കാലിഫോര്‍ണിയയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക്: കേരളത്തിലെ അരലക്ഷത്തിലധികം ഗ്രാമീണസ്ത്രീകളുടെ ജീവിതവഴി മാറ്റിവരച്ച കണ്ണൂരുകാരന്‍

രണ്ട് പതിറ്റാണ്ടുകാലം കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍  ഇംഗ്ലീഷ് പ്രൊഫസറായിരുന്നു പ്രഭാകര്‍. തിരിച്ച് നാട്ടിലെത്തിയത് സ്വന്തം നാട്ടുകാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനവുമായിട്ടായിരുന്നു.

“ചോദിച്ചാല്‍ തിരികെ കിട്ടുമോ എന്ന സംശയം കാരണം ഒരാളും നമുക്ക് കടം തരില്ല, പക്ഷേ പ്രഭാകര്‍ സാര്‍ തന്നു,” പാലക്കാട് കൊല്ലങ്കോട്ടെ പ്രേമ നന്ദിയോടെ ഓര്‍ക്കുന്നു. ഈടോ വീടിന്‍റെ ആധാരമോ ഒന്നും അദ്ദേഹം ചോദിച്ചില്ല.

“ആ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷിന്‍ കൊണ്ടാണ് കുടുംബം പുലര്‍ത്തിയതും കുട്ടികളെ പഠിപ്പിച്ചതും. അവരിപ്പോള്‍ വലുതായി, രണ്ടുപേര്‍ക്കും ജോലിയുമായി.”

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് മരിച്ചു പോയപ്പോള്‍ ആകെ തളര്‍ന്നുപോയതാണ് പ്രേമ. പിന്നീട് ശ്രീ നല്‍കിയ ചെറിയ ധനസഹായം കൊണ്ടുവങ്ങിയ തയ്യല്‍ മെഷീനില്‍ അവര്‍ ജീവിതം തുന്നിച്ചേര്‍ത്തെടുത്തു. ചെറുതെങ്കിലും ആ തുക ഒരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി.

ഒരു മെഷിന്‍റെ സ്ഥാനത്ത് പതുക്കെ ഒരുപാട് മെഷിനുകളായപ്പോള്‍ തുന്നല്‍ക്കാരി തുന്നല്‍ ടീച്ചറായി. മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കി, സ്വന്തമായി വീടും വാങ്ങി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

ഇനി ശാന്തയുടെ കഥ. എല്ലാവരേയും പോലെയായിരുന്നില്ല ശാന്ത. ജന്‍മനാ മുട്ടിന് താഴെ കൈകള്‍ വളര്‍ച്ചയില്ല. അതുകൊണ്ട് പണിയെടുത്ത് ജീവിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രാരാബ്ധങ്ങള്‍ തിളയ്ക്കുന്ന അടുക്കളയില്‍ തനിക്കെന്ത് ചെയ്യാനാകുമെന്നോര്‍ത്ത് നീറിക്കഴിയുകയായിരുന്നു അവര്‍.

ശാന്ത.

ഡോ. പ്രഭാകറിന്‍റെയും ശ്രീയുടേയും സഹായം ശാന്തയേയും തേടിയെത്തി. വായ്പയെടുത്ത് ഒരു പശുവിനെ വാങ്ങി ശാന്ത. അങ്ങനെ കൈകളില്‍ പശുവിന്‍റെ കയറുമായി ശാന്ത അടുക്കളയില്‍ നിന്ന് പുറത്തിറങ്ങി.

ശാന്തയുടെ വാക്കുകള്‍ ഇങ്ങനെ: “പത്താംക്ലാസ് വരെ പഠിച്ചതേയുള്ളു. അതുകഴിഞ്ഞപ്പോള്‍ പ്രഭാകര്‍ സാറിന്‍റെ ഗ്രാമവികസനസംഘത്തെക്കുറിച്ച് അറിഞ്ഞു. അവിടെ നിന്ന് വായ്പ എടുത്ത് പശുവിനെ വാങ്ങി.


വായ്പാതുക അടക്കാന്‍ ബുദ്ധിമുട്ടില്ലാതെ വന്നപ്പോള്‍ പിന്നെയും വായ്പയെടുത്ത് മൂന്നാലു പശുക്കളെകൂടി വാങ്ങി.


“ചേച്ചിയുടെ വിവാഹം വന്നപ്പോള്‍ അവയെ കൊടുത്തുകിട്ടിയ പണം ഉപകരിച്ചു. വീണ്ടും വായ്പയെടുത്ത് പശുവിനെ വാങ്ങുകയും ചെയ്തു.”

ശാന്തയെയും പ്രേമയെയും പോലെ കുറച്ച് പണം കയ്യിലുണ്ടായിരുന്നെങ്കില്‍ അതുകൊണ്ട് ജീവിക്കാനുള്ള വഴി കണ്ടെത്താന്‍ എന്തെങ്കിലും കൈത്തൊഴില്‍ തുടങ്ങാമായിരുന്നുവെന്ന് സ്വപ്‌നം കണ്ടിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് പ്രൊഫ. പ്രഭാകറിന്‍റെ പിന്തുണയില്‍ ജീവിതം പച്ചപിടിപ്പിച്ചത്.

സ്ത്രീകളുടെ കൂട്ടായ്മ.

വലിയ ചെലവില്ലാതെ കിട്ടുന്ന ഓലമടല്‍ വാങ്ങി മെടഞ്ഞു കൊടുക്കുന്നവര്‍, മിഠായിയുണ്ടാക്കി പൂരപറമ്പിലും കടകളിലുമെത്തിച്ച് വരുമാനം കണ്ടെത്തുന്നവര്‍… അങ്ങനെ ഈ ഗ്രാമത്തിലെ ഓരോ സ്ത്രീകളും വരുമാനമുള്ള ഏതെങ്കിലും ജോലികളില്‍ മുഴുകുന്നു. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഒഴിവാക്കാന്‍ നാല്‍പ്പതിലേറെ പാള ഉത്പന്നങ്ങളും ശ്രീയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഒരു നേരത്തെ നല്ല ഭക്ഷണം പോലും സ്വപ്നം കാണാനാകാതെ ജീവിച്ച ഒരു കൂട്ടം ഗ്രാമീണരുടെ വിധിയാണ് ഈ മനുഷ്യന്‍ തിരുത്തിയത്. അതിജീവനത്തിന്‍റെ ഈ കഥയുടെ വേരുകള്‍ ബംഗ്ലാദേശിലേക്കും അമേരിക്കയിലേക്കും നീളുന്നുണ്ട്.


ഇതുകൂടി വായിക്കാം: കുട്ടയും വട്ടിയും മാത്രം നെയ്തിരുന്നവര്‍ ഇന്ന് മുളകൊണ്ട് കെട്ടിടങ്ങളും പാലങ്ങളും പണിയുന്നു: മുളയുടെ സൗന്ദര്യവുമായി ലോകവേദികളിലെത്തിയ ഉറവിന്‍റെ വിശേഷങ്ങള്‍


കണ്ണൂരിലെ സ്വാതന്ത്യസമര സേനാനികളുടെ കുടുംബത്തിലാണ് പ്രഭാകര്‍ ജനിച്ചത്. കെ പി പി നമ്പ്യാരും ഇ കെ നയനാരും ഇയ്യങ്കോട് ശ്രീധരനും അടുത്ത ബന്ധുക്കള്‍. രണ്ട് പതിറ്റാണ്ടുകാലം കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍  ഇംഗ്ലീഷ് പ്രൊഫസറായിരുന്നു പ്രഭാകര്‍.1970-കളിലാണത്.

ഡോ. പ്രഭാകര്‍

പിന്നീട് തിരികെ നാട്ടിലെത്തി. ഒരാളും ജനിക്കുന്നതും ജീവിക്കുന്നതും സ്വന്തം കാര്യത്തിന് വേണ്ടി മാത്രമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഡോ.പ്രഭാകറിന്. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം.  പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിന്‍റെ പേരില്‍ എന്തെങ്കിലും ചെയ്യാന്‍ പക്ഷേ അദ്ദേഹം തയ്യാറായിരുന്നില്ല.

നല്ല തയ്യാറെടുപ്പ് നടത്തി ഡോ. പ്രഭാകര്‍. ബംഗ്ലാദേശിലെ ലക്ഷക്കണക്കിന് സ്ത്രീകളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ഗ്രാമീണ്‍ ബാങ്ക് എന്ന ആശയം കൊണ്ടുവന്ന നൊബേല്‍ പുരസ്‌കാര ജേതാവായ ഡോ. മുഹമ്മദ് യൂനുസിന്‍റെ മാതൃകയാണ് പ്രഭാകറും പിന്തുടര്‍ന്നത്.

ഡോ. മുഹമ്മദ് യൂനസുമൊത്ത് അമേരിക്കയില്‍ ഒരേ സര്‍വ്വകലാശാലയില്‍ ഡോ. പ്രഭാകരും ജോലി ചെയ്തിരുന്നു. അന്നുമുതല്‍ അടുപ്പവും പരസ്പരം സ്‌നേഹവുമുണ്ടായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പേ മുഹമ്മദ് യൂനുസിനെ അടുത്തറിഞ്ഞിരുന്നു ഡോ. പ്രഭാകര്‍. മുഹമ്മദ് യൂനുസ് തന്നെയാണ് കേരളത്തില്‍ ഒരു പരീക്ഷണം നടത്താന്‍ ഡോ. പ്രഭാകറിനെ പ്രേരിപ്പിച്ചതും.

ഡോ. മുഹമ്മദ് യൂനുസ്. ഫോട്ടോ; വിക്കിപ്പീഡിയ

ഡോ മുഹമ്മദ് യൂനുസുമായി ആശയം പങ്കിട്ടപ്പോള്‍ ബംഗ്ലാദേശിലെത്തി എല്ലാം നേരിട്ട് കാണാനായിരുന്നു ഉപദേശം, അങ്ങനെ ഡോ പ്രഭാകര്‍ ബംഗ്ലാദേശിലെത്തി. ഗ്രാമീണ ബാങ്കുകള്‍ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിന്‍റെ വഴികാട്ടിയും അവരുടെ കുടുംബങ്ങളിലെ വെളിച്ചവുമാകുന്നത് നേരിട്ട് ബോധ്യപ്പെട്ടു. ആറ് മാസം ഇതിനായി ബംഗ്ലാദേശില്‍ പ്രഭാകര്‍ ചെലവഴിച്ചു.

ഒരു നാടിന്‍റെ വികസനം എവിടെ നിന്നാരംഭിക്കുന്നു എന്നായിരുന്നു ഡോ. പ്രഭാകര്‍ ആദ്യമായി പഠിച്ചത്. പട്ടിണിയില്ലാത്ത കുടുംബങ്ങള്‍, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു ജനത. വികസനത്തിന്‍റെ മൂലമന്ത്രം അതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

നാട്ടിലെത്തി ഇതേ ആശയം എവിടെ പ്രാവര്‍ത്തികമാക്കുമെന്ന അന്വേഷണമായി. ഒടുവിലാണ് പാലക്കാട്ടെത്തിയത്. നിറഞ്ഞു തുളുമ്പുന്ന ഗ്രാമീണ സൗന്ദര്യമൊക്കെയുണ്ടെങ്കിലും വരള്‍ച്ചയും കൃഷിനാശവും ദുരിതപൂര്‍ണമാക്കിയ ഗ്രാമീണര്‍. ആ കാഴ്ചകള്‍ ഡോ. പ്രഭാകറിനെ കൊല്ലങ്കോട് പിടിച്ചു നിര്‍ത്തി.


1996-ലാണ് കൊല്ലങ്കോട് കേന്ദ്രമാക്കി ശ്രീ ആരംഭിച്ചത്. അന്ന് ഒപ്പം നിന്നിരുന്നവര്‍ ഇപ്പോഴും ഡോ പ്രഭാകറിനൊപ്പമുണ്ട്.


അങ്ങനെ, സൊസൈറ്റി ഫോര്‍ റൂറല്‍ ഇംപ്രൂവ് മെന്‍റ് എന്ന SRI (ശ്രീ)യുണ്ടായി. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. പാലക്കാട് കൊല്ലങ്കോട് എന്ന ഗ്രാമത്തിലെ ദരിദ്രരായ ഇരുപത് സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി ഡോ. പ്രഭാകര്‍ അത് വീതിച്ചു നല്‍കി. ഓരോരുത്തര്‍ക്കും അയ്യായിരം രൂപയുടെ ചെറുവായ്പ. അന്ന് പ്രഭാകറിനായിരുന്നില്ല അത് വാങ്ങിയവര്‍ക്കായിരുന്നു ആശങ്കയും സംശയവും. പക്ഷേ ഡോ. പ്രഭാകറിനുറപ്പുണ്ടായിരുന്നു എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്.

നാടിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ഗ്രാമം. അനന്തമായ സാധ്യതകളുണ്ടായിരുന്നു ആ ചെറുഗ്രാമത്തില്‍. മണ്‍പാത്രവും ഓട്ടുപാത്രവും ഉണ്ടാക്കുന്നവര്‍. പാലക്കാടിന്‍റെ രുചി നിറഞ്ഞ പലഹാരം തയ്യാറാക്കുന്നവര്‍, തുന്നുന്നവര്‍, നെയ്യുന്നവര്‍, ആടിനേയും കോഴിയേയും പശുവിനേയും വളര്‍ത്തി ജീവിതം പച്ചപിടിപ്പിക്കുന്നവര്‍.

എല്ലാവര്‍ക്കും പിന്നില്‍ ശ്രീയുണ്ട്. മിട്ടായിക്കട മുതല്‍ ചെറുവ്യവസായം വരെ നടത്തുന്നുണ്ട് ശ്രീയുടെ ഉപഭോക്താക്കള്‍. വായ്പക്കായി എത്തുന്നവരുടെ പശ്ചാത്തലം പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് വായ്പ നല്‍കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയില്‍ നല്‍കുന്ന വായ്പ് അമ്പത് ആഴ്ച്ചകളിലായി തിരിച്ചടക്കണമെന്ന് നിബന്ധനയുമുണ്ട്.

“വെള്ളത്തില്‍ വീണ ഒരാള്‍ക്ക് നമ്മളൊരു കയര്‍ എറിഞ്ഞു കൊടുക്കുകയാണ്. ഇതാ ഈ കയര്‍ പിടിച്ചു മുന്നോട്ട് വരൂ..ഒരു കാര്യമുണ്ട് ഞങ്ങള്‍ സര്‍ക്കാരിനെപ്പോലെ നിങ്ങളെ പാതിവഴിയില്‍ വെള്ളത്തില്‍ ഉപേക്ഷിക്കില്ല. കര കയറും വരെ നിങ്ങളുടെ കൂടെയുണ്ടാകും. പക്ഷേ ഞാന്‍ ചെയ്യുന്ന ധനസഹായം തിരിച്ചടക്കാതെ എന്നെയും വെള്ളത്തില്‍ ഇടരുതെന്ന ഒരു അപേക്ഷ മാത്രമേയുള്ളു,” ഡോ. പ്രഭാകര്‍ (77) പറയുന്നു.

ഡോ. പ്രഭാകര്‍

അര്‍ഹരായവര്‍ക്കെല്ലാം ചെറുധനസഹായം ഉറപ്പാക്കുമ്പോള്‍ ഡോ. പ്രഭാകറിന് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമേ ശ്രീയുടെ സഹായമുള്ളൂ എന്ന്.

“എന്നോട് പലരും ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് നിങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം വായ്പ നല്‍കുന്നതെന്ന്. മൂന്നു കാരണമുണ്ട് അതിന്, ഒന്നാമതായി ഒരു കുടുംബത്തില്‍ ഏറ്റവുമധികം യാതന അുഭവിക്കുന്നത് സ്ത്രീകളാണ്. ആണുങ്ങള്‍ക്ക് ധനസഹായം ചെയ്താല്‍ കുടുംബത്തില്‍ എത്തില്ല വൈകിട്ട് കള്ളുഷാപ്പിലെത്തുമെന്നതാണ് രണ്ടാമത്തെ കാരണം . സ്ത്രീകളാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ഏറ്റവുമധികം ശ്രദ്ധ കാണിക്കുന്നത് എന്നതാണ് മൂന്നാമത്തെ കാരണം.”

ഡോ. മുഹമ്മദ് യൂനുസിനൊപ്പം പ്രഭാകര്‍

സ്ത്രീ ശാക്തീകരണം മാത്രമായിരുന്നു ആ നിര്‍ബന്ധത്തിന് പിന്നില്‍. ഒരു ചെറിയ വരുമാനമാര്‍ഗം കണ്ടെത്താനാണ് ശ്രീ വായ്പ നല്‍കുന്നത്. ജാമ്യമില്ല. ഈടായി ഒന്നും നല്‍കുകയും വേണ്ട.


പരസ്പര വിശ്വാസം, അത് മാത്രമായിരുന്നു ശ്രീയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം


ജീവിതത്തില്‍ വെട്ടിപ്പിടിക്കാനും കയ്യടക്കാനും വശമില്ലാത്ത നിഷ്‌കളങ്കരായ കുറേ ഗ്രാമീണര്‍. ഓരോരുത്തരും ചുമക്കുന്നുണ്ട് ബാധ്യതകളുടെ വലിയ ഭാണ്ഡങ്ങള്‍. അതിനിടയില്‍ പ്രഭാകര്‍ നല്‍കിയ സഹായം ആശങ്കയോടെയാണെങ്കിലും അവര്‍ സ്വീകരിച്ചു. ചെറിയ പലിശ മാത്രമേ കൊടുക്കേണ്ടതുള്ളൂ എന്നതും പ്രത്യേകിച്ച് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല എന്നതും ആകര്‍ഷകമായിരുന്നു.

ശ്രീയുടെ ധനസഹായം കൊണ്ട് നിര്‍ധനരായ സ്ത്രീകള്‍ തുടങ്ങിയതൊക്കെ ഓരോ വര്‍ഷവും വളര്‍ന്നു. ഒരു പശു രണ്ടാകുന്നു. ഒരാട് നാലാകുന്നു, അങ്ങനെ ഓരോ ജീവിതവും ഓരോ വര്‍ഷം കഴിയുന്തോറും പുഷ്ടിപ്പെടുന്നു.

ഡോ. പ്രഭാകര്‍

വായ്പ നല്‍കും മുമ്പ് തിരിച്ചടവിനെക്കുറിച്ചും അത് ചെലവഴിക്കേണ്ട രീതികകളെക്കുറിച്ചും ശ്രീ ഉപഭാക്താക്കളെ ബോധ്യപ്പെടുത്താറുണ്ട്. 40 പേരടങ്ങുന്ന ഒരോ യൂണിറ്റായി ഉപഭോക്താക്കളെ തരം തിരിക്കും. ഇവരെ അഞ്ച് പേരടങ്ങുന്ന സംഘമാക്കും. ഓരോ സംഘത്തിനും ഓരോ ലീഡര്‍. ഓരോ ഗ്രൂപ്പിലേയും രണ്ട് പേര്‍ക്ക് വീതം വായ്പ നല്‍കും. ഇവര്‍ തിരിച്ചടച്ചു കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക്, ഒരാള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ വായ്പ അടക്കാന്‍ കഴിയാതെ വന്നാല്‍ മറ്റ് നാല് പേര്‍ ചേര്‍ന്ന് സഹായിക്കണം. അങ്ങനെ ഒരാളുടെയും തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ ശ്രീ ശ്രദ്ധിക്കുന്നു.

ആരെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ശ്രീയുടെ പ്രതിനിധികള്‍ അവരുടെ വീട്ടിലെത്തി കാരണം കണ്ടെത്തുന്നു. ന്യായമായ കാരണമുള്ളവര്‍ക്ക് സപ്ലിമെന്‍ററി ലോണ്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കും. സത്യസന്ധതയും അധ്വാനക്ഷമതയും കൈവശമുള്ളവരാണ് ഈ ഗ്രാമീണസ്ത്രീകള്‍. തിരിച്ചടവില്‍ വീഴ്ച്ച വരുത്താതിരിക്കാന്‍ ഇവര്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ 99 ശതമാനത്തിലേറെയും കൃത്യമായി തുക തിരിച്ചടക്കുന്നുണ്ടെന്ന് ഡോ. പ്രഭാകര്‍ പറയുന്നു.

ചെറുവായ്പാ പദ്ധതിയുമായി തുടങ്ങിയ കേരളത്തിലെ ആദ്യവനിതാ സംരംഭമാണ് SRI. പലിശക്ക് മേല്‍ പലിശയില്ല. കിടപ്പാടം പണയം വയ്‌ക്കേണ്ട. ആള്‍ ജാമ്യവും വേണ്ട. വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കും തമിഴ് നാട്ടിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു ശ്രീയുടെ പ്രവര്‍ത്തനം.

50,000 സ്ത്രീകളിലായി 500 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തുന്നുണ്ട് ശ്രീയിപ്പോള്‍. തുടക്കത്തില്‍ ബംഗ്ലാദേശ് ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 ഡോളര്‍ വായ്പയെടുത്തു. അമേരിക്കയിലെ അസോസിയേഷന്‍ ഫോര്‍ ഇന്‍ഡ്യാസ് ഡവലപ്‌മെന്‍റ് എന്ന സംഘടനയും ധനസഹായം നല്‍കി. ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് ശ്രീ മുന്നോട്ട് പോകുന്നത്.

ബാങ്കിംഗ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോഴും കൃഷിയോടുള്ള ആദരവും ശ്രീ നിലനിര്‍ത്തുന്നു. ഏഴേക്കര്‍ കൃഷിസ്ഥലമുണ്ട് ഡോ.പ്രഭാകറിന്. ആറ് പശുക്കളുളള ഒരു ചെറിയ ഡയറിഫാമും. പറമ്പിന്‍റെ കുറേ ഭാഗം പശുക്കള്‍ക്കുള്ള പുല്ലു വളര്‍ത്താനായി മാറ്റിവെച്ചിരിക്കുകയാണ്. വയലില്‍ നെല്ലും ഗോതമ്പും കൃഷി ചെയ്‌തെടുക്കുന്നു. ജൈവകൃഷി എന്ന ആശയവും മനസില്‍ കൊണ്ടുനടക്കുന്നുണ്ട് അദ്ദേഹം.

പട്ടിണിയില്ലാത്ത കുടുംബങ്ങള്‍ക്കൊപ്പം മറ്റൊരു സ്വപ്നം കൂടി ശ്രീ യാഥാര്‍ത്ഥ്യമാക്കുന്നു. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കണം. അതിന് വേണ്ടി ഒരു സ്‌കൂള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ സാധാരണക്കാരുടെ കുട്ടികളാണ് അധികവും. ഉന്നത പഠനത്തിനായി ഉപഭോക്താക്കളുടെ മക്കള്‍ക്ക് വര്‍ഷാവര്‍ഷം സ്‌കോളര്‍ഷിപ്പും നല്‍കുന്നു.

ഇവര്‍ക്കായി ആഴ്ച്ചയിലൊരു ദിവസം സൗജന്യ ട്യൂഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒപ്പം കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നു.

സ്കൂളിലെ കുട്ടികളോടൊപ്പം.

ശ്രീയുടെ സ്ഥാപകനും പ്രവര്‍ത്തകരും തമ്മില്‍ മുതലാളി-തൊഴിലാളി ബന്ധമല്ല. ഒപ്പമുള്ളവരെല്ലാം ഡോ പ്രഭാകറിന് സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ്. തെറ്റുകള്‍ തിരുത്തിയും മാര്‍ഗനിര്‍ദേശം നല്‍കിയും അദ്ദേഹം ഓരോരുത്തര്‍ക്കും പ്രചോദനവും മാതൃകയുമാകുന്നു. ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ 90 ശതമാനവും സ്ത്രീകള്‍ തന്നെയാണ്.

ഒരു നേരത്തെ നല്ല ഭക്ഷണം പോലും സ്വപ്നം കാണാനാകാതെ ജീവിച്ച ഒരു ജനതയുടെ വിധിയാണ് ഡോ. പ്രഭാകര്‍ തിരുത്തികുറിച്ചത്. അരലക്ഷത്തോളം സ്ത്രീകളെയാണ് അദ്ദേഹത്തിന്‍റെ സംഘടനയിലൂടെ ശാക്തീകരിക്കുന്നത്.


ഇതുകൂടി വായിക്കാം: എം.ടെക്കുകാരന്‍റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍


രണ്ട് പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു ആ നിശബ്ദപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ട്. സിഎന്‍എന്‍ ഐ ബിഎന്‍റെ റിയല്‍ ഹീറോ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എല്ലാ അംഗീകാരങ്ങള്‍ക്കും അപ്പുറം ജീവിതം തിരികെ പിടിക്കുന്ന ഒരു വിഭാഗം സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും എക്കാലത്തേയും സ്‌നേഹമുണ്ട്, നന്ദിയുണ്ട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട് ഡോ. പ്രഭാകറിനോട്.

ഡോ. പ്രഭാകര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ‍ഡോ. മുഹമ്മദ് യൂനുസിന്‍റെ ബാങ്കര്‍ ടു ദ് പുവര്‍ എന്ന പുസ്തകം അടുത്തുതന്നെ മാതൃഭൂമി ബുക്സ് പാവപ്പെട്ടവരുടെ ബാങ്ക് എന്ന പേരില്‍ പ്രസിദ്ധീകരിക്കും.

***

ശ്രീയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഫോണ്‍ നമ്പര്‍: 91-4923-263056 / 263060 / 264895 Mobile : +91-9447422920

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം