60-കാരി വിദ്യ ഇതുവരെ രക്ഷിച്ചത് ആയിരത്തിലധികം പാമ്പുകളെ: ‘അതിന് പുരുഷനാവണ്ട, നല്ല മനസ്സാന്നിദ്ധ്യവും പാമ്പുകളോട് സ്നേഹവും മതി’

2018-ലെ പ്രളയത്തിന് ശേഷം ഒരുപാട് പേരാണ് വിദ്യയുടെ സഹായം തേടിയെത്തിയത്. അന്നൊക്കെ ദിവസവും രണ്ടും മൂന്നും സ്ഥലത്തേക്ക് പോകേണ്ടി വരുമായിരുന്നു.

‘വേ ഗം ഒരു വടിയെടുത്തേ..’
‘വിടരുത്, തല്ലിക്കൊല്ലടാ അതിനെ…’

ഒരു പാമ്പിനെക്കണ്ടാല്‍ നമ്മുടെ ആദ്യത്തെ പ്രതികരണങ്ങള്‍ പൊതുവെ ഇങ്ങനെയൊക്കെയാവും.

പക്ഷേ, അറുപതുകാരി വിദ്യാ രാജു പറയും, ‘അതിനെ രക്ഷിക്കൂ’ എന്ന്.

ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ജീവികളാണ് അവയെന്നാണ് പാമ്പുകളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന അവര്‍ പറയുന്നത്.

“പാമ്പുകളെ കൊല്ലുന്നവര്‍ക്ക് നമ്മുടെ പരിസ്ഥിതിവ്യൂഹത്തില്‍ അവയുടെ ശരിക്കുള്ള പ്രാധാന്യം അറിഞ്ഞുകൂടാ,” വിദ്യാ രാജു തുടരുന്നു. “സ്വയം പ്രതിരോധിക്കാന്‍ വേണ്ടിയാണ് അവ ചിലപ്പോള്‍ അക്രമകാരികളാവുന്നത്. ചെറുപ്പത്തില്‍ നാട്ടുകാര്‍ പാമ്പുകളെ കൊല്ലുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. അതെന്നെ വല്ലാതെ ഉലയ്ക്കാറുമുണ്ട്.”

വിദ്യാ രാജു

ബിഹാര്‍ സ്വദേശിയായ വിദ്യ പാമ്പുകളേയും ചെറുപക്ഷികളേയും മൃഗങ്ങളെയുമൊക്കെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയതാണ്, ഇരുപത് വര്‍ഷം മുമ്പ്. ഭര്‍ത്താവ് കമ്മഡോര്‍ എന്‍ വി എസ് രാജുവിനൊപ്പം കൊച്ചിയിലാണ് അവര്‍ താമസിക്കുന്നത്.

“2002-ലാണ് അതെന്നാണ് എന്‍റെ ഓര്‍മ്മ,”ആദ്യമായി പാമ്പിനെ രക്ഷിച്ച ദിവസം അവര്‍ ഓര്‍ക്കുന്നു. “എന്‍റെ ഭര്‍ത്താവിന് അന്ന് ഗോവയിലായിരുന്നു പോസ്റ്റിങ്ങ്. ഞാന്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) എന്ന സംഘടനയില്‍ വൊളണ്ടിയര്‍ ആയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു വൊളണ്ടിയര്‍ ഇടയ്ക്കിടെ പാമ്പുകളെയും മറ്റും രക്ഷപ്പെടുത്തുന്നതിനെക്കുറിച്ച് പറയുമായിരുന്നു.


പ്രകൃതിയുമായി അടുത്തു ജീവിക്കാം, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം:
Karnival.com

“അതുകേട്ട് എനിക്കും താല്‍പര്യമായി. അടുത്തതവണ പോകുമ്പോള്‍ എന്നെയും കൂട്ടണേ എന്ന് ഞാന്‍ പറഞ്ഞുവെച്ചു. ആദ്യമായി ഒരു അണലിയെയാണ് കയ്യിലെടുത്തത്. എനിക്കൊരു പേടിയും തോന്നിയില്ല.”

ഭര്‍ത്താവിന് സ്ഥലം മാറ്റം കിട്ടുന്നതിനനുസരിച്ച് വിദ്യയും യാത്ര ചെയ്തു. പല നഗരങ്ങളും അവരുടെ വീടായി. പോയ ദിക്കിലെല്ലാം വിദ്യ പാമ്പുകളെയും ചെറുജീവികളെയും രക്ഷിക്കുന്നത് തുടര്‍ന്നു.

“ചെന്നുപെട്ട സ്ഥലങ്ങളിലെല്ലാം നാട്ടുകാരുമായും വനംവകുപ്പുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. അതോടൊപ്പം ഞാന്‍ പാമ്പുകളെപ്പറ്റി (വിഷമുള്ളവയും ഇല്ലാത്തവയെയും പറ്റി) ഒരുപാട് വായിച്ചു, ഗവേഷണം നടത്തി,” വിദ്യ പറഞ്ഞു.

അങ്ങനെ സ്വയം പഠിച്ചെടുത്തതാണ് പാമ്പുകളുമായി ഇടപഴകാനുള്ള വിദ്യകള്‍. ഇതുവരെ ആയിരത്തോളം പാമ്പുകളെ ചുറ്റുവട്ടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്, അധികവും വിഷമില്ലാത്തവയായിരുന്നു.

“അതു നിരന്തരമായ ഒരു പഠന പ്രക്രിയയാണ്…ആദ്യം തലയില്‍ പിടിക്കണോ, അതോ വാലിലാണോ? ശാന്തമായിരിക്കുക എന്നതാണ് യഥാര്‍ത്ഥ തന്ത്രം. നിങ്ങള്‍ അക്രമിക്കാന്‍ വരുന്നുവെന്നോ ഉള്ളില്‍ ഭയമുണ്ടെന്നോ തോന്നിയാല്‍ പാമ്പുകളും പരിഭ്രാന്തരാകും,” ഇപ്പോള്‍ കൊച്ചിന്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (സി എന്‍ എച്ച് എസ്)യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യ വിശദമാക്കുന്നു.

2018-ലെ പ്രളയത്തിന് ശേഷം ഒരുപാട് പേരാണ് വിദ്യയുടെ സഹായം തേടിയെത്തിയത്. പ്രളയത്തില്‍ അഭയം നഷ്ടപ്പെട്ട പാമ്പുകള്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടി വീടുകളിലും മറ്റും ചെന്നുചേര്‍ന്നിരുന്നു. നഗരത്തിലെ വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കണ്ടാല്‍ ആളുകള്‍ വിദ്യയെ വിളിക്കുമായിരുന്നു. അന്നൊക്കെ ദിവസവും രണ്ടും മൂന്നും സ്ഥലത്തേക്ക് പോകേണ്ടി വരുമായിരുന്നു, അവര്‍ ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്‍റെ കൃഷിവിശേഷങ്ങള്‍


ഭര്‍ത്താവും മകളും മകനും എല്ലാ പിന്തുണയുമായി കൂട്ടിനുള്ളതുകൊണ്ടാണ് ഇങ്ങനെ പാമ്പുകള്‍ക്ക് പിന്നാലെ പോകാനും മൃഗങ്ങളെ രക്ഷിക്കാനുമൊക്കെ കഴിയുന്നതെന്ന് വിദ്യ പറയുന്നു: “ആളുകള്‍ വിളിക്കുമ്പോഴെല്ലാം പോകാന്‍ കഴിയുന്നത് ഇവരാരെങ്കിലും എന്നെ കൊണ്ടുവിടാനുള്ളതുകൊണ്ടാണ്; അതിപ്പോ രാത്രിയായാലും പകലായാലും ഇവരിലാരെങ്കിലും എന്നെയും കൊണ്ടുപോകും, എന്‍റെ ബാഗെല്ലാം പായ്ക്ക് ചെയ്യാന്‍ സഹായിക്കും.”

മറ്റെല്ലാ അമ്മൂമ്മമാരെയും പോലെ വിദ്യയ്ക്കും ചെറുമകനെപ്പറ്റി പറയുമ്പോള്‍ നൂറുനാവാണ്. അവനും പട്ടികളെയും പൂച്ചകളെയുമൊക്കെ വലിയ കാര്യമാണ്. “പട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവന്‍ ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള മനുഷ്യനാണ്,” വിദ്യ പറഞ്ഞു.

വിദ്യയുടെ കൊച്ചുമകന്‍

സ്ത്രീയാണ്, ഇത്രയൊക്കെ വയസ്സായി… അങ്ങനെ വല്ല ബുദ്ധിമുട്ടുകളും ഈ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടോ? ആ ചോദ്യം കേട്ട് അവര്‍ ചിരിച്ചു: “ഒരിക്കലുമില്ല. അങ്ങിനെ ഉണ്ടാവേണ്ട കാര്യവുമില്ല. മൃഗങ്ങളെ രക്ഷിക്കാന്‍ പുരുഷനാവണമെന്നൊന്നുമില്ല. ആകെ വേണ്ടത് മനസ്സാന്നിദ്ധ്യവും മൃഗങ്ങളോട് സ്‌നേഹവും മാത്രം. പിന്നെ, പ്രായമൊക്കെ വെറുമൊരു നമ്പര്‍ അല്ലേ.”

ജീവികളോടുള്ള സ്‌നേഹം കുട്ടികളായിരിക്കുമ്പോള്‍ തന്നെ വളര്‍ത്തിയെടുക്കണമെന്നാണ് ഈ അമ്മൂമ്മ പറയുന്നത്. അതിനായി ചില നിര്‍ദ്ദേശങ്ങളും അവര്‍ ടി ബി ഐയുടെ വായനക്കാര്‍ക്കുമുന്നില്‍ വെയ്ക്കുന്നു.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


1. നാച്ച്വര്‍ ക്ലബുകള്‍
ക്ലാസ്സുമുറികള്‍ക്കുള്ളിലിരുന്ന് പ്രകൃതിസ്‌നേഹം പഠിപ്പിക്കാനാവില്ല. അതുകൊണ്ട് പുറത്തേക്കിറങ്ങണം, പ്രകൃതിയെ അറിയാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കണം. കുട്ടികള്‍ ചുറ്റുവട്ടങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും പഠിക്കട്ടെ.

2. അവര്‍ കഴിക്കുന്ന ഭക്ഷണം എവിടെ, എങ്ങനെയാണ് വിളയുന്നതെന്ന് കുട്ടികള്‍ നേരിട്ട് മനസ്സിലാക്കട്ടെ. അങ്ങനെയറിയുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിനും കൂടുതല്‍ രുചിയുണ്ടാവും. അടുക്കളത്തോട്ടത്തിലെയും ടെറസിലേയും കൃഷിയില്‍ കുട്ടികളെക്കൂടി പങ്കെടുപ്പിക്കുക. ഇങ്ങനെ നേരിട്ടുകിട്ടുന്ന അറിവുകള്‍ ഒരു വീഡിയോ കണ്ടാല്‍ കിട്ടില്ല.

3. പക്ഷികളെക്കുറിച്ച് പഠിക്കാന്‍ ദൂരെയേതെങ്കിലും പക്ഷിസങ്കേതത്തിലേക്ക് പോകേണ്ട കാര്യമൊന്നുമില്ല. നിങ്ങളുടെ വീടിന് പുറത്തിറങ്ങി നോക്കിയാല്‍ മാത്രം മതി. ചുറ്റിലും എത്രയെത്ര പക്ഷികളുണ്ടെന്ന് നിങ്ങള്‍ അല്‍ഭുതപ്പെടും. ഓരോന്നിനെയും കണ്ടറിയാനും പ്രത്യേകം പ്രത്യേകം പഠിക്കാനും കുട്ടികള്‍ക്കൊപ്പം കൂടിയാല്‍ മാത്രം മതി. ഓരോ പക്ഷിയുടെയും പാട്ട് വേര്‍തിരിച്ചറിയാന്‍ അവരെ സഹായിക്കുക.


ഇതുകൂടി വായിക്കാം: 22 വര്‍ഷമായി കരിക്കും തേന്‍വെള്ളവും വേവിക്കാത്ത പച്ചക്കറികളും മാത്രം ഭക്ഷണം: ഈ 61-കാരന്‍റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്‍


“വളരെ ചെറുപ്പത്തില്‍ തന്നെ പ്രകൃതിയെ സ്‌നേഹിക്കാന്‍ കുട്ടികളെ പഠിപ്പിച്ചാല്‍, ഒരു ക്ലാസ്സില്‍ മുപ്പതില്‍ ഒന്നോ രണ്ടോ പേരെങ്കിലും മറ്റു ജീവികളെ പരിഗണിക്കാനും രക്ഷിക്കാനും തയ്യാറാവും. നിങ്ങളുടെ ജീവിതം പ്രധാനമാണ്. അതുപോലെ തന്നെയാണ് മറ്റു ജീവികളുടെതും-ഇതാണ് പരിസ്ഥിതിയുടെ സംതുലനം നിലനിര്‍ത്താനുള്ള ഏക വഴി,” വിദ്യ കൂ്ട്ടിച്ചേര്‍ക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം