‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്‍

“ഇവിടെ പ്രാവുകളെ വളര്‍ത്തുന്നത് ‘പീജിയന്‍ ഹൌസ്’ എന്ന ഒരു വലിയ കൂട്ടിലാണ്. അത് ഒരു ഒറ്റ തേക്കിന്‍റെ തടിയില്‍ പണി കഴിപ്പിച്ചതാണ്. നൂറു കൂടുകള്‍ ഉണ്ട് അതില്‍.അതിനും നൂറ്റിഅമ്പത് വര്‍ഷം പഴക്കം വരും.

വിടേക്ക് എത്തിച്ചേരാന്‍ കുറച്ചു വിയര്‍ക്കേണ്ടി വന്നു–കടുത്ത ഉഷ്ണം തന്നെ കാരണം. വരുന്ന വഴി എല്ലാം കെട്ടിടങ്ങളും വാഹനങ്ങളും പുകയും…ആകെ ജഗപൊക. എന്നാല്‍ ആ പടി കടക്കുന്നതോടെ കഥയെല്ലാം മാറി. എല്ലാം പെട്ടെന്ന് ശാന്തമായതുപോലെ. ഉള്ളാകെ തണുത്തു.

തണല്‍ വിരിച്ചു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ പടിവാതില്‍ മുതല്‍ നമ്മെ സ്വാഗതം ചെയുന്നു. തൂത്തുവൃത്തിയാക്കിയ മുറ്റം. പ്രാവുകളുടെ കുറുകല്‍. വാത്തകളുടെ മൂളല്‍. തലേന്ന് പെയ്ത മഴയുടെ തണുപ്പ്. ആഹാ, സംഭവം കളറായിട്ടുണ്ട്!

ഫോര്‍ട്ട് കൊച്ചി ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു അപൂര്‍വ്വമായ പച്ചത്തുരുത്താണ് അധികാരിവളപ്പ്. Photo source; pixabay,com

പ്രൗഢമായ ഗേറ്റിനപ്പുറം150-വര്‍ഷത്തോളം പഴക്കമുള്ള വീടാണ്. ചരിത്രം ഉറങ്ങുന്ന മണ്ണും പുരയും. ബ്രിട്ടീഷ് കാലത്ത് ഫോര്‍ട്ട്‌കൊച്ചിയിലെ അധികാരിയായിരുന്ന ജൊക്കിയുടെ വീടാണിത്. ജൊക്കിയുടെ കൊച്ചുമക്കളാണ് ഇപ്പോള്‍ അധികാരിവളപ്പിന്‍റെ അധികാരികള്‍.


 വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

“ഞങ്ങടെ അപ്പാപ്പന്‍ ആണ് ജൊക്കി. അപ്പാപ്പന് ഒറ്റ മകനേ ഉണ്ടായിരുന്നുള്ളു-ഞങ്ങടെ അപ്പന്‍ എത്തല്‍ ഫ്രാന്‍സിസ്. ഞങ്ങള്‍ നാലു ആണ്‍മക്കളും മൂന്നു പെണ്‍മക്കളും ഉണ്ട്. അപ്പാപ്പന്‍ ബ്രിട്ടീഷുകാരുടെ കാലത്തെ അധികാരി ആയിരുന്നു,” അപ്പാപ്പന്‍റെ പേരിന് അവകാശിയായ ചെറുമകന്‍ ജൊക്കി പറഞ്ഞു തുടങ്ങി.

“അപ്പാപ്പന്‍റെ പേര് തന്നെയാ എനിക്കും. പിന്നെ ഉള്ള അനുജന്മാര്‍–പൊന്നന്‍, ജോസി, റോബര്‍ട്ട്. അപ്പാപ്പന് ചെടികളും പക്ഷികളും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു. പുതിയ ഇനം ചെടികള്‍ എവിടെക്കണ്ടാലും എത്ര വില കൊടുക്കേണ്ടി വന്നാലും അത് വാങ്ങി വീട്ടില്‍ കൊണ്ട് വന്നു നടുമായിരുന്നു.

ജൊക്കിയുടെ ഒരു പഴയകാല കുടുംബചിത്രം

“അത് കണ്ടു വളര്‍ന്നത് കൊണ്ടാകാം അപ്പനും ഇതിലൊക്കെ കമ്പം തന്നെ. ഞങ്ങളും അങ്ങനെ ആ വഴി പിന്തുടര്‍ന്നു. അപ്പാപ്പന്‍ ഉള്ള കാലം മുതല്‍ക്കേ ഉള്ള ചെടികളും മരങ്ങളും ഇപ്പോഴും ഞങ്ങള്‍ പരിപാലിച്ചു വരികയാണ്. ഞാനും പൊന്നനും ജോയ്സിയും റോബര്‍ട്ടും ഒരുമിച്ചാണ് എല്ലാം നോക്കിപ്പോരുന്നത്. പെങ്ങന്‍മാരും സഹായിക്കാറുണ്ട്,” ജൊക്കി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിവരിച്ചു.


 പുരയിടത്തിനു ചുറ്റുമുള്ള ജൈവവൈവിധ്യം അതേപടി സംരക്ഷിക്കുകയാണ് ഈ സഹോദരന്‍മാര്‍. പലതരം സസ്യങ്ങളും വൃക്ഷങ്ങളും കൂടാതെ നിരവധി പക്ഷികളും അലങ്കാര മത്സ്യങ്ങളുമൊക്കെ ഉണ്ടിവിടെ.


“കളര്‍ ഫിഷ്, വാത്ത, കരിങ്കോഴി, പ്രാവിന്‍റെ പല ഇനങ്ങള്‍ അങ്ങനെ ഒരുപാട് പക്ഷികള്‍ ഉണ്ട്. ഒരാളെ കൊണ്ട് ഒറ്റക്ക് നോക്കി നടത്താന്‍ പറ്റൂല. അതുകൊണ്ടു ഓരോരുത്തര്‍ക്ക് ഓരോ ഭാഗം നോക്കാന്‍ ഏല്പിച്ചിരിക്കേണ്. അപ്പോള്‍ നമ്മുടെ ശ്രദ്ധ എത്തൂല്ലോ,” തൊഴില്‍ വിഭജനത്തെക്കുറിച്ച് ജൊക്കി പറഞ്ഞു.

അധികാരിവളപ്പ് വീട്

”ചെടികളുടെ എല്ലാ ഇനങ്ങളും ഇവിടെ ഉണ്ട്. മണി പ്ലാന്‍റിന്‍റെ തന്നെ അറുപത്തിയഞ്ചു ഇനങ്ങള്‍ ഉണ്ട്,” ബാക്കി പറഞ്ഞത് ജൊക്കിയുടെ അനുജന്‍ പൊന്നനായിരുന്നു. ”ഓര്‍ക്കിഡിനും ഒരുപാട് വ്യത്യസ്ത ഇനങ്ങള്‍ ഉണ്ട്. മരങ്ങളാണെങ്കില്‍ മൂവാണ്ടന്‍, മല്‍ഗോവ, അല്‍ഫോന്‍സാ എന്നിങ്ങനെ പലയിനം മാവുകള്‍ ഉണ്ട്. ഇലഞ്ഞി, പ്ലാവ്, ജാതി, സപ്പോട്ട അങ്ങനെ ഒരുപാട് മറ്റു മരങ്ങളും ഉണ്ട്. അപ്പാപ്പന്‍റെ കാലം മുതല്‍ ഉള്ളതാണ് കുടുതലും.

“നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള പന്നല്‍ ചെടിയുടെ ഒരുപാട് ഇനങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും മൂല്യമുള്ളത് പാലസ് ഫേണ്‍ എന്ന ഒരിനമാണ്. അത് പണ്ടുകാലത്ത് കൊട്ടാരങ്ങളിലൊക്കെ നട്ടിരുന്നതാണ്. അതും അപ്പാപ്പന്‍ നട്ടതാണ്. ഇന്നും അത് ഞങ്ങള്‍ ശ്രദ്ധയോടെ പരിപാലിച്ചു പോരുന്നുണ്ട്.

”അപൂര്‍വ ഇനങ്ങളില്‍ പെട്ട ഒരുപാട് ചെടികളും മീനുകളും ഉണ്ട് ഇവിടെ. അതിനാല്‍ പലരും പഠനത്തിനും ഗവേഷണത്തിനുമൊക്കെയായി ഇവിടെ വരാറുണ്ട്. ഈ അടുത്ത് തേവര കോളേജിലെ ബൊട്ടാണിക്കല്‍ വിഭാഗത്തില്‍ റിസര്‍ച്ച് നടത്തുന്നവര്‍ അപൂര്‍വ ഇനം ചെടികള്‍ കൂടുതല്‍ പഠനത്തിനായി ഇവിടെ നിന്നും ചെടികള്‍ ശേഖരിച്ച് കൊണ്ടുപോയിരുന്നു.”

അധികാരി വളപ്പിലെ സഹോദരങ്ങള്‍
പലതരം അപൂര്‍വ്വ പന്നല്‍ച്ചെടികള്‍ തേടി വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെ എത്തുന്നു

കല്ല് പാകിയ രണ്ടു കുളങ്ങള്‍ ഉണ്ടിവിടെ. അതിലും ടാങ്കിലൊമൊക്കെ ആയി ഒരുപാട് മീനുകളും വെള്ളച്ചെടികളും വളര്‍ത്തുന്നുണ്ട്. ആ കുളങ്ങള്‍ക്കും 150-ലേറെ വര്‍ഷം പഴക്കം ഉണ്ട് എന്ന് സഹോദരങ്ങള്‍ പറഞ്ഞു.

“കുറച്ചുനാള്‍ മുമ്പ് വരെ മുന്തിയ ബ്രീഡുകളിലുള്ള പശുക്കളെയും ആടുകളെയുമൊക്കെ വളര്‍ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇല്ലാട്ടോ. ഇപ്പോള്‍ ചെടികളും പക്ഷികളും അലങ്കാര മത്സ്യങ്ങളും ഒക്കെയാണ് ഉള്ളത്,” പൊന്നന്‍ ആ വലിയ ലോകത്തെ കുറഞ്ഞ വാക്കുകളില്‍ വിവരിച്ചു.

“ഞങ്ങളുടെ കുടുംബം ആകെ അറിയപ്പെടുന്നത് ‘അധികാരിവളപ്പ്’ എന്നാണ്,” ജൊക്കി വീണ്ടും കുടുംബ ചരിത്രത്തിലേക്ക് കടന്നു. ” അപ്പാപ്പന്‍ അധികാരി ആയിരുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേര് വന്നത്. അധികാരികള്‍ എന്ന് പറയുമ്പോള്‍ നാട്ടിലെ പ്രമാണികള്‍ ആണ്. അവര്‍ ആണ് നാട്ടിലെ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുക. കരം പിരിക്കല്‍ ഒക്കെ അവരുടെ അധികാരമാണ്. അവരുടെ അധികാരപരിധിയിലായിരിക്കും എല്ലാ കാര്യങ്ങളും നടക്കുക.

പലതരം അപൂര്‍വ്വ പന്നല്‍ച്ചെടികള്‍ തേടി വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെ എത്തുന്നു

“അങ്ങനെ അധികാരി ആക്കണമെങ്കില്‍ സ്വന്തമായി സ്ഥലവും പഠിപ്പും ഒക്കെ വേണം. അപ്പാപ്പന് അത്യാവശ്യം വിദ്യാഭ്യാസവും പിന്നെ പാരമ്പര്യമായി കൈമാറി കിട്ടിയ ഭൂമിയും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചപ്പോള്‍ പിന്നീട് ഗവണ്മെന്‍റ് ഭരണം ഏറ്റെടുത്തല്ലോ. പിന്നീട് വില്ലേജ് ഒക്കെ ആയി എല്ലാം തരം തിരിച്ചു. അപ്പന്‍റെ കാലത്ത് കുറേ ഭൂമി കുടിയാന്‍മാര്‍ക്ക് കൈമാറി. ബാക്കിയുള്ളതാണ് ഈ വളപ്പ്,” മതില്‍ക്കെട്ടിന് പുറത്തേക്ക് നോട്ടമയച്ച് ജൊക്കി നിശബ്ദനായി.

“ചെടികള്‍, പക്ഷികള്‍ എന്നൊക്കെ പറഞ്ഞാല്‍ അപ്പാപ്പന് ജീവനായിരുന്നു,” ഇളയവനായ റോബര്‍ട്ടിന്‍റേതായിരുന്നു ആ വാക്കുകള്‍. ”അത് നട്ട് നനച്ചു വളര്‍ത്തുന്നതില്‍ ആയിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്. അപ്പനും അതുതന്നെയായിരുന്നു.


ചെറുപ്പത്തില്‍ ഞങ്ങള്‍ എഴുന്നേറ്റ് വരുമ്പോള്‍ ഉള്ള കാഴ്ച തന്നെ അപ്പന്‍ ചെടികളെ താലോലിക്കുന്നതും വെള്ളമൊഴിച്ചു നനക്കുന്നതും ഒക്കെ ആയിരുന്നു. അത് കണ്ടു ഞങ്ങളും കൂടെ കൂടും, വെള്ളമൊഴിക്കാനും വളം ഇടാനുമൊക്കെ.


“പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ഞങ്ങളുടെ പറമ്പില്‍ ഇല്ലാത്ത ചെടി കണ്ടാല്‍ ഞങ്ങളത് പറിച്ചു വീട്ടില്‍ കൊണ്ട് വന്നു നടും. അപ്പനും അത് സന്തോഷമായിരുന്നു. കുഞ്ഞുനാള്‍ മുതലേ പച്ചപ്പിനെ ചുറ്റിപറ്റി ഉള്ള ജീവിതമായിരുന്നു. അതുകൊണ്ട് ഞങ്ങളില്‍ മൂന്നു ആണ്‍മക്കള്‍ കല്യാണം കഴിക്കാന്‍ പോലും മറന്നു,” റോബര്‍ട്ട്  പൊട്ടിച്ചിരിച്ചു.

150 വർഷത്തിൽ പരം പഴക്കമുള്ള ‘പിജിയൻ ഹൗസ്’ ഇന്നും അതുപോലെ ഉണ്ട്.

“ശെരിയാണ്. ഞാന്‍ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ,” റോബര്‍ട്ട് നിര്‍ത്തിയിടത്തു നിന്ന് ജോസി തുടര്‍ന്നു. ”പെങ്ങന്‍മാരെ ഒക്കെ നേരത്തേ വിവാഹം കഴിപ്പിച്ച് അയച്ചു. പക്ഷേ ജൊക്കിയും പൊന്നനും റോബര്‍ട്ടും കല്യാണം കഴിച്ചിട്ടില്ല. ഈ പച്ചപ്പിന്‍റെ സുഖവും മിണ്ടാപ്രാണികളുമായുള്ള ജീവിതവും സ്വന്തം ജീവിതത്തെ ഓര്‍ക്കാന്‍ പോലും അവസരം കൊടുത്തില്ല എന്നുള്ളതാണ് സത്യം. പക്ഷെ ഞാന്‍ കല്യാണം കഴിച്ചു. ഒരു ചേയ്ഞ്ച് വേണ്ടേ,” ജോസിയുടെ വാക്കുകളില്‍ വീണ്ടും ഒരു കൂട്ടച്ചിരി ഉയര്‍ന്നു. “എനിക്ക് ഭാര്യയും ഒരു മോനും ഉണ്ട്. മോന്‍റെ പേര് ജീസ് മോന്‍. ജീസ് മോന്‍ ഇപ്പോള്‍ ബികോം കഴിഞ്ഞു.”

കൂട്ടുകുടുംബത്തിന്‍റെ മധുരവും പങ്കുവെക്കലിന്‍റെ ആനന്ദവും വേണ്ടുവോളം ആസ്വദിച്ചാണ് ഈ സഹോദരന്മാര്‍ ജീവിക്കുന്നത്. “ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് തറവാട്ടില്‍ തന്നെയാണ് താമസം,” പൊന്നന്‍ പറഞ്ഞു.

”നൂറ്റി അമ്പത് വര്‍ഷം പഴക്കം ഉണ്ട് ഈ വീടിന്. അപ്പാപ്പന്‍ ഉണ്ടാക്കിയതാണ്. ഒരുപാട് പഴക്കം ചെന്നത് കൊണ്ട് തന്നെ ഇത് നിലനിര്‍ത്തി കൊണ്ടുപോകാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. തടി ആണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് അറ്റകുറ്റപ്പണികള്‍ക്ക് തടിയൊക്കെ ഇപ്പോള്‍ പണ്ടത്തെ പോലെ കിട്ടുന്നില്ല.

നെഫ്രോലെപിസ് അടക്കമുള്ള ഒരുപാട് തരം പന്നല്‍ച്ചെടികള്‍ ഇവര്‍ അരുമയോടെ വളര്‍ത്തുന്നു (Image: pixabay.com)

“ഇവിടെ പ്രാവുകളെ വളര്‍ത്തുന്നത് ‘പീജിയന്‍ ഹൌസ്’ എന്ന ഒരു വലിയ കൂട്ടിലാണ്. അത് ഒരു ഒറ്റ തേക്കിന്‍റെ തടിയില്‍ പണി കഴിപ്പിച്ചതാണ്. നൂറു കൂടുകള്‍ ഉണ്ട് അതില്‍. നൂറില്‍ പരം പ്രാവുകള്‍ക്ക് കഴിയാം അതില്‍. അതിനും നൂറ്റിഅമ്പത് വര്‍ഷം പഴക്കം വരും. പിജിയന്‍ ഹൌസില്‍ ഉള്ള പ്രാവുകള്‍ രാവിലെ ഇട്ടു കൊടുക്കുന്ന ഗോതമ്പ് കൊത്തി പെറുക്കി തിന്നു കഴിഞ്ഞാല്‍ പിന്നെ മട്ടാഞ്ചേരി ഒക്കെ കറങ്ങി വരും. അഞ്ചു മുതല്‍ എട്ടു മണിക്കൂര്‍ വരെ പറക്കുന്ന പ്രാവുകള്‍ ഉണ്ടിവിടെ.

“പണ്ട് ദൂത് അയച്ചിരുന്ന പ്രാവുകള്‍ ഉണ്ടായിരുന്നു ഇവിടെ. അതിനു നല്ല വണ്ണം ഉണ്ടാകും. തടിച്ച കൊക്കും ഒക്കെയായി സാധാരണ പ്രാവുകളെ പോലെ അല്ല അത്. ഇപ്പോ ഇല്ല അത്. ഇപ്പോ സാധാരണ പ്രാവുകളേ ഉള്ള്,” പൊന്നന്‍ കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം: ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍


ഓരോ ചെടിയെയും തിരിച്ചറിഞ്ഞ് പരിചരണം നല്‍കുക മാത്രമല്ല അവയ്ക്ക് വേണ്ട വളം ഇവര്‍ സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്നു. ഒരുഗ്രന്‍ മാജിക്കല്‍ കൂട്ട് ഉണ്ട് അധികാരി കുടുംബത്തിന് പറഞ്ഞു തരാന്‍.

“ഞങ്ങള്‍ ഇവിടെ പല വളങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാലും ഏറ്റവും പ്രധാനപ്പെട്ടത് ചാള (മത്തി) കൊണ്ടുണ്ടാക്കുന്നതാണ്,” റോബര്‍ട്ട് ആ വളത്തിന്‍റെ രഹസ്യം വിശദമാക്കി.

റോബര്‍ട്ട്, ജോസി, ജോക്കി, പൊന്നന്‍

”ചാള ഒരു വലിയ കലത്തില്‍ പുഴുങ്ങി ഗോമൂത്രവും കടലപ്പിണ്ണാക്കും ശര്‍ക്കരയും നെയ്യും ചേര്‍ത്ത് നാല്പത് ദിവസത്തോളം അനക്കാതെ സൂക്ഷിച്ചു മൂടിവെക്കും. നാല്‍പതു ദിവസത്തിന് ശേഷം അതിന്‍റെ തെളിനീര് എടുത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കും. പൂക്കള്‍ ഒക്കെ നല്ലവണ്ണം പൂത്തുലഞ്ഞ് വരും. ഓര്‍ക്കിഡിനും ആന്തൂറിയത്തിനും എല്ലാം നല്ല ഒന്നാംതരം വളമാണിത്.”

”പന്നല്‍ ചെടികള്‍ക്ക് ചാണകപ്പൊടി, കല്‍പ്പൊടി ഒക്കെയാണ് ഇട്ടുകൊടുക്കാറുള്ളത്. പന്നച്ചെടി തണലില്‍ വേണം വളര്‍ത്താന്‍. മാത്രമല്ല അതിന്‍റെ വേരുകള്‍ നാരു പോലെ നേര്‍ത്തതാണ്. അതിനുപറ്റിയ മണ്ണില്‍ വേണം അത് വളര്‍ത്താന്‍. ഇളകി കിടക്കുന്ന മണ്ണിലാണ് പന്നല്‍ചെടി വളരുക,’ റോബര്‍ട്ട് കൃഷിയിലെ നുറുങ്ങുകള്‍ പങ്കുവെച്ചു.

കൊച്ചി പോലുള്ള വമ്പന്‍ നഗരത്തില്‍ ഒന്നര നൂറ്റാണ്ടായി അതേപടി പരിപാലിച്ചു പോരുന്ന ഭൂമിയാണ് അധികാരിവളപ്പ്. “ഞങ്ങള്‍ ഈ ഭൂമി അപ്പന്‍ തന്ന അതുപോലെ തന്നെ നോക്കി വരികയാണ്. സ്ഥലം വില്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ക്കിതാണ് എല്ലാം,” ജൊക്കി പറയുന്നു.


ഇതുകൂടി വായിക്കാം: ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു


”പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്ട്ടാ,” തനി കൊച്ചി ശൈലിയില്‍ ജോസി കൂട്ടിച്ചേര്‍ത്തു. “നമ്മുടെ ദാസേട്ടന്‍ ഇല്ലേ, യേശുദാസ്. അദ്ദേഹം വലിയൊരു പ്രകൃതി സ്നേഹി ആണ്ന്ന് എല്ലാര്‍ക്കും അറിയില്ല. ചെടികളും മരങ്ങളും ഒക്കെ ദാസേട്ടന് വലിയ കാര്യോണ്. ഞങ്ങള്‍ക്കൊരു കുടുംബപള്ളി ഉണ്ട്. ഇടവക ആയിട്ടൊന്നും തിരിച്ചിട്ടില്ലാ,  ഇവിടെ അടുത്തുള്ള ആശ്രമത്തില്‍ ഉള്ളവര്‍ വന്നു അവിടെ ഇടക്ക് കുര്‍ബാന നടത്തൊക്കെ ചെയ്യും. ദാസേട്ടന്‍ എല്ലാ കൊല്ലവും മാര്‍ച്ച് 31-നു ഞങ്ങടെ കുടുംബ പള്ളീല്‍ വന്നു പാട്ടൊക്കെ പാടും. ക്ലാസിക് ഭക്തിഗീതങ്ങളാണ് കൂടുതലും പാടാറുള്ളത്. അപ്പോ ഈ പ്രദേശത്തുള്ളവരും അടുത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരുമെല്ലാം വരുമിവിടെ!”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം