തൃശ്ശൂരിലെ മറ്റത്തൂര് ഇന്നുമൊരു കാര്‍ഷിക ഗ്രാമമാണ്. മറ്റത്തൂരുകാരന്‍ പ്രദീപിന്‍റെ കുടുംബത്തിനും കൃഷി തന്നെയായിരുന്നു. പ്രദീപിന്‍റെ അച്ഛന്‍ സാജന്‍ ബാബു പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തുമ്പോള്‍ ഇനിയെന്തുചെയ്യുമെന്ന സംശയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും നേരെ കൃഷിയിലേക്കിറങ്ങി.
“ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ പട്ടാളത്തിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയത്,” പ്രദീപ് ഓര്‍ക്കുന്നു. “വീടിനോട് ചേര്‍ന്ന് പറമ്പ് ഉള്ളതിനാല്‍ അച്ഛന്‍ അവിടെ കൃഷിയിറക്കി. അച്ഛന്‍റെ അനിയനും ഒരു കര്‍ഷകന്‍ തന്നെയാണ്.”
പക്ഷേ, കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകുറഞ്ഞു വന്നു. പലപ്പോഴും വലിയ നഷ്ടങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു.
പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം: https://karnival.com/
“ഒരിക്കല്‍ കൊച്ചച്ചന്‍ ഇരുന്നൂറു കിലോഗ്രാമോളം ചുരക്ക വിളവെടുത്തു. അത് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കിലോക്ക് ഒരു രൂപ തരാം എന്നാണ് കച്ചവടക്കാര്‍ പറഞ്ഞത്. അദ്ദേഹം ആ ചുരക്കയെല്ലാം തിരികെ കൊണ്ട് വന്നു പറമ്പില്‍ തന്നെ കുഴി വെട്ടി മൂടുകയായിരുന്നു,” പ്രദീപ് പി എസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
തുടര്‍ന്ന് പ്രദീപിന്‍റെ കൊച്ചച്ചന്‍ കൃഷി അവസാനിപ്പിച്ച് ഗള്‍ഫിലേക്ക് പോയി. “അച്ഛനും കൃഷിയില്‍ നഷ്ടം നേരിട്ടു. അങ്ങനെ അച്ഛന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞു.”
എന്നിട്ടും പ്രദീപ് ബി ടെക് കഴിഞ്ഞ് വീടിനോട് ചേര്‍ന്ന് നാല്‍പത് സെന്‍റില്‍ കൃഷിയിറക്കി.
“പയര്‍, വെണ്ടക്ക, പച്ചമുളക് എന്നിവ ആണ് ഞാന്‍ കൃഷി ചെയ്തത്. നല്ലൊരു വിളവ് തന്നെ എനിക്ക് അതില്‍നിന്നും കിട്ടുകയും ചെയ്തു. അതില്‍ നിന്നും എനിക്ക് നല്ല സന്തോഷവും ആത്മവിശ്വാസവും ലഭിച്ചു.”
പക്ഷേ, കൊച്ചച്ചന് നേരിട്ട അതേ അനുഭവം തന്നെയാണ് ചന്തയില്‍ നിന്നും പ്രദീപിനുണ്ടായത്
“… ഞാന്‍ കടക്കാരെ സമീപിച്ചപ്പോള്‍ തുച്ഛമായ വിലയാണ് അവര്‍ പറഞ്ഞത്. ചെലവ് പോലും നികത്താന്‍ അതുകൊണ്ടാകുമായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ കൃഷിയുടെ മാര്‍ക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത്.
“… മാര്‍ക്കെറ്റ് പഠിച്ചപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്. നമ്മള്‍ നമുക്ക് തോന്നുന്ന ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിട്ടു കാര്യമില്ല. മാര്‍ക്കറ്റിലെ ആവശ്യാനുസരണം കൃഷി ചെയ്താല്‍ മാത്രമേ നമ്മുടെ വിളകള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയുള്ളൂ. … ചുരക്ക, ചേന പോലുള്ള പച്ചക്കറികള്‍ക്ക് എന്നും ആവശ്യക്കാരുണ്ടാകില്ല. മാത്രമല്ല അത് വലിയ തോതില്‍ കച്ചവടക്കാര്‍ വാങ്ങുകയുമില്ല,”
ബി-ടെക്കും കഴിഞ്ഞ മകന്‍ വീട്ടുകാര്‍ ഉപേക്ഷിച്ച കൃഷിയിലേക്ക് തന്നെ തിരിയുന്നത് കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. അങ്ങനെ പ്രദീപ് എറണാകുളം ഇടപ്പള്ളിയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ വെബ് ഡെവലപ്പര്‍ ആയി ജോലിക്ക് കയറി. ജോലിക്കിടയിലും പ്രദീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു–കൃഷി ഉഷാറാക്കണം.
“ഇടപ്പള്ളിയില്‍ ഞാന്‍ ജോലിക്ക് കയറിയത് 2013-ലായിരുന്നു. ആ നാളുകളിലാണ് ഇ-കോമേഴ്സ് എന്ന വാക്ക് കേള്‍ക്കുന്നതും, അതിനെക്കുറിച്ചു അറിയുന്നതും. അങ്ങനെ ആമസോണ്‍ ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ബിസിനസ് സൈറ്റുകളെക്കുറിച്ചു പഠിച്ചു. അങ്ങനെയാണ് എന്തുകൊണ്ട് ഈ ഒരു സാധ്യത കൃഷിയിലും പരീക്ഷിച്ചു നോക്കിക്കൂടാ എന്ന് തോന്നിയത്,” പ്രദീപ് പറയുന്നു.
അങ്ങനെ അദ്ദേഹം ‘ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍’ എന്ന പേരില്‍ സ്വന്തമായി ഒരു ഇ-കോമേഴ്സ് വെബ്‌സൈറ്റ് തയ്യാറാക്കി. ഗുണമേന്മയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
“എറണാകുളത്തു വന്നപ്പോഴാണ് സിറ്റിയില്‍ താമസിക്കുന്നവക്ക് ജൈവ പച്ചക്കറികളോടുള്ള താല്പര്യം ശെരിക്കും മനസിലാക്കിയത്. അത് ഒരു ശുഭ സൂചനയായിരുന്നു. ഇ-കോമേഴ്സ് സൈറ്റ് ഉണ്ടാക്കിയ സ്ഥിതിക്ക് അടുത്ത നീക്കം ഈ ഒരു ആശയം യാഥാര്‍ഥ്യമാക്കുകയായിരുന്നു,” അദ്ദേഹം തുടരുന്നു.
ജോലി കഴിഞ്ഞു വൈകുന്നേരം ഓര്‍ഡര്‍ വരുന്ന പച്ചക്കറികള്‍ വില്‍ക്കുക എന്നതായിരുന്നു തുടക്കം ഉണ്ടായിരുന്ന പ്ലാന്‍. എന്നാല്‍ ഇടപ്പള്ളിയിലെ ഓഫീസിന്‍റെ പരിസരത്തു അതിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദീപ് ആ ജോലി ഉപേക്ഷിച്ചു ഇന്‍ഫോപാര്‍ക്കില്‍ വെബ് ഡെവലപര്‍ ആയി തന്നെ ജോലിയില്‍ പ്രവേശിച്ചു.
ഫാര്‍മേഴ്സ് ഫ്രഷ് സോണിനോട് ചേര്‍ന്ന് സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ കൂടെ കൂട്ടി. എന്നാല്‍ ഇന്‌ഫോപാര്ക്കിന്‍റെ ക്യാമ്പസ്സില്‍ പച്ചക്കറി വില്‍ക്കാന്‍ അനുവാദം കിട്ടിയില്ല. അങ്ങനെ അവിടെ ജോലി കഴിഞ്ഞു വൈകുന്നേരം അഞ്ചു മണി മുതല്‍ ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള റോഡ് സൈഡില്‍ പച്ചക്കറി വില്‍ക്കാന്‍ വച്ചു.
“എന്‍റെ നാട്ടില്‍ നിന്നുമായിരുന്നു പച്ചക്കറികള്‍ കൊണ്ട് വന്നിരുന്നത്. ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റോഡ് സൈഡിലും ശനിയാഴ്ച പച്ചക്കറി വീട്ടിലെത്തിച്ചും കൊടുത്തു. ഓണ്‍ലൈന്‍ വഴി വരുന്ന ഓര്‍ഡറുകള്‍ക്ക് അനുസരിച്ചു മാത്രമായിരുന്നു വില്പന.”
അതിന് നല്ല പ്രതികരണം ലഭിച്ചു. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരായിരുന്നു തുടക്കത്തില്‍ പ്രധാനമായും പച്ചക്കറി വാങ്ങിയിരുന്നത്.
“താമസിയാതെ ഇന്‍ഫോപാര്‍ക്കിലെ സി ഇ ഒ വരെ നമ്മുടെ കസ്റ്റമര്‍ ആയി. അങ്ങനെ എനിക്ക് പച്ചക്കറി വില്പനക്ക് ഇന്‍ഫോപാര്‍ക്കിന് അകത്തു തന്നെ സ്ഥലം അനുവദിച്ചു തരികയും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്തു,” പ്രദീപ് കൃഷി വികസന പരീക്ഷണങ്ങള്‍ വിശദീകരിച്ചു.
ആവശ്യമനുസരിച്ചുള്ള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നു സംഘടിപ്പിക്കാനും അവരെ ഒരുമിച്ചുകൊണ്ടുപോകാനുമായിരുന്നു പ്രയാസം.
“എറണാകുളം പോലുള്ള സിറ്റിയില്‍ വിഷരഹിതവിളകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. എന്നാല്‍ അതിനായി നാട്ടില്‍ പോയി അവിടെ ഉള്ള കര്‍ഷകരോട് കാര്യം അവതരിപ്പിച്ചപ്പോള്‍ ആദ്യം അവര്‍ പിന്‍വാങ്ങുകയായിരുന്നു. ബി-ടെക് പഠിച്ചവര്‍ക്ക് പറ്റിയ പണി അല്ല ഇതെന്ന് പറഞ്ഞവര്‍ വരെയുണ്ട്. നഷ്ടക്കച്ചവടത്തിനു ഇറങ്ങാതെ നല്ല ജോലി നോക്ക് എന്ന് പറഞ്ഞവര്‍ വേറെയും.
“ഞാന്‍ പറയുന്ന പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്താല്‍ ഞാന്‍ തന്നെ അത് വിലക്ക് വാങ്ങിക്കോളാം എന്നും അവരെ പറഞ്ഞു ബോധിപ്പിച്ചു. വിപണിയ്ക്ക് വേണ്ടിയുള്ള കൃഷിരീതിയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി. ഒടുവില്‍ എല്ലാവരും സന്തോഷത്തോടെ ഈ സംരംഭത്തിന്‍റെ ഭാഗമായി,” പ്രദീപ്
പറയുന്നു.
ആദ്യ ഘട്ടത്തില്‍ പ്രദീപിന്‍റെ സുഹൃത്തുക്കള്‍ ഒരു മാരുതി ഓമ്‌നിയില്‍ സാധനങ്ങള്‍ സ്വരൂപിച്ചു ഇന്‍ഫോപാര്‍ക്കിലേക്കെത്തിച്ചായിരുന്നു വില്പന.
താമസിയാതെ പ്രദീപ് ഇന്‍ഫോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു. കാക്കനാട് തന്നെ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി, ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ എന്ന പേരില്‍.
തുടക്കം മുതലേ സഹപാഠിയും സുഹൃത്തുമായ ജോര്‍ജ് കട്ടയ്ക്ക് കൂടെ നിന്നു. ഇന്നും ആ പിന്തുണ അത് പോലെയുണ്ട്. ജോര്‍ജ് ഇപ്പോള്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിലെ പാര്‍ട്ണര്‍ കൂടിയാണ്.
“പലരും പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ എന്‍റെ ഉള്ളിലെ സംരംഭകന്‍ തിരിഞ്ഞോടാന്‍ ഒരുക്കമായിരുന്നില്ല. എന്‍റെ പരിമിതികളും മികവുകളും അറിഞ്ഞുള്ള നീക്കങ്ങളായിരുന്നു പിന്നീട്. കൃഷിയെ വികസിപ്പിച്ചെടുക്കല്‍ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.
“എന്നാല്‍ മോഡേണ്‍ ടെക്‌നോളജി ഇതിനായി വിനിയോഗിച്ചതും വിപണിയെ അറിഞ്ഞുള്ള ഉല്പാദനവും എന്‍റെ ശ്രമങ്ങളെ ലക്ഷ്യത്തെത്തിച്ചു. ആദ്യ കാലങ്ങളലില്‍ ഒന്‍പത് കര്‍ഷകരായിരുന്നു ഞങ്ങളോട് സഹകരിച്ചു കൃഷി ചെയ്തതെങ്കില്‍ ഇന്ന് ഏകദേശം 900 കര്‍ഷകര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്,” പ്രദീപ് അഭിമാനത്തോടെ പറയുന്നു.
തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു വില്പന. എന്നാല്‍ ഉപയോക്താക്കളുടെ താല്പര്യം കണക്കിലെടുത്തു ഫാര്‍മേഴ്സ് ഫ്രഷ് സോണിനു എറണാകുളം ജില്ലയില്‍ തന്നെ രണ്ടു ഔട്‌ലെറ്റുകള്‍ ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് തൊട്ടും അറിഞ്ഞും പച്ചക്കറിയും പഴവര്‍ഗങ്ങളും തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഔട്‌ലെറ്റുകളുടെ രൂപഘടന.
“ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ വീട്ടിലെത്തിച്ചു കൊടുക്കുന്ന രീതിയുണ്ട്. മാത്രമല്ല വെബ്‌സൈറ്റില്‍ കയറിയാല്‍ ഓരോ ഇനവും ആര് കൃഷി ചെയുന്നു, എങ്ങനെയാണു കൃഷി രീതികള്‍, എന്ത് വളമാണ് നല്‍കുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.
“സ്റ്റോറില്‍ ആണെങ്കിലും ഓരോ സാധനങ്ങള്‍ക്കും ക്യു ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. അത് സ്‌കാന്‍ ചെയ്താല്‍ ഈ പറഞ്ഞ വിവരങ്ങളെല്ലാം അറിയാം. ഉപഭോക്താക്കളെ അവര്‍ കഴിക്കുന്ന പച്ചക്കറിയുടെ പൂര്‍ണ വിവരങ്ങള്‍ അറിയിച്ചു കൊണ്ടുള്ള രീതിയാണ് നമ്മള്‍ പിന്തുടരുന്നത്,” പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള കച്ചവട രീതികളെക്കുറിച്ചും പ്രദീപ് ടി ബി ഐ യോട് വിശദീകരിച്ചു.
ഇതുകൂടി വായിക്കാം: കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്
‘ഫാം വിസിറ്റ്’ എന്ന ആശയം കൂടി ഉപഭോക്താക്കള്‍ക്കായി മുന്നോട്ട് വെക്കുന്നുണ്ട് പ്രദീപ്. ഫാര്‍മേഴ്സ് ഫ്രഷ് സോണില്‍ വില്‍ക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സന്ദര്‍ശിക്കാം. കര്‍ഷകരോട് കൃഷി രീതികളെക്കുറിച്ചു സംസാരിക്കാം. മാത്രമല്ല കമ്പനി പ്രത്യേകം തയ്യാറാക്കിയ ടീം മാസത്തില്‍ നാല് തവണ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു വിളകളെല്ലാം വിഷവിമുക്തമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ട്.
കോയമ്പത്തൂരിൽ നിന്നുള്ള വേലുസ്വാമി: ഈ ജൈവകര്‍ഷകനും അദ്ദേഹത്തിന്‍റെ സംഘത്തിലെ ഒരുപാട് കര്‍ഷകരും ഫാര്‍മേഴ്സ് ഫ്രെഷ് സോണുമായി സഹകരിക്കുന്നുണ്ട്.
“രണ്ടു രീതിയിലാണ് നമ്മള്‍ കര്‍ഷകര്‍ക്ക് പച്ചക്കറി ഉല്പന്നങ്ങള്‍ക്ക് വില നല്‍കുന്നത്. ഒന്നാമത്തേത് വലിയതോതില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഒരു നിശ്ചിത തുക നല്‍കുക. രണ്ടാമത്തേത് സീസണല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം കൃഷി ചെയ്യുന്നവര്‍ക്ക് മാര്‍ക്കറ്റില്‍ അവക്ക് വില ഇടിഞ്ഞാലും സാമാന്യം നല്ല തുക നല്‍കുക. ഈ രീതികള്‍ കൊണ്ട് കര്‍ഷകര്‍ക്ക് തെറ്റില്ലാത്ത ലാഭം കിട്ടുന്നു എന്നതാണ് ഇതിന്‍റെ ഗുണം. വിഷരഹിത പച്ചക്കറിക്ക് അത്ര സ്വാധീനമുണ്ട് ഇന്ന് വിപണിയില്‍,” അധ്വാനത്തിനു അര്‍ഹിക്കുന്ന വില നല്‍കുന്ന പ്രദീപ് കര്‍ഷകരുടെയും വിശ്വാസം പിടിച്ചുപറ്റി.
www.farmersfz.com എന്ന വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളും വാങ്ങിക്കാം. മാത്രമല്ല തേന്‍, നാടന്‍മുട്ട തുടങ്ങിയവയും വില്പനയ്ക്കുണ്ട്. സാലഡ് പോലും പ്രദീപിന്‍റെ സ്റ്റോറില്‍ റെഡി.
ഓരോ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും വയസ്സും അറിഞ്ഞു ഓരോ പ്രായത്തിനും വേണ്ട പോഷകം അടങ്ങിയ പച്ചക്കറി നിറച്ച കിറ്റ് നല്‍കാനുള്ള ശ്രമത്തിലാണ് പ്രദീപ്. കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, മറ്റത്തൂര്‍, ഊട്ടി, ചേലക്കര തുടങ്ങി ഒരുപാട് സ്ഥലങ്ങളിലെ കര്‍ഷകര്‍ പങ്കാളികളായതുകൊണ്ട് ഗുണമേന്മയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും മുടങ്ങാതെ വില്‍ക്കാന്‍ കഴിയുന്നു.
പ്രദീപിന്‍റെ വീട്ടിലും ഫാര്‍മേഴ്സ് ഫ്രഷ് സോണിലേക്ക് പച്ചക്കറി കൃഷി ചെയ്തു വിളവെടുത്തു അയക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി പോലുള്ള പൊതുയാത്ര സംവിധാനങ്ങള്‍ ആണ് പച്ചക്കറികളും മറ്റും കയറ്റിവിടാനായി ഉപയോഗിക്കുന്നത്.
നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഫാര്‍മേഴ്സ് ഫ്രഷ് സോണിനു പൂര്‍ണ പിന്തുണയുമായി ഒരുകൂട്ടം കര്‍ഷകരും കൂട്ടുണ്ട്.
“പല ബിസിനസ്സും പയറ്റി തോറ്റിട്ട് ആണ് ഞാന്‍ കൃഷിയിലേക്കിറങ്ങിയത്. തുടക്ക കാലങ്ങളില്‍ യാതൊരു ലാഭവും ഇല്ലായിരുന്നു,” മറ്റത്തൂര്‍ സ്വദേശി ഗിരീഷ് കുമാ ര്‍ പറയുന്നു. “നാല് വര്‍ഷം മുമ്പ് ആണ് പഞ്ചായത്ത് വഴി ഫാര്‍മേഴ്സ് ഫ്രഷ് സോണുമായി കരാര്‍ ഏല്‍ക്കുന്നതും അവരുടെ ആവശ്യാനുസരണം ഉള്ള പച്ചക്കറികള്‍ കൃഷി ചെയ്തതും. ഒന്നിടവിട്ട ദിവസങ്ങളില്‍ അവര്‍ വന്നു വിളവെടുത്തു പോകും. ഫ്രഷ് ആയി പച്ചക്കറി കൊടുക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം ഉണ്ട്. മാത്രമല്ല ന്യായമായ ലാഭവും ലഭിക്കുന്നുണ്ട്.”
കോയമ്പത്തൂര്‍ പുലിയമ്പെട്ടിയിലുള്ള ഐന്തുതുറൈ നാച്ചുറല്‍ ഫാര്‍മേഴ്സ് എന്ന ഫാമിന്‍റെ ഉടമയായ വേലുസ്വാമി ഒരു അംഗീകൃത ജൈവ കര്‍ഷകനാണ്. ഏകദേശം 140 കര്‍ഷകര്‍ അടങ്ങുന്ന കൂട്ടായ്മ തന്നെയുണ്ട് വേലുസ്വാമിക്ക്. അദ്ദേഹം ഫാര്‍മേഴ്സ് ഫ്രഷ് സോണുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു. ഇങ്ങനെ ഒട്ടനവധി കര്‍ഷകരെ കൂട്ടിക്കെട്ടിയ നിര തന്നെയുണ്ട് പ്രദീപിന്.
യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ സംരംഭകന്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല യുണൈറ്റഡ് നേഷന്‍സിന്‍റെ ലോ കാര്‍ബണ്‍ എമിഷന്‍ അവാര്‍ഡിന് വേണ്ടിയുള്ള ഇന്ത്യയില്‍ നിന്നുള്ള നാല് ഫൈനലിസ്റ്റുകളില്‍ ഒരാളാകാനുള്ള അവസരവും ലഭിച്ചു.
ഇനി കുറച്ചു വീട്ടുകാര്യങ്ങളാവാം എന്ന് പറഞ്ഞപ്പോള്‍ പ്രദീപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി “അച്ഛന്‍ സാജന്‍ ബാബു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും കൃഷിയുമൊക്കെയായി ജീവിക്കുന്നു. അമ്മ സുശീല അധ്യാപികയാണ്. ജ്യേഷ്ഠന്‍ കുടുംബമൊത്തു ജീവിക്കുന്നു. കഴിഞ്ഞ മാസമായിരുന്നു എന്‍റെ വിവാഹം. ശ്രീമതിയുടെ പേര് കാശ്മീര. കാശ്മീരെയെയും ഈ മേഖലയിലേക്ക് കൊണ്ട് വരാനാണ് തീരുമാനം.”
ഇതുകൂടി വായിക്കാം: ‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’: വരയും വാക്കും കൊണ്ട് ലഹരിക്കെതിരെ
പ്രദീപ് ഒറ്റയ്ക്ക് തുടങ്ങിയ സംരംഭത്തില്‍ ഇന്ന് അന്‍പതോളം ജീവനക്കാരുണ്ട്. “കേരളത്തിലുടനീളം സ്റ്റോറുകള്‍ ആരംഭിക്കുക എന്നതാണ് അടുത്ത പ്ലാന്‍. ഇനിയും കര്‍ഷകരെ ഒരുമിപ്പിച്ചു അവര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള അകലം കുറയ്ക്കണം. ഗുണമേന്മയുള്ള പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്കും ന്യായമായ ലാഭം കര്‍ഷകര്‍ക്കും ലഭിക്കണം. 2022-ല്‍ പതിനയ്യായിരം കര്‍ഷകരെ ഈ സംരംഭത്തിന്‍റെ ഭാഗമാക്കി അവര്‍ക്ക് ന്യായമായ വരുമാനമാര്‍ഗം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം,” പ്രദീപ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
***
ഫോട്ടോകള്‍ക്ക് കടപ്പാട് : ഫാമേഴ്സ് ഫ്രെഷ് സോണ്‍ ഫേസ്ബുക്ക് പേജ് . ഫോണ്‍ നമ്പര്‍: 098466 38473 / വെബ്സൈറ്റ് : www.farmersFz.com
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.