പാമ്പിനെക്കണ്ടാലുള്ള ആ ‘നാട്ടുനടപ്പ്’ മാറ്റി രാജി എന്ന ട്രക്ക് ഡ്രൈവര്‍; 1,400-ലധികം പാമ്പുകളെ രക്ഷിച്ച സ്ത്രീയുടെ അനുഭവങ്ങള്‍

“വേദനിപ്പിക്കാതെയാകണം പാമ്പിനെ പിടിക്കേണ്ടത്. പാമ്പിനെ പിടിച്ച് കൈയില്‍ ഉയര്‍ത്തി പിടിച്ചാല്‍ അതിന്‍റെ നട്ടെല്ലിന് ക്ഷതം വരും,  ആ ജീവിയെ ഉപദ്രവിച്ചു കൊണ്ടു ഒന്നും ചെയ്യാന്‍ എന്നെ കിട്ടില്ല,”

പാമ്പിനെ കണ്ടോ എന്നാല്‍ തല്ലിക്കൊന്നിരിക്കണം. അതാണല്ലോ നാട്ടുനടപ്പ്.

ഈ നാട്ടുനടപ്പ് പൊളിച്ചടുക്കുകയാണ് രാജി അനില്‍ കുമാര്‍. പാമ്പിനെ കൊല്ലല്ലേ വെറുതേ വിട്ടേക്ക്… എന്നു വീടിനകത്തിരുന്നു പറഞ്ഞല്ല രാജി അതിനോടുള്ള സ്നേഹം കാണിക്കുന്നത്.


ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന മനോഹരമായ വസ്തുക്കള്‍ വാങ്ങാം: karnival.com

ഏതു പാതിരായ്ക്ക് വേണമെങ്കിലും രാജിയെ വിളിച്ചോ. എവിടെയാണെങ്കിലും ഇവരെത്തും. പാമ്പിനെ രക്ഷിച്ച് വനംവകുപ്പുകാരരെ ഏല്‍പിച്ചിട്ടേ പിന്നെ ഉറക്കം തന്നെയുള്ളൂ.

രാജി അനില്‍ കുമാര്‍

തിരുവനന്തപുരത്ത് പാലോടിനടുത്ത് നന്ദിയോടാണ് രാജിയുടെ വീട്. ഏറെ കാലമൊന്നുമായിട്ടില്ല പാമ്പുകള്‍ക്ക് പിന്നാലെയുള്ള നടപ്പ് തുടങ്ങിയിട്ട്.

എന്നാല്‍ ഈ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഷമുള്ളതും വിഷമില്ലാത്തുമൊക്കെയായ 1,400-ലേറെ പാമ്പുകളെയാണ് മനുഷ്യവാസമുള്ള മേഖലകളില്‍ നിന്ന് രക്ഷിച്ചത്.  ക്രെയ്നും ടിപ്പറും ബസും ഓടിക്കുന്ന രാജി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

“കുട്ടിക്കാലം തൊട്ടേ പാമ്പുകളോട് എനിക്ക് പ്രത്യേക സ്നേഹം തോന്നിയിട്ടുണ്ട്. അതിന്‍റെ കാരണമൊന്നും എനിക്കറിയില്ല. എങ്ങനെയോ തോന്നി അത്രേയുള്ളൂ.

“പാമ്പുകളെ കൊല്ലരുതെന്ന് എല്ലാവരോടും പറയുമായിരുന്നു. പക്ഷേ മനുഷ്യരെ കടിക്കുന്നതുകൊണ്ടാകും പാമ്പിനെ കണ്ടാല്‍ അപ്പോ തന്നെ എല്ലാവരും തല്ലിക്കൊല്ലും.


“മൂന്ന് വര്‍ഷം മുന്‍പാണ്… വീടിന് അടുത്ത് തന്നെയുള്ള ഒരു കലുങ്കിന് അടിയില്‍ ഒന്നര മീറ്റര്‍ നീളമുള്ള കരിമൂര്‍ഖന്‍ കിടക്കുന്നത് കണ്ടിട്ടാണ് നാട്ടുകാരില്‍ ചിലരെന്നെ വിളിക്കുന്നത്.


“സാധാരണ റോഡരികിലൊക്കെ പാമ്പിനെ കണ്ടാല്‍ പിടിച്ച് കാട്ടിലേക്ക് കളയുകയൊന്നും വേണ്ട. (അത് തനിയെ പൊയ്ക്കോളും.)

“ഞാനും ഇങ്ങനെ പാമ്പിനെ ഉയര്‍ത്തുകയും ഉമ്മ വയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഞാന്‍ അവസാനിപ്പിച്ചു.” പാമ്പുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ അവയോടുള്ള രാജിയുടെ പെരുമാറ്റത്തിലും മാറ്റം വന്നു.

“പക്ഷേ ഈ സ്ഥലം കൊച്ചു കുട്ടികളൊക്കെ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയാണ്. നിരവധിയാളുകള്‍ നടന്നു പോകുന്ന പാതയല്ലേ. ആരെയെങ്കിലും ഉപദ്രവിച്ചാലോയെന്നു കരുതി.

“ഫോണ്‍ വിളിച്ചവരോട് ഒന്നേ പറഞ്ഞുള്ളൂ. പാമ്പിനെ ഉപദ്രവിക്കരുത് ഞാനിതായെത്തിയെന്ന്. 15 മിനിറ്റിനുള്ളില്‍ പാമ്പിനെ പിടിച്ച് ഫോറസ്റ്റുകാര്‍ക്ക് നല്‍കി.” അതായിരുന്നു തുടക്കം.

“ഞാന്‍ പാമ്പിനെ പിടിക്കാന്‍ പഠിച്ചതും അതിനു പോകുന്നതൊന്നും ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. അനില്‍കുമാര്‍ എന്നാണ് ചേട്ടന്‍റെ പേര്. ഡ്രൈവറാണ്. മറ്റെല്ലാ കാര്യങ്ങള്‍ക്കും കട്ട സപ്പോര്‍ട്ട് തരുന്നയാളാണ്, പാമ്പ് പിടിക്കുന്നതിനെ എതിര്‍ത്തത്. ജീപ്പും ലോറിയും ബസുമൊക്കെ ഓടിക്കാനൊക്കെ സപ്പോര്‍ട്ട് നല്‍കി കൂടെ നിന്നയാളാണ്.

“ചേട്ടന് മാത്രമല്ല വീട്ടുകാര്‍ക്കും മക്കള്‍ക്കുമൊക്കെ എതിര്‍പ്പുണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല പാമ്പ് പിടുത്തം അത്ര എളുപ്പമുള്ളതല്ലല്ലോ. അപകടസാധ്യതയും കൂടുതലാണ്. വല്ലതും പറ്റിയാല്ലോ എന്നായിരുന്നു അവര്‍ക്കൊക്കെ പേടി.

“പക്ഷേ നേരത്തെ ഞാന്‍ പറഞ്ഞില്ലേ, വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നു മൂര്‍ഖനെ പിടിക്കൂടിയ കാര്യം. ആ സംഭവത്തിന് ശേഷം ചേട്ടനും എല്ലാവരും എന്നോട് ഒപ്പം നിന്നു.


ഇതുകൂടി വായിക്കാം:കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


“അന്നു ഞാന്‍ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ട് ആരൊക്കെയോ ചേട്ടനോട് ചെന്നു നല്ല അഭിപ്രായം പറഞ്ഞു. ശ്രദ്ധയോടെ, സൂക്ഷിച്ചാണ് പാമ്പിനെ പിടിച്ചതെന്നൊക്കെ. അങ്ങനെ ശ്രദ്ധിച്ച് ചെയ്താല്‍ മതി. അപകടമൊന്നുമുണ്ടാകില്ലെന്നൊക്കെ പലരും പറഞ്ഞതുകേട്ട് ചേട്ടനും വീട്ടുകാരുമൊക്കെ പിന്നെ എനിക്കൊപ്പം നിന്നു.” 36-കാരിയായ രാജി പറയുന്നു.

സാധാരണ എല്ലാവര്‍ക്കും പാമ്പിനോട് പ്രത്യേക ഇഷ്ടക്കൂടുതലൊന്നും തോന്നാറില്ലല്ലോ.. രാജിയ്ക്ക് എങ്ങനെയാണ് പാമ്പിനോട് സ്നേഹം തോന്നുന്നതെന്നു ചോദിച്ചപ്പോള്‍ രാജി ചിരിച്ചു: “ഞാനൊരു പഴയ സംഭവം പറയാം. നെടുമങ്ങാട് കൊല്ലയിലായിരുന്നു എന്‍റെ വീട്. അച്ഛനും അമ്മയ്ക്കും ജോലി റബര്‍ തോട്ടത്തിലായിരുന്നു. അവര് റബര്‍ വെട്ടാന്‍ പോകുമ്പോള്‍ ഞാനും കൂടെ പോകും.

“റബര്‍ത്തോട്ടത്തിനുള്ളില്‍ പാമ്പുകളൊക്കെ കുറേയുണ്ടാകും. കുട്ടിക്കാലം തൊട്ടേ പാമ്പിനെയൊക്കെ കുറേ കണ്ടിട്ടുണ്ട്, കാലിലൂടെ ഇഴഞ്ഞ് പോയിട്ടൊക്കെയുണ്ട്. അതൊക്കെ കൊണ്ടാകും പാമ്പുകളോട് പേടിയൊന്നും തോന്നാത്തത്.

“സ്കൂള്‍ പഠിക്കുന്ന നാളിലാണ് ആ സംഭവം. അന്നെനിക്ക് പത്തോ പതിനൊന്നോ വയസുണ്ടാകും. വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കുകയായിരുന്നു. ആ നേരത്ത് എന്തോ ഒരു സാധനം എന്‍റെ കഴുത്തില്‍ ചുറ്റി, എന്തോ വള്ളിയാണെന്നു കരുതിയെടുത്ത് ദൂരേക്ക് എറിഞ്ഞു കളഞ്ഞു.

“അന്നേരമാണത് പാമ്പാണെന്നു കൂടെയുള്ളവര്‍ പറഞ്ഞത്. അതൊരു നീര്‍ക്കോലി എന്തോ ആയിരുന്നു.


നീര്‍ക്കോലിയാണോ ഇനിയിപ്പോ മൂര്‍ഖനാണോയെന്നൊന്നും അറിഞ്ഞുകൂടാ, കണ്ടില്ലല്ലോ. എന്താണെന്നു നോക്കും മുന്‍പേ അതിനെയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞിരുന്നു.


“അന്നാണ് ആദ്യമായി പാമ്പിനെ തൊടുന്നത്. പണ്ടേ പാമ്പിനെ എനിക്കിഷ്ടമായിരുന്നു. അറിയാതെയാണ് ആദ്യമായി പാമ്പിനെയെടുത്തതെങ്കിലും അതൊരു ഹരമായി മാറിയെന്നു പറയാം.”

കുട്ടിക്കാലം തൊട്ടേ ആരെങ്കിലും പാമ്പുകളെ ഉപദ്രവിക്കുന്നത് കണ്ടാല്‍  രാജിക്ക് സങ്കടമാകും. പാമ്പിനെ കൊല്ലാനോ തല്ലാനോ ഒന്നും ആരെയും സമ്മതിക്കില്ലായിരുന്നു.

“പാമ്പെങ്ങാനും വീട്ടുമുറ്റത്ത് വന്നാല്‍ അതിനെ കൊല്ലാന്‍ അച്ഛനെ സമ്മതിക്കില്ല. കമ്പ് എടുത്ത് ഓടിക്കും അത്രേയുള്ളൂ. എനിക്കൊപ്പം പാമ്പിനോടുള്ള ആ സ്നേഹവും വളര്‍ന്നു,” രാജി കൂട്ടിച്ചേര്‍ക്കുന്നു.

ചെറുപ്പം തൊട്ടേ അച്ഛനും അമ്മയ്ക്കുമൊപ്പം ടാപ്പിങ്ങിനൊക്കെ പോയിരുന്നതു കൊണ്ട് രാജിക്ക് ടാപ്പിങ്ങ് നല്ലപോലെ അറിയാമായിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞപ്പോള്‍ റബര്‍ ടാപ്പിങ്ങിന് പോയിത്തുടങ്ങി. ഒപ്പം തയ്യലും പഠിച്ചു. തയ്ക്കുന്നതിനൊപ്പം പഠിപ്പിക്കാനും തുടങ്ങി. ഡ്രൈവറായ ഭര്‍ത്താവിന്‍റെ വരുമാനം കൊണ്ടുമാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ എന്ന് രാജി.

“പിന്നെയാണ് ഡ്രൈവിങ് പഠിക്കുന്നത്. വണ്ടിയോടിക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ ഡ്രൈവിങ് പഠിപ്പിച്ചു തരാമെന്നാണ് ചേട്ടന്‍ പറഞ്ഞത്. സ്കൂട്ടറോടിക്കാന്‍ ഡ്രൈവിങ്ങ് സ്കൂളില്‍ നിന്നു പഠിച്ചിരുന്നു. എന്നാല്‍ ജീപ്പ് ഓടിക്കാന്‍ പഠിപ്പിക്കുന്നത് ചേട്ടനാണ്. ജീപ്പ് ഡ്രൈവറായിരുന്നു ചേട്ടന്‍.

“പഠിച്ച ശേഷം ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്ന് ലൈസന്‍സ് എടുക്കുകയായിരുന്നു. ഹെവി ലൈസന്‍സ് സ്വന്തമാക്കിയിട്ട് നാലു വര്‍ഷമായി. അതിനു മുന്‍പേ ഫോര്‍വീലര്‍ ലൈസന്‍സ് എടുത്തിരുന്നു.

“സ്വന്തമായി വാഹനമില്ലല്ലോ… ചേട്ടന്‍ ഓടിക്കുന്ന വണ്ടിയുടെ ഉടമസ്ഥനോട് അനുവാദം ചോദിച്ച ശേഷം ആ ജിപ്പ് ഇടയ്ക്കൊക്കെ ഓടിക്കാന്‍ എനിക്കും തന്നു. ജീപ്പ്, ലോറി, ബസ്, ജെസിബി, ക്രെയ്ന്‍, ബുള്ളറ്റ് ഇതൊക്കെ ഓടിക്കാനറിയാം. പക്ഷേ ജെസിബിയ്ക്കും ക്രെയ്നിനും ലൈസന്‍സ് എടുക്കാനായിട്ടില്ല.

“ഞാനിങ്ങനെ വണ്ടിയോടിക്കുന്നത് കണ്ടപ്പോള്‍, ആദ്യനാളില്‍ പലരും പറഞ്ഞത് ഭര്‍ത്താവിന് ജോലിയുണ്ടല്ലോ പിന്നെന്തിനാണ് വാഹനമോടിക്കാന്‍ പോകുന്നത്, പിള്ളേരെയൊക്കെ നോക്കി അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാല്‍ പോരേ എന്നൊക്കെയാണ്.

“പിന്നെ ഈ ജോലിയിലൂടെ വരുമാനമൊക്കെ നേടി. മോശമല്ലെന്നു കാണിച്ചു കൊടുത്തതോടെ പലരും പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞു. ജീപ്പും ലോറിയും ഓടിച്ചപ്പോള്‍ മാത്രമല്ല പാമ്പിനെ പിടിക്കാനിറങ്ങിയപ്പോഴും പലരും കളിയാക്കുകയൊക്കെ ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കാം: പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ


“ആണുങ്ങളാണല്ലോ പാമ്പിനെയൊക്കെ പിടിച്ചിരുന്ന ജോലികളൊക്കെ ചെയ്തിരുന്നത്. പാമ്പിന്‍റെ ശാപം കിട്ടുമെന്നൊക്കെ പറഞ്ഞവരുണ്ട്. പാമ്പിനെ ഉപദ്രവിക്കാറില്ല.” പിന്നെ എന്ത് ശാപമെന്ന് രാജി ചോദിക്കുന്നു.

തുടക്കത്തില്‍ എതിര്‍ത്തെങ്കിലും പിന്നീട് അനില്‍ കുമാര്‍ ഭാര്യയെ പിന്തുണച്ചു. . “ചേട്ടന്‍റെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിന്നെ മറ്റുള്ളവരുടെ കാര്യം നോക്കുന്നതെന്തിനാണ്. നമ്മുടെ ജീവിതമാര്‍ഗം നമ്മള് തന്നെ കണ്ടെത്തണം. അല്ലാതെ സര്‍ക്കാര്‍ ജോലി കിട്ടുമെന്നോ ആരെങ്കിലും എല്ലാം കൊണ്ടുതരുമെന്നോ കരുതി ജീവിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ ജീവിതമാര്‍ഗം നമ്മള് തന്നെ കണ്ടെത്തി. അത്രേയുള്ളൂ,” എന്ന് രാജി സിംപിളായി പറയുന്നു.

“പക്ഷേ ഇപ്പോ നാട്ടുകാരൊപ്പമുണ്ട്. അവരുടെ പിന്തുണയും എനിക്കുണ്ട്. മാത്രമല്ല രാത്രിയെങ്ങാനുമാണെങ്കില്‍ സ്ത്രീകളൊക്കെ ജീപ്പിലുണ്ടെങ്കില്‍ അവരുടെ വീട്ടുകാര്‍ക്ക് ടെന്‍ഷനൊന്നുമുണ്ടാകില്ല. എത്ര പാതിരാത്രിയാണെങ്കിലും വഴിയിലാക്കി വിടില്ല… വീട്ടില്‍ കൊണ്ടു വിടും ആ ഒരു ഉറപ്പ് നാട്ടുകാര്‍ക്കുണ്ട്.


“എന്‍റെ പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ നേടിയെടുത്തതാണ് ആ വിശ്വാസം. എല്ലാവരെയും വീട്ടില്‍ എത്തിച്ച ശേഷം മാത്രമേ ഞാനെന്‍റെ വീട്ടിലേക്ക് പോകൂ. രാജിയുടെ കൂടെ എവിടെ വേണമെങ്കിലും വിടാം എന്നാണ് എല്ലാരും പറയുന്നത്.


“പാമ്പിനെ പിടിക്കുന്നത് കണ്ട് വേണ്ടെന്നു പറഞ്ഞവരും പരിഹസിച്ചവരുമൊക്കെ ഇപ്പോ പിന്തുണയോടെ കൂടെയുണ്ട്. ഇതാണെന്‍റെ സന്തോഷവും വിജയവും,” രാജി പറയുന്നു.

പാമ്പിനെ ഉയര്‍ത്തുകയും ഉമ്മ വയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്നില്ല. അതൊക്കെ പാമ്പിനെ പിടിച്ചു തുടങ്ങിയ നാളുകളിലാണ്

അണലിയും മൂര്‍ഖനും പെരുമ്പാമ്പുമൊക്കെയായി ഇതിനോടകം 1,400ലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. വേദനിപ്പിക്കാതെയാകണം പാമ്പിനെ പിടിക്കേണ്ടത്.

“പാമ്പിനെ പിടിച്ച് കൈയില്‍ ഉയര്‍ത്തി പിടിച്ചാല്‍ അതിന്‍റെ നട്ടെല്ലിന് ക്ഷതം വരും,  ആ ജീവിയെ ഉപദ്രവിച്ചു കൊണ്ടു ഒന്നും ചെയ്യാന്‍ എന്നെ കിട്ടില്ല,” രാജി പറയുന്നു.

“പാമ്പിന്‍റെ വാലില്‍ തൂക്കിയെടുത്ത് ഉയര്‍ത്തുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അതൊക്കെ ആ ജീവിയോട് കാണിക്കുന്ന ക്രൂരതയാണ്. പക്ഷേ ഞാനും ഇങ്ങനെ പാമ്പിനെ ഉയര്‍ത്തുകയും ഉമ്മ വയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഞാന്‍ അവസാനിപ്പിച്ചു.

“വേറൊന്നും കൊണ്ടല്ല കൊച്ചു കുട്ടികള്‍ വരെ ഇതൊക്കെ കാണുന്നതല്ലേ, അവരെ അതു സ്വാധീനിക്കും. അവസരം കിട്ടിയാല്‍ അങ്ങനെ കുട്ടികള്‍ ചെയ്തും നോക്കും. അതൊക്കെ അപകടമല്ലേ.

“പാമ്പിന്‍റെ ദേഹം നോവിക്കാതെ അതിനെ പിടിക്കുകയാണ് വേണ്ടത്. നമ്മുടെ കാലില്‍ തൂക്കിയെടുത്ത് പൊക്കി പിടിച്ചാല്‍ എങ്ങനെയുണ്ടാകും… അതു പോലെ തന്നെയാണ് പാമ്പിന്‍റെ വാലില്‍ പിടിച്ച് തൂക്കിയെടുക്കുന്നത്. ഒരു പൈപ്പും ഹുക്കുമുണ്ടെങ്കില്‍ പാമ്പിനെ പിടിക്കാവുന്നേയുള്ളൂ.” എല്ലാ സ്ത്രീകള്‍ക്കും പാമ്പിനെ പിടിക്കാന്‍ സാധിക്കുമെന്നാണ് രാജി പറയുന്നത്.

“പാമ്പിന്‍റെ കടിയും കിട്ടിയിട്ടുണ്ടെനിക്ക്.” കുഞ്ഞു മൂര്‍ഖന്‍റെ കടി കിട്ടിയതിനെക്കുറിച്ച് രാജി പറയുന്നു. ” 700 പാമ്പുകളെ പിടിച്ചതിന് ശേഷമൊരിക്കലാണ് കടിയേറ്റത്. ഒരു കുഞ്ഞു മൂര്‍ഖന്‍. സാധാരണ കുഞ്ഞുമൂര്‍ഖനല്ലേ.. കുഴപ്പമുണ്ടാകില്ലെന്നാണ് ആള്ക്കാര് പറയുന്നത്. കുഞ്ഞാണെങ്കിലും വലുതാണെങ്കിലും അല്‍പം വിഷം രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ അതു ദോഷമാണ്. കുഞ്ഞു മൂര്‍ഖനാണെങ്കിലും മനുഷ്യനെ കൊല്ലാനുള്ള വിഷമൊക്കെയുണ്ട്.


ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


ചികിത്സ വൈകുകയാണെങ്കില്‍ ഉറപ്പായും മരണസാധ്യത കൂടുതലാണ്. ഏതു പാമ്പ് കടിച്ചാലും എത്രയും പെട്ടെന്നു ചികിത്സ തേടുകയെന്നതല്ലാതെ വേറൊരു മാര്‍ഗവുമില്ല. ആ ഒരു കടി മാത്രമേ കിട്ടിയിട്ടുള്ളൂ.

വീട്ടില്‍ കയറിയ 14 കിലോ ഭാരമുള്ള പെരുംപാമ്പിനെ പിടിക്കൂടിയപ്പോള്‍

“വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ് അധികം കടിയൊന്നും കിട്ടാതിരുന്നത്. കൈയിലൊക്കെ എടുത്ത് പിടിക്കുക, പാമ്പിനെ ചുംബിക്കുക ഇതൊന്നും ഞാന്‍ ചെയ്യാറില്ല. വേറൊന്നും കൊണ്ടല്ല സ്വന്തം സുരക്ഷ നമ്മള് തന്നെ നോക്കണം. എനിക്ക് ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമാണേയുള്ളത്.

“പാമ്പിനെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് അറിയേണ്ടത് ആ പാമ്പിന്‍റെ പ്രായവും ആണാണോ പെണ്ണാണോ എന്നൊക്കെയാണ്. പാമ്പ് കുഞ്ഞാണോ പ്രായമുള്ളതാണോയെന്നൊക്കെ എങ്ങനെയാണ് പറയുക.

“സ്നേക്ക് പാര്‍ക്കില്‍ ജനിച്ചു വളര്‍ന്നതാണെങ്കില്‍ ഒരുപക്ഷേ പറയാനാകും. അതിന്‍റെ ജനനവിവരങ്ങളൊക്കെ പാര്‍ക്ക് അധികാരികളുടെ കൈയിലുണ്ടെങ്കില്‍. അല്ലാതെ കാട്ടിലും പറമ്പിലുമൊക്കെയുള്ള പാമ്പിന്‍റെ പ്രായം നാട്ടുകാരും പാമ്പ് പിടുത്തക്കാരുമൊക്കെ എങ്ങനെ കണ്ടെത്താനാണ്.

“ഇതുപോലെ മറ്റൊരു കാര്യം, പാമ്പിനെക്കുറിച്ച് നാട്ടുകാര്‍ക്ക് കുറേ സംശയങ്ങളുണ്ടാകും. അതൊക്കെ നമ്മളോട് ചോദിച്ചു കൊണ്ടേയിരിക്കും. അക്കൂട്ടത്തിലൊരു സംശയമാണിതും. പാമ്പിന്‍റെ പ്രായം കണ്ടെത്തുക ശ്രമകരമാണെന്നു പറഞ്ഞാലും സമ്മതിച്ചു തരില്ല നാട്ടുകാര്‍.

“വഴിയിലൂടെ പോകുന്ന പാമ്പിന്‍റെ പ്രായം ഞാനെങ്ങനെ പറയാനാണ്. അതു പറയുമ്പോള്‍ ചിലര് പറയും, അന്നൊരിക്കല്‍ ഇവിടെ വന്ന പാമ്പിനെ പിടിക്കുന്നയാള് പറഞ്ഞു തന്നല്ലോയെന്ന്. ഇതിനൊക്കെ എന്ത് മറുപടിയാണ് നല്‍കുക?

“പാമ്പ് പെണ്ണാണോ ആണാണോ എന്നു ചോദിക്കുന്നവരുണ്ട്. കാണാന്‍ വരുന്ന ആള്‍ക്കൂട്ടത്തിലെ ചിലര്‍ക്ക് അതൊക്കെ അറിയണം. പറഞ്ഞുകൊടുത്തില്ലെങ്കില് നിങ്ങള്‍ക്ക് ഇതൊന്നും അറിയില്ലെന്നു പറഞ്ഞു പരിഹസിക്കും. സ്ത്രീയായതു കൊണ്ടാണിതൊക്കെ.” രാജി കൂട്ടിച്ചേര്‍ത്തു.

ജീപ്പും പിക്ക്അപ്പ് വാനുമാണ് രാജി പതിവായി ഓടിക്കുന്നത്. അതാണ് പ്രധാന വരുമാനമാര്‍ഗ്ഗം. ഈ തിരക്കുകള്‍ക്കിടയിലാണ് പാമ്പിനെ രക്ഷിക്കാന്‍ പോകുന്നത്.

തിരക്കിലാണെങ്കിലും പാമ്പിനെ കണ്ടെന്നു പറഞ്ഞു ആരു വിളിച്ചാലും രാജി പോകും. അസൗകര്യങ്ങളുണ്ടെങ്കില്‍ മറ്റൊരാളെ ഏല്‍പ്പിക്കും. പാമ്പിനെ കണ്ടൂവെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കുമ്പോള്‍ മിക്കപ്പോഴും ഓട്ടത്തിലായിരിക്കും. “അങ്ങനെ ജോലിയ്ക്കിടയില്‍ പാമ്പിനെ പിടിക്കാന്‍ പോകേണ്ടി വരുമ്പോള്‍ കൈയില്‍ പൈപ്പും ഹുക്കും ഒന്നുമുണ്ടാകില്ല. ഇതുകൊണ്ടാണല്ലോ പാമ്പിനെ പിടിക്കുന്നത്.

 

“എന്നും ഒരേ വണ്ടിയാണ് ഓടിക്കുന്നതെങ്കില്‍ ഹുക്കും പൈപ്പും വാഹനത്തില്‍ സൂക്ഷിക്കാം. ഇതങ്ങനെയല്ലല്ലോ. വാടക വണ്ടിയല്ലേ. സ്വന്തം വാഹനമല്ലല്ലോ. പാമ്പിനെ ഹുക്കിലൂടെയെടുത്ത് വടി കൊണ്ട് താങ്ങിപ്പിടിക്കണം. സാധാരണ പിവിസി പൈപ്പിനുള്ളിലാക്കും. ചിലപ്പോള്‍ ഹോള്‍സ് ഉള്ള വലിയ കുപ്പിക്കുള്ളിലാക്കും. എന്നിട്ടാണ് വനം വകുപ്പിന് നല്‍കുന്നത്,”  രാജി വിശദമാക്കി.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പല സ്ഥലങ്ങളിലും പാമ്പുകളെ രക്ഷിക്കാനായി രാജി പോയിട്ടുണ്ട്. പാമ്പുകളെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ കൊണ്ടുപോയി കൊടുക്കുകയാണ് പതിവ്.

പാമ്പ് പിടുത്തത്തിന് രാജി കൂലി വാങ്ങാറില്ല. “ഞാനും ഭര്‍ത്താവും വണ്ടിയോടിച്ച് കിട്ടുന്ന വരുമാനം മാത്രമേയുള്ളൂ. വേറെ വരുമാനമാര്‍ഗമൊന്നുമില്ല. പക്ഷേ പാമ്പിനെ പിടിക്കുന്നതിന് കൂലിയൊന്നും വാങ്ങാറില്ല.

“മിക്കപ്പോഴും എന്‍റെ സ്കൂട്ടറിലാണ് പാമ്പിനെ പിടിക്കാന്‍ പോകുന്നത്. പക്ഷേ ലോറിയും ജീപ്പുമൊക്കെയായി ഓട്ടത്തിലാണെങ്കില്‍ അതിന്‍റെ യാത്രാ ചെലവ് വാങ്ങാറുണ്ട്. ഈ ലോറിയും ജീപ്പുമൊക്കെ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നതല്ലേ.മുതലാളിക്ക് വാടക കൊടുക്കണ്ടതല്ലേ,” എന്ന് രാജി.

ചിലര്‍ സന്തോഷത്തിന് പണം കൊടുക്കും. അങ്ങനെ കിട്ടുന്ന ചെറിയ വരുമാനം രാജി പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു.

“പാമ്പിനെ പിടിക്കാന്‍ പോകുമ്പോള്‍, ചില സ്ഥലങ്ങളിലെത്തുമ്പോള്‍ അവര് പറയും. വേറേ ആളോട് വരാന്‍ പറഞ്ഞിട്ടുണ്ട്. രാജി പാമ്പിനെ പിടിക്കണ്ട എന്നൊക്കെ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ വരും.

“അങ്ങനെ കുറേ സ്ഥലങ്ങളില്‍ നിന്നു പാമ്പിനെ പിടിക്കാതെ തിരികെ മടങ്ങേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീയാണല്ലോ പാമ്പിനെ പിടിക്കാന്‍ വന്നിരിക്കുന്നത്.. അങ്ങനെ ചില വേര്‍തിരിവുകള്‍ കാണിക്കുന്നവരുമുണ്ട്. ഈ വേര്‍തിരിവ് ഇടയ്ക്കൊക്കെ ഡ്രൈവര്‍ ജോലിയിലും നേരിട്ടിട്ടുണ്ട്.

“പെണ്‍ ഡ്രൈവറായതു കൊണ്ടു വാഹനമോടിച്ചതിന്‍റെ തുക കുറച്ചു തരാനൊക്കെ ചിലര്‍ ശ്രമിക്കും. പക്ഷേ ഇതിനൊക്കെ കൃത്യമായ കൂലിയല്ലേ ഉള്ളത്. അതു പറഞ്ഞ് വാങ്ങിയെടുക്കുകയും ചെയ്യും ഞാന്‍.”

പാമ്പിന് പകയുണ്ട്, സ്നേഹമുണ്ട് എന്നൊക്കെ പറയുന്നതിലൊന്നും ഒരു സത്യവുമില്ലെന്നു രാജി പറയുന്നു.  “ആളുകള് പറയും.. പാമ്പിനെ ഉപദ്രവിച്ചാല്‍ അതു മനസില്‍ വച്ച് പകരം വീട്ടുമെന്ന്. അതൊക്കെ വെറുതേ പറയുന്നതല്ലേ.


വീട്ടുമുറ്റത്തേക്ക് ഒരു പാമ്പ് വന്നാല്‍ വീട്ടിലുള്ളവര് എന്താ ചെയ്യാ.. തല്ലിയോടിക്കാന്‍ നോക്കും, തിളച്ച വെള്ളമെടുത്ത് ഒഴിക്കാന്‍ നോക്കും.


“ചൂടുവെള്ളം ദേഹത്ത് വീഴുമ്പോഴും തല്ല് കിട്ടുമ്പോഴും മരണവെപ്രാളത്തോടെ പാമ്പ് ഏതെങ്കിലും പൊത്തിലൊളിക്കും. പാമ്പിനെ കുറേദിവസം ഭക്ഷണം കഴിക്കാതെയിരിക്കാനാകും. പിന്നീടെ വിശക്കുമ്പോഴോ ദാഹിക്കുമ്പോഴോ ആ മാളത്തില്‍ നിന്ന് പാമ്പ് ഇറങ്ങും.

“പേടിയോടെയാകും പാമ്പ് പുറത്തേക്കിറങ്ങുക. പുറത്തേക്കിറങ്ങുമ്പോഴാകും, നേരത്തെ തല്ലിയ ആളോ ചൂടുവെള്ളമൊഴിച്ചയാളോ ആ മുറ്റത്ത് നില്‍ക്കുന്നുണ്ടാകുക.

“പേടിച്ചിട്ട് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് അന്നേരം പാമ്പ് ഉപദ്രവിക്കുക. അല്ലാതെ നേരത്തെ അടിച്ചയാളാണോ വെള്ളമൊഴിച്ചയാളാണോ അടുത്ത് നില്‍ക്കുന്നതെന്നു പാമ്പിന് തിരിച്ചറിയാനാകില്ല.

“നിര്‍ഭാഗ്യവശാല്‍ പാമ്പിനെ ഉപദ്രവിച്ചയാളിനാകും കടി കിട്ടുന്നത്. അപ്പോ എല്ലാവരും പറയും പാമ്പിനെ ഉപദ്രവിച്ചതു കൊണ്ട് പാമ്പ് പക തീര്‍ത്തതാണ്. മന:പ്പൂര്‍വം കാത്തിരുന്ന് കടിച്ചതാണെന്നൊക്കെ പറയും.” പാമ്പുകളെ ആരും ഉപദ്രവിക്കാതിരിക്കാനാകും പണ്ടുള്ളവര്‍ ഇങ്ങനെയൊക്കെ പലതും പറഞ്ഞിട്ടുണ്ടാകുകയെന്ന് രാജി ഊഹിക്കുന്നു.

“ഈ അടുത്ത് എന്‍റെയൊരു ബന്ധുവിനെ പാമ്പ് കടിച്ചു,”  രാജി മറ്റൊരു സംഭവം ഓര്‍ക്കുന്നു. “പക്ഷേ പാമ്പ് കടിച്ച കാര്യം അവള്‍ അറിഞ്ഞില്ല. രാത്രിയിലെപ്പോഴോ ആണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിച്ചതിന്‍റെ പിറ്റേദിവസം ഒരു കല്യാണ വീട്ടില്‍ വച്ചാണിത് ഞാനറിയുന്നത്. കല്യാണവീട്ടില്‍ വച്ച് അവളെന്നോട് പറഞ്ഞു, കാല് വേദനയാണ്, നീരുണ്ട്, തരിപ്പാണെന്നൊക്കെ.

“ഇതുകേട്ടപ്പോള്‍ ചെറിയൊരു സംശയം, പാമ്പ് കടിച്ചാല്‍ ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങളുണ്ടാകും. കാലില്‍ നോക്കിയപ്പോ, രണ്ട് പല്ലിന്‍റെ അടയാളവുമുണ്ട്. പക്ഷേ ഉറപ്പിക്കാനാകില്ല പാമ്പ് കടിച്ചത് തന്നെയാണോയെന്ന്.


ഇതുകൂടി വായിക്കാം: ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്‍മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം


“തലവേദനയുണ്ട്, ഒരു തവണ ഛര്‍ദിക്കുകയും ചെയ്തു എന്നു കൂടി കേട്ടതോടെ ടെന്‍ഷനായി. ഇതൊക്കെ പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടിട്ട് മൂര്‍ഖന്‍റെ കടി കിട്ടിയ പോലുണ്ട്.

“എന്നാല്‍ പാമ്പ് കടിച്ചതായിട്ട് അവള്‍ക്ക് ഓര്‍മയില്ല. പറഞ്ഞകാര്യങ്ങള് വച്ച് നോക്കുമ്പോള്‍ പാമ്പ് കടിയേറ്റിട്ട് 14 മണിക്കൂര്‍ കഴിഞ്ഞു. പാമ്പ് കടിച്ചാല്‍ ഇത്ര നേരം ജീവിക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചു കല്യാണവീട്ടിലുണ്ടായിരുന്നവരൊക്കെ എന്നെ കളിയാക്കി. ആരൊക്കെ കളിയാക്കിയാലും സാരമില്ല, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു ഞാന്‍ പറഞ്ഞു.”

അങ്ങനെ വിതുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി. പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സയുണ്ടോന്നു വിളിച്ച് ചോദിച്ചിട്ടാണ് അവിടേക്ക് പോകുന്നത്.


“എന്നാല്‍ അവിടെ ചെന്നപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത്, പാമ്പ് ഒന്നുമല്ല പ്രാണിയോ മറ്റോ ആണോ കടിച്ചതെന്ന്. വേറെ കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു. പക്ഷേ ലക്ഷണങ്ങളും പല്ലിന്‍റെ പാടും കണ്ടിട്ട് പാമ്പ് കടിച്ചതാണെന്നു തോന്നുന്നുവെന്നു ഞാന്‍ ഡോക്റ്ററോട് പറഞ്ഞു.

“പക്ഷേ ആ ഡോക്റ്റര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. മൂന്നു വര്‍ഷമായി ഇതേക്കുറിച്ച് പഠിച്ചയാളാണെന്നും ഇതൊക്കെ അറിയാമെന്നും പറഞ്ഞു ഡോക്റ്ററെന്നോട് കയര്‍ത്തു. ടിടി എടുത്ത് പോയ്ക്കോളാന്‍ ഡോക്റ്റര്‍ പറഞ്ഞു.

“പാമ്പ് കടിച്ചിട്ടില്ലെന്നാണ് ഡോക്റ്റര്‍ ഉറപ്പിച്ചു പറയുന്നത്. കൂടെയുള്ള ബന്ധുക്കളോടും ഡോക്റ്റര്‍ പറഞ്ഞത്, പാമ്പൊന്നു കടിച്ചിട്ടില്ല വീട്ടിലേക്ക് പോയ്ക്കോളൂവെന്നാണ്.

“പക്ഷേ എന്‍റെ നിര്‍ബന്ധത്തിന് ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്തു. പക്ഷേ അന്നേരവും ഡോക്റ്റര്‍ പറഞ്ഞുകൊണ്ടിരുന്നത്, ഇവര്‍ക്ക് കുഴപ്പമില്ല വീട്ടിലേക്ക് കൊണ്ട്പോയ്ക്കോളൂവെന്നാണ്.

“മെഡിക്കല്‍ കോളെജിലെത്തിയപ്പോള്‍ പനിയും വന്നു. ഏഴു ദിവസമാണ് ആശുപത്രിയില്‍ കിടന്നത്. കിഡ്‍നിയെ വരെ ബാധിച്ചിരുന്നു. ഇപ്പോഴും അസുഖം മാറിയിട്ടില്ല. നേരത്തിന് ചികിത്സിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അവസ്ഥ മോശമാകുമായിരുന്നില്ല,”  എന്നുതന്നെയാണ് രാജി വിശ്വസിക്കുന്നത്.

വിതുര, പാലോട് തുടങ്ങിയ മലയോരമേഖലകളില്‍ പാമ്പുകള്‍ കൂടുതലുള്ള സ്ഥലങ്ങളാണ്. ഇവിടെ പാമ്പിന്‍ വിഷബാധയ്ക്കുള്ള ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍  അത്യാവശ്യമാണെന്ന് രാജി പറയുന്നു.

ഏത് പാമ്പ് കടിച്ചാലും ചികിത്സ തേടണം. കടിച്ചത് ചേരയാണെന്നു പറഞ്ഞു ആശുപത്രിയില്‍ പോകാതെയിരിക്കരുത്. ചിലപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍ ചേരയാണെന്നു തോന്നിയേക്കും. ചേരയല്ലേ എന്നു കരുതി ആശുപത്രിയില്‍ പോകാതെയിരിക്കരുത്, രാജി ഓര്‍മ്മിപ്പിക്കുന്നു. പാമ്പാണ് കടിച്ചതെന്നു സംശയം തോന്നിയാല്‍ പോലും എത്രയും വേഗം ചികിത്സ തേടണം.

വാവ സുരേഷിനൊപ്പം രാജി

കുടുംബമായിട്ട് കഴിയുന്നവര്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഇപ്പോഴും ചിലരൊക്കെ ചോദിക്കാറുണ്ടെന്നു രാജി പറയുന്നു. “മക്കളെ ഇതിലേക്കൊന്നും വിട്ടേക്കരുതെന്നും ചിലര് ഉപദേശിക്കും.

“തത്ക്കാലം മക്കളെ പാമ്പ് പിടിക്കാനല്ല പാമ്പിനെക്കുറിച്ചാണ് പറഞ്ഞുകൊടുക്കുന്നത്. വ്യത്യസ്ത പാമ്പുകളെക്കുറിച്ചും അവയുടെ വിഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്. മക്കള്‍ക്ക് മാത്രമല്ല ആര്‍ക്ക് വേണമെങ്കിലും ഇതൊക്കെ പറഞ്ഞുകൊടുക്കും.

“പാമ്പിനെ പിടിക്കാനുള്ള ഇഷ്ടം കൊണ്ടാണ് വട്ടിയൂര്‍ക്കാവുകാരന്‍ ബാബു പലാലയെ ചെന്നു കാണുന്നത്. അദ്ദേഹം സ്നേക്ക് പാര്‍ക്ക് ജീവനക്കാരനായിരുന്നു. പാമ്പിനെ പിടിക്കുന്നതെങ്ങനെയെന്നു പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്.

“പാമ്പിനെ പൊത്തില്‍ നിന്നെടുക്കുന്നതും കല്ലുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്നതിനെയും കിണറ്റിലുള്ള പാമ്പിനെ അതിലിറങ്ങാതെ എടുക്കുന്നതെങ്ങനെ എന്നുമൊക്കെ പഠിപ്പിച്ചു തന്നു.

“ഒരു ദിവസത്തെ ക്ലാസായിരുന്നു അദ്ദേഹം നല്‍കിയത്. പിന്നെ യൂട്യൂബുകളിലൊക്കെ നോക്കിയുമൊക്കെയാണ് പാമ്പ് പിടുത്തം പഠിച്ചെടുത്തത്.

“കരയില്‍ നിന്നു കൊണ്ട് തന്നെ കിണറ്റിലെ പാമ്പിനെ സിംപിളായിട്ട് എടുക്കാവുന്നതേയുള്ളൂ. കിണറ്റില്‍ നിന്ന് 63 പാമ്പുകളെ പിടിച്ചിട്ടുണ്ട്.”

പാമ്പുകളെ രക്ഷിക്കുന്ന പോലെ തന്നെ ആസ്വദിക്കുന്ന പണിയാണ് ഡ്രൈവിങ്ങും. “ടിപ്പര്‍ ലോറിയും ഓടിക്കാറുണ്ട്. … കാക്കി കുപ്പായം ധരിക്കുമ്പോള്‍ കൂടെയുള്ളവര്‍ പിന്തുണച്ചിട്ടേയുള്ളൂ.

“ഏഴു ക്രഷര്‍ യൂനിറ്റുകളില്‍ ഞാന്‍ വണ്ടിയുമായി പോകുന്നുണ്ട്. ഇവിടെയൊക്കെ ഞാന്‍ വണ്ടിയുമായി എത്തുമ്പോള്‍ മറ്റു വണ്ടികളിലെ ഡ്രൈവര്‍മാര് പറയുന്നത്, വേഗം ആ കൊച്ചിന് കൊടുത്ത് വിട്.. അത് പോകട്ടെയെന്നാണ്.

“ഒരു പരിഗണന അവരെനിക്ക് നല്‍കുന്നുണ്ട്. ആരും മോശമായിട്ട് പെരുമാറിയിട്ടൊന്നുമില്ല. ബഹുമാനത്തോടെ തന്നെയാണ് എല്ലാവരും പെരുമാറിയിട്ടുള്ളത്,” സഹപ്രവര്‍ത്തകരെക്കുറിച്ച് രാജിക്ക് വലിയ മതിപ്പ്.

നേരത്തെയൊക്കെ വണ്ടിയില്‍ നിന്ന് ലോഡ് ഇറക്കുമ്പോള്‍ രാജിയും കൂടെ കൂടുമായിരുന്നു. പക്ഷേ ഇപ്പോ അതൊന്നുമില്ല, “ചെറിയ ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്,” രാജി അതിലേക്ക് കൂടുതല്‍ പോയില്ല.

രാജിയുടെയും അനില്‍ കുമാറിന്‍റെയും മൂത്തമകളുടെ പേര് അനാമിക. പത്താം ക്ലാസില്‍ പഠിക്കുന്നു. ഇളയവള്‍ അഭിരാമി. അഞ്ചാം ക്ലാസിലാണ്. “അനാമികയ്ക്ക് പാമ്പിനെയൊക്കെ പേടിയായിരുന്നു. പക്ഷേ ഇപ്പോ രണ്ടാള്‍ക്കും പാമ്പിനെയൊക്കെ ഇഷ്ടമാണ്,”  രാജി പറഞ്ഞു.


ഇതുകൂടി വായിക്കാം: വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം


*** ഫോട്ടോകള്‍ക്ക് കടപ്പാട്: രാജി അനില്‍കുമാര്‍/ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം