കെല്‍ട്രോണില്‍ ഡെപ്യൂട്ടി എന്‍ജിനീയറാണ് ആലപ്പുഴ അരൂക്കുറ്റിക്കാരനായ നാസര്‍. ക്വാളിറ്റി അനാലിസിസ് ആണ് ജോലി. നാസറിന്‍റെ വീട്ടില്‍ കുറേക്കാലമായി പച്ചക്കറിയൊന്നും പുറത്തുനിന്ന് വാങ്ങാറേയില്ല.
മിക്കവാറും വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറിയും മുറ്റത്തുനിന്നു തന്നെ കിട്ടും. കൃഷിക്കായി ആകെ മാറ്റി വെച്ചിരിക്കുന്നത് വെറും ഒന്നര സെന്‍റ് സ്ഥലം. അവിടെ 26 ഇനം പച്ചക്കറികള്‍ വിളയുന്നു. ദിവസം അരമണിക്കൂര്‍ അദ്ദേഹം കൃഷിയിടത്തില്‍ ചെലവഴിക്കും, അത്രമാത്രം!
ഇതെല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് നാസര്‍ പറയുന്നത്.
“ജോലിയോടൊപ്പം കൃഷിയെയും എന്‍റെ കൂടെ കൂട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി,” നാസര്‍ കൃഷിനുറുങ്ങുകള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെയ്ക്കുന്നു. പറഞ്ഞു തുടങ്ങുന്നു.
“ഒരു അടുക്കളത്തോട്ടം എങ്കിലും ഉണ്ടാക്കുക. അന്നന്നേക്ക് വേണ്ട തക്കാളിയും പയറും മുളകും ഇഞ്ചിയും മത്തങ്ങയും കുമ്പളവും ഒക്കെ നിറച്ച ഒരു കൊച്ചു തോട്ടം, അതില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി ഒരു തവണയെങ്കിലും അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും കൃഷിയോട് ‘നോ’ പറയില്ല,” അദ്ദേഹം പറയുന്നു.
“ദിവസവും മുന്നൂറ് ഗ്രാം പച്ചക്കറിയെങ്കിലും നമ്മള്‍ കഴിച്ചിരിക്കണം എന്നാണ്. കഴിക്കുന്ന പച്ചക്കറികള്‍ തന്നെയാണ് ഔഷധമായി മാറുന്നതും,” അദ്ദേഹം പിന്നെയും നിര്‍ബന്ധിക്കുന്നു.
പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കാം. karnival.com
ഭക്ഷണം മരുന്നുകൂടിയാകണമെങ്കില്‍ അതില്‍ വിഷമടിക്കാത്തതാവണം. അതിനേറ്റവും നല്ല വഴി സ്വന്തം വീട്ടില്‍ തന്നെ കൃഷിയൊരുക്കുക എന്നതാണ്. 2014-ല്‍ ഐക്യരാഷ്ട്ര സഭ കുടുംബകൃഷി എന്ന ആശയം പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടുവന്നു.
“ഒരു കുടുംബത്തിലേക്ക് വേണ്ട പച്ചക്കറികള്‍ അവരവരുടെ സാഹചര്യങ്ങള്‍ക്കും മറ്റും അനുസരിച്ചു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുക. അതാണ് ഉദ്ദേശിക്കുന്നത്,” നാസര്‍ വ്യക്തമാക്കി.
അതിന് ഒരുപാട് സ്ഥലവും സൗകര്യവുമൊന്നും വേണ്ട എന്ന് ഈ എന്‍ജിനീയര്‍ സ്വന്തം കൃഷിയിലൂടെ തെളിയിക്കുന്നു.
“ഒന്നര സെന്‍റ് അഥവ അറുപത് സ്‌ക്വയര്‍ മീറ്റര്‍ തന്നെ അതിനു ധാരാളമാണ്. എന്‍റെ ഒന്നര സെന്‍റില്‍ ഞാന്‍ ഏകദേശം ഇരുപത്തിയാറ് വിളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കക്കരിക്ക, പാവല്‍, പീച്ചിങ്ങ, നാല് ഇനം മുളക്, നാല് ഇനം തക്കാളി, വഴുതന, വെണ്ടയ്ക്ക, ചുരക്ക, പലതരം പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ നമുക്ക് വേണ്ടതെല്ലാം ഉണ്ടാക്കാന്‍ കഴിയും. നമുക്കാവശ്യമായതെല്ലാം എല്ലാ ദിവസവും വിളവെടുക്കാന്‍ കഴിയുന്ന രീതിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്,” നാസര്‍ വിവരിക്കുന്നു.
കൃഷിക്കായി തെരഞ്ഞെടുക്കുന്ന ഒന്നര സെന്‍റ് കൃഷിയിടത്തിന്‍റെ ഒരു ഭാഗത്തു നല്ല ഉയരത്തില്‍ തന്നെ പന്തല്‍ ഒരുക്കണം. പയറും മറ്റും പടര്‍ത്താന്‍ ആണിത്.
വേലിപ്പന്തല്‍ എന്നാണ് അതിനെ പറയുക. ആഴ്ചയില്‍ മൂന്നു ദിവസത്തേക്ക് വേണ്ട പയര്‍ നമുക്കിതില്‍ നിന്നും കിട്ടും. കക്കരിക്കയും ഇതില്‍ പടര്‍ത്താം, അദ്ദേഹം തുടരുന്നു.
നാല് മൂലകളും വെള്ളരി വര്‍ഗങ്ങളുടെ കൃഷിക്കയാണ് ഉപയോഗിക്കുന്നത്. പീച്ചിങ്ങ, പാവല്‍, വെള്ളരി, പടവലം എന്നിവയാണ് ആ ഭാഗങ്ങളില്‍ നട്ടിരിക്കുന്നത്. അതിനായി ഒരു പൈപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന താങ്ങു പന്തലാണ് ഉപയോഗിച്ചിരിക്കുന്നത്. വള്ളിച്ചീര പോലുള്ള ഇലവര്‍ഗങ്ങളും ഈ താങ്ങുപന്തലില്‍ കൃഷി ചെയ്യാം.
“ഒരു താങ്ങുപന്തലിന്‍റെ ചുവട്ടില്‍ തന്നെ രണ്ടു വിളകള്‍ ഗ്രോബാഗുകളില്‍ വച്ച് ഒരേ സമയം കൃഷി ചെയത് എടുക്കാന്‍ സാധിക്കും. രണ്ടു താങ്ങുപന്തലിനു പകരം ഒന്നില്‍ തന്നെ രണ്ടു വിളകള്‍ വളര്‍ത്താം എന്നതുകൊണ്ട് സ്ഥലവും ലാഭിക്കാം. ബാക്കി വരുന്ന സ്ഥലങ്ങളിലായി ചേന, കപ്പ, ഇഞ്ചി, മഞ്ഞള്‍, വഴുതന, വെണ്ട, തക്കാളി, മുളക്, ഇലവര്‍ഗങ്ങള്‍ തുടങ്ങിയവ നട്ടുപിടിപ്പിക്കാം.
“കോളിഫ്ളവര്‍, ക്യാപ്‌സിക്കം, കാരറ്റ്, ബീട്രൂട് പോലുള്ള ശീതകാല പച്ചക്കറികളും ഉള്‍ക്കൊള്ളിച്ചു ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും നമുക്ക് ഈ ഒന്നര സെന്‍റില്‍ നിന്നും കിട്ടും,” നാസര്‍ വിശദീകരിച്ചു.
കെല്‍ട്രോണിലെ ജോലിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും അല്പം പോലും വിട്ടുവീഴ്ച ചെയ്യാതെയാണ് നാസര്‍ കൃഷിയും നോക്കി നടത്തുന്നത്. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയും സോഷ്യല്‍ ഹെല്‍ത്ത് വണ്‍ ഹെല്‍ത്ത് മൂവ്‌മെന്‍റിന്‍റെ പ്രവര്‍ത്തകനും കൂടി ആണ് അദ്ദേഹം.
ജോലിക്കിടയില്‍ കൃഷിയില്‍ കാര്യമായി ശ്രദ്ധ ചെലുത്താനാകുന്നുണ്ടോ എന്ന ചോദ്യത്തിന് നാസര്‍ പ്രതികരിച്ചതിങ്ങനെ: “നമുക്ക് എന്ത് കാര്യം ചെയ്യുമ്പോഴും അതിനോടുള്ള താല്പര്യം എത്രയുണ്ടോ അത്രയും സമയം നമ്മള്‍ അതിനായി കണ്ടെത്തും. എനിക്ക് ചെറുപ്പം മുതലേ കൃഷിയോട് നല്ല താല്പര്യമായിരുന്നു. ഇപ്പോള്‍ ഇരുപത്തിയൊന്ന് വര്‍ഷമായി കൃഷി പൂര്‍ണമായി ജീവിതത്തിന്‍റെ ഭാഗമായിട്ട്,” അദ്ദേഹം പറയുന്നു.
എത്ര തിരക്കുണ്ടെങ്കിലും ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും കൃഷിയിടത്തില്‍ ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് നാസര്‍ പറയുന്നു. പിന്നെ ശനിയും ഞായറും മറ്റു അവധി ദിവസങ്ങളും ഇതിനായി ചെലവാക്കുന്നു.
ഒന്നര സെന്‍റിലെ സമ്മിശ്ര കൃഷി നമുക്കും വിജയകരമായി പരീക്ഷിക്കാം; എങ്ങനെയെന്ന് അദ്ദേഹം കൂടുതല്‍ പറഞ്ഞുതരുന്നു:
- 60 അറുപത് ഗ്രോബാഗുകളാണ് ഒന്നര സെന്‍റില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. പതിനഞ്ചെണ്ണം പയറിനങ്ങള്‍ക്കും ബാക്കി ഉള്ളവ മറ്റു പച്ചക്കറികള്‍ക്കും. സൂര്യപ്രകാശം കിട്ടുന്നതിനനുസരിച്ച് വേണം ചെടികള്‍ വെയ്ക്കാന്‍.
- മഴക്കാലമായാല്‍ മണ്ണില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിന്മേല്‍ ഗ്രോ ബാഗുകള്‍ വച്ചാല്‍ കള ശല്യം നിയന്ത്രിക്കാം. ചെടികള്‍ വളരാന്‍ മണ്ണ്, മണല്‍, തണലത്തിട്ട് ഉണക്കിയ ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ത്ത് അതില്‍ വേണം തൈകളും വിത്തുകളും നടാന്‍.
- പച്ചച്ചാണകം പുളിപ്പിച്ചത് എട്ടിരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഒഴിക്കുന്നതും നല്ലതാണ്. വേനല്‍ക്കാലത്തു ചെടികള്‍ക്കിടയില്‍ തുള്ളി നനയിലൂടെയാണ് നാസറിന്‍റെ തോട്ടത്തില്‍ വെള്ളമെത്തിക്കുന്നത്.
- മഴക്കാലത്തു വെള്ളം മണ്ണിലേക്ക് ശക്തിയായി പതിക്കുന്നത് ഒഴിവാക്കാനായി മണ്ണിന്‍റെ മുകളില്‍ ഒരു കവര്‍ ഇടുന്നത് നന്നായിരിക്കും. മണ്ണിന്‍റെ രൂപഘടനക്ക് വ്യത്യാസം വരാതിരിക്കാന്‍ ഇത് സഹായകമാകും.
- വളരെ പതിയെ വേണം ചെടിക്ക് വെള്ളമൊഴിക്കാന്‍. ശക്തിയായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ചെടികളോട് കാണിക്കേണ്ട കരുതല്‍ ഒരു കുഞ്ഞിനോടെന്ന പോലെ വേണം
തീര്‍ത്തും ജൈവ മാര്‍ഗ്ഗത്തിലൂടെയാണ് നാസറിന്‍റെ കൃഷി. ജൈവവളങ്ങള്‍ അദ്ദേഹം സ്വന്തമായി തന്നെ തയ്യാറാക്കുന്നു.
“ഒരു കിലോ പച്ച ചാണകം, ഒരു കിലോ ശര്‍ക്കര, ഒരു കിലോ കടലപ്പിണ്ണാക്ക് അരക്കിലോ പഴം തുടങ്ങിയവ ചേര്‍ത്ത് മുപ്പതു ലിറ്റര്‍ വെള്ളത്തില്‍ പുളിപ്പിച്ചു നന്നായി ഇളക്കി ഏഴോ എട്ടോ ദിവസം കഴിഞ്ഞാല്‍ ഉപയോഗിച്ച് തുടങ്ങാം. ഈ മിശ്രിതം ഒന്നര മാസത്തോളം സൂക്ഷിക്കാനും സഹായിക്കും. ദിവസവും ഒരു കമ്പു കൊണ്ട് ഇളക്കിക്കൊടുക്കാന്‍ മറക്കരുത്.
“അതില്‍ നിന്നും ഒരു കപ്പ് വെള്ളം എടുത്താല്‍ എട്ട് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാന്‍. നേരിട്ട് ഒരിക്കലും ഒഴിക്കരുത്. നല്ല കായ്ഫലം തരാന്‍ ഇത് സഹായിക്കും. മാത്രമല്ല ചുറ്റുവട്ടത്തുള്ള കരിയിലകള്‍ ചെടികള്‍ക്ക് ചുറ്റുമിടുന്നത് ഗ്രോ ബാഗിലെ മണ്ണിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കും,” നാസര്‍ അനുഭവവും അറിവുകളും പങ്കുവച്ചു.
ഇലക്ട്രിക്ക് ഇന്‍സ്ട്രുമെന്‍റേഷന്‍റെ സാധ്യതകള്‍
കൃഷിയിടത്തില്‍ കൊണ്ടുവരാന്‍ ഒരു എന്‍ജിനിയറായ നാസറിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെടികള്‍ക്ക് വെള്ളവും വളവും ഒരുമിച്ച് നല്‍കാന്‍ സഹായിക്കുന്ന ‘ഫെര്‍ട്ടിഗേഷന്‍’ എന്ന രീതിയിലാണ് നാസര്‍ പ്രയോജനപ്പെടുത്തുന്നത്. അര എച്ച് പിയുടെ മോട്ടോറിലാണ് നാസര്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ചിലവ് കുറഞ്ഞ ഒരു സംവിധാനമാണിത്.
‘അക്വാപോണിക്‌സ്’ സംവിധാനം വഴി ചെടികള്‍ക്ക് ആവശ്യമായ ഘടകങ്ങളടങ്ങിയ ലായിനി രൂപത്തിലുള്ള വളവും നാസര്‍ വീട്ടില്‍ തന്നെ തയ്യാറാക്കി വിളകള്‍ക്ക് നല്‍കുന്നു. ഇതുവഴി പച്ചക്കറിക്കുപുറമെ മീനും നാസറിന്‍റെ പുരയിടത്തില്‍ റെഡി.
അക്വാപോണിക്സിലൂടെ വിജയം കൊയ്ത രേഖയെപ്പറ്റി വായിക്കാം: ഒരു സെന്‍റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്‍റില്‍ നിറയെ പച്ചക്കറി
“അക്വാപോണിക്‌സ് മികച്ചൊരു സിസ്റ്റം തന്നെയാണ്. പണ്ടത്തെ കാലത്തെ പോലെ പാടശേഖരങ്ങള്‍ ഇല്ലാത്തതിനാല്‍ നാച്ചുറല്‍ ആയിട്ടുള്ള കുളം ഇപ്പോള്‍ കുറവാണ്. നമ്മുടെ വീടിനു ചേര്‍ന്ന് തന്നെ തിലാപ്പിയ പോലുള്ള മീനുകളെ വളര്‍ത്താനായി കുളം ഒരുക്കാം. അതില്‍ ആയിരം ലിറ്റര്‍ വെള്ളത്തില്‍ മുപ്പത്തിയഞ്ചു കിലോഗ്രാം മല്‍സ്യം വരെ വളര്‍ത്താം. കുളത്തിലെ മീനുകളുടെ വേസ്റ്റ് അടങ്ങിയ വെള്ളം റീ സര്‍ക്കുലേറ്റ് ചെയ്യാനായി 10 വാട്ടിന്‍റെ ഒരു മോട്ടോര്‍ സദാ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം.
“അതുവഴി കുളത്തിലെ വെള്ളം ഒരു ഗ്രാവെല്‍ ബെഡില്‍ വീണു തിരിച്ചു കുളത്തിലേക്ക് പോകുന്ന രീതിയിലാണ്. ഈ വെള്ളം ചെടികള്‍ക്ക് വളരെ നല്ലതാണെന്ന് മാത്രമല്ല ഇതുവഴി കുളത്തിലെ അമോണിയത്തിന്‍റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് നമുക്ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്നതേ ഉള്ളു. ഒരു നാല് മാസം കൊണ്ട് മീന്‍ കുഞ്ഞുങ്ങള്‍ അര കിലോഗ്രാം തൂക്കം വെയ്ക്കും. ഒപ്പം ചെടികള്‍ക്ക് നൈട്രജന്‍ സമ്പുഷ്ടമായ അടങ്ങിയ വെള്ളം കിട്ടുകയും ചെയ്യും,” നാസര്‍ വിശദമാക്കുന്നു.
വീട്ടിലൊരു ചെറിയ അക്വാപോണിക്സ്/ ഹൈഡ്രോപോണിക്സ് സംവിധാനം എളുപ്പത്തില്‍ ഒരുക്കാം.
അന്തരീക്ഷത്തിലെ താപനിലയും ഈര്‍പ്പവുമെല്ലാം അളക്കാന്‍ നാസറിന്‍റെ കൈയില്‍ പ്രത്യേകം തയ്യാറക്കിയ സ്‌കെയില്‍ ഉണ്ട്. അതില്‍ നോക്കി അളന്നു മാത്രമാണ് ഓരോ നീക്കങ്ങളും. ഓരോ ചെടിയുടെയും ഇലകളുടെ രൂപവും നിറവും നോക്കി വിളകള്‍ക്ക് ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ നാസറിന് തിരിച്ചറിയാനാകും. അതിനനുസരിച്ചാണ് പിന്നീടുള്ള പരിചരണം.
“കൃത്യമായ സൂര്യപ്രകാശം, സമ്പുഷ്ടീകരിച്ച മണ്ണ്, ക്രമീകരിച്ച ജലസേചനം, വിളകള്‍ നശിപ്പിക്കുന്ന പ്രാണികളെയും രോഗകീടങ്ങളെയും മറ്റും സൂക്ഷ്മനിരീക്ഷണത്തില്‍ കണ്ടെത്തി കെണി വെച്ച് തുരത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടം ആരോഗ്യകരമായ പച്ചക്കറി നല്‍കും. അതിനേക്കാള്‍ കൂടുതലായി മനസിന് വല്ലാത്ത സന്തോഷവും തരും. വേപ്പെണ്ണപ്രയോഗവും ഉത്തമം തന്നെ. ചെടികള്‍ക്ക് വേണ്ട കീടങ്ങളെ ആകര്‍ഷിക്കാനും ശത്രു കീടങ്ങളെ അകറ്റാനും പോന്ന ചെടികള്‍ വളര്‍ത്തുന്നത് ഫലപ്രദമാണ്,” നാസര്‍ വ്യക്തമാക്കി.
“എന്‍റെ ഉപ്പ സയ്ദ് മുഹമ്മദും ഉമ്മ കുഞ്ഞിപാത്തുമ്മയും കൃഷിയില്‍ തല്പരര്‍ തന്നെയായിരുന്നു. ഉമ്മാക്ക് കൃഷിയെക്കുറിച്ചു നാട്ടറിവുകള്‍ ഒരുപാടുണ്ട്. എങ്ങനെ കപ്പയും ചേമ്പും നടണം, എങ്ങനെ മണ്ണിളക്കി വിളവടുക്കണം എന്നതിനെക്കുറിച്ചൊക്കെ ഉമ്മാക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെ ഉമ്മ ഞങ്ങള്‍ക്ക് പറഞ്ഞും തരുമായിരുന്നു.അതൊക്കെ കേട്ട് വളര്‍ന്നതുകൊണ്ടാകാം കൃഷിയെ ചെറുപ്പം മുതലേ ഇഷ്ടപെട്ടത്.
“സഹോദരങ്ങളായ മുഹമ്മദ് കുട്ടിയും മജീദും എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ട്. ഒന്നര സെന്‍റില്‍ നിന്ന് ഞങ്ങളുടെ മൂന്നു പേരുടെ കുടുംബങ്ങളിലേക്കും ആവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ലഭിക്കുന്നുണ്ട് എന്നത് മറ്റൊരു സന്തോഷം. എന്‍റെ ഭാര്യ പ്രമീത പോലീസ് ഡിപ്പാര്‍ട്‌മെന്‍റിലാണ് ജോലി ചെയ്യുന്നത്. പ്രമീതയും കൃഷി കാര്യങ്ങളില്‍ സഹായമായി കൂടെ തന്നെയുണ്ട്,”
ഒന്നര സെന്‍റിലെ കൃഷി കൂടാതെ നാസര്‍ ഒരേക്കര്‍ സ്ഥലത്തു സമ്മിശ്ര സുസ്ഥിര കൃഷിയും ചെയുന്നുണ്ട്. അതില്‍ തെങ്ങ്, സപ്പോട്ട, മാങ്കോസ്റ്റിന്‍, റംബുട്ടാന്‍ തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ഓര്‍ഗാനിക് കേരളാ ട്രസ്റ്റിന്‍റെ കീഴില്‍ മൂന്നാറിനടുത്ത് കാന്തല്ലൂരില്‍ ഒരേക്കറില്‍ കൃഷിയും ചെയ്യുന്നുണ്ട്. അതിന്‍റെ നോക്കിനടത്തിപ്പും നാസറിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നുമെല്ലാമുള്ള വിളകള്‍ പല ജൈവഉല്‍പന്ന വിപണന കേന്ദ്രങ്ങളിലേക്കാണ് നല്‍കുന്നത്.
റൂറല്‍ ഇന്നൊവേറ്റീവ് സ്റ്റഡി സെന്‍റര്‍ (നാട്ടറിവ് പഠന കേന്ദ്രം) എന്ന സംഘടനയിലും അദ്ദേഹം സജീവമാണ്. “കൃഷിയെക്കുറിച്ച് അറിയാതെ പോകുന്ന നാടന്‍ വിദ്യകളും രീതികളും മറ്റുമാണ് പഠിപ്പിക്കുന്നത്. … നാട്ടറിവുകള്‍ ഉള്‍ക്കൊണ്ട പ്രകൃതിയെ അറിഞ്ഞുള്ള ജൈവ കൃഷി കൊണ്ട് തന്നെ നല്ല വിളവ് ലഭിക്കും. അത്തരം പരിശീലനങ്ങള്‍ ഇവിടെ നല്‍കുന്നത്,” നാസര്‍ പറഞ്ഞു.
“ജൈവ കൃഷിയുടെ സാധ്യതകളും ചെയ്യണ്ട രീതികളും മറ്റും ഉള്‍ക്കൊള്ളിച്ചുള്ള പഠനക്ലാസ്സുകള്‍ ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ പഠിപ്പിക്കാന്‍ പോകാറുമുണ്ട്. കൃഷി ഉദ്യോഗസ്ഥരെയും കര്‍ഷക കൂട്ടായ്മകളെയും ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ ആണ് ഏറെയും. കുടുംബകൃഷിയെക്കുറിച്ചുമൊക്കെ ക്ലാസുകള്‍ എടുക്കും.
ഇതുകൂടി വായിക്കാം: ‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.