കണ്ണൂരില്‍ നിന്ന് പത്തുമുപ്പത്തിരണ്ട് കിലോമീറ്റര്‍ മാറി ഇരിക്കൂറിനടുത്താണ് പെടയങ്ങോട് എന്ന ഗ്രാമം. ഇരിക്കൂറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പെടയങ്ങോട് പള്ളി സ്റ്റോപ്പില്‍ നിന്നും ഏതാനും വാര നടന്നാല്‍ ഷുക്കൂറിന്‍റെ കടയില്‍ എത്തും.
ഒരു ചെറിയ പെട്ടിക്കടയാണ്. അതിന് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. റോഡരുകില്‍ മറയില്ലാതെ തുറന്നുകിടക്കുന്ന ഒരു നാടന്‍ ചായപ്പീടിക. ഒരു അപരിചതത്വവുമില്ലാതെ ആര്‍ക്കും കയറിച്ചെല്ലാം. നല്ല മഴപെയ്താല്‍ വെള്ളവും ഈ കടയിലേക്ക് കയറിച്ചെല്ലും.
പ്രകൃതിക്ക് പോറലേല്‍പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com
കാറ്റടിച്ച് സ്റ്റൗവിലെ തീയണയാതിരിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ചുവെച്ചിട്ടുണ്ട്.
ഞാന്‍ ചെല്ലുമ്പോള്‍ കര്‍ഷകത്തൊഴിലാളികളായ മൂന്നാലു പേര്‍ അപ്പോള്‍ കടയില്‍ ഉണ്ടായിരുന്നു. സ്ഥിരം കക്ഷികളാണെന്ന് തോന്നുന്നു. മിക്കവരും ഉപ്പുമാവും ചൂടുചായയുമായാണ് ഇരിക്കുന്നത്. യാതൊരു ധൃതിയുമില്ലാതെ ആസ്വദിച്ചിരുന്ന് കഴിക്കുന്നു.
ചായ തന്നാണ് ഷുക്കൂറിക്ക സ്വീകരിച്ചത്, ഹൃദ്യമായ ചിരിയും. ഒരു കൈലിയും ഷര്‍ട്ടുമായിരുന്നു വേഷം. (ഈയിടെ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഓര്‍ത്തു: “ഷുക്കൂറിന്‍റെ വിത്തൗട്ട് ചായക്കും നല്ല മധുരമാണ്… പഞ്ചാരച്ചിരിയുടെ മധുരം.”)
ഈ ചെറിയ ചായക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടൊക്കെ എങ്ങനെ ജീവിക്കും എന്ന് ഞാന്‍ ഉള്ളില്‍ ചോദിച്ചത് അല്‍പം ഉറക്കെയായിപ്പോയോ…?
“ഇവിടെ നിന്ന് കിട്ടുന്ന പത്തിരുന്നൂറ് രൂപ കൊണ്ട് എനിക്ക് സന്തോഷായി ജീവിക്കാന്‍ കഴിയുന്നുണ്ട്,” ഷുക്കൂറിക്ക ചിരിച്ചു.
മറ്റ് കടകളിലെപ്പോലെ പല കൂട്ടങ്ങളും ഒരുപാട് പലഹാരങ്ങളുമൊന്നുമില്ല ഇവിടെ. എന്നാല്‍ ചായയ്‌ക്കൊപ്പം കൊറിക്കാന്‍ കവിതയും കഥയും നോവലുമൊക്കെ ഇഷ്ടം പോലെ കിട്ടും. പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും കിട്ടും.
നേരത്തെ മീന്‍പെട്ടിയും തലയില്‍ ചുമന്ന് വിറ്റുനടന്ന ഒരു കാലമുണ്ടായിരുന്നു ഷുക്കൂറിന്. അന്നും മുണ്ടിന്‍റെ മാടിക്കുത്തില്‍ പുസ്തകങ്ങള്‍ ഉണ്ടാകുമായിരുന്നു. പലപ്പോഴും വായിച്ചുതീര്‍ന്ന പുസ്തകങ്ങളായിരുന്നു.
കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍ നിന്ന് നല്ല പെടക്കണ മീന്‍ വാങ്ങിക്കൊണ്ടുവന്നായിരുന്നു അന്ന് ഇരിക്കൂറിലും അടുത്ത പ്രദേശങ്ങളിലും വില്‍പന. സ്ഥിരംവാങ്ങുന്നവരോട് വായിച്ച പുസ്തകത്തിന്‍റെ ഒരു വിവരണം കൊടുക്കും. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍, “മുഴുവന്‍ വായിക്കാന്‍ പുസ്തകം എന്‍റടുത്തുണ്ട്” എന്നാവും. അങ്ങനെ മീനും പുസ്തകവും ഒരുമിച്ചു വിറ്റിരുന്ന കാലം.
ഇന്ന് ഷുക്കൂര്‍ പെടയങ്ങോടിനെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരുപാട് പേര്‍ അറിയും. അതിനും മുമ്പേ സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ സ്വന്തക്കാരനായി മാറിയുന്നു ഈ ചായക്കടക്കാരന്‍. ഈ ചെറിയ ചായപ്പീടിക തേടി മലയാളത്തിലെ മാത്രമല്ല, തമിഴിലേയും കന്നഡയിലേയുമൊക്കെ എഴുത്തുകാര്‍ പെടയങ്ങോട് എത്താറുണ്ട്.
ഈ മാസം (സെപ്തംബര്‍) 29. വരാന്തയിലേക്ക് പ്രമുഖ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ വരുന്നുണ്ട്. അദ്ദേഹത്തിന്‍റെ പൂനാച്ചി എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും പത്തുനൂറ് പേര് ഈ ‘വരാന്ത’യില്‍ അന്ന് ഒത്തുകൂടും. അതില്‍ വിദ്യാര്‍ത്ഥികളും എഴുത്തുകാരും തൊഴിലാളികളും കര്‍ഷകരും ഒക്കെയുണ്ടാവും.
സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് സാധാരണയായി ഷുക്കൂറിന്‍റെ വക കപ്പപ്പുഴുക്കും ചമ്മന്തിയും ചുക്കുകാപ്പിയും നല്‍കും. ചായക്കടയില്‍ പത്തിരുപത്തഞ്ചോളം പേര്‍ക്കിരിക്കാനുള്ള സ്ഥലമേ ഉള്ളൂ. ആ ദിവസം കുറച്ച് കസേരകള്‍ അയല്‍വീടുകളില്‍ നിന്ന് ശേഖരിക്കും. കസേര ലഭിക്കാത്തവര്‍ നിന്നിട്ടായാലും സംവാദത്തില്‍ പങ്കെടുക്കും. ഏകദേശം മൂന്ന് മണിക്കൂര്‍ കാണും ചര്‍ച്ച.
ഈ അഞ്ചാംക്ലാസ്സുകാരന്‍ വിളിച്ചാല്‍ ഏതു പ്രമുഖ എഴുത്തുകാരനും എത്തുന്നതിന്‍റെ രഹസ്യം അറിയാനാണ് ഷുക്കൂറിക്കയെത്തേടി പെടയങ്ങോട് എത്തിയത്.
കണക്കിനോടുള്ള വെറുപ്പുകൊണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച എന്നെപ്പോലെ ഒരുപാട് പേരുടെ കൂട്ടത്തിലായിരുന്നു ഷുക്കൂറും.
അങ്ങനെ പതിയെ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. വീട്ടിലെ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ചെറുപ്പത്തില്‍ തന്നെ പല പണികളുമെടുത്തു. കൂര്‍ഗ്ഗിലെ മെര്‍ക്കാറയില്‍ ചായക്കടയില്‍ നിന്നു, കുറെക്കാലം. പതിനെട്ട് വയസ്സായപ്പോള്‍ തിരിച്ച് നാട്ടിലെത്തി.
പിന്നെ, കൈക്കോട്ടെടുത്തു, കല്ലുവെട്ടാന്‍ പോയി…
കഠിനാധ്വാനം ശരീരത്തെ വല്ലാതെ ബാധിച്ചു. അസുഖങ്ങള്‍… അങ്ങനെ കല്ലുവെട്ട് അവസാനിപ്പിക്കേണ്ടി വന്നു. അതില്‍പ്പിന്നെയാണ് മീന്‍ വില്‍പന തുടങ്ങിയത്.
ജീവിതത്തിലെ സുവര്‍ണ്ണകാലം മീന്‍ വില്പ്പനക്കാരനായുള്ള കാലമായിരുന്നു എന്നാണ് ഷുക്കൂര്‍ പറയുന്നത്. “ശ്വാസം മുട്ടായതുകൊണ്ടാണ് അത് നിര്‍ത്തിയത്. 20 കൊല്ലം ഈ ജോലി ചെയ്തു… ‘ആഴങ്ങളിലെ ജീവിതം’ എന്‍റെ മീന്‍ ജീവിതമാണ്,” അദ്ദേഹം പറഞ്ഞു.
ഇതിനിടയിലൊക്കെ കവിതയും എഴുത്തും വായനയുമൊക്കെ എപ്പോഴും കൂട്ടിനുണ്ടായിരുന്നു. വളരെച്ചെറുപ്പത്തില്‍ തന്നെ കിട്ടിയതെന്തും വായിക്കുമായിരുന്നു. വായന ഒരിക്കലും വിട്ടില്ല.
“അറിവാണ് മറ്റുള്ളവര്‍ക്ക് ഒപ്പം എത്താനുള്ള മാര്‍ഗ്ഗം എന്നു മനസ്സിലാക്കിയതിനാല്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു തുടങ്ങി,” എന്ന് ഷുക്കൂര്‍ പറയുന്നു.
മീന്‍കച്ചവടത്തിനും ജീവിതപ്പാച്ചിലുകള്‍ക്കുമിടയില്‍ കവിതകള്‍ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നാലു സമാഹാരങ്ങള്‍ പിറന്നു.
‘ആഴങ്ങളിലെ ജീവിത’ത്തിന് പുറമെ ‘മഴപ്പൊള്ളല്‍’, ‘നിലവിളികളുടെ ഭാഷ’, ‘ഒന്‍പത് പെണ്ണുങ്ങള്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. വരാന്ത എന്ന നോവലും. ചായപ്പീടികക്ക് വരാന്ത എന്ന് പേരുവന്നതും അതുകൊണ്ടാണ്.
ആഴങ്ങളിലെ ജീവിതം കേന്ദ്രസാഹിത്യ അക്കാദമിയിലെ ജീവനക്കാരിയായ കെ.ജയന്തി തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
“എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുണ്ടാവുമ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ നാടകം കണ്ടത്. പണ്ടത്തെ നാടകം കണ്ട് അവിടെത്തന്നെ കിടക്കുന്ന ശീലമായിരുന്നു. എല്ലാ ആഴ്ചയിലും സിനിമ കാണാറുണ്ട്. പണ്ടൊക്കെ തെയ്യത്തിന്‍റെ ശബ്ദം കേട്ടാല്‍ അങ്ങോട്ട് ഓടിപ്പോകും. ഇപ്പോള്‍ ദൂരേക്കൊന്നും പോകാറില്ല,” അദ്ദേഹം പറഞ്ഞു.
മീന്‍ വില്‍പന നിര്‍ത്തേണ്ടി വന്നു. ഇനി എന്തു ചെയ്യുമെന്ന ചിന്തയായി.
പുസ്തകങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കാന്‍ തുടങ്ങി. ജില്ലയിലെ പ്രധാന സമ്മേളനങ്ങളിലെല്ലാം പുസ്തകവില്‍പനക്ക് പോകാറുണ്ട്, പിന്നെ സ്‌കൂളുകളിലും കോളെജുകളിലും ഓഫീസുകളിലുമൊക്കെ.
“പുസ്തക വില്പനക്കാരനെന്നതിനോടൊപ്പം ഞാന്‍ നല്ലൊരു വായനക്കാരനാണ്. വരുമാനം മാത്രമല്ല എന്‍റെ ലക്ഷ്യം. അതുകൊണ്ട് നല്ല പുസ്തകങ്ങള്‍ മാത്രമേ വില്‍ക്കാറുള്ളു. എനിക്ക് ചെറുപ്പത്തിലേ എഴുത്തുകാരെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് ആരു വന്നാലും കാണാന്‍ പോകും,” ഷുക്കൂര്‍ തുടരുന്നു.
“ജില്ലയ്ക്കുള്ളിലും പുറത്തുമുള്ള എന്‍റെ അലച്ചിലില്‍ ശരീരം മനസ്സിനോട് ചേര്‍ന്നുപോകാന്‍ മടിച്ചുകൊണ്ടിരുന്നു,” ദ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈനില്‍ എഴുതിയ ഒരു കുറിപ്പില്‍ ഷുക്കൂര്‍ പറയുന്നു. “അങ്ങിനെയാണ് എന്‍റെ നോവലിന്‍റെ പരില്‍ വരാന്ത ചായപ്പീടിക തുടങ്ങുന്നത്. വളരെ കുറച്ച് ചായ ചെലവാകുന്ന ഒരു പീടിക. ചായ വില്‍പനയും എന്‍റെ വായനയും കഴിഞ്ഞാലും പിന്നെയും സമയം ബാക്കി.”
വരാന്തയില്‍ ചായ കൂട്ടുമ്പോഴും പലഹാരം നല്‍കുമ്പോഴും ഷുക്കൂര്‍ പറയുന്നത് സാഹിത്യമാണ്. അങ്ങനെയിരിക്കെയാണ് ഒരു പുസ്തകച്ചര്‍ച്ച സംഘടിപ്പിച്ചാലോ എന്ന് തോന്നുന്നത്.
2015 ആഗസ്തിലാണ് ചായക്കടയില്‍ ആദ്യത്തെ പുസ്തകചര്‍ച്ച നടത്തുന്നത്. വിനോയ് തോമസ്സിന്‍റെ ആദ്യനോവലായ ‘കരിക്കോട്ടക്കരി’യെക്കുറിച്ചായിരുന്നു അത്. എന്‍ പ്രഭാകരന്‍ മാഷ് വന്നു. പിന്നെ ഒരുപിടി പേര്‍. നല്ലൊരു ചര്‍ച്ച തന്നെ നടന്നു.
ഇതുകൂടി വായിക്കാം: ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ
പ്രകാശന്‍ മടിക്കൈയുടെ ‘കോരുവനത്തിലെ പൂതങ്ങള്‍’ ആയിരുന്നു അടുത്ത ചര്‍ച്ച. തമിഴ് എഴുത്തുകാരനായ ജയമോഹന്‍റെ ‘നൂറ് സിംഹാസനങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തിന് സാക്ഷിയാവാനും അതില്‍ സംസാരിക്കാനും ജയമോഹന്‍ പെടയങ്ങോട്ടെത്തി. വരാന്തയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ഗ്രാമം ചുറ്റിക്കണ്ടു.
വരാന്തയിലെ പുസ്തകച്ചര്‍ച്ച തുടര്‍പരിപാടിയായി. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 38-ഓളം എഴുത്തുകാര്‍ ആ ചായപ്പീടികയിലെത്തി. സക്കറിയ, എം മുകുന്ദന്‍, ഖദീജ മുംതാസ്, വി.ജെ.ജെയിംസ്, ബെന്യാമിന്‍, കര്‍ണാടകയില്‍ നിന്നുള്ള വിവേക് ഷാന്‍ബാഗ്… അങ്ങനെ നിരവധി എഴുത്തുകാര്‍.
“ഇവിടുത്തെ സാഹിത്യ സംവാദത്തിന് അദ്ധ്യക്ഷനോ ആശംസാ പ്രസംഗകരോ ഇല്ല. വാഗ്വാദമല്ല, ആശയ സംവാദമാണ് ഇവിടെ നടക്കുക. ഒരാള്‍ പറഞ്ഞ ആശയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കാറില്ല,” ചായക്കടയില്‍ ഉണ്ടായിരുന്ന കൂലിത്തൊഴിലാളിയും വരാന്ത ചര്‍ച്ചകളില്‍ സ്ഥിരം പങ്കാളിയുമായ പി കെ റഫീക്കിന് ഒരുപാട് പറയാനുണ്ട്.
“ഈ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍പ്പിന്നെയാണ് പുസ്തക വായനയില്‍ താത്പര്യം വന്നത്. ചര്‍ച്ചക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അയല്‍പക്കക്കാരൊക്കെ സഹായിക്കാറുണ്ട്.
“ചര്‍ച്ച നടക്കുന്ന ദിവസം പണിക്ക് പോകാതെ ഞാനും ഇവിടെ ഉണ്ടാകാറുണ്ട്. ചര്‍ച്ച നടക്കുമ്പോള്‍ ഷുക്കൂറിക്ക ചായക്കടക്കാരന്‍റെ വേഷത്തില്‍ ഒരു മൂലക്ക് ഉണ്ടാകും.
“ഇവിടെ വരുന്ന വിശിഷ്ടാതിഥികള്‍ക്ക് കൊടുക്കുന്ന അവാര്‍ഡ് എല്ലാം ഷുക്കൂറിക്കയ്ക്ക് പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ചതാണ്. അതൊന്നും സൂക്ഷിച്ച് വെക്കുന്ന ശീലം ഇക്കയ്ക്കില്ല…,” റഫീക്ക് തുടരുന്നു. “നമുക്ക് കാണാന്‍ പറ്റാത്ത എഴുത്തുകാര്‍ നമ്മുടെ നാട്ടിലെത്തുന്നത് അഭിമാനകരമല്ലേ,” റഫീക്ക് ചോദിക്കുന്നു.
അടുത്തുതന്നെ കാര്‍ഷിക നഴ്‌സറി നടത്തുന്ന അബ്ബാസ്സ് പറയുന്നത് വരാന്ത ചര്‍ച്ചയിലൂടെ പെടയങ്ങോട് പ്രശസ്തമായി എന്നാണ്. “എല്ലാ പരിപാടികള്‍ക്കും ഞാന്‍ പങ്കെടുക്കാറുണ്ട്. ഇതിന്‍റെ സംഘാടകനാണെന്ന ജാടയില്ലാതെ ഒരു വശത്തിരിക്കുന്ന ഷുക്കൂര്‍ക്ക തനി നാടന്‍ തന്നെയാണ്.”
ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ ചായക്കടയില്‍ വെള്ളം കയറിയിരുന്നു. പുസ്തകങ്ങള്‍ ഉള്‍പ്പെടെ കുറെ നാശനഷ്ടം ഉണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
എന്താണ് നഷ്ടപ്പെട്ടത് എന്ന് ചോദിച്ചവരോട് ഒരു കലവും മാച്ചി(ചൂല്)യും എന്നു പറഞ്ഞു. ‘മാച്ചിയല്ലേ പോകട്ടെന്ന്’ പറഞ്ഞ നാട്ടുകാരോട് ‘അതില്‍ നിറയെ ഈര്‍ക്കില്‍ ഉണ്ടായിരുന്നു’
ഇവിടെ നടക്കുന്ന സംവാദങ്ങള്‍ പുസ്തകരൂപത്തിലാക്കി വിറ്റഴിക്കാന്‍ പലരും പറയുമ്പോഴും ഷുക്കൂര്‍ അത് നിരസിക്കുകയാണ്. വായനക്ക് വേണ്ടിയുള്ള ഒരു സമര്‍പ്പിത രൂപമാണ് ഷുക്കൂറിന്‍റേതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുമ്പോള്‍ തലക്കനമില്ലാതെ പുതിയ പുസ്തകങ്ങളുമായി വായനക്കാരെത്തേടി നടക്കുകയാണ്
“ഇപ്പോള്‍ എനിക്ക് 58 വയസ്സായി. ഞാനീ ഗ്രാമത്തില്‍ തുടങ്ങി വെച്ച സാഹിത്യ ചര്‍ച്ച കേരളത്തില്‍ തന്നെ പല വായനക്കൂട്ടങ്ങളും സാഹിത്യക്യാംപുകളും തുടങ്ങുന്നതിന് പ്രേരകമായിട്ടുണ്ട്,” അതാണ് ഷുക്കൂറിന്‍റെ സന്തോഷം.
“ഇപ്പോള്‍ വായിക്കാത്തവര്‍ക്ക് വലിയ നഷ്ടമാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും നല്ല കഥാകാലമാണിത്. ലോക നിലവാരത്തിലുള്ള കഥകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഹരീഷിന്‍റെ ‘മോദസ്തനായി വസിപ്പൂ മല പോലെ’ എന്ന കൃതിയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. വിനോയ് തോമസ്സിന്‍റെയും കെ.എന്‍.പ്രശാന്തിന്‍റെയും രചനകളും മികച്ച നിലവാരത്തിലുള്ളതാണ്,” ചായക്കൊപ്പം കഴിക്കാന്‍ അതാ വരുന്നു, ഏറ്റവും പുതിയ കഥകള്‍.
ഇതുകൂടി വായിക്കാം:കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.