കോട്ടയം മടപ്പാട് സ്വദേശിയായ സാലിമോന്‍റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു.
അച്ഛന്‍ നല്ല ചെത്തുകാരനായിരുന്നു. “നല്ല കുടിക്കാരനുമായിരുന്നു,” എന്ന് മകന്‍.
അച്ഛന്‍ നല്‍കിയത് അധ്വാനിക്കാനുള്ള മനസ്സും കരളുറപ്പുമാണ്. ചെറുപ്പത്തിലേ തന്നെ അച്ഛന്‍ പ്രഭാകരന്‍ മൂത്തമകന്‍ സാലിമോനെ ചെത്തുപഠിപ്പിച്ച് കൂടെക്കൂട്ടി.
സാലിമോന്‍ ചേട്ടന്‍ ഇപ്പോള്‍ 33 വര്‍ഷമായി കള്ളുചെത്തുനടത്തുന്നു. പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ചെത്ത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് അളക്കുന്ന തൊഴിലാളിയാണ് അദ്ദേഹം. നല്ല സീസണില്‍ മാസത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ സമ്പാദിക്കുന്ന സാലിമോന്‍ പക്ഷേ, ഒരുതുള്ളി കുടിക്കില്ല.
“ഞാന്‍ കുടിച്ചിട്ടില്ല,” സാലിമോന്‍ പറയുന്നു. (കര്‍ക്കശക്കാരനും പ്രായോഗികമതിയുമായ ഒരു കോട്ടയംകാരനെ മനസ്സില്‍ കാണുക.) പുകവലിയും ഇല്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് അളക്കുന്ന തൊഴിലാളിയാണ് സാലിമോന്‍. നല്ല സീസണില്‍ ഒന്നേകാല്‍ ലക്ഷം രൂപയിലധികം വരുമാനം നേടും.
“അച്ഛന്‍ കുടിക്കാരനായിരുന്നു, അതിന്‍റെ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു,” എന്നാണ് മദ്യവിരോധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി.
രണ്ട് വര്‍ഷം മുമ്പാണ് കേരള സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ കള്ള ് അളക്കുന്ന ചെത്തുതൊഴിലാളിക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് രണ്ട് തവണയും സാലിമോന്‍ ചേട്ടന്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല.
“കഴിഞ്ഞവര്‍ഷം 34,000 (ലിറ്റര്‍) മിച്ചം അളന്നു, ഇപ്രാവശ്യം 36,000 (ലിറ്റര്‍) മിച്ചം ആയിരുന്നു,” സ്വന്തം റെക്കോഡ് ഭേദിച്ച് വീണ്ടും ഒന്നാമതെത്തിയതിനെക്കുറിച്ച് സാലിമോന്‍ ചേട്ടന്‍ പറയുന്നു. വാക്കുകളില്‍ പിശുക്കനാണ്. പക്ഷേ, കള്ള് അളക്കുന്ന കാര്യത്തിലും അധ്വാനത്തിന്‍റെ കാര്യത്തിലും ഒട്ടും പിശുക്കില്ല.
“കഴിഞ്ഞ വര്‍ഷം ഭയങ്കര പബ്ലിസിറ്റിയൊക്കെയായിരുന്നു. (അവാര്‍ഡ് കിട്ടിയപ്പോള്‍). ഇത്തവണ അതിനൊന്നും പോയില്ല” എന്ന് സാലിമോന്‍.
“ഒരു ലിറ്ററിന് നമുക്ക് 18 രൂപ കിട്ടും,” അദ്ദേഹം പറയുന്നു.
കണക്കുകൂട്ടി നോക്കിയാല്‍ ആറര ലക്ഷം രൂപയ്ക്കടുത്തുവരും കള്ള് അളക്കുന്നതില്‍ നിന്ന് മാത്രം കിട്ടുന്ന വാര്‍ഷിക വരുമാനം. കൂടാതെ ദിവസവും 320 രൂപ ഡി എ ഉണ്ട്. ഇതിനുപുറമെ അളക്കുന്ന കള്ളനുസരിച്ച് വര്‍ഷത്തില്‍ രണ്ടുതവണ ബോണസുമുണ്ട്, ആറുമാസം കൂടുമ്പോള്‍ 40 ശതമാനം. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബോണസായി അദ്ദേഹത്തിന് കിട്ടിയത് 2.5 ലക്ഷം രൂപയാണ്.
ഇതുകൂടി വായിക്കാം: വയനാടിന്‍റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍
വേനലായാല്‍ പന കൂടുതല്‍ കള്ള് ചുരത്തും. അന്നേരം സാലിമോന്‍ ചേട്ടന്‍ ദിവസം നാലായിരം രൂപവരെ സമ്പാദിക്കും. മാസവരുമാനം ഒന്നേകാല്‍ ലക്ഷം രൂപ വരെയെത്തും!
ഇതുംവായിച്ച് ഉള്ള ജോലിയും കളഞ്ഞ് റുപ്പീമില്യണെയര്‍ ക്ലബില്‍ ചുളുവിന് കയറിപ്പറ്റാം എന്നുകരുതി കള്ളുചെത്താന്‍ അങ്ങോട്ട് ചെല്ലണ്ട.
എല്ലുമുറിയെ പണിയെടുത്താണ് സാലിമോന്‍ ചേട്ടന്‍ ഇത്രയും പണമുണ്ടാക്കുന്നത്. രാവിലെ ഏഴരയ്ക്ക് തന്‍റെ ഓട്ടോയുമായി പനകളില്‍ നിന്ന് പനകളിലേക്കുള്ള യാത്ര തുടങ്ങും. അത് അവസാനിക്കുക വൈകീട്ട് ഏഴുമണിയോടെയാണ്.
അതിനിടയില്‍ രണ്ടുമണിക്ക് ഉച്ചയൂണും കഴിഞ്ഞ് കുറച്ചുനേരം വിശ്രമിക്കും. നാലുമണിയോടെ വീണ്ടും പനകളിലേക്ക്.
“ഞാന്‍ തെങ്ങ് ചെത്താറില്ല. പനയാണ്. ഈ ഭാഗത്ത് പനയാണ് അധികം,” എന്ന് സാലിമോന്‍.
ദിവസവും 200-210 ലിറ്റര്‍ ചെത്തിയിറക്കും, നല്ലവേനലില്‍. ദിവസവും കുറഞ്ഞത് 10-12 പന കയറണം അത്രയെങ്കിലും ആവാന്‍. വര്‍ഷത്തില്‍ ഒരുദിവസം പോലും ലീവില്ല. ബന്ധുവീടുകളിലെ ചടങ്ങുകള്‍ക്കുപോലും പോവാന്‍ ഒഴിവുണ്ടാവില്ല.
“ഒരു ദിവസം പോലും പണി മുടക്കാന്‍ പറ്റത്തില്ല. മുടക്കിയാല്‍ കള്ളുണ്ടാവില്ല.” അത്യാവശ്യം വേണ്ടപ്പോള്‍ ഒരു പകരക്കാരനെ ഏല്‍പിക്കാറുമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അധ്വാനമേ സംതൃപ്തി എന്ന പണ്ടത്തെ സിഗരറ്റ് പരസ്യം (മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരം.) ഓര്‍മ്മവരും സാലിമോന്‍ ചേട്ടനോട് സംസാരിക്കുമ്പോള്‍.
പുതിയ പനങ്കുല വരുമ്പോള്‍ കള്ളെടുക്കാനുള്ള പണി തുടങ്ങണം. മുകളീക്കേറിയിരുന്ന് രണ്ടു മണിക്കൂറ് നേരത്തെ പണിയുണ്ടാവും. ആ സമയത്ത് ദിവസം മൂന്ന് നേരം കയറണം.
പതിനെട്ടാം വയസ്സിലാണ് അച്ഛന്‍റെ കൂടെ കള്ളുചെത്താന്‍ കയറുന്നത്. പ്രഭാകരന്‍റെ അഞ്ച് മക്കളില്‍ മൂത്തയാളാണ് സാലിമോന്‍. ” ഞങ്ങടെ പാരമ്പര്യത്തൊഴിലാണ്. അച്ഛന്‍റെ അവകാശത്തിലാണ് ചെത്ത് നടത്തിക്കൊണ്ടിരുന്നത്. 2004-ലാണ് സ്വന്തമായി തുടങ്ങിയത്.” പ്രഭാകരന്‍റെ മൂന്ന് ആണ്‍മക്കളില്‍ സാലിമോന്‍ മാത്രമാണ് പാരമ്പര്യ തൊഴിലിലേക്ക് തിരിഞ്ഞത്.
വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കള്ള് ലഭിക്കുന്നത്. “ഡിസംബറില്‍ സീസണ്‍ തുടങ്ങും. മഴക്കാലത്ത് ചെത്തിയാലും (കള്ള്) കിട്ടത്തില്ല,” എന്ന് സാലിമോന്.
തന്‍റെ തൊഴില്‍ രഹസ്യങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു:
ഇങ്ങനെ 20 ദിവസം തുടര്‍ച്ചയായി ജോലിയെടുത്താല്‍ മാത്രമേ കള്ള് ഊറിവരാന്‍ തുടങ്ങൂ. ഒരു കുല നന്നായി ഒരുക്കിക്കഴിഞ്ഞാല്‍ പിന്നെ ആറുമാസം വരെ കള്ള് ലഭിക്കും.
ഇതുകൂടി വായിക്കാം:പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍
കള്ളുചെത്തില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ടുവാങ്ങിയ 70 സെന്‍റ് അടക്കം ഒരേക്കര്‍ ഭൂമിയുണ്ട് സാലിമോന്.
“റബറായിരുന്നു…കൂടംകുളം ലൈന്‍ ഇതുവഴിയാ പോവുന്നെ. അതുവന്നപ്പോ റബറെല്ലാം മുറിക്കേണ്ടിവന്നു,” താന്‍ വാങ്ങിയ 70 സെന്‍റിലെ റബറെല്ലാം കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യതിലൈന്‍ വലിച്ചതോടെ മുറിക്കേണ്ടി വന്നുവെന്ന് അദ്ദേഹം. “നിലവില്‍ പച്ചക്കറികള്‍ മാത്രമേ ഉള്ളൂ.”