എജ്ജാതി തോട്ടം! സ്വന്തം വീട്ടുപേരിലൊരു ജാതി. ഒപ്പം മംഗോസ്റ്റിനും റംബുട്ടാനും 20 ഇനം മാവും നെല്ലും… ഈ 77-കാരന് കൃഷി തന്നെയാണ് സന്തോഷം

സ്വന്തം കുടുംബത്തിന്‍റെ പേരിലൊരു ജാതി ഇനം തന്നെയുള്ള കര്‍ഷകന്‍. 20 വെറൈറ്റി മാവുകള്‍, മാങ്കോസ്റ്റിനും പ്ലാവും ആടും പോത്തും തേനീച്ചയും നെല്‍കൃഷിയുമൊക്കെയുള്ള കര്‍ഷകനാണ് ഇദ്ദേഹം.

ചാലക്കുടിക്കാരനോട് ജാതി ചോദിക്കാം… എത്ര വേണമെങ്കിലും.

ചോദിച്ചാലോ!? തൈ വേണോ കായ വേണോ അല്ല ഇനി പത്രിയാണോ വേണ്ടതെന്നൊരു മറുചോദ്യമാകും കിട്ടുക.

ചാലക്കുടി പേട്ടയില്‍ പുല്ലന്‍ വീട്ടില്‍ ജോസ്… സ്വന്തം കുടുംബത്തിന്‍റെ പേരിലൊരു ജാതി ഇനം തന്നെയുള്ള കര്‍ഷകന്‍. ജാതിമരങ്ങള്‍ മാത്രമല്ല ജോസിന്‍റെ വീട്ടുമുറ്റത്ത് നിറഞ്ഞുനില്‍ക്കുന്നത്.

20 ഇനം മാവുകള്‍, മാങ്കോസ്റ്റിനും പ്ലാവും ആടും പോത്തും തേനീച്ചയും നെല്‍കൃഷിയുമൊക്കയുള്ള ഒരു സമ്പൂര്‍ണ കര്‍ഷകനാണ് ഇദ്ദേഹം.  പ്രായത്തിന്‍റെ അവശതകളൊക്കെയുണ്ടെങ്കിലും ഈ 77-കാരന്‍ ഇന്നും കൃഷിയില്‍ സജീവമാണ്.


ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം,  സന്ദര്‍ശിക്കുക: KARNIVAL.COM

അമ്പത്‍ വര്‍ഷം പിന്നിടുന്ന കൃഷി ജീവിതത്തെക്കുറിച്ചും സ്വന്തമായി വികസിപ്പിച്ചെടുത്ത പുല്ലന്‍സ് ജാതിയെക്കുറിച്ചുമൊക്കെ ജോസ് പുല്ലന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പുല്ലന്‍സ് ജാതിക്ക

“അപ്പനും അമ്മയും മാത്രമല്ല കാര്‍ന്നോന്മാരൊക്കെ ക‍ൃഷിക്കാരായിരുന്നു. അപ്പനപ്പൂപ്പന്‍മാരായിട്ട് കൈമാറി വന്ന ഭൂമിയാണ് എനിക്കുള്ളത്. അവരെപ്പോലെ ഞാനും ഓരോ കൃഷി ചെയ്യുന്നു.

“എട്ടേക്കര്‍ ഭൂമിയുണ്ട്. ചാലക്കുടി ഹൈവേയോട് ചേര്‍ന്നാണ് വീടും പറമ്പുമൊക്കെ. പ്രായം കുറേയായി. പക്ഷേ അതും പറ‍ഞ്ഞ് ഒരു പണിയും ചെയ്യാതെ വെറുതേ ഇരിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല.

“പഴയ പോലെ പണിയൊന്നും ചെയ്യാന്‍ പറ്റത്തില്ല. 77 വയസായില്ലേ. പക്ഷേ എന്നും പറമ്പിലേക്കിറങ്ങും. ജാതിത്തോട്ടത്തിലൂടെയും മാവിനും പ്ലാവിനുമൊക്കെ ഇടയിലൂടെ നടന്നും ആടിനെയും പോത്തുകളോടൊക്കെ മിണ്ടിയും പറഞ്ഞും നടക്കും. പിന്നെ, ജാതിക്ക പെറുക്കാനും മറ്റുമൊക്കെയായി സഹായത്തിനാളുണ്ട്.

“കവുങ്ങും തെങ്ങുമൊക്കെയായിരുന്നു നേരത്തെ കൂടുതലുണ്ടായിരുന്നത്. പക്ഷേ അതിനൊക്കെ അസുഖങ്ങളൊക്കെ വന്ന് നശിച്ചതോടെ ജാതിയാണിപ്പോള്‍ കൂടുതലും കൃഷി ചെയ്യുന്നത്. ഒരു വെറൈറ്റി ജാതി ഇനം വികസിപ്പിച്ചെടുത്തായിരുന്നല്ലോ. അതു തന്നെയാണ് കൂടുതലും ഇവിടെ കൃഷി ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോസ് പുല്ലന്‍ കൂടുതല്‍ വിളവ് കിട്ടുന്ന ജാതി ഇനം വികസിപ്പിച്ചെടുത്തത്.


ശക്തമായ കാറ്റും മഴയുമൊക്കെയുണ്ടായി. അന്നുണ്ടായിരുന്ന ജാതികളില്‍ പലതും നശിച്ചു. പക്ഷേ, കൂട്ടത്തില്‍ ഒരിനം മാത്രം കരുത്തോടെ നിന്നു.


“പിന്നീട് ഈ ഇനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയാണ് വളര്‍ത്തിയത്. ഒരു വര്‍ഷം പ്രായമായ ജാതി തൈകളില്‍ ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും നടത്തി. ആ തൈയാണിപ്പോള്‍ കൂടുതല്‍ കായ്ഫലം തരുന്ന പുല്ലന്‍സ് ജാതി ഇനം. പുല്ലന്‍സ് തന്നെയാണിപ്പോള്‍ കൂടുതലും കൃഷി ചെയ്യുന്നതും.

ജോസ് പുല്ലന്‍

മണ്ണുത്തിയിലെ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി ഈ ജാതി തൈയ്ക്ക് പേരിടുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞു. എന്‍റെ പേര് തന്നെ ഇടട്ടെയെന്നാണവര്‍ ചോദിച്ചത്. എന്‍റെ പേരിടണ്ട, വീട്ടുപേരിടാമെന്നാ അവരോട് പറഞ്ഞത്. അങ്ങനെയാണ് പുല്ലന്‍സ് എന്ന പേരിടുന്നത്.

എന്‍റെ പേരാണെങ്കില്‍ കുറേക്കഴിഞ്ഞ് ഞാന്‍ ഇല്ലാതാകുമല്ലോ. വീട്ടുപേര് പിന്നെയുമുണ്ടാകുമല്ലോ. അതുകൊണ്ടാണ്ട് ഞാന്‍ വികസിപ്പിച്ചെടുത്ത ജാതിയ്ക്ക് പുല്ലന്‍സ് എന്നു പേരിട്ടത്. മുഖ്യമന്ത്രിയാണ് പുല്ലന്‍സ് എന്ന പേര് പ്രഖ്യാപിച്ചത്.” പേരിന് പിന്നിലെ കഥ അദ്ദേഹം പറഞ്ഞുതന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ ഗുണമേന്‍മയുള്ള ജാതി ഇനങ്ങളിലൊന്നാണ് കെ എ യു പുല്ലന്‍ എന്ന പുല്ലന്‍സ് ജാതി.

സാധാരണ ജാതി ഇനങ്ങള്‍ ഒരു കിലോ തൂക്കം കിട്ടാന്‍ 100 എണ്ണം ജാതിക്ക വേണമെങ്കില്‍ പുല്ലന്‍സ് ജാതി അറുപതെണ്ണം മാത്രം മതി. മികച്ച വിളവും രോഗപ്രതിരോധ ശേഷിയുമുണ്ട് എന്നതും ഇതിന്‍റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.

“പുല്ലന്‍സില്‍ നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ട്. ഇതിന്‍റെ തൈ അന്വേഷിച്ചാളുകള്‍ വരാറുമുണ്ട്. കാലടിയില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നൊക്കെ ആവശ്യക്കാര്‍ വന്നു ജാതിക്കയും ജാതിപത്രിയുമൊക്കെ വാങ്ങിക്കോളും. നല്ല വിലയും കിട്ടാറുണ്ട്.

“ജാതിവിത്തില്‍ നിന്ന് സുഗന്ധലേപനങ്ങളും ജാതിത്തൊണ്ടില്‍ നിന്ന് വൈന്‍, സ്ക്വാഷ്, അച്ചാറും ഉണ്ടാക്കുന്നുണ്ട്. ജാതിത്തൊണ്ട് ഇവിടെ വളര്‍ത്തുന്ന പോത്തുകള്‍ക്കാണ് നല്‍കുന്നത്. അണുനശീകരണത്തിന് പോത്തിന് ജാതി നല്‍കുന്നത് നല്ലതാണ്,” എന്നാണ് അദ്ദേഹത്തിന്‍റെ അനുഭവം.

തെങ്ങും കവുങ്ങും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ജാതി തന്നെയാണ് മുഖ്യവിള. ഒരു ഏക്കറില്‍ 30 അടി അകലത്തില്‍ 40 ജാതിത്തൈകള്‍… ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ തോട്ടത്തില്‍ നട്ടിരിക്കുന്നത്. ഇരുന്നൂറോളം ജാതിമരങ്ങളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായുള്ള ശക്തമായ മഴയും വെള്ളക്കെട്ടുമൊക്കെ ജാതി കൃഷിയെയും ബാധിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും


“ഇലപൊഴിച്ചലൊക്കെയായി ജാതിയ്ക്ക് അസുഖമൊക്കെ വന്നു തുടങ്ങിയിരിക്കുകയാണിപ്പോള്‍. ബോര്‍ഡോ മിശ്രിതമാണ് തളിക്കുന്നത്. ജാതിയുടെ കുറേ പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കാന്‍ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതി. എല്ലുപ്പൊടിയും വേപ്പിന്‍പ്പിണ്ണാക്കും ആട്ടിന്‍ക്കാട്ടവും ചാണകപ്പൊടിയുമൊക്കെ വളമായി ഇട്ടുകൊടുക്കാറുണ്ട്.

“പുല്ലന്‍സില്‍ 60-65 കായ്കളുണ്ടായാല്‍ ഒരു കിലോ കിട്ടും. 100 കായുണ്ടെങ്കില്‍ അതില്‍ നിന്നു കാല്‍ കിലോ പത്രി കിട്ടും. ജാതി പത്രി അടക്കം ഒരു കായ്ക്ക് ആറു രൂപ- ഏഴു രൂപ റേയ്ഞ്ചില്‍ കിട്ടും. ഒരു ജാതിമരത്തില്‍ നിന്ന് 1,500 കായകള്‍ വരെ കിട്ടിയേക്കാം.

പക്ഷേ മറ്റ് ചിലവുകളൊക്കെ വേറെയുണ്ടാകും. പെറുക്കാനും ഉണക്കാനുമൊക്കെയുള്ള തൊഴില്‍ക്കൂലി.” എന്നാലും പുല്ലന്‍സ് ജാതി ലാഭകരം തന്നെയാണെന്നു ജോസ് പുല്ലന്‍ പറയുന്നു.

ജാതിയ്ക്ക് പുറമെ ഫലവ‍ൃക്ഷങ്ങളുമുണ്ട് ആ തോട്ടത്തില്‍. “20 വെറൈറ്റി മാവുകള്‍ ഇവിടുണ്ട്. നാടന്‍ മാവുകള്‍ കുറവാണ്.


ജാഹാംഗീര്‍, കല്ലുക്കെട്ടി, ബ്ലാക്ക് ആന്‍ഡ് റോസ്, നീല്‍പസന്ത്, പ്രിയൂര്‍.. ഇതൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.


“മാങ്ങ സീസണ്‍ ആകുമ്പോള്‍ തന്നെ വില്‍ക്കണം. അല്ലെങ്കില്‍ അതിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കണം. പുഴുവരാതെ മാങ്ങ പഴുപ്പിച്ചെടുക്കുന്നത് ശ്രമകരമാണ്. നന്നായി നോക്കിയാല്‍ മാവില്‍ നിന്നു നല്ല ലാഭം കിട്ടും. ഇവിടെ പഴുത്ത മാങ്ങയില്‍ നിന്ന് തിരയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാങ്ങ സീസണില്‍ മാങ്ങ വിറ്റ് 25,000 രൂപയോളം വരുമാനം കിട്ടിയിരുന്നു.

ഭാര്യ റോസമ്മയ്ക്കൊപ്പം ജോസ്

“മാവ് മാത്രമല്ല കുറേ പ്ലാവുകളും ഇവിടെ നട്ടിട്ടുണ്ട്. ഇടിയന്‍ ചക്കയാണ് ഇവിടെ നിന്നും കൂടുതല്‍ വിറ്റിരുന്നത്. ചക്ക മൂപ്പെത്തിയാല്‍ പിന്നെ ഡിമാന്‍റ് കുറയും. അപ്പോ പിന്നെ അതു ഇവിടെ വളര്‍ത്തുന്ന പോത്തിനുള്ളതാണ്. ചക്ക മാത്രമല്ല കൊഴിഞ്ഞു വീഴുന്ന മാങ്ങയും വീട്ടിലെ പോത്തുകള്‍ക്കാണ് നല്‍കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മാവും പ്ലാവും മാത്രമല്ല മാങ്കോസ്റ്റിനും റംമ്പൂട്ടാനും മൊക്കെയുണ്ട്. മാങ്കോസ്റ്റിന്‍ 40-ലേറെ മരങ്ങള്‍ നട്ടിട്ടുണ്ട്.

ഫലവൃക്ഷത്തോട്ടത്തില്‍ നിന്ന്

ഇതിനൊക്കെ പുറമെ പച്ചക്കറിയും നെല്ലും കുരുമുളകും ഒക്കെ കൃഷി ചെയ്യുന്നുണ്ട് ഈ 77-കാരന്‍. “വീട്ടാവശ്യത്തിനുള്ള പച്ചക്കറിയേ കൃഷി ചെയ്യുന്നുള്ളൂ. കുരുമുളകും കുറച്ചേയുള്ളൂ. കോള്‍പാടത്താണ് നെല്ല് കൃഷി ചെയ്യുന്നത്. മറ്റേതു വിളകളെക്കാളും ലാഭം നെല്‍കൃഷിയാണ്.

“നെല്‍കൃഷിയുടെ നഷ്ടമൊന്നും കര്‍ഷകന്‍ അനുഭവിക്കേണ്ടി വരുന്നില്ല. നെല്ല് സര്‍ക്കാര്‍ എടുക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ നെല്ല് കൃഷി ചെയ്യാന്‍ താത്പ്പര്യമുണ്ട്. പച്ചക്കറിയും കുരുമുളകും അതിനൊപ്പം കുറച്ചു തേനീച്ച കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്,” ജോസ് പുല്ലന്‍ വിശദമാക്കി.


ഇതുകൂടി വായിക്കാം: ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു


പോത്തും കോഴിയും ആടുമൊക്കെയുണ്ട്. കുറച്ചുകാലമായി അദ്ദേഹം പോത്തുകളെ വളര്‍ത്താന്‍ തുടങ്ങിയിട്ട്. അതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. പറമ്പില്‍ പുല്ലൊക്കെ വളര്‍ന്നാല്‍ അതൊക്കെ പോത്തുകള്‍ തിന്നു തീര്‍ത്തോളും. പോത്തിനെ വളര്‍ത്തുമ്പോള്‍ ഒരു സന്തോഷമൊക്കെയുണ്ട് എന്ന് ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിനൊപ്പം ജോസ്

“സന്തോഷം മാത്രമല്ല വരുമാനം കൂടിയാണ്. പുല്ലു വെട്ടുന്ന മെഷീന്‍ എന്നാണ് പോത്തുകള്‍ക്ക് ഞാനിട്ടിരിക്കുന്ന പേര്. ആറെണ്ണത്തിനെ വളര്‍ത്തുന്നുണ്ട്. പതിനാലായിരം രൂപയ്ക്ക് ഒന്നിനെ വാങ്ങിയാല്‍ വില്‍ക്കുമ്പോള്‍ നാല്‍പ്പതിനായിരം രൂപയൊക്കെ കിട്ടും.

പശുക്കളെ വളര്‍ത്തുന്ന പോലെ ഇതിനു തൊഴുത്തൊന്നും വേണ്ടല്ലോ. മഴ പെയ്യുമ്പോള്‍ പശുവിനെ മാറ്റിക്കെട്ടുകയൊക്കെ വേണം. എന്നാല്‍ ഇതിനു അതൊന്നും വേണ്ട. പക്ഷേ, വെയില്‍ അത്ര പറ്റില്ല.

തണല്‍ പ്രദേശത്താകണം ഇവയെ കെട്ടേണ്ടത്. അല്ലാതെ വെറെ പ്രശ്നങ്ങളോ പ്രത്യേക ശ്രദ്ധയോ ഒന്നും  ആവശ്യമില്ല. ജാതിത്തോട്ടത്തിലെ കള നിയന്ത്രണത്തിന് പോത്തുകളെയാണ് ഉപയോഗിക്കുന്നത്.

“ഇവയുടെ ചാണകവും മൂത്രവുമൊക്കെ പറമ്പില്‍ വളമാകുകയും ചെയ്യും.  ചാണകം സൂക്ഷിക്കുന്നതിനൊന്നും പ്രത്യേക സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അതൊക്കെ പറമ്പില്‍ തന്നെ കിടന്നു മണ്ണിനോട് ചേര്‍ന്നുകൊള്ളുമല്ലോ.

“ഇവിടെ അടുത്തൊരു കായ വറുക്കുന്ന ആള്‍ക്കാരുണ്ട്. ഇവരുടെ കൈയില്‍ നിന്ന് കായത്തൊലി വാങ്ങിയാണ് പോത്തിന് കൊടുക്കുന്നത്. അവരില്‍ നിന്നു ചെറിയ തുകയ്ക്കത് കിട്ടും. അവരത് വെറുതേ കളഞ്ഞുകൊണ്ടിരുന്നതാണ്. പോത്തിന് ഇതൊക്കെ ഇഷ്ടവുമാണ്. ഒമ്പത് ആടുകളുണ്ട്. പാലിന് വേറൊരു സ്ഥലത്തേക്കും പോകണ്ട.

“വീട്ടിലേക്കാവശ്യമായ ആട്ടിന്‍ പാല്‍ കിട്ടുന്നുണ്ട്. ഫ്രഷ് പാല്‍ കിട്ടും. ആടും നല്ലൊരു ബിസിനസ് ആണ്. കോഴിയുമൊക്കെ നേരത്തെ വളര്‍ത്തിയിരുന്നു. പക്ഷേ അതിപ്പോ ഇല്ല. എല്ലാത്തിനും കൂടി നോക്കി നടത്താനാളില്ല,” ജോസേട്ടന് കൃഷിയെക്കുറിച്ച് എത്ര പറഞ്ഞാലും തീരുന്നില്ല.

വാഴക്കൃഷിയുടെ തിരക്കില്‍

അമ്പത് വര്‍ഷമായി അദ്ദേഹം കൃഷിയിലേക്കെത്തിയിട്ട്. അതിന് മുന്‍പ് ജോലിക്ക് പോയിരുന്നു. “ഇന്‍റര്‍മീഡിയറ്റൊക്കെ കഴിഞ്ഞ ശേഷം. കോയമ്പത്തൂരിലായിരുന്നു ജോലി. മുന്നൂറു രൂപയായിരുന്നു ശമ്പളം.

“ആ തുക കൊണ്ട് ഒന്നുമാകില്ലല്ലോ. അങ്ങനെ ആ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. പിന്നെ കൃഷിയില്‍ സജീവമാകുകയായിരുന്നു.

“ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെ കൃഷി ഇഷ്ടമുണ്ടെങ്കിലും ഇളയമകന്‍ മാത്രമേ കാര്‍ഷിക രംഗത്തുള്ളൂ. റോസമ്മയെന്നാണ് ഭാര്യയുടെ പേര്. സാജന്‍, സാബിന്‍, സിന്ധു എന്നാണ് മക്കളുടെ പേര്. മൂന്നു പേരുടെയും വിവാഹമൊക്കെ കഴിഞ്ഞു.


ഇതുകൂടി വായിക്കാം: മീന്‍ വില്‍ക്കാന്‍ സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്‍റിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്‍റെ മക്കള്‍ക്കായി


“സാജനും സാബിനും എന്‍ജിനീയര്‍മാരാണ്. പക്ഷേ സാബിന്‍ ഇപ്പോ എനിക്കൊപ്പം കൃഷിയിലുണ്ട്. സാജന്‍ വിദേശത്താണ്. സിന്ധു ബാങ്ക് ഉദ്യോഗസ്ഥയാണ്.” അദ്ദേഹം പറഞ്ഞു.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ ജിനോം സേവ്യര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട് ജോസ് പുല്ലന്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം