1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍

സ്വന്തം വീട് യക്ഷഗാന പാവകളി മ്യൂസിയമാക്കി മാറ്റുകയാണ് രമേശ്. മരിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യകലയെ നിലനിര്‍ത്താന്‍ ജീവിതം പോലും മറന്നുകൊണ്ടുള്ള ഒരു മനുഷ്യന്‍റെ കഠിന പരിശ്രമം. 

കാസര്‍ഗോഡ് ചന്ദ്രഗിരിപുഴയോരത്തെ പുലിക്കുന്നിലെ വീടിനോട് ചേര്‍ന്ന് രമേശിനൊരു മരപ്പണിശാലയുണ്ട്. അവിടെ ദിവസം മുഴുവന്‍ അധ്വാനത്തിലാണ് രമേശ്. സ്വന്തം വീട് യക്ഷഗാന പാവകളിയുടെ മ്യൂസിയമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം. മൂന്ന് മാസത്തിനകം ആയിരത്തിലധികം മരപ്പാവകളുണ്ടാക്കണം, ആടയാഭരണങ്ങളൊരുക്കണം…എന്നിട്ടുവേണം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍.

സ്വന്തം വീട് യക്ഷഗാന മ്യൂസിയമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് രമേശ്

ഏറെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യകലയെ നിലനിര്‍ത്താനുള്ള ഒരു മനുഷ്യന്‍റെ ശ്രമമാണ്. അതിനായി തനിക്കുള്ള സമ്പാദ്യമെല്ലാം ചെലവഴിക്കുകയാണ് ഈ മനുഷ്യന്‍.

ദിവസത്തില്‍ ഏഴുമണിക്കൂറിലധികം രമേശിപ്പോള്‍ പണിശാലയില്‍ ചെലവിടുന്നത് ആ സ്വപ്‌നം നിര്‍മ്മിച്ചെടുക്കാനാണ്.

രമേശിനു പാവകളി ജീവിതം തന്നെയാണ്. തുളുനാടന്‍ നൃത്തകലയുടെ സൗന്ദര്യം തുടിക്കുന്ന ഈ കലയ്ക്കുവേണ്ടി ഈ 47കാരന്‍ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്.

തുളുനാടന്‍ നൃത്തകലയുടെ സൗന്ദര്യം തുടിക്കുന്ന ഈ കലയ്ക്കുവേണ്ടി ഈ 47കാരന്‍ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്.

“‘ഇത് സ്വന്ത ചെലവില് നമ്മ ചെയ്യ്ന്നതാണ്. ഇപ്പോ ഞാനും എന്‍റെ അനിയന്മാരും ഏടത്തിമാരും എന്നെ സഹായിച്ച്ട്ട്ണ്ട്. പിന്നെ കൊറച്ച് ലോണ് കാര്യം എല്ലാംണ്ട്. അങ്ങനെ ചെയ്താലേ ഈ കല നിലനില്‍ക്കൂ. അതിനാല നമ്മടെ സ്വന്തം ചെലവഴിച്ച് ഇത് ചെയ്യുകയാണ്,” തുളു കലര്‍ന്ന മലയാളത്തില്‍ രമേശ് പറയുന്നു.

യക്ഷഗാനത്തിന്‍റെ പാവകളി രൂപമായ യക്ഷഗാന ബൊമ്മയാട്ടത്തെക്കുറിച്ചു കേട്ടിട്ടുള്ള മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. തന്‍റെ വീടിന്‍റെ രണ്ടും മൂന്നും നിലകള്‍ യക്ഷഗാന പാവകള്‍ക്കായി യക്ഷപുത്തളി ബൊമ്മെമന എന്ന പേരില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് രമേശ്. കോടികള്‍ ചെലവുവരും അതിന്. ഇതിന് സര്‍ക്കാരിന്‍റെയോ മറ്റ് ഏജന്‍സികളുടെയോ നയാപൈസ സഹായമില്ല. കാസര്‍ഗോഡ് ഒരു പ്രസ് നടത്തുന്നുണ്ട് രമേശ്. പരമ്പരാഗതമായി കിട്ടിയതാണ്. അതില്‍ നിന്നുള്ള വരുമാനവും ബൊമ്മയാട്ടത്തിന് വേണ്ടി ചെലവാക്കുന്നു.

ശ്രീരാമന്‍റെയും സീതയുടെയും ബൊമ്മയാട്ട രൂപങ്ങള്‍

സ്വന്തം വരുമാനത്തില്‍ നിന്നും ഈ സംരഭത്തിനായി എന്തിന് ഇത്രയേറെ പണം ചെലവാക്കുന്നു ചോദിച്ചാല്‍ ഇദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരിക്കും. പാവകളിയെക്കുറിച്ചു പുതുതലമുറ അറിയണം, പഠിക്കണം, ഈ കല നിലനില്‍ക്കണം. തനിക്ക് അതു മതി.

‘യക്ഷഗാന പാവകളി ഒരു ഡയിങ് ആര്‍ട്ട് ആണ്. എന്താന്ന് പറഞ്ഞാല് നങ്കള് 1981ലാണ് നങ്കളെ ട്രൂപ്പ് തൊടങ്ങിയത്. അപ്പോ കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി ഇവടെയായി 30 ട്രൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോ കാസര്‍ഗോഡ് നമ്മ ട്രൂപ്പ് പിന്നെ കുന്ദാപ്പുരയില്‍ ഒരു ട്രൂപ്പ്, അങ്ങനെ രണ്ട് ട്രൂപ്പേ ഉള്ളത്,’ രമേശ് പരിതപ്പിക്കുന്നു.

കൈമാറാനാള്ളില്ലാതെ ഈ പരമ്പരാഗത കലാരൂപം ശേഷിപ്പുകളൊന്നും ബാക്കിവെക്കാതെ മായുന്നതിന് മുമ്പ് ചരിത്രത്തില്‍ അതിനെ രേഖപ്പെടുത്താനാണ് രമേശിന്‍റെ ഒറ്റയാള്‍ പോരാട്ടം.

1981ലാണ് നങ്കളെ ട്രൂപ്പ് തൊടങ്ങിയത്. അപ്പോ കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി ഇവടെയായി 30 ട്രൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോ കാസര്‍ഗോഡ് നമ്മ ട്രൂപ്പ് പിന്നെ കുന്ദാപ്പുരയില്‍ ഒരു ട്രൂപ്പ്..

അമ്മ ഗിരിജയ്ക്കൊപ്പമാണു താമസം. ജീവിതം മധ്യാഹ്നത്തിലെത്തി നില്‍ക്കുന്ന ഈ നേരത്തും എന്തേ വിവാഹം കഴിച്ചില്ലെന്ന് ചോദിച്ചുനോക്കൂ. കല്യാണം കഴിഞ്ഞാല്‍ ശ്രദ്ധ മാറിപ്പോകുമെന്ന് ചിരിയോടെയുള്ള രമേശിന്റെ മറുപടി വരും.

4,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട് യക്ഷഗാന പാവകളിയുടെ മ്യൂസിയമാക്കി മാറ്റുകയാണ് രമേശ്. ഈ കെട്ടിടത്തില്‍ 1,000 യക്ഷഗാന പാവകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മ്യൂസിയം, പാവകളി പ്രദര്‍ശനം കാണുന്നതിനായി 75 പേര്‍ക്കായി തയാറാക്കിയിട്ടുള്ള ഹാള്‍, ലൈബ്രറി, ഗസ്റ്റ് റൂം, ഓഫീസ് മുറി എന്നിവ സജ്ജീകരിക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം.

മ്യൂസിയത്തില്‍ ഒരുക്കുന്ന ആയിരം പാവകളില്‍ ഒരെണ്ണത്തിന്റെ നിര്‍മാണത്തിനു മാത്രം 25,000-30,000 രൂപ ചെലവ് വരും. കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതിനായി തേക്കിന്‍ തടിയിലാണ് ഇവ തീര്‍ക്കുന്നത്.

“ഈ ഒരേയൊരു പാവത്തിന് നങ്കള്ക്ക് മുപ്പതായിരം രൂപ ചെലവ് വരും. ടീക്ക് വുഡില്‍ ചെയ്യുന്നതാണ്… ഓരോരോ പാവകളാ അറുന്നൂറ് എഴുന്നൂറ് കൊല്ലം നിലനിര്‍ത്തിക്കൊണ്ടുപോവാനാണ്,” രമേശ് വിശദീകരിക്കുന്നു.

ഇതുവരെ അധ്വാനിച്ചുണ്ടാക്കിയ പണവും സഹോദരങ്ങളായ ഡോ.ഓംപ്രകാശിന്റെയും എന്‍ജിനിയര്‍ ശ്രീവത്സന്‍റെയും സഹായവുമാണ് ഇതിന്‍റെ മൂലധനം. ഇതിനു പുറമെ വായ്പയുമെടുത്തിട്ടുണ്ട്. പാവകളിയോടു താല്പര്യമുള്ളവര്‍ക്കെല്ലാം പ്രവേശനവും പരിശീലനവും നല്‍കും. എല്ലാം തികച്ചും സൗജന്യമായിരിക്കും.

മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പാവ ഉണ്ടാക്കാന്‍ 25,000 മുതല്‍ 30,000 രൂപ വരെ ചെലവ് വരും. തേക്കിന്‍തടിയിലാണ് നിര്‍മ്മാണ്. 600-700 കൊല്ലം നശിക്കാതിരിക്കാനാണിത്.

അവിഭക്ത കന്നഡനാടിന്‍റെ കലാരൂപമാണു യക്ഷഗാന ബൊമ്മയാട്ടം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോഴും കാസര്‍ഗോഡ് ഈ കലയെ കൈവിട്ടില്ല. ജീവന്‍ തുളുമ്പുന്ന പാവകളാണു കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലെത്തുക. പിന്നണിയില്‍ നില്‍ക്കുന്ന പാവകളി കലാകാരന്റെ വിരല്‍ ചലനങ്ങള്‍ക്കനുസരിച്ചു പാവകള്‍ വേദിയില്‍ യുദ്ധം ചെയ്യുകയും പറക്കുകയും നൃത്തമാടുകയും ചെയ്യും.

കിരീടം വെച്ച രാജാക്കന്മാര്‍, തന്ത്രശാലികളായ മന്ത്രിമാര്‍, സാരഥികള്‍, ഋഷികള്‍, തോഴിമാര്‍… തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തും. മനംമയക്കുന്ന ആടയാഭരണങ്ങളുമായി രംഗത്തെത്തുന്ന പാവകള്‍ പാട്ടിനും താളത്തിനുമൊത്ത് അഭിനയിക്കുമ്പോള്‍ കാണികള്‍ മറ്റൊരു വിസ്മയലോകത്തെത്തുന്നു.

വിരല്‍ത്തുമ്പിലെ ചരടുകളിലൂടെ പാവകള്‍ക്കു ജീവന്‍ നല്‍കി കഥാകഥനത്തിന്റെ വിസ്മയം സൃഷ്ടിക്കുന്ന രമേശ് രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സംസ്‌കാരത്തിന്റെ ഇഴകളെ അടുപ്പിച്ചുനിര്‍ത്തുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തിരശീലയുടെ പുറകിലിരുന്നു രമേശും സംഘവും പാവകള്‍ക്കു ജീവന്‍ നല്‍കുന്നു.

യാദൃശ്ചികമായാണു രമേശ് പാവകളിയിലേക്കു കടന്നു വരുന്നത്. കാസര്‍ഗോഡ് ഗവ.കോളജില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം. കര്‍ണാടകയിലെ പ്രസിദ്ധ പാവകളി വിദഗ്ധന്‍ കൊഗ്ഗണ്ണ കമ്മത്തിന്‍റെ പാവകളി കാണാനിടയായി. അപ്പോഴുണ്ടായ താല്പര്യവും ജന്മനായുണ്ടായ കലാബോധവും സമ്മേളിച്ചപ്പോള്‍ ഒരു നല്ല പാവകളി കലാകാരന്‍ ജനിച്ചു. ഏറെനാളത്തെ പരിശീലനത്തിനൊടുവില്‍ പഞ്ചവടി എന്ന പാവകളി സ്വന്തം വീട്ടുമുറ്റത്ത് അവതരിപ്പിച്ച് അരങ്ങേറ്റം നടത്തി. ശ്രീ ഗോപാലകൃഷ്ണ ബൊമ്മയാട്ട സംഘമെന്ന ട്രൂപ്പിനും രമേശ് തുടക്കം കുറിച്ചു.

തുടക്കത്തില്‍ നിന്നും വ്യത്യസ്തമായി ഇന്നു ചില മാറ്റങ്ങള്‍ ഈ കലയ്ക്കു വന്നുചേര്‍ന്നിട്ടുണ്ട്. ആദ്യകാലങ്ങളില്‍ രണ്ടുമണിക്കൂറായിരുന്നു ദൈര്‍ഘ്യം. പാവകളിക്കാര്‍ക്കു പുറമെ പാട്ടുപാടുവാന്‍ ഭാഗവതരും സംഭാഷണങ്ങള്‍ പറയുന്നതിനു മൂന്നുപേരും ചെണ്ട, മദ്ദളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമൊക്കെയായി 16 പേരോളം ഒരു ട്രൂപ്പിലുണ്ടാകും, രമേശ് വിശദീകരിക്കുന്നു.

കേരളത്തില്‍ ബൊമ്മയാട്ടം അവതരിപ്പിക്കുമ്പോള്‍ സംഭാഷണം മലയാളത്തിലും പാട്ടുകള്‍ കന്നടയിലുമായാണ് അവതരിപ്പിക്കുന്നത്.

ബാലി-സുഗ്രീവയുദ്ധം, ലങ്കാദഹനം, പഞ്ചവടി, നരകാസുരവധം, ഗരുഡഗര്‍വഭംഗ, ശ്രീദേവി മാഹാത്മ്യ, ഇന്ദ്രജിത്കാളക തുടങ്ങി പത്തോളം കഥകളാണു ഇതിനായി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ പാവകളിയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കി ചുരുങ്ങി. ഭാഗവതര്‍ക്കും വാദ്യകലാകാരന്മാര്‍ക്കും സംഭാഷണം പറയുന്നവര്‍ക്കും പകരമായി ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത സിഡി വന്നു. ട്രൂപ്പിലെ ആളുകളുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞു. ദേവിമഹാത്മ്യം, നരകാസുരവധം എന്നീ കഥകളാണ് ഇപ്പോള്‍ പ്രധാനമായും അവതരിപ്പിക്കുന്നത്.

കേരളത്തില്‍ ബൊമ്മയാട്ടം അവതരിപ്പിക്കുമ്പോള്‍ സംഭാഷണം മലയാളത്തിലും പാട്ടുകള്‍ കന്നടയിലുമായാണ് അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ മുപ്പതോളം പ്രോഗ്രാമുകള്‍ രമേശും സംഘവും അവതരിപ്പിക്കുന്നു. പ്രധാനമായും കര്‍ണാടകയിലും കേരളത്തിലുമാണു പ്രോഗ്രാമുകള്‍ ലഭിക്കുക. പാക്കിസ്ഥാന്‍, പാരീസ്, ദുബായ്, ചെക്കോസ്ലോവാക്യ, ചൈന തുടങ്ങി വിദേശരാജ്യങ്ങളിലും പാവകളി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം ജൂണില്‍ ലണ്ടനിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചിട്ടണ്ട്, അദ്ദേഹം പറഞ്ഞു.

യക്ഷഗാന പാവകളിയെക്കുറിച്ചു പറയാന്‍ രമേശിനു നൂറുനാവാണ്. ഗാനം, സംഭാഷണം, നൃത്തം എന്നിവയുടെ സമന്വയമാണു ബൊമ്മയാട്ടം. ഇതു പഠിക്കാന്‍ ബുദ്ധിമുട്ടുണ്ട്. യക്ഷഗാനമറിഞ്ഞാല്‍ നല്ലത്. മൂന്നു മുതല്‍ അഞ്ചു കിലോ വരെ തൂക്കമുള്ള പാവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കളിനടക്കുന്ന നേരം മുഴുവനും അണിയറയിലെ കലാകാരന്മാരുടെ കൈകള്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കണം. ഉഡുപ്പിക്ക് അപ്പുറം കര്‍ണാടകയിലും ഇങ്ങോട്ടു കാസര്‍ഗോഡും വ്യത്യസ്ത ശൈലികളാണുപയോഗിക്കുന്നത്.

പ്രധാനമായും രമേശ് തന്നെയാണു പാവകളും ആടയാഭരണങ്ങളും നിര്‍മിക്കുന്നത്. സഹായികളായി ചിലര്‍ കൂടിയുണ്ട്. ബൊമ്മയാട്ടത്തിനായി നിര്‍മിക്കുന്ന പാവ തീര്‍ക്കാന്‍ 20,000-25,000 രൂപ വരെ ചെലവാകും. പാല, തേക്ക്, കുമ്പിള്‍ മരങ്ങളാണു ഇത്തരം പാവകള്‍ നിര്‍മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ പാവയുണ്ടാക്കാനും ദിവസങ്ങള്‍ ചെലവഴിക്കണം. തടി ചിന്തേരിട്ടു മിനുക്കി ചായംതേച്ചു ഉടയാടകളും ആഭരണങ്ങളും അണിയിക്കുന്നു.

ചെക്കോസ്ലോവാക്യയിലെ ഫ്രാങ്കില്‍ നിന്നും ബെസ്റ്റ് ട്രഡീഷണല്‍ പപ്പറ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ കലയ്ക്കു വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിട്ടും കേരള സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള ധനസഹായവും രമേശിനു ലഭിച്ചിട്ടില്ല. കന്നട രാജ്യോത്സവ പ്രശസ്തി എന്ന അവാര്‍ഡ് തുകയായി ലഭിച്ച ഒരു ലക്ഷം രൂപയാണു സര്‍ക്കാരില്‍ നിന്നും ലഭിച്ച ഏകസഹായം.

സഹായമൊന്നും ലഭിച്ചില്ലെങ്കിലും അല്പം വൈകിയാണെങ്കിലും താന്‍ ഈ മ്യൂസിയം പൂര്‍ത്തിയാക്കുമെന്നു തന്നെയാണു രമേശ് പറയുന്നു. രമേശിന്റെ ശ്രീ ഗോപാലകൃഷ്ണ ബൊമ്മയാട്ട സംഘം ആരംഭിക്കുമ്പോള്‍ കാസര്‍ഗോട്ട് ഇത്തരത്തില്‍ 30 ഓളം ട്രൂപ്പുകളുണ്ടായിരുന്നു. ഇന്നാകട്ടെ അതില്‍ വെറും രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

എളുപ്പം വിസ്മൃതിയിലാണ്ടു പോകാവുന്ന ഒരു കലയെ നിലനിര്‍ത്താനാണു ഈ മനുഷ്യന്‍ പാടുപെടുന്നത്. സഹായം അഭ്യര്‍ഥിച്ച് ആരുടെ മുമ്പിലും കൈനീട്ടിയിട്ടില്ല.

നിരവധി വിദേശികളാണ് രമേശിന്റെ ബൊമ്മയാട്ടത്തെ കുറിച്ച് വീട്ടിലെത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍പലരും വിസ്മയത്തോടെയാണ് ഈ കലയെ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബി ആര്‍ ഡിസി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി നടത്തിയ ടൂറിസം പരിപാടിയില്‍ രമേശിന്റെ പാവകളിയുണ്ടായിരുന്നു.

ഇതുവരെ മുവായിരത്തിലധികം ഷോ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഷോക്ക് 15,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഈടാക്കുന്നത്, രമേശ് പറയുന്നു.

രമേശിന്റെ ഒമ്പത് സ്ത്രീകള്‍ ബൊമ്മയാട്ടത്തില്‍ പരിശീലനം നേടുന്നുണ്ട്. ഇതില്‍ എട്ടുവയസ്സുകാരി മുതല്‍ 40 വയസ്സുകാരിവരെയുണ്ട്. ഒരു ദിവസം ഏഴ് മണിക്കൂറിലധികം പാവയുണ്ടാക്കാന്‍ സമയം കണ്ടെത്തുന്ന രമേശ് ഇതിനിടയിലാണ് പാവകളിക്കും തന്‍റെ ഏക വരുമാന മാര്‍ഗ്ഗമായ പ്രസ്സിലെയും കാര്യങ്ങള്‍ നോക്കുന്നത്.

ഒരു ഫര്‍ണിച്ചര്‍ കടയെ വെല്ലുന്ന ഉപകരണങ്ങളാണ് വീടിനോട് ചേര്‍ന്നുള്ള പാവനിര്‍മ്മാണ ശാലയിലുള്ളത്. മരങ്ങള്‍ ചിന്തേരിടാനും തുളക്കാനും മുറിക്കാനും പ്രത്യേകം പ്രത്യേകം യന്ത്രങ്ങളുണ്ട്. അതിസൂക്ഷ്മതയോടെ കൊത്തിയെടുക്കുന്ന പാവകള്‍ ഏതൊരു ശില്‍പിയെയും വെല്ലുന്ന കയ്യടക്കത്തോടെയാണ് ബൊമ്മയാട്ടത്തിനായി രമേശ് ഒരുക്കുന്നത്.

മൂന്ന് മാസത്തിനുള്ളില്‍ മ്യൂസിയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ പിതാവും മുത്തച്ഛനും രണ്ട് സഹോദരന്‍മാരും സഹോദരിമാരും പാവകളി ഹൃദയത്തിലേറ്റിയവരാണ്. പാവകളിയുടെ പ്രചാരകനാവുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് ഈ കലാകാരന് സൗമ്യമായി പറഞ്ഞുവെയ്ക്കുന്നു.

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം