കുടിയനായിരുന്നു ജോണ്‍സണ്‍, മുഴുക്കുടിയന്‍.
കുടിച്ച് ലക്കുകെട്ട് ഒന്നുമില്ലാതായി. എല്ലാം കൈവിട്ടുപോകുന്നുവെന്ന് അറിയുന്നുണ്ടായിരുന്നെങ്കിലും കുടി നിര്‍ത്താന്‍ പറ്റുന്നില്ല. നിസ്സഹായനായി മരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു.
പക്ഷേ, അതിനൊക്കെ മുമ്പ് മദ്യപാനത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയിരുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴേ മദ്യരുചിയറിഞ്ഞിരുന്നു ജോണ്‍സണ്‍. മഷിക്കുപ്പിയില്‍ കൂട്ടുകാരന്‍ സ്നേഹപൂര്‍വ്വം നല്‍കിയ നാടന്‍ ചാരായത്തിലായിരുന്നു തുടക്കം. ജീവിതത്തിന്‍റെ നല്ല കാലങ്ങളെല്ലാം മദ്യലഹരി മുക്കി. ഒടുവില്‍ ലിവര്‍ സീറോസിസ് രോഗിയുമായി.
“അച്ഛന്‍റെയും അമ്മയുടെയും പെന്‍ഷന്‍ കൊണ്ട് ജീവിക്കേണ്ടി വന്ന നാളുകളായിരുന്നു അത്,” ആ കാലത്തെക്കുറിച്ച് ജോണ്‍സണ്‍മാഷ് ഇങ്ങനെ പറയുന്നു. “സമൂഹത്തിലെ അന്തസ് തകര്‍ന്നടിഞ്ഞു. പിന്നൊന്നും നോക്കാനില്ലാത്തതിനാല്‍ ഫുള്‍ടൈം കുടി തുടര്‍ന്നു. രക്ഷപ്പെടുത്താന്‍ കൊണ്ടുപോകാന്‍ സ്ഥലവുമില്ല, ആളുമില്ലാത്ത ഗതികെട്ട അവസ്ഥ.
“എനിക്ക് കുടി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ത്താന്‍ പറ്റുന്നില്ല.”
അങ്ങനെ ജീവിതത്തില്‍ പരാജയപ്പെട്ടെന്ന വേദനയില്‍ മരിച്ചാലെങ്കിലും ഭാര്യക്കും മകനും പ്രയോജനപ്പെടട്ടെ എന്നു കരുതി ഇന്‍ഷ്വറന്‍സ് എടുത്ത് ജോണ്‍സണ്‍ മരിക്കാനിറങ്ങി. ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണം. അതിനായി ആമ്പല്ലൂരില്‍ വി ജെ പോള്‍ ജോണ്‍സണ്‍ എന്ന ഡോക്ടറുടെ അടുത്തെത്തി.
ജോണ്‍സണിന്‍റെകഥ കേട്ട ഡോക്ടറാണ് പറഞ്ഞത് ആല്‍ക്കഹോളിസം എന്നത് ഒരു രോഗമാണെന്ന്. ആദ്യം അത് വിശ്വസിക്കാനായില്ലെന്ന് മാഷ് പറയുന്നു. ഉള്ളു നീറ്റുന്ന വാത്സല്യത്തോടെ ഡോക്ടര്‍ പറഞ്ഞതല്ലൊം ജോണ്‍സണ്‍ കേട്ടിരുന്നു. പുതിയ മനുഷ്യനായാണ് ആശുപത്രിയുടെ പടിയിറങ്ങിയതെന്ന് ജോണ്‍സണ്‍ പറയുന്നു.
“എനിക്ക് ഫിലോസഫിയില്‍ ഡോക്ടറേറ്റുണ്ട്, വിദ്യാസമ്പന്നനാണ്. എന്നിട്ടും ആല്‍ക്കഹോളിസം എന്ന ഒരു അസുഖമുണ്ടെന്ന് ആദ്യമായി കേട്ടത് ഡോക്ടര്‍ പറഞ്ഞപ്പോഴായിരുന്നു. അദ്ദേഹം അതിന്‍റെ ലക്ഷണങ്ങള്‍ പറഞ്ഞുതന്നതോടെ ശരിക്കും മനനസിലായി ആ രോഗം ബാധിച്ച ആളാണ് ഞാനെന്ന്. ആ രോഗത്തില്‍ നിന്ന രക്ഷപ്പെടാന്‍ എന്താ ചെയ്യുക എന്ന ചോദ്യത്തിന് ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കാതിരിക്കുക എന്ന ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിഞ്ഞത് ഡോക്റ്ററുമായുള്ള ആ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു…,” അദ്ദേഹം വെളിപ്പെടുത്തുന്നു.
“കള്ളുകുടിയന്‍മാര്‍ക്ക് കുരുട്ടുബുദ്ധി കൂടുതലാണ്, ആ ബുദ്ധി മതി മദ്യപിക്കാതെ തുടര്‍ന്ന് ജീവിക്കാനും.”
ജോണ്‍സണ്‍ തുടരുന്നു, “അങ്ങനെയുള്ള ചില ടെക്നിക്കുകളാണ് നമ്മെ രക്ഷപ്പെടുത്തുന്നത്.”
മദ്യലഹരിക്ക് അടിമയാവുകയെന്നത് ഒരു രോഗമാണെന്ന് കുടിയന്‍മാര്‍ പോലും തിരിച്ചറിയുന്നില്ല. സമൂഹം അതൊരിക്കലും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മാഷ് പറയുന്നു.
കുടിനിര്‍ത്തി ലഹരിയില്ലാത്ത കണ്ണുകളോടെ ജീവിതം കണ്ടപ്പോഴാണ് നഷ്ടപ്പെട്ടവയുടെ വിലയറിഞ്ഞത്. കുടിയന്മാരുടെ പരിദേവനങ്ങള്‍ പരിഹാസ്യമാകുന്ന സമൂഹത്തില്‍ അവരെ കേള്‍ക്കണമെന്നും ആശ്വസിപ്പിക്കണമെന്നും തോന്നിയത്. ഉപദേശിക്കാനും പരിഹസിക്കാനും ഒരുപാട് പേരുണ്ടാകും. എന്നാല്‍ ആത്മാവിനെ തൊട്ടറിഞ്ഞ് സംസാരിക്കാനും കൈപിടിച്ച് ജീവിതത്തിലേക്ക് നടത്താനും ആരുമുണ്ടാകില്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞിരുന്നു ജോണ്‍സണ്‍.
അങ്ങനെയാണ് തൃശൂര്‍ പൂമലയില്‍ പതിനാറ് വര്‍ഷം മുമ്പ് പുനര്‍ജനി എന്ന ഡി അഡിക്ഷന്‍ സെന്‍ററുണ്ടായത്. ഈ ഡീ അഡിക്ഷന്‍ സെന്‍ററിന് ഒരുപാട് പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് മരുന്നില്ല, സാധാരണ ആശുപത്രികളിലെപ്പോലെ മുഷിപ്പിക്കുന്ന ഏകാന്തതയും വിരസതയുമില്ല. എല്ലാവരും സ്വതന്ത്രരാണ്. സമാനദുഖിതരായതിനാല്‍ അന്തേവാസികള്‍ വളരെ പെട്ടെന്ന് അടുക്കുകയും അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്യുന്നു.
മദ്യത്തോടുള്ള അമിതാസക്തി തിരിച്ചറിഞ്ഞ് സ്വയം അത് ഇല്ലാതാക്കുന്ന രീതിയാണ് ജോണ്‍സണ്‍ മാഷിന്‍റേത്. അരി വാങ്ങാനുള്ള കാശിലും കൂടുതല്‍ കള്ള് വാങ്ങാന്‍ ചെലവഴിക്കുന്ന നാട്ടില്‍ പുനര്‍ജനി തേടി വരുന്നവരുടെ എണ്ണവും കൂടുന്നു. മദ്യപാനം ഒഴിവാക്കാനാകാത്ത ഒരു ശീലമല്ലെന്ന ഉറപ്പുണ്ട് മാഷിന്. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി കൊടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
ഇതുകൂടി വായിക്കാം:46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്
കുടിച്ച് കുടിച്ച് നശിച്ചുപോയ ബോധതലത്തില്‍ മാഷിന്‍റെ വാക്കുകള്‍ ഒരിക്കലെങ്കിലും പതിഞ്ഞാല്‍ പിന്നെ തിരിച്ചറിവായി. അതിനായി പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാകണം. എല്ലാം ക്ഷമിച്ച് തെറ്റുകള്‍ തിരുത്താന്‍ ഭര്‍ത്താവിന് കൂട്ടായി മിക്കപ്പോഴും ഭാര്യയുണ്ടാകും, ചെറിയ പ്രായത്തില്‍ തന്നെ ലഹരിക്കടിമയായ മകനു വേണ്ടി പാര്‍ത്ഥനയോടെ അമ്മയും….അനുഭവിച്ച് മടുത്ത ദുരിത ജീവിതത്തില്‍ നിന്ന് കരകയറാന്‍ എത്ര തപസ്സ് ചെയ്യാനും തയ്യാറാണിവര്‍…ഉറ്റവരുടെ കണ്ണീരും നൊമ്പരവും തിരിച്ചറിയാനാകാതെ നഷ്ടപ്പെടുത്തിയ നല്ലകാലം…
ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത ഭൂതകാലത്തെ പടിയിറക്കി വിടാന്‍ ജോണ്‍സണ്‍ മാഷ് നല്‍കുന്നത് 21 ദിവസം. പുനര്‍ജനിയിലെ ഈ ദിവസങ്ങളുടെ മാന്ത്രികതയില്‍ ജീവിതം തിരിച്ചുപിടിച്ചവര്‍ എത്രയോ..
കുടി കാരണം നാട്ടിലുണ്ടായിരുന്ന സത്പേരും സാമൂഹത്തിലുണ്ടായിരുന്ന പദവികളും നഷ്ടപ്പെട്ടതിനെക്കെുറിച്ചാണ് പുനര്‍ജനിയിലെത്തിയവര്‍ക്ക് പറയാനുള്ളത്.
ഒരുപാട് നല്ല ബന്ധങ്ങളുണ്ടായിരുന്നെന്നും ആ ബന്ധങ്ങളിലെല്ലാം വിള്ളലുണ്ടായെന്നും ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. അങ്ങനെയിരിക്കെയാണ് ഈ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതും ഇവിടെ വരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വന്നിട്ട് പതിനൊന്ന് ദിവസമായെന്നും ഈ പതിനൊന്ന് ദിവസം കൊണ്ടുതന്നെ പല വ്യത്യാസങ്ങളും അനുഭവിക്കാനായെന്നും മറ്റൊരാള്‍.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: “തികഞ്ഞ മദ്യാപാനിയായിരുന്നു ഞാന്‍. അങ്ങനെയിരിക്കെ കാന്‍സര്‍ വന്നു. എന്നിട്ടും ചികിത്സക്കിടെ കീമോയ്ക്കിടയില്‍ പോലും മദ്യപിച്ചു. ഒപ്പം പുകവലിയുമുണ്ടായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ തുച്ഛമായ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റമുണ്ടായി, ഞാനിപ്പോള്‍ കള്ളിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല.”
21 ദിവസത്തെ കോഴ്സ് പൂര്‍ത്തികരിച്ച് മാറ്റമുണ്ടായെന്നും കുടി നിര്‍ത്തിയെന്നും സാക്ഷ്യപ്പെടുത്തുന്നവര്‍ ഒരുപാടുണ്ട്. മാസത്തില്‍ ഒരു വട്ടമെങ്കിലും വീണ്ടും പുനര്‍ജനിയില്‍ വരണമെന്നും വീണ്ടും വീണ്ടും സാറിന്‍റെ ക്ലാസ് കേള്‍ക്കണമെന്നും സുകുമാരന്‍ എന്നയാള്‍ പറയുന്നു. ഒമ്പത് വര്‍ഷത്തിന് മുമ്പ് കോഴ്സ് കഴിഞ്ഞുപോയ തോമസും ഒരു വര്‍ഷത്തിന് മുമ്പ് കുടി നിര്‍ത്തിയ സജീഷുമെല്ലാം കുടിനിര്‍ത്താനാകാതെ വിഷമിക്കുന്നവരോട് ജോണ്‍സണ്‍മാഷിന്‍റെ ശിഷ്യത്വം സ്വീകരിക്കാനാണ് പറയുന്നത്.
കള്ളുകുടിയനാകാനുള്ള പ്രധാനകാരണം ഒരാള്‍ വിശദീകരിക്കുന്നതിങ്ങനെ. “എന്നും കള്ള് കുടിച്ചെത്തുന്ന അച്ഛനുണ്ടാക്കുന്ന ബഹളം കാരണം ഒന്നുറങ്ങാന്‍ പോലും പറ്റാതെ വന്നപ്പോള്‍ ഇതൊന്നും കേള്‍ക്കാതെ ഉറങ്ങാനാണ് കുടിച്ചുതുടങ്ങിയത്. ഒരു ദിവസം ചെയ്തപ്പോള്‍ ഈ പരിപാടി കൊള്ളാമല്ലോ എന്ന് തോന്നി. അങ്ങനെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി.
അച്ഛന്‍ എന്നെക്കാളും വലിയ കുടിയനായതിനാല്‍ ഉപദേശിക്കാനും പറ്റില്ല. അച്ഛന്‍ അപ്പുറത്തും ഞാന്‍ ഇപ്പുറത്തുമിരുന്ന് കഴിക്കാന്‍ തുടങ്ങി. അങ്ങനെ തികഞ്ഞ മദ്യപാനിയുമായി.
“ഇപ്പോള്‍ നിര്‍ത്തണമെന്ന് തോന്നി ഇവിടെ വന്നു. കുടി നിര്‍ത്തുക എന്നത് അത്ര വലിയ കേസല്ലെന്ന് ഇവിടെ വന്നപ്പോള്‍ മനസിലായി.”
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുള്‍ക്കൊണ്ട തിരിച്ചറിവുകളും സൈക്കോളജിയിലുള്ള പരിജ്ഞാനവുമാണ് മദ്യപരോടുള്ള സമീപനത്തില്‍ ജോണ്‍സണ്‍ മാഷ് സ്വീകരിക്കുന്നത്. അതുകൊണ്ട് മരുന്നും തടവറയുമില്ലാതെ ഇതുവരെ ആയിരക്കണക്കിനാളുകളെ രക്ഷപ്പെടുത്തി. വര്‍ഷം ആയിരം പേരെങ്കിലും പുനര്‍ജനിയിലെത്തുന്നുണ്ട്. പതിനയ്യായിരത്തിലധികം പേര്‍ വന്നു പോയെന്ന് മാഷ് പറഞ്ഞു. അതില്‍ 70 ശതമാനം പേരും ആല്‍ക്കഹോളിസം എന്ന രോഗത്തില്‍ നിന്ന് വിമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. മുമ്പ് മദ്യപാനികളായിരുന്നവര്‍ക്ക് മദ്യപരെ മനസിലാക്കാനാകെുമെന്ന് മനസ്സിലായപ്പോള്‍ മുറിവേറ്റ പരിചാരകര്‍ (wounded servants) എന്ന സങ്കല്‍പ്പമാണ് പുനര്‍ജനി പിന്തുടരുന്നത്.
പുനര്‍ജനിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുന്നവര്‍ക്കും മാഷ് സഹായമാകുന്നുണ്ട്. വീട് വാടകയ്ക്ക് എടുത്തു നല്‍കിയും ചെറിയ ജോലി കണ്ടെത്തി നല്‍കിയും അവരുടെ പുനരധിവാസത്തിനും കൂടെ നില്‍ക്കും. ഇങ്ങനെ രണ്ട് കുടുംബങ്ങള്‍ പുനര്‍ജനിയില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.
മദ്യപാനം മൂലം പൊറുതി മുട്ടി പലയിടത്തും ചികിത്സ തേടി മടുത്ത് എത്തുന്നവര്‍ക്ക് പുനര്‍ജനി ഒരു പുതിയ അനുഭവമാണ്. ഒരു കമ്മ്യൂണ്‍ ലിവിംഗിന്‍റെ അനുഭവമാണ് അത് നല്‍കുന്നത്. അടുക്കളയില്‍ പാചകത്തിന് സഹായിച്ച് കൂട്ടിരിപ്പുകാരും പുറംപണികള്‍ ഏറ്റെടുത്ത് മദ്യപരും പുനര്‍ജനിയെ അവരുടെ വീടാക്കുന്നു. സഹായിച്ചും പര്സപരം ജീവിതകഥ പറഞ്ഞും എല്ലാവരും ഒറ്റവീട് പോലെ കഴിയുന്നു. കുഞ്ഞുങ്ങളുമുണ്ട് കൂട്ടത്തില്‍. അവര്‍ക്കായി പോക്കറ്റില്‍ നിറയെ ചോക്കളേറ്റുമായാണ് മാഷെത്തുന്നത്.
ആല്‍ക്കഹോളിക്കായ കലാകാരന്‍മാര്‍ ഒരുപാട് ഇവിടെയെത്തിയിട്ടുണ്ട്. അവരുടെ കലാപരമായ കഴിവുകള്‍ പുനര്‍ജനിയുടെ അകത്തും പുറത്തും കാണാം. ശില്‍പങ്ങളും ചിത്രപ്പണികളും ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിച്ച് അതിനുള്ള സാഹചര്യമൊരുക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മാഷ് എന്നും കൂടെ നില്‍ക്കും.
മദ്യപാനികള്‍ സ്വസ്ഥത കെടുത്തുന്ന പല കുടുംബങ്ങള്‍ക്കും പക്ഷേ അവരെ യഥാസമയം ഡിഅഡിക്ഷന്‍ സെന്‍ററുകളില്‍ എത്തിക്കാനാകാറില്ല. സ്വയം വരാന്‍ തയ്യാറാകാത്തതും ബലമായി കൊണ്ടുവരാന്‍ ആളില്ലാത്തതും കാരണം സങ്കടപ്പെട്ടു കഴിയുന്നവരോട് പൊലീസ് സഹായത്തോടെ അവരെ എത്തിക്കാനാകുമെന്ന് മാഷ് പറയുന്നു.
ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കുന്ന അപേക്ഷയില്‍ പൊലീസ് മദ്യപരെ ഡിഅഡിക്ഷന്‍ സെന്‍ററില്‍ എത്തിക്കാറുണ്ട്. അത്തരം ആളുകളെ തിരിച്ചയക്കുമ്പോള്‍ പൊലീസ് സ്റ്റേഷനിലെത്തി നന്ദി അറിയിക്കണമെന്നും പൊലീസുകാര്‍ക്ക് മധുരം നല്‍കണമെന്നും മാഷ് ഉപദേശിക്കാറുമുണ്ട്. ആത്മവിശ്വാസം ഉറപ്പിക്കാനും നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും അതുവഴി കഴിയും.
സാങ്കേതിക വിദ്യ വികസിച്ചതോടെ പുനര്‍ജനിയിലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഊഷ്മളമായി, ഓരോ ബാച്ചിനും വാട്സ്ആപ്പില്‍ ഓരോ ഗ്രൂപ്പ്. അങ്ങനെ ആ കൂട്ടായ്മ സജീവമായി നിലനില്‍ക്കുന്നത് മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനുള്ള പ്രവണത കുറയ്ക്കുമെന്ന് മാഷ് പറയുന്നു. എല്ലാവരെയും പങ്കെടുപ്പിച്ച് ഇത്തവണ ഓണാഘോഷം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പുനര്‍ജനിയിപ്പോള്‍.
പതിനാറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡിഅഡിക്ഷന്‍ സെന്‍ററാണെങ്കിലും പുനര്‍ജനിയ്ക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു സഹായവും പിന്തുണയും ലഭിക്കാത്തതില്‍ ജോണ്‍സണ്‍ മാഷിന് നിരാശയുണ്ട്. മന്ത്രിമാരും എം എല്‍ എമാരുമൊക്കെ വലിയ പ്രശംസകളൊക്കെ ചൊരിഞ്ഞ് മടങ്ങും. പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നോ പുറത്ത് വ്യക്തികളില്‍ നിന്നോ പിന്തുണ മാഷ് ആഗ്രഹിക്കുന്നുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിഅഡിക്ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ മാഷ് ചൂണ്ടിക്കാണിക്കുന്നു. യാന്ത്രികമായ സംവിധാനങ്ങളല്ല ക്രിയാത്മകവും സജീവവുമായ ഇടപെടലുകളാണ് മദ്യപര്‍ക്കാവശ്യം എന്നതാണ് മാഷിന്‍റെ എന്നത്തേയും നിലപാട്.
ഇങ്ങനെയൊക്കെ ആണെങ്കിലും കൗമാരക്കാരിലും ചെറുപ്പക്കാരിലും കണ്ടുവരുന്ന ലഹരി ഉപയോഗത്തില്‍ മാഷ് ആശങ്കാകുലനാണ്. ദിവസവും അത്തരത്തിലുള്ളവരുടെ രക്ഷിതാക്കളുടെ ഫോണ്‍ എത്താറുണ്ടെന്നും എന്നാല്‍ അവരെ ഏറ്റെടുക്കുന്നത് റിസ്‌ക്കാണെന്നും അദ്ദേഹം പറയുന്നു. കഞ്ചാവിനും ലഹരിമരുന്നുകള്‍ക്കും അടിമയായവര്‍ അത്രമാത്രം അക്രമാസക്തരാണ്. അവരെ നിയന്ത്രിക്കാനും ശുശ്രൂഷിക്കാനും ഇപ്പോള്‍ പുനര്‍ജനിയില്‍ സൗകര്യമില്ല.
മാത്രമല്ല ഇവരുടെ മോചനക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ലെന്നും മാഷ് പറഞ്ഞു. അങ്ങനെയുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്തില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയാണ് പോക്ക് എങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ തലമുറയില്‍ പകുതിയോളം പേര്‍ ലഹരി ഉപയോഗിക്കുന്നവരായേക്കുമെന്നും മാഷ് ആശങ്കപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പ് കോളേജില്‍ നിന്ന് വിരമിച്ച മാഷ് ഇപ്പോള്‍ പൂര്‍ണസമയവും പുനര്‍ജനിയില്‍ തന്നെയുണ്ട്. പക്ഷേ തന്‍റെ ശ്രദ്ധ പതിഞ്ഞില്ലെങ്കിലും കാര്യങ്ങള്‍ നന്നായി പോകുമെന്ന് അദ്ദേഹം പറയുന്നു. പി ആര്‍ ഒ ആയും മാനേജരായുമെല്ലാം തുടക്കം മുതല്‍ കൂടെയുള്ള ബൈജു പൂമലയുള്ളത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മകന്‍ ഖത്തറില്‍ എന്‍ജിനീയറായിരുന്നു, ഇപ്പോള്‍ നാട്ടിലുണ്ട്. അത്യാവശ്യം സഹായം മകനും ചെയ്യും. കരള്‍ രോഗിയായതിനാല്‍ മാഷിന്‍റെ ആരോഗ്യം ശ്രദ്ധിച്ച് ഭാര്യ രാജി കരുതലോടെ എപ്പോഴും കൂടെയുണ്ട്.
മദ്യാസക്തി മാരകമായ ഒരു കുടുംബരോഗമാണന്ന സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ ‘അമൃതംഗമയ’ എന്ന ഡോക്യുമെന്‍ററിയും ‘പിതൃഹത്യ’ എന്ന ഷോര്‍ട് ഫിലിമും പുനര്‍ജനി നിര്‍മിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍, പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ്, സ്‌കൂളുകള്‍ എന്നിവയുമായി സഹകരിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കുടിയന്‍റെ കുമ്പസാരം, മദ്യപരറിഞ്ഞ് കുടി നിര്‍ത്താം, മലയാളിയുടെ ആസക്തികള്‍ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട് ജോണ്‍സണ്‍ മാഷ്.
“കുത്തഴിഞ്ഞ പുസ്തകം പോലെ ജീവിച്ച ഒരു മദ്യപന്‍റെ അനുഭവങ്ങളുടെയും അറിവുകേടുകളുടെയും തോന്ന്യാസങ്ങളുടെയും അടുക്കും ചിട്ടയുമില്ലാത്ത കുമ്പസാരം. കല്ലെറിയുന്നവരേക്കാള്‍ പാപിയല്ലാത്ത നിസ്സഹായനായ മനുഷ്യന്‍റെ ദയാഹര്‍ജി,” എന്നാണ് ആത്മകഥയായ കുടിയന്‍റെ കുമ്പസാരത്തെ മാഷ് വിശേഷിപ്പിക്കുന്നത്.
എന്തായാലും കൊലവിളിയും തെറിപ്പാട്ടുമായി വന്നു കയറുന്നവരെയാണ് മാഷ് മെരുക്കിയെടുക്കുന്നത്.
അനുഭവങ്ങളുടെ ഒരു കടലായി ജോണ്‍സണ്‍മാഷ് മുന്നില്‍ വരുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ജീവിതത്തിന്‍റെ സാധ്യതയും വ്യാപ്തിയും തിരിച്ചറിയുകയാണിവര്‍. എത്തുന്നവരില്‍ 70 ശതമാനം പേരും മദ്യപാനത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരാകുമെന്ന് മാഷ് ആവര്‍ത്തിക്കുന്നു, കാരണം എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അതൊരു പിടിവള്ളിയായെങ്കിലോ…
ഓര്‍മ്മകളുടെ ലോകത്ത് പോലും ഒറ്റപ്പെടുന്നവരാണ് മദ്യപാനികള്‍. മനസ്സൊന്നു തുറക്കാന്‍ ശ്രമിച്ചാല്‍ അസഹ്യതയോടെ കേള്‍വിക്കാര്‍ സ്ഥലം വിടും, മാഷ് പറയുന്നു. എന്നാല്‍ സമാനദുഖിതരുടെ സമാഗമമാണ് പുനര്‍ജനിയില്‍. ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്ന കൂട്ടായ്മയില്‍ ആശുപത്രിയെന്നോ രോഗികളെന്നോ ചിന്തയില്ല. കളിയും തമാശയും പാട്ടുമൊക്കെയായി 21 ദിവസങ്ങള്‍ അങ്ങനെ ഓടിപ്പോകും.
മദ്യപാനം നിര്‍ത്തി ജീവിതത്തിലേക്ക് മടങ്ങിയവര്‍ ഇടയ്ക്കിടെ മാഷിനെ കാണാനെത്തും. ആ നേരനുഭവങ്ങള്‍ പുതിയതായി എത്തുന്നവര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ചികിത്സ കഴിഞ്ഞുപോകുന്നവരും ഇടയ്ക്ക് ഇവിടെയെത്തി ഒന്നു രണ്ട് ദിവസം താമസിച്ച് മടങ്ങുന്നു. സ്വന്തം തറവാട്ടില്‍ എത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന സുഖമാണ് പലര്‍ക്കും പുനര്‍ജനിയിലെ സന്ദര്‍ശനം നല്‍കുന്നത്.
മരുന്നല്ല മാഷിന്‍റെ ക്ലാസാണ് കുടിയന്‍മാരുടെ മനസ് മാറ്റുന്നതെന്ന് കൂടെയുള്ളവര്‍ പറയുന്നു. വരുന്നവരില്‍ കാണുന്ന മാറ്റം ഇവര്‍ക്ക് നല്‍കുന്നത് ചില്ലറ ആശ്വാസമല്ല.
നേരിട്ടറിഞ്ഞ അനുഭവത്തിന്‍റെ കരുത്തോളം പോരുന്ന മറ്റെന്തുണ്ട്?
ജോണ്‍സണ്‍ മാഷിനറിയാം മദ്യപാനികളുടെ മനസ്സ്. പറയുമ്പോള്‍ തട്ടിച്ചിതറി പോകുമെങ്കിലും ആ കുമ്പസാരങ്ങളുടെ പൊരുളുമറിയാം. അതുകൊണ്ട് ആ മനസ്സുകളിലെ അപകര്‍ഷതാബോധവും നിസ്സഹയാവസ്ഥയും ഏറ്റുവാങ്ങാന്‍ മാഷിന് കഴിയും.
അതിതീക്ഷ്ണമായിരുന്നു കടന്നു പോന്ന വഴികളിലെ കാഴ്ച്ചകളും അനുഭവങ്ങളും. ജീവിതത്തിനും മരണത്തിനുമിടയില്‍ ആടിയുലഞ്ഞ് കരിന്തിരി കത്തി കെട്ടുപോകാനൊരുങ്ങിയ ദീപം. അതാണിന്ന് നൂറുകണക്കിനാളുകള്‍ക്ക് നറുംവെളിച്ചമേകി ജ്വലിക്കുന്നത്. ലിവര്‍ സിറോസിസിസ് ഉയര്‍ത്തുന്ന ഭീഷണി ഇപ്പോഴുമുണ്ട്.
ഇതുകൂടി വായിക്കാം: കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?
കൂട്ടിയും കുറച്ചും വരച്ചും വാര്‍ത്തെടുക്കാവുന്ന ഒന്നല്ല ജീവിതം. ഓരോന്നും അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും. എപ്പോഴെങ്കിലും ഒരു തിരിഞ്ഞു നോട്ടത്തിലൂടെ സ്വന്തം ജീവിതത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് ഒരു പുനര്‍ജന്‍മമാകാം. ആ വലിയ സന്ദേശത്തിലൂടെ ഒരുപാട് ജീവിതങ്ങള്‍ തിരിച്ചുപിടിക്കുകയാണ് പണ്ട് മുഴുക്കുടിയനായിരുന്ന ഇപ്പോള്‍ കുടിയന്‍മാരുടെ വൈദ്യനായ ജോണ്‍സണ്‍ മാഷ്.
***
കൂടുതല്‍ വിവരങ്ങള്‍ക്ക് പുനര്‍ജനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഫോണ്‍: 0487 2203015, 8281478832, 9744830474