മഹാവീര്‍ സിങ്ങ്

മരുഭൂമിയില്‍ ഗോതമ്പും മള്‍ബറിയും കിനോ ഓറഞ്ചും ചെറുനാരങ്ങയും വിളയിക്കുന്ന ട്രാക്ടര്‍ ഡ്രൈവര്‍; ജൈവകൃഷിയിലൂടെ 50 കര്‍ഷകരുടെ വരുമാനം 50% ഉയര്‍ത്തിയ നിരക്ഷരന്‍

പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഇലക്കറികളുമൊക്കെയുണ്ട് മരുഭൂമിയിലെ കൃഷിയിടത്തില്‍. ഗോതമ്പ്, ബാജ്‌റ, ജോവാര്‍, നെല്ല്…ഇതൊക്കെയാണ് അധികവും വിളയുന്നത്. പിന്നെ, ചെറുപയറും വന്‍പയറുമുണ്ടാകും. “മള്‍ബറി, കിനോ, ചെറുനാരങ്ങ, നെല്ലിക്ക…ഇതൊക്കെയുണ്ട് ഇവിടെ,” മഹാവീര്‍ അഭിമാനത്തോടെ പറയുന്നു.

ടക്കേ ഇന്‍ഡ്യയില്‍  ശൈത്യകാലം തുടങ്ങാറായി.  എന്നിട്ടും രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമമായ ബജ്ജുവില്‍ പകല്‍ കടുത്ത ചൂടാണ്.

ഥാര്‍ മരുഭൂമിക്ക് നടുവിലാണ് ഈ ഗ്രാമം. വെയിലില്‍ മണല്‍ക്കൂനകള്‍ വെട്ടിത്തിളങ്ങി സ്വര്‍ണം പോലെ കിടക്കും. പച്ചപ്പെന്നാല്‍ അവിടവിടെയായി കാണുന്ന മുള്‍ച്ചെടികളും കുറ്റിച്ചെടികളും മാത്രം.

ഇവിടെ താമസക്കാര്‍  കുറവാണ്. ജലക്ഷാമവും നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന താപനിലയും തന്നെ കാരണം.

ഈ വരണ്ട ഭൂമിയിലാണ് മഹാവീര്‍ സിങ്ങ് അല്‍ഭുതം സൃഷ്ടിച്ചത്. 2014 മുതല്‍ അദ്ദേഹം  ഇവിടെ ജൈവകൃഷി ചെയ്യുന്നു. 5.2 ഏക്കറിലാണ് കൃഷി. മഹാവീറിന്‍റെ കൃഷി വിജയം കണ്ട് ഗ്രാമത്തിലെ 50 കര്‍ഷകരും ഇന്ന് ആ വഴി പിന്തുടരുന്നു.


വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com

മഹാവീര്‍ ട്രാക്ടര്‍ ഡ്രൈവറായിരുന്നു. ബജ്ജുവിലെയും ചുറ്റുവട്ടത്തിലുള്ള ഗ്രാമങ്ങളിലേയും ദരിദ്ര ചെറുകിട കര്‍ഷകരുടെ പാടങ്ങള്‍ ഉഴുതുമറിക്കാന്‍ അദ്ദേഹത്തെയാണ് വിളിക്കാറ്. ആ കര്‍ഷകര്‍ക്കൊന്നും സ്വന്തമായി ട്രാക്ടര്‍ വാങ്ങാനുള്ള, എന്തിന് സ്വന്തമായി ഉഴവുകാളകളെ പോറ്റാന്‍ പോലും, കഴിവുള്ളവരായിരുന്നില്ല.

മഹാവീര്‍ സിങ്ങ്

“വിത്തുവിതയ്ക്കുന്ന കാലമാവുമ്പോള്‍ അവര്‍ വന്ന് പാടം ഉഴുതുകൊടുക്കുമോ എന്ന് ചോദിക്കും. എനിക്കും കുറച്ച് സ്ഥലം ഉണ്ടായിരുന്നു,” മഹാവീര്‍ പറയുന്നു.

പ്രദേശത്തെ മറ്റെല്ലാ കര്‍ഷകരെയും പോലെ മഹാവീര്‍ സിങ്ങും പാടത്ത് രാസകീടനാശിനികള്‍ തെളിക്കുമായിരുന്നു. കീടനാശിനികളുടെ അമിതോപയോഗം മൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല.

ഒരു ദിവസം പാടത്ത് മരുന്നടിച്ചുകൊണ്ടിരിക്കുകയായിരുന്നു മഹാവീര്‍. കീടനാശിനി തുളുമ്പി ദേഹത്ത് പതിച്ചു. കീടനാശിനി വീണ ഭാഗത്ത് പൊള്ളിപ്പൊന്തിവന്നു, തൊലിയടര്‍ന്നുപോയി.

“എന്നെ അവര്‍ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. ഇങ്ങനത്തെ മരുന്നാണല്ലോ നമ്മള്‍ ഇത്രനാളും കൃഷിക്ക് അടിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ഇതല്ലേ നമ്മള്‍ എന്നും ഭക്ഷണത്തിനൊപ്പം കഴിക്കുന്നതെന്നും ഓര്‍ത്ത് ഞാന്‍ ഞെട്ടി. ഇതൊക്കെ അകത്ത് ചെന്നാല്‍ എന്തു സംഭവിക്കുമെന്നാലോചിക്കാന്‍ പോലും കഴിയില്ല,” മഹാവീര്‍ പറഞ്ഞു.

അധികം വൈകാതെ രാസകൃഷിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് മഹാവീര്‍ നാട്ടുകാരോടൊക്കെ പറയാന്‍ തുടങ്ങി. ഭക്ഷണത്തില്‍ വിഷം കലക്കല്ലേ എന്ന് അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു.

മഹാവീര്‍ സിങ്ങ്

ഈ സമയത്താണ് ഉര്‍മുല്‍ സീമന്ത് സമിതി എന്ന സംഘടന മഹാവീറിനെ ജൈവകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. 1991 മുതല്‍ ബിക്കാനീറിലേയും ജോഥ്പൂരിലെയും ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഉര്‍മുല്‍.

സമിതിയുടെ പ്രോജക്ട് ഡയറക്ടറായ സുനില്‍ ലാഹിരി ആണ് മഹാവീറിനെ ജൈവകൃഷിയിലേക്ക് വഴിതിരിച്ചുവിടുന്നത്.

ഉര്‍മുല്‍ സീമന്ത് സമിതിയുടെ കാമ്പസ് 10 ഏക്കറിലധികമുണ്ട്. അതില്‍ 5.2 ഏക്കര്‍ തരിശുനിലം അവര്‍ കൃഷിക്കായി മഹാവീറിന് നല്‍കി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇതിന്‍റെ ഓരോ ഇഞ്ചും കഠിന പ്രയത്നത്തിലൂടെ മഹാവീര്‍ മാറ്റിയെടുത്തു. ഇന്ന് ആ മരുനിലത്തില്‍ വിളയാത്തതൊന്നുമില്ല.


ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു


ജൈവകൃഷിയെക്കുറിച്ച് അധികമൊന്നും അറിവ് ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം ഉര്‍മൂല്‍ സമിതിയിലെ വിദഗ്ദരുടെ ഓരോ നിര്‍ദ്ദേശവും അക്ഷരം പ്രതി പാലിച്ചു.

“ഞാന്‍ രണ്ടാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. അവര് (വിദഗ്ദര്‍) പറഞ്ഞതെല്ലാം ഞാന്‍ ഓര്‍ത്തുവെച്ചു. വള്ളിപുള്ളി വിടാതെ അനുസരിച്ചു. ഇപ്പോള്‍ ഞാന്‍ സ്വന്തമായി മണ്ണിര കംപോസ്റ്റ് ഉണ്ടാക്കും, നൂറുശതമാനം പ്രകൃതിസൗഹൃദമായ കീടനാശിനി നിര്‍മ്മിക്കും…ഉര്‍മൂലിന്‍റെ ജൈവകൃഷിഭൂമി മുഴുവനും നോക്കിനടത്തും,” മഹാവീര്‍ ചിരിക്കുന്നു.

മഹാവീര്‍ സിങ്ങ്

പ്രശാന്ത് ജാന്‍ഗീര്‍ ഒരു ഫീല്‍ഡ് പ്രോജക്ടിന്‍റെ ഭാഗമായി ഉര്‍മുല്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് മഹാവീറിനെ കണ്ടുമുട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്‍റ് ആനന്ദില്‍ എം ബി എ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത്. അദ്ദേഹമാണ് മഹാവീറിന്‍റെ കഥ ഒരു വീഡിയോയിലൂടെ ലോകത്തോട് പറഞ്ഞത്.

“ഇന്‍ഡ്യയില്‍ ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്,” പ്രശാന്ത് ബജ്ജുവിന്‍റെ ഒരു ചെറിയ ചിത്രം വരയ്ക്കുന്നു. “ഇന്‍ഡ്യാ-പാക് അതിര്‍ത്തിക്കടുത്താണ് ഈ ഗ്രാമം. തീര്‍ത്തും അവികസിതമായ പ്രദേശം. ഇതെല്ലാം അതിജീവിച്ചാണ് മഹാവീറിന്‍റെ പരിശ്രമം…അത് വാഴ്ത്തപ്പെടേണ്ടതാണ്,”പ്രശാന്ത് പറയുന്നു.

മരുഭൂമിയല്ലേ…വെള്ളം കിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മഹാവീര്‍ അതിന് പരിഹാരം കണ്ടത് മഴവെള്ളക്കൊയ്ത്തിലൂടെയാണ്.

നല്ലൊരു മഴ കിട്ടുന്നത് മൂന്ന് വര്‍ഷം കൂടുമ്പോഴാണ്, അതും ആകെ മൂന്ന് മാസം മാത്രം–ജൂലൈ മുതല്‍ സെപ്തംബര്‍ വരെ. ഇങ്ങനെ പെയ്യുന്ന വെള്ളം ഒരു വലിയ ടാങ്കിലേക്ക് പൂര്‍ണമായും സംഭരിക്കും. ഈ വെള്ളം തുള്ളി നനയിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം കൃഷിയിടത്തിലെല്ലായിടത്തും എത്തിക്കും. സൗരോര്‍ജ്ജം കൊണ്ടാണ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്.

പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഇലക്കറികളുമൊക്കെയുണ്ട് മഹാവീറിന്‍റെ കൃഷിയിടത്തില്‍. ഗോതമ്പ്, ബാജ്‌റ, ജോവാര്‍, നെല്ല്…ഇതൊക്കെയാണ് അധികവും വിളയുന്നത്. പിന്നെ, ചെറുപയറും വന്‍പയറുമുണ്ടാകും.

“മള്‍ബറി, കിനോ ഓറഞ്ച്, ചെറുനാരങ്ങ, നെല്ലിക്ക…ഇതൊക്കെയുണ്ട് ഇവിടെ,” മഹാവീര്‍ അഭിമാനത്തോടെ പറയുന്നു. “ഞാന്‍ മുരിങ്ങയും വളര്‍ത്തുന്നുണ്ട്. മുരിങ്ങയിലയ്ക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ട്, അറിയാമോ?”

ഇതിന് പുറമെ അസോളകൃഷിയുമുണ്ട്. ഇത് കാലികള്‍ക്ക് കൊടുക്കും. അസോള മണ്ണില്‍ ഇളക്കിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. മണ്ണ് വളക്കൂറുള്ളതാകാന്‍ അത് ഒന്നാംതരം ചേരുവയാണത്രേ.

ഈയിടെയാണ് അദ്ദേഹം ആറ് പശുക്കളെ വാങ്ങിയത്. ഇനി ക്ഷീരമേഖലയിലും ഒന്ന് കൈവെക്കാമെന്നാണ് മഹാവീര്‍ പറയുന്നത്. മരുഭൂമിയൊക്കെയാണെങ്കിലും അദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ പച്ചപ്പിനൊരു കുറവുമില്ല. അതുകൊണ്ട് പശുക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണമുണ്ടാകും.

ആര്യവേപ്പിന്‍റെ ഇല, വെളുത്തുള്ളി, പച്ചമുളക്, പുകയില നീര്, പശുവിന്‍റെ മൂത്രം എന്നിവ ചേര്‍ത്തിളക്കി തയ്യാറാക്കുന്ന ഒരു മിശ്രിതമാണ് മഹാവീറിന്‍റെ കീടനാശിനി.

ജൈവകൃഷി അറിവുകള്‍ അടുത്തുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. “അവര്‍ക്ക് ഈ സന്ദേശം നല്‍കാനാണ്. കുട്ടികള്‍ അവിടവിടെയായി കുറച്ച് മരം നട്ടാല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ,” അദ്ദേഹം ചോദിക്കുന്നു.

“കര്‍ഷകര്‍ കണ്ണില്‍കണ്ട വിഷ കീടനാശിനികളൊക്കെ തളിച്ച് കൃഷിയിടം മുഴുവന്‍ നശിപ്പിക്കുന്നത് കണ്ടവനാണ് ഞാന്‍… അവര്‍ക്ക് ജൈവകൃഷിയെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കി കൊടുത്തു. അവര്‍ അത് പിന്തുടര്‍ന്നപ്പോല്‍ അവരുടെ ലാഭം അമ്പത് ശതമാനം വര്‍ദ്ധിച്ചു. ജൈവകൃഷി എന്ന ആശയം ഞങ്ങളുടെ പ്രദേശത്തെയാകെ മാറ്റിക്കൊണ്ടിരിക്കുകയാണ്,” മഹാവീര്‍ വിശദമാക്കുന്നു.

“ബജ്ജുവിലെയും പരിസരഗ്രാമങ്ങളിലെയും ജൈവകൃഷി പ്രചാരകനായി മാറിയിരിക്കുന്നു മഹാവീര്‍ സിങ്ങ്,” ഉര്‍മുല്‍ സമിതിയുടെ സുനില്‍ ലാഹിരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “പ്രദേശത്തെ കര്‍ഷകര്‍ക്ക് അദ്ദേഹം ഒരു വലിയ പ്രചോദനമാണ്. ഇക്കാലം കൊണ്ട് കുറഞ്ഞത് 50 കര്‍ഷകരെയെങ്കിലും അദ്ദേഹം ജൈവകൃഷി മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതിന്‍റെ ഗുണം അവര്‍ അനുഭവിക്കുകയും ചെയ്യുന്നു.”


ഇതുകൂടി വായിക്കാം: ഒന്നര സെന്‍റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം