മഴ തോരുന്നില്ലല്ലോ.. റബര്‍ ഷീറ്റ് ഉണക്കാനുണ്ടായിരുന്നു. ആട്ടിക്കാന്‍ കൊടുക്കാനുള്ള തേങ്ങ ഇനിയും നന്നായി ഉണങ്ങിയിട്ടില്ല. മുളകും മല്ലിയും മാത്രമല്ല കപ്പയും ഉണക്കാനുണ്ട്.
ഈ മഴക്കാലത്ത് ഇതൊക്കെ ഇനിയെപ്പോ ഉണക്കിയെടുക്കാനാ… കൃഷിയൊക്കെയുള്ള വീടുകളില്‍ ഇതൊരു പതിവ് പരാതിയാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളില്‍.
കോഴിക്കോട് കൂരാച്ചുണ്ടിലെ കര്‍ഷകന്‍ നെല്ലിവേലില്‍ ജോസഫിന്‍റെ വീട്ടില്‍ ഈ വക പരാതികളൊന്നുമില്ല.
തേങ്ങയും റബര്‍ ഷീറ്റും ജാതിക്കയും മല്ലിയും മുളുകും കപ്പയുമൊക്കെ ഉണക്കിയെടുക്കാനുള്ള യന്ത്രം അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com
ഏതാണ്ട് 20 വര്‍ഷം മുന്‍പ് റബര്‍ ഷീറ്റ് ഉണക്കാനുള്ള ഡ്രയര്‍ വികസിപ്പിച്ചെടുത്തു. പിന്നീട് ജാതിക്ക ഉണക്കാനുള്ള യന്ത്രവും തേങ്ങ ഡ്രയറുമൊക്കെ ഉണ്ടാക്കിയെടുത്തു.
“റബര്‍ ഷീറ്റ് ഉണക്കുന്നതിനുള്ള യന്ത്രമാണ് ആദ്യമായി ഉണ്ടാക്കിയത്,” ജോസഫ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. 1998-ലായിരുന്നു. പിന്നീട് കുറേക്കാലത്തിന് ശേഷമാണ് തേങ്ങ കൊപ്രയാക്കുന്നതിനുള്ള ഡ്രയറും.
“ഇതിനിടയില്‍ ജാതിക്ക ഡ്രയറും നിര്‍മിച്ചിരുന്നു. തേങ്ങ ഉണക്കുന്ന യന്ത്രത്തില്‍ മറ്റു പല ഭക്ഷ്യ വസ്തുക്കളും ഉണക്കിയെടുക്കാം.
“ഞാനൊരു റബര്‍ കര്‍ഷകനായിരുന്നു. മാര്‍ക്കറ്റില്‍ പച്ച ഷീറ്റ് വില്‍ക്കാന്‍ കൊണ്ടുവരുന്ന ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഉണക്കിയെടുക്കാനുള്ള സൗകര്യമില്ലാത്ത കൊണ്ടാകുമല്ലോ നന്നായി ഉണങ്ങുന്നതിന് മുന്‍പേ ഷീറ്റ് വില്‍ക്കാന്‍ കൊണ്ടുവരുന്നതെന്നു തോന്നി.”
അങ്ങനെയാണ് റബര്‍ ഷീറ്റ് ഉണക്കാനുള്ള യന്ത്രം ഉണ്ടാക്കുന്നതിനെക്കുറിച്ച് ജോസഫ് ആലോചിക്കുന്നത്. നാട്ടില്‍ തന്നെയുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ മില്ലിലുള്ളവരെ കണ്ട് സംസാരിച്ചു. അവര്‍ക്ക് ആശയം പറഞ്ഞുകൊടുത്ത് യന്ത്രം ഉണ്ടാക്കിക്കുകയായിരുന്നു.
“പ്രതീക്ഷിച്ചതിലും നല്ലൊരു യന്ത്രമുണ്ടാക്കിയെടുക്കാന്‍ സാധിച്ചു. 24 മണിക്കൂര്‍ കൊണ്ട് റബര്‍ ഷീറ്റുകള്‍ നാലു ഗ്രേഡ് ഷീറ്റാക്കി ഉണക്കിയെടുക്കാവുന്ന യന്ത്രമാണ് നിര്‍മിച്ചത്.
“റബര്‍ ഷീറ്റ് ഉണക്കാന്‍ ഒരു ദിവസം മാത്രം മതി. അലമാരയുടെ മോഡലില്‍ ഒരു കൂട് ഉണ്ടാക്കി. തീ പിടിക്കാത്ത മെറ്റീരയലായ ബൈസന്‍പാനല്‍ സംഘടിപ്പിച്ചു. ഇതു കത്തിച്ചു നോക്കുമ്പോള്‍ ഇതു കത്തുന്നില്ല, കരിഞ്ഞു പോകുന്നതേയുള്ളൂ. അങ്ങനെ നല്ലതാണെന്നു തിരിച്ചറിഞ്ഞു.
“ഇതാണ് കവറിങ്ങ് മെറ്റീരിയലാക്കി ഉപയോഗിച്ചത്. പിന്നെ ഈ യന്ത്രത്തിനകത്ത് ഉണക്കാനുള്ള വസ്തുക്കള്‍ വയ്ക്കുന്നതിന് ആവശ്യമായ ഡിഷ് പ്ലേറ്റുകളുണ്ടാക്കിയെടുത്തു.
“പ്രത്യേകം സജ്ജീകരിച്ച വാല്‍വ് സെറ്റുകളുള്ള അടുപ്പ് തയാറാക്കിയെടുത്തു. അതിലാണ് തീ കത്തിക്കുന്നത്. തീ കത്തുന്നത് പുറമേ നിന്നു നോക്കിയാല്‍ കാണാന്‍ പറ്റുകയില്ല,” അദ്ദേഹം പറഞ്ഞുതന്നു.
ആദ്യത്തെ യന്ത്രം തീയിലാണ് പ്രവര്‍ത്തിക്കുന്നത്. വിറകും ഈര്‍ച്ചപ്പൊടിയുമാണ് കത്തിക്കാനുപയോഗിച്ചത്. ഏതു ഇന്ധനവും ഒഴിച്ച് കത്തിക്കാമെന്ന് അദ്ദേഹം പറയുന്നു.. ഈ ഡ്രയറിലേക്ക് രാവിലെ അടിച്ചെടുക്കുന്ന റബര്‍ ഷീറ്റിട്ടാല്‍ പിറ്റേന്ന് വൈകുന്നേരമാകുമ്പോഴേക്കും ഉണങ്ങിക്കിട്ടും, ജോസഫ് കൂട്ടിച്ചേര്‍ത്തു.
പിന്നെ ഇതു പ്രത്യേകം വെയിലിലിട്ട് ഉണക്കേണ്ട ആവശ്യമില്ല. ഒരേ സമയം 100 ഷീറ്റ് മുതല്‍ 2,000 ഷീറ്റ് വരെ ഉണക്കാവുന്ന ഡ്രയറുകളാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.
പരീക്ഷണം വിജയമായതോടെ ഒരുപാട് റബര്‍ കര്‍ഷകര്‍ ഈ ഡ്രയര്‍ ആവശ്യപ്പെട്ട് ജോസഫിനെ സമീപിച്ചു.
“രണ്ടായിരത്തോളം റബര്‍ ഷീറ്റ് ഡ്രയറുകളാണ് ഞങ്ങള്‍ ഇവിടെ നിന്നു വിറ്റത്. നല്ല വിലയും കിട്ടിയിരുന്നു. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയില്‍ നിന്നും ഡ്രയര്‍ വാങ്ങാന്‍ ആളെത്തിയിരുന്നു.
ഇതുകൂടി വായിക്കാം: 10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
“100 ഷീറ്റ് ഉണക്കാവുന്ന ഡ്രയറിന് 35,000 രൂപയായിരുന്നു. 200 ഷീറ്റിന്‍റേതിന് 45,000 രൂപയും 300 എണ്ണം ഷീറ്റ് ഉണക്കാനുള്ള ഡ്രയറിന് 55,000 രൂപയുമായിരുന്നു,” ഷീറ്റുകളുടെ എണ്ണം അനുസരിച്ചാണ് വിലയില്‍ മാറ്റം വരുന്നതെന്നു ജോസഫ് പറയുന്നു.
പിന്നീട് ജാതിക്കയും ജാതിപത്രിയും വൈദ്യുതിയില്‍ ഉണക്കുന്നതിനുള്ള യന്ത്രമാണ് ജോസഫ് വികസിപ്പിച്ചത്. ജാതിക്ക ഡ്രയറില്‍ ചക്കക്കുരുവും ചക്കച്ചുളയും കപ്പയും അടയ്ക്കയും നേന്ത്രക്കായയും മുളകും മല്ലിയുമൊക്കെ ഉണക്കാം.
“പ്രകൃതിദത്തമായ രീതിയില്‍ ഉണക്കിയാല്‍ മാത്രമേ ജാതിക്കയും ജാതിപത്രിയുമൊക്കെ സ്വാഭാവിക നിറത്തില്‍ കിട്ടുകയുള്ളൂ. ഡ്രയറുകളില്‍ ഉണക്കിയെന്നു കരുതി ഇവയുടെ നിറത്തിലൊന്നും ഒരു മാറ്റവും വരുന്നില്ല.
“ജാതിക്ക ഉണക്കുന്ന യന്ത്രമുണ്ടാക്കിയപ്പോള്‍ നാട്ടുകാരനൊരാള് എന്നോട് പറഞ്ഞു, തേങ്ങ ഉണക്കാനും കൂടി പറ്റുന്ന ഒരു യന്ത്രമുണ്ടാക്കി കൂടേയെന്ന്.
“2016-ലാണത്. അങ്ങനെ തേങ്ങ ഡ്രയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ജാതിക്ക ഡ്രയറിന്‍റെ രീതി തന്നെയാണ് ഈ യന്ത്രത്തിനും ഉപയോഗിച്ചത്. പലരോടും സംസാരിച്ചും ഇന്‍റര്‍നെറ്റില്‍ പരതിയുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
“…ജാതിക്ക ഉണക്കുന്ന മെഷീന്‍ പോലെ തന്നെയാണ് തേങ്ങ ഡ്രയറും. പ്രത്യേകം ഒരു നെറ്റ് വേണമായിരുന്നു. അതു സംഘടിപ്പിച്ച് തേങ്ങ ഡ്രയര്‍ കൂടി നിര്‍മിച്ചു. 700 തേങ്ങ ഒരേ സമയം ഉണക്കിയെടുക്കാവുന്ന ഡ്രയറാണിത്. ഒരു തട്ടില്‍ മാത്രം 40 എണ്ണം വെയ്ക്കാനാകും.”
ഇത് വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഹീറ്ററുകളാണ് തേങ്ങ ഉണക്കുന്ന യന്ത്രത്തിലുള്ളത്. ചുരുങ്ങിയ സമയവും കുറഞ്ഞ വൈദ്യുതിയും മതി തേങ്ങ ഉണങ്ങിക്കിട്ടാന്‍ എന്ന് ജോസഫ് പറയുന്നു.
പച്ച തേങ്ങ നാലു മണിക്കൂര്‍ ഡ്രയറിലിട്ട ശേഷം പുറത്തേക്കെടുക്കണം. കുറച്ചു നേരം തണുക്കാന്‍ വച്ചതിന് ശേഷം ചിരട്ടയില്‍ നിന്നു കൊപ്ര വേര്‍തിരിച്ചെടുക്കണം. ശേഷം കൊപ്ര ഡ്രയറിലെ ഡിഷിലേക്ക് മാറ്റി നാലു മണിക്കൂര്‍ നേരം കൂടി ആ ഡ്രയറില്‍ ഉണക്കണം.
“നാലു മണിക്കൂറിന് ശേഷം കൊപ്ര നല്ല പോലെ ഉണങ്ങിയിട്ടുണ്ടാകും. ആട്ടാന്‍ കൊടുക്കുന്ന പരുവത്തിലാകും കൊപ്ര കിട്ടുന്നത്. വെറും എട്ട് മണിക്കൂര്‍ നേരം കൊണ്ട് പച്ച തേങ്ങ ഉണക്കിയെടുത്ത് ആട്ടിക്കാന്‍ കൊടുക്കാം. മണിക്കൂറില്‍ മൂന്നര യൂനിറ്റ് വൈദ്യുതിയെ ഇതിന് വേണ്ടി വരുന്നുള്ളൂ,” ജോസഫ് കാര്യങ്ങള്‍ വിശദമായി പറഞ്ഞുതന്നു.
“തേങ്ങ മാത്രമല്ല മറ്റെന്ത് ഭക്ഷ്യസാധനങ്ങളും ഈ ഡ്രയറില്‍ വച്ച് ഉണക്കിയെടുക്കാവുന്നതാണ്. കപ്പ, അടയ്ക്ക, മീന്‍, ചക്കക്കുരു, മുളക്, മല്ലി ഇതൊക്കെ ഉണക്കാന്‍ ഈ യന്ത്രം മതി. ഓരോന്നിനും പ്രത്യേകം നെറ്റുകള്‍ വേണമെന്നു മാത്രമേയുള്ളൂ. താഴേക്ക് വീണുപോകാതിരിക്കണമല്ലോ.
ഇതുകൂടി വായിക്കാം: റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി
“മുളകും മല്ലിയുമൊക്കെ ഉണക്കിയെടുക്കാന്‍ ഒന്നര മണിക്കൂറൊക്കെ മതിയാകും. വൈദ്യുതി ഇല്ലെങ്കില്‍ ഗ്യാസിലൂടെയും ജനറേറ്ററിലും ഇതു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പക്ഷേ വൈദ്യുതിയാണ് ലാഭകരം,” അനുഭവത്തില്‍ നിന്നു തിരിച്ചറിഞ്ഞതാണിതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
രണ്ടര മീറ്റര്‍ നീളവും 1.75 മീറ്റര്‍ ഉയരവും രണ്ട് അടി വീതിയുമുണ്ട് തേങ്ങ ഉണക്കുന്ന യന്ത്രത്തിന്. ഇതിനു മുകളില്‍ ഈര്‍പ്പം പോകാനുള്ള മൂന്നു ചേംബറുകളും എട്ട് എയര്‍ ഹോള്‍സുമുണ്ട്.
മൂന്നു തട്ടുകളായി തിരിച്ചിട്ടുള്ള ഉണക്കല്‍ യന്ത്രത്തിന് അഞ്ച് ഡിഷ് നെറ്റുകള്‍ വീതമുള്ള 15 ട്രേകളുണ്ട്. ഈ ട്രേകളിലാണ് ഉണക്കാനുള്ള തേങ്ങയും ജാതിക്കയും മല്ലിയും മുളകുമൊക്കെ വയ്ക്കുന്നത്.
വൈദ്യുതി ഉപയോഗത്തിന് ഓട്ടോമാറ്റിക് സംവിധാനമാണ്. 2000 വാട്സ് വീതമുള്ള നാലു ഹീറ്ററുകളാണിതിലുള്ളത്. ഒരേ സമയം ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കും. 20 മിനിറ്റ് കഴിയുമ്പോള്‍ ഈ പ്രവര്‍ത്തിക്കുന്ന ഹീറ്റര്‍ ഓഫാകും. മറ്റു രണ്ടെണ്ണം പ്രവര്‍ത്തിച്ചു തുടങ്ങും.
ഡ്രയറിന്‍റെ നടുക്കാണ് ഗ്യാസ് വയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
തേങ്ങയും ജാതിയും കപ്പയുമൊക്കെ ഒരുമിച്ച് ഉണക്കാനും സാധിക്കും. ഏറ്റവും അടിയില്‍ തേങ്ങ, നടുവില്‍ ജാതിക്ക, അടയ്ക്ക, ജാതിപത്രിയും പിന്നെ ഏറ്റവും മുകളില്‍ മറ്റു ഭക്ഷ്യവസ്തുക്കളും ഉണക്കിയെടുക്കാം. വിവിധ മോഡലുകളിലുള്ള ഡ്രയറുകളുടെ വലിപ്പത്തിന് അനുസരിച്ചാണ് വില ഈടാക്കുന്നത്.
700 തേങ്ങ ഒരേ സമയം ഉണക്കാവുന്ന യന്ത്രത്തിന് 1,20,000 രൂപയാണ്.
അഞ്ഞൂറ് തേങ്ങ ഉണക്കാവുന്ന യന്ത്രത്തിന് 95,000 രൂപയുമാണ്. മുളകും മല്ലിയും ഉണക്കുന്ന ആറു തട്ടുള്ള ഒരു ക്യാബിന്‍ മാത്രമുള്ള യന്ത്രത്തിന് 55,000 രൂപയാണ് വിലയെന്നും ജോസഫ് പറയുന്നു.
സ്വന്തം നാട് കൂരാച്ചുണ്ട് ആണെങ്കിലും ഇപ്പോ താമസിക്കുന്നത് തോട്ടുമുക്കത്താണ്.” കൃഷിയെക്കുറിച്ച് പറയുകയാണ് ജോസഫ്. “കൂരാച്ചുണ്ടിലാണെന്‍റെ കൃഷിയൊക്കെയുള്ളത്. പക്ഷേ 2105-ല്‍ ഭാര്യ അന്നക്കുട്ടി മരിച്ചതോടെ അവിടെ നിന്നു താമസം മാറി ഇവിടേക്ക് വരുന്നത്. കൂരാച്ചുണ്ടിലെ വീട്ടില്‍ മക്കളുണ്ട്. അവരാണിപ്പോള്‍ കൃഷിയൊക്കെ നോക്കുന്നത്.
“കാര്‍ഷിക കുടുംബമായിരുന്നു ഞങ്ങളുടേത്. നെല്ലും തെങ്ങും കവുങ്ങും ജാതിയുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. എസ്എസ്എല്‍സിക്ക് ശേഷം പ്രീഡിഗ്രി ചേര്‍ന്നുവെങ്കിലും പഠനം തുടരാന്‍ സാധിച്ചില്ല.
“പഠിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ടായിരുന്നു. പക്ഷേ വീട്ടില്‍ സാഹചര്യങ്ങളൊക്കെ അങ്ങനെയായിരുന്നു. ടെക്നിക്കല്‍ കാര്യങ്ങളോടും വരയ്ക്കാനും ഇഷ്ടമായിരുന്നു.
“പക്ഷേ കൃഷിയിലായിരുന്നു കൂടുതല്‍ ശ്രദ്ധ. കൂരാച്ചുണ്ടില്‍ 18 ഏക്കര്‍ സ്ഥലമുണ്ട്, അതില്‍ തെങ്ങ്, കവുങ്ങ്, നെല്ല്, റബര്‍, വാഴ ഇതൊക്കെ നട്ടിട്ടുണ്ട്.വീട്ടാവശ്യത്തിന് മാത്രമായി കുറച്ച് കപ്പയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
“തോട്ടുമുക്കത്തേക്കെത്തിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. അന്നക്കുട്ടി മരിച്ചപ്പോള്‍ മറ്റൊരു വിവാഹം ചെയ്തു. സിസിയെ. അവര്‍ക്കൊപ്പം തോട്ടുമുക്കത്ത് പള്ളിത്താഴത്താണ് താമസം. തോട്ടുമുക്കത്ത് നെല്ലുവേലില്‍ സ്റ്റീല്‍ എന്‍ജിനീയറിങ് വര്‍ക്സ് എന്ന പേരില്‍ സ്ഥാപനവും നടത്തുന്നുണ്ട്.
ഇതുകൂടി വായിക്കാം: ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്‍റെയും
“ആറു മക്കളാണുള്ളത്. ജോജി (ബഹ്റിന്‍), റെജി, ഫാദര്‍ ജോഷി (ജര്‍മനി), ജിനോ, ജോജോ, ഷിജോ (ബെംഗളൂരു). മക്കള്‍ക്കൊന്നും കൃഷിയോട് അത്ര വലിയ താത്പ്പര്യവുമൊന്നുമില്ല. ഉള്ളതൊക്കെ നാട്ടിലുള്ളവരൊക്കെ കൂടി നോക്കി നടത്തുന്നുവെന്നെയുള്ളൂ,” ജോസഫ് ചിരിച്ചു.