കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്

ഈ ചേച്ചിമാരെ കല്യാണത്തിന് വിളിച്ചാല്‍ മതി. ചില്ലു ഗ്ലാസുകളും പാത്രങ്ങളുമൊക്കെയായി അവര്‍ വരും കല്യാണം കൂടാനും നടത്താനും.

തിനാറ് തരം കറികള്‍, നാലു തരം പായസം. നോണ്‍ വെജുകാര്‍ക്ക് ബിരിയാണിയും ഐസ്ക്രീമും ഫ്രൂട്ട് സാലഡും. ഇതാണിപ്പോഴത്തെ ട്രെന്‍ഡ്. കല്യാണത്തിന് വരുന്ന വെജുകാരെയും നോണ്‍ വെജുകാരെയും പിണക്കണ്ടല്ലോ.

എന്നാല്‍ ഈ ബിരിയാണിയും പായസവും ഐസ്ക്രീമുമൊക്കെ വിളമ്പുന്നത് പലപ്പോഴും ഡിസ്പോസ്ബിള്‍ പാത്രങ്ങളിലാകും. ഉപയോഗശേഷം കഴുകാന്‍ നില്‍ക്കേണ്ടല്ലോ.

നേരെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ പറമ്പിന്‍റെ മൂലയ്ക്കിട്ട് കത്തിക്കും. ചിലരെങ്കിലും ഒഴിഞ്ഞ പറമ്പുകളിലേക്ക് വലിച്ചെറിയും.


പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം : Karnival.com

എന്നാല്‍ കണ്ണൂരിലെ കടമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും കല്യാണങ്ങള്‍ മാറുകയാണ്. അതിന് കാരണം ഒരു കൂട്ടം സ്ത്രീകളാണ്.

ഈ ചേച്ചിമാരെ കല്യാണത്തിന് വിളിച്ചാല്‍ മതി. ചില്ലു ഗ്ലാസുകളും പാത്രങ്ങളുമൊക്കെയായി അവര്‍ വരും കല്യാണം കൂടാനും നടത്താനും.

കടമ്പൂര്‍ പഞ്ചായത്തിലെ 11 സ്ത്രീകളാണ് പ്ലാസ്റ്റിക് മാലിന്യങ്ങളെ പടിക്ക് പുറത്ത് നിറുത്താന്‍ ഹരിത കര്‍മസേനയുമായി രംഗത്തെത്തിയിരിക്കുന്നത്.

വധുവിനും വരനുമൊപ്പം ഹരിതകര്‍മസേനക്കാര്‍

ഹരിത കര്‍മ സേനയിലൂടെ പ്ലാസ്റ്റിക് വിമുക്തമായ ഹരിതകല്യാണം. ഇതാണ് ഞങ്ങളുടെ ലക്ഷ്യം,” സേനയുടെ പ്രസിഡന്‍റ് പ്രസീത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“രണ്ട് ഹരിത കല്യാണങ്ങള്‍ ഞങ്ങള്‍ നടത്തിക്കഴിഞ്ഞു. തുടക്കം ഒട്ടും തെറ്റിയില്ല… ഇനി അടുത്ത മാസം ഒരു കല്യാണത്തിന്‍റെ കൂടി ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്,” പുതിയ സംരംഭത്തിന് തുടക്കത്തില്‍ തന്നെ നല്ല പ്രോത്സാഹനം കിട്ടിയതില്‍ പ്രസീതയ്ക്ക് വലിയ സന്തോഷം.

“ആഡൂരിലാണ് ഞങ്ങളുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ഹരിതകല്യാണം നടന്നത്. കെ.വിനോദിന്‍റെയും വിജുകുമാരിയുടെയും മകള്‍ വിസ്മയയും വൈശാഖ് ശശിയും തമ്മിലുള്ള കല്യാണമായിരുന്നു.”

ഡിസ്പോസ്ബിള്‍ ഗ്ലാസുകളും പ്ലേറ്റുകളുമൊന്നും ആ കല്യാണത്തിന് ഉപയോഗിച്ചില്ല. പകരം സെറാമിക് പാത്രങ്ങളിലും ചില്ലു ഗ്ലാസിലുമൊക്കെയാണ് ഭക്ഷണം വിളമ്പിയത്. കഴിഞ്ഞ ഓഗസ്റ്റ് 24-നായിരുന്നു വിവാഹം.

(Image for representation only  Photo source: pixabay.com)

“ആദ്യത്തെ കല്യാണം വീട്ടില്‍ തന്നെയായിരുന്നു. രണ്ടാമത് ഓഡിറ്റോറിയത്തില്‍ നടന്ന കല്ല്യാണത്തിന്‍റെ വര്‍ക്കാണ് കിട്ടിയത്. ഇതിന്‍റെ കല്യാണത്തലേന്നത്തേക്കാണ് ഞങ്ങളെ വിളിച്ചത്.

“കല്യാണ ദിവസങ്ങളില്‍ മാത്രമല്ല തലേ ദിവസത്തെ പരിപാടികള്‍ക്കും ഞങ്ങള്‍ പോകാറുണ്ട്.


ഞങ്ങള് എത്ര ആള്ക്കാരു വരണമെന്നും കല്യാണത്തലേന്ന് മുതല്‍ വരണോ എന്നൊക്കെ ആ വീട്ടുകാര് പറയുന്നത് പോലെയാണ് തീരുമാനിക്കുന്നത്.


“കല്യാണത്തലേന്ന് സഹായിക്കാനുമൊക്കെ കൂടെക്കൂടും. 11 പേരില്‍ കൂടുതലാളെ വേണമെന്നു പറഞ്ഞാലും റെഡി. അതൊന്നും പ്രശ്നമല്ല. സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍ നല്‍കും. അതൊക്കെ ഞങ്ങള്‍ തന്നെയാണ് കഴുകി വൃത്തിയാക്കുന്നതും.

“തത്കാലം വിളമ്പാനും മറ്റും തുടങ്ങിയിട്ടില്ല. അതിനൊന്നും ഒരു ബുദ്ധിമുട്ടുമില്ല. വിളമ്പുന്നതിന്‍റെ ചുമതല ഏല്‍പ്പിച്ചാലും കാര്യമായി തന്നെ നമ്മള്‍ ചെയ്യും. രണ്ട് കല്യാണങ്ങള്‍ക്കും സെറാമിക് പ്ലേറ്റുകളാണ് ഉപയോഗിച്ചത്. അതിനൊപ്പം ഇലകളിലുമാണ് സദ്യ വിളമ്പിയത്.

പ്ലാസ്റ്റിക് ശേഖരണത്തിനിടയില്‍

“രണ്ട് തരം പായസത്തിന് വ്യത്യസ്ത തരത്തിലുള്ള രണ്ട് ഗ്ലാസ്. പിന്നെ വെള്ളത്തിന് മാത്രമായി വേറെയൊരു ഗ്ലാസ്. അങ്ങനെ രണ്ട് സ്റ്റീല്‍ ഗ്ലാസും ഒരു ചില്ലു ഗ്ലാസുമാണ് ഈ കല്യാണങ്ങള്‍ക്ക് നല്‍കിയിരുന്നത്.

“സ്റ്റീല്‍ പാത്രങ്ങളും സെറാമിക് പാത്രങ്ങളുമൊക്കെ ഉപയോഗിച്ചാല്‍, പിന്നെയത് കഴുകി വൃത്തിയാക്കണമെന്നത് വലിയൊരു പണിയാണ്. അങ്ങനെയാണ് പലരും ഡിസ്പോസ്ബിള്‍ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ വാങ്ങുന്നത്.

“അതാകുമ്പോള്‍ ഉപയോഗിച്ച ശേഷം കളഞ്ഞാല്‍ മതി, പറ്റുവാണേല്‍ കത്തിച്ചും കളയാലോ. ആ സൗകര്യത്തിനാണ് ഡിസ്പോസ്ബിള്‍ പ്ലേറ്റും ഗ്ലാസുമൊക്കെ പലരും വാങ്ങിക്കുന്നത്.


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


“വൃത്തിയാക്കുന്നതിന്‍റെ ബുദ്ധിമുട്ട് വിചാരിച്ച് ആരും ഇതൊന്നും ഇനി കല്യാണ വീടുകളിലേക്ക് വാങ്ങണ്ട. ഞങ്ങളുണ്ട്, ചില്ലു പാത്രവും സ്റ്റീല്‍ പാത്രവും നല്‍കാന്‍ മാത്രമല്ല ഉപയോഗശേഷം പാത്രം കഴുകി വെടിപ്പാക്കി നല്‍കാനും ഞങ്ങളുണ്ട്,” പ്രസീത കൂട്ടിച്ചേര്‍ത്തു.

കമുകിന്‍ പാളകൊണ്ടുള്ള പാത്രങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നു പ്രസീത പറയുന്നു. “ഇവിടെ പാള പാത്രങ്ങളുണ്ടാക്കുന്നവരുണ്ട്. അവരുമായി ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് പാളപാത്രങ്ങള്‍ നല്‍കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ഇതുവരെ പാള പാത്രങ്ങള്‍ കല്യാണവീടുകളില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

“മറ്റൊന്നും കൊണ്ടല്ല, കൂടുതലും ഇലയാണ് ഉപയോഗിച്ചത്. ഇല ആവശ്യത്തിനു ഇവിടെ കിട്ടാനുമുണ്ടല്ലോ. ഇല വേണ്ടെന്നുള്ളവര്‍ സെറാമിക് പാത്രങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്.

“ചെറിയ പരിപാടിയ്ക്കൊക്കെ ആണെങ്കില്‍ ആവശ്യക്കാര്‍ക്ക് സ്റ്റീല്‍ പാത്രം നല്‍കാനാകും. തത്ക്കാലമിപ്പോള്‍ ഗ്ലാസുകള്‍ മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ.

“ഇനി ഗ്ലാസുകള്‍ക്കൊപ്പം പാത്രങ്ങളുമൊക്കെ സംഘടിപ്പിച്ച് ഹരിത കര്‍മ സേനയുടെ പരിപാടി വിപുലമാക്കി നടത്തണമെന്നാണ് ആഗ്രഹം,” അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും 11 അംഗം സംഘം പറയുന്നു.

11 അംഗ സംഘമെന്നു പറഞ്ഞാല്‍ പ്രസീതയെ കൂടാതെ പ്രമീള, സുജിത, സുലോചന, നളിനി, ശാന്ത, ശോഭ, രാധിക, സതി, ദീപ, സാവിത്രി. ഇത്രയും പേരാണ് സംഘത്തിലെ അംഗങ്ങള്‍. കൂട്ടത്തില്‍ സീനിയര്‍ അറുപതുകാരിയായ ശാന്തയാണ്.

ഹരിത കല്യാണങ്ങള്‍ക്ക് ഈ 11 അംഗ സ്ത്രീകളെത്തുന്നത് യൂനിഫോമൊക്കെ ധരിച്ചാണ്. ചുവപ്പ് നിറത്തിലുള്ള സാരിയും അതിനുമുകളില്‍ വെള്ള കോട്ടും പിന്നെ ഏപ്രണും.

“ജില്ലാ മിഷന്‍റെ വെള്ളക്കോട്ടാണ് ഞങ്ങളൊക്കെ ധരിക്കുന്നത് ഇതാണ് യൂനിഫോം. ഈ യൂനിഫോമിലാണ് ഞങ്ങളെല്ലാവരും കല്യാണവീട്ടിലെ ജോലികള്‍ക്കെത്തുന്നത്,” പ്രസീത പറയുന്നു.

“ഇനിയീപ്പോ ഹരിത കല്യാണത്തിനല്ലാതെ ഗ്ലാസുകള്‍ വേണമെന്നു പറഞ്ഞാലും ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്.

വാടകയ്ക്കാണ് ഗ്ലാസുകള്‍ നല്‍കുന്നത്. 500 ചില്ലു ഗ്ലാസുകളുണ്ട്. ഹരിത കര്‍മ സേന വാങ്ങിയതാണ് ഈ ഗ്ലാസുകള്‍.

(Image for representation only  Photo source: pixabay.com)

“സ്റ്റീല്‍ ഗ്ലാസുകള്‍ സ്വന്തമായിട്ടില്ല. പക്ഷേ സ്റ്റീല്‍ ഗ്ലാസുകള്‍ വേണ്ടവര്‍ക്ക് കൊണ്ടു കൊടുക്കാറുണ്ട്. വാടകയ്ക്ക് എടുത്തോ മറ്റോ അവര്‍ക്കെത്തിച്ച് കൊടുക്കും. എരഞ്ഞോളി പഞ്ചായത്തിലാണ് ഇനി അടുത്ത കല്യാണത്തിന്‍റെ ഓര്‍ഡര്‍ കിട്ടിയിരിക്കുന്നത്.

“പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്ന സെറാമിക് പാത്രങ്ങളും സ്റ്റീല്‍ ഗ്ലാസുമൊക്കെയുണ്ടെന്നാണ് ആ കല്യാണ വീട്ടുകാര്‍ പറഞ്ഞത്. അതുകൊണ്ട് ഞങ്ങള് പാത്രങ്ങളൊന്നും കൊണ്ടുപോകുന്നില്ല. നിങ്ങള് വന്നാല്‍ മാത്രം മതിയെന്നാണ് അവര് പറഞ്ഞത്.


ഇതുകൂടി വായിക്കാം: എം.ടെക്കുകാരന്‍റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍


‍‍”കല്യാണമൊക്കെയാകുമ്പോള്‍ കുറേ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വീടുകളിലുമുണ്ടാകുന്നത്. ഭക്ഷണം വിളമ്പാന്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചായയും വെള്ളവുമൊക്കെ കൊടുക്കാന്‍ ഡിസ്പോസ്ബിള്‍ ഗ്ലാസുകള്‍, പിന്നെ കല്യാണവീടല്ലേ വസ്ത്രങ്ങളും സാധനങ്ങളുമൊക്കെയായി കുറേ സാധനങ്ങള്‍ വാങ്ങുമല്ലോ.

(Image for representation only  Photo source: pixabay.com)

“ആ വാങ്ങുന്ന സാധനങ്ങളിലേറെയും പ്ലാസ്റ്റിക് കവറുകളിലാകും കിട്ടുന്നത്. പിന്നെ ഇതിനൊപ്പം കല്യാണപ്പെണ്ണിനും ചെറുക്കനും സമ്മാനങ്ങള്‍ കിട്ടുമല്ലോ. അക്കൂട്ടത്തില്‍ പലതും പ്ലാസ്റ്റിക് കവറുകളിലാകും നല്‍കുന്നത്.


കല്യാണം കഴിയുന്നതോടെ ആ വീട് നിറയെ പ്ലാസ്റ്റിക്ക് ഉണ്ടായിരിക്കും. ഭക്ഷണം വിളമ്പാനെങ്കിലും പ്ലാസ്റ്റിക് ഒഴിവാക്കുകയാണെങ്കില്‍ അത്രയും നല്ലതല്ലേ.


” ഈ പ്ലാസ്റ്റിക്കുകളൊക്കെ പലരും കത്തിച്ചു കളയുകയാണ് പതിവ്. അല്ലെങ്കില്‍ ഞങ്ങളെ പോലുള്ളവര്‍ പ്ലാസ്റ്റിക് വേസ്റ്റ് എടുക്കാന്‍ വരുമ്പോള്‍ തന്നു വിടും. ഒരു ശ്രദ്ധയുമില്ലാതെ ഒഴിഞ്ഞ പറമ്പുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരുമുണ്ട്. ഓരോ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് വേസ്റ്റുകള്‍ എടുക്കാന്‍ പോകുന്നവരല്ലേ ഞങ്ങള്‍.. ഇതൊക്കെ കുറേ കണ്ടിട്ടുണ്ട്.

ഹരിതകര്‍മ സേനയിലെ സ്ത്രീകള്‍

“ഇതൊക്കെ കണ്ട് കണ്ടാണ് പ്ലാസ്റ്റിക്കിനെ ഒഴിവാക്കുന്നതിന് ശ്രമിക്കണമെന്നു തോന്നുന്നത്. ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് കല്യാണ വീടുകളിലെങ്കിലും നിയന്ത്രിച്ചാല്‍ നല്ലതാണെന്നു തോന്നി.

“അങ്ങനെയാണ് ഹരിതകര്‍മ സേന ഇങ്ങനെയൊരു വ്യത്യസ്തമായ പരിപാടി കൊണ്ടുവരുന്നത്.” സ്ത്രീകളുടെ കൂട്ടായ്മയാണ് ഹരിതകര്‍മ സേനയെന്നും പ്രസീത പറയുന്നു.

വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നതും  ഹരിത കര്‍മ സേനക്കാര്‍ തന്നെയാണ്. എളിമ എന്ന പേരില്‍ ഓരോ വാര്‍ഡിലും രണ്ട് പേരെ വീതം നിയമിച്ച് പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതിയായിരുന്നു ഇത്.

പിന്നീട് അതു ഹരിത കര്‍മസേനയാക്കി മാറ്റുകയായിരുന്നു. പഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തില്‍ നിന്നും കോഴിക്കോട്ടെ റിസൈക്ലിങ് സെന്‍ററിലേക്കാണ് കൊണ്ടുപോകുന്നത്.

(Image for representation only  Photo source: pixabay.com)

“ഹരിത കര്‍മസേനയുടെ ഹരിത കല്യാണത്തിലൂടെ വരുമാനം മാത്രമല്ല പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനും സാധിക്കും. ഇതു തന്നെയാണ് പദ്ധതിയുടെ ലക്ഷ്യവും.”


ഇതുകൂടി വായിക്കാം: ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്


പഞ്ചായത്തിന് പുറത്തേക്ക് ഹരിത കല്യാണ പദ്ധതി വ്യാപിപ്പിക്കാനും തയാറാണെന്ന് പ്രസീത കൂട്ടിച്ചേര്‍ക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം