1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്‍റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി 

“ഈ തീരുമാനമെടുക്കുന്ന ദിവസമുണ്ടല്ലോ… ജൂലൈ 28. അന്നെന്‍റെ ബര്‍ത്ത് ഡേ കൂടിയാണ്. അടുത്ത പിറന്നാള്‍ ദിനത്തിന് മുന്‍പേ ആയിരം തൈകള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു.”

സാധാരണ കുട്ടികള്‍ ചോക്ലേറ്റിനും കളിപ്പാട്ടങ്ങള്‍ക്കുമൊക്കെ വാശി പിടിക്കുമ്പോള്‍ ഉണ്ണിമോള്‍ക്ക് അതൊന്നും വേണ്ടായിരുന്നു.

ചെടിയും തൈകളുമൊക്കെയാണ് ഉണ്ണി മോള്‍ പപ്പയോടും ഉമ്മച്ചിയോടും ആവശ്യപ്പെട്ടിരുന്നത്.

ഉണ്ണിമോള്‍… ഇതവളുടെ വിളിപ്പേരാണ്. നൈന ഫെബിന്‍ എന്നാണ് യഥാര്‍ഥ പേര്. ഉണ്ണി മോളെന്നു പറഞ്ഞാലേ നാട്ടാരൊക്കെ അറിയൂ. മാഷ്‍മാരു പോലും ഉണ്ണി മോളെന്നാ വിളിക്കുന്നത്.

എന്നാല്‍ അവള്‍ അവളെ തന്നെ വിളിക്കുന്നത് ഇതൊന്നുമല്ല. ‘മുളയുടെ തോഴി’ അങ്ങനെ ആളുകള്‍ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് ഈ പത്താം ക്ലാസുകാരി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com

ഈ പെങ്കൊച്ച് എന്താ ഇങ്ങനെ…? നാട്ടുകാരൊക്കെ വട്ടാണല്ലേ എന്നു ചോദിച്ചാലും വേണ്ടില്ല.. ഇഷ്ടങ്ങളൊന്നും അങ്ങനെ വേണ്ടെന്നു വയ്ക്കാന്‍ തയാറല്ല നൈന.

വീട്ടില്‍ ഒരു മുള. ഇതാണ് മുളപ്പച്ച പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കാടും മരങ്ങളും മുളകളുമൊക്കെ തന്നെയാണ് ഇവള്‍ക്കിന്നും ഇഷ്ടം. പല സ്ഥലങ്ങളിലായി 1,600 മുളംതൈകള്‍ നട്ടു, നാടന്‍പാട്ട് കലാകാരന്‍മാരെക്കുറിച്ച് പുസ്തകമെഴുതി, പിന്നെ സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്റുമുണ്ട് ഈ പാലക്കാട്ടുക്കാരിക്ക്.

“കാടുകള്‍ എനിക്കിഷ്ടമാണ്.. കാട് മാത്രമല്ല മുളകളോടും. കുട്ടിക്കാലം തൊട്ടേ അങ്ങനെയൊരു ഇഷ്ടമുണ്ട്,” നൈന ഫെബിന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“എനിക്ക് മുളകളോട് വലിയ ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞതും മനസിലാക്കിയിരിക്കുന്നതും ഉമ്മച്ചിയാണ്. മുളകളെക്കുറിച്ചൊക്കെ പറഞ്ഞു തന്നതും ഉമ്മച്ചിയാണ്.”

സ്കൂള്‍ മുറ്റത്ത് മുള ഉദ്യാനത്തിന് തുടക്കമിടുന്നു

ഉണ്ണി മോളുടെ വര്‍ത്തമാനത്തിനിടയ്ക്ക് അവളുടെ ഉമ്മച്ചി സബിതയുടെ ഇടപെടല്‍. “സാധാരണ പിള്ളേര് മിഠായി വേണേന്നു പറയുമ്പോ ഇവള്‍ക്ക് ചെടികള്‍ വേണം. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യമൊക്കെ തോന്നിയിട്ടുണ്ട്.

“പിന്നെ ഇവള്‍ വലുതാകുന്തോറും അവളുടെ സംശയങ്ങളും കൂടിക്കൊണ്ടിരുന്നു. അതിനൊക്കെ മറുപടി പറയാന്‍ ഞാനാ കഷ്ടപ്പെട്ടത്. മുളകളെക്കുറിച്ചൊക്കെ കുറേ വായിച്ച് വായിച്ചാണ് ഉണ്ണിയ്ക്കൊപ്പം നില്‍ക്കുന്നത്,” അധ്യാപികയായ സബിത പറയുന്നു.

“മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് മുളകള്‍ നടുമായിരുന്നു,” നൈന തുടരുന്നു. “വീട്ടുമുറ്റത്തും പറമ്പിലുമൊക്കെയാണ് മുള നട്ടത്.

“വീട്ടുമുറ്റത്തും പിന്നെ, -ഞങ്ങള്‍ക്ക് കൃഷിയൊക്കെയുണ്ട്- ആ പറമ്പിലുമൊക്കെയാണ് തൈകള്‍ നട്ടു തുടങ്ങുന്നത്. പക്ഷേ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുള നടല്‍ പരിപാടി കുറച്ച് ഗംഭീരമാക്കുന്നത്.

“ഈ തീരുമാനമെടുക്കുന്ന ദിവസമുണ്ടല്ലോ… ജൂലൈ 28. അന്നെന്‍റെ ബര്‍ത്ത് ഡേ കൂടിയാണ്. അടുത്ത പിറന്നാള്‍ ദിനത്തിന് മുന്‍പേ ആയിരം തൈകള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു.

“ഇതൊരു തുടക്കമായിരുന്നു. ഒരു വര്‍ഷം കൊണ്ട് ആയിരത്തിലേറെ മുളംതൈകള്‍ നട്ടു. അതവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. വീണ്ടുമൊരു പദ്ധതയിക്ക് തുടക്കമിട്ടു.

“മുളപ്പച്ച എന്ന പേരില്‍. വീട്ടില്‍ ഒരു മുള. ഇതാണ് മുളപ്പച്ച പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുളപ്പച്ചയിലൂടെ മുള ഗ്രാമം എന്ന എന്‍റെയൊരു സ്വപ്നം കൂടി സഫലമാകുമല്ലോ.

മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു

“പാലക്കാട് മാത്രമല്ല മറ്റു ജില്ലകളിലും മുള നട്ടിട്ടുണ്ട്. ഏതാണ്ട് 1,600-ലധികം തൈകള്‍… വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍, വഴിയോരങ്ങള്‍, പുഴത്തീരങ്ങള്‍… ഇങ്ങനെ എല്ലായിടത്തും മുളംതൈകള്‍ നട്ടു പിടിപ്പിച്ചു.

“പീച്ചി മുള ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് തൈകള്‍ വാങ്ങുന്നത്. നല്ല കാശു ചെലവും ഉണ്ടല്ലോ. തൈകള്‍ വാങ്ങി വാങ്ങി ഉമ്മച്ചിടെ പോക്കറ്റാണ് കാലിയായത്.

“പിന്നെ ‘ഒച്ച’ മ്യൂസിക് ബാന്‍റും ചെണ്ട കൊട്ടലുമൊക്കെ ( നാടന്‍ പാട്ട് ഗായികയും ചെണ്ട കൊട്ടുകാരിയുമാണ് നൈന) തുടങ്ങിയതോടെ ചെറിയ വരുമാനമൊക്കെ കിട്ടിത്തുടങ്ങി. ആ തുകയാണിപ്പോള്‍ തൈകള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത്.”

ഇപ്പോ ഉമ്മച്ചിടെ കൈയില്‍ നിന്നു കാശൊന്നും വാങ്ങാറില്ലാട്ടോ, ഉണ്ണി മോള്‍ ചിരിച്ചു.

“മുള എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും കളയാണ്. ഈ പൊന്തക്കാട് എന്തിനാണ് വളര്‍ത്തി വലുതാക്കുന്നത്… വെട്ടിക്കളയണം,” ഇങ്ങനെയൊക്കെ പറഞ്ഞു പലരും കളിയാക്കിയിട്ടുണ്ടെന്നു നൈന. “ഇങ്ങനെ ഈ കള നട്ടു പിടിപ്പിക്കാന്‍ എന്തിന്‍റെ കേടാണിത്. മുളയെന്ന എന്‍റെ ഭ്രാന്ത് കണ്ടിട്ട് ഇങ്ങനെയൊക്കെ കുറേയാള്‍ക്കാര് ചോദിച്ചിട്ടുണ്ട്. നെഗറ്റീവ് കമ്മന്‍റ്സ് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിട്ടേയില്ല.

“ഉമ്മച്ചിയ്ക്കും പപ്പയ്ക്കും ഒരു പ്രശ്നവുമില്ല. പിന്നെ നമ്മളെന്തിനാ നെഗറ്റീവ് കാര്യങ്ങള്‍ പറയുന്നവര്‍ക്ക് പിറകേ പോകുന്നത്?” എന്നാണ് നൈന ചോദിക്കുന്നത്.

പാലക്കാട് തൃത്താല കൊപ്പം നിനവ് വീട്ടില്‍ ലാബ് ടെക്നീഷ്യനായ ഹനീഫയുടെയും എഎംഎല്‍പി സ്കൂള്‍ അധ്യാപികയായ സബിതയുടെയും മൂത്തമകളാണ് നൈന ഫെബിന്‍.

എവിടെയെങ്കിലും മുളംതൈ നട്ടു പോരാറില്ലെന്നു നൈന പറയുന്നു. “മുള നട്ട സ്ഥലങ്ങളില്‍ പിന്നീട് പോകാറുണ്ട്. പക്ഷേ ദൂര സ്ഥലങ്ങളിലൊന്നും പോയി നോക്കാനാകില്ലല്ലോ. അടുത്തൊക്കെയുള്ള സ്ഥലങ്ങളിലൊക്കെ പോയി നോക്കും.


ഉണങ്ങിയെങ്ങാനും പോയോ… വളരുന്നുണ്ടോ ഇനിയിപ്പോ ആരേലും വെട്ടിക്കളഞ്ഞോ എന്നൊക്കെ അറിയണമല്ലോ.


“എന്‍റെ സൈക്കിളിലാണ് ഈ യാത്രയൊക്കെ. ദൂരസ്ഥലങ്ങളിലാണെങ്കില്‍, അവിടെ മുള നടാന്‍ സഹായിച്ചവരുണ്ടാകില്ലേ.. അവരോട് പറഞ്ഞേല്‍പ്പിക്കും. തൈ ഇടയ്ക്കിടെ നോക്കാന്‍ മറക്കരുതെന്ന്. അവരൊക്കെ വിളിച്ചു പറയും.. തൈ പിടിച്ചിട്ടുണ്ട്, ഞങ്ങള് ഇടയ്ക്ക് നോക്കുന്നുണ്ടെന്നൊക്കെ.

“ചിലരൊക്കെ തൈ വളര്‍ന്നു നില്‍ക്കുന്നതിന്‍റെ  ചിത്രങ്ങളൊക്കെ അയച്ചു തരാറുണ്ട്. സ്കൂളിലൊക്കെയുള്ള മാഷ്മാരൊക്കെ വിളിച്ചു പറയാറുമുണ്ട്. ദൂരസ്ഥലങ്ങളില്‍ തൈകള്‍ നടാന്‍ പോകുമ്പോള്‍ ഉണ്ടായിരുന്ന പേടിയും ഇതു തന്നെയാണ്.. ആ ചെടികളൊക്കെ സംരക്ഷിക്കപ്പെടുമോയെന്ന്.

“നോട്ടം കിട്ടിയില്ലെങ്കില്‍ നട്ടതൊക്കെ വെറുതേയായി പോകില്ലേ. എന്‍റെ സ്കൂളിലും കുറേ തൈകള്‍ നട്ടിട്ടുണ്ട്. സ്കൂള്‍ മുറ്റത്തൊരു മുള ഉദ്യാനം ഒരുക്കണമെന്നാണ് ആഗ്രഹം.

“അതിന് തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലായിരുന്നു മുളത്തോട്ടത്തിലേക്കുള്ള തൈകള്‍ നട്ടു തുടങ്ങുന്നത്. ഇതിനായി സ്കൂളിന്‍റെ ചെറിയൊരു മുറ്റം എനിക്ക് തന്നിരിക്കുകയാണ്. അവിടെ എത്ര വേണമെങ്കിലും മുളംതൈകള്‍ നടാം.

“അവിടെയൊരു മുളങ്കാട് ഒരുക്കുകയാണെന്‍റെ ലക്ഷ്യം. പത്താം ക്ലാസില്‍ അല്ലേ.. അതുകൊണ്ട് സ്കൂളില്‍ നിന്നു പോകും മുന്‍പേ മുള ഉദ്യാനം പൂര്‍ത്തിയാക്കണം.”

കൊപ്പം ജി വി എച്ച് എസ് എസിലാണ് നൈന പഠിക്കുന്നത്.

കലാകാരിയും എഴുത്തുകാരിയും കൂടിയാണ് ഈ മിടുക്കി. ശാസ്ത്രീയസംഗീതവും മോഹിനിയാട്ടവും നാടന്‍പാട്ടും ചെണ്ടവാദ്യവുമൊക്കെയായി കലാരംഗത്തും സജീവമാണ്. മൂന്നൂറിലേറെ വേദികളില്‍ നൈന ചെണ്ട കൊട്ടിയിട്ടുണ്ട്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൈനയുടെ നേതൃത്വത്തില്‍ ‘ഒച്ച ദി ബാംബൂ സെയിന്‍റ്സ്’ എന്ന പേരില്‍ മ്യൂസിക് ബാന്‍റ് വരുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൈനയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്–ആടിത്തിമിര്‍ത്ത കാല്‍പ്പാടുകള്‍’.


ഇതുകൂടി വായിക്കാം: കുട്ടയും വട്ടിയും മാത്രം നെയ്തിരുന്നവര്‍ ഇന്ന് മുളകൊണ്ട് കെട്ടിടങ്ങളും പാലങ്ങളും പണിയുന്നു


“ഉണ്ണി മോള് നന്നായി പാടും. നാടന്‍ പാട്ട് മാത്രമല്ല ശാസ്ത്രീയ സംഗീതവും. പക്ഷേ അവള്‍ക്ക് കൂടുതലിഷ്ടം നാടന്‍ പാട്ടുകളോടാണ്,” സബിത ടീച്ചര്‍ പറയുന്നു.

നൈന നട്ടു വളര്‍ത്തുന്ന മുളകള്‍

“മൂന്നര വയസ് മുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. അവള്‍ നന്നായി പാടുകയും ചെയ്യും. പക്ഷേ അവള്‍ക്കിഷ്ടം നാടന്‍ പാട്ടുകളോടാണ്. കുഞ്ഞായിരിക്കുമ്പോഴേ അവള്‍ക്കിഷ്ടം ചെടികളോടൊക്കെയായിരുന്നു.

“മോളുടെ ഇഷ്ടം വേഗം തിരിച്ചറിഞ്ഞതു കൊണ്ടാണ് അവള്‍ക്കൊപ്പം ഞങ്ങള്‍ക്ക് നില്‍ക്കാനായത്. ബാംബൂവിനോട് ഉണ്ണിയ്ക്ക് വലിയ ഇഷ്ടമാണല്ലോ. അങ്ങനെയാണ് മുള വാദ്യങ്ങള്‍ വേണമെന്നൊക്കെ ഇവള് പറഞ്ഞു തുടങ്ങുന്നത്.

“മോള്‍ക്ക് കുറച്ച് പാട്ട് ആശാന്‍മാരുണ്ട്. നാടന്‍ പാട്ടൊക്കെ പഠിപ്പിച്ചത് അവരാണ്. അവരുടെയൊക്കെ പിന്തുണയോടെയാണ് ബാന്‍റ് ആരംഭിച്ചത്. ഒച്ച മ്യൂസിക്ക് ബാന്‍റില്‍ എല്ലാം മുള വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. പലയിടങ്ങളില്‍ നിന്നു 15 കലാകാരന്‍മാരാണ് ഒച്ചയിലുള്ളത്. ഈ ബാന്‍റില്‍ കുട്ടിയായിട്ട് ഇവള്‍ മാത്രമേയുള്ളൂ,” സബിത ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

നടാനുള്ള മുളംതൈകളുമായി നൈന

“പപ്പയ്ക്കും ഉമ്മച്ചിയ്ക്കും പുറമേ വേറൊരാളു കൂടിയുണ്ട്. ജയമാമ.” കട്ട സപ്പോര്‍ട്ട് തരുന്ന ജയകൃഷ്ണനെക്കുറിച്ച് പറയുന്നു നൈന. “പ്രകൃതിയ്ക്ക് ഒരു കൈതാങ്ങാകുക, കലകള്‍ക്ക് ജാതിയും മതവുമില്ല എന്നൊക്കെ പറഞ്ഞ് കേരളത്തില്‍ എല്ലായിടത്തും പാട്ടു പാടിയും ചെണ്ട കൊട്ടിയും മുളംതൈകള്‍ നട്ടും സഞ്ചരിക്കണം.. ഇതെന്‍റെയൊരു പാഷന്‍ കൂടിയാണ്.

“ഇതിന് എന്‍റെ കൂടെ കട്ട സപ്പോര്‍ട്ടുമായി നില്‍ക്കുന്നയാളാണ് ജയമാമ. എന്‍റെ വളര്‍ത്തച്ഛനാണ് ജയമാമ എന്നാണ് ഞാനെല്ലാരോടും പറയാറ്. ചെറുപ്പം തൊട്ടേ എനിക്കൊപ്പമുണ്ട് ജയമാമ.

“ആളെക്കുറിച്ച് ഞാനെന്താ പറയാ.. ഞങ്ങള് ഒരേ നാട്ടുകാരാണ്. എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും, അതിപ്പോ മുള നടാനോ പാട്ട് പാടാനോ ഡാന്‍സിനോ അങ്ങനെ എന്തിനായാലും ജയമാമ എന്‍റെ ഒപ്പമുണ്ടാകും.

“ഞാനും പപ്പയും പിന്നെ ജയമാമയും.. ഞങ്ങളൊരുമിച്ചാണ് എല്ലായിടത്തും പോകുന്നത്. ഉമ്മച്ചിയ്ക്ക് എപ്പോഴും കൂടെ വരാന്‍ സമയമുണ്ടാകില്ലല്ലോ.

ഉമ്മച്ചി, പപ്പ, ജയമാമ.. ഇവരാണെനിക്ക് എല്ലാം.

“പ്രിയദാസന്‍ മാഷിന്‍റെ അടുത്താണിപ്പോള്‍ പാട്ട് പഠിക്കുന്നത്.

“നാടന്‍ പാട്ടിലെ ആദ്യ ഗുരു പ്രദീപ് ആറങ്ങോട്ടുകരയാണ്. വയലി ബാംബൂ മ്യൂസിക് ബാന്‍റിലെ കംപോസറാണ് പ്രദീപ് മാമ. പിന്നെ ശ്രീനിവാസന്‍ കീഴ്ശ്ശേരി, രതീഷ് വാവന്നൂര്‍, ഇവരും ഗുരുക്കന്‍മാരാണ്.

“ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടന്‍ പാട്ട് പ്രോഗ്രാമില്‍ പാടാന്‍ പോകുന്നത്. അതേ വര്‍ഷം മുതല്‍ ചെണ്ട പഠിക്കാനും ചേര്‍ന്നു. മുളയങ്കാവ് അരവിന്ദാക്ഷന്‍ ആശാനാണ് ഗുരു.

അനിയനൊപ്പം മുളംതൈ നടുന്നു

പത്താം ക്ലാസില്‍ അല്ലേ.., പഠനവും സ്പെഷ്യല്‍ ക്ലാസുകളുമൊക്കെ പാട്ടിനും ഡാന്‍സിനും സമയം കിട്ടുന്നില്ലെന്നു നൈന. “പക്ഷേ വീട്ടുകാരെക്കാളും ഇക്കാര്യത്തില്‍ വേറെ ചിലര്‍ക്കാണ് ടെന്‍ഷന്‍.

“നേരത്തെ പറഞ്ഞില്ലേ.. നെഗറ്റീവ് കമന്‍റ്സുകാര്‍. അവര്‍ക്കാണ് ടെന്‍ഷന്‍. അവരിപ്പോഴും പലതും പറയുന്നുണ്ട്. ഇപ്പോ അവര്‍ക്ക് എന്‍റെ പഠനത്തെക്കുറിച്ചുള്ള ടെന്‍ഷനാണ്.

പത്താം ക്ലാസില്‍ അല്ലേ ഇനിയെങ്കിലും പരിപാടിയൊക്കെ കുറച്ച് നിറുത്തിക്കൂടേ.. ഇനി കുറച്ച് പഠനം സ്ട്രോങ്ങ് ആക്കണം.. എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കാറില്ല.

“അവരോട് ഞാന്‍ പറഞ്ഞത്, അതൊക്കെ എങ്ങനെയാ നിറുത്തുക. അതൊക്ക അതിന്‍റെ വഴിക്കും ഞാന്‍ എന്‍റെ വഴിക്കും പോകും. എനിക്കൊരു ബുദ്ധിമുട്ടും ഇല്ലല്ലോയെന്നാണ്,” നൈന പറയുന്നു.

“വലിയ പെണ്‍കുട്ടിയല്ലേ.. ഇങ്ങനെ പാട്ടിനൊക്കെ അയക്കണോ” എന്നൊക്കെ പലരും തന്നോടും ചോദിക്കാറുണ്ടെന്നു നൈനയുടെ ഉമ്മയും പറയുന്നു.

“ലോകത്തെക്കുറിച്ച് മോളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. മോശം നോട്ടങ്ങളും ബാഡ് ടച്ചുകളും തിരിച്ചറിയാന്‍ അവളെ പ്രാപ്തയാക്കിയെടുത്തിട്ടുണ്ട്. പിന്നെ അവളുടെ അടുത്ത ഫ്രണ്ട് ആണ് ഞാന്‍.

“എല്ലാ ദിവസവും വൈകുന്നേരം വീട്ടിലെത്തിയാല്‍ അന്നത്തെ വിശേഷങ്ങളൊക്കെ അവളെന്നോട് പറയും. അതില്‍ നിന്നു എനിക്ക് അവളെ മനസിലാക്കാം. മറ്റുള്ളവര്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ല.

അഭിനന്ദനം മാത്രമല്ല അപമാനങ്ങളും നേരിടേണ്ടി വരുമെന്നു കുട്ടിയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്.

“ചെണ്ട കൊട്ടാറുണ്ട്, മോഹിനിയാട്ടം കളിക്കാറുണ്ട്. അതൊക്കെ ചിലര്‍ എതിര്‍ത്തിട്ടുമുണ്ട്. അമ്പലത്തിനുള്ളില്‍ കയറി ചെണ്ട കൊട്ടാന്‍ പാടില്ലെന്നൊക്കെ പറഞ്ഞിട്ടുണ്ട്.


സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മാപ്പിള പെണ്‍കുട്ടികള്‍ക്ക് മാപ്പിളപ്പാട്ടോ അറബിഗാനമോ പാടിയാല്‍ പോരേ എന്നൊക്കെ ചില രക്ഷിതാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്.


“വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമേ ഇങ്ങനെയൊക്കെ പറയാറുള്ളൂ. കൂടുതലാളുകളും ഈ പറച്ചിലുകളെ എതിര്‍ത്തിട്ടേയുള്ളൂ. കുട്ടിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ.. മോഹിനിയാട്ടം വേണേല്‍ ചെയ്തോ, ചെണ്ട കൊട്ടിക്കോ എന്നേ ഞങ്ങള്‍ പറയാറുള്ളൂ.

“കൊപ്പത്തെ നാട്ടുകാര് വലിയ സപ്പോര്‍ട്ടാണ് തരുന്നത്. അവളുടെ സ്കൂളില്‍ നിന്നും വലിയ പിന്തുണയുണ്ട്,” സബിത ടീച്ചര്‍ വിശദമാക്കി.

നൈന നാടന്‍ പാട്ട് വേദിയില്‍

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നാടന്‍കലാകാരന്‍മാരെക്കുറിച്ചുള്ള ‘ആടിത്തിമിര്‍ത്ത കാല്‍പ്പാടുകള്‍’  പുസ്തകം പുറത്തിറക്കിയത്.  “പുസ്തകമെഴുതാന്‍ കുറേ നാടന്‍ പാട്ട് കലാകാരന്‍മാരെ കണ്ടു സംസാരിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ തുടങ്ങിയതാണിത്,” നൈന പറയുന്നു.

“65 വയസിന് മുകളിലുള്ള നാടന്‍ പാട്ട് കലാകാരന്‍മാരെയാണ് കണ്ട് സംസാരിച്ചത്. പുള്ളവന്‍ പാട്ട്, ശാസ്താംപാട്ട്, ചവിട്ടുകളി, ചിറപൂതന്‍ ഇതിനെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിന്‍റെ ബാക്കി ഇനിയുണ്ട്.

“പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞിട്ടു വേണം ബാക്കിയെഴുതിത്തീര്‍ക്കാന്‍.

പീച്ചി മുള ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് മുളംതൈകള്‍ വാങ്ങുന്നത്

“പാട്ടായാലും ഡാന്‍സ് ആയാലും എന്‍റെ എല്ലാത്തിന്‍റെയും ആദ്യ ഗുരു ഉമ്മച്ചിയാണ്. കവിതകള്‍ തെരഞ്ഞെടുത്ത് തരുന്നതും ഉമ്മച്ചിയാണ്. ഉമ്മച്ചി ട്യൂണ്‍ ചെയ്തു തരുന്ന കവിതയെ ഞാന്‍ പാടൂ.


ഇതുകൂടി വായിക്കാം: ‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു


“കാടും പരിസരവുമൊക്കെയാണല്ലോ എന്‍റെ ഇഷ്ടങ്ങള്‍. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹവും. പഠിച്ച് ഐഎഫ്എസ് (ഇന്‍ഡ്യന്‍ ഫോറെസ്റ്റ് സര്‍വീസ്) നേടണമെന്നാണ് ആഗ്രഹം.

“അതിനൊപ്പം നാടന്‍പാട്ടും എഴുത്തും നൃത്തവുമൊക്കെ കൂടെയുണ്ടാകും. ഒപ്പം മുള നടലും. ഉമിയും വാപ്പച്ചിയും നല്ല സപ്പോര്‍ട്ടാണ്. എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കൂടെയുണ്ട്. അവരില്ലെങ്കില്‍ പിന്നെ ഞാനില്ല.” നൈന പറഞ്ഞു. നൈനയ്ക്ക് രണ്ടാം ക്ലാസില്‍ പഠിക്കുന്ന നാസ് എന്ന അനുജനുമുണ്ട്.

ഫോട്ടോ കടപ്പാട് : നൈന ഫെബിന്‍/ ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം