സ്വാതന്ത്ര്യ സമരക്കാലത്തെ വിദ്യാര്‍ത്ഥി നേതാവ്, അലിഗഡില്‍ നിന്ന് എം എ നേടി സര്‍ക്കാര്‍ ജോലിയില്‍, അതുവിട്ട് കൃഷി: 6 ഏക്കറില്‍ കാട് വളര്‍ത്തി അതിനുള്ളില്‍ ഈ വൃദ്ധന്‍റെ അസാധാരണ ജീവിതം

കാണുന്നവര്‍ പറയും, എനിക്ക് വട്ടാണെന്ന്. പക്ഷേ ഈ മരങ്ങളൊക്കെയും എന്‍റെ മക്കളാണ്. എനിക്ക് മക്കളില്ല. പക്ഷേ ഈ വൃക്ഷങ്ങളൊക്കെയും എനിക്ക് മക്കളെ പോലെയാണ്. ഇവരില്‍ പലര്‍ക്കും ഞാന്‍ പേരിട്ടിട്ടുമുണ്ട്.

“ഭ രണങ്ങാനം സ്കൂളിലാണ് പഠിക്കുന്നത്. വീട്ടില്‍ നിന്നു ദൂരമില്ലേ.. അതുകൊണ്ട് ഹോസ്റ്റലില്‍ നിന്നാണ് സ്കൂളില്‍ പോകുന്നത്. ഒരു ദിവസം രാവിലെ ഹോസ്റ്റലിലേക്ക് അപ്പച്ചന്‍ കയറി വരുന്നു,” മുക്കാല്‍ നൂറ്റാണ്ടോളം മുമ്പ് നടന്ന കാര്യമാണെങ്കിലും ദേവസ്യാച്ചന് അതൊക്കെ ഇന്നലെ നടന്നപോലെ ഓര്‍ക്കുന്നു.

“പിന്നെ കുറേ ഒച്ചപ്പാടൊക്കെയെടുത്ത് ഹോസ്റ്റലില്‍ നിന്ന് എന്നെയും വിളിച്ചുകൊണ്ട് അപ്പന്‍ വീട്ടിലേക്ക് പോന്നു. ഒരു മാസം അപ്പച്ചന്‍ എന്നെ എങ്ങും വിട്ടില്ല. വീട്ടിനുള്ളില്‍ തന്നെയായിരുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

“സ്കൂളില്‍ പഠിക്കാന്‍ വിട്ട മകന് അറസ്റ്റ് വാറന്‍റ്. അവനെ കൈയില്‍ കിട്ടിയാല്‍ തല്ലിച്ചതയ്ക്കുമെന്ന ഭീഷണിപ്പെടുത്തുന്ന പൊലീസ്… ഇതൊക്കെ കേട്ടാല്‍ ഏത് അപ്പനായാലും ഹോസ്റ്റലില്‍ വന്ന് രണ്ട് തല്ലും തന്നേച്ചേ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകൂ..” പ്രായം 90 കടന്നെങ്കിലും ദേവസ്യാച്ചന്‍റെ പഴയ ഓര്‍മകള്‍ക്കൊന്നും മങ്ങലേറ്റിട്ടില്ല.

വനസ്ഥലി കാടിന് മുന്നില്‍ ദേവസ്യാച്ചന്‍

വീട്ടുമുറ്റം കാടാക്കി മാറ്റിയ ദേവസ്യാച്ചനെ കാണാനെത്തിയതാണ്. കാടിന്‍റെ വിശേഷം പറഞ്ഞു തുടങ്ങിയ സംസാരപ്രിയനായ ദേവസ്യാച്ചന്‍ എന്നറിയപ്പെടുന്ന പൂണ്ടിക്കുളം സെബാസ്റ്റ്യന്‍ വര്‍ത്തമാനത്തിന്‍റെ കാടും മലയും കയറിപ്പോയപ്പോഴാണ് പണ്ട് സ്വാതന്ത്ര്യസമരക്കാലത്തെ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയത്.

കോട്ടയം പൂഞ്ഞാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരം. മലയിഞ്ചിപ്പാറയിലെത്താം. ഇവിടെ ആരോടു ചോദിച്ചാലും ദേവസ്യാച്ചന്‍റെ ‘വനസ്ഥലി’യിലേക്കുള്ള വഴി പറഞ്ഞു തരും.


വനസ്ഥലി എന്നാണ് ദേവസ്യാച്ചന്‍റെ വീട്ടിന് ചുറ്റുമുള്ള കാടിനിട്ടിരിക്കുന്ന പേര്.


ആറേക്കറില്‍ 150-ലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള ആയിരത്തിലേറെ മരങ്ങള്‍. ആഞ്ഞിലിയും ഈട്ടിയും പാലകളും മാത്രമല്ല ദന്തപാല, അണലിവേഗം, കരിവെട്ടി, ലക്ഷ്മീതരു തുടങ്ങിയ ഔഷധങ്ങളുമുണ്ടിവിടെ. ഈ കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കലും വറ്റാത്ത ഒരു കിണറും എന്നും നിറഞ്ഞുനില്‍ക്കുന്ന മഴസംഭരണിയുമുണ്ട്.

ദേവസ്യാച്ചന്‍റെ കാട്ടിലൂടെ

പ്രകൃതിയോട് മാത്രമല്ല ദേവസ്യാച്ചന് സ്നേഹം. മനുഷ്യരോടും ഇഷ്ടമാണ്. അതുകൊണ്ടല്ലേ ഈ കാട് കാണാനെത്തുന്നവര്‍ക്കായി ട്രീ ഹൗസും ഊഞ്ഞാലുമൊക്കെ ഒരുക്കിയിരിക്കുന്നത്.

കുഞ്ഞുങ്ങളൊക്കെ ഈ കാട്ടിലേക്ക് വരട്ടെ… ഈ മുറ്റത്തിരുന്നു നല്ല വായു ശ്വസിക്കട്ടെ.. അണ്ണാനെയും കിളികളെയും പൂമ്പാറ്റകളെയുമൊക്കെ കണ്ട് ഊഞ്ഞാല്‍ ആടട്ടെയെന്നാണ് അദ്ദേഹം പറയുന്നത്.

വീട്ടുമുറ്റത്ത് വനം വളര്‍ത്തിയതിനെക്കുറിച്ച് മാത്രമല്ല സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മുന്‍ രാഷ്ട്രപതി ഡോ. സാക്കീര്‍ ഹുസൈനെക്കുറിച്ചും സര്‍ക്കാര്‍ ജോലി വേണ്ടെന്നു വച്ച് കൃഷി ചെയ്യാനിറങ്ങിയതുമെല്ലാം പ്രായത്തിന്‍റെ അവശതകളൊന്നുമില്ലാതെ അദ്ദേഹം ആവേശത്തോടെയും സ്നേഹത്തോടെയും പറയുന്നു, ദ് ബെറ്റര്‍ ഇന്‍ഡ്യ-യുടെ വായനക്കാരോട്.

“പാതാമ്പുഴയിലായിരുന്നു തറവാട്. മറിയാമ്മ, ലൂക്ക ദേവസ്യ എന്നാണ് അമ്മച്ചിയുടെയും അപ്പച്ചന്‍റെയും പേര്. ഞങ്ങള് ഒമ്പത് മക്കളായിരുന്നു. അതിലിപ്പോള്‍ ഞാനും മൂത്ത ചേട്ടനും മാത്രമുള്ളൂ. ചേട്ടന് 93 വയസായി.

വനസ്ഥലി കാട് കാണാനെത്തിയവര്‍

കൃഷിപ്പണിയൊക്കെ ചെയ്യും. ഇപ്പോഴും തൂമ്പായെടുത്ത് കിളക്കുകയും പറമ്പില്‍ പണിയെടുക്കുകയും ചെയ്യും. അദ്ദേഹത്തിനും ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല. എന്‍റെ വീടിന് അടുത്ത് തന്നെയാണ് ചേട്ടനും താമസിക്കുന്നത്.

“സ്കൂള്‍ പഠനമൊക്കെ പാതാമ്പുഴയിലും ഭരണങ്ങാനം ഹൈസ്കൂളിലുമായിരുന്നു. ഭരണങ്ങാനത്ത് ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. അന്ന് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്നു.


സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായാണ് പല സമരങ്ങളിലും പങ്കെടുക്കുന്നത്.


“കോണ്‍ഗ്രസിനെ നിരോധിച്ചൊരു സമയമായിരുന്നു. ഞങ്ങള്‍ സ്കൂളില്‍ നിന്നു ജാഥ നടത്തി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് എന്‍റെ ഓര്‍മ. പാലായില്‍ ഒരു വലിയ യോഗം നടക്കുന്നുണ്ടായിരുന്നു. കെ.എം.ചാണ്ടിയൊക്കെ പങ്കെടുത്ത യോഗം. അന്നേരമാണ് ഞങ്ങളുടെ ജാഥ. പക്ഷേ ജാഥ പാതിവഴിയില്‍ പൊലീസ് തടഞ്ഞു.

കാട്ടിനുള്ളിലെ ഏറുമാടം

“രണ്ട് വാന്‍ നിറയെ എംഎസ്‍പിക്കാര്‍  വന്നു. മലബാര്‍ സ്പെഷ്യല്‍ പൊലീസ് ആണ് എംഎസ്‍പി. ലാത്തീ വീശി ഞങ്ങളെയൊക്കെ ഓടിച്ചു. വന്‍ ലാത്തി ചാര്‍ജായിരുന്നു. മരണം വരെ സമരം എന്നൊക്കെ പറഞ്ഞുവെങ്കിലും തത്ക്കാലത്തേക്ക് ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. ഓടിയതു കൊണ്ടാര്‍ക്കും പരുക്കൊന്നും പറ്റിയില്ല. അന്നെനിക്ക് പതിനെട്ട് വയസുണ്ടെന്നു തോന്നുന്നു,” അദ്ദേഹം ഓര്‍ക്കുന്നു.

അങ്ങനെയാണ് ആദ്യം പറഞ്ഞ സംഭവം നടക്കുന്നത്. പൊലീസിന്‍റെ അറസ്റ്റ് വാറന്‍റ്,  അപ്പന്‍ നേരെ ഹോസ്റ്റലില്‍ കയറി പിടിച്ചിറക്കുന്നു…

“ഒരു മാസം വീട്ടില്‍ നിന്നു പുറത്തേക്ക് വിട്ടില്ല. എന്നെ പൊലീസ് അന്വേഷിക്കുന്നുണ്ട്, അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കും… എന്നൊക്കെ അപ്പച്ചന്‍റെ സഹോദരനോട് അവിടത്തെയൊരു ഡിവൈഎസ് പി പറഞ്ഞുവത്രേ.

കാട് കാണാനെത്തിയ കുട്ടിസംഘം

“ഇവിടെ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളുണ്ട്. എത്രയും വേഗം അവനെ ഇവിടെ നിന്നു മാറ്റിയില്ലെങ്കില്‍ അവന്‍ എന്‍റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരും. നിങ്ങളുടെ ചേട്ടന്‍റെ മകന്‍, എന്‍റെ ഷൂസിന്‍റെ ചൂട് അറിയേണ്ടി വരും എന്നൊക്കെയാണ് ഭീഷണിപ്പെടുത്തിയത്. ഇതൊക്കെ കേട്ട് പേടിച്ചാണ് അപ്പച്ചന്‍ ഹോസ്റ്റലിലേക്ക് വന്നത്.”

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന്‍റെ ഭാഗമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആ ജാഥയും. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു അന്നവിടെ സമരം നടന്നത് .


ഇതുകൂടി വായിക്കാം: ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി


പിന്നീട് അപ്പച്ചന്‍ അദ്ദേഹത്തെ പ്രീഡിഗ്രിക്ക് മദ്രാസിലേക്ക് അയച്ചു.  സെന്‍റ്. ഫിലോമിനാസ് കോളെജിലേക്ക്. പ്രീഡിഗ്രിയും ഡിഗ്രിയും അവിടെ പഠിച്ചു.വനസ്ഥലി കാണാനെത്തിയവര്‍ക്കൊപ്പം ദേവസ്യാച്ചന്‍

ഇതിനു ശേഷം എം എയ്ക്ക് അലിഗഡ് യൂനിവേഴ്സിറ്റിയിലേക്ക് പോയി. എംഎ ഇക്കണോമിക്സാണ് ദേവസ്യാച്ചന്‍ എടുത്തത്.


മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ.സക്കീര്‍ ഹുസൈന്‍ വൈസ് ചാന്‍സലറായിരിക്കുന്ന കാലത്താണ് ഞാന്‍ പഠിക്കാന്‍ അലിഗഡില്‍ ചേരുന്നത്.


“ഞങ്ങള്‍ മലയാളികളുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനൊരു സ്വീകരണം നല്‍കി. ക്രിസ്മസ് കാലത്താണത്. കോളെജിലെ പ്രൊഫസര്‍മാരും വിദ്യാര്‍ഥികളുമൊക്കെയിരിക്കുന്ന വലിയൊരു സദസ് ആയിരുന്നു. ആ സദസിന് മുന്നില്‍ വേദിയിലിരിക്കുന്ന സക്കീര്‍ ഹുസൈന് ഞാനൊരു സമ്മാനം കൊടുത്തു,” ദേവസ്യാച്ചന്‍ ഓര്‍ക്കുന്നു.

“ക്രിസ്മസ് സാന്‍റക്ലോസിന്‍റെ വേഷത്തില്‍ ചെന്നാണ് ഞാന്‍ സമ്മാനം കൊടുക്കുന്നത്.  അദ്ദേഹം എന്‍റെ തോളില്‍ തട്ടി ചിരിച്ചു… ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇന്നും അതൊക്കെ ഓര്‍മയിലുണ്ട്.

“മലയാളികളെക്കുറിച്ച് അദ്ദേഹത്തിന് വലിയ അഭിപ്രായമാണ്. വളരെ വൃത്തിയായിട്ട് നടക്കുന്നവരാണ് മലയാളികള്‍, ഇന്‍റലിജന്‍റ് ആയിട്ടുള്ളവര്‍ ഏറെയുള്ള നാടാണ് കേരളം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

“എം എ കഴിഞ്ഞ് എനിക്കവിടെ തന്നെ ഒരു ജോലി കിട്ടി. അവിടെ തന്നെ അസിസ്റ്റന്‍റ് മാനേജറായിട്ട് ഒരു പ്രസിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ പ്രസ് ആയിരുന്നു. ആറുമാസം അവിടെ ജോലി ചെയ്തു.

“പക്ഷേ ആ ജോലി എനിക്കിഷ്ടപ്പെട്ടിലായിരുന്നു. ചെറിയ ജോലികളേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. മേല്‍നോട്ടം മാത്രം മതിയായിരുന്നു. എനിക്ക് ഒന്നും ചെയ്യാനില്ലാതെ… ആ ജോലി മടുത്തു.”

ആ മടുപ്പില്‍ നിന്നാണ് ദേവസ്യാച്ചന്‍ പഴയൊരിഷ്ടം പൊടിതട്ടിയെടുത്തത്; കൃഷി ചെയ്യണം!

“പണ്ടേ തന്നെ കൃഷിയോട് ഇഷ്ടമുണ്ടായിരുന്നു. അപ്പച്ചന്‍ കര്‍ഷകനായിരുന്നു. കൃഷി ചെയ്യണമെന്നാണ് പ്രസ്സില്‍ ജോലി ചെയ്യുമ്പോഴും തോന്നിയത്. സര്‍ക്കാരുദ്യോഗം, നല്ല ശമ്പളം.. സേഫ് ആയിരുന്നു.

“പക്ഷേ എനിക്കിഷ്ടമല്ലായിരുന്നു ആ ജോലി. അതുകൊണ്ട് അതൊക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വണ്ടി കയറി. അന്നെനിക്ക് 36-37 വയസുണ്ടാകും,” അദ്ദേഹം തുടരുന്നു.

“നാട്ടിലെത്തിയപ്പോള്‍ പാരമ്പര്യസ്വത്ത് കുറച്ച് കിട്ടി. 21 ഏക്കര്‍ സ്ഥലം. അതാണ് ഈ മലയിഞ്ചിപ്പാറയിലെ ഭൂമി. ഇതൊരു തരിശുപറമ്പായിരുന്നു. വൃക്ഷങ്ങളൊന്നുമില്ലാത്ത ഒരു ഭൂമി.

നല്ല സര്‍ക്കാര്‍ ഉദ്യോഗം കളഞ്ഞ് കൃഷി ചെയ്യാന്‍ വന്നിരിക്കുന്നുവെന്ന് പറഞ്ഞ് പലരും ദേവസ്യാച്ചനെ പുച്ഛിച്ചു. കിട്ടിയ 21 ഏക്കറില്‍  ആറേക്കറില്‍ കൃഷിയൊന്നും ചെയ്യുന്നില്ല, മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചു.

“റബറിന് 200 രൂപ വിലയുള്ള കാലമാണ്. ബന്ധുക്കളും റബര്‍ ബോര്‍ഡുകാരുമൊക്കെ റബര്‍ നട്ടുപിടിപ്പിക്കണമെന്നാണ് ഉപദേശിച്ചത്… ഇങ്ങനെ കാടുപിടിപ്പിച്ച് കളയുന്നതെന്തിനാണ്. ഇവിടെ റബര്‍ നട്ടാല്‍ പോരായോ… എന്നൊക്കെ പലരും ചോദിച്ചു,” അദ്ദേഹം പറയുന്നു.

പരിസ്ഥിതിദിന ചടങ്ങില്‍ ദേവസ്യാച്ചന്‍ സംസാരിക്കുന്നു

“അന്നും ഭാവിയെപ്പറ്റി ഉറച്ചൊരു വിശ്വാസമുണ്ടായിരുന്നു. നഷ്ടപ്പെട്ട മുഴുവന്‍ മരങ്ങളെയും സംരക്ഷിക്കണം. വരും തലമുറയ്ക്ക് ഈ മരങ്ങളിലൂടെ ഗുണമുണ്ടാകണം. ഇങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളാണ് ഈ കാടൊരുക്കാന്‍ പ്രേരിപ്പിച്ചത്,” അദ്ദേഹം തുടരുന്നു.


ബാല്യകാലം തൊട്ടേ മരങ്ങളോട് അദ്ദേഹത്തിന് ഒരിഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്.


“എന്‍റെ അമ്മച്ചിയാണ് ഈ തോന്നലുകളൊക്കെയുണ്ടാക്കിയത്. എനിക്ക് രണ്ട് മൂന്ന് വയസൊക്കെ ഉള്ളപ്പോള്‍ തൈകളും ചെടിയുമൊക്കെ നടീക്കുമായിരുന്നു അമ്മച്ചി.

ചക്കക്കുരു തന്നിട്ട് അതൊക്കെ പറമ്പില്‍ അവിടവിടെയുമൊക്കെ നടീക്കും. ഞാനൊക്കെ വളര്‍ന്നപ്പോഴേക്കും ഈ പ്ലാവൊക്കെ കായ്ച്ച് നിറയെ ചക്കയുമുണ്ടായി. ഞങ്ങളുടെ ആവശ്യത്തിലേറെയും ചക്ക കിട്ടിയിരുന്നു. വീട്ടിലേക്ക് മാത്രമല്ല അടുത്ത അയല്‍വീടുകളിലും ഈ ചക്ക കൊണ്ടുകൊടുക്കുമായിരുന്നു.


ഇതുകൂടി വായിക്കാം: 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി. തിരിച്ചുകയറിയത് ആയിരങ്ങളെ മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കാന്‍


“ഒരു കുഞ്ഞു ചക്കക്കുരു നട്ടാല്‍ പോലും എത്രയാളുകള്‍ക്കാണ് ഉപകാരപ്പെടുന്നതെന്നാണ് കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞു. അമ്മച്ചിയിലൂടെയാണ് അതു മനസിലാക്കുന്നത്. ”

“150 ഓളം ഇനം വൃക്ഷങ്ങള്‍ ഈ ആറേക്കറിലെ പറമ്പില്‍ കാടായി നില്‍പ്പുണ്ട്.” സ്വന്തം ഭൂമിയിലൊരു സ്വകാര്യവനമൊരുക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് ദേവസ്യാച്ചന്‍ പറയുന്നു.

“നമ്മുടെ നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന പഴയകാലത്തെ വൃക്ഷങ്ങളില്ലേ കാഞ്ഞിരം, ഏഴിലം പാല, ദന്തപാല… ഇതൊന്നും അന്യം നിന്നു പോകരുതെന്നു തോന്നി. ഈ കാട്ടില്‍ അതൊക്കെയുണ്ട്. ദന്തപാലയൊക്കെ ഔഷധഗുണമുള്ളതാണ്.

“ദന്തപാല മാത്രമല്ല ഔഷധവൃക്ഷങ്ങള്‍ വേറെയും കുറേയുണ്ട്. പത്തമ്പത് ഇനം ഔഷധങ്ങളുണ്ട്. 160 ഇഞ്ച് വണ്ണമുള്ള ആഞ്ഞിലി മരങ്ങളുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്നൊരാള്‍ കൊണ്ടു തന്നതാണ് അണലിവേഗം. ഇങ്ങനെ പലരും വൃക്ഷതൈകള്‍ തന്നിട്ടുണ്ട്.

“തേക്ക്, രുദ്രാക്ഷം, ഞാവല്‍, പൂവരശ്,ചന്ദനം, രക്തചന്ദനം, ആപ്പിള്‍, സബര്‍ജലി, പാരിജാതം, ലിച്ചി, മരവുരി, കറവേങ്ങ, കരിങ്ങോട്ട തുടങ്ങി നിരവധി വൃക്ഷങ്ങളാണ് 50 വര്‍ഷം കൊണ്ടു വളര്‍ത്തിയെടുത്തത്.

“ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന ഒരു മരമുണ്ട്. അതുനിറയെ പഴങ്ങളുണ്ടാകുന്നുമുണ്ട്. ഒരിക്കല്‍ ഇസ്രയേലില്‍ പോയിരുന്നു. അവിടെയൊരു നഴ്സറി കണ്ട് തൈ ചോദിച്ചു ചെന്നു.

“പക്ഷേ അവരത് വില്‍ക്കാന്‍ വച്ചിരിക്കുന്നതല്ലെന്നാ പറഞ്ഞത്. വിത്ത് വേണമെങ്കില്‍ തോട്ടത്തില്‍ നിന്നു പെറുക്കിയെടുത്തോളാന്‍ പറഞ്ഞു. അങ്ങനെ അവിടെ നിന്നു കൊണ്ടുവന്നു നട്ടതാണിത്.  പല തൈകളും എവിടെയെങ്കിലുമൊക്കെ പോകുമ്പോള്‍ കിട്ടുന്നതും വാങ്ങുന്നതുമൊക്കെയാണ്.

“പാല്‍ മുന്തിരി എന്നൊരു വൃക്ഷമുണ്ട് ഈ കാട്ടിനകത്ത്. വലിയ മരമാണ്. മുന്തിരിങ്ങ പോലുള്ള ചെറിയ പഴങ്ങള്‍ അതിലുണ്ടാകും. അതിന്‍റെ സീസണാകുമ്പോള്‍ ആ പഴം കഴിക്കാന്‍ കുറേ പക്ഷികളുമെത്തും,”  മരങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ആ മനുഷ്യന്‍ ക്ഷീണമെല്ലാം മറന്ന് സന്തോഷത്തോടെ എത്ര നേരം വേണമെങ്കിലും തുടരും.

വനസ്ഥലി സന്ദര്‍ശിക്കാനെത്തിയ സംഘത്തിനൊപ്പം ദേവസ്യാച്ചന്‍

“ഈ കിളികളൊക്കെ ആ മുന്തിരിങ്ങാ പോലിരിക്കുന്ന പഴം തിന്നേച്ച് പോകും. എന്നിട്ട് ആ കിളികള്‍ ഈ പറമ്പിലൂടെയൊക്കെ അതിന്‍റെ കായ്കളിട്ടേച്ച് പോകും. ആ വിത്ത് അവിടെ കിടന്ന് താനെ മുളക്കും. അങ്ങനെ പക്ഷികള്‍ നട്ട മരങ്ങള്‍ തന്നെ ആയിരത്തോളമുണ്ടാകും.

“ഈ വനം എന്‍റേതാണെന്നു എനിക്ക് അവകാശപ്പെടാനാകില്ല. ആ പക്ഷികള്‍ക്കു കൂടി അവകാശപ്പെട്ടതാണ്.


പലതരം പക്ഷികള്‍ ഈ കാട്ടിലുണ്ട്. കിളികള്‍ മാത്രമല്ല, അണ്ണാനും ശലഭങ്ങളും പാമ്പുമൊക്കെയുണ്ട്.


“പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന ഒരു മരമുണ്ടിവിടെ. ഇതിനോട് എനിക്ക് പ്രത്യേകത താത്പ്പര്യമുണ്ട്. ഇതിനോട് എനിക്ക് കടപ്പാടാണുള്ളത്. വീട്ടിലേക്ക് വന്നു പതിക്കേണ്ടിയിരുന്ന ഒരു ഇടിമിന്നലിനെ തടുത്തു നിറുത്തിയ ആളാണിത്.”

“ഈ മരത്തിന്‍റെ വലിയൊരു കമ്പ് ആ ഇടിവെട്ടലില്‍ കത്തിപ്പോയി. പക്ഷേ മറ്റു മരങ്ങള്‍ക്കും വീടിനും ഞങ്ങള്‍ക്കുമൊന്നും ഒന്നും സംഭവിച്ചില്ല. ഞങ്ങളെയൊക്കെ രക്ഷിച്ചയാളാണിത്. ഈ കാട്ടിലൂടെ നടക്കുമ്പോള്‍ ഈ മരത്തിന് അടുത്തെത്തിയാല്‍ ഞാന്‍ അതിന് അരികില്‍ വന്നു സ്നേഹത്തോടെ ആശ്ലേഷിക്കും.

“ഹിമാലയന്‍ ലിച്ചിയുണ്ട്. ഈ ലിച്ചി തണലിലാണ് വീടും മുറ്റവുമൊക്കെയുള്ളത്. ഈ കാട് കാണാന്‍ വന്നൊരു സ്വാമി, ഇവിടെയൊരു മരത്തിനെ വൃക്ഷശ്രീയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

“ഈ വനത്തിലെ ഒരു മരത്തിനെ വൃക്ഷശ്രീയായി പ്രഖ്യാപിക്കാന്‍ എന്നെ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിക്ക് ഇഷ്ടമുള്ള മരം വൃക്ഷശ്രീയായി തെരഞ്ഞെടുത്തു കൊള്ളൂവെന്ന് ഞാനും.

“അദ്ദേഹം കാട്ടിലൂടെ ഒന്നു നടന്നു നോക്കിയിട്ട്, കമ്പുകേടില്ലാത്ത ഒരു നല്ല മരത്തിനെ കണ്ടെത്തി. അതിനെ വൃക്ഷശ്രീയായി പ്രഖ്യാപിച്ചു. എന്നിട്ട് പറഞ്ഞു, അതിനെ മരണത്തോളം വളരാന്‍ അനുവദിക്കണം. ഇടയ്ക്ക് വെട്ടിക്കളയരുതെന്ന്.” ഇങ്ങനെയും ചില അനുഭവങ്ങള്‍ കാട് നല്‍കിയിട്ടുണ്ടെന്നും ദേവസ്യാച്ചന്‍ പറയുന്നു.

മരങ്ങളോട് വര്‍ത്തമാനം പറയുന്ന ദേവസ്യാച്ചന് വട്ടാണെന്ന് കളിയാക്കിയവരുണ്ട്. പക്ഷേ ഇവരെന്‍റെ മക്കളാണെന്നു മരങ്ങളെ ചൂണ്ടി അദ്ദേഹം പറയും. “ഈ കാട്ടിലൂടെ നടക്കുമ്പോള്‍ ഈ മരങ്ങളെയൊക്കെ ഞാന്‍ തലോടുകയും ചേര്‍ത്തുനിറുത്തുകയുമൊക്കെ ചെയ്യും.

“മരങ്ങളോട് വര്‍ത്തമാനം പറയുകയും ചെയ്യും. കാണുന്നവര്‍ പറയും, എനിക്ക് വട്ടാണെന്ന്. പക്ഷേ ഈ മരങ്ങളൊക്കെയും എന്‍റെ മക്കളാണ്. എനിക്ക് മക്കളില്ല. പക്ഷേ ഈ വൃക്ഷങ്ങളൊക്കെയും എനിക്ക് മക്കളെ പോലെയാണ്. ഇവരില്‍ പലര്‍ക്കും ഞാന്‍ പേരിട്ടിട്ടുമുണ്ട്.

മഴവെള്ള സംഭരണിയും ഈ കാട്ടിനുള്ളിലുണ്ട്. ഈ പറമ്പിലേക്ക് വന്നനാളിലുണ്ടാക്കിയ ഒരു മഴവെള്ള സംഭരണിയാണിത്.  ഈ സംഭരണിയില്‍ മഴ വെള്ളം നിറയ്ക്കും. പിന്നീട് വേനലൊക്കെയാകുമ്പോള്‍ ഈ വെള്ളമാണ് മരങ്ങള്‍ക്കും തൈകള്‍ക്കും നല്‍കുന്നത്.”

കാട് കാണാനെത്തിയ സ്കൂള്‍ സംഘം

എവിടെ പോയി വരുമ്പോഴും കൈയിലൊരു വൃക്ഷ തൈയുമായിട്ടാണ് ദേവസ്യാച്ചന്‍റെ മടക്കം. അതൊക്കെയാണിപ്പോള്‍ വളര്‍ന്നുനില്‍ക്കുന്നത്. പ്ലാവ്, മാവ്, രുദ്രാക്ഷം, ഞാവല്‍, ഈട്ടി, തേക്ക് പൂവരശ്, ആഞ്ഞിലി ..അങ്ങനെ പോകുന്നു.

ഓരോ മരത്തിലും പേരും ശാസ്ത്രീയ നാമവും ദേവസ്യാച്ചന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോമാവ്, മല്‍ഗോവ, സേലം, കടുക്കാച്ചി തുടങ്ങി നൂറോളം മാവുകളും ഇവിടെ വളര്‍ത്തുന്നുണ്ട്. ധാരാളം സന്ദര്‍ശകരാണ് മലയിഞ്ചിപ്പാറയിലെ ജൈവവൈവിധ്യം കാണാന്‍ വരുന്നത്. ആറേക്കറില്‍ കാട്, ബാക്കിയുള്ളടത്ത് കൃഷിയുമുണ്ടെന്നു പറയുന്നു ദേവസ്യാച്ചന്‍.

“കൊക്കോ, കുരുമുളക്, റബര്‍, കാപ്പി, ജാതിയൊക്കെയുണ്ട്. തേക്ക് തോട്ടവുമുണ്ട്. ഇതൊക്കെയാണ് എന്‍റെ വരുമാന മാര്‍ഗം. ജാതി മരത്തിനോട് ചെറുപ്പം തൊട്ടേ ഇഷ്ടമുണ്ടായിരുന്നു. ഔഷധഗുണമുള്ള വൃക്ഷം എന്ന നിലയില്‍ പ്രത്യേക താത്പ്പര്യമുണ്ടായിരുന്നു,”  അദ്ദേഹം പറഞ്ഞു.

ജാതിമാത്രം നില്‍ക്കുന്ന പ്രദേശം സ്പൈസസ് ഗാര്‍ഡന്‍ എന്നാണറിയപ്പെടുന്നത്. ഈ കാടും കൃഷിയുമൊക്കെ കാണാനെത്തുന്നവര്‍ക്ക് വേണ്ടി ജാതിത്തോട്ടം വലിയ ആശ്വാസമേകുന്നുണ്ട്.

വനം കാണാന്‍ വരുന്ന സ്കൂള്‍ കുട്ടികളൊക്കെ കാണാന്‍ വരുമല്ലോ. അവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം കൂടിയാണ് ഈ ജാതിത്തണല്‍. ജാതിമരങ്ങള്‍ക്ക് താഴെ ഇരിക്കാനുള്ള സൗകര്യമൊക്കെയുണ്ട്. രണ്ട് ട്രീ ഹൗസും ഊഞ്ഞാലുകളും കുട്ടികള്‍ക്കായുണ്ട്.

“പ്രായം 91 ആയിട്ടും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നല്ല ശുദ്ധവായു കിട്ടുന്നുണ്ട്. പിന്നെ എന്നും ഒന്നു രണ്ട് കിലോമീറ്റര്‍ ദൂരം ഈ പറമ്പില്‍ കൂടി തന്നെ നടക്കും. കുന്നും ചരിവുമൊക്കെ കയറിയുള്ള കാട്ടിലൂടെയുള്ള നടത്തം ഇന്നുമുണ്ട്. അങ്ങനെയൊക്കെ എനിക്ക് നല്ല വ്യായാമം കിട്ടുന്നുണ്ട്.

“ശമ്പളമുണ്ട്, സര്‍ക്കാര്‍ ജോലിയാണ് എന്നൊക്കെ കരുതി അന്നവിടെ നിന്നിരുന്നുവെങ്കില്‍, ഇന്നിപ്പോ ഇങ്ങനെ സംസാരിക്കാന്‍ ഞാനുണ്ടാകില്ലായിരുന്നു. നാട്ടില്‍ വന്ന് ഇങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് എനിക്ക് ഇത്രയും ആയുസ് കിട്ടിയത്,” എന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം.

ആലപ്പുഴക്കാരി കുഞ്ഞമ്മയായിരുന്നു ഭാര്യ. മൂന്നു വര്‍ഷം മുന്‍പ് മരിച്ചു. മക്കളില്ല.


“ഞാന്‍ നട്ട ഈ മരങ്ങളൊക്കെയും എന്‍റെ മക്കളാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാനിങ്ങനെ കാട്ടിലൂടെ പോകുമ്പോള്‍ മരങ്ങളെയൊക്കെ ആശ്ലേഷിച്ചാണ് പോകുന്നത്. അതൊക്കെ നമുക്കൊരു പോസിറ്റീവ് എനര്‍ജിയാണ് തിരിച്ചു നല്‍കുന്നത്.


“ഈ പരിസരമൊക്കെ നല്ല തണുപ്പുള്ള ഇടമാണ്. ഈ പറമ്പിലേക്ക് വന്നാല്‍ ഏസിയുള്ള മുറിയില്‍ നില്‍ക്കുന്ന ഫീലാണ്.” ദേവസ്യാച്ചന്‍ പറയുന്നു.

ദേവസ്യാച്ചന്‍റെ വീട്ടുമുറ്റത്ത് കൂടിയാണ് കാട്ടിലേക്ക് പോകേണ്ടത്. വള്ളിച്ചെടികളും മരച്ചില്ലകളുമൊക്കെ വകഞ്ഞുമാറ്റി, ചെറിയൊരു കുന്ന് കയറി വേണം ഈ കാട്ടിലേക്കെത്താന്‍. മരങ്ങള്‍ക്കിടയിലൂടെ നടന്ന് കാലു വേദനിച്ചാല്‍ കുറച്ചു നേരം ഇരിക്കാം.

കാടിന്‍റെ ചില ഇടങ്ങളിലായി സിമന്‍റ് ബെഞ്ചുകളുണ്ട്. ഇനി വേണമെങ്കില്‍ ട്രീ ഹൗസിലിരിക്കാം, ഊഞ്ഞാലില്‍ ഇരുന്ന് ആടുകയും ചെയ്യാം.


കാതല്‍ കാതല്‍ എന്ന തമിഴ് ചിത്രത്തിനും ഈ എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൊക്കേഷനായിട്ടുണ്ട്.


പ്രകൃതിസ്നേഹിയാക്കിയ എന്‍റെ അമ്മയ്ക്കുള്ള തിരുമുല്‍ക്കാഴ്ചയാണ് ഈ കൊച്ചു വനം സൃഷ്ടിച്ചതെന്ന് ദേവസ്യാച്ചന്‍. “എന്‍റെ അമ്പത് വര്‍ഷത്തെ ആത്മസമര്‍പ്പണമാണിത്.

“ഈ മരങ്ങളൊന്നും ഒരിക്കലും വെട്ടരുതെന്നും ഞാന്‍ മരിച്ചതിനു ശേഷവും ഇതൊക്കെ സംരക്ഷിക്കണമെന്നും ബന്ധുക്കളോട് പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.  എനിക്ക് വലിയൊരു ആഗ്രഹം കൂടിയുണ്ട്…,” അദ്ദേഹം തുടരുന്നു. 

“ഞാന്‍ നട്ട മരങ്ങളുടെ നടുക്ക് എനിക്ക് അന്ത്യവിശ്രമം കൊള്ളണം.. മരിച്ചാല്‍ എന്നെ പള്ളി സെമിത്തേരിയിലൊന്നും അടക്കണ്ട. മക്കളെ പോലെ ഞാന്‍ കരുതുന്ന എന്‍റെ വൃക്ഷങ്ങളുടെ ചുവട്ടിലാകണം എനിക്ക് അവസാനമായി വിശ്രമിക്കേണ്ടത്. ഞാന്‍ നട്ട എന്‍റെ മരങ്ങളാണിത്. എന്‍റെ ശരീരവും അവരെടുത്ത് കൊള്ളട്ടേ.

“ഈ ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ സംതൃപ്തനാണ്. ഈ വനം സൃഷ്ടിച്ചിരിക്കുന്നത് വലിയൊരു നേട്ടം തന്നെയല്ലേ. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബോട്ടണി പ്രൊഫസറിനോട് ഒരു വിദ്യാര്‍ത്ഥി ദന്തപ്പാല കാണണമെന്നു ചോദിച്ചാല്‍, അദ്ദേഹം പറയുമായിരിക്കും.


ഇതുകൂടി വായിക്കാം: കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും


“കോട്ടയം പൂഞ്ഞാറിനടുത്ത് മലയിഞ്ചിപ്പാറ എന്ന സ്ഥലമുണ്ട്. അവിടെയൊരു വനമുണ്ട്. കുറേതരം മരങ്ങളുണ്ടവിടെ. അദ്ദേഹം മരിച്ചു കാണും. പക്ഷേ അദ്ദേഹം നട്ട വൃക്ഷങ്ങള്‍ ഇവിടെ വളര്‍ന്നുവലുതായി വലിയൊരു കാടായിട്ടുണ്ടെന്ന്…” ദേവസ്യാച്ചന് അതാണ് സന്തോഷം..അതാണ് അദ്ദേഹം ഈ ഭൂമിയില്‍ ശേഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

2017-ലെ വൃക്ഷമിത്ര അവാര്‍ഡ് ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. പക്ഷേ അവാര്‍ഡുകളെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പറയും, “അവാര്‍ഡിന് വേണ്ടിയല്ല, എന്‍റെയൊരു സംതൃപ്തിയ്ക്ക് വേണ്ടിയാണിത് ചെയ്യുന്നത്.”

സംതൃപ്തി, ആ ഒറ്റവാക്കില്‍ എല്ലാമുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം