വിപ്ലവപാതയും കൊള്ളാവുന്ന ജോലിയും വിട്ട് കൃഷിക്കിറങ്ങിയ നാടകപ്രവര്‍ത്തകന്‍റെ ഗ്രീന്‍ റെവല്യൂഷന്‍

കര്‍ണാടകത്തില്‍ നല്ല ശമ്പളവും സൗകര്യങ്ങളുമൊക്കെയുള്ള ജോലി വിട്ട് അയൂബ് കൃഷി തുടങ്ങിയ കാലത്ത് വയനാട് കര്‍ഷക ആത്മഹത്യകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.

ചെറുപ്പത്തിലേ അയൂബ് വിപ്ലവപ്രസ്ഥാനങ്ങളോടടുത്തു. നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന 70കളിലെ വയനാട് വിപ്ലവചിന്തയ്ക്ക് നല്ല വേരാഴമുള്ള മണ്ണായിരുന്നു. ‘വസന്തത്തിന്‍റെ ഇടിമുഴക്കം’ സ്വപ്‌നം കണ്ട ചെറുപ്പക്കാരുടെ വലിയൊരു കൂട്ടം കേരളത്തില്‍ സജീവമായ കാലം.
വയനാട് വെള്ളമുണ്ടയ്ക്കടുത്ത് ആറുവാളിലാണ് അയൂബിന്‍റെ ചെറുപ്പം പിന്നിട്ടത്. അയൂബും വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

‘1988-89 കാലത്താണ് ഞാന്‍ സിപിഐ (എം. എല്‍) പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്,’ അയൂബ് പറഞ്ഞുതുടങ്ങുന്നു, ആ ബന്ധത്തെക്കുറിച്ച്. ‘അന്ന് (ജനകീയ) സാംസ്‌കാരികവേദിയുടെ തകര്‍ച്ച കഴിഞ്ഞ് രണ്ടാമത് കേരളത്തില്‍ യുവജനവേദി സജീവമായി…സി പി ഐ (എം എല്‍) റെഡ്ഫ്‌ളാഗ് എന്ന കെ എന്‍ രാമചന്ദ്രന്‍റെ സംഘടനയുമായി ബന്ധപ്പെട്ടുകൊണ്ടാണ്…


പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി മെമ്പര്‍ ആയിരിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്


“ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണത്. പിന്നീട് ഏതാണ്ട് എട്ട് വര്‍ഷം (1996 വരെ) പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഫുള്‍ടൈമറായിരുന്നു. എന്നുപറഞ്ഞാല്‍ കേരള വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ആയിരുന്നു. യുവജന വേദിയുടെ ജില്ലാ ജോയിന്‍റ് സെക്രട്ടറിയായിരുന്നു.’

“പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി മെമ്പറൊക്കെ ആയിരിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിപരമായ കാരണങ്ങളാല്‍ അവസാനിപ്പിക്കുന്നത്.” എന്നിട്ടും സാംസ്‌കാരിക പ്രവര്‍ത്തനം തുടര്‍ന്നു. “ആറ് വര്‍ഷത്തോളം നാടകപ്രവര്‍ത്തനം ഉണ്ടായിരുന്നു. റിനൈസന്‍സ് ലൈബ്രറി ചെറുകര–വയനാട്ടിലെ ആദ്യത്തെ എ-ഗ്രേഡ് വായനശാലയാണ്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു.

“പിന്നെ ബോധി എന്ന ഒരു ബദല്‍ നാടക സംഘം ഉണ്ടായിരുന്നു. ഏകാങ്കനാടകങ്ങള്‍ അവതരിപ്പിക്കുന്ന സംഘം…ആ മേഖലയുമായി ബന്ധപ്പെട്ട നല്ലൊരു നാടക സംഘം തന്നെയുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: കംബോഡിയയില്‍ മഞ്ഞള്‍ കൃഷിക്ക് പോയി മടങ്ങുമ്പോള്‍ ‘കള്ളിച്ചെടിത്തണ്ടും’ കൂടെപ്പോന്നു: പുരയിടം നിറയെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തിയെടുത്ത ജ്യോതിഷ്


“പിന്നീടാണ് കല്യാണമൊക്കെ കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ പ്രൈവറ്റ് കമ്പനീല് ജോലിയായിരുന്നു. ബാപ്പയുടേയും ഉമ്മയുടെയും മരണം കഴിഞ്ഞ് വീടൊക്കെ അടച്ചിട്ട് ജോലിക്ക് പോവുകയായിരുന്നു. കര്‍ണാടകയിലായിരുന്നു ജോലി. എനിക്കും ഭാര്യക്കും ജോലിയുണ്ടായിരുന്നു. നല്ല പാക്കേജ് ഒക്കെയുള്ള ജോലിയായിരുന്നു. ഫ്‌ളാറ്റുണ്ട്, വാഹനമുണ്ട്, ഭക്ഷണമുണ്ട്…അങ്ങനെയെല്ലാമുള്ള പാക്കേജായിരുന്നു. എന്‍റെ മൂത്ത മകള്‍ പഠിച്ചിരുന്നത് കര്‍ണാടകയിലായിരുന്നു.”

അയൂബും മക്കളും

എങ്കിലും ലീവിനൊക്കെ വന്ന് തിരച്ചുപോവുമ്പോള്‍ അയൂബിന്‍റെ മനസ്സിലൊരു വിഷമമുണ്ടായിരുന്നു.

“എന്‍റെ ഉപ്പ ഒരായുസ്സ് മുഴുവനും പണിയെയുത്തുണ്ടാക്കിയ തോട്ടമൊക്കെ ഇങ്ങനെ അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു..” ആ തോന്നല്‍ മനസ്സില്‍ വളര്‍ന്നു. അങ്ങനെ ജോലി വിട്ട് അയൂബ് കൃഷിയിലേക്ക് വന്നു.


കര്‍ഷകരുടെ ആത്മഹത്യകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ കാലം കൂടിയായിരുന്നു അത്


ഒന്നരപ്പതിറ്റാണ്ട് മുമ്പാണത്. ഉള്ള ജോലി കളഞ്ഞ് കൃഷിയിലേക്ക് വരികയെന്ന് പറഞ്ഞാല്‍ അത് വയനാട്ടുകാര്‍ അന്ന് എങ്ങനെ കണ്ടു എന്ന് പറയാനാവില്ല. കടംകയറിയ വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ കാലം കൂടിയായിരുന്നു അത്.

“കൃഷിയിലേക്ക് തിരിച്ചുവരുന്നത് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ഒരു സമയത്തായിരുന്നു. ഞാന്‍ ഒരു നല്ല ജോലി കളഞ്ഞ് കൃഷിയിലേക്ക് വന്ന ആളെന്ന നിലക്ക് സമൂഹം എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നറിയാം. എപ്പോഴാണ് നമ്മുടെ ബാലന്‍സ് തെറ്റുക എന്നറിയില്ല…നമ്മുടെ തലയ്ക്കുമുകളില്‍ അദൃശ്യമായ ഒരു തൂക്കുകയര്‍ തൂങ്ങിക്കിടക്കുന്നുണ്ട് എന്നുള്ളത് അറിയാമായിരുന്നു,” അയൂബ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനസ്സുതുറന്നു.


“എന്‍റെ മുന്നിലെ ആദ്യത്തെ വെല്ലുവിളി അതായിരുന്നു….ജോലിയും കൃഷിയും തമ്മില്‍ താരതമ്യം ചെയ്താല്‍ അത് വിപരീത പദങ്ങളാണ് എന്ന് പറയാം. ജോലിയില്‍ നമുക്ക് എന്ത് കാലാവസ്ഥാ വ്യതിയാനം ഉണ്ടായാലും–മഴയായാലും ഇല്ലെങ്കിലും വെയിലുണ്ടായാലും ഇല്ലെങ്കിലും ഒക്കെ മാസാവസാനം കിട്ടാനുള്ളത് ഭദ്രമായി കയ്യില്‍ കിട്ടും.


ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെടുക എന്നത് കൃഷിയിലൊരു സാധാരണ കാര്യമാണ്.


“കൃഷിയില്‍ എല്ലാമുണ്ടെന്ന് പറഞ്ഞാലും നാളെ വിളവെടുക്കണമെന്ന് തീരുമാനിച്ച് പ്ലാന്‍ ചെയ്ത് അതുകൊണ്ട് കടമടയ്‌ക്കേണ്ടത് ഒക്കെ പ്ലാന്‍ ചെയ്ത് കിടന്നൊറങ്ങുമ്പോ അന്ന് രാത്രി വീശിയടിക്കുന്ന കാറ്റോ മഴയോ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെടുക എന്നത് കൃഷിയിലൊരു സാധാരണ കാര്യമാണ്. എപ്പോഴും ആ ഉല്‍കണ്ഠയുണ്ടാവും.

“അപ്പോ, ആ താരതമ്യം എന്‍റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. എന്‍റെ മുന്നിലുള്ള വെല്ലുവിളി എന്ന് പറയുന്നത് ഒരു ജോലിയില്‍ നിന്ന് ലഭിക്കുന്നതുപോലെ കൃഷിയില്‍ നിന്ന് ഒരു മാസവരുമാനം കൃത്യമായി ലഭിക്കുക എന്നുള്ളതായിരുന്നു…”

അവിടെ നിന്നാണ് അയൂബ് സ്വന്തമായുള്ള രണ്ടേക്കര്‍ ഭൂമിയില്‍ വിപ്ലവം തുടങ്ങുന്നത്.


ഇതുകൂടി വായിക്കാം: വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍


“ആദ്യം ഞാന്‍ ഓരോ മാസവും നൂറ് വീതം വാഴ (ഞാലിപ്പൂവന്‍) വെച്ചുകൊണ്ടാണ് തുടങ്ങിയത്. ആദ്യത്തെ ഒരു വര്‍ഷം കഴിഞ്ഞ് എനിക്ക് മാസത്തില്‍ 3,000 രൂപ മുതല്‍ 5,000 രൂപ വരെ വരുമാനം കിട്ടാന്‍ തുടങ്ങി. അന്ന് ജോലിക്കാരുടെ കൂലി നൂറ് രൂപയാണ്. അന്ന് 3,000 ഒരു വലിയ സംഖ്യയാണ്. അങ്ങനെയാണ് ഞാന്‍ എന്‍റെ തോട്ടത്തെ എപ്പോഴും വരുമാനം കിട്ടുന്ന ഒന്നാക്കി മാറ്റിത്തീര്‍ത്തത്.”

ഇന്ന് കൃഷി 150 വര്‍ഷത്തോളമായി നിലനിര്‍ത്തുന്ന ആ കുടുംബത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ അയ്യൂബിലും കൃഷിയിടത്തിലും സമൃദ്ധമായ വിളവുമായി നിറഞ്ഞു നില്‍ക്കുകയാണ്. വീടിനടുത്ത് സ്വന്തം വയലില്‍ പച്ചക്കറി കൃഷി ചെയ്തായിരുന്നു തുടക്കം. ജൈവ പച്ചക്കറികള്‍ക്ക് വിപണിയിലാവശ്യം വര്‍ദ്ധിച്ചതോടെ ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങി.

സ്വന്തമായി വീടിനടുത്തെ രണ്ടേക്കര്‍ സ്ഥലം കൂടാതെ നാലര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്തും കൃഷിചെയ്തു വരുന്നു. കൂടാതെ മറ്റ് രണ്ടുപേരുമായി ചേര്‍ന്ന് എടവക പഞ്ചായത്തിലെ രണ്ടേനാലില്‍ പത്ത് ഏക്കര്‍ സ്ഥലത്ത് സഫ ഫാമും നടത്തന്നുണ്ട്.

സ്വന്തം വയലിലും പാട്ടത്തിനെടുത്ത ഭൂമിയിലുമായി അയ്യൂബ് വര്‍ഷങ്ങളായി മുടങ്ങാതെ നെല്‍കൃഷി നടത്തിവരുന്നുണ്ട്. മുപ്പത്തിയഞ്ചിനം പച്ചക്കറികളും വയലില്‍ കൃഷി വിളയുന്നു. വിദേശ പച്ചക്കറി ഇനങ്ങളായ പാര്‍സലി, ബ്രോക്കോളി, ക്വാളിഫ്ളവര്‍, ബാക്ക്ചോയി, ലത്യൂസ്, എന്നിവയ്ക്കുപുറമെ ഉള്ളി, ചൈനീസ് കാബേജ് തുടങ്ങിയവയും നാടന്‍ ഇനങ്ങളായ നാലിനം തക്കാളി, മരത്തക്കാളി, രണ്ടിനം പയര്‍ വര്‍ഗങ്ങള്‍, മരവെണ്ട, ചതുരപ്പയര്‍ തുടങ്ങിയവയും ഇവിടെയുണ്ട്.

ഒരേക്കര്‍ സ്ഥലത്താണ് കഴിഞ്ഞ വര്‍ഷം ഗോപിക എന്ന നെല്‍വിത്ത് വിതച്ചത്. പട്ടാമ്പിയിലെ ശശി എന്ന കര്‍ഷകന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗോപിക എന്ന ഈ ഇനം ഒരേക്കറില്‍ നിന്ന് മൂന്ന് ടണ്‍ വരെ ഉത്പാദനം കിട്ടുന്നതാണ്. നല്ല സ്വാദുള്ള മട്ടയരിയാണിതെന്ന് അയ്യൂബ് പറയുന്നു. ഇതുകൂടാതെ രോഗപ്രതിരോധ ശേഷിയും പുല്ലിന്‍റെ ഗുണവും ഗോപികക്ക് കൂടുതലാണ്. വയലില്‍ തന്നെ മത്സ്യകൃഷിയും നടത്തുന്നുണ്ട് ഈ കര്‍ഷകന്‍..

 

“കുളം നിര്‍മിച്ച് ഗിഫ്റ്റ് ഫിലോപ്പിയാണ് കൂടുതല്‍ കൃഷിചെയ്യുന്നത്. താറാവും മത്സ്യവും ഒരുമിച്ചുള്ള കൃഷിരീതിയും പരീക്ഷിക്കുന്നുണ്ട്. കുളത്തില്‍ നിന്നും പാഴായിപ്പോകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുമുണ്ട്. രണ്ട് നാടന്‍ പശുക്കളും രണ്ട് കിടാരികളും വീട്ടില്‍ വളര്‍ത്തി ഇവയുടെ ചാണകം ഉപയോഗിച്ച് ജൈവവള മിശ്രിതം സ്വന്തമായി തന്നെ വീട്ടില്‍ നിര്‍മ്മിക്കുകയാണ് പതിവ്.”

പോസ്റ്റില്‍ വളരുന്ന കുരുമുളക്

കുരുമുളക് കൃഷിയിലും പുതുമകള്‍ പരീക്ഷിക്കുന്നുണ്ട് അയ്യൂബ.
മൂന്ന് വര്‍ഷം മുമ്പ് വിയറ്റ്നാം രീതിയിലുള്ള കുരുമുളക് കൃഷി പരീക്ഷിച്ച് വിജയം കണ്ട അയ്യൂബ് ഈ വര്‍ഷം പുതിയതായി പരീക്ഷണം നടത്തുന്നത് പെര്‍കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് രീതിയിലാണ്.

കുരുമുളക് വള്ളി പടര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യാണിത് എന്ന് അദ്ദേഹം പറയുന്നു. പോറസ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ആറടിയിലധികം ഉയരമുള്ള വളയങ്ങള്‍ കൊണ്ടുള്ളതാണ് പോസ്റ്റ്. പത്തടി ഉയരം വരെയുള്ള പോസ്റ്റുകള്‍ ഇങ്ങനെ നാട്ടാമെന്ന് അയൂബ് പറയുന്നു. റിംഗുകള്‍ പ്രത്യേക അനുപാതത്തിലുള്ള സിമിന്‍റ് മിശ്രിതം ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.


പോസ്റ്റിന്‍റെ ഉള്ളില്‍ നിന്നും വെള്ളവും വളവും കിട്ടുന്നതോടെ ചെടിയുടെ വളര്‍ച്ച വേഗത്തിലാവും


കുരുമുളക് എളുപ്പത്തില്‍ പടര്‍ന്ന് വളരാന്‍ സഹായിക്കുന്നതാണ് ഇത്തരം പോസ്റ്റുകള്‍. റിംഗിന്‍റെ പൊള്ളയായ ഉള്‍വശത്ത് മണ്ണ്, ചകിരിച്ചോര്‍, ജൈവവളം എന്നിവ നിറയ്ക്കും. നിലത്തുനിന്ന് റിംഗുകള്‍ വച്ചുതുടങ്ങും. റിംഗിന്‍റെ നാല് ചുറ്റിലുമായി മണ്ണിലാണ് കുരുമുളക് വള്ളികള്‍ നടേണ്ടത്. ചുവട്ടിലെ മണ്ണില്‍ നിന്നും പിടിച്ചുകയറുന്ന പോസ്റ്റിന്‍റെ ഉള്ളില്‍ നിന്നും വെള്ളവും വളവും കിട്ടുന്നതോടെ ചെടിയുടെ വളര്‍ച്ച വേഗത്തിലാവും. 

കുരുമുളക് ചെടിയുടെയും താങ്ങുമരത്തിന്‍റെയും വെള്ളത്തിനായുള്ള മത്സരം ഒഴിവാക്കാനായി ഈ പോസ്റ്റുകള്‍ സഹായിക്കും. ചെടിക്ക് വശങ്ങളിലേക്ക് കൂടുതല്‍  തലപ്പുകള്‍ കിളിര്‍ക്കും. അതിലെല്ലാം കുരുമുളക് കായ്ക്കുന്നത് കൂടാതെ ഈ തലപ്പുകള്‍ മുറിച്ചെടുത്ത് നേഴ്സറിക്കും ഉപയോഗിക്കാം.


പപ്പായ കൃഷിയില്‍ വലിയ വിജയമാണ് അയൂബ് നേടിയത്.


വേരുകള്‍ക്ക് പിടിച്ചുകയറാന്‍ പോറസ് കോണ്‍ക്രീറ്റിലെ പരുക്കന്‍ പ്രതലവും സുഷിരങ്ങളും സഹായകമാകും. താങ്ങുമരത്തില്‍ കുരുമുളക് പടര്‍ത്തിയാല്‍ ശിഖിരങ്ങള്‍ സൂര്യപ്രകാശം മറയ്ക്കുന്നത് വിളവ് കുറക്കും. സൂര്യപ്രകാശം കിട്ടാതാവുന്നതോടെ കുരുമുളകിന് രോഗസാധ്യതയും കൂടും.

വിയറ്റ്നാം രീതിയിലും ഫെര്‍ട്ടിഗേഷന്‍ രീതിയിലും കുരുമുളക് പടര്‍ത്തിയാല്‍ ഇതെല്ലാം ഒഴിവാകും. രണ്ടാം വര്‍ഷം തന്നെ കായ്ച്ചുതുടങ്ങുന്നതിനാല്‍ വിളവ് വര്‍ദ്ധിക്കുമെന്നാണ് അയൂബ് പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പതിനെട്ട് പോസ്റ്റുകളാണ് നിര്‍മിച്ചിട്ടുള്ളത്. 150 ചുവട് വിയറ്റ്നാം മോഡല്‍ കുരുമുളക് പോസ്റ്റ് ഇപ്പോള്‍ വളര്‍ത്തിവരുന്നുണ്ട്.

റെഡ് ലേഡി റെവല്യൂഷന്‍

പപ്പായയാണ് അയ്യൂബിന് ഇഷ്ടപ്പെട്ട മറ്റൊരു കൃഷി. ഇതില്‍ വലിയ വിജയമാണ് അദ്ദേഹം നേടിയത്.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


റെഡ് ലേഡി ഇനം ആണ് കൂടുതലായി കൃഷി ചെയ്തത്. വളരെ സ്വാദിഷ്ടമായ  പപ്പായ ആണിത്. കിലോയ്ക്ക് 25 രൂപ വരെ വില ലഭിക്കും. വിപണിയിലും നല്ല ഡിമാന്‍റുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അയ്യൂബ് റെഡ് ലേഡി പപ്പായ കൃഷിചെയ്തുവരുന്നു. ആഴ്ചയില്‍ രണ്ട് പ്രാവശ്യം മാത്രം നനച്ചാല്‍ മതി. ഇതുകൂടാതെ സി.ഒ.8 എന്ന മറ്റൊരിനവും ഉണ്ട് അയ്യൂബിന്‍റെ തോട്ടത്തില്‍.

ഈ വര്‍ഷം കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തില്‍ പെട്ട പപ്പായയും കൂടുതലായി കൃഷിചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കറയെടുത്തതിന് ശേഷം പപ്പായയും വില്‍ക്കുകയും ചെയ്യാം. അതിനാല്‍ ലാഭം ഇരട്ടിയാണ്.


ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇലയ്ക്കും പപ്പായ കുരുവിനും കൂടുതല്‍ ആവശ്യക്കാരുള്ളത്


സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ചില മരുന്നുകളിലും പപ്പായയില്‍ നിന്നെടുക്കുന്ന കറ ഉപയോഗിക്കുന്നുണ്ട്. “ടിന്നിലടച്ച് വരുന്ന മാംസാഹാരങ്ങള്‍ സോഫ്റ്റായി ഇരിക്കാന്‍ വേണ്ടിയാണ് പപ്പായയുടെ കറ കാര്യമായി ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ കുറച്ച് പ്രായമായ കോഴിയെ ഒക്കെ വെക്കുമ്പോ പപ്പായയുടെ ഒരു കഷണം അതിലിടാറുണ്ടല്ലോ. പെട്ടെന്ന് വേവാനൊക്കെ വേണ്ടി ചെയ്യുന്നതാണ്,” അയൂബ് പറ‍ഞ്ഞുതന്നു. കോഴികളുടെ ദഹനം ശരിയായി നടക്കാന്‍ വേണ്ടി കോഴിത്തീറ്റകളിലും ഉപയോഗിക്കുന്നുണ്ട്. ഔഷധാവശ്യത്തിനുള്ള പപ്പായക്കറയുടെ ഉപയോഗം കൂടിവരികയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കളോടൊപ്പം

പപ്പായയുടെ ഇലയ്ക്കും നല്ല ഡിമാന്‍റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു. ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇലയ്ക്കും പപ്പായ കുരുവിനും കൂടുതല്‍ ആവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാല്‍ കാര്‍ഷിക കേരളത്തിന്‍റെ തലവര മാറ്റാന്‍ പപ്പായ മതിയെന്ന് അയൂബ് ഉറപ്പിച്ചുപറയുന്നു. മൂന്ന് മാസത്തിനുള്ളില്‍ ആഴ്ചയില്‍ 6,000 രൂപ പപ്പായ കൃഷിയില്‍ നിന്നും ആദായമുണ്ടാക്കാനായി. ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്‍റല്‍ വരെ വിളവ് ലഭിക്കും.

ഒരു പപ്പായച്ചെടി വളര്‍ത്താന്‍ 150 രൂപ മാത്രമാണ് ചെലവ്. എന്നാല്‍ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും. ആറാം മാസം മുതല്‍ വിളവെടുക്കാം. റിസ്‌ക്ക് ഏറെ കുറവാണ്. കടുത്ത വേനലില്‍ പോലും ആഴ്ചയില്‍ രണ്ടുതവണ നന ധാരാളമാണെന്നുള്ളതും ഈ കൃഷിയുടെ പ്രത്യേകതയാണ്.

ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാല്‍ തന്നെ 65 തൈകള്‍ വരെ നടാനുള്ള വിത്ത് ലഭിക്കുമെന്ന് അയൂബ് അനുഭവത്തില്‍ നിന്ന് പറയുന്നു.

യമുന സഫേദ്, പഞ്ചാബ് സഫേദ്, മലേഷ്യന്‍, തായ് ലാന്‍ഡ് ഡ്വാര്‍ഫ് എന്നീ പേരയ്ക്കാ ഇനങ്ങളാണ് കൃഷിചെയ്തിട്ടുള്ളത്.

പാഷന്‍ ഫ്രൂട്ടും പേരക്കയും മാവും

ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറ്റവും ഡിമാന്‍റുള്ള ഇനങ്ങളാണ് പപ്പായയും പാഷന്‍ ഫ്രൂട്ടും. അയൂബിന്‍റെ കൃഷിയിടത്തില്‍ പാഷന്‍ ഫ്രൂട്ടും കൃഷിചെയ്യുന്നുണ്ട്. കാവേരി ഇനത്തില്‍ പെട്ട പാഷന്‍ ഫ്രൂട്ടാണ് അരയേക്കറില്‍ ഉണ്ട്.


ഇതുകൂടി വായിക്കാം: ഇന്ദിരാഗാന്ധിയുടെ മഷിപ്പേന പണിമുടക്കിയപ്പോള്‍ ചികിത്സിച്ചത് തൃശ്ശൂരിലെ ഈ ആശുപത്രിയിലാണ്


കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പം ഉണ്ടാകുന്നതിനുമായി പരാഗണം കൃത്യമായി നടക്കണം. അതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ പേരയ്ക്കയും അടുത്തിടെയായി കൃഷിയാരംഭിച്ചിട്ടുണ്ട്. യമുന സഫേദ്, പഞ്ചാബ് സഫേദ്, മലേഷ്യന്‍, തായ് ലാന്‍ഡ് ഡ്വാര്‍ഫ് എന്നീ പേരയ്ക്കാ ഇനങ്ങളാണ് കൃഷിചെയ്തിട്ടുള്ളത്.

അയൂബും സാബിറയും

മാവിന്‍ കൃഷിയില്‍ താല്‍പര്യം തോന്നി കഴിഞ്ഞവര്‍ഷമാണ് പുതിയ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈ ഡെന്‍സിറ്റി മാംഗോ ഫാമിംഗ് സമ്പ്രദായം എടവക രണ്ടേനാലിലെ സഫ ഫാമില്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ജൈന്‍ ഫാമിലാണ് ഈ രീതിയില്‍ കൂടുതല്‍ മാങ്ങ ഉല്‍പാദനം നടക്കുന്നത്.


ഒരു മൊട്ടക്കുന്നിനെയാണ് രണ്ട് വര്‍ഷംകൊണ്ട് അയൂബ് പച്ചകൊണ്ട് നിറച്ചത്


തൈകള്‍ തമ്മില്‍ രണ്ട് മീറ്ററും വരികള്‍ തമ്മില്‍ മൂന്ന് മീറ്ററും അകലത്തില്‍ 150 മാവിന്‍തൈകള്‍ ഇവിടെ നട്ടു. രണ്ടാംവര്‍ഷം തന്നെ ഇവയില്‍ പലതും കായ്ക്കാന്‍ തുടങ്ങിയെന്നതാണ് പ്രത്യേകത. അല്‍ഫോന്‍സ, കാലാപാടി എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. ഡ്രിപ്പ് ഇറിഗേഷന്‍ വഴി മാവുകള്‍ക്ക് ജലസേചനവും ചെറിയ തോതില്‍ നടക്കുന്നുണ്ട്.

മഴവെള്ള സംഭരണിയും മത്സ്യകൃഷിയും

ഒരു മൊട്ടക്കുന്നിനെയാണ് രണ്ട് വര്‍ഷംകൊണ്ട് അയൂബ് പച്ചകൊണ്ട് നിറച്ചത്. കുന്നിന് മുകളില്‍ സ്ഥാപിച്ച നാല് മഴവെള്ള സംഭരണിയില്‍ നിന്നും കുന്നിന് താഴ്വാരത്തായി നിര്‍മ്മിച്ച കുളത്തില്‍ നിന്നുള്ള വെള്ളം പമ്പുചെയ്തുമാണ് കൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. എല്ലാ കുളങ്ങളിലും മത്സ്യവും വളര്‍ത്തുന്നുണ്ട്. ചെറുമത്സ്യങ്ങളെ വളര്‍ത്തി മത്സ്യകര്‍ഷകര്‍ക്ക്  വില്‍ക്കുന്നതിനുള്ള റെയറിംഗ് യൂണിറ്റും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജലസേചനം നടക്കുന്നതോടൊപ്പം മത്സ്യകൃഷിയില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഒരു തികഞ്ഞ പരിസ്ഥിതി സ്നേഹിയും പ്രകൃതി സ്നേഹിയുമാണ് അയൂബ്. പരിസ്ഥിതിയെ നോവിച്ചുള്ള ഒരു കൃഷിക്കും തയ്യാറല്ലെന്ന് കൃഷിയിടത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിഷരഹിതമായതും പരമ്പരാഗതമായതും ശാസ്ത്രീയമായതും നൂതനമായതുമായ രീതികളുടെ പ്രയോഗത്തിലൂടെയാണ് അയൂബ് കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്.

കൃഷിയിടത്തിന് ചുറ്റും ഇരുപത്തിയഞ്ചിനം മുളകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കൃഷിഭൂമിയെ സംരക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ ഈ മുളങ്കൂട്ടങ്ങളില്‍ നിന്ന് വരുമാനവും ഉണ്ടാക്കാനാവുമെന്നാണ് അയൂബ് പറയുന്നത്. ഒരു മുളയ്ക്ക് 200 രൂപ വരെ വില ലഭിക്കുമെന്നതിനാല്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു മുളങ്കൂട്ടത്തില്‍ നിന്ന് 5000 രൂപ വരെ യാതൊരു ചിലവുമില്ലാതെ ലഭിക്കും.
വരള്‍ച്ച പ്രതിരോധിക്കുന്നതിനും പ്രളയത്തെ അടക്കം അതിജീവിക്കുന്നതിനും മുളങ്കൂട്ടങ്ങള്‍ കൊണ്ടുള്ള കവചം ഏറെ സഹായിക്കും.

കൃഷിയുടെ സന്തോഷം: അയൂബും കുടുംബവും

കൃഷിരീതികളിലെ വ്യത്യസ്തതയും പരിസ്ഥിതി പ്രേമവും പരീക്ഷണം നടത്താനുള്ള താല്‍പര്യവുമെല്ലാം അയൂബിനെ കര്‍ഷകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. ഒരു പാട് പുരസ്‌കാരങ്ങളും ലഭിച്ചു.  കൃഷിക്കാരന്‍ കൂടിയായ കേരള ഗവര്‍ണര്‍ പി സദാശിവവും പത്‌നി സരസ്വതി സദാശിവവും അയൂബിനെ രാജ്ഭവനിലേക്ക് അതിഥിയായി ക്ഷണിച്ചു, ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തില്‍. ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളേക്കാള്‍ ഈ ആദരവാണ് ഏറ്റവും മികച്ചതായി കരുതുന്നതെന്ന് അയൂബ്.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തൊടൊപ്പം

ഭൂമിയില്‍ ജല സ്വാശ്രയത്വം ഒരുക്കുക എന്നുള്ളത് പ്രധാനമാണ്. “ഞാന്‍ തീര്‍ത്ത മൂന്ന് കുളങ്ങളില്‍ മത്സ്യം വളര്‍ത്തി വരുമാനം ഉറപ്പ് വരുത്തിയതിനോടൊപ്പം കണിക ജലസേചനവും നടത്തുന്നു. കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷിയിടം സ്വാശ്രയമാക്കാം. വരു ഞാന്‍ എന്‍റെ അനുഭവ ജ്ഞാനം നിങ്ങള്‍ക്കും പകര്‍ന്നു തരാം,” അയൂബ് പറയുന്നു. അയൂബിന്‍റെ അദ്ധ്വാനത്തിന് താങ്ങായി ഭാര്യ സാബിറ, മക്കള്‍ സിതാര, ഇസ്‌ബെല്‍ എന്നിവരുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം