‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’: വരയും വാക്കും കൊണ്ട് ലഹരിക്കെതിരെ

“കേള്‍ക്കുന്നവരുടെ മനസ്സില്‍ 90 ശതമാനത്തോളമുള്ള മാറ്റം അവിടെ വെച്ചു തന്നെ ഉണ്ടാകുന്നു. അവര്‍ സ്വയം മാറുകയാണ്. ബാക്കി പത്ത് ശതമാനം മാത്രമേ ഞങ്ങള്‍ക്ക് ചെയ്യേണ്ടതായിട്ടുള്ളു. ഏകദേശം 450 പേരെ ഞങ്ങള്‍ ലഹരിയുടെ പിടിയില്‍ നിന്നും പൂര്‍ണമായും മോചിപ്പിച്ചിട്ടുണ്ട്.”

കദേശം പത്ത് വര്‍ഷം മുമ്പ് മലപ്പുറം കോട്ടക്കുന്നില്‍ നടന്ന സെമിനാറിലാണ് ഫിലിപ്പ് മമ്പാട് എന്ന പൊലീസ് ഉദ്യോഗസ്ഥനെ മഹേഷ് ചിത്രവര്‍ണം കണ്ടുമുട്ടുന്നത്.

പൊലീസ് ഓഫീസര്‍ മാത്രമല്ല, ആളുകളെ പിടിച്ചിരുത്തുന്ന രീതിയില്‍ സംസാരിക്കാനുമറിയാം ഫിലിപ്പിന്. മഹേഷിനാണെങ്കില്‍ വരയോടാണ് ഇഷ്ടം. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ രണ്ടുപേര്‍ക്കും ഒരേ മനസ്സ്. അവര്‍ ആ ദൗത്യം ഒരുമിച്ചു തുടരാന്‍ തീരുമാനിച്ചു. അവരുടെ വാക്കും വരയും ഒരുമിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ വലിയ ശ്രദ്ധ നേടി.

വയനാട് പുല്‍പ്പള്ളി സ്‌കൂളിലെ ഒരു പരിപാടി ഇപ്പോഴും മഹേഷിന്‍റെ ഓര്‍മ്മയിലുണ്ട്. അന്ന് പതിനൊന്നുകുട്ടികളാണ് മദ്യവും പുകവലിയും ഹാന്‍സ് പോലുള്ള പുകയില ഉല്‍പന്നങ്ങളും ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് മുന്നോട്ടുവന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. karnival.com

“ക്ലാസിനു ശേഷം പതിനൊന്ന് കുട്ടികള്‍ വേദിയില്‍ വെച്ച് പ്രതിജ്ഞയെടുത്തു. ക്ലാസ് കേള്‍ക്കുന്നവരുടെ മനസ്സില്‍ 90 ശതമാനത്തോളമുള്ള മാറ്റം അവിടെ വെച്ചു തന്നെ ഉണ്ടാകുന്നു. അവര്‍ സ്വയം മാറുകയാണ്. ബാക്കി പത്ത് ശതമാനം മാത്രമേ ഞങ്ങള്‍ക്ക് ചെയ്യേണ്ടതായിട്ടുള്ളു. ഏകദേശം 450 പേരെ ഞങ്ങള്‍ ലഹരിയുടെ പിടിയില്‍ നിന്നും പൂര്‍ണമായും മോചിപ്പിച്ചിട്ടുണ്ട്,” മഹേഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

മഹേഷ് ചിത്രവര്‍ണം

ഫിലിപ്പും മഹേഷും ചേര്‍ന്ന് ഇതുവരെ 1,200-ഓളം വേദികളില്‍ ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്.


“കൃഷിപ്പണിയായിരുന്നു അച്ഛന്. ഞങ്ങളുടെ ഉപജീവന മാര്‍ഗവുംഅതായിരുന്നു,” മലപ്പുറം ചാത്തല്ലൂര്‍ക്കാരനായ മഹേഷ് സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുന്നു. “മദ്യപാനം ഒരു കുടുംബത്തിലുണ്ടാക്കുന്ന വിപത്ത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ കണ്ടറിഞ്ഞതാണ് ഞാന്‍.”

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അതിനോടുള്ള പ്രതിഷേധം വരകളിലൂടെയാണ് മഹേഷ് പ്രകടിപ്പിച്ചത്.

“അന്നുമുതല്‍ കരിക്കട്ട കൊണ്ട് സ്വന്തം വീട്ടിലെ ചുവരില്‍ ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ വ്യക്തമാക്കുന്ന ചെറിയ ചിത്രങ്ങള്‍ വരച്ച് എന്‍റെ പ്രതിഷേധം പ്രകടിപ്പിക്കുമായിരുന്നു. ദുരന്തങ്ങളുടെ തീവ്രത വരയിലൂടെയും സംസാരത്തിലൂടെയും നിരന്തരം കാണിക്കുകയും മനസിലാക്കിക്കൊടുക്കുകയും ചെയ്തപ്പോള്‍ എന്‍റെ അച്ഛന് തിരിച്ചറിവുണ്ടായത് സന്തോഷമുള്ള കാര്യമാണ്. കുടുംബത്തെ സ്നേഹിക്കുന്ന നല്ല വ്യക്തിയായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു,” മഹേഷ് ഓര്‍ക്കുന്നു.

“വരയ്ക്കാന്‍ പെയിന്‍റ് വാങ്ങാന്‍ പോലും പണം ഇല്ലാതിരുന്നു. വീടുകളില്‍ ചുവര്‍ പെയിന്‍റ് ചെയ്യാനുപയോഗിച്ച് വലിച്ചെറിയുന്ന ടിന്നുകളില്‍ ബാക്കിയുള്ള പെയിന്‍റില്‍ മണ്ണെണ്ണ ഒഴിച്ച് നേര്‍പ്പിച്ച് ഞാന്‍ വരയ്ക്കുമായിരുന്നു,” എന്ന് മഹേഷ്.

വാക്കും വരയും ഒരുമിക്കുമ്പോള്‍ അത് വലിയ മാറ്റങ്ങളാണ് വരുത്തുന്നത്: ഫിലിപ്പ് മമ്പാടിനൊപ്പം മഹേഷ്

“ലഹരിക്കെതിരെ പോരാടണമെന്ന ചിന്ത മനസിലുണ്ടായത് മറ്റാരെയും കണ്ടിട്ടല്ല. സ്വയം തോന്നിയതാണത്. 2002 മുതല്‍ കവലകളിലും ബസ് സ്റ്റാന്‍റുകളിലും ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ പോസ്റ്ററുകളാക്കി പതിപ്പിക്കുമായിരുന്നു. ചെറിയ പരിശ്രമമായിരുന്നെങ്കിലും അന്നും പല യുവാക്കളും ഈ ദുശ്ശീലം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറയുന്നു.

ആറ് വര്‍ഷം മുമ്പ് മഹേഷിന് കെ എസ് ഇ ബിയില്‍ ജോലി കിട്ടി. ജോലിയെ ബാധിക്കാതെ അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

ആദിവാസി മേഖലയിലാണ് ചിത്രങ്ങള്‍ വഴിയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി മാറ്റങ്ങളുണ്ടാക്കുന്നതെന്നാണ് മഹേഷിന്‍റെ അനുഭവം. ലഹരിയുടെ പ്രശ്‌നങ്ങളെപ്പറ്റി പറയുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ക്ഷമയും താല്‍പര്യവും കാണില്ല. എന്നാല്‍ ചിത്രങ്ങളിലൂടെ അവരുമായി കൂടുതല്‍ നന്നായി സംസാരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി.

“നെടുങ്കയം ആദിവാസി കോളനി(നിലമ്പൂരിനടുത്ത്)യില്‍ 100 മീറ്റര്‍ ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങള്‍ കണ്ട് മനസ്സിലാക്കി ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. … ചിത്രങ്ങള്‍ നോക്കി മനസിലാക്കാനുള്ള താല്‍പര്യം അവരിലുണ്ട്.”

പണിയഗോത്ര വനാവകാശ ഊര് കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ 2016-ലാണ് മലപ്പുറം ജില്ലയിലെ കരുളായിക്കടുത്ത ആദിവാസി കോളനിയില്‍ മഹേഷ് ചിത്രപ്രദര്‍ശനം നടത്തിയത്. ഊരിലെ സ്ത്രീകളും കാന്‍വാസ് തയ്യാറാക്കാന്‍ സഹായിച്ചു.

പുതിയ തലമുറയെങ്കിലും ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടണമെന്ന് ഊരിലുള്ള പ്രായമായവര്‍ ചിന്തിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് ആ ചിത്രകാരന്‍ പറയുന്നു.

ഒരിക്കല്‍ മഹേഷ് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയപ്പോള്‍ മൂക്കറ്റം മദ്യപിച്ച് ആള്‍ക്കാരെ അസഭ്യം പറയുന്ന ഒരാളെ കണ്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മഹേഷിനെ അയാള്‍ക്ക് പരിചയപ്പെടുത്തി.

മറക്കാന്‍ കഴിയാത്ത ആ അനുഭവം മഹേഷ് പങ്കുവെയ്ക്കുന്നു: “ഒരു ആദിവാസി യുവാവ് ആയിരുന്നു അത്. ആദ്യമാദ്യം ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ എന്നെ അസഭ്യം പറയുകയായിരുന്നു അയാള്‍. എന്നിരുന്നാലും ദീര്‍ഘനേരം ക്ഷമയോടെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.

“വീട്ടില്‍ അയാളുടെ ചേട്ടനും അനുജനും എല്ലാം മദ്യപാനികളായിരുന്നു. ഭക്ഷണമില്ലെങ്കിലും മദ്യം കിട്ടിയാല്‍ മതിയെന്ന നിലപാടില്‍ ജീവിച്ചവര്‍.


മാനസിക പ്രയാസം മറക്കാനാണ് മദ്യപിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. ‘മദ്യപിച്ചാല്‍ മാനസിക പ്രയാസം തീരുമോ’ എന്ന് ഞാന്‍ ചോദിച്ചു.


അയാളുടെ മനസ് മാറ്റിയെടുക്കുന്ന രീതിയില്‍ മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

(Image for representation only.. Photo source: Pixabay.com)

“ഒടുവില്‍ തനിക്ക് മദ്യപാനം നിര്‍ത്തണമെന്നുണ്ടെന്നും ശ്രമിച്ചിട്ടും കഴിയുന്നില്ലെന്നും അയാള്‍ തുറന്നു പറഞ്ഞു. ജീവിതത്തില്‍ ആരും മദ്യത്തിനെതിരെ ഇത്തരം ഉപദേശങ്ങള്‍ തന്നിട്ടില്ലെന്നും എല്ലാവരും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്നുമാണ് അയാള്‍ പറഞ്ഞത്. അയാളുടെ മനസില്‍ പശ്ചാത്താപം തോന്നി എന്‍റെ വാക്കുകളിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. മദ്യം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് എന്‍റെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞ് പറഞ്ഞു.”

സ്‌കൂളുകളില്‍ മാത്രമല്ല, മറ്റിടങ്ങളിലും നടത്തുന്ന പരിപാടികള്‍ക്ക് വളരെ നല്ല മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെന്ന് മഹേഷ് അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് പറയുന്നു.

” അരീക്കോടിനടുത്ത് കാവന്നൂര് നടത്തിയ ക്ലാസില്‍ സിഗരറ്റ് വലിക്കുന്ന മൂന്ന് പേര്‍ ഇനി ഒരിക്കലും ഞങ്ങള്‍ ലഹരി ഉപയോഗിക്കില്ലെന്ന് പറഞ്ഞ് വേദിയില്‍ വെച്ച് തന്നെ തങ്ങളുടെ കൈവശമുള്ള സിരഗറ്റ് പാക്കറ്റുകള്‍ നശിപ്പിച്ചു. കുരിക്കിലമ്പാട് നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിന് ശേഷം ഒരു കുട്ടിയുടെ രക്ഷിതാവ് വിളിച്ച് മകനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള സഹായം ആവശ്യപ്പെട്ടു.”

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരിവിരുദ്ധ പരിപാടികളിലൊന്നില്‍

ബാംഗ്ളൂരില്‍ വെബ് ഡിസൈനറായി ജോലി ചെയ്തിരുന്ന ഒരാള്‍ കൂട്ടുകെട്ടിലൂടെ തികഞ്ഞ മദ്യപാനിയായി മാറി. അയാളുടെ സഹോദരന്‍ മഹേഷിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു, സഹായം തേടി. ആ ചെറുപ്പക്കാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ഡി-അഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ച് ഒരു മാസത്തെ ചികിത്സ നല്‍കി ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞു, മഹേഷ്  അഭിമാനത്തോടെ ഓര്‍ക്കുന്നു.

ഫിലിപ്പ് മമ്പാടിനോടൊപ്പം ചെയ്ത പരിപാടികളില്‍ പലപ്പോഴും ആളുകള്‍ സ്വയം വേദിയിലേക്ക് വന്ന് തങ്ങള്‍ ലഹരിക്ക് അടിമയാണെന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്. വേദിയില്‍ വെച്ചു തന്നെ തങ്ങളുടെ കൈയിലുള്ള ഹാന്‍സ്, പാന്‍ പരാഗ് എന്നിവയെല്ലാം നശിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

പൊതുവേദിയില്‍ തുറന്ന് പറയാന്‍ മടിക്കുന്നവരുണ്ടെങ്കില്‍ ഇവരെ ഫോണില്‍  വിളിച്ചാല്‍ എല്ലാവിധ പിന്തുണയും ചെയ്തുകൊടുക്കും. ഒരിക്കല്‍ പ്രതിജ്ഞ ചെയ്ത് പോയവരുടെ നമ്പറില്‍ വിളിച്ച് ലഹരി ഉപയോഗം തുടരുന്നുണ്ടോ എന്നു തിരക്കാറുണ്ട് എന്നും മഹേഷ്.

(Image for representation only.. Photo source: Pixabay.com)

“വെറുതെ ബാനര്‍ വെച്ച് ഒരു എക്സിബിഷനും ക്ലാസും നടത്തി തിരിച്ചു പോരുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. ക്ലാസില്‍ വെച്ച് ഞങ്ങള്‍ ഫോണ്‍ നമ്പര്‍ നല്‍കും. സമൂഹം കാണുമല്ലോ എന്ന പേടിയില്‍ തുറന്നു പറയാന്‍ മടിയുള്ളവര്‍ ഉണ്ടാകുമല്ലോ. അവര്‍ക്ക് ഞങ്ങളെ നേരിട്ട് വിളിക്കാം.

“വിളിക്കുന്നവരെ ഞങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കും. എന്താണ് ലഹരിക്ക് അടിമയാകാനുള്ള കാരണമെന്ന് കണ്ടെത്തും. പരിഹരിക്കാനുള്ള വഴി കണ്ടെത്തും. കുടുംബ പ്രശ്നങ്ങള്‍ കാരണം ലഹരിയ്ക്ക് അടിമയായവരാണെങ്കില്‍ വീട്ടില്‍ ചെന്ന് സംസാരിക്കും. ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഏതു രീതിയിലുള്ള സഹായവും ഞങ്ങള്‍ ചെയ്തുകൊടുക്കും,” മഹേഷ് പറയുന്നു.

കഞ്ചാവില്ലാത്തതിനാല്‍ ഉമ്മയ്ക്ക് നേരെ

ലഹരിക്കടിമയായ കുട്ടികള്‍ അറിയാതെ മാതാപിതാക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ട് എന്ന് മഹേഷ് പറഞ്ഞു.
ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും സമീപിക്കുന്നതും ഉപദേശിക്കുന്നതുമൊന്നും ആ കുട്ടികള്‍ ഇഷ്ടപ്പെടില്ല. അതുകൊണ്ട് കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു.

മദ്യപാനത്തേക്കാള്‍ ഹാന്‍സ്, കഞ്ചാവ് എന്നിവയാണ് കുട്ടികള്‍ക്കിടയില്‍ വ്യാപകം. ലഹരിക്കെതിരെയുള്ള ക്ലാസുകള്‍ സ്‌കൂളില്‍ വെച്ച് നടത്തുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വേദിയില്‍ അനുഭവങ്ങള്‍ തുറന്ന് പറയുന്ന കുട്ടികളുണ്ട്. ലഹരി ഇനിയുപയോഗിക്കില്ലെന്ന് മനസറിഞ്ഞ് പ്രതിജ്ഞയെടുത്താണ് അവര്‍ ഇറങ്ങിപ്പോകുന്നത്, അദ്ദേഹം തുടരുന്നു.

(Image for representation only.. Photo source: Pixabay.com)

വേദനിപ്പിക്കുന്ന അനുഭവങ്ങളും ഇത്തരം കുട്ടികളില്‍ നിന്നുണ്ടാകാറുണ്ട്. പല സ്ഥലങ്ങളിലും ചികിത്സയ്ക്കായി കൊണ്ടുപോയിട്ടും കഞ്ചാവിന് അടിമയായ ഒരു കുട്ടിയുടെ പ്രതിഷേധം കണ്ടറിഞ്ഞ മഹേഷിന്‍റെ വാക്കുകള്‍: “കഞ്ചാവ് വാങ്ങാന്‍ പണമില്ലെങ്കില്‍ ഉമ്മയെ തല്ലുന്ന ആ കുട്ടിയെയും കൂട്ടി ഞങ്ങള്‍ ക്ലാസിലെത്തിയപ്പോള്‍ അമര്‍ഷത്തോടെ മിനറല്‍ വാട്ടറിന്‍റെ കുപ്പി ചവിട്ടിപ്പൊട്ടിച്ച് അവന്‍ ഇറങ്ങിപ്പോയി. മാറാന്‍ വിസമ്മതിക്കുന്ന ഇത്തരക്കാരും കുട്ടികളുടെയിടയിലുണ്ടെന്നത് വേദനിപ്പിക്കുന്നു. …”


ഇതുകൂടി വായിക്കാം: ബി എയും എം എയും റാങ്കോടെ പാസായി, എല്‍ എല്‍ ബി, ഡോക്ടറേറ്റ്; പക്ഷേ, 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി


വീട്ടില്‍ മദ്യപിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ കുട്ടികള്‍ സ്വാഭാവികമായും പരീക്ഷിച്ചു നോക്കാനുള്ള സാധ്യതയുണ്ട്. ബോധവല്‍ക്കരണം തുടങ്ങേണ്ടത് മാതാപിതാക്കളാണെന്ന് മഹേഷ് ഓര്‍മിപ്പിക്കുന്നു. അധ്യാപകര്‍ മാത്രമല്ല, സ്വന്തം കുട്ടിയുടെ പെരുമാറ്റ രീതികള്‍ മാതാപിതാക്കളും നിരീക്ഷിക്കണം.

കെ.എസ്.ഇ.ബി നിലമ്പൂര്‍ ഡിവിഷനിലെ അകംപാടം സെക്ഷന്‍ ഓഫീസ് ജീവനക്കാരനാണ് മഹേഷ്.  ജോലി കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്താണ് എല്ലാവരെയും നേരില്‍ കണ്ട് പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നത്. ചികിത്സ ആവശ്യമായിട്ടുള്ളവരെ അവര്‍ അറിയാതെ കുടുംബത്തിന്‍റെ സമ്മതത്തോടെ ആശുപത്രിയില്‍ എത്തിക്കാനും മഹേഷിന് സുഹൃത്തുക്കളുടെ പിന്തുണയുണ്ട്.

ഡെല്‍ഹിയില്‍ നടന്ന ചിത്രപ്രദര്‍ശനം

മഞ്ചേരി മെഡിക്കല്‍ കോളജ്, കോഴിക്കോട് വെള്ളിമാടുകുന്നിലെ ശാന്തി ഡി-അഡിക്ഷന്‍ സെന്‍റര്‍, നിലമ്പൂര്‍ കൃപ ഡി-അഡിക്ഷന്‍ സെന്‍റര്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ ലഹരിക്ക് അടിമയായവരെ ചികിത്സയ്ക്കായെത്തിക്കുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ 3, 4 തിയതികളില്‍ ഡല്‍ഹിയില്‍ നിന്നും ജനീവയിലേക്കുള്ള ഏകതാ പരിഷത്തിന്‍റെ പദയാത്രയുടെ ഭാഗമായി മഹേഷ് ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ 100 മീറ്റര്‍ ക്യാന്‍വാസില്‍ വരച്ച് പ്രദര്‍ശിപ്പിച്ചു.

“ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി ഏകതാ പരിഷത്താണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. … ലഹരി ഒരു വലിയ പ്രശ്‌നമാണ് എന്നുപോലും അവര്‍ മനസിലാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയ്‌ക്കൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണോ എന്നാണ് എന്നോട് പലരും ചോദിച്ചത്. ഇനി ഉപയോഗിക്കില്ല എന്ന് വാക്ക് തന്നവരുമുണ്ട്. ഗാന്ധിജിയുടെ ജീവിതാനുഭവങ്ങള്‍ വരച്ചുകാട്ടുന്ന 15 ചിത്രങ്ങളും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു,” മഹേഷ് ചിത്രവര്‍ണം വിശദമാക്കുന്നു.

ചിത്രപ്രദര്‍ശനം

ലഹരിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മഹേഷിന് ശക്തമായ പ്രചോദനം നല്‍കിയ ആളാണ് പ്രശസ്ത ഗാന്ധിയനും ഏകതാ പരിഷത്ത് നേതാവുമായ ഡോ. പി.വി രാജഗോപാല്‍. ഏകതാ പരിഷത്തുമായി ബന്ധപ്പെട്ട് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അഡ്വ.ഷെരീഫ് ഉള്ളത്ത് നേതൃത്വം കൊടുത്ത സാംസ്‌കാരിക പരിഷത്തുമായി ബന്ധപ്പെട്ടും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഭാര്യ ഭവിതയും മക്കളായ യദുവും വിദുവും വേദികയും, മദ്യപാനത്തില്‍ നിന്ന് വിമുക്തി നേടിയ അച്ഛന്‍ ശങ്കരനും മഹേഷിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. Centre for Experiencing Socio Cultural Interaction നല്‍കിയ മാജാ കൊയ്നെ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, തിരുവനന്തപുരം ശിശു വിഹാര്‍ സ്‌കൂള്‍ നല്‍കിയ ‘ എന്‍റെ മലയാളം പള്ളിക്കൂടം’ പുരസ്‌കാരം, നിലമ്പൂര്‍ ടൂറിസം ഫെസ്റ്റ് പുരസ്‌കാരം എന്നീ അംഗീകാരങ്ങളും മഹേഷിനെത്തേടിയെത്തി.


ഇതുകൂടി വായിക്കാം: അഡ്മിഷന്‍ നിഷേധിച്ച സ്‌കൂള്‍ ഇന്ന് ജോബിയെക്കുറിച്ച് പഠിപ്പിക്കുന്നു: പഞ്ചഗുസ്തിയില്‍ ലോകചാമ്പ്യന്‍, 24 രാജ്യാന്തര മെഡലുകള്‍, ഇനി ലക്ഷ്യം എവറസ്റ്റ്!


ഒരാളെയെങ്കിലും ലഹരിയുടെ പിടിയില്‍ നിന്നും രക്ഷിച്ച് പുതിയ മനുഷ്യനാക്കാന്‍ കഴിഞ്ഞാല്‍ അതാണ് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമെന്നാണ് അദ്ദേഹം കരുതുന്നത്.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: മഹേഷ് ചിത്രവര്‍ണം, pixabay.com

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം