അബ്ദുല്‍ അസീസിന് പ്രായം 46. പെരിന്തല്‍മണ്ണയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളി.
എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചുമടെടുക്കാനിറങ്ങിയതാണ്.
“പെരിന്തല്‍മണ്ണയിലെ പൂപ്പലം ആണ് എന്‍റെ സ്ഥലം,” അബ്ദുള്‍ അസീസ് പറഞ്ഞുതുടങ്ങുന്നു. “ഏഴാം ക്ലാസ് കഴിഞ്ഞു പട്ടിക്കാടുള്ള ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പ്രൈവറ്റായി ചേര്‍ന്നു. അവിടെ ചേര്‍ന്നതിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞാണ് പ്രൈവറ്റ് ആയി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പാടില്ല എന്ന നിയമം വന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ ആ നിയമം റദ്ധാക്കിയെങ്കിലും ഞാന്‍ പ്രൈവറ്റ് പഠനം അവസാനിപ്പിച്ച് പട്ടിക്കാട് ഉള്ള സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും ആ വര്‍ഷം തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഞാന്‍ ചുമട്ടുതൊഴിലിന് ഇറങ്ങിത്തിരിച്ചു.”
പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ വാങ്ങുന്നതിനൊപ്പം നല്ലൊരു കാര്യത്തിന് വേണ്ടിക്കൂടിയാണ് നിങ്ങള്‍ പണം മുടക്കുന്നത്. സന്ദര്‍ശിക്കൂ: Karnival.com
അബ്ദുല്‍ അസീസിന്‍റെ ഉപ്പ മരംവെട്ടുകാരനായിരുന്നു. കണ്ണംത്തൊടി മുഹമ്മദാലി എന്നാണ് പേര്. ഉമ്മ ഖദീജ.
“പതിനെട്ടു വയസില്‍ ഞാന്‍ ചുമട് എടുത്തു തുടങ്ങി. ലേബര്‍ കാര്‍ഡ് കിട്ടിയ ഉടനെ രക്തം ദാനവും തുടങ്ങി.”
അന്ന് പതിനെട്ടാം വയസ്സില്‍ തുടങ്ങിയ രക്തദാനം ഇന്ന് നൂറിലെത്തിയിരിക്കുന്നു. പ്രസവത്തിന് ശേഷം രക്തം ആവശ്യമായി വന്ന ഒരു യുവതിക്ക് നല്‍കിയാണ് അദ്ദേഹം രക്തദാനത്തില്‍ സെഞ്ച്വറി അടിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 31-ന് ആയിരുന്നു.
“ആദ്യമൊക്കെ ഇതിന്‍റെ ശാരീരിക ഗുണമോ സാമൂഹ്യ നേട്ടങ്ങളോ വൈകാരിക കാര്യങ്ങളോ ചിന്തിച്ചിട്ടല്ല രക്തദാനം ചെയ്തത്. ഒരു ആവേശത്തിന് ചെയ്തുതുടങ്ങിയതാണ് അന്നൊക്കെ. പിന്നീട് അങ്ങോട്ട് രക്തദാനം കൊണ്ട് തിരിച്ചു കിട്ടുന്ന ജീവിതങ്ങളുടെ സമാധാനവും കുടുംബങ്ങളുടെ പ്രാര്‍ത്ഥനയും ഞാന്‍ തൊട്ടറിയാന്‍ തുടങ്ങി. ഇനിയങ്ങോട്ട് ആരോഗ്യം ഉള്ള കാലത്തോളം എന്‍റെ ചോര ആവശ്യമുള്ളവര്‍ക്ക് കൊടുക്കാന്‍ ഒരു ഉള്‍വിളി ഉണ്ടായ പോലെ തോന്നി,” രക്തദാനം തുടരുന്നതിനെക്കുറിച്ച് അസീസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“ലോഡിങ് തൊഴിലാളി എന്ന നിലക്ക് എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും ചുമട് എടുക്കുന്നുണ്ട്. എല്ലാവരും സഹകരണ മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍. ഏതു പ്രതിസന്ധിയിലും തളരാതെ ചേര്‍ത്ത് നിര്‍ത്തുന്നവര്‍. അവരില്‍ പലരും രക്തദാതാക്കള്‍ തന്നെ.
“എല്ലാവരും ബ്ലഡിന്‍റെ അത്യാവശ്യം ആര്‍ക്കെങ്കിലും വരുമ്പോള്‍ ഓടിനടന്ന് സംഘടിപ്പിച്ചു നല്‍കാറുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അന്യോന്യം പ്രചോദനം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
“എന്‍റെ ബ്ലഡ് ഗ്രൂപ്പ് എ നെഗറ്റീവ് ആണ്. റെയര്‍ ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ ഒരുപാട് ആവശ്യക്കാരുമുണ്ട്. ഒരാള്‍ ഒരു തവണ രക്തം ദാനം ചെയ്തതിനു ശേഷം മൂന്ന് മാസം കഴിഞ്ഞതിനു ശേഷമേ വീണ്ടും രക്തം നല്‍കാവൂ. ചില അത്യാഹിത കേസുകള്‍ വരുമ്പോള്‍ മൂന്ന് മാസം തികയാന്‍ കാക്കാതെ തന്നെ രക്തം നല്‍കേണ്ടി വന്നിട്ടുണ്ട്,” അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
രക്തദാതാക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇപ്പോള്‍ എളുപ്പം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതും അത്യാവശ്യമുള്ളപ്പോള്‍ സഹായം എത്തിക്കുന്നതും. ”മൂന്നു വാട്‌സാപ്പ് ഗ്രൂപ്പുകളിലായി അഞ്ഞൂറോളം സ്ഥിരം ദാതാക്കള്‍ ഉണ്ട്. പല ജില്ലകളിലായി രക്തദാനം നടത്തുന്ന ആളുകളുണ്ട് ഗ്രൂപ്പില്‍. ഓരോ ജില്ലകളിലെയും രക്തത്തിന്‍റെ ആവശ്യകതയും ബന്ധപ്പെടേണ്ട നമ്പറുകളും അറിയിച്ചു ഗ്രൂപ്പില്‍ സന്ദേശം വരും. അതിനനുസരിച്ച് ആ ജില്ലകളില്‍ ഉള്ള ദാതാക്കള്‍ സ്ഥലത്തെത്തി രക്തം കൊടുക്കും,” അദ്ദേഹം പറയുന്നു.
അപൂര്‍വ്വമായ ഗ്രൂപ്പില്‍ പെട്ട രക്തമുള്ള ദാതാക്കളുടെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്. ഇതുവഴി ഏകോപനം എളുപ്പത്തില്‍ നടക്കുന്നു.
“പലപ്പോഴും ചുമടുമേന്തി നടക്കുമ്പോഴാകും വിളി വരിക. മറ്റൊന്നും ആലോചിക്കാതെ ജോലി നിര്‍ത്തി ആശുപത്രിയിലേക്ക് പോകും. സഹപ്രവര്‍ത്തകരും മറ്റു സുഹൃത്തുക്കളും പൂര്‍ണ പിന്തുണ നല്‍കുന്നവര്‍ ആയത് കൊണ്ട് ജോലിയെ ഇതൊന്നും ബാധിക്കില്ല,” അസീസ് പറഞ്ഞു.
രക്തദാനത്തിലൂടെ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണെന്ന് അസീസ് തന്‍റെ അനുഭവത്തില്‍ നിന്നു പറയുന്നു. ”ആരുടെയോ ഞരമ്പുകളിലേക്ക് രക്തം പകുത്ത് നല്‍കുമ്പോള്‍ ആ ഹൃദയതാളം നിലയ്ക്കാതിരിക്കാന്‍ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിച്ചു പോകും. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ നമ്മുടെ എന്തൊക്കെയോ ആകുന്ന നിമിഷങ്ങള്‍ ഒരുപാട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
”ഞാന്‍ രക്തം ദാനം ചെയ്തു തുടങ്ങുന്ന നാളുകളില്‍ രക്തം കൊടുക്കാന്‍ സന്നദ്ധരായി വരുന്നവര്‍ വളരെ കുറവായിരുന്നു. പോരാത്തതിന് ഞാന്‍ ഒരു റെയര്‍ വിഭാഗക്കാരന്‍ ആയതിനാല്‍ പലപ്പോഴും വീട്ടുകാരും കൂട്ടുകാരും അറിയാതെ ബ്ലഡ് കൊടുക്കണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
”പൊതുവെ മിക്ക രക്ഷിതാക്കള്‍ക്കും ഉണ്ടാകാറുള്ള പേടി എന്‍റെ രക്ഷിതാക്കള്‍ക്കും ഉണ്ടായിരുന്നു. ചെറുപ്പം ആയതുകൊണ്ട് എന്‍റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന പേടി ആയിരുന്നു എല്ലാവര്‍ക്കും. എന്‍റെ ഉമ്മ എപ്പോഴും പറയും ‘മോനെ, ഉമ്മാന്‍റെ കുട്ടി ഇങ്ങനെ രക്തം കൊടുത്താല്‍ അനക്ക് വയ്യാതാകും’ എന്ന്. എന്നാലും എനിക്ക് ഈ ഒരു കാര്യത്തില്‍ നിന്നും പിന്‍മാറിനില്‍ക്കാന്‍ കഴിയില്ലായിരുന്നു.
“അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബ്ലഡ് അത്യാവശ്യം വരുന്ന സാഹചര്യം വന്നാല്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കില്ല. പ്രത്യേകിച്ച് റെയര്‍ വിഭാഗക്കാര്‍ ആണെങ്കില്‍ രക്തം ഉടന്‍ കിട്ടില്ലാലോ. നമ്മള്‍ മുന്നിട്ടിറങ്ങി ഒരു ജീവന്‍ രക്ഷിക്കാന്‍ ആയാല്‍ അതില്‍പരം വേറെന്താണുള്ളത്,” അദ്ദേഹം ചോദിക്കുന്നു.
”രക്തം ആവശ്യമാണെന്നറിഞ്ഞാല്‍ എനിക്ക് കൊടുക്കാനാവാത്ത സാഹചര്യമാണെങ്കില്‍ -വേറെ ബ്ലഡ് ഗ്രൂപ്പ് ആണെങ്കിലോ രക്തം ദാനം ചെയ്ത് മൂന്ന് മാസം ആയിട്ടില്ലെങ്കിലോ സുഖമില്ലാത്ത സമയത്താണെങ്കിലോ- മറ്റു രക്തദാതാക്കളെ കണ്ടെത്തി നല്‍കാനും ശ്രമിക്കാറുണ്ട്.”
അപകടങ്ങള്‍ നടന്നാല്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അസീസും സുഹൃത്തുക്കളും മുന്നിട്ടിറങ്ങും. ട്രാഫിക് പോലീസിനോട് സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
”ഇന്നത്തെ സമൂഹത്തില്‍ മനുഷ്യര്‍ക്ക് ആളുകളെ സഹായിക്കണമെന്ന് തോന്നിയാലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അപകടത്തില്‍പ്പെട്ടവരെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചാല്‍ പോലീസ് കേസ് ആകുമോ ഇതിന്‍റെ പുറകെ നടക്കേണ്ടി വരുമോ എന്നൊക്കെയുള്ള പേടിയാണ് എല്ലാവര്‍ക്കും. ഈ സാഹചര്യത്തിന് ഒരു മാറ്റം വരണം. ആളുകള്‍ക്ക് സഹായിക്കാന്‍ മനസ്സുണ്ടെങ്കിലും പേടികൊണ്ട് മാറി നിക്കേണ്ട അവസ്ഥ ദയനീയമാണ്. എത്രയോ ജീവനുകള്‍ ആണ് അങ്ങനെ രക്ഷപ്പെടുമായിരുന്നിട്ടും റോഡുകളില്‍ നഷ്ടമായിരിക്കുന്നത്. സഹായിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഉള്ള ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കണം,” എന്നാണ് ആ ചുമട്ടുതൊഴിലാളി എല്ലാവരോടുമായി പറയുന്നത്.
രക്തദാനത്തെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “ഞാന്‍ നേരത്തെ പറഞ്ഞപോലെ രക്തം ദാനം ചെയുന്നവരുടെ കുടുംബങ്ങള്‍ക്ക് പേടിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ വരുമോ എന്നുള്ള ആശങ്കയാണ് കൂടുതല്‍.
”ഒരിക്കല്‍ ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിയെ ഗ്രൂപ്പ് ഫോണില്‍ രക്തം ആവശ്യപ്പെട്ട് വിളിച്ചു, കുട്ടിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്. കാര്യം പറഞ്ഞപ്പോള്‍ ‘അവള്‍ക്ക് തലക്ക് വട്ട് ആണ്, അവള്‍ക്ക് ക്ഷീണമാണ്, അവളുടെ രക്തം കൊടുക്കുന്നില്ല’ എന്ന് ഈര്‍ഷ്യയോടെ പറഞ്ഞു. ആ പെണ്‍കുട്ടി രക്തദാനത്തിന് സന്നദ്ധയായതു കൊണ്ടാണ് ഞങ്ങള്‍ക്ക് ആ കുട്ടിയുടെ പേര് വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ആ കുട്ടിയുടെ നന്മ അടിച്ചമര്‍ത്തുന്ന രീതിയിലാണ് കുടുംബത്തിലെ പ്രതികരണം.”
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് അബ്ദുല്‍ അസീസിന്‍റെ അനുഭവം. ”മിക്ക രക്ഷിതാക്കള്‍ക്കും ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ട്. അത് മാറ്റിയെടുക്കാനായി ബോധവല്‍ക്കരണ ക്ലാസുകള്‍ രൂപീകരിച്ചു രക്തദാനത്തിന്‍റെ നല്ല വശങ്ങള്‍ മനസിലാക്കി കൊടുക്കേണ്ടതുണ്ട്. ആറു മാസത്തില്‍ ഒരിക്കല്‍ രക്തം ദാനം ചെയ്യുന്നത് ആരോഗ്യപരമായി നമുക്ക് ഗുണം ചെയ്യും. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ രക്തം ദാനം ചെയ്യണമെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. എന്നാല്‍, അത് ഓരോരുത്തരുടെയും കടമയാണെന്ന് ഞാന്‍ പറയും.”
അബ്ദുല്‍ അസീസ് രോഗശയ്യയില്‍ കിടക്കുന്നവര്‍ക്കും ചികിത്സക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും അത്താണിയാണ്.
അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ടി ബി ഐയോട് പറഞ്ഞ മറുപടി ഇങ്ങനെ:
“അയിന് ഇപ്പോ പബ്ലിസിറ്റി ഒന്നും കൊടുക്കാന്‍ എനിക്കിഷ്ടല്ലപ്പാ. നമ്മള്‍ വലതു കൈ കൊണ്ട് ചെയുന്ന സഹായം ഇടംകൈ അറിയരുതെന്നല്ലേ,” ഒരു ചിരിയില്‍ ആ ചോദ്യം ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു പ്രചോദനം ആകുമെങ്കിലോ, അത് എല്ലാവരും അറിഞ്ഞിരിക്കുന്നതല്ലെ നല്ലത് എന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഇത്രയും കൂടി പറഞ്ഞു: “അതൊക്കെ ശെരി താനെ, പക്ഷേങ്കി ഇങ്ങള് വിചാരിക്കണ പോലെ വലിയ സഹായങ്ങള്‍ ഒന്നുമല്ല. വൃക്കരോഗികള്‍ക്കായുള്ള രക്തവും ചെറിയ സാമ്പത്തിക സഹായങ്ങളും എത്തിക്കാറുണ്ട്.
”പിന്നെ രക്തം കൊടുക്കാനായി ആശുപത്രികളില്‍ പോകുമ്പോള്‍ അവരുടെ കുടുംബാംഗങ്ങളുമായി ഉള്ള സംസാരത്തില്‍ നമുക്ക് അവരുടെ സ്ഥിതിയെന്തെന്ന് മനസിലാകും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളോര്‍ ആണ്ന്ന്. അവര്‍ക്കും വേണ്ട രീതിയില്‍ സഹായം ചെയ്തു കൊടുക്കും. സാമ്പത്തികം മാത്രമല്ല ഒരു ആള്‍ബലത്തില്‍ എന്തിനും കൂടെ നില്‍ക്കും. ഞാന്‍ മാത്രമല്ലട്ടോ. എന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കും.”
ഇതുകൂടി വായിക്കാം: ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ
ഇതിനൊന്നും എന്തെങ്കിലും പ്രതീച്ചിട്ടല്ല അസീസും കൂട്ടുകാരും ഇങ്ങനെ ‘ഓടിനടക്കുന്നത്’.
“…ആപല്‍ഘട്ടത്തില്‍ കൂടെ നില്‍ക്കുക എന്നുള്ളതാണ് നമ്മുടെ കടമ. രക്തദാനം ചെയ്തുകഴിഞ്ഞു മടങ്ങുമ്പോള്‍ ആവശ്യക്കാരന്‍റെ കുടുംബക്കാര്‍ പലപ്പോഴും ഒരു വാക്കു പോലും പറയാതെ തിരിച്ചു വിടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ ഒന്നും നീരസം തോന്നിയിട്ടില്ല. കാരണം നമ്മള്‍ ചെയ്യാന്‍ ഉള്ളത് ചെയ്യുക. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുക.”
ഭാര്യയും മക്കളും ഉമ്മയും ഉപ്പയും അടങ്ങുന്ന വലിയൊരു കുടുംബമാണ് അദ്ദേഹത്തിന്‍റേത്. “എനിക്ക് ഏഴു മക്കള്‍ ആണു ഉള്ളത്. മൂത്ത അഞ്ചു പേരും ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ ഇരട്ടകളും. മൂത്തവര്‍ മൂന്നു പേരും 18 വയസ് കഴിഞ്ഞവരാണ്. അവര്‍ മൂന്നു പേരും രക്തം ദാനം ചെയ്തിട്ടുണ്ട്. എന്‍റെ ഭാര്യയും രക്തം ദാനം ചെയ്തിട്ടുണ്ട്. എന്‍റെ കുടുംബത്തെയും ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം കുടുംബങ്ങളെ വീട്ടിലിരുത്തി നാട്ടുകാരോട് രക്തംദാനം ചെയ്യുന്നതിനെ പറ്റി ആവശ്യപെടുന്നതില്‍ കാര്യം ഇല്ലാലോ…,” അസീസ് നിലപാട് വ്യക്തമാക്കി.
2013-ലും 2019-ലും ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയതിന്‍റെ പേരില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് അബ്ദുല്‍ അസീസിന്. ലോക രക്തദാനദിനത്തിലായിരുന്നു ആ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ഈ വര്‍ഷം ലോക രക്തദാനദിനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറില്‍ നിന്നുമാണ് അദ്ദേഹം പുരസ്‌കാരം ഏറ്റു വാങ്ങിയത്.
ഇതുകൂടി വായിക്കാം: മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്‍റെ കൃഷിവിശേഷങ്ങള്‍
“രക്തം ദാനം ചെയ്യുന്നതിലൂടെ സഹജീവികളോട് ഉള്ള സ്‌നേഹവും സഹകരണവുമാണ് നമ്മള്‍ പങ്കുവെക്കുന്നത്. മനുഷ്യത്വമാണ് പകര്‍ന്നു നല്‍കുന്നത്. അതില്‍ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, സാമ്പത്തിക വ്യത്യാസം ഇല്ല. എല്ലാവരുടെയും ഞരമ്പിലൂടെ ഓടുന്നതിനു പേര് ഒന്നേ ഉള്ളു, രക്തം,” അബ്ദുല്‍ അസീസിന്‍റെ വാക്കുകള്‍ ദൃഢമായിരുന്നു.
***
അബ്ദുല്‍ അസീസിന്‍റെ ഫോണ്‍ നമ്പര്‍ : 94479 28555
ഫോട്ടോകള്‍ക്ക് കടപ്പാട്: അബ്ദുല്‍ അസീസ്/ഫേസ്ബുക്ക്