പ്ലസ് ടു കുട്ടികളുടെ കൃഷി: അരയേക്കറില്‍ പപ്പായ, സ്കൂള്‍ ടെറസില്‍ ജൈവ പച്ചക്കറി, 50 വീടുകളില്‍ അടുക്കളത്തോട്ടവും

ഒരു വര്‍ഷം മുന്‍പ് ചെയ്ത കൃഷി വിജയമായതിന്‍റെ ആത്മവിശ്വാസത്തോടെയാണ് പപ്പായ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായാണ് തരിശുകിടന്ന പറമ്പില്‍ പപ്പായ കൃഷി ചെയ്യുന്നത്

സ്കൂള്‍ മുറ്റത്ത് കൊച്ചു കൊച്ചു പൂന്തോട്ടങ്ങളൊരുക്കാറുണ്ട് കുട്ടികള്‍. റോസും ജമന്തിയും ചെമ്പരത്തിയുമൊക്കെയാകും നട്ടുപിടിപ്പിക്കുന്നത്. എന്നാല്‍ കൂട്ടത്തില്‍ ചിലരൊക്കെ പൂച്ചെടികള്‍ മാത്രമല്ല വെണ്ടയും ചീരയുമൊക്കെയായി പച്ചക്കറി കൃഷിയ്ക്കും പ്രാധാന്യം നല്‍കാറുണ്ട്.

പക്ഷേ, അരയേക്കര്‍ പറമ്പില്‍ പപ്പായ തുടക്കമിട്ടിരിക്കുകയാണ് മലപ്പുറത്തെ ഈ കൗമാരക്കാര്‍. കുട്ടികള്‍ക്ക് ഒപ്പം സ്കൂളിലെ അധ്യാപകര്‍ മാത്രമല്ല, നാട്ടുകാരും ഉണ്ട്.


പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം  സന്ദര്‍ശിക്കുക: KARNIVAL.COM

കൂട്ടത്തില്‍ കൈനോടുകാരന്‍ ബഷീറിനാണ് ഈ കുട്ടികളുടെ കൃഷിയോട് കൂടുതലിഷ്ടമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ പാട്ടമോ വാടകയോ ഒന്നും വാങ്ങാതെ കുട്ടികളോട് കൃഷി ചോയ്തോളൂവെന്നു ബഷീര്‍ പറഞ്ഞതും.

പപ്പായ കൃഷിയുടെ ഉദ്ഘാടനം ചെയ്ത് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍  സംസാരിക്കുന്നു.

ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്  പപ്പായ കൃഷിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

” ഞങ്ങള്‍ പപ്പായ കൃഷി ആരംഭിച്ചിട്ടിപ്പോള്‍ ഏതാണ്ട് ഒരു മാസം കഴിഞ്ഞു,” സ്കൂളിലെ ഉര്‍ദു അധ്യാപകനായ അബ്ദുല്‍ അസീസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “പ്ലസ് ടു ക്ലാസിലെ കുട്ടികളാണ് പപ്പായ കൃഷി ആരംഭിച്ചിരിക്കുന്നത്. സ്കൂളിലെ എന്‍എസ് എസിലെ അമ്പതോളം കുട്ടികള്‍ക്കാണ് കൃഷിയുടെ ചുമതല.

“എന്നാല്‍ ഇതാദ്യമായിട്ടല്ല ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. നേരത്തെ മട്ടുപ്പാവ് ക‍ൃഷി ചെയ്തു നല്ല വരുമാനമൊക്കെ നേടിയിട്ടുണ്ട്. അരയേക്കറില്‍, പപ്പായ മാത്രം കൃഷി ചെയ്യുന്നത് ആദ്യമാണെന്നു മാത്രം.

“നേരത്തെ പലതരം പച്ചക്കറികളാണ് കൃഷി ചെയ്തത്. ആ പച്ചക്കറികളൊക്കെ നല്ല വിലയ്ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.


സ്കൂളിന്‍റെ തന്നെ ടെറസിലായിരുന്നു കൃഷി. ഗ്രോ ബാഗുകളില്‍ തൈകള്‍ നട്ട് പിടിപ്പിക്കുകയായിരുന്നു.


“ചീരയും വെണ്ടയും തക്കാളിയുമൊക്കെയായി ഒട്ടുമിക്ക പച്ചക്കറികളും മട്ടുപ്പാവിലെ കൃഷിത്തോട്ടത്തിലുണ്ടായിരുന്നു. ടെറസ് കൃഷിയുടെ കാര്യങ്ങളൊക്കെ നോക്കി നടത്തിയതും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു.

“അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് വിദ്യാര്‍ത്ഥികള്‍ കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്നത്, ഓരോ ആഴ്ചയിലും ഓരോ ഗ്രൂപ്പ്. നനയ്ക്കലും വളമിടലുമൊക്കെ ഇവരാണ് ചെയ്യുന്നത്. ജൈവവളം മാത്രമാണ് പച്ചക്കറി തോട്ടത്തില്‍ ഉപയോഗിച്ചിരുന്നത്.

പപ്പായ കൃഷി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

“സ്കൂളില്‍ കൃഷി ചെയ്തുണ്ടാക്കിയവയൊക്കെയും സ്കൂളിലൂടെ തന്നെയാണ് വിറ്റതും. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും സ്കൂളിലെത്തി പച്ചക്കറി വാങ്ങി. വില്‍പ്പനയുടെ ചുമതലയും കുട്ടികള്‍ക്ക് തന്നെയായിരുന്നു.

“പച്ചക്കറികളുടെ വില നിശ്ചയിച്ചതും ആവശ്യക്കാര്‍ക്ക് അളന്നു കൊടുക്കുന്നതും കാശു വാങ്ങുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചെയ്തത്. ഈ വില്‍പ്പനയിലൂടെ ലഭിച്ച തുക കൃഷിക്ക് തന്നെയാണ് പിന്നീട് ഉപയോഗിച്ചത്.


ഇതുകൂടി വായിക്കാം:18 ഏക്കറില്‍ എലിഫന്‍റ് ആപ്പിളും ബര്‍മ്മീസ് ഗ്രേപ്സുമടക്കം അപൂര്‍വ്വ പഴങ്ങള്‍ വിളയുന്ന തോട്ടം: മലബാറിലെ ഊട്ടിയില്‍ പോകുമ്പോള്‍ ഇനി ഇവിടെയുമൊന്ന് കയറാം


“ഒരു വര്‍ഷം മുന്‍പ് ചെയ്ത കൃഷി വിജയമായതിന്‍റെ ആത്മവിശ്വാസത്തോടെയാണ് പപ്പായ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിലാണ് പപ്പായ കൃഷി ചെയ്യുന്നത്.” 60 റെഡ് ലേഡി പപ്പായ തൈകളാണ് തുടക്കത്തില്‍ നട്ടിരിക്കുന്നതെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

സ്കൂളിലെ എന്‍എസ്എസിലെ അമ്പത് കുട്ടികള്‍ക്കാണ് പറമ്പ് കിളക്കാനും തൈ നടാനും നനയ്ക്കലുമൊക്കെയായി പപ്പായ തോട്ടത്തിന്‍റെ പൂര്‍ണ ചുമതല നല്‍കിയിരിക്കുന്നത് എന്ന് അദ്ധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു.


നാട്ടുകാരനായ ബഷീര്‍ സൗജന്യമായിട്ടാണ് ഭൂമി നല്‍കിയത്. കൃഷിയോടൊക്കെ ഇഷ്ടമുള്ളൊരാളാണ്. അതുകൊണ്ടാണ്  അദ്ദേഹം ഒരു കാശും വാങ്ങാതെ അരയേക്കര്‍ ഭൂമി തന്നത്.


“ഇതൊരു മലഞ്ചെരിവാണ്. കൃഷിയ്ക്ക് യോജിക്കുന്ന രീതിയില്‍ വെട്ടിവൃത്തിയാക്കിയെടുത്തത് കുട്ടികളാണ്. പപ്പായയുടെ ഗുണങ്ങളൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തതിന് ശേഷമാണ് പപ്പായ നടുന്നത്.

ഗവ. ബോയ്സ് ഹയര‍് സെക്കന്‍ഡറി സ്കൂള്‍ മലപ്പുറം. (ഫോട്ടോ: GBHSS Malappuram/Facebook)

“പണ്ടൊക്കെ ഒട്ടുമിക്ക വീടുകളിലും ഒരു പപ്പായ തൈയെങ്കിലുമുണ്ടാകും. അതുനിറയെ കപ്പങ്ങ പഴവുമുണ്ടാകും. കറി വയ്ക്കാനും പഴുപ്പിച്ച് കഴിക്കാനും  നല്ലതാണ്. രുചി മാത്രമല്ല ഗുണവുമുണ്ടല്ലോ.

“രാസവളമൊന്നുമില്ലാതെ പപ്പായ കൃഷി ചെയ്യാം. കുറേ ഫലം കിട്ടും. പോഷകഗുണം നിറഞ്ഞതുമാണ്. ഔഷധമൂല്യമുള്ളതായതു കൊണ്ടു പല അസുഖങ്ങള്‍ക്ക് വരെ ഇതു കഴിക്കാവുന്നതാണ്. പപ്പായ കൃഷി ആരംഭിക്കും മുന്‍പേ കുട്ടികളോട് ഇതൊക്കെ പറഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കുട്ടികള്‍ പപ്പായ തോട്ടത്തില്‍ പോകും.” പപ്പായ തോട്ടത്തിലെ പരിചരണത്തെക്കുറിച്ച്  അധ്യാപകനായ വേണുഗോപാല്‍ വിശദമാക്കുന്നു.

“ആ ദിവസങ്ങളിലാണ് നനയ്ക്കുന്നതും വളമിടലും വൃത്തിയാക്കലുമൊക്കെ. കീടബാധയുണ്ടോ ഒടിഞ്ഞു പോയോ എന്നൊക്കെ നോക്കുന്നതും കുട്ടി സംഘം തന്നെയാണ്. ഇതിന് കുട്ടികളെ വിവിധ സംഘങ്ങളായി തിരിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്


“കുട്ടികളുടെ സൗകര്യം അനുസരിച്ചാണ് കൃഷിപ്പണിക്ക് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാവിലെ സമയമുള്ളവര്‍ രാവിലെയും അല്ലാത്തവര്‍ വൈകുന്നേരങ്ങളിലുമാണ് പറമ്പിലേക്ക് പോകുന്നത്. കുഴല്‍ കിണര്‍ സൗകര്യം ആ പറമ്പില്‍ തന്നെയുണ്ട്.

“ബഷീറിന് കൃഷിയോട് താത്പ്പര്യമുള്ളതു കൊണ്ടുതന്നെ കൃഷിയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അദ്ദേഹമൊരുക്കി നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്.


ജൈവവളമാണ് പപ്പായ കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. അതിനുള്ള വളവും ബഷീറിന്‍റെ വീട്ടില്‍ നിന്നാണെടുക്കുന്നത്.


“പപ്പായ തോട്ടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ബഷീര്‍ ആടുകളെ വളര്‍ത്തുന്നുണ്ട്. ആട്ടിന്‍കാട്ടമൊക്കെ നമ്മുടെ കൃഷിയ്ക്കാണ് അദ്ദേഹം നല്‍കുന്നത്. പപ്പായ കുട്ടികള്‍ക്ക് തന്നെ നല്‍കണമെന്നാണ് കരുതുന്നത്.

“സ്കൂളിലെ ഉച്ചഭക്ഷണത്തിന് പപ്പായ കൊണ്ടുള്ള കറികളുണ്ടാക്കി നല്‍കാം. അവര്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന, രാസവളമടങ്ങാത്ത പപ്പായ കുട്ടികള്‍ക്ക് അല്ലാതെ ആര്‍ക്ക് കൊടുക്കാനാണ്,” വേണുഗോപാല്‍ ചോദിക്കുന്നു.

Image for representation only. Photo; Pixabay.com

പപ്പായ നട്ട് ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാനാണിവര്‍ തീരുമാനിച്ചിരിക്കുന്നത്. ആസൂത്രണ കമ്മീഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ സ്കൂളിലെ കുട്ടികള്‍ക്ക് ക്ലാസെടുത്തതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കൃഷിയിലേക്ക് തിരിയുന്നത്.

കഴിഞ്ഞ വര്‍ഷം മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകളില്‍ ജൈവകൃഷിയെക്കുറിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍, ചാക്കുകള്‍, കുപ്പികള്‍ ഇവ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തിയിരുന്നു.

ഓരോ വീടുകളും കയറിയിറങ്ങിയാണ് അതൊക്കെ ചെയ്തത്. ഇതിന്‍റെ ഭാഗമായി 50-ഓളം വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കി നല്‍കുന്നതിനുള്ള സഹായങ്ങളും നല്‍കിയിരുന്നു.


ഇതുകൂടി വായിക്കാം: ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍, 18 കിലോമീറ്റര്‍ റോഡരികില്‍ മരങ്ങള്‍ നട്ടുനനച്ചുവളര്‍ത്തി: കയ്യൂരില്‍ നിന്നും മറ്റൊരു നല്ല വാര്‍ത്ത


നഗരസഭയുടെയും പിന്തുണയോടെയാണ് ഞങ്ങള്‍ പപ്പായ കൃഷി ആരംഭിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സി. എച്ച്. ജമീല ടീച്ചറാണ് പപ്പായ തൈ നട്ടു കൃഷിയ്ക്ക് തുടക്കം കുറിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം