ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ

ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ വഴി 131,010 രൂപയും  കാസര്‍ഗോഡുള്ള ഈ സ്കൂള്‍ നവകേരള നിര്‍മിതിക്കായി ശേഖരിച്ചുനല്‍കി.

കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്.

എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം.

കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം.

അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു .

മേലാങ്കോട്ട് സ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നു

ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി.

ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സംഭാവന ചെയ്തു. പ്രളയ ദുരിതാശ്വാസത്തിനായി മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.  സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു നല്‍കിയ സംഭാവനയില്‍ ഈ തുക കൂടി ചേര്‍ത്തുവെച്ചു.


ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്


നവകേരള സൃഷ്ടിക്കായി ജില്ലാ ഹരിതകേരള മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഹരിത സ്പര്‍ശത്തില്‍ ഞാനും എന്‍റെ വിദ്യാലയവും’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ ഇടപെടല്‍ നടത്തിയത്.
ആയിരത്തോളം വീടുകളില്‍ ലഘുലേഖ നല്‍കിയ ശേഷം അഞ്ഞൂറ് വിടുകളില്‍നിന്നുമാണ് പാഴ്വസ്തുക്കള്‍ ശേഖരിച്ചത്.

പാഴ് വസ്തുക്കള്‍ വിറ്റു കിട്ടിയ പണമാണ് കുട്ടികള്‍ പ്രളയ ദുരിത്വാശ്വാസ നിധിയിലേക്ക് നല്‍കിയത്.

വലിച്ചെറിയുന്ന പാഴ് വസ്തുക്കളെല്ലാം ‘കാരുണ്യവണ്ടി’ ഏറ്റുവാങ്ങി.

സ്‌കൂളിലെ 10 പ്രാദേശിക രക്ഷാകര്‍തൃസമിതികളുടെ സഹകരണത്തോടെ സ്‌കൂള്‍ പരിധിയില്‍ വരുന്ന അടമ്പില്‍, പുതുവൈ, നെല്ലിക്കാട്ട്, മേലാങ്കോട്ട്, നെട്ടടുക്ക, മേലടുക്കം, കാലിക്കടവ്, അതിയാമ്പൂര്‍, മണലില്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിച്ചത്. ഇരുമ്പ് സാധനങ്ങള്‍, ബക്കറ്റ്, കസേര, പൈപ്പ്, ബുക്കുകള്‍, അലുമിനിയം സാധനങ്ങള്‍, ചെമ്പ്, പിച്ചള, കാര്‍ഡ് ബോര്‍ഡ്, സ്റ്റീല്‍, ബാറ്ററി തുടങ്ങി വലിച്ചെറിയുന്ന പാഴ് വസ്തുക്കളെല്ലാം ‘കാരുണ്യവണ്ടി’ ഏറ്റുവാങ്ങി.



തങ്ങള്‍ക്കാവുന്ന സഹായങ്ങള്‍ ഒരുക്കി കാരുണ്യവണ്ടിക്ക് ഉജ്ജ്വല വരവേല്പാണ് നാട്ടുകാര്‍ നല്‍കിയത്. സ്‌ക്കൂളിന്‍റെ പ്രാദേശിക രക്ഷാകര്‍ത്തൃസമിതിയുടെ നേതൃത്വത്തില്‍  കാരുണ്യവണ്ടിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് പാഴ് വസ്തുക്കളുമായി ഓരോ കേന്ദ്രത്തിലും എത്തിയത്.

സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്ററാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ശ്രീനന്ദന്‍ കെ രാജ്, അഭിനവ് എം, അശ്വതികൃഷ്ണന്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാലിന്യ വണ്ടി ഗ്രാമങ്ങളിലേക്ക് പോവുകയായിരുന്നു.

കാരുണ്യ വണ്ടിയെ സ്വീകരിക്കാന്‍ രക്ഷിതാക്കളും നാട്ടുകാരും ഓരോ പ്രദേശത്തും കാത്തു നിന്നു.

പ്രളയ ദുരിതാശ്വാസത്തിന് കുട്ടികളുടെ ഒരു കൈത്താങ്ങ് എന്നതിനുപരി വീടിനകത്തും പുറത്തും കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനം കൂടി പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി യുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ‘കാരുണ്യ വണ്ടി’യിലൂടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് വസ്തുക്കളും ശേഖരിച്ച് സ്‌കൂളിലെത്തിച്ചത്.

രക്ഷിതാവ് കൂടിയായ ആലയിയിലെ രാമകൃഷ്ണന്‍റെ ലോറി പാഴ് വസ്തുക്കള്‍ക്കെതിരെ പടയൊരുക്കം എന്ന മുദ്രാവാക്യവുമായി ഗ്രാമ പ്രദക്ഷിണം  നടത്തിയാണ് ബുക്ക്, പേപ്പര്‍, കാര്‍ഡ് ബോര്‍ഡ്,  സ്റ്റീല്‍, ഇരുമ്പ്, കമ്പ്യൂട്ടര്‍, അലുമിനിയം, ഇലക്ട്രോണിക്ക്  വേസ്റ്റ്, പ്ലാസ്റ്റിക്ക് കസേരകള്‍, വാഷിംഗ് മെഷീന്‍, ടി.വി തുടങ്ങിയ പതിനാറോളം ഇനം മാലിന്യങ്ങള്‍ ശേഖരിച്ചത്.


ഇതുകൂടി വായിക്കാം: കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍


ശേഖരിച്ച മാലിന്യങ്ങള്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് കേരള സ്‌റ്റേറ്റ് സ്‌ക്രാപ് അസോസിയേഷല്‍ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി തങ്കമുത്തു സ്‌കൂളിലെത്തി തൂക്കിയെടുത്തു.

സംസ്ഥാനത്ത് കാസര്‍ഗോഡ് മാത്രമാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഹരിതകേരള മിഷന്‍ മാലിന്യ മുക്ത ഗ്രാമം സാക്ഷാല്‍ക്കരിക്കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്കായി കൈത്താങ്ങേകുന്ന വേറിട്ട പ്രവര്‍ത്തനത്തിന് രൂപം കൊടുത്തത്.

കാരുണ്യ വണ്ടിയിലൂടെ ശേഖരിച്ച പാഴ് വസ്തുക്കള്‍ വിറ്റ് കിട്ടിയ തുക ഏറ്റു വാങ്ങാന്‍ ജില്ലാ കലക്ടര്‍ സ്‌കൂളില്‍ നേരിട്ട് എത്തി.

പ്രളയബാധിതരെ സഹായിക്കാന്‍ മേലാങ്കോട്ട്  എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ നടത്തിയ ഓരോ  പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്, കലക്ടര്‍ പറഞ്ഞു.
നേരത്തെ കുട്ടനാട് കുട്ടമംഗലം ഗവ.എല്‍.പി.സ്‌കൂളിനാവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും ഈ സ്കൂളിലെ കുട്ടികളും അധ്യാപക രക്ഷാകര്‍തൃസംഘടനയും ചേര്‍ന്ന് ശേഖരിച്ച് നല്‍കിയിരുന്നു.

ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


പ്രളയത്തില്‍ മുങ്ങിയ ചാലക്കുടിയെ സഹായിക്കാന്‍ അമ്പതംഗ വിദഗ്ദ്ധ കര്‍മ്മസേനയുമായി മേലാങ്കോട്ട് സ്കൂളിലെ അധ്യാപകരും രക്ഷകര്‍ത്താക്കളും അവിടെയത്തി. ഒരാഴ്ചക്കാലം അവര്‍ അവിടെ പ്രവര്‍ത്തനം നടത്തി.

“കേരളം അനുഭവിച്ച പ്രളയ ദുരിതത്തെ നേരിടാന്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ ഒന്നാകെ മുന്നിട്ടിറങ്ങിയ അനുഭവമാണ് നമ്മള്‍ കണ്ടത്. സ്കൂള്‍ വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും ക്ലബുകളും  എല്ലാവരും ഒറ്റമനസ്സോടെ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞു,” പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു.

സാലറി ചലഞ്ചിന് മുമ്പെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊണ്ട് നാരായണന്‍ മാസ്റ്റര്‍ മുന്നേ നടന്നു.

കൊടക്കാട് നാരായണന്‍ മാസ്റ്റര്‍

തന്‍റെ സര്‍വ്വീസ് കാലാവധി അവസാനിക്കുന്നത് വരെ മാസം തോറും രണ്ട് ദിവസത്തെ ശമ്പളം നവകേരള നിര്‍മതിക്ക് വേണ്ടി നല്‍കാനും അദ്ദേഹം  തീരുമാനിച്ചു.

ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ വഴി 131,010 രൂപയും  കാസര്‍ഗോഡുള്ള ഈ സ്കൂള്‍ നവകേരള നിര്‍മിതിക്കായി ശേഖരിച്ചുനല്‍കി.


പഠനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളെ നല്ലപൗരന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ മാലിന്യ ശേഖരണം നടത്തിയത്. പഠനം ക്ലാസ് മുറിയില്‍മാത്രം ഒതുങ്ങുന്നതല്ല എന്ന സന്ദേശം രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ സ്കൂളില്‍ പ്രത്യേകം ക്ലാസ് നടത്തിയിരുന്നു.

ഇതിന് പുറമെ  രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഉപയോഗിക്കാന്‍ ഗണിശാസ്ത്ര ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് ആവശ്യമായ പച്ചക്കറികള്‍ കുട്ടികള്‍ തന്നെയാണ് സ്‌കൂള്‍മുറ്റത്ത് കൃഷി ചെയ്യുന്നത്. പ്രകൃതിയേയും മണ്ണിനെയും അടുത്തറിയാന്‍ പ്രകൃതി സൗഹൃദ സദസ്സുകളും സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാറുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം