ഖാദറിക്കയ്ക്ക് പ്രായം എഴുപത് കടന്നു. ഇന്നും പഴയ പതിവുകളൊന്നും മറന്നിട്ടില്ല. എന്നും അതിരാവിലെ ഉണരും. പിന്നെ തോണിയിലേറി ചെറുപുഴയിലൂടെ മെല്ലെ ഒഴുകി തുടങ്ങും.
മീനുകളെത്തേടിയാണ് വലയുമായി ഈ തുഴച്ചില്‍. പക്ഷേ മീന്‍ മാത്രമല്ലാട്ടോ ഖാദറിക്കയുടെ വലയില്‍ കുടുങ്ങുന്നത്.
കുടുംബം പുലര്‍ത്താനാണ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാദറിക്ക തോണി തുഴഞ്ഞു തുടങ്ങുന്നത്. അന്നുതൊട്ടേ ചെറുപുഴയിലെ ബ്രാലും വാളയും കടുങ്ങാലിയും ഏട്ടയുമൊക്കെ പിടിച്ചാണ് ജീവിക്കുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇദ്ദേഹത്തിന്‍റെ തോണിയിലൂടെയുള്ള സഞ്ചാരം ജീവിക്കാനുള്ള വകതേടി മാത്രമല്ല.
അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മീന്‍ പിടിക്കുന്നതിനൊപ്പം പുഴയിലെ മാലിന്യങ്ങളും അദ്ദേഹം പെറുക്കിയെടുക്കുന്നു. പ്ലാസ്റ്റിക്കും തുണികളും മൃഗാവശിഷ്ടങ്ങളുമൊക്കെ നിറയുന്ന ചെറുപുഴയെ മാലിന്യങ്ങളില്‍ നിന്നു രക്ഷിച്ചെടുക്കാന്‍ തന്നെക്കൊണ്ടാവുന്ന പോലെ നോക്കുകയാണ് ഈ വൃദ്ധന്.
2018-ലെ പ്രളയനാളുകളില്‍ വെറും ഒമ്പത് ദിവസം കൊണ്ട് ഖാദര്‍ ചെറുപുഴയില്‍ നിന്നും വാരിമാറ്റിയത് 1,461 കിലോ പ്ലാസ്റ്റിക് കുപ്പികള്‍! ഇന്നും പുഴയില്‍ നിന്ന് ആഴ്ച തോറും അറുപതും നൂറും കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ഖാദറിക്ക പെറുക്കിക്കൂട്ടുന്നത്.
മാവൂര്‍ കുറ്റിക്കടവിലെ ചെറുപുഴയുടെ കാവല്‍ക്കാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഞാന്‍ കണ്ടുവളര്‍ന്നൊരു പുഴണ്ട്… കണ്ണീരു പോലെ തെളിഞ്ഞവെള്ളമുള്ള ചെറുപുഴ. അതിനെ വീണ്ടടെടുക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
“കുട്ടിക്കാലം തൊട്ടേ ഈ പുഴ ഞങ്ങളുടെയൊക്കെ ജീവിതമായിരുന്നു. ചപ്പുചവറുകളൊന്നുമില്ലാതെ നല്ല തെളിനീരുവെള്ളമായിരുന്നു. പണ്ടൊക്കെ ഞങ്ങള്‍ ഈ വെള്ളമല്ലേ കുടിച്ചു കൊണ്ടിരുന്നത്.
“മീന്‍ പിടിക്കാനൊക്കെ പോകുമ്പോള്‍ ഇടയ്ക്ക് ദാഹിച്ചാല്‍ ഈ വെള്ളമാണ് കൈ കുമ്പിളിലെടുത്ത് കുടിക്കുന്നത്. അതാണിപ്പോള്‍ പ്ലാസ്റ്റിക് നിറഞ്ഞ് മലിനമായത്,” അദ്ദേഹം പുഴയിലേക്ക് നോക്കി സങ്കടപ്പെടുന്നു.
ഒരാള്‍ എല്ലാ ദിവസവും നിന്നുപെറുക്കിയാലും തീരാത്ത പ്ലാസ്റ്റിക്കും മാലിന്യവുമാണ് ഈ പുഴയിലെത്തുന്നത് എന്ന് ഖാദറിക്കയ്ക്ക് അറിയാം. എന്നാലും തന്നെക്കൊണ്ട് കൂട്ട്യാ കൂടില്ല എന്നുപറഞ്ഞ് മാറിനില്‍ക്കാനും മനസ്സ് അനുവദിക്കുന്നില്ല.
“ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് മീന്‍ പിടിക്കാന്‍ പോകുന്നത്. ഇന്നു മാത്രമല്ല പണ്ടും അങ്ങനെ തന്നെയായിരുന്നു. മീന്‍ പിടിക്കാനൊക്കെ പോയി തുടങ്ങിയിട്ട് തന്നെ ഇപ്പോ പത്തറുപത്തഞ്ച് വര്‍ഷമായി. ഇപ്പോ എനിക്ക് 71 വയസുണ്ട്,” ഖാദറിക്ക പഴയകാലത്തേക്ക് പതിയെ തുഴയുന്നു.
“പഠിക്കാന്‍ പോയില്ല… അല്ല രണ്ടാം ക്ലാസ് വരെ പോയി. പിന്നെ അതൊക്കെ അവസാനിപ്പിച്ചു മീന്‍ പിടിക്കാന്‍ ഇറങ്ങി.
സ്കൂളിലൊക്കെ അയക്കാനുള്ള സാഹചര്യമൊന്നും അന്നൊന്നും വാപ്പയ്ക്കും ഉമ്മയ്ക്കും ഇല്ലായിരുന്നു.
“രണ്ടാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഓരോരോ പണിക്ക് പോയി തുടങ്ങി, അധികം വൈകാതെ മീന്‍ പിടിക്കാനും. ഇന്നും ഇതാണെന്‍റെ ഉപജീവനമാര്‍ഗം. ഒമ്പത് മക്കളണെനിക്ക്.”
“അഞ്ചാണും നാലു പെണ്ണും. എല്ലാവരും കല്യാണമൊക്കെ കഴിഞ്ഞു. അഞ്ച് മക്കള്‍ മാറി താമസിച്ചു. ചെറിയ കഷ്ടപ്പാടും ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും ഈ പുഴയിലെ മീന്‍ പിടിച്ചാണ് ഞങ്ങള്‍ ജീവിച്ചത്.
“ഇപ്പോ നാലു മക്കളും അവരുടെ കുടുംബവും ഭാര്യ ഖദീജയുമാണ് വീട്ടില്‍. ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനോ പുഴയിലെ മാലിന്യം പെറുക്കുന്നതിനോയൊന്നുെം അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല. ഇല്ലെന്നു മാത്രമല്ല അവരെന്നെ സഹായിക്കാറുമുണ്ട്.
“പ്ലാസ്റ്റിക്കും മാലിന്യവുമൊക്കെ പുഴയില്‍ കിടക്കുന്നത് കണ്ടപ്പോ എനിക്ക് സഹിച്ചില്ല. രാവിലെ വീട്ടില്‍ നിന്നു മീന്‍ പിടിക്കാനിറങ്ങുന്നതല്ലേ. ഇടയ്ക്ക് ദാഹിക്കും.
“അന്നേരം ഈ പുഴയിലെ വെള്ളം കോരിയെടുത്ത് കുടിക്കും. അത്രയ്ക്ക് നല്ല വെള്ളമായിരുന്നു. പക്ഷേ കുറച്ചുവര്‍ഷമായി പുഴയെ ചപ്പും ചവറുമൊക്കെ നിറഞ്ഞു കാണാന്‍ തുടങ്ങി,” കുറ്റിക്കടവുകാരന്‍ പാലയ്ക്കല്‍ ഖാദര്‍ പറയുന്നു.
“പുഴയാകെ വൃത്തികേടായി കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. അങ്ങനെയാണ് പുഴയില്‍ കിടക്കണ ഓരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങുന്നത്,” പുഴ വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
“പ്ലാസ്റ്റിക്ക് കവറുകളും തുണികളും അങ്ങനെ കുറേയൊക്കെ പുഴയില്‍ നിന്നെടുത്ത് തോണിയിലേക്കിടും. പുഴയില്‍ നിന്നിതൊക്കെ പെറുക്കി കളഞ്ഞാല്‍ പഴയ പുഴയെ തിരിച്ചു കിട്ടുമല്ലോയെന്നാണ് കരുതിയത്.”
പുഴയില്‍ നിന്ന് വലിച്ചുകയറ്റുന്ന പ്ലാസ്റ്റിക്കെല്ലാം റീസൈക്ലിങ്ങിന് കൊടുക്കും. ജൈവമാലിന്യങ്ങള്‍ പുഴയില്‍ നിന്ന് മാറി ദൂരെ കൊണ്ടുപോയി കുഴിയെടുത്ത് മൂടും.
“പക്ഷേ ഞാന്‍ ഈ കുപ്പിയും പാട്ടയും തുണിയുമൊക്കെ പെറുക്കി മാറ്റും. അതേ പോലെ ചിലര്‍ പാലത്തിന് മുകളില്‍ നിന്നും പുഴയോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്നുമൊക്കെ ചാക്കിലും വലിയ കവറിലുമൊക്കെയായി പിന്നെയും മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരിക്കും,” പുഴയെയും പ്രകൃതിയെയും കുറിച്ചോര്‍ക്കാതെ എല്ലാം വലിച്ചെറിയുന്നതോര്‍ക്കുമ്പോള്‍ ഈ വൃദ്ധന് വലിയ സങ്കടം…
“കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഒമ്പത് ദിവസം കൊണ്ടു ചെറുപുഴയില്‍ നിന്നു പെറുക്കിയെടുത്തത് 1,461 കിലോ കുപ്പികളാണ്. പ്ലാസ്റ്റിക് കുപ്പികള്‍ തന്നെ. അതുകണ്ടിട്ട് എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എല്ലാരോടും പറയും പുഴയിലേക്ക് കുപ്പിയും മാലിന്യവുമൊന്നും വലിച്ചെറിയല്ലേയെന്ന്.
“ഇങ്ങനെ വലിച്ചെറിയാതെ നിങ്ങള് എവിടേലും കൂട്ടിയിട്ടേക്ക്. എന്‍റെ ഫോണ്‍ നമ്പര്‍ തരാം. ഞാന്‍ വന്നു എടുത്തുകൊണ്ടു പോന്നോളാം എന്നൊക്കെ പറയും. മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് തോന്നുന്നത്. പക്ഷേ ഇന്നും പുഴയില്‍ നിന്നു കുപ്പിയൊക്കെ എനിക്ക് കിട്ടി.
“ഞാനിങ്ങനെ ഇതൊക്കെ പെറുക്കി പെറുക്കി തോണിയിലേക്കിടുന്നത് കണ്ട് തുണി അലക്കാനും കുളിക്കാനുമൊക്കെ നില്‍ക്കുന്ന പെണ്ണുങ്ങള്‍ പറയും, ഖാദറിക്ക നിങ്ങള് നല്ല കാര്യമാണ് ചെയ്യുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നൊക്കെ.
“എന്നാല്‍ എന്തെങ്കിലുമൊക്കെ കിട്ടാന്‍ വേണ്ടിയല്ല ഞാനിതൊക്കെ ചെയ്യുന്നത്.
തെളിഞ്ഞ പുഴ വെള്ളത്തില്‍ ഇങ്ങനെയൊക്കെ പലതും കിടക്കുന്നത് കണ്ടപ്പോള്‍ അറിയാതെ തന്നെ ചെയ്തു പോയതാണ്.
“പുഴയില്‍ മാത്രമല്ല അതിപ്പോള്‍ റോഡില്‍ ആയാലും മാലിന്യമോ പ്ലാസ്റ്റിക്കോ എന്തു കണ്ടാലും ഞാന്‍ എടുത്തു മാറ്റാറുണ്ട്.
“ദാഹം തോന്നിയാല്‍ പുഴയിലെ വെള്ളം നമ്മള്‍ കുടിക്കില്ലേ.. കുടിക്കും. ദാഹം വന്നാല്‍ കുടിച്ചു പോകും ഏതു പുഴയിലെ വെള്ളവും. എന്ത് കിട്ടിയില്ലേലും നമ്മള്‍ കയ്ച്ചലാവും. പക്ഷേ, വെള്ളം കിട്ടിയില്ലേല്‍ കയ്ച്ചലാവ്വ്വോ.. ഇല്ലാല്ലോ? അങ്ങനെയുള്ള ഈ പുഴയെ മാലിന്യത്തില്‍ നിന്നു രക്ഷിക്കണ്ടേ…?” ഖാദറിക്കയുടെ ചോദ്യം നമ്മളോടെല്ലാരോടുമാണ്.
ഇതുകൂടി വായിക്കാം:550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു
“ദാഹം നമ്മള് മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ. ജീവികള്‍ക്കും ദാഹവും വിശപ്പുമൊക്കെയുണ്ട്. ദാ ഇപ്പോള്‍ ഞാന്‍ നോക്കിയിരിക്കുകയാണ്, പുഴയരികിലെ ഒരു ചെറിയ മരകഷ്ണത്തിലൂടെ താഴേക്ക് വന്നു പുഴയോരത്ത് നിന്നു വെള്ളം കുടിച്ച് മറ്റൊരു കൊമ്പിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന ഉറുമ്പുകളെ. ഒരു കൂട്ടമായിട്ടാണ് അവരു വെള്ളം കുടിക്കാന്‍ വരുന്നത്,” അദ്ദേഹം പറയുന്നു.
പ്ലാസ്റ്റിക്കിന്‍റെയും ചില്ലിന്‍റെയും പൊട്ടിയതും പൊട്ടാത്തതുമൊക്കെയായ കുപ്പികളും പാത്രങ്ങളും മാത്രമല്ല ചത്ത മൃഗങ്ങളും കോഴി മാലിന്യവുമൊക്കെ ഒഴുകിവരും.
“നായ ചാത്താലും പട്ടി ചത്താലും കുരങ്ങ് ചത്താലും എന്നു വേണ്ട എന്ത് ചാത്താലും പുഴയില്‍ കൊണ്ടുവന്നു ഇടും ചില ആള്‍ക്കാര്. പിന്നെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍. പെയിന്‍റ് പാട്ടകള്‍. ചെരുപ്പുകള്‍, കീടനാശിനി കുപ്പികള്‍ ഇങ്ങനെ പലതും.
“ഇതല്ലാതെ കവറിലാക്കിയും ചാക്കിലാക്കിയുമൊക്കെ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നവരുമുണ്ട്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മാലിന്യം വേറെയും.
“മാവൂരില്‍ നിന്ന് തെങ്ങിന്‍കടവിലേക്ക് പോകുന്ന പാലം മുതല്‍ പെരിയക്കടവ് പാലം വരെ തോണിയില്‍ പോകും. ഇതിനിടയില്‍ നാലു പാലമുണ്ട്. ഈ പാലങ്ങളുടെ തൂണുകളിലൊക്കെ പുഴയിലൂടെ ഒഴുകി വന്ന മാലിന്യങ്ങളൊക്കെ തടഞ്ഞു കിടക്കും.
“ഈ കെട്ടിക്കിടക്കുന്നതൊക്കെ പെറുക്കിയെടുത്ത് വൃത്തിയാക്കും. തോരേ പ്ലാസ്റ്റിക് പുഴയില്‍ നിന്നു കിട്ടിയിട്ടുണ്ട്. മാസം 400 കിലോയും 500 കിലോയും പ്ലാസ്റ്റിക് കിട്ടിയിട്ടൊക്കെയുണ്ട്. ഇപ്പോ തന്നെ ഒരു പത്തറുപത് കിലോ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്,” ഖാദറിക്ക പറഞ്ഞു.
ഒരു ചെറിയ ഫൈബര്‍ തോണിയിലാണ് അദ്ദേഹത്തിന്‍റെ മീന്‍പിടുത്തം. രാവിലെ വീട്ടില്‍ നിന്നിറങ്ങും. മീനൊക്കെ പിടിച്ച് വിറ്റ ശേഷം വീണ്ടും പ്ലാസ്റ്റിക് പെറുക്കാന്‍ വേണ്ടി മാത്രം വീണ്ടും പുഴയിലേക്ക് പോകും.
“പുഴമീനല്ലേ… കുറേയൊന്നും കിട്ടില്ല. അതൊക്കെ വാങ്ങാന്‍ കുറച്ചു പതിവുകാരുണ്ട്. വീട്ടുകാര്‍ നേരിട്ടാണ് കൂടുതലും മീന്‍ വാങ്ങുന്നത്. വലിയ കച്ചവടത്തിനുള്ള മീനൊന്നും കിട്ടാറില്ല.
“മീനൊക്കെ വിറ്റതിനു ശേഷം പോയി പ്ലാസ്റ്റിക്കുകളെടുക്കും. അതൊക്കെ തോണിയില്‍ തന്നെ പെറുക്കിയിടും. ഇതൊക്കെയും വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിച്ചു വയ്ക്കും. കുറേയാകുമ്പോള്‍ കൊടുക്കും.
“എല്ലാ ദിവസവും കൊടുക്കാറില്ല, ആഴ്ചയില്‍ വന്നു പ്ലാസ്റ്റിക്കുകള്‍ കൊണ്ടുപോകും. ഇതാണ് പതിവ്. പ്ലാസ്റ്റിക് പൊടിക്കുന്നവര്‍ക്കാണ് ഇതൊക്കെ കൊണ്ടുപോയി നല്‍കുന്നത്.
“ഞാനിങ്ങനെയൊക്കെ ചെയ്യുന്നതിനോട് വീട്ടുകാര്‍ക്കൊന്നും ഇഷ്ടക്കേടില്ലെന്നല്ല… അവര്‍ക്ക് ഇഷ്ടമേയുള്ളൂ. ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെ ഇഷ്ടമാണ്. ഇങ്ങനെ പുഴയില്‍ നിന്നെടുത്തു കൊണ്ടുവരുന്ന കുപ്പികളും മറ്റും വേര്‍തിരിക്കാനും ചാക്കില്‍ കെട്ടിവയ്ക്കാനുമൊക്കെ ഖദീജ സഹായിക്കാറുണ്ട്.”
“എപ്പോഴും പിന്തുണയോടെ മക്കളും മരുമക്കളുമെല്ലാം ഒപ്പമുണ്ട്. ഇപ്പോ പുഴ തെളിഞ്ഞാണ് കിടക്കുന്നത്.” സന്തോഷത്തോടെ കുറ്റിക്കടവ് ചെറുപുഴ സംരക്ഷകനെന്നു നാട്ടുകാര്‍ വിളിക്കുന്ന ഖാദര്‍ പറഞ്ഞു.
പുഴയെ മാലിന്യമുക്തമാക്കാന്‍ മാത്രമല്ല ഖാദറിന്‍റെ ഇടപെടലുകളുള്ളത്. നിര്‍ധനരായ ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരനായ ഒരാളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്താന്‍ കുറേ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം.
ഇതുകൂടി വായിക്കാം:പട്ടിണി മാറ്റാന്‍ പുസ്തകം കയ്യിലെടുത്ത 75-കാരിയുടെ കഥ: ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്ന് 200 വീടുകളിലെത്തുന്ന ‘സഞ്ചരിക്കുന്ന ലൈബ്രറി’യുടെ ജീവിതരേഖ
“എന്തേലും ഒരു സഹായം ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാതിരിക്കാനാകില്ല. എന്‍റെ കാര്യങ്ങള്‍ മാറ്റിവച്ചും അവരെ സഹായിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചിലരെയൊക്കെ സഹായിച്ചിട്ടുണ്ട്,” അത്രയേയുള്ളുവെന്നു ഖാദറിക്ക.
ചെറുപുഴയെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള 2017-ലെ പി.വി. തമ്പി മെമ്മൊറിയല്‍ അവാര്‍ഡ് ഖാദറിക്കയെത്തേടിയെത്തിയിരുന്നു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.