വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്‍! പുസ്തകങ്ങളും പി എസ് സി ചോദ്യോത്തരങ്ങളും വാര്‍ത്തകളും വായിച്ചുകേള്‍പ്പിക്കുന്ന ചാനല്‍, അതിനായി കാതുകൂര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് പേര്‍

“കാഴ്ചശക്തിയുള്ളവര്‍ക്ക് പത്രം വായിക്കാനും പുസ്തകങ്ങള്‍ അരിച്ചു പെറുക്കി പഠിക്കാനും പി.എസ്.സി. പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ ഞങ്ങളെ പോലെ കാഴ്ചയില്ലാത്തവര്‍ക്ക് അത്തരം പഠനോപകരണങ്ങളുടെയും പത്രങ്ങളുടെയുമൊക്കെ ലഭ്യത വളരെ പരിമിതമാണ്.”

രാവിലെ ഉണര്‍ന്നയുടന്‍ കൈകള്‍ പരതിയത് ഫോണിനു വേണ്ടിയായിരുന്നു. വാര്‍ത്തകളറിഞ്ഞ് ദിവസം തുടങ്ങുക എന്നത് പണ്ടു മുതലേയുള്ള ശീലമാണ്.  ഫോണെടുത്ത് നെറ്റ് ഓണാക്കി വാട്ട്‌സാപ്പിലെ ‘അക്ഷരനാദം’ കൂട്ടായ്മയില്‍ അതിരാവിലെ തന്നെ എത്തിയ ഓഡിയോ ഫയല്‍ പ്ലേ ചെയ്തു.

‘നമസ്‌കാരം ഇന്നത്തെ വാര്‍ത്തയിലേക്ക് അക്ഷരനാദത്തിലെ ശ്രോതാക്കള്‍ക്ക് സ്വാഗതം…’ സാദിയയുടെ പരിചിതമായ ശബ്ദം.

https://malayalam.thebetterindia.com/wp-content/uploads/2019/10/AUD-20191011-WA0002.mp3?_=1

തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കംപ്യൂട്ടര്‍ അധ്യാപകനായ രജനീഷിന്‍റെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. കാഴ്ചക്ക് പരിമിതി ഉള്ള അദ്ദേഹം ഇന്ന് തന്നെപ്പോലെയുള്ള നൂറുകണക്കിനു പേര്‍ക്ക് സഹായിയും വഴികാട്ടിയുമാണ്.

വ്യാജ ഫോര്‍വേഡുകളുടെയും ‘കേശവമ്മാമന്‍ തമാശ’കളുടെയും തള്ളിക്കയറ്റത്തില്‍ വാട്സാപ്പ് യൂനിവേഴ്സിറ്റിയെന്നുവിളിപ്പേര് കേട്ട അതേ വാട്സാപ്പ് തന്നെയാണ് രജനീഷും കൂട്ടുകാരും അറിവ് നേടാനും പങ്കുവെയ്ക്കാനും പ്രയോജനപ്പെടുത്തുന്നത്.

കാഴ്ചയില്ലാത്തതു മൂലം പത്രം വായിക്കാനോ റഫറന്‍സ് ബുക്കുകള്‍ പരതാനോ പി എസ് സി പോലുള്ള പൊതുപരീക്ഷകളില്‍ നന്നായി പ്രകടനം നടത്താനോ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈത്താങ്ങാണ് രജനീഷ് മുന്‍കയ്യെടുത്ത് രൂപീകരിച്ച ‘അക്ഷരനാദം ഫൗണ്ടേഷനും’ വാട്സാപ്പ് ഗ്രൂപ്പും.

രജനീഷ് ക്ലാസ്സില്‍

“2009-ല്‍ ആണ് ഞാന്‍ വഴുതക്കാട് അന്ധവിദ്യാലയത്തില്‍ കംപ്യൂട്ടര്‍ അധ്യാപകനായി ജോലി ആരംഭിച്ചത്. അവിടെ എത്തിയപ്പോഴാണ് പ്രധാനാധ്യാപകനായ തുളസീധരന്‍ സാര്‍ സ്‌കൂളില്‍ പുതിയതായി ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോ ആരംഭിക്കുന്നതിനെ കുറിച്ച് എന്നോട് സംസാരിച്ചത്. ഓരോ ക്ലാസ്സിലെ പാഠപുസ്തകങ്ങളും വായിച്ചു ഓഡിയോ ഫയല്‍ ആക്കി കുട്ടികള്‍ക്ക് ക്ലാസ് എടുക്കാനായിരുന്നു സ്റ്റുഡിയോ നിര്‍മിക്കുന്നത്. അങ്ങനെ സ്റ്റുഡിയോ ആരംഭിക്കുന്നതിന്‍റെ എല്ലാ ചുമതലകളും അദ്ദേഹം എന്നെ ഏല്പിച്ചു,” രജനീഷ് ‘ശബ്ദ പരീക്ഷണ’ കഥകള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു തുടങ്ങി.


ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം–സന്ദര്‍ശിക്കൂ: karnival.com

”താമസിയാതെ തന്നെ എന്‍റെ നല്ലവരായ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടുകൂടി വഴുതക്കാട് സ്‌കൂളില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങി. അധ്യാപകര്‍ തങ്ങളുടെ ഒഴിവ് സമയങ്ങള്‍ക്കനുസരിച്ചു സ്റ്റുഡിയോയില്‍ വന്നു പാഠങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ഓഡിയോ ഫയലുകളാക്കാന്‍ തുടങ്ങി. ഇത് നല്ല രീതിയില്‍ മുന്നോട്ടുപോയെങ്കിലും എല്ലാ ക്ലാസുകളിലെയും എല്ലാ പാഠപുസ്തകങ്ങളും അധികവായനയ്ക്കുള്ള പുസ്തകങ്ങളുമെല്ലാം അധ്യാപകരെക്കൊണ്ട് മാത്രം റെക്കോഡ് ചെയ്ത് തീര്‍ക്കാനാകുമായിരുന്നില്ല.

“ആ സമയത്താണ് എന്‍റെ മുന്‍ അധ്യാപകന്‍ കെ ആര്‍ രാഘുനാഥന്‍ നായര്‍ സാര്‍ സ്ഥലമാറ്റം കിട്ടി ഞങ്ങളുടെ സ്‌കൂളില്‍ എത്തുന്നത്. അത് വലിയൊരു വഴിത്തിരിവായി.”

എല്ലാ ക്ലാസിലെയും പാഠപുസ്തകങ്ങള്‍ ഒന്നൊന്നായി റെക്കോര്‍ഡ് ചെയ്യുന്നതിനായി അധികം ആളുകളെ ആവശ്യം വന്നപ്പോള്‍ രാഘുനാഥന്‍ ആണ് പുറത്തുനിന്ന് സന്നദ്ധ സേവനത്തിനായി ആളെ തേടാമെന്ന ആശയം മുന്നോട്ട് വെച്ചത്. റെക്കോര്‍ഡിങ്ങിനു ആളുകളെ ആവശ്യമുണ്ടെന്ന് അറിയിച്ച് അദ്ദേഹം പത്രത്തിലും മറ്റും പരസ്യം നല്‍കി.

രജനീഷ്

“സൗജന്യമായി വായിച്ചു റെക്കോര്‍ഡ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ വഴുതക്കാട് സ്‌കൂളുമായി ബന്ധപ്പെടാനായിരുന്നു പരസ്യം. അതിന് വലിയ പ്രതികരണം തന്നെ ലഭിച്ചു. വീട്ടില്‍ വെറുതെ ഇരിക്കുന്നവരും ജോലിയുടെ ഇടവേളകളിലുമെല്ലാം ആളുകള്‍ സ്‌കൂളില്‍ വന്നു പാഠപുസ്തകങ്ങള്‍ വായിച്ചു റെക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചു തുടങ്ങി,” രജനീഷ് തുടരുന്നു.

“കാര്യങ്ങളെല്ലാം വളരെ നന്നായി മുന്നോട്ട് പോകുന്നത് കണ്ട തുളസീധരന്‍ സാര്‍ എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ‘നമുക്കെന്തു കൊണ്ട് ഈ ഒരു പരിശ്രമം കേരളിത്തിലുടനീളം എത്തിച്ചുകൂടാ? കേരളത്തിലെ അന്ധവിദ്യാലയങ്ങളില്‍ എല്ലാ ക്ലാസ്സുകളിലെയും പാഠപുസ്തകങ്ങളുടെ ഓഡിയോ ഫയലുകള്‍ എത്തിച്ചാല്‍ വലിയൊരു കാര്യമല്ലേ, മാത്രമല്ല കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള റെഫറന്‍സ് ബുക്കുകളുടെ റെക്കോര്‍ഡിങ് കൂടി ഉള്‍പ്പെടുത്തി എത്തിക്കണം’

“അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ ഞങ്ങള്‍ക്കും ഊര്‍ജമായി. പിന്നീടുള്ള പരിശ്രമം മുഴുവന്‍ അതിനായിരുന്നു,” രജനീഷ് പറഞ്ഞു.

പക്ഷേ, അതിനായി കൂടുതല്‍ വൊളന്‍റിയേഴ്‌സിനെ ആവശ്യം വന്നു. അപ്പോഴാണ് തിരുവനന്തപുരം സര്‍ക്കാര്‍ വിമെന്‍സ് കോളെജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. ഉമാ ജ്യോതി വി സഹായത്തിനെത്തുന്നത്.

രജനീഷ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.

“ഞാന്‍ വഴുതക്കാട് സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ടീച്ചര്‍ എന്നെ പരിചപ്പെടുകയും റെക്കോര്‍ഡിങ്നും മറ്റും സഹായിക്കുകയും ചെയ്യുമായിരുന്നു,” രജനീഷ് പറയുന്നു.

“മാത്രമല്ല ടീച്ചര്‍ പഠനകാലം മുതലേ കൂട്ടുകാരുമായി വന്നു ഇവിടുത്തെ കുട്ടികള്‍ക്ക് പാഠം വായിച്ചു കൊടുക്കുമായിരുന്നു. ആവശ്യമുള്ള സമയങ്ങളില്‍ ടീച്ചര്‍ കോളേജിലെ കുട്ടികളെ റെക്കോഡിങ്ങിനായി അയച്ചുതന്നു. കോര്‍ഡിനേഷനും മറ്റും ഞങ്ങള്‍ക്കൊപ്പം നിന്നു. കുട്ടികളും ആവേശത്തോടെ എത്തിയതോടെ ആ സംരംഭം മികച്ച രീതിയില്‍ മുന്നോട്ടുപോയി.”

കുട്ടികള്‍ക്കായി ആരംഭിച്ച പരിപാടിയുടെ വിജയം രജനീഷിനും സംഘത്തിനും കൂടുതല്‍ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കാന്‍ പ്രചോദനമായി. അങ്ങനെയാണ് കാഴ്ച പരിമിതി ഉള്ളവരില്‍ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും പത്രം വായിക്കാനും മറ്റും ബുദ്ധിമുട്ടുന്നവര്‍ക്കും വേണ്ടി വാര്‍ത്തകള്‍ റെക്കോഡ് ചെയ്ത് കൊടുത്താലോ എന്നാലോചിക്കുന്നത്.

“…അന്ധത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും മുന്നിട്ടിറങ്ങിയാല്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് സുമനസുകള്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസവും മുന്‍ അനുഭവം എനിക്ക് നല്‍കിയിരുന്നു,” രജനീഷ് വിശദീകരിക്കുന്നു.

”അന്ധവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല കാഴ്ചയ്ക്ക് പരിമിതി ഉള്ള എല്ലാവര്‍ക്കും ഈ റെക്കോര്‍ഡിങ് രീതി ഉപകാരപ്പെട്ടു. കാഴ്ചശക്തിയുള്ളവര്‍ക്ക് പത്രം വായിക്കാനും പുസ്തകങ്ങള്‍ അരിച്ചു പെറുക്കി പഠിക്കാനും പി.എസ്.സി. പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ ഞങ്ങളെ പോലെ കാഴ്ചയില്ലാത്തവര്‍ക്ക് അത്തരം പഠനോപകരണങ്ങളുടെയും പത്രങ്ങളുടെയുമൊക്കെ ലഭ്യത വളരെ പരിമിതമാണ്.

“ബ്രെയ്‌ലി ലിപിയിലുള്ള മെറ്റീരിയല്‍സ് വളരെ കുറവാണ്. ഇന്‍റെര്‍നെറ്റ് കാഴ്ചപരിമിതര്‍ക്കും വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ടെങ്കിലും അതിനും പരിമിതികളുണ്ട്. ഉപയോഗിക്കാനറിയാത്തവരും ഏറെ. ഇതുമൂലം മറ്റു കഴിവുകളെല്ലാം ഉണ്ടായിട്ടും പരീക്ഷകള്‍ക്ക് വേണ്ടവിധം പഠിക്കാന്‍ കഴിയാത്തവര്‍ ഒരുപാടുണ്ട്.

“അവര്‍ക്ക് വെളിച്ചമാകാനാണ് അക്ഷരനാദം ഫൗണ്ടേഷന്‍ ആരംഭിച്ചത്. എനിക്കിതിന് എല്ലാ പിന്തുണയുമായി ഉമ ടീച്ചറും തുളസീധരന്‍ സാറും രാഘുനാഥന്‍ സാറും എന്‍റെ സുഹൃത്തുക്കളും എല്ലാമുണ്ടായിരുന്നു. ഉമ ടീച്ചറും രാഘുനാഥന്‍ സാറും അക്ഷരനാദം ഫൗണ്ടേഷന്‍റെ രക്ഷാധികാരികളാണ്. ഉമ ടീച്ചറാണ് അക്ഷരനാദം എന്ന പേര് തെരഞ്ഞെടുത്തത്,” അക്ഷരനാദം ഫൗണ്ടേഷനിലേക്ക് എത്തിച്ചേര്‍ന്ന വഴികളെ കുറിച്ച് രജനീഷ്.


ഇതുകൂടി വായിക്കാം: 17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍


വാട്ട്‌സാപ്പ് ആണ് അക്ഷരനാദത്തിന്‍റെ പ്രധാന ചാനല്‍. മെറ്റീരിയല്‍സ് വായിച്ച് അയക്കുന്നവരെയും കാഴ്ചപരിമിതരായ തന്‍റെ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ ആരംഭിക്കുന്നതെന്ന് രജനീഷ് പറയുന്നു. ”വാട്‌സാപ്പില്‍ ആ പേരില്‍ ഒരു കൂട്ടായ്മ തുടങ്ങി എന്‍റെ സുഹൃത്തുക്കളെയും ഉമാ ടീച്ചറെയും ടീച്ചറുടെ കുറച്ചു വിദ്യര്‍ത്ഥികളെയും എന്‍റെ സഹപ്രവര്‍ത്തകരില്‍ ചിലരെയും അംഗങ്ങളാക്കി.

“വേറൊരു എടുത്തു പറയേണ്ട വ്യക്തി ആണ് ശ്രീരേഖ എന്ന രേഖ ആന്‍റി. ശ്രീരേഖ എന്‍റെ കൂടെ വഴുതക്കാട് ജോലി ചെയ്തിട്ടുള്ളതാണ്. … സ്‌കൂളിലെ കുട്ടികളെല്ലാം സ്‌നേഹത്തോടെ വിളിക്കുന്നതാണ് രേഖ ആന്‍റി എന്ന്. … അവര്‍ വഴുതക്കാട് സ്‌കൂളില്‍ ഏകദേശം ഏഴു കൊല്ലം പാഠപുസ്തകങ്ങള്‍ റെക്കോര്‍ഡ് ചെയ്തും എഡിറ്റിംഗില്‍ സഹായിച്ചും കൂടെയുണ്ടായിരുന്നു. വേറെ സ്ഥാപനത്തില്‍ ജോലി കിട്ടി പോയെങ്കിലും ഇന്നും അക്ഷരനാദത്തില്‍ സന്നദ്ധ പ്രവര്‍ത്തകയായി കൂടെയുണ്ട്.”

മൊബൈലും വാട്‌സാപ്പുമൊന്നും ഉപയോഗിക്കാത്തവര്‍ക്കുവേണ്ടി ഓഡിയോ ഫയലുകള്‍ സി ഡിയിലും മറ്റുമായി എത്തിച്ചുകൊടുക്കുന്നുമുണ്ട്. (Image for representation only. Photo source: pixabay.com)

അധികം കഴിയും മുമ്പേ നിരവധി പേര്‍ അറിഞ്ഞും കേട്ടും ഗ്രൂപ്പില്‍ അംഗങ്ങളായെത്തി. അതോടെ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനവും കൂടുതല്‍ സജീവമായി. ദിവസവും ഓഡിയോ ഫയലുകളായി നിരവധി പുസ്തകങ്ങളും മറ്റും ഈ കൂട്ടായ്മയില്‍ എത്തുന്നു. രാവിലെ പത്രം വായന, ശുഭചിന്ത വിഷയം, ദിവസത്തിന്‍റെ പ്രത്യേകതകള്‍ പരാമര്‍ശിച്ചുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നിവയിലൂടെയാണ് അക്ഷരനാദത്തിലെ ദിവസം ആരംഭിക്കുന്നത്.

“…റെക്കോര്‍ഡ് ചെയ്യുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആണ്. തിരക്കുകള്‍ക്കിടയിലും അക്ഷരനാദത്തിനു വേണ്ടി സമയം കണ്ടെത്തുന്നവരായി മുപ്പതോളം പേരുണ്ട് ഇപ്പോള്‍. മുടങ്ങാതെ ഓഡിയോ ഫയലുകള്‍ എത്തിച്ചു തരുന്നവര്‍…,” രജനീഷ് അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു.

പോസ്‌റ്റോഫീസ് ജീവനക്കാരിയായ രാമലക്ഷ്മി. അവര്‍ ശബ്ദം നല്‍കിയ ഒരുപാട് പുസ്തകങ്ങള്‍ അക്ഷരനാദത്തിന്‍റെ വലിയ സമ്പത്താണ്. അതുപോലെ അധ്യാപികമാരായ എലിസബത്, കൃഷ്ണ, ബീന…അങ്ങനെ കുറെപ്പേര്‍ സ്ഥിരമായി ആ ഗ്രൂപ്പിന് വേണ്ടി പുസ്തകങ്ങളും പത്രങ്ങളുമൊക്കെ വായിച്ചുകൊടുക്കുന്നു. മൊബൈലും വാട്‌സാപ്പുമൊന്നും ഉപയോഗിക്കാത്തവര്‍ക്കുവേണ്ടി ഓഡിയോ ഫയലുകള്‍ സി ഡിയിലും മറ്റുമായി എത്തിച്ചുകൊടുക്കുന്നുമുണ്ട്.

മൂന്നാം ക്ലാസ് വരെ സാധാരണ സ്‌കൂളിലാണ് രജനീഷ് പഠിച്ചത്. ബ്ലൈന്‍ഡ് സ്‌കൂളിലേക്ക് മാറിയതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്.

“ഒന്നാം ക്ലാസ് മുതല്‍ മൂന്നാം ക്ലാസ് വരെ സാധാരണ സ്‌കൂളില്‍ ആണ് പഠിച്ചതെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്‍റെ അധ്യാപകരും കൂട്ടുകാരും അനുജത്തിയും കൂടെ തന്നെയുണ്ടായിരുന്നു. അധ്യാപകര്‍ എനിക്ക് പ്രത്യേകം ക്ലാസ് എടുത്ത് തരുമായിരുന്നു.

“കൂട്ടുകാരും അനുജത്തിയും എനിക്ക് പാഠങ്ങള്‍ വായിച്ചു തരികയും നോട്ട് എഴുതിത്തരികയും ചെയ്യുമായിരുന്നു. എനിക്ക് പഠിക്കാന്‍ വലിയ താല്പര്യമായിരുന്നു. അനുജത്തിയുടെ കൈ പിടിച്ചാണ് ഞാന്‍ സ്‌കൂളിലേക്ക് നടന്ന് പോയിരുന്നത്. നാലാം ക്ലാസ്സിലായപ്പോള്‍ ബ്രെയില്‍ ലിപി പഠിപ്പിച്ചു തന്ന വിജയന്‍ സാര്‍ ആണ് പിന്നീട് എന്നെ വഴുതക്കാട് അന്ധവിദ്യാലയത്തില്‍ ചേര്‍ത്തത്. ഇന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ തന്നെ,” രജനീഷ് ചിരിച്ചു കൊണ്ട് തുടര്‍ന്നു.

“അതെന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചു. സാധാരണ വിദ്യാലയത്തില്‍ ഭിന്നശേഷിക്കാരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് വിരളമായിരുന്നു. എനിക്കാണെങ്കില്‍ പാട്ടിലും പ്രസംഗത്തിലും മിമിക്രിയിലും ഒക്കെ നല്ല കമ്പവും. ആദ്യം പഠിച്ച സ്‌കൂളില്‍ എന്നെ മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ വഴുതക്കാട് സ്‌കൂളില്‍ എത്തിയപ്പോള്‍ നേരെ തിരിച്ചായിരുന്നു. എല്ലാ മത്സരങ്ങളിലും പങ്കെടുക്കാന്‍ വലിയ പ്രോത്സാഹനം.

(Image for representation only. Photo source: Pixabay.com)

“പത്താം ക്ലാസ്സില്‍ പ്രസംഗത്തില്‍ എനിക്ക് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. അതിന്‍റെ ഗ്രേസ് മാര്‍ക്ക് ആയി മുപ്പത് മാര്‍ക് എസ്എസ്എല്‍സിയ്ക്ക് കിട്ടുകയും ചെയ്തു. എന്‍റെ ജീവിതത്തില്‍ ഞാന്‍ അന്ന് അനുഭവിച്ച സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്. അന്ധനാണെന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുക എന്നതാണ് ഏറ്റവും വലിയ സങ്കടം. പക്ഷേ അങ്ങനെ മാറി നില്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. …”

എന്നാല്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് വേണ്ട പരിശീലനവും ശ്രദ്ധയും കിട്ടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ”നമ്മള്‍ ഒരിക്കലും ഭിന്നശേഷി ഉള്ള കുട്ടികളെ സാധാരണ സ്‌കൂളില്‍ ചേര്‍ക്കരുത് എന്നാണ് എന്‍റെ അനുഭവം. സ്‌പെഷ്യല്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുക. സാധാരണ സ്‌കൂളില്‍ എല്ലാത്തില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടും. എന്നാല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓരോ കുട്ടിയുടെ കഴിവ് മനസിലാക്കി അവനെ ശരിയായ ദിശയിലേക്ക് വിടും. മാത്രമല്ല ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള എല്ലാവിധ പരിശീലനവും അവിടെ ലഭിക്കും. ഞാന്‍ വഴുതക്കാട് സ്‌കൂളില്‍ എത്തിയതിനു ശേഷമാണ് സ്വന്തം പത്രം കഴുകി വെക്കാന്‍ പോലും പഠിച്ചത്.”


അധ്യാപകനായി, നൂറുകണക്കിനാളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമായി… എന്നാല്‍ രജനീഷിന്‍റെ മനസ്സില്‍ ഇന്നും ഉണര്‍ന്നിരിക്കുന്ന ഒരാഗ്രഹമുണ്ട്–ഒരു പട്ടാളക്കാരനാകണം.


“ചെറുപ്പം മുതലേ പട്ടാളത്തില്‍ ചേരാനായിരുന്നു ആഗ്രഹം. ചെറുപ്പത്തിലെന്നല്ല ഇന്നും എന്‍റെ ഉള്ളില്‍ നടക്കാത്ത ഒരു സ്വപ്നമായി അല്ലെങ്കില്‍ ഒരു കൊതിയായി ആ മോഹം അവശേഷിക്കുന്നു. എന്‍റെ മരണത്തോട് കൂടി മാത്രമേ ആ ആഗ്രഹം അവസാനിക്കുകയുള്ളൂ. പട്ടാളക്കാരോട് ഉള്ള ആദരവ് എനിക്കെത്ര പറഞ്ഞാലും തീരില്ല. … അവരില്‍ ഒരാളാകാന്‍, ഒരു ക്ലാര്‍ക്കെങ്കിലുമായി സൈന്യത്തില്‍ ജോലി ചെയ്യുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്.” രജനീഷിന്‍റെ മുഖത്ത് ഒരേസമയം ആഗ്രഹത്തിന്‍റെ തിളക്കവും നിരാശയുടെ മങ്ങലും.

പ്രസംഗത്തിനുപുറമെ മിമിക്രിയിലും സംഗീതത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് രജനീഷ്. ഒരുപാട് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പഠനകാലത്തു കൂട്ടുകാര്‍ക്കൊപ്പം രജനീഷ് ലയതരംഗം എന്ന പേരില്‍ ഒരു ഓര്‍ക്കസ്ട്ര സംഘം തുടങ്ങി. ആ സംഗീത കൂട്ടായ്മ ഇപ്പോഴും സജീവമാണ്. അംഗങ്ങളിലും വര്‍ധന ഉണ്ടായി.

രജനീഷും സംഗീതയും

“സൗണ്ട് സിസ്റ്റം ആണ് ഞാന്‍ ഈ സംഗീത കൂട്ടായ്മയില്‍ കൈകാര്യം ചെയുന്നത്. ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിലാണ് അതിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിച്ചെടുത്തത്. എനിക്കിനിയും ഒരു ആഗ്രഹം ഉണ്ട് കേട്ടോ. സൗണ്ട് എഞ്ചിനീയറിംഗ് കൂടുതല്‍ വിശദമായി പഠിച്ചെടുക്കണമെന്ന്. പലയിടത്തും അഡ്മിഷന്‍ ചോദിച്ചു ചെന്നെങ്കിലും അന്ധനായത് കൊണ്ട് എവിടെയും പ്രവേശനം കിട്ടിയില്ല. ആരെങ്കിലും എന്നെ പഠിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ ദയവായി അറിയിക്കണം,” രജനീഷ് അഭ്യര്‍ത്ഥിക്കുന്നു.

അക്ഷരനാദത്തിനായി എലിസബത്ത് ടീച്ചര്‍ തയ്യാറാക്കിയ ശബ്ദരേഖ കേള്‍ക്കാം:
https://malayalam.thebetterindia.com/wp-content/uploads/2019/10/AUD-20191011-WA0003.mp3?_=2

ഓര്‍ക്കസ്ട്ര ടീമില്‍ മാത്രമല്ല രജനീഷിന്‍റെ കുടുംബത്തിലും സംഗീതം നിറയുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ വീണ അധ്യാപികയാണ്. പേരും ഇമ്പമുള്ളതു തന്നെ–സംഗീത!

അമ്മ ശ്രീകുമാരി. അച്ഛന്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചു. അനുജത്തി നിഷയും ജ്യേഷ്ഠന്‍ രതീഷും കുടുംബവുമൊത്തു സന്തോഷത്തോടെ കഴിയുന്നു. ”സംഗീതക്ക് കാഴ്ചക്ക് ഭാഗികമായി പരിമിതി ഉണ്ട്. കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്ക് വിജയം നേടിയിട്ടുണ്ട്. പിഎസ്സിയില്‍ നാലാം റാങ്കോടെയാണ് സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ജോലി നേടിയത്. പഠിച്ചതും അവിടെ തന്നെയാണ്,’ രജനീഷ് വീട്ടിലെ സന്തോഷങ്ങള്‍ പങ്കുവെച്ചു.


അക്ഷരനാദം ഫൗണ്ടേഷന്‍ വാട്‌സാപ്പ് കൂട്ടായ്മയില്‍ നിങ്ങള്‍ക്കും അംഗമാകാം… രജനീഷിനെ 94963 65507 എന്ന നമ്പറില്‍ ബന്ധപ്പെടാം. ബാക്കി കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതരും.


“വായിച്ചു റെക്കോര്‍ഡ് ചെയ്തു സേവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ എനിക്ക് പറഞ്ഞു കൊടുക്കാവുന്നതേ ഉള്ളു. നമ്മുടെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് തന്നെ ഒരു പുണ്യമല്ലേ, അതും അക്ഷരങ്ങളെ മനസ്സുകൊണ്ട് മാത്രം അറിഞ്ഞു ജീവിക്കുന്നവര്‍ക്ക് വേണ്ടി ആണെങ്കില്‍ സന്തോഷം അല്ലെ,” അദ്ദേഹം ചോദിക്കുന്നു.


ഇതുകൂടി വായിക്കാം: ‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം