്തെത്തിച്ചു. ഒരു ജീവൻ പോലും പുഴയ്ക്കും മരണത്തിനും വിട്ടുകൊടുക്കാതെ വാളാട്ടെ ചെറുപ്പക്കാർ കരയ്ക്കെത്തിച്ചു.

വിറങ്ങലിച്ചുനിന്ന ​ഗ്രാമം ആശ്വാസത്തോടെ ആകാശങ്ങളിലേക്ക് കണ്ണുകളുയർത്തി.

സ്വന്തം ജീവനെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടിയ യുവാക്കൾക്ക് നന്ദി പറയുമ്പോൾ എല്ലാവരുടെയും കണ്ണുകളില്‍ നന്ദി നിറഞ്ഞു തുളുമ്പിയിട്ടുണ്ടാവണം.

പിന്നീട്, പല തവണ അവർ വാളാടിന്‍റെ രക്ഷകരായി. കൂലിപ്പണിക്കാരായ സാധാരണക്കാരായിരുന്നു അവരിലേറെയും. കരുത്തുള്ള ശരീരവും കരുണയുള്ള മനസ്സും എന്തും നേരിടാനുള്ള ആത്മവിശ്വാസവുമുള്ള ആ ചെറുപ്പക്കാർ ദുരന്തമുഖങ്ങളിലേക്ക് എപ്പോഴും ഓടിയെത്തി.


ഇതുകൂടി വായിക്കാം: ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


വാളാട് റെസ്ക്യു ടീം എന്നൊക്കെ പേരുവരുന്നത് ഈയിടെയാണ്. പക്ഷേ, ഒരു പേരും സംഘടനയുമില്ലാത്ത ഇരട്ടച്ചങ്കുളള ഈ ചെറുപ്പക്കാര്‍ ഇക്കാലമത്രയും ​ഈ പ്രദേശത്തിന്റെ വിളിപ്പുറത്തുണ്ടായിരുന്നു. ഏതാഴത്തിൽ മുങ്ങിയും അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇവരെത്തും.

കയറും വായുനിറച്ച ട്യൂബും മാത്രമാണവരുടെ ഉപകരണങ്ങള്‍, പിന്നെ അളവില്ലാത്ത മനക്കരുത്തും.

ഏത് വിഷമം പിടിച്ച രക്ഷാപ്രവർത്തനത്തിനും ഇവർ എപ്പോഴും സന്നദ്ധരാണ്. അതുകൊണ്ട് വയനാട്ടിലെ പൊലീസും ഫയർഫോഴ്സും പല തവണ ഇവരുടെ സേവനം തേടി.

എന്നാല്‍ ഒറ്റയ്ക്കും കൂട്ടായും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 28 പേരുള്ള സംഘമായി രൂപപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്.

പ്രളയ കാലത്ത് വാളാട്ടെ രക്ഷാപ്രവർത്തകരുടെ പ്രവർത്തനങ്ങൾ കേരളം കൂടുതല്‍ കണ്ടറിഞ്ഞു. നൂറുകണക്കിന് പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

പ്രളയാനന്തരം വീടുകളിൽ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനും വീടുകള്‍ ശുചീകരിക്കാനും സംഘം കൈകോര്‍ത്തു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് ഈ രക്ഷാസേനയുടെ പ്രവര്‍ത്തനം.

Watch: പ്രളയകാലത്ത് വാളാട് റെസ്ക്യു ടീം നടത്തിയ രക്ഷാപ്രവര്‍ത്തനം

പ്രളയ കാലത്ത് ഇവർ വയനാട്ടിലെ പലയിടങ്ങളിലേക്കും വാഹനങ്ങളിൽ പാഞ്ഞെത്തിയപ്പോൾ ഡീസലടിക്കാൻ ഒരു സംഘടന പണം നൽകി. അതുമാത്രമായിരുന്നു മൂലധനം.

പ്രളയത്തില്‍ വയനാട് മറ്റുപ്രദേശങ്ങളിൽ നിന്നെല്ലാം ഒറ്റപ്പെട്ടപ്പോള്‍ സംഘാംഗങ്ങളില്‍ പലരുടെയും വീട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. കുടുംബാംഗങ്ങളെ താല്‍ക്കാലിക സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയാണ് മിക്കവരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

ഇതിനിടക്കാണ് മക്കിയില്‍ നിന്നും വിളിയെത്തിയത്: ദുരിതാശ്വാസ ക്യാംപില്‍ പുതപ്പില്ലാതെ ആളുകള്‍ തണുത്ത് വിറക്കുന്നു.

പലയിടങ്ങളില്‍ നിന്നായി കിട്ടാവുന്ന പുതപ്പുകള്‍ ശേഖരിച്ച് വാളാടിന്‍റെ രക്ഷകര്‍ ക്യാംപിലെത്തി. പുതപ്പുകള്‍ നല്‍കിയപ്പോള്‍ ആ മുഖങ്ങളില്‍ നിറഞ്ഞ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു, എന്ന് റെസ്ക്യൂ ടീം പ്രവര്‍ത്തകര്‍ പറയുന്നു.

വയനാട്ടിലെ തോടുകളുടെയും പുഴകളുടെയും ഒഴുക്കും ചുഴിയും ഈ സംഘാംഗങ്ങള്‍ക്ക് അറിയാം. മീനങ്ങാടി കണിയാമ്പറ്റയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ചൂഴിയില്‍പ്പെട്ട് മരണം മുഖാമുഖം കണ്ടതോര്‍ത്തെടുക്കുമ്പോഴും തങ്ങളുടെ മനക്കരുത്തിന് മുന്നില്‍ കാലന്‍ വഴിമാറിപോയ ചരിത്രമാണുള്ളതെന്ന് വള്ളിയില്‍ മുഹമ്മദ് ദ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. വാളാട് റെസ്ക്യു ടീമിന്‍റെ പ്രസിഡന്റ് ആണ് മുഹമ്മദ്.

മരണത്തിന്‍റെ മുഖം നേരില്‍ കണ്ട നിരവധി അനുഭവങ്ങള്‍ റെസ്ക്യു ടീമിലെ ഓരുരത്തര്‍ക്കും പറയാനുണ്ട്. ചുഴിയില്‍ താണുപോയ സന്ദര്‍ഭങ്ങള്‍, പുഴ ഒഴുക്കിക്കൊണ്ടുപോയ അനുഭവങ്ങള്‍. എന്നാല്‍ അതുപറയാനല്ല, മറിച്ച് മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവരെക്കുറിച്ച് സന്തോഷത്തോടെ ഓര്‍മ്മിക്കാനാണ് ആ കൂട്ടുകാര്‍ക്ക് താല്‍പര്യം.


ഇതുകൂടി വായിക്കാം: നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ


പേര്യയില്‍ തോട്ടിലെ ഒഴുക്കില്‍ കുട്ടി അകപ്പെട്ടപ്പോഴും തലപ്പുഴയില്‍ യുവാവിനെ കാണാതായപ്പോഴും വാളാട്ടെ സംഘം ഓടിയെത്തി.

പലപ്പോഴും നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ പോലും ഇവര്‍ വകവയ്ക്കാറില്ല.

ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ട് സഹജീവികളെ രക്ഷിക്കാനുള്ള വെമ്പലിലുള്ള എടുത്തുചാട്ടത്തെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര ആധുനിക ഉപകരണങ്ങളില്ലാത്തതാണ് ഇവരെ ചെറുതായെങ്കിലും അലട്ടുന്നത്.

കണ്ണൂരില്‍ നിന്നെത്തിയ മൂന്നുപേര്‍ 2016 ല്‍ വാളാട് പുഴയില്‍ വീണു. പുഴയില്‍ മീന്‍പിടിക്കാന്‍ കെട്ടിയ വലയില്‍ കുരുങ്ങിയ ഇവരെ വളരെ സാഹസികമായാണ് വാളാട് റെസ്ക്യു ടീം അംഗങ്ങള്‍ കരയ്‌ക്കെത്തിച്ചത്.


ഇതുകൂടി വായിക്കാം:വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


പക്ഷേ, പുഴയില്‍ നിന്ന് രക്ഷിക്കാനായെങ്കിലും അവരില്‍ രണ്ടുപേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആധുനിക ഉപകരണങ്ങളുണ്ടായിരുന്നുവെങ്കില്‍ ഈ മരണം ഒഴിവാക്കാനാവുമായിരുന്നുവെന്ന് സംഘം സെക്രട്ടറി ഫൈസല്‍ വാളാട് സങ്കടത്തോടെ ഓര്‍ക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പ് പേര്യയില്‍ ഏഴു വയസ്സുകാരന്‍ അജ്മലിനെ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു.

അഗ്‌നിസുരക്ഷാ സേനയും നാവികസേനയും തെരഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം നിഷ്ഫലമായി.

മൂന്നാംദിവസം കുട്ടിയുടെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെടുത്തത് വാളാട് സംഘമാണ്.

ഈയിടെ തലപ്പുഴ-തലശേരി റോഡിലെ വലിയ വാഹനകുരുക്ക് ഒഴിവാക്കാന്‍ നടത്തിയ അടിയന്തരമായ ഇടപെടല്‍ വാളാട് റെസ്ക്യു ടീമിനെ വീണ്ടും വാര്‍ത്തകളിലെത്തിച്ചു. വെള്ളം കയറിയ റോഡില്‍ ഒരുലോറി മരം ഇടിച്ചിട്ടതോടെ മണിക്കൂറുകളാണ് ഗതാഗതം തടസപ്പെട്ടത്.

വയനാട്ടിലെ പ്രധാന റോഡാണെന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. പോലീസും ഫയര്‍ഫോഴ്‌സും പകച്ചുപോയ നിമിഷങ്ങള്‍.

ഉടന്‍ വാളാട് സംഘത്തിന് ഫോണ്‍കോളെത്തി.

അവരെത്തി മണ്ണ് മാറ്റി ആദ്യം മരം മുറിച്ചുമാറ്റി. പിന്നീട് ജെസീബി ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചതോടെ നിലയ്ക്കാത്ത കയ്യടികളായിരുന്നു.

തികച്ചും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ലിജിന്‍ എസ് പോള്‍ എന്ന വിദ്യാര്‍ത്ഥിയ്ക്കായി നടത്തിയ തെരച്ചിലാണ് വാളാട്ടെ രക്ഷകരെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള മായാത്ത മറ്റൊരോര്‍മ്മ.

കമ്പിപ്പാലത്താണ് അപകടം നടന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം വെള്ളം കരകവിഞ്ഞൊഴുകിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുടങ്ങി. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സംഘം പുഴയില്‍ നിലയുറപ്പിക്കുകയായിരുന്നു.

ആദ്യ ദിവസങ്ങളില്‍ നാവികസേനാ സംഘവും ഫയര്‍ഫോഴ്‌സും തെരച്ചിലില്‍ പങ്കാളിയായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷമായപ്പോള്‍ അവരുടെ സേവനം മറ്റിടങ്ങളിലേക്ക് ആവശ്യമായി വന്നു.

മൂന്നാം ദിവസം വാളാട് സംഘമാണ് മൃതദേഹം കണ്ടെടുത്തത്.

കോറോം പുഴയില്‍ ഒരാളെ കാണാതായപ്പോള്‍ ആദ്യം ഓടിയെത്തിയതും ഇവരായിരുന്നു. ആലപ്പുഴയിലും ഈയിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയതോടെ വയനാടിന് പുറത്തേക്കും വിളിച്ചാല്‍ പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണിവര്‍.


ദൈവം നല്‍കുന്ന കൂലിയിലാണ് തങ്ങളുടെ പ്രതീക്ഷ.


സാങ്കേതികമായ യാതൊരുവിധ പരിശീലനവും സംഘത്തിന് ലഭിച്ചിട്ടില്ല. വാളാട് പുഴയുടെ ആഴവും പരപ്പും കുട്ടിക്കാലം മുതലേ അറിയാമെന്നതാണ് ഇവരുടെ ആത്മവിശ്വാസത്തിന് പിന്നില്‍.

കൂലിവേലക്കാരാണ് സംഘത്തിലെ കൂടുതല്‍ പേരും. കൂലിപ്പണിക്കിടയില്‍  പോലും ജീവന്‍റെ രക്ഷകരായി ഇവര്‍ സാജന്യ സേവനത്തിനായി പറന്നെത്തും. ദൈവം നല്‍കുന്ന കൂലിയിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഇവര്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലൈഫ് ജാക്കറ്റ്, ഒരു ബോട്ട് എന്നിവക്കായി സര്‍ക്കാര്‍ സഹായം തേടിയിട്ടുണ്ട് എന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു.

മുഹമ്മദിനും ഫൈസലിനും പുറമേ എം സി മുനീര്‍, ഖാലിദ് കൊറ്റിയോടന്‍, സി എം അയ്യൂബ്, അസീസ് പടയന്‍, അലിയാര്‍ ഈച്ചലില്‍ എന്നിവരാണ് സംഘത്തിന് ചുക്കാന്‍ പിടിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ എന്‍ ജെ സജിത്തിന്‍റെ സഹായവുമുണ്ട്. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭരണകൂടം ഇവരെ ആദരിച്ചിരുന്നു.

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം