ഇതാണ് ഈ ഐ ടി വിദഗ്ധന്‍റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട് 

പത്ത് വര്‍ഷം മുന്‍പ് 400-ഉം 500-ഉം രൂപ കൊടുത്താണ് തൈ വാങ്ങിയിരുന്നത്. ആ തൈ കാണുമ്പോള്‍ അച്ഛനും അമ്മയും അതിന്‍റെ വില ചോദിക്കും.. അന്നേരം ഞാന്‍ പറയും, നൂറു രൂപയേ ആയുള്ളൂല്ലോന്ന്. സത്യത്തില്‍ ഒരു തൈ തന്നെ വാങ്ങുന്നത് അഞ്ഞൂറു രൂപയൊക്കെ കൊടുത്തായിരുന്നു…

മുക്കൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയാലോ…? പ്ലസ് ടു പഠിക്കുന്ന പിള്ളേര് പോലും ഇതൊക്കെയാണിപ്പോള്‍ പറയുന്നത്.

പക്ഷേ ഇരുപത് വര്‍ഷം മുന്‍പ്, കേരളം ഇതൊക്കെ കേട്ടും പറഞ്ഞും തുടങ്ങുന്നതിന് ഏറെ മുമ്പ്, എം സിഎ പഠിച്ചിറങ്ങിയ ഉടന്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ട ആളാണ് കോഴിക്കോട്ടുകാരന്‍ വില്യംസ് മാത്യു.

സ്റ്റാര്‍ട്ട് അപ്പ്, ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇതൊക്ക മലയാളിയുടെ പതിവ് വര്‍ത്തമാനങ്ങളില്‍ ഇടം പിടിക്കും മുന്‍പേയാണ് വില്യംസ് ബിസിനസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നൊരു സംരംഭം തുടങ്ങിയത്.

ഇതിനൊപ്പം ഫേസ്ബുക്ക് പോലെ സ്റ്റാറ്ററസ് ഐഡി എന്നൊരു സംഭവവും വില്യംസ് ആരംഭിച്ചു. പക്ഷേ അന്നൊന്നും അതിന് ഒരു ഡിമാന്‍റും ഇല്ലായിരുന്നു.
ഒടുവില്‍ സാമ്പത്തിക പ്രശ്നങ്ങളൊക്കെയായതോടെ വില്യംസ് ബെംഗളൂരുവിലേക്ക് പോയി. കുറച്ചുകാലത്തിന് ശേഷം അവിടെ നിന്ന് ഗള്‍ഫിലേക്ക്. എട്ട് വര്‍ഷക്കാലം ഗള്‍ഫില്‍.

എട്ടേക്കറില്‍ പഴക്കാട് ഒരുക്കിയ വില്യംസ് മാത്യൂ

ഐ ടി വിദഗ്ധനായിരുന്ന വില്യംസ് ആ ജോലിയൊക്കെ ഉപേക്ഷിച്ച് പത്ത് വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്ട് എംഐസിടിഇ എന്ന ഐ ടി സ്കില്ലിങ്ങ് സെന്‍റര്‍ ആരംഭിച്ചു.

എംഐസിടിഇയുടെ തിരക്കുകള്‍ക്കിടിയിലാണ് അദ്ദേഹം ഒരു പഴക്കാട് ഒരുക്കാന്‍ ആരംഭിക്കുന്നത്. 10 വര്‍ഷം കൊണ്ട് എട്ട് ഏക്കര്‍ ഭൂമിയില്‍ നാടനും വിദേശിയുമൊക്കയായി 550 ഇനം ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറച്ചു ഈ ടെക്കി.

കൂട്ടത്തില്‍ മീനും തേനീച്ചയും തെങ്ങു കൃഷിയും. ഇന്‍ഫാം നഴ്സറി വെസ്റ്റേണ്‍ ഘട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡനെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു കോഴിക്കോട് കാപ്പാട്ടുമലക്കാരനായ വില്യംസ് മാത്യൂ.

“പ്രവാസ ജീവിതമൊക്കെ അവസാനിപ്പിച്ചാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നത്. പഠിച്ച തൊഴില്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ അതിനൊപ്പം എന്‍റെയൊരു ഹോബിയും കൂടെ കൂട്ടി. ഫ്രൂട്ട് ഫാം.. ഇതൊരു ഹോബിയായി തുടങ്ങിയതാണ്. അതിപ്പോള്‍ നല്ലൊരു വരുമാനം മാര്‍ഗം കൂടിയാണ്.

“ഗള്‍ഫില്‍ നിന്നു വന്നശേഷം ആദ്യം ചെയ്യുന്നത്, എംഐസിടിഇ എന്ന ഐടി സ്കില്ലിങ്ങ് സെന്‍റര്‍ ആരംഭിക്കുകയായിരുന്നു. സ്കില്ലിങ് സെന്‍റര്‍ എന്ന ആശയമൊന്നും അന്ന് ഇല്ല. ഇതിപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നൊരു സ്ഥാപനമാണിത്.”

വില്യംസ് പഴത്തോട്ടത്തില്‍

“എവിടെയങ്കിലും ഒരു പഴം രുചിച്ചാല്‍ അതുപോലൊന്നു വീട്ടില്‍ നട്ടു പിടിപ്പിക്കണമെന്നു ആഗ്രഹിക്കുന്നയാളാണ്. പഴങ്ങളോട് എനിക്ക് അത്ര വലിയ ഇഷ്ടമൊന്നും ഇല്ല, പക്ഷേ ഫലവ‍ൃക്ഷങ്ങളോട് വലിയ ഇഷ്ടമാണ്,” വില്യംസ് പറഞ്ഞു.

പത്ത് വര്‍ഷം കൊണ്ടാണ് എട്ട് ഏക്കറില്‍ 550 ഇനം പഴവര്‍ഗ്ഗങ്ങള്‍ നട്ടു വളര്‍ത്തിയത്. കൂട്ടത്തില്‍ നാടന്‍ മാത്രമല്ല വിദേശികളുമുണ്ട്–മാവും ചക്കയും മാത്രമല്ല ഇന്‍ഡോനേഷ്യ, ബ്രസീല്‍, തായ് ലാന്‍ഡ്, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള കാഴ്ചയിലും രുചിയിലും അല്‍ഭുതപ്പെടുത്തുന്ന പലതരം പഴങ്ങള്‍.

“പത്ത് വര്‍ഷം മുന്‍പ് 400-ഉം 500-ഉം രൂപ കൊടുത്താണ് തൈകള്‍ വാങ്ങിയിരുന്നത്. ആ തൈ കാണുമ്പോള്‍ അച്ഛനും അമ്മയും അതിന്‍റെ വില ചോദിക്കും.. അന്നേരം ഞാന്‍ പറയും, നൂറു രൂപയേ ആയുള്ളൂല്ലോന്ന്. സത്യത്തില്‍ ഒരു തൈ തന്നെ വാങ്ങുന്നത് അഞ്ഞൂറു രൂപയൊക്കെ കൊടുത്താണ്.

വില്യംസിന്‍റെ ഫ്രൂട്ട് ഫോറസ്റ്റ് കാണാനെത്തിയ നടന്‍ മാമൂക്കോയ

അമേരിക്കക്കാരനായ കൊകോണില്ല,  മിക്കി മൗസ് ഫ്രൂട്ട്, പല നിറങ്ങളിലുള്ള വാക്സ് ആപ്പിള്‍, ഹിമാലയന്‍ മള്‍ബറി, റോലീനിയ, മൂട്ടിപ്പഴം, ഞാറപ്പഴം, കാരപ്പഴം അങ്ങനെ തനിനാടനും വിദേശിയുമൊക്കെയായാ വില്യംസ് ഒരുക്കുന്ന പഴക്കൂട വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ്.

“30- ഇനം നാരകച്ചെടികള്‍, 19- ഇനം അത്തിപ്പഴം, ഏഴു തരം പേരയ്ക്ക, എട്ട് ഇനം പാഷന്‍ ഫ്രൂട്ടുകള്‍ തുടങ്ങിയവയും തോട്ടത്തിലുണ്ട്. ബ്രസീലിയന്‍ ഇനമായ ജബോട്ടിക്കാബ ഇവിടുണ്ട്. നല്ല പഴമാണിത്. ഇതിന്‍റെ വലിയ ശേഖരമുണ്ട്,” വില്യംസ് തുടരുന്നു.

“സാധാരണ മുന്തിരിയെക്കാള്‍ രുചികരമാണ്. അതുപോലെയുള്ളതാണെങ്കിലും മരത്തിലാണ് ഈ മുന്തിരി വളരുന്നത്. ഇതിന്‍റെ മലയാളീകരിച്ച പേരാണ് മരമുന്തിരി. ഫുട്ബോളിന്‍റെ അത്രയും വലിപ്പമുള്ള സപ്പോട്ടകളുണ്ടാകുന്നുണ്ട്.”

പഴങ്ങള്‍ കൊണ്ടു പൂക്കളമൊരുക്കിയിരിക്കുന്നു വില്യംസ്

“കാര്‍ഷിക കുടുംബമാണ് ഞങ്ങളുടേത്. നെല്ലും തെങ്ങും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്നു. പക്ഷേ ഇപ്പോ നെല്‍കൃഷിയൊന്നും ചെയ്യുന്നില്ല. ആ പാടങ്ങളിലിപ്പോള്‍ മാങ്കോസ്റ്റിന്‍ തൈകള്‍ നട്ടത്. ചെളിയുള്ള ഇടത്ത് നടാവുന്ന വ‍ൃക്ഷമാണ് മാങ്കോസ്റ്റിന്‍. നെല്‍കൃഷി ഒഴിവാക്കിയ പറമ്പുകളിലൊക്കെ മാങ്കോസ്റ്റിന്‍ നട്ടാല്‍ നല്ല ഫലം ലഭിക്കും,” വില്യംസ് പറഞ്ഞുതരുന്നു.  പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി

കൂടുതലും പഴവര്‍ഗ്ഗങ്ങളാണെങ്കിലും അപൂര്‍വമായ ചില ഔഷധസസ്യങ്ങളും തോട്ടത്തില്‍ ഉണ്ട്. വ്യത്യസ്ത ഇനങ്ങളിലുള്ള കുന്തിരിക്കം  രുദ്രാക്ഷം, കര്‍പ്പൂരച്ചെടികള്‍ തുടങ്ങിയവയും ഇവിടെ വളരുന്നു. 

ഇന്‍ഫാം ഫ്രൂട്ട് ഫാമിലെ വാക്സ് ആപ്പിള്‍ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നു തോന്നിയതു കൊണ്ടാണ് ഇങ്ങനെയൊരു പഴക്കാടുതന്നെ സൃഷ്ടിച്ചതെന്ന് വില്യംസ്.


അരി ആഹാരം മാത്രം കഴിക്കണമെന്നില്ലല്ലോ. അതുകൊണ്ടാണ് പഴങ്ങള്‍ കൃഷി ചെയ്യാമെന്നു തീരുമാനിച്ചത്.


എല്ലാ വീടുകളിലും, എത്ര ഭൂമിയുണ്ടോ അതിന് അനുസരിച്ച്, പത്തോ ഇരുപതോ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കണം. വീട്ടിലേക്കുള്ള ഭക്ഷണത്തിന് ഒരിക്കലും ക്ഷാമം വരികയുമില്ല എന്ന വില്യംസ് ഉപദേശിക്കുന്നു.

നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നതിനെക്കാള്‍ ലാഭവും അതാണെന്നാണ് വില്യംസിന്‍റെ അനുഭവം.

നാന്‍സ് ഫ്രൂട്ട്

“ഫ്രൂട്ട് ഫോറസ്റ്റ് എന്ന ആശയം വിദേശരാജ്യങ്ങളുടേതാണ്. നമ്മുടെ നാട്ടിലും പലരും പരീക്ഷിച്ചു വരികയാണിപ്പോള്‍. അതിന് ഇന്‍ഡ്യയില്‍ ഏറ്റവും അനുയോജ്യമായ ഇടം പശ്ചിമഘട്ടത്തിന്‍റെ താഴ്വാരങ്ങളാണ്,”  പഴത്തോട്ടത്തിന്‍റെ ഉടമ പറയുന്നു. ഇവിടത്തെ കാലാവസ്ഥയ്ക്ക് പച്ചക്കറികളേക്കാള്‍ നല്ലത് ഫലവൃക്ഷങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ഒരുപാട് സ്കൂള്‍, കോളെജ് വിദ്യാര്‍ഥികളും ഗവേഷകരും കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം ഈ തോട്ടം കാണാനെത്തുന്നുണ്ട്. സന്ദര്‍ശകള്‍ക്ക് പഴങ്ങള്‍ രുചിക്കാനും തൈകള്‍ വാങ്ങാനും അവസരമുണ്ട്.

കായ്ച്ചു നില്‍ക്കുന്ന ഓറഞ്ച്

പാഷന്‍ ഫ്രൂട്ടും പപ്പായയും സപ്പോട്ടയും മുസംബിയുമൊക്കെ വാങ്ങാം. മാങ്ങയും ചക്കയും സീസണ്‍ അനുസരിച്ച് വാങ്ങാനാവും.


ഇതുകൂടി വായിക്കാം:പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍


ഇന്‍ഫാം ട്രോപ്പിക്കല്‍ ഫ്രൂട്ട് ഫാമില്‍ ഒരേക്കറില്‍ നഴ്സറിയുമുണ്ട്. ഏതു തൈയാണ് വേണ്ടതെന്നു പഴം കഴിച്ചു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയാല്‍ മതി.

ഫ്രൂട്ട് ഫോറസ്റ്റില്‍ പഴങ്ങള്‍ മാത്രമല്ല മത്സ്യ കൃഷിയും മുട്ടക്കോഴിയും തേനീച്ച കൃഷിയുമുണ്ട്. “മത്സ്യകൃഷിയ്ക്ക് സ്വാഭാവിക കുളവും അതിനു പുറമേ പടുതാക്കുളവുമുണ്ട്. മൂന്നു കുളങ്ങളുണ്ട്, പിന്നെ ചെറിയ താമരക്കുളങ്ങള്‍ പോലുള്ളവയുമുണ്ട്. ഇതിലൊക്കെയും മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. നട്ടര്‍, തിലാപ്പിയ ഇതൊക്കെയുണ്ട്,” കുറഞ്ഞ സ്ഥലത്തും മീന്‍ വളര്‍ത്തിയെക്കാമെന്ന് വില്യംസ്.

ഇന്‍ഫാം ഫ്രൂട്ട് ഫാമിലുണ്ടായ വെല്‍വെറ്റ് ആപ്പിള്‍

വെള്ളത്തിന്‍റെ ദൗര്‍ലഭ്യമുണ്ടെങ്കില്‍ റെഡിമെയ്ഡ് ടാങ്കുകള്‍ വാങ്ങി വീടിന്‍റെ ടെറസില്‍ വച്ചാല്‍ മതിയാകും. ഇങ്ങനെ സ്ഥലവും വെള്ളവും കുറവുള്ളവര്‍ക്ക് പോലും നല്ല ലാഭം നേടാവുന്ന കൃഷിയാണ് മീന്‍.

“മീന്‍ വളര്‍ത്തുന്ന കുളങ്ങള്‍ ഇടയ്ക്ക് വൃത്തിയാക്കണമല്ലോ. അന്നേരം മീനിന്‍റെ വിസര്‍ജ്യങ്ങളൊക്കെ നിറഞ്ഞ ആ വെള്ളം തോട്ടത്തിലേക്ക് ഒഴിക്കും. .

“ഫാം കാണാനെത്തുന്നവര്‍ക്ക് നാടന്‍ കോഴി മുട്ട നല്‍കാറുണ്ട്. പത്തോളം കൂടുകളിലാണ് തേനീച്ച കൃഷി ചെയ്യുന്നത്. കുറച്ചൊക്കെ വില്‍ക്കാറുമുണ്ട്.

“പണ്ടൊക്കെ വീട്ടില്‍ പശുക്കളും മൂരിയുമൊക്കെ വളര്‍ത്തിയിരുന്നതാണ്. പക്ഷേ ഇന്നു അതൊന്നുമില്ല. ഇനിയിപ്പോള്‍ കുറച്ചു ആടുകളെ വളര്‍ത്താമെന്ന ആലോചിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

മാങ്കോസ്റ്റിന്‍

ജോലിയുടെ ഭാഗമായുള്ള യാത്രകളില്‍ കണ്ടെത്തുന്ന പുതിയ പഴച്ചെടികള്‍ വില്യംസ് കൂടെക്കൊണ്ടുപോരും. പിന്നെ ഇതുപോലുള്ള തോട്ടങ്ങള്‍ കാണാന്‍ പോകാറുമുണ്ട്. .

“അതുമാത്രമല്ല വലിയൊരു സുഹൃദ് വലയമുണ്ട്, പിന്നെ കുറേയേറെ ഗ്രൂപ്പുകളുണ്ട്.. അതില്‍ അംഗവുമാണ്. മികച്ച ശാസ്ത്രജ്ഞന്‍മാരും കര്‍ഷകരുമൊക്കെയുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ്. അതിലൂടെയും പലതരം തൈകള്‍ കിട്ടും,” വില്യംസ് വിശദമാക്കുന്നു.

വില്യംസിന്‍റെ തോട്ടത്തില്‍ വിളഞ്ഞ പഴങ്ങള്‍

“പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്തതൊന്നും അല്ല ഈ തോട്ടം. ഒത്തിരി പരാജയങ്ങളൊക്കെ എനിക്കും വന്നിട്ടുണ്ട്. ആപ്പിളൊക്കെ നട്ടു. പക്ഷേ അതൊന്നും പിടിച്ചിട്ടില്ല. കുറേ പരീക്ഷണങ്ങളൊക്കെ നടത്തിയാണ് ഇന്നും മുന്നോട്ട് പോകുന്നത്.

“പത്ത് വര്‍ഷം മുന്‍പ് ഗള്‍ഫിലെ ജോലിയൊക്കെ ഉപേക്ഷിച്ച് ഫ്രൂട്ട് ഫോറസ്റ്റ് എന്നു പറഞ്ഞിറങ്ങുമ്പോള്‍ ആരും പിന്തുണച്ചൊന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളും ആരായാലും സഹായിച്ചില്ല.

“സേഫ് ആയിട്ടുള്ളതു ചെയ്താല്‍ മതിയെന്നാണ് എല്ലാവരും പറയുന്നത്. വ്യത്യസ്തമായ ഒരു കാര്യം ചെയ്യാന്‍ പോകുകയാണെങ്കില്‍ ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യില്ല. എന്നാല്‍ ആ പദ്ധതി വിജയിക്കുമെന്നു കണ്ടാല്‍ പിന്നെ എല്ലാവരും കൂടെയുണ്ടാകും,” വില്യംസ് അനുഭവം തുറന്നുപറഞ്ഞു.

മൂട്ടിപ്പഴം അടക്കം ഒരുപാട് തനി നാടന്‍ പഴങ്ങള്‍ ഈ തോട്ടത്തില്‍ വിളയുന്നു.

“കൃഷിയിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലുമൊക്കെ നേടാനാകൂ. വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യാതെ ഇവിടെ പിടിച്ചു നില്‍ക്കാനാകുമാകില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് നമ്മുടെ നാടും കൃഷിയുമൊക്കെ ഇഷ്ടമാണ്.

“അവര്‍ക്ക് അതൊക്കെ കാണാനും അറിയാനുമുള്ള സൗകര്യമൊരുക്കി കൊടുക്കുകയാണ് വേണ്ടത്,” ഫാം ടൂറിസത്തിന് ഇനി നല്ല കാലമാണ് എന്ന് വില്യംസ് വിശ്വസിക്കുന്നു. അതിനുവേണ്ടി കൂടി ഈ പഴക്കാടിനെ ഒരുക്കുകയാണ് അദ്ദേഹം.

ജബോട്ടിക്ക പഴം

പത്ത് വര്‍ഷം മുന്‍പ് ഇങ്ങനെയൊരു ആശയവുമായി വരുമ്പോള്‍ മാതൃകകളൊന്നും ഇവിടെയില്ലായിരുന്നുവെന്നു വില്യംസ് പറയുന്നു.


ഇങ്ങനെയൊന്നൊരുക്കിയെടുക്കാന്‍ എനിക്ക് പത്ത് വര്‍ഷമാണ് വേണ്ടി വന്നത്.


“എന്നാല്‍ ഇനിയൊരാള്‍ക്ക് ഇതുപോലെ ചെയ്യണമെങ്കില്‍ അത്രയും കാലം വേണ്ടി വരില്ല. മാതൃകയുണ്ടല്ലോ അവര്‍ക്ക് കണാനും അറിയാനും. ഫ്രൂട്ട് ഫാം ടൂറിസം മാത്രമല്ല പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനും ആഗ്രഹമുണ്ട്.

“500-ലേറെ വെറൈറ്റി പഴങ്ങളാണ് ഇവിടെയുള്ളത്. ആ പഴച്ചാറുകള്‍ ഉപയോഗിച്ച് ഐസ് സ്റ്റിക്ക് തയാറാക്കിയാല്‍ മതിയല്ലോ. പഴന്തോട്ടത്തില്‍ വന്നു കാണാനും പഠിക്കാനും താമസിക്കാനുമൊക്കെയായിട്ടാണ് ഫ്രൂട്ട് ഫാം സ്റ്റേകള്‍ നിര്‍മിക്കുന്നത്. അടുത്തൊരു ആറു മാസത്തിനുള്ളില്‍ ഇതൊക്കെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്,” അദ്ദേഹം ഭാവി പരിപാടികള്‍ വെളിപ്പെടുത്തി.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനും മുകളില്‍ മരംകൊണ്ടുണ്ടാക്കിയ രണ്ട് അറകളുള്ള ചെറുതേനീച്ചക്കൂട്.

എറണാകുളം രാജഗിരി കോളെജില്‍ നിന്ന് 1996-ല്‍ എംസിഎ പൂര്‍ത്തിയാക്കിയതിന്  ശേഷമാണ് വില്യംസ് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്.

“സ്റ്റാര്‍ട്ട്അപ്പ് എന്നൊരു കണ്‍സപ്റ്റൊന്നും അന്നില്ല. ഇന്നത്തെ അത്രയും പ്രാധാന്യം അന്ന് ഐടിയ്ക്ക് കിട്ടി തുടങ്ങിയിട്ടില്ല. വളരെ കുറഞ്ഞ ആള്‍ക്കാര് മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്ന കാലം.

“അങ്ങനെയുള്ള കാലത്താണ് ഇങ്ങനെയൊരു സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നത്. അതൊരു ബിസിനസ് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റമായിരുന്നു. കോളെജില്‍ നിന്നു പഠിച്ചിറങ്ങിയ ഉടനെ ചെയ്യുന്നതല്ലേ… അന്നൊന്നും ആരും അതു സപ്പോര്‍ട്ട് ചെയ്തില്ല.

“ഇതിനു ശേഷം പോര്‍ട്ടല്‍ ആപ്ലിക്കേഷനാണ് ചെയ്തത്. ഇന്നത്തെ ഫെയ്സ്ബുക്ക് പോലൊരു സംഭവമായിരുന്നു. ഇന്‍റര്‍നെറ്റിന് ഇത്രയേറെ വലിയ സ്വീകരണം കിട്ടുമെന്നൊന്നും അന്നു കരുതിയിരുന്നില്ല. സ്റ്റാറ്റസ് ഐഡിയ എന്നായിരുന്നു പേര്. ഫെയ്സ്ബുക്ക് പോലെ തന്നെ. കുറേ സൗകര്യങ്ങളും ഇതിലുണ്ടായിരുന്നു. 97-ലാണിത് കൊണ്ടുവരുന്നത്.

“ഇന്നൊക്കെ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ കുറേയുണ്ട്. അന്നാളില്‍ അങ്ങനെയൊന്നു ഞാന്‍ തുടങ്ങിയപ്പോള്‍ ആരും അംഗീകരിച്ചില്ല.


മാട്രിമോണിയല്‍ സൈറ്റ് തുടങ്ങിയപ്പോള്‍ എന്‍റെ സഹോദരങ്ങള്‍ പോലും പറഞ്ഞത് ഇതു നമ്മുടെ അന്തസിന് ചേരുന്ന പണിയല്ലെന്നാണ്.


“ഒടുവില്‍ സാമ്പത്തിക പ്രതിസന്ധിയും സഹകരണമില്ലായ്മയുമൊക്കെയായി അതൊക്കെ അവസാനിപ്പിച്ചു ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.  കുറച്ചുകാലം ബെംഗളൂരുവില്‍. പിന്നെ ഗള്‍ഫിലേക്ക് പോയി.

“ദുബായി ഇന്‍റര്‍നെറ്റ് സിറ്റിയിലും യുഎഇ ഹയര്‍ കോളെജ് ഓഫ് ടെക്നോളജിയിലും ഐടി സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു. അതൊക്കെ അവസാനിപ്പിച്ചാണ് 2008-ല്‍ നാട്ടിലേക്ക് മടങ്ങിയത്,” വില്യംസ് ആ യാത്രകള്‍ വിവരിക്കുന്നു.

ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുക്കുന്നേല്‍ മെമ്മൊറിയല്‍ കര്‍ഷക അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന്

അച്ഛന്‍ മത്തായി കര്‍ഷകനായിരുന്നു . അദ്ദേഹം ഇന്നില്ലെങ്കിലും ചാച്ചന്‍ നല്‍കിയ ഊര്‍ജമാണ് ഇങ്ങനയൊരു ഫലവൃക്ഷക്കാട് ഒരുക്കാന്‍ പ്രേരണയായത്. അമ്മയുടെ പേര് ചിന്നമ്മ. ഗള്‍ഫില്‍ നിന്നെത്തിയ ശേഷം ആരംഭിച്ച എംഐസിടിഇയുടെ തിരക്കുകള്‍ക്കിടയിലാണ് കൃഷിയും.


ഇതുകൂടി വായിക്കാം:ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്


ഭാര്യ സീന. എംഐസിടി അക്കാഡമി ഡയറക്റ്ററാണ്. രണ്ട് മക്കളുണ്ട് ഒമ്പതാം ക്ലാസുകാരന്‍ ജോയലും എട്ടാം ക്ലാസുകാരന്‍ ജോഷ്‍വയും. “മക്കള്‍ക്ക് ഇതിനോടൊക്കെ ഇഷ്ടമുണ്ട്. രണ്ടാളും ഞങ്ങളെക്കാളും വലിയ കര്‍ഷകരാണ്. അവര്‍ക്ക് സാധിക്കുന്നതില്‍ അപ്പുറം അവര്‍ ചെയ്യുന്നുണ്ട്,” വില്യംസ് മാത്യൂവിന് പൂര്‍ണ സംതൃപ്തി. .

ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുക്കുന്നേല്‍ മെമ്മൊറിയല്‍ കര്‍ഷക അവാര്‍ഡും കേരള അഗ്രികള്‍ച്ചര്‍ യൂനിവേഴ്സിറ്റി പൂപ്പൊലി അവാര്‍ഡും ഹരിത വിദ്യ അവാര്‍ഡും വില്യംസിന് കിട്ടിയിട്ടുണ്ട്.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: വില്യംസ് മാത്യൂസ് / ഇന്‍ഫാം നഴ്സറി വെസ്റ്റേണ്‍ ഘാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍.

ഫോണ്‍: 082814 00600 (വിലാസം: കപ്പാട്ടുമല, ശാന്തിനഗര്‍ പോസ്റ്റ്, ഓമശ്ശേരി, കോഴിക്കോട്.)

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം