ചെങ്കല്‍ ഗ്രാമത്തില്‍ കടമ്പന്‍ മൂത്താന്‍ എന്താണ് ചെയ്യുന്നത്?

ഉടുത്തുകെട്ടും പുല്‍ക്കിരീടവുമായി കടമ്പന്‍ മൂത്താന്‍റെ വരവാണ് ഓര്‍ഗാനിക് തിയ്യെറ്ററിന്‍റെ തുടക്കം. പ്രകൃതിയുടെയും മണ്ണിന്‍റെയും കാവലാളാണ് മൂത്താന്‍.

കുറുക്കനും വടക്കന്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ നാടകം കെട്ടലുമായി തമ്മിലൊരു രസകരമായ ബന്ധമുണ്ട്.

കൊയ്ത്തൊക്കെ കഴിഞ്ഞാല്‍ പാടത്ത് പയറും വെള്ളരിയും ചീരയും പച്ചക്കറികളുമൊക്കെ നടും. വെള്ളരിയാണ് പ്രധാനവിള. കായ്കള്‍ പിടിച്ചുതുടങ്ങിയാല്‍ പിന്നെ കുറുക്കന്‍മാരുടെ ശല്യമാണ്. ഇളംവെള്ളരിതിന്നാന്‍ നിലാവത്ത് കുറുക്കന്മാരിറങ്ങും.

കടമ്പന്‍ മൂത്താന്‍

കുറുക്കന്മാരുടെ രാത്രികാല റെയ്ഡ് തടയാന്‍ പാടങ്ങളില്‍ നാട്ടിലെ കര്‍ഷകരും ചെറുപ്പക്കാരും കാവലിരിക്കുമായിരുന്നു.

ഇങ്ങനെ രാവുവെളുക്കുംവരെ കാവലിരിക്കുമ്പോള്‍ മുഷിപ്പു മാറ്റാന്‍ അവര്‍ പല വഴികളും തേടി. കാവല്‍പ്പുരകളില്‍ ഉണ്ടായ രസകരമായ നാടകരൂപമാണ് വെള്ളരി നാടകം.

1930കളിലാണ് ആ നാടകവേദിക്കൊരു രൂപം ഉണ്ടാകുന്നതെന്ന് പിന്നീട് വെള്ളരിനാടകം പുനരവതരിപ്പിച്ച കലാകാരന്മാരിലൊരാളായ കെ വി ബാലകൃഷ്ണന്‍ പറയുന്നുണ്ട്.

കാവല്‍പ്പുരകളില്‍ ഉണ്ടായ രസകരമായ നാടകരൂപമാണ് വെള്ളരി നാടകം.

രസകരമായിരുന്നു വെള്ളരിനാടകങ്ങള്‍ എന്ന് അദ്ദേഹം പറയുന്നു. അന്നുണ്ടായിരുന്ന മറ്റ് “അന്തസ്സുറ്റ” നാടകരൂപങ്ങളേയും സമൂഹത്തിലെ ജന്മിമാരെയുമൊക്കെ കണക്കിന് കളിയാക്കുകയും പാരഡിയുണ്ടാക്കുകയുമായിരുന്നു അന്നത്തെ നാടന്‍ കലാകാരന്മാര്‍ ചെയ്തത്.

കടമ്പന്‍ മൂത്താന്‍

മിഥുനമാസത്തില്‍ വെള്ളരിനാടകത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. ചിങ്ങമാസത്തില്‍ വിളവെടുപ്പ് കഴിയുമ്പോള്‍ ആ പാടങ്ങളില്‍ തന്നെ പൊതുജനങ്ങള്‍ക്കായി ആ നാടകം അവതരിപ്പിക്കും.

1989ല്‍ ഡോ. ടി പി സുകുമാരന്‍ ആയഞ്ചേരി വല്ല്യശ്മാനന്‍ എന്ന പേരില്‍ ഒരു വെള്ളരിനാടകം പുനരവതരിപ്പിച്ചു. അത് കേരളത്തിലുടനീളം കളിച്ചു, ഇരുപത് വര്‍ഷത്തോളം.

ആയഞ്ചേരി വല്യശ്മാനനിലെ പ്രധാന നടന്‍ 2006ല്‍ മരിച്ചു. അദ്ദേഹത്തിനെയല്ലാതെ മറ്റൊരാളെ ആ റോളിലേക്ക് ആലോചിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് ആ നാടകാവതരണം അവസാനിപ്പിക്കേണ്ടിവന്നു.

മണ്ണിന്‍റെ മണമുള്ള കഥകളുമായി ഒരു നാടകക്കൂട്ടത്തിന് വിത്തിട്ടിരിക്കുകയാണ് കേരളത്തിലെ മറ്റൊരു വിദൂര കാര്‍ഷിക ഗ്രാമം.

വെള്ളരിനാടകങ്ങളെ പിന്‍പറ്റിക്കൊണ്ട്, കര്‍ഷകര്‍ അവതരിപ്പിക്കുന്ന, മണ്ണിന്‍റെ മണമുള്ള കഥകളുമായി ഒരു നാടകക്കൂട്ടത്തിന് വിത്തിട്ടിരിക്കുകയാണ് കേരളത്തിലെ മറ്റൊരു വിദൂര കാര്‍ഷിക ഗ്രാമം.

തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ പ‍ഞ്ചായത്തിലെ കീഴമ്മാടത്താണ് പുതിയൊരു നാടക-കാര്‍ഷിക പരീക്ഷണം അരങ്ങേറുന്നത്. നെല്ലും പച്ചക്കറിയും വിളയുന്ന ഏലകള്‍ തന്നെയാണ് നാടകത്തിന്‍റെ വേദി. ഓര്‍ഗാനിക് തീയ്യെറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകവേദി.

കീഴമ്മാടത്തെ അമ്പത്തഞ്ച് ഏക്കര്‍ പാടത്ത് ജൈവകൃഷി നടത്താന്‍ മാറ്റിവെച്ചിരിക്കുന്നു. കൃഷിപ്പണികള്‍ക്കിടയില്‍ കര്‍ഷകര്‍ നാടകക്കളരിയിലും പങ്കെടുക്കുന്നു. കഥകള്‍ പറയുന്നു, നാടകത്തിനായി സ്ക്രിപ്റ്റ് ഒരുക്കുന്നു. വിളവെടുപ്പിനോടൊപ്പം അവരുടെ നാടകവും അവതരിപ്പിക്കും.

നാടകപ്രവര്‍ത്തകനായ എസ് എന്‍ സുധീറിന്‍റേതാണ് ഓര്‍ഗാനിക് തിയ്യേറ്റര്‍ എന്ന സങ്കല്‍പം. നേരത്തെ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലും ഇടുക്കിയിലും ഓര്‍ഗാനിക് തിയ്യേറ്റര്‍ അവതരിപ്പിച്ചതിന്‍റെ അനുഭവത്തിലാണ് കൂടുതല്‍ വ്യാപകമായ ജനപങ്കാളിത്തത്തോടെ ചെങ്കല്‍ പഞ്ചായത്തില്‍ സ്ഥിരം നാടകവേദിയൊരുക്കിയിരിക്കുന്നത്.

ഉടുത്തുകെട്ടും പുല്‍ക്കിരീടവുമായി കടമ്പന്‍ മൂത്താന്‍റെ വരവാണ് ഓര്‍ഗാനിക് തിയ്യെറ്ററിന്‍റെ തുടക്കം. പ്രകൃതിയുടെയും മണ്ണിന്‍റെയും കാവലാളാണ് മൂത്താന്‍. മണ്ണിനെയും പ്രകൃതിയെയും വീണ്ടെടുക്കാന്‍ മണ്ണിലിറങ്ങി പണിയെടുക്കാന്‍ നാട്ടാരോടാവ ശ്യപ്പെട്ടുകൊണ്ടാണ് മൂത്താന്‍റെ വരവ്.

പ്രകൃതി കൃഷിക്കൊപ്പം നാടന്‍ പാട്ടുകളും നാട്ടുകലകളും പ്രോത്സാഹിപ്പിക്കുക  എന്നതുകൂടിയാണ് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് വിവ വ്യക്തമാക്കുന്നു.

ഓര്‍ഗാനിക് തിയ്യെറ്ററിനായി ചെങ്കല്‍ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് എസ് എന്‍ സുധീര്‍ ഇങ്ങനെ പറയുന്നു: ചെങ്കല്‍ പ്രധാനമായും ഒരു കാര്‍ഷികഗ്രാമമാണ്. ഗ്രാമവാസികളില്‍ കുറെപ്പേര്‍ കര്‍ഷകരാണെങ്കിലും അവര്‍ രാസകീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. പ്രദേശവാസികളില്‍ പലരും കാന്‍സര്‍ രോഗികളാണ്. അതുകൊണ്ട് അവരെ ജൈവകൃഷിയിലേക്ക് കൊണ്ടുവരുന്നതിനുളള ഒരു മാര്‍ഗം തിയ്യേറ്ററിലൂടെ തേടുകയാണ്.

അമ്പത്തിയഞ്ചേക്കര്‍ പാടശേഖരത്തിലെ ജൈവകൃഷിക്കുപുറമെ ചെങ്കല്‍ പഞ്ചായത്തിലെ എല്ലാവീടുകളിലും വാര്‍ഡുകളിലും  ജൈവകൃഷിത്തോട്ടം സ്ഥാപിക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക എന്നതുകൂടി ഓര്‍ഗാനിക് തിയ്യെറ്ററിന്‍റെ ലക്ഷ്യമാണ്.

ചെങ്കല്‍ കൃഷിഭവന്‍, ഹരിതകേരളം മിഷന്‍, വിവ എന്ന സാംസ്കാരിക സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓര്‍ഗാനിക് തിയ്യെറ്റര്‍ ഒരുക്കിയിരിക്കുന്നത്.

“കാര്‍ഷിക സാംസ്കാരിക നവോത്ഥാനം” ആണ് വിവ എന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ചെങ്കല്‍ ഗ്രാമത്തിലെ ഓര്‍ഗാനിക് തിയ്യെറ്ററിനെക്കുറിച്ച് വിവ വിശദീകരിക്കുന്നതിങ്ങനെയാണ്.

“നോക്കെത്താദൂരം പരന്നുകിടക്കുന്ന പാടം ആണ് ഇവരുടെ ലോകം. ഇവിടെ നിന്നാൽ ഭൂമി പരന്നതു തന്നെയെന്ന് തോന്നുമെങ്കിലും, ഇവർ സ്നേഹപൂർവ്വം പലപ്പോഴും തമ്മിൽ കണ്ടുമുട്ടുന്നുണ്ട് എന്നത് അതിൻ്റെ ഗോളാവസ്ഥയെ അനുഭവവേദ്യമാക്കുന്നു. സൂര്യനിൽ നിന്നും നേരിട്ട് ഭക്ഷണം വാങ്ങിക്കഴിക്കുന്നുണ്ട്, ഇവർ. എങ്കിലും, അമിതമായ രാസകീടനാശിനിയുടെ പിടിയിൽ നിന്ന് ലോകത്തെ ആകമാനം രക്ഷിച്ചെടുക്കുവാൻ ഇവർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.”

ജൈവകൃഷിയിലൂടെയും കലയിലൂടെയും കാര്‍ഷിക-സാംസ്കാരിക നവോത്ഥാനം ലക്ഷ്യമിടുന്ന സംഘടന ചെങ്കല്‍ പഞ്ചായത്തിലെ ഈ പദ്ധതിയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ഈയിടെ പുറത്തിറക്കി. കൈരളി ടിവിയിലെ സീനിയര്‍ പ്രൊഡ്യൂസറും സിനിമാസഹസംവിധായകനുമായിരുന്ന സുധീര്‍ തന്നെയാണ് ഈ ഡോക്യുമെന്‍ററിയുടെ സംവിധായകന്‍.

” അധ്വാനം, ആഘോഷമാകുന്നു, ഇൗ ഹരിതഭൂമികയിൽ, വിളവെടുപ്പുത്സവത്തോടൊപ്പം, ‘നാടിന്‍റെ അകമായ നാടക’വും അവതരിപ്പിച്ചുകൊണ്ട് ഓരോ ഗ്രാമവും കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് തുടക്കംകുറിക്കുന്നുവെന്നതാണ്  ഓര്‍ഗാനിക് തീയ്യെറ്ററിന്‍റെ മൗലികത,” ഓര്‍ഗാനിക് തിയ്യെറ്ററിന്‍റെ സംഘാടകര്‍ വ്യക്തമാക്കുന്നു.

ഫോട്ടോ: WiWA

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം