ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി

സെലിബ്രിറ്റികള്‍ ജൈവ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് സാമ്പത്തിക നേട്ടത്തിനാണ്. കൃഷ്ണേട്ടനാകട്ടെ അത് ചെയുന്നത് അനാഥര്‍ക്ക് നല്ല ഭക്ഷണം നല്‍കാനാണ്. അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നതാണ് സത്കര്‍മ്മം, മമ്മൂട്ടി പറഞ്ഞു.

 നാഥക്കുട്ടികളും വൃദ്ധരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളുമടക്കം നൂറോളം പേര്‍ക്ക് അഭയമൊരുക്കി അവര്‍ക്കിടയില്‍ ഒരാളായി കഴിയുകയാണ് കൃഷ്‌ണേട്ടന്‍ എന്ന മുന്‍ ബാങ്കുദ്യോഗസ്ഥന്‍.

സ്വന്തമായി സ്വത്തോ ഭൂമിയോ ഇല്ല. എല്ലാം അഭയമില്ലാത്ത മനുഷ്യര്‍ക്കായി മാറ്റിവെച്ചു. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ജൈവ കൃഷി നടത്തി വിഷമില്ലാത്ത പച്ചക്കറികളും നെല്ലും വിളയിച്ചു. അങ്ങനെ കൃഷിക്ക് ജൈവവളത്തിനൊപ്പം കാരുണ്യവും സ്‌നേഹവും പോഷകങ്ങളായി.

ഏകദേശം ഇരുപത് വര്‍ഷം മുമ്പ്, പെന്‍ഷന്‍ പറ്റാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ ശേഷിക്കെ കൃഷ്‌ണേട്ടന്‍ കാനറാ ബാങ്കില്‍ നിന്ന് സ്വയം വിരമിച്ച് അഭയത്തിലെ ആരോരുമില്ലാത്തവര്‍ക്കൊപ്പം ചേര്‍ന്നു.

പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പത്താണ് അഭയം എന്ന പ്രതീക്ഷാ കേന്ദ്രം.

അഭയം

“അഭയത്തില്‍ ആദ്യകാലത്ത് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു അന്തേവാസികള്‍. ആ സമയത്താണ് അനാഥയായ ഒരു പെണ്‍കുട്ടി വന്നത്,” അഭയം കൃഷ്ണന്‍ എന്നറിയപ്പെടുന്ന കൃഷ്‌ണേട്ടന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ കൂട്ടായ്മയുടെ കഥ പറഞ്ഞുതുടങ്ങുന്നു.

“അവരെ തനിച്ച് അവിടെ ആക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അഭയത്തോട് ചേര്‍ന്ന തറവാട്ടില്‍ താമസിപ്പിച്ചു. അമ്മ ഏറെ സനേഹത്തോടെയാണ് അത് ഏറ്റെടുത്തത്. ആ സമയത്ത് ഇനിയും ഏറെ പെണ്‍കുട്ടികള്‍ വരുമെന്നും അതിനാല്‍ ഞാന്‍ ഒരു വിവാഹം കഴിച്ചാല്‍, അവരെ നോക്കാന്‍ കൂടി ഒരാളാകും എന്നതിനാല്‍ പല വിവാഹാലോചനകളും നടത്തി.”

എന്നാല്‍ വിവാഹം കഴിക്കാന്‍ കൃഷ്‌ണേട്ടന് ചില കണ്ടീഷന്‍സ് ഒക്കെ ഉണ്ടായിരുന്നു. ജാതി-മതരഹിത വിവാഹം ആയിരിക്കും. അഭയത്തില്‍ താമസിച്ച് കാര്യങ്ങള്‍ നോക്കണം.

പിന്നെ, ഏത് സമയത്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും സന്തോഷത്തോടെ പിരിയണം.

കൃഷ്ണേട്ടന്‍

“ഈ വ്യവസ്ഥകളില്‍ യോജിക്കുന്ന ഒരു പെണ്‍കുട്ടിയെ ബാങ്കിലെ സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. അങ്ങിനെ 1988-ല്‍ അഭയം തുടങ്ങി 4 മാസം കഴിഞ്ഞപ്പോള്‍ കരുനാഗപ്പിള്ളിയില്‍ നഴ്‌സായ കുമാരിയെ വിവാഹം ചെയ്തു,” കൃഷ്‌ണേട്ടന്‍ പറഞ്ഞു.


ലളിതമായ ചടങ്ങ്. ചെമ്പരത്തി മാല പര്‌സ്പരം അണിഞ്ഞ് വിവാഹം ആ വിവാഹം നടന്നു.


“കുമാരി അഭയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. പ്രത്യേകിച്ച് ആക്രമണ വാസനയുള്ള മാനസിക രോഗികളെ പരിചരിക്കുന്നതില്‍ അവര്‍ ഏറെ ത്യാഗത്തോടെ തന്നെ പ്രവര്‍ത്തിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മുത്ത മകള്‍ അമ്മു സൈക്കോളജി പഠിച്ചു. അപ്പു സോഷ്യല്‍ വര്‍ക്കാണ് പഠിച്ചത്. അമ്മു വിവാഹം കഴിഞ്ഞ് ബാംഗ്‌ളൂരിലും അപ്പു കുടുംബശ്രീ കൗണ്‍സിലറായി ഇപ്പോള്‍ പാലക്കാടും ജോലി
ചെയ്യുന്നു.”

കൃഷ്‌ണേട്ടന് കാനറാ ബാങ്കിലായിരുന്നു ജോലി. ബാങ്കിന്‍റെ ഗ്രാമ സേവാ കേന്ദ്രങ്ങളിലൂടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. വീട്, വൈദ്യുതി, വിദ്യാഭ്യാസം, കുടിവെള്ളം എന്നീ മേഖലകളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുമതലയായിരുന്നു.

“ബാങ്കിന്‍റെ സാമൂഹ്യ പ്രവര്‍ത്തന പദ്ധതികളില്‍ നേതൃത്വം നല്‍കിയത് ഏറെ സാമൂഹ്യ പാഠങ്ങള്‍ എനിക്ക് നല്‍കി. 1985-ല്‍ പോലും അയിത്താചരണം നടന്നിരുന്ന ഒരു ഗ്രാമത്തില്‍ ദളിതര്‍ക്കായി പൊതുകിണര്‍ നല്‍കിയാണ് ഇത്തരം ദുരാചാരങ്ങളെ പ്രതിരോധിച്ചത്,” അദ്ദേഹം ഓര്‍ക്കുന്നു.

ദുരാചാരങ്ങള്‍ക്കെതിരെ പടനയിച്ച ധീരവനിത ആര്യ പള്ളത്തിന്‍റെ പേരക്കുട്ടിയാണ് കൃഷ്‌ണേട്ടന്‍. (ഘോഷ–തലമറയ്ക്കുന്ന ശീല–യും മറക്കുടയും ഉപേക്ഷിച്ച് തലയുയര്‍ത്തിപ്പിടിച്ച് സമൂഹത്തിലേക്കിറങ്ങാന്‍ അന്തര്‍ജ്ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വി ടി ഭട്ടതിരിപ്പാടിനൊപ്പം അണിചേര്‍ന്ന നവോത്ഥാന നായികമായിരില്‍ ഒരാളാണ് ആര്യാ പള്ളം. പാലിയം സത്യാഗ്രഹത്തിലും സജീവസാന്നിദ്ധ്യമായിരുന്നു. അന്തപ്പുരങ്ങള്‍ക്കുള്ളിലെ ഗാര്‍ഹികപീഢനങ്ങള്‍ക്കെതിരെ അന്നേ ശക്തമായ ശബ്ദമുയര്‍ത്തി.)

ആര്യ പള്ളത്തിനെക്കുറിച്ച് ഡോ. സുനീത ടി വി എഴുതിയ പുസ്തകത്തിന്‍റെ കവര്‍.

“വി.ടി.ഭട്ടതിരിപ്പാടിനോടും ഇ.എം. എ സിനോടും ഒപ്പം പുരോഗമന സോഷ്യലിസ്റ്റ് ആശയങ്ങളുടെ മൂര്‍ച്ചയില്‍ ജീവിച്ച എനിക്ക്, അച്ഛന്‍റെ അമ്മ ആര്യാ പള്ളം സാമൂഹ്യ നന്മയുടെ നേരറിവുകള്‍ പകര്‍ന്നു തന്നു,” അദ്ദേഹം പറയുന്നു.

കാനറാ ബാങ്കിന്‍റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഹ്രസ്വകാല പദ്ധതികള്‍ക്കപ്പുറം കൂടുതല്‍ ഫലപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന മോഹമുണ്ടായിരുന്നു.

അതിനായി 1987-ല്‍ സോഷ്യല്‍ അസ്സോസിയേഷന്‍ ഫോര്‍ ഡെവലപ്‌മെന്‍റ് എന്ന സംഘം രെജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം മിത്ര നികേതന്‍, കാനറാ ബാങ്കിന്‍റെ ഗ്രാമസേവാ പ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകയായുണ്ടായിരുന്നു. ഈ സംഘം ആണ് പിന്നീട് അഭയം ആയി മാറിയത് എന്ന് പറയാം.

2001-ല്‍ ബാങ്കില്‍ നിന്ന് സ്വയം വിരമിച്ച് കൃഷ്‌ണേട്ടന്‍ പൂര്‍ണമായും അഭയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

“അഭയമില്ലാത്തവര്‍ക്ക് അഭയമാകുക എന്നത് വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വലിയ സാമ്പത്തിക ചെലവ് ഉള്ളതുമാണ്. പ്രയാസപ്പെട്ടാലും സാമൂഹ്യവിരുദ്ധരുടേയും പരിസ്ഥിതി വിനാശകരുടേയും ഒരു പണവും സ്വീകരിക്കണ്ട എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനമെടുത്തു. വിദേശ ഫണ്ട് സ്വീകരിക്കരുത് എന്ന് കൂടി ഞങ്ങള്‍ തീരുമാനിച്ചിരുന്നു,” അഭയത്തിലേക്കെത്തിയ വഴികള്‍ അദ്ദേഹം വിശദീകരിക്കുന്നു.

അഭയത്തെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി പേര്‍ മുന്നോട്ട് വന്നു.

“അച്ഛന്‍റെ സഹോദരിമാരും സാമൂഹ്യപ്രവര്‍ത്തകരുമായ ദേവകി അന്തര്‍ജനവും മുരളി ടീച്ചറും അവര്‍ക്ക് കിട്ടിയ മൂന്നര ഏക്കര്‍ കുടുംബ സ്വത്ത് അഭയത്തിന് ദാനം നല്‍കി. ഈ മാതൃക സന്മനസ്സുള്ള പലരും തുടര്‍ന്നു. അഭയത്തിന് കുറച്ച് കൂടി കൃഷിഭൂമിയടക്കമുള്ള സ്ഥലം കിട്ടി.”

‘ഞാന്‍ എന്‍റെ കുടുംബം’ എന്ന സ്വകാര്യ അഹങ്കാരത്തിന് ചെറിയ പ്രഹരമായി ഇത് മാറിയെന്നുതന്നെ പറയാം എന്ന് കൃഷ്‌ണേട്ടന്‍.

“നാല് മക്കളില്‍ ഞാനും അനുജന്‍ പരമേശ്വരനും കൂടിയുള്ള ഒരു പാരസ്പര്യത്തില്‍ തുടങ്ങിയ അഭയത്തിന്‍റെ വളര്‍ച്ചയില്‍ അനേകം നന്മയുള്ളവരുടെ സ്‌നേഹത്തണല്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. ബഷീര്‍ അഭയത്തിന് വലിയ പിന്തുണ നല്‍കി.


ബഷീര്‍ മാഷിന്‍റെ കുടുംബ സ്വത്ത് ഭാഗം വെച്ച് മാഷിന് കിട്ടിയ മണ്ണാര്‍ക്കാട്ടെ ഭൂമി അഭയത്തിന് നല്‍കി. മാഷിന്‍റെ ഭൂദാനത്തിന് പിറകേ സഹോദര സഹോദരിമാരും മക്കളും അവരുടെ വിഹിതമായും ഭൂമി നല്‍കുകയുണ്ടായി.


ഇങ്ങിനെ വലുതും ചെറുതും പിന്തുണക്കൊപ്പമാണ് ഞങ്ങള്‍ സ്വാശ്രയത്വത്തിലേക്ക് ചുവട് വെച്ചത്,” കൃഷ്‌ണേട്ടന്‍ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു.

എം.പിയായിരുന്ന എസ്. അജയകുമാര്‍ എം പി ഫണ്ടും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഇവിടെ ചില പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം തന്നതും അഭയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി.

ജാതി-മത-രാഷ്ട്രീയത്തിന്‍റെ മതിലുകളില്ലാതെ വളര്‍ന്ന അഭയം ഇന്ന് സ്‌നേഹത്തോടെ കഴിയുന്നവരുടെ ഒരു കമ്യൂണായി മാറിയെന്ന് പട്ടാമ്പി കൊപ്പത്തുള്ള അഭയത്തിലിരുന്നു കൃഷ്‌ണേട്ടന്‍ പറഞ്ഞു.

ഇന്ന് നൂറോളം അന്തേവാസികള്‍. ഇവിടെ കഴിയുന്നു. അനാഥക്കുട്ടികള്‍, വൃദ്ധര്‍, വികലാംഗര്‍, മാനസിക രോഗികള്‍, വീട്ടില്‍ ഒറ്റക്കായിപ്പോയവര്‍… എല്ലാവരും ഇവിടെ മതില്‍ക്കെട്ടുകളുമില്ലാതെ ജീവിക്കുന്നതുകാണുമ്പോള്‍ സന്തോഷം
ഉണ്ടെന്ന് അഭയം കൃഷ്‌ണേട്ടന്‍.

തൊണ്ണൂറുകളില്‍ പ്രശസ്ത പ്രകൃതി ചികിത്സകനായ സി. ആര്‍ .ആര്‍. വര്‍മ്മയുടെ ക്ലാസ്സില്‍ അഭയത്തില്‍ നിന്നും പങ്കെടുത്തു. അപ്പോഴാണ് തെറ്റായ ഭക്ഷണ ക്രമമാണ് പിന്തുടരുന്നത് എന്ന് ബോധ്യപ്പെട്ടത്. അതിന് ശേഷം പാല്‍, പഞ്ചസാര, മൈദ, ചായ എന്നിവ ഞങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. ശുദ്ധമായ ഭക്ഷണം സ്വയം ഉത്പ്പാദിപ്പിക്കുക തന്നെ വേണം എന്ന തിരിച്ചറിവിലേക്കാണെത്തിച്ചത് എന്ന് കൃഷ്‌ണേട്ടന്‍ പറയുന്നു.

അങ്ങനെയാണ് കൃഷിയിലേക്ക് സജീവമായി ഇറങ്ങുന്നത്. കൃഷിയിലൂടെ ശുദ്ധ ഭക്ഷണം നല്ല ആരോഗ്യം എന്ന കാഴ്ചപ്പാടിലേക്ക് അഭയം എത്തി. തുടക്കത്തില്‍ പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ നല്ല സാങ്കേതിക പിന്തുണ ലഭിച്ചു. “പൂര്‍ണ്ണമായ ജൈവകൃഷി ആയിരുന്നില്ല അവര്‍ നിര്‍ദേശിച്ചിരുന്നത്. ഞങ്ങള്‍ പക്ഷേ മെല്ലെ മെല്ലെ ജൈവ കൃഷിയിലേക്ക് ചുവട് വെച്ചു,” കൃഷ്‌ണേട്ടന്‍ വിശദമാക്കി.

അരിയും പച്ചക്കറികളും ജൈവ രീതിയില്‍ ഉദ്പ്പാദിപ്പിച്ച് ഒരു പരിധി വരെ ഭക്ഷ്യ സ്വാശ്രയത്വം നേടാന്‍ അഭയത്തിന് കഴിഞ്ഞു.


ഏകദേശം 30 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ നെല്ലും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. 106 നാടന്‍ നെല്ലിനങ്ങളും അഭയത്തിന്‍റെ പാടങ്ങളില്‍ സംരക്ഷിക്കപ്പെടുന്നു.


കൈരളി ടി വിയുടെ കതിര്‍ ശ്രീ അവാര്‍ഡും കൃഷ്‌ണേട്ടന്‍ നേടി. അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മമ്മുട്ടി പറഞ്ഞു: “സെലിബ്രിറ്റികള്‍ ജൈവ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് സാമ്പത്തിക നേട്ടത്തിനാണ്. നിങ്ങളാകട്ടെ അത് ചെയുന്നത് അനാഥര്‍ക്ക് നല്ല ഭക്ഷണം നല്‍കാനാണ്. അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നതാണ് സത്കര്‍മ്മം.”

അദ്ദേഹത്തിന്‍റെ വാക്കുകള്‍ അഭയത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണെന്ന് കൃഷ്‌ണേട്ടന്‍.

കൃഷി ചെയ്യുന്നതിലെ ആനന്ദത്താടൊപ്പം ആരോഗ്യ ഭക്ഷ്യ സ്വാശ്രയത്വവും നേടിയെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രകലാ ക്യാമ്പുകള്‍, നാടക പണിപുരകള്‍, പാട്ടരങ്ങുകള്‍… അങ്ങിനെ പലതരം കലാ-സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സജീവമാണ് അഭയം. അങ്ങനെയുള്ള പരിപാടികള്‍ അശരണരായവര്‍ക്ക് നല്‍കുന്ന ഒരു ശുശ്രൂക്ഷ തന്നെയാണെന്ന് കൃഷ്‌ണേട്ടന്‍ പറയുന്നു. അസ്വസ്ഥരായവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ അതുകൊണ്ടു കഴിയുമെന്നാണ് അദ്ദേഹത്തിന്‍റെ അനുഭവം.

അഭയത്തിന്‍റേയും പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങളിലെ മറ്റൊരു ഊര്‍ജ്ജം അവര്‍ നടത്തുന്ന യാത്രകളാണ്. കാനറാ ബാങ്കിന്‍റെ ഗ്രാമസേവാ പ്രവര്‍ത്തന കാലത്ത് വയനാട്ടിലും ബാംഗ്‌ളൂരിലും ഒരുപാട് യാത്രകള്‍ കൃഷ്‌ണേട്ടന്‍ നടത്തിയിരുന്നു. പിന്നെ ഉത്തരേന്ത്യയില്‍, ഹിമാലയം, ഡെല്‍ഹി, ഗംഗാ-ഹരിദ്വാര്‍ യാത്രകള്‍… “ഓരോ യാത്രയിലും പുതിയ സഞ്ചാരികള്‍ കൂടെ ചേരുകയും അവര്‍ പലരും അഭയത്തിന്റെ കുടുംബാംഗങ്ങളാകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

“വാര്‍ദ്ധയിലെ ഗാഡി ആശ്രമം, ടാഗോറിന്‍റെ ശാന്തിനികേതന്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ചു. മധ്യപ്രദേശിലെ ദബോള്‍ക്കറുടെ (ശ്രീപദ് എ ദബോള്‍ക്കര്‍) കൃഷി പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞത് ഞങ്ങള്‍ക്കേറേ ജൈവകുഷി പാഠങ്ങള്‍ നല്‍കി. ഫുക്കുവോക്കയുടെ കൃഷിരീതികളും ഒക്കെ ഞങ്ങളെ സ്വാധീനിച്ചു. കേരള ജൈവകര്‍ഷക സമിതിയുമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് അഭയം പ്രവര്‍ത്തകര്‍,” കേരള ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ കൃഷ്‌ണേട്ടന്‍ വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


അഭയത്തിലെ ജീവിതം യഥാര്‍ത്ഥത്തില്‍ ചൈനയിലും മറ്റും ഉണ്ടായിരുന്ന കമ്യൂണ്‍ ജീവിതം തന്നെയാണ് എന്ന് കൃഷ്‌ണേട്ടന്‍ പറയും. “യഥാര്‍ത്ഥ കമ്യൂണിസ്റ്റാശയ സമൂഹ ജീവിതം. മാര്‍ക്‌സ്, ഗാന്ധിജി, യതി തുടങ്ങിയ യോഗിമാരുടെ ജീവിതവും അവരുടെ ചിന്തകളും എല്ലാം അഭയത്തിന്‍റെ ആശയ വിചാര പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ സൃഷ്ടിക്കുന്ന ജാതി-മത മതിലുകള്‍ ഇല്ലാതെ, പ്രകൃതിയുടെ ജൈവ താളത്തോടൊപ്പമാണ് ഞങ്ങള്‍ ഇവിടെ കഴിയാന്‍ ശ്രമിക്കുന്നത്.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം