‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും

കൊറഗരുടെ കൂട്ടത്തില്‍ ആദ്യമായി എം ഫില്‍ നേടിയ മീനാക്ഷി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബീഡി തെരുപ്പ് നടത്തുന്നത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.

സ്‌കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ  കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു.

ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു.

പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല.

അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ കണ്ടില്ലേ,” എന്ന മട്ടിലുള്ള കുത്തിനോവിക്കലുകള്‍.

ജീവിക്കാനായി മീനാക്ഷി ബീഡി തെരുപ്പ് തുടങ്ങി

ജീവിക്കാന്‍ വേണ്ടി വീട്ടില്‍ ബീഡി തെരുപ്പ് തുടങ്ങിയിരുന്നു മീനാക്ഷി. ഭര്‍ത്താവ് രത്‌നാകര ബസ് കണ്ടക്ടറാണ്. വല്ലപ്പോഴുമേ ജോലി കാണൂ. രത്‌നാകര പത്താംക്ലാസ് പാസ്സായിട്ടുണ്ട്. കൊറഗരുടെ കൂട്ടത്തില്‍ ആദ്യമായി എം ഫില്‍ നേടിയ മീനാക്ഷി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബീഡി തെരുപ്പ് നടത്തുന്നത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.


പണവും സമയവും കളഞ്ഞു പഠിച്ചത് എന്തിനാണെന്ന ചോദ്യം സമുദായത്തിനുള്ളില്‍ നിന്നും വന്നു.


ഞങ്ങളുടെ സമുദായക്കാര്‍ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്ന തെറ്റായ ചിന്ത തന്നെ ചൂണ്ടിക്കാട്ടി പലരും പറഞ്ഞുവെന്ന് മീനാക്ഷി.

ആ തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമത്തിലാണിപ്പോള്‍ മീനാക്ഷി. കഴിഞ്ഞ ആഴ്ച വരെ ബീഡി തെരച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം തള്ളിനീക്കിയിരുന്നത്. ഇനി സമുദായത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഇറങ്ങാനാണ് മീനാക്ഷിയുടെ തീരുമാനം.

മീനാക്ഷി എം ഫില്‍ നേടിയതും പ്രതീക്ഷ നിറയ്ക്കുന്ന വാര്‍ത്തയായിരുന്നു. സാമൂഹ്യ ജീവിതവുമായി ഇന്നും പൂര്‍ണ്ണമായി ഇണങ്ങാത്ത കൊറഗ സമുദായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ മീനാക്ഷി രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ നേടുകയും ചെയ്തിരുന്നു.

കൊറഗ യുവാവ്. 1909 ലെ ഒരു ചിത്രം. എഡ്ഗാര്‍ തഴ്സ്റ്റന്‍റെ കാസ്റ്റ്സ് ആന്‍റ് ട്രൈബ്സ് ഓഫ് സതേണ്‍ ഇന്‍ഡ്യ എന്ന പുസ്തകത്തില്‍ നിന്ന്

സാമൂഹിക ജീവിതത്തിന്‍റെ പുറംപോക്കില്‍ പോലും ഉണ്ടായിരുന്നില്ല കൊറഗര്‍. ഒരുകാലത്ത് കാടിന്‍റെ സമൃദ്ധിയില്‍ വേട്ടയാടിയും വിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്നവര്‍ പതിയെപ്പതിയെ കാട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നു. അവരുടെ ഭാഷ വേറെയാണ്. അങ്ങനെ, എല്ലാംകൊണ്ടും ഉള്‍വലിഞ്ഞ് ഉള്‍വലിഞ്ഞ് അവര്‍ ഒതുങ്ങിയൊതുങ്ങിപ്പോയി.

കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രവിഭാഗങ്ങളില്‍ ഒന്നാണ് കൊറഗര്‍. ഇപ്പോഴും സമുദായത്തിലെ ഭൂരിഭാഗം പേരും കാട്ടുവള്ളികള്‍ കൊണ്ട് കുട്ടയും വട്ടിയുമൊക്കെ നെയ്ത് അതുകൊണ്ട് ജീവിക്കുന്നവരാണ്.

കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി മേഖലയിലെ മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, എന്‍മകജെ, ബദിയടുക്ക, വെള്ളൂര്‍, ദേലംപാടി എന്നീ പഞ്ചായത്തില്‍ താമസിക്കുന്ന കൊറഗരുടെ പ്രധാന തൊഴില്‍ കാട്ടുവള്ളി ശേഖരിച്ച് കൊട്ട നെയ്യുന്നതാണ്. നേരത്തെ 2,000 പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവരുടെ ജനസംഖ്യ 1,600 താഴെ മാത്രമാണ്. കഴിഞ്ഞ 50 വര്‍ഷമായി കൊറഗരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ ഇതുവരെ 120 കോടിയിലധികം ചെലവഴിച്ചെങ്കിലും ഇന്നും ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് ഇവരുടെ താമസം. പട്ടിണിയും, ദാരിദ്ര്യവും, പോഷകാഹാരക്കുറവും ഈ വംശത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്.

കാട്ടുവള്ളികള്‍ കൊണ്ട് കുട്ടയും മറ്റുപകരണങ്ങളും നെയ്തെടുക്കുകയെന്നതാണ് കൊറഗരുടെ പ്രധാന പാരമ്പര്യ തൊഴില്‍. Image for representation only.Photo: pixabay.com

വിവാഹപ്പുരകളുടെ പുറത്ത് എച്ചിലിലകള്‍ തേടിയെത്തുന്ന കൊറഗമനുഷ്യരുടെ ദൈന്യം പിടിച്ച മുഖങ്ങള്‍ അധികം പഴക്കമുള്ള കാഴ്ചയല്ല.

കൊറഗരുടെ ജീവിതങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തകനായ വേണു കള്ളാര്‍ എഴുതിയ പുസ്തകത്തിന്‍റെ പേര് ‘എച്ചില്‍ ജീവിതം’ എന്നാണ്. കൊറഗ കാരണവരായിരുന്ന ബെള്ളുമൂപ്പന്‍റെ ജീവിതമാണ് ആ പുസ്തകത്തില്‍.

“ബെള്ളു മൂപ്പന്‍റെ ജീവിതത്തെക്കുറിച്ചാണ് ഞാനെഴുതിയത്. അത് പ്രാകൃതവര്‍ഗ്ഗ ഗോത്രത്തിന്‍റെ ഒരു ജീവിത കഥയാണ്. അനുഭവകഥയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. കാട്ടില്‍ നിന്നും നാട്ടിലിറങ്ങേണ്ടി വന്ന ഒരു ഗോത്രവര്‍ഗത്തിന്‍റെ ദയനീയ കഥയാണ് ഞാനവതരിപ്പിച്ചത്,” ആ പുസ്തകത്തെക്കുറിച്ച് വേണു കള്ളാര്‍ പറയുന്നു.
“കാലമിത്രയായിട്ടും അവര്‍ക്ക് സാമൂഹ്യജീവിതത്തില്‍ വേണ്ടത്ര ഇടം നല്‍കാത്തത് നമ്മുടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏടെയെങ്കിലും കാലി ചത്തിനെങ്കില് അയിെൻ്റ വീട്ട്കാറ് ഞാങ്ങളെ വിളിക്കും
ഓയ്… ദ്ആാ… കൊറഗാ,ഒര് പയ്യ് ചത്തീറ്റ്ണ്ട്. എട്ത്ത്കൊണ്ട്വോയിക്കോ…
എങ്ങനെ ചത്തത്ന്ന് ഓറ് ഞങ്ങളോട് പറയേല. ഞാങ്ങൊ ചോയിക്കലുമില്ല. ചെലപ്പോ പ്രാന്തൻനായ് കടിച്ചതാരിക്കും, അല്ലെങ്കില് ആരെങ്കിലും വെഷം വെച്ചിറ്റോ വെഷപ്പുല്ല് തിന്നിറ്റോ ചത്തതാരിക്കും. സൂക്കേട്​ വന്നിറ്റ് ചത്തത്ണ്ടാകും. ഞാങ്ങൊ അതൊന്നും നോക്കേല. വയറ് പയിക്കുമ്പൊ എന്ത് വെഷം? മഞ്ഞള് കൂട്ടി എറച്ചി തീയില് വേവിച്ചാല് വെഷം പോവും.
തീ എല്ലാ വെഷവും കളയും!
(വേണു കള്ളാറിന്‍റെ എച്ചില്‍ ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)


സ്വാമി ആനന്ദ തീര്‍ത്ഥരെപ്പോലെയുള്ള നവോത്ഥാനനായകന്മാരുടെ ഇടപെടലുകളിലൂടെ കൊറഗരുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏറെ നടന്നിരുന്നു. പക്ഷേ, അത്തരം സാമൂഹ്യ ഇടപെടലുകള്‍ക്കൊന്നും വേണ്ടത്ര തുടര്‍ച്ചയുണ്ടായില്ല എന്നാണ് ഇപ്പോഴും അവരുടെ ദയനീയാവസ്ഥ കാണിക്കുന്നത്.

കന്നടയും മലയാളവും തുളുവും കലര്‍ന്ന ഭാഷയാണ് കൊറഗര്‍ സംസാരിക്കുന്നത്. കാടുമായി ബന്ധപ്പെട്ട് തന്നെയാണ് കൊറഗരുടെ ജീവിതം. അതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും സാമൂഹ്യ ജീവിതത്തിലും കാര്യമായി ശ്രദ്ധിക്കാറില്ല. കൊട്ടമെടഞ്ഞ് അന്നത്തെ അന്നത്തിന് വക തേടുക മാത്രമാണ് ലക്ഷ്യം. കൊട്ട, തടുപ്പ (മുറം), തിടുപ്പ്, ചോറരിപ്പ, മമ്പട്ടി (മണ്ണു കോരാന്‍ ഉപയോഗിക്കുന്ന), കുരിയ (അടക്ക പെറുക്കാന്‍ ഉപയോഗിക്കുന്ന പാത്രം), കൈക്കുരിയ (ചോറു വിളമ്പാന്‍ ഉപയോഗിക്കുന്ന പാത്രം) തുടങ്ങിയവയാണ് കൊറഗര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍. മുള വര്‍ഗത്തില്‍പ്പെട്ട ഊയി, മാതേരിവള്ളി, പാല്‍വള്ളി, കരിവള്ളി, പുല്ലാഞ്ഞിവള്ളി തുടങ്ങിയ കാട്ടുവള്ളികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്.

വേണു കള്ളാറിന്‍റെ എച്ചില്‍ ജീവിതം എന്ന പുസ്തകത്തിന്‍റെ കവര്‍

രാവിലെ തന്നെ കത്തിയുമായി സുള്ള്യ, പുത്തൂര്‍, കല്ലിഗുഡി, ഏത്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളില്‍ പോയി വള്ളികള്‍ ശേഖരിക്കും. രാത്രിയോടെ തിരിച്ചെത്തും. രാവിലെ ഈ വള്ളികള്‍ ഉപയോഗിച്ച് പലതരം പണിയായുധങ്ങള്‍ മെടഞ്ഞെടുക്കയാണ് ഇവരുടെ ശീലം.

ബസ് സ്റ്റോപ്പിലോ റോഡരികിലോ ഇരുന്ന് മെടഞ്ഞുണ്ടാക്കുന്ന വസ്തുക്കള്‍ ഇടനിലക്കാരും കച്ചവടക്കാരും തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൊണ്ടുപോകും. വിലപേശാനൊന്നുമുള്ള കെല്‍പോ ശേഷിയോ ഒന്നും അവര്‍ക്കുണ്ടാവില്ല. ഓരോ ദിവസവും അങ്ങനെ കഴിഞ്ഞുപോവും… അതാണ് സാധാരണ കൊറഗരുടെ ജീവിതം. ഒപ്പം സ്വന്തം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറകള്‍ വേറെയും. ഉദാഹരണത്തിന്, വീട്ടില്‍ ഒരു മരണം നടന്നാല്‍ ആ വീടുതന്നെ ഉപേക്ഷിച്ചുപോവുന്ന പതിവ് ഇവരുടെയിടയില്‍ ചിലരെങ്കിലും ഇപ്പോഴും പിന്തുടരുന്നുണ്ട്.


2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കൊറഗരുടെ  ആകെ ജനസംഖ്യ വെറും 1582 ആണ്.


ഈ ചുറ്റുപാടുകളില്‍ നിന്നാണ് മീനാക്ഷി ഉന്നതവിദ്യാഭ്യാസം നേടുന്നത്. ഗതാഗത സൗകര്യം തീരെ കുറഞ്ഞ കുളുരില്‍ നിന്ന് നാലു കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് മീനാക്ഷി പറഞ്ഞു. അവിടെനിന്ന് കാസര്‍ഗോഡേക്കും തിരിച്ചും യാത്ര ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയത്.

പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്‍റോടു കൂടിയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദ്യാനഗര്‍ ചാലയിലുള്ള സെന്‍ററില്‍ ഡോ.യു.മഹേശ്വരിയുടെ കീഴിലായി എം.ഫില്‍ ചെയ്തത്. 2014 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ കൊറഗ വിഭാഗത്തിലെ ആദ്യ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിന് മീനാക്ഷി ബഡ്ഡോഡിയെ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ദിനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചിരുന്നു.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ്, രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജി, യു പി എ ചെയര്‍പേഴ്സണായിരുന്ന സോണിയഗാന്ധി, കേന്ദ്രമന്ത്രിമാര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍, ഉന്നത വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനും അവസരം ലഭിച്ചത് ജീവിതത്തില്‍ ഒരു മഹാഭാഗ്യമായി മീനാക്ഷി കരുതുന്നു.

സ്വാമി ആനന്ദ തീര്‍ത്ഥന്‍

അദ്ധ്യാപിക ആകണം എന്നായിരുന്നു മീനാക്ഷിയുടെ ആഗ്രഹം. അതിനായി ബി. എഡും ചെയ്തു.

പക്ഷേ പരീക്ഷക്ക് തൊട്ടുമുന്‍പ് മലമ്പനി ബാധിച്ച് ആശുപത്രിയിലായി. എങ്കിലും പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ സൈക്കോളജിയില്‍ വിജയിക്കാനായില്ല. തൊട്ടടുത്ത വര്‍ഷം മുതല്‍ ബി എഡ് കോഴ്സ് രണ്ടുവര്‍ഷമായി. വീണ്ടും പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ പഠിച്ചതിന് ഫലമില്ലാതായി എന്ന് മീനാക്ഷി പറയുന്നു. വീണ്ടും എഴുതിയാല്‍ വിജയിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ ആയാല്‍ താല്‍ക്കാലിക അധ്യാപികയായെങ്കിലും ജോലിചെയ്യാമല്ലോ? സൈക്കോളജി പേപ്പര്‍ ഒരുവട്ടം കൂടി എഴുതാന്‍ അവസരമൊരുക്കണം എന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളിലെന്ന് മീനാക്ഷി പരാതി പറയുന്നു.

മീനാക്ഷിയുടെ ജീവിതാവസ്ഥ മനസ്സിലാക്കിയ അധികൃതര്‍ കഴിഞ്ഞ വര്‍ഷം ജില്ലാ ട്രൈബല്‍ ഓഫീസില്‍ ഹെല്പ് ഡെസ്‌കില്‍ താല്‍ക്കാലിക ജോലി നല്‍കുകയുണ്ടായി. കിട്ടിയ ശമ്പളവും വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഓഫീസിലേക്കുള്ള യാത്രാ ചെലവും ജീവിതച്ചെലവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജോലി പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് മീനാക്ഷി പറഞ്ഞു.

ഗവേഷണം ഉള്‍പ്പെടെ ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിന് തണല്‍ ആകാന്‍ ഒരു ജോലിയാണ് തനിക്ക് ആവശ്യമെന്ന് മീനാക്ഷി പറയുന്നു. ഭര്‍ത്താവ് രത്നാകര സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആണ്. വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ. മൂന്നര വയസ്സുള്ള മകനുണ്ട്. അച്ഛനും അമ്മയും മീനാക്ഷിക്കൊപ്പമാണ് താമസം.

സമുദായത്തില്‍നിന്ന് എതിര്‍പ്പുകളും ആക്ഷേപങ്ങളും നേരിട്ടാണ് വിജയത്തിന്‍റെ ഓരോ പടവും ഈ പെണ്‍കുട്ടി നടന്നു കയറിയത്. പ്രതിസന്ധികളെ മുറിച്ചുകടക്കാന്‍ പത്താംക്ലാസ് പഠനത്തോടൊപ്പം കയ്യില്‍ എടുത്തതാണ് ബീഡിയും തെരക്കാനുള്ള മുറവും കത്രികയും. അച്ഛനുമമ്മയും കൂലിപ്പണിയെടുത്ത് മകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി.

ഇനി മീനാക്ഷി കൊറഗരുടെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കും.

നിര്‍ധനരായ കൊറഗ കുടുംബങ്ങളിലെ പുതുതലമുറയ്ക്ക് മാതൃകയാവുകയും തന്നാല്‍ കഴിയുന്ന വിധം അവരെ ഉയര്‍ത്തിക്കൊണ്ടു വരണം എന്നുള്ള അതിയായ ആഗ്രഹം പഠനകാലത്ത് ഉടനീളം മനസ്സിലുണ്ടായിരുന്നു. പക്ഷേ, പഠനമികവ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ചില്ലിട്ട് തൂക്കിയ മണ്‍ഭിത്തിയിലെ  ഓര്‍മ്മ ചിത്രങ്ങള്‍ക്കുമിടയില്‍ നിസ്സഹായായി നില്‍ക്കാനേ ഈ ഗോത്രപുത്രിക്ക്  കഴി‍‍ഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇനിയങ്ങനെയല്ല.

ബിരുദാനന്തരബിരുദവും എം.ഫിലും നേടിയിട്ടും ജോലി ഒന്നും ആകാത്തതിനാല്‍ പണവും സമയവും കളഞ്ഞു പഠിച്ചത് എന്തിനാണെന്ന പരിഹാസവും നേരിടുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്നത്. മീനാക്ഷി ഇനി കൊറഗ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാകും. കുടുംബശ്രീ ജില്ലാ മിഷന്‍റെ കീഴിലുള്ള കൊറഗ സ്പെഷ്യല്‍ പ്രോജക്ടില്‍ ആനിമേറ്റര്‍ ആയാണ് മീനാക്ഷി നിയമിതയായത്.

പൊതുസമൂഹവുമായി അധികം ഇടപെടാത്ത കൊറഗ സമൂഹത്തിന്‍റെ ഉന്നതിക്ക് ഇതേ സമുദായത്തില്‍ പെട്ട ഒരാള്‍ രംഗത്ത് വന്നാല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതുകൊണ്ടാണ് മീനാക്ഷിയെ കൊറഗരുടെ ശാക്തീകരണത്തിന് നിയമിച്ചതെന്ന് എന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു പറഞ്ഞു.

ഗോത്രവര്‍ഗത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള കണ്ണൂര്‍ സര്‍വ്വകലാശാല പാലാന്തടം കാമ്പസ് മേധാവി ഡോ. എ എം ശ്രീധരനും പറയുന്നു: “ഈ പ്രാക്തന വര്‍ഗത്തെ അവരുടെ ജീവിതശൈലി ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹ്യരംഗത്തേക്ക് കൊണ്ടുവരാന്‍ മീനാക്ഷിയെപ്പോലുള്ളവര്‍ക്ക് സാധിക്കും.”


മീനാക്ഷിയും വലിയ ആവേശത്തിലും പ്രതീക്ഷയിലുമാണ്. ഇതുവരെ പത്തോളം പേര്‍ മാത്രമാണ് സമുദായത്തില്‍ നിന്ന് പത്താംക്ലാസ് പാസായിട്ടുള്ളു. കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം.


സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം അവരിലേക്കെത്തിക്കുക അങ്ങനെയുള്ള ചില ചുമതലകളാണ് മീനാക്ഷിക്കിനി. മാസം 8,500 രൂപ ഓണറേറിയമായി കിട്ടും.

ഞങ്ങളുടെ ഗോത്രക്കാര്‍ പഠിച്ചാലും കാര്യമില്ലെന്ന് തെറ്റായ ചിന്ത എന്‍റെ അനുഭവം ചൂണ്ടിക്കാട്ടി ചിലര്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ അറിവാണ് ഏറ്റവും വലിയ ശക്തിയെന്ന സമുദായത്തെ ബോധ്യപ്പെടുത്താന്‍ എനിക്കാവും,  മീനാക്ഷി പറഞ്ഞു.

മീനാക്ഷി പറയുന്നു: “നാമടെ വീട്ടിലും കരെന്‍റ്  ഇണ്ടായിട്ട്‌ല്യ. ഇപ്പോ ലോപ്‌ടോപ്ണ്ട്. കരണ്ടേണ്ടേ … എല്ലം പറയും. നമ്മക്കൊന്നും ഒന്നും കിട്ട്ന്നില്ല. ഞാന് പ്പെ എറങ്ങീട്ട്ണ്ട്. നമ്മടാളെ ഒന്നാക്കാന്‍. ഒരു ഗ്രൂപ്പിന് ഏഴാള് വേണം. നോക്ക്ന്ന്ണ്ട് ശരിയാവ്ന്നാ പ്രതീക്ഷ.” (നമ്മുടെ വീട്ടില്‍ കരണ്ടില്ല. ഇപ്പോ ലാപ്‌ടോപ് ഉണ്ട്. പക്ഷേ കരണ്ട് വേണ്ടേ? എല്ലാം താരന്നൊക്കെ പറയും പക്ഷേ നമുക്കൊന്നും കിട്ടാറില്ല. ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍. ഒരു ഗ്രൂപ്പിന് ഏഴാണ് വേണം. അങ്ങനെ ആളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.)

“ആളേല്ലാം കാണ്ന്ന്ണ്ട്. എല്ലം ശരിയാവ്ന്ന് തോന്ന്ന്ന്.”


ഇതുകൂടി വായിക്കാം: ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി


അധികൃതര്‍ അനുവദിക്കുമെങ്കില്‍ ബി എഡ് പൂര്‍ത്തിയാക്കണം. അദ്ധ്യാപികയാകണം. ഇരുള്‍ വീഴുന്ന കൊറഗഗോത്രത്തിന് മേല്‍ പ്രകാരം പരത്തണം. അതിനുള്ള ശ്രമത്തിലാണ് മീനാക്ഷിയിപ്പോള്‍. കുടുംബവും കുറച്ചു നല്ല മനുഷ്യരും ഒപ്പമുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം