മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ

മലയാളം വെള്ളംപോലെ പറഞ്ഞ്  ആ കുട്ടികള്‍ വിദഗ്ധസംഘത്തെ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ കവിതയും കഥയുമെഴുതി അവരെ പിന്നെയും ഞെട്ടിച്ചു.

“ഒരു ദിവസം മാവുമരത്തിന്‍റടുത്ത് ഒരു മിന്നു എന്ന കുട്ടി ഉണ്ടായിരുന്നു. അപ്പോളാണ് അപ്പു അവളുടെ കൂട്ടുകാരന്‍ വന്നത്. അവര്‍ മരത്തില്‍ ഒരു മാമ്പഴം കണ്ടു. അപ്പോളാണ് ഒരു പപ്പുക്കാക്ക വന്നത്. അവന്‍ ആ കുട്ടികളെ മാമ്പഴം പറിക്കുന്നത് കണ്ടു. ആ മരത്തില്‍ കുറേ അണ്ണാന്‍ കുഞ്ഞുങ്ങളുണ്ടായി. കാക്കയുടെ പുറകില്‍ തേനീച്ചക്കൂടുണ്ടായിരുന്നു. രണ്ടുമുയലുകള്‍ കളിക്കുന്നുണ്ടായിരുന്നു. കാക്കകള്‍ ആകാശത്തില്‍ പറക്കുന്നുണ്ടായിരുന്നു.”

അല്ലപ്ര സ്കൂളില്‍ റോഷ്നി പദ്ധതിക്ക് കീഴില്‍ ഭാഷാപഠനം നടത്തുന്ന ഒരു കുട്ടിയുടെ കുറിപ്പ്. ഫോട്ടോ: ഫേസ്ബുക്ക്/ കെ ജയശ്രീ

ഈ കഥയിലെ അക്ഷരത്തെറ്റുകളും വ്യാകരണവും നോക്കി മാര്‍ക്കിടാന്‍ വരട്ടെ. ഇത് എറണാകുളം ജില്ലയിലെ അല്ലപ്ര ഗവണ്‍മെന്‍റ് സ്‌കൂളിലെ രണ്ടാംക്ലാസ്സുകാരി സിര്‍ജന എഴുതിയ കഥയാണ്. സിര്‍ജന ഒരു ഇതര സംസ്ഥാനത്തൊഴിലാളി കുടുംബത്തിലെ കുട്ടിയാണ്.

ഒരു പച്ചക്കടലാസുതുണ്ടില്‍ ഒമ്പത് കുറിയ വാചകങ്ങള്‍ കൊണ്ട് അവള്‍ മാവുമരത്തെയും മിന്നുവിന്‍റെ കൂട്ടുകാരന്‍ അപ്പുവിനെയും പപ്പുക്കാക്കയെയും അണ്ണാന്‍കുഞ്ഞുങ്ങളേയും കാക്കയ്ക്കുപുറകിലെ തേനീച്ചയേയും മുയലുകളേയുമൊക്കെ വരച്ചിടുന്നത് നോക്കൂ.


ഇതുകൂടി വായിക്കൂ: ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ


ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ മലയാള ഭാഷയിലെ അറിവ് പരിശോധിക്കാന്‍ ഒരു വിദഗ്ധ സംഘം നവംബര്‍ ഒന്നാം തിയതി സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. സര്‍വ്വശിക്ഷാ അഭിയാന്‍റെ സംസ്ഥാന പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഡോ എ പി കുട്ടികൃഷ്ണന്‍റെ നേതൃത്വത്തിലാണ് സംഘം വിലയിരുത്തല്‍ നടത്തിയത്.

മലയാളം വെള്ളംപോലെ പറഞ്ഞ്  ആ കുട്ടികള്‍ സംഘത്തിലെ വിദഗ്ധരെ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ കവിതയും കഥയുമെഴുതി അവരെ പിന്നെയും ഞെട്ടിച്ചു.

“മലയാളികളായ കുട്ടികള്‍ക്ക് മലയാളം വായിക്കാനും എഴുതാനും കഴിയാത്തതുകൊണ്ട് മലയാളത്തിളക്കം (പ്രത്യേക ഭാഷാ പരിശീനപഠനപദ്ധതി) പോലുള്ള പരിപാടികള്‍ നടത്തുന്ന കാലമാണിത്. എന്നാലിവിടെ മിക്ക കുട്ടികള്‍ക്കും (ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍) മലയാളം നന്നായി വായിക്കാന്‍ അറിയാമെന്നാണ് കണ്ടത്,” ഡയറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ രാജേന്ദ്രന്‍ പറഞ്ഞു.

ടീച്ചര്‍ മഴ എന്ന് പറഞ്ഞപ്പോള്‍ മഴാന്ന് മാത്രം എഴുതിയാ മതിയോ മഴ പെയ്തൂന്ന് എഴുതണ്ടേന്നാണ് കുട്ടികള്‍ ചോദിച്ചത്

“എല്‍ പി സ്‌കൂളിലെ കുട്ടികളാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തിയത്. കാരണം ഒന്നാംക്ലാസ്സിലെ കുട്ടികള്‍ സ്‌കൂളിലെത്തിയിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ. അവര്‍ക്ക് വാക്കുകള്‍ എഴുതാനല്ല താല്പര്യം. ടീച്ചര്‍ മഴ എന്ന് പറഞ്ഞപ്പോള്‍ മഴാന്ന് മാത്രം എഴുത്യാ മതിയോ മഴ പെയ്തൂന്ന് എഴുതണ്ടേന്നാണ് കുട്ടികള്‍ ചോദിച്ചത്,” എ രാജേന്ദ്രന്‍ വിശദീകരിക്കുന്നു.

“ഒരു വാക്ക് എഴുതുന്നതിലല്ല, ഒരു ആശയം തന്നെ വ്യക്തമാക്കുന്നതിലാണ് കുട്ടികള്‍ക്ക് താല്‍പര്യം. മാത്രവുമല്ല, ഒരു തെറ്റുമില്ലാതെയാണ് ഒന്നാംക്ലാസ്സിലെ കുട്ടികള്‍ എഴുതിയത്,” അദ്ദേഹം പറയുന്നു.

ഇത് എറണാകുളം ജില്ലയില്‍ അധികമൊന്നും ബഹളങ്ങളില്ലാതെ നടന്നുവരുന്ന ഒരു വലിയ മാറ്റത്തിന്‍റെ കഥയാണ്. ജീവിക്കാന്‍ ഒരുപാധി തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടേണ്ടി വന്ന പലഭാഷകള്‍ സംസാരിക്കുന്ന തൊഴിലാളികളെ കേരള വികസന മാതൃകയുടെ ഭാഗമാക്കുന്നതിനുള്ള ഒരു വലിയ പരിശ്രമത്തിന്‍റെ ചെറിയ തുടക്കം. ഭാഷയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അവരുടെ പുതുതലമുറയെ കൈപിടിച്ച് കൂടെക്കൂട്ടുകയാണ്.

ഒരു വാക്ക് എഴുതുന്നതിലല്ല, ഒരു ആശയം തന്നെ വ്യക്തമാക്കുന്നതിലാണ് കുട്ടികള്‍ക്ക് താല്‍പര്യം.

സര്‍വ്വശിക്ഷാ അഭിയാന്‍ നടത്തിയ ഒരു സര്‍വ്വേയില്‍ എറണാകുളം ജില്ലയിലെ പതിനെട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലായി ഇതരസംസ്ഥാനത്തൊഴിലാളികളുടെ രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് വ്യക്തമായി. ഇവരിലേറെയും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടി. മലയാളം മാധ്യമമായി പഠിപ്പിക്കുന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഭാഷാപ്രശ്‌നം നേരിട്ടിരുന്നുവെന്നും അതാണ് സ്‌കൂള്‍ ഉപേക്ഷിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും വ്യക്തമായി.

അല്ലപ്ര സ്കൂളില്‍ റോഷ്നി പദ്ധതിക്ക് കീഴില്‍ ഭാഷാപഠനം നടത്തുന്ന ഒരു കുട്ടി. ഫോട്ടോ: ഫേസ്ബുക്ക്/ കെ ജയശ്രീ

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് റോഷ്‌നി പദ്ധതി തുടങ്ങുന്നത്. കോഡ്-സ്റ്റിച്ചിങ്ങ് എന്ന് ഭാഷാധ്യാപന തന്ത്രമാണ് ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത്.

മലയാളത്തില്‍ നിന്നും മറ്റുഭാഷകളിലേക്ക് ആണ് പ്രാഥമിക ഘട്ടത്തില്‍ പഠിപ്പിക്കുന്നത്. ഒരേ സമയം ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നുവെന്നാണ് ഇതിന്റെ പ്രത്യേകത.ഇത് കുട്ടികളില്‍ അവരുടെ മാതൃഭാഷ കൈവിടാതെ തന്നെ വിദ്യ അഭ്യസിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്, അധ്യാപികയും പദ്ധതിയുടെ അക്കാദമിക് കോര്‍ഡിനേറ്ററുമായ കെ ജയശ്രീ പറയുന്നു.

അവിടെ 50 ശതമാനത്തോളം കുട്ടികളും ബീഹാറില്‍നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ഉളള വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇവരില്‍ പലരും ഓരോ വര്‍ഷം ചെല്ലുന്തോറും കൊഴിഞ്ഞു പോകുന്നതായി ശ്രദ്ധയില്‍ പെട്ടു.

“ഞങ്ങള്‍ പിന്‍തുടരുന്ന കോഡ് സ്റ്റിച്ചിങ്ങ് രീതിക്ക് ഇതര മാതൃഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്,” ജയശ്രീ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ആദ്യം കാര്യം പറയുകയും പിന്നീട് ഹിന്ദിയിലേക്കും മറ്റു ഭാഷകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇതേ രീതി തന്നെ അവലംബിച്ചാണ് എഴുതാനും പഠിപ്പിക്കുന്നത്. അവര്‍ക്ക് അറിയാവുന്നത് മാതൃഭാഷ മാത്രമാണ്. ഇവിടുത്തെ സ്‌കൂളുകളില്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്ന രീതിയില്‍  പഠനം നടക്കുന്നില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായുളള പാഠ്യ പദ്ധതിയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്, ജയശ്രീ വിശദീകരിച്ചു.

‘ഞാന്‍ ബിനാനിപുരം സ്‌കൂളിലെ അധ്യാപികയായിരുന്ന കാലത്ത് അവിടെ 50 ശതമാനത്തോളം കുട്ടികളും ബീഹാറില്‍നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ഉളള വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇവരില്‍ പലരും ഓരോ വര്‍ഷം ചെല്ലുന്തോറും കൊഴിഞ്ഞു പോകുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. അന്ന് അവിടുത്തെ പ്രിന്‍സിപ്പലും പിന്തുണച്ചു. അങ്ങനെയാണ വിദ്യാഭാസവിദഗ്ധന്‍ കെ. എന്‍ ആനന്ദിന്റെ സഹായം തേടുന്നത്. അദ്ദേഹം ഇത്തരത്തില്‍ മറ്റു ഭാഷകളെ കുറിച്ച് കൂടുതല്‍ പഠനം നടത്തിയിരുന്നു.

ഭാഷാപരമായ വികാസം ഇല്ലാത്തിനാല്‍ ആണ് കുട്ടികള്‍ കൊഴിഞ്ഞു പോകുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മാതൃഭാഷയിലുളള വിദ്യാഭ്യാസം കൈ വിട്ട് കേരളത്തിലെ സ്‌കൂളുകളില്‍ എത്തിയവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇവരുടെ ഉളളില്‍ ഭാഷപരമായ വികാസം നടന്നിട്ടില്ല. അത് അവരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് അദ്ദേഹം നിര്‍ദ്ദേശിച്ച മാര്‍ഗമാണിത്.

ഈ പദ്ധതി ജില്ലാ ഭരണകൂടത്തിനും സര്‍വ്വ ശിക്ഷാ അഭിയാനിലും അവതരിപ്പിച്ചിരുന്നു. അങ്ങനെ സര്‍വ്വ ശിക്ഷ അഭിയാന്റെ വൊളന്റിയര്‍മാരും സ്‌കൂളുകളിലെ താത്പര്യമുളള അധ്യാപകരും ഉള്‍പ്പെടുന്ന സംഘമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

20സ്‌കൂളുകളിലായി 600 ഓളം വിദ്യാര്‍ത്ഥികളാണ് ഉളളത്. വോളന്റിയര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പരിശീലനം നല്‍കുന്നുണ്ടെന്ന് ജയശ്രീ വിശദീകരിച്ചു.

മലയാള ഭാഷ ഇപ്പോള്‍ വളരെ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് പൊന്നുരുന്നി സ്‌കൂളിലെ വിദ്യാര്‍ത്ഥി സൂചന പറയുന്നു.

സ്കൂള്‍ ആരംഭിക്കുന്നതിന് മുമ്പ് 90 മിനിറ്റ് ഇതര ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മലയാളം മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്നു.

അല്ലപ്ര സ്കൂളില്‍ റോഷ്നി പദ്ധതിക്ക് കീഴില്‍ ഭാഷാപഠനം നടത്തുന്ന ഒരു കുട്ടിയുടെ കുറിപ്പ്. ഫോട്ടോ: ഫേസ്ബുക്ക്/ കെ ജയശ്രീ

ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ റോഷ്‌നിയുടെ ഭാഗമായുള്ള വിലയിരുത്തല്‍ പരിപാടിയില്‍ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരന്‍ സേതു ഇങ്ങനെ കുറിച്ചു:

“അത് ഹൃദ്യമായൊരു അനുഭവമായിരുന്നു. യു പി, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ തൊഴില്‍ തേടി വന്നവരുടെ കുട്ടികളെ നമ്മുടെ ഭാഷയും സംസ്‌കാരവുമായി പരിചയപ്പെടുത്തുകയെന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഈ ചടങ്ങില്‍ പങ്കെടുത്ത കുട്ടികളില്‍ മിക്കവര്‍ക്കും മലയാളത്തില്‍ എഴുതുവാനും വായിക്കാനും കഴിയുന്നുണ്ട്. കുട്ടികളുടെ കലാപരമായ വാസനകളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. പൊതുവെ ഈ പദ്ധതിക്ക് നല്ലൊരു തുടക്കം കിട്ടിയിട്ടുണ്ട്.”

 

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം