ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ

“ഇതുകണ്ട് ഞാനാകെ തകര്‍ന്നുപോയി. കുറ്റബോധം തോന്നി. അതോടു കൂടി വീട്ടിലെ ആഘോഷങ്ങളൊക്കെ ഒഴിവാക്കി.”

ന്നും രാത്രി ആലുവാക്കാരന്‍ കോട്ടയ്കകത്ത് അലിയാര്‍ സിദ്ദീഖ് വീട്ടില്‍ നിന്നിറങ്ങും. ഒരു കൈയ്യില്‍ പത്തുവയസ്സുകാരി മകളുടെ കൈ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈയിലൊരു പെട്രോമാക്സുമുണ്ടാകും.

പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി കമ്പനിപ്പടിയിലൂടെ നടക്കും. ആ യാത്രയില്‍ വഴിയോരങ്ങളില്‍ അലയുന്നവരെയും മാനസികപ്രശ്നങ്ങളുള്ളവരെയുമൊക്കെ വീട്ടിലേക്ക്  കൂട്ടിക്കൊണ്ടുവരും.

അവര്‍ക്കുള്ള കഞ്ഞി ആ വീട്ടില്‍ റെഡിയായിരിക്കും. 35 വര്‍ഷക്കാലം തെരുവില്‍ അലയുന്നവരുടെ വിശപ്പകറ്റിയ മനുഷ്യനാണ് സിദ്ദീഖ്.

ആ രാത്രികളില്‍ വാപ്പച്ചിയുടെ കൈകളില്‍ത്തൂങ്ങി വിശന്ന വയറോടെ തെരുവിലുറങ്ങുന്നവരെ തേടിയിറങ്ങിയ ആ മകളിന്ന് പിതാവിന്‍റെ വഴിയിലൂടെ തന്നെയാണ് നടക്കുന്നത്.


വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com

സിദ്ധീഖിന്‍റെ ഏഴു മക്കളില്‍ നാലാമത്തെ പെണ്‍കുട്ടി മുനീറ. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വാപ്പച്ചിയെ പോലെ വിശക്കുന്നവര്‍ക്ക് അന്നം നല്‍കുകയാണ് ഈ മകളും.

മുനീറയുടെ അച്ഛന്‍ സിദ്ധീഖ്

തെരുവില്‍ അലയുന്നവര്‍ക്ക് പൊതിച്ചോറു മാത്രമല്ല വസ്ത്രങ്ങളും മരുന്നുമൊക്കെ വിതരണം ചെയ്യുന്നുണ്ട്. ചോറും മീന്‍കറിയും സമ്പാറും തോരനുമൊക്കെയുള്ള പൊതിച്ചോറ്.

ചില ദിവസങ്ങളില്‍ ആ പൊതിയ്ക്കുള്ളില്‍ നെയ്ച്ചോറും ഇറച്ചിയും ചിക്കന്‍ ഫ്രൈയും ഉണക്ക മീന്‍ വറുത്തതുമൊക്കെയുണ്ടാകും.

“വാപ്പച്ചിയെ കണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്‍കണമെന്നു തോന്നിയിരുന്നു. പക്ഷേ അതൊരു ജീവിതവ്രതമാക്കിയതിന് പിന്നിലൊരു പിറന്നാള്‍ ആഘോഷത്തിന്‍റെ കഥയുണ്ട്,” മുനീറ ഷെമീര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ കഥ  പങ്കുവയ്ക്കുന്നു.

ഭക്ഷണവിതരണ ശേഷം മുനീറ വര്‍ത്തമാനത്തിലാണ്

“വാപ്പച്ചിയാണ് ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കുന്നത്. അദ്ദേഹം ഇന്നില്ല. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് മരിക്കുന്നത്. …


വാപ്പച്ചി തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ വീട്ടില്‍ വിളിച്ചു കൊണ്ടുവന്നു വീടിനകത്ത് തന്നെ ഇരുത്തിയാണ് ഭക്ഷണം കൊടുക്കുന്നത്. അതു കണ്ടു വളര്‍ന്നവരാണ് ഞങ്ങള്‍.


“ഉമ്മച്ചി നെല്ല് കൊയ്യാനൊക്കെ പോകുമായിരുന്നു. അന്നാളില്‍ വീട്ടില്‍ കഷ്ടപ്പാടൊക്കെയുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ മാത്രമേ വീട്ടില്‍ അധികം കഷ്ടപ്പെടാതെ ജീവിച്ചത്. ഇത്താത്തമാരെല്ലാം കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.

ഭക്ഷണവിതരണത്തിനിടെ മുനീറ

“ഉമ്മച്ചി കൊയ്യാന്‍ പോയി കൊണ്ടുവരുന്ന നെല്ല് കുത്തി രാത്രിയില്‍ കഞ്ഞിയുണ്ടാക്കും. ഒരു വലിയ കലത്തിലാണ് കഞ്ഞി വേവിക്കുന്നത്. ഉമ്മച്ചി കഞ്ഞി വേവിക്കുമ്പോള്‍ വാപ്പച്ചി പുറത്തേക്കിറങ്ങും, കൂടെ ഞാനും.

“വാപ്പച്ചിയുടെ കൈയിലൊരു പെട്രൊമാക്സുമുണ്ടാകും. തെരുവില്‍ അലയുന്ന ആരോരുമില്ലാത്തവരെയും മാനസികപ്രശ്നങ്ങളുള്ളവരെയുമൊക്കെ വിളിച്ച് വീട്ടില്‍ കൊണ്ടുവരും. വീട്ടിലുണ്ടാക്കിയ കഞ്ഞി അവര്‍ക്ക് നല്‍കും.

“ഭക്ഷണമൊക്കെ കഴിച്ച ശേഷം അവരെ തിരിച്ച് കൊണ്ടാക്കുകയും ചെയ്യും. അന്നെനിക്ക് പത്ത് വയസുണ്ടാകും. ഇതൊക്കെ കണ്ടുവളര്‍ന്നതു കൊണ്ടാകും ഞാനും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങി,” മുനീറ പറയുന്നു.

മുനീറ ഭക്ഷണവിതരണം പതിവാക്കിയിട്ടിപ്പോള്‍ ഒമ്പത് വര്‍ഷമാകുന്നേയുള്ളൂ. അതിനൊരു കാരണമുണ്ട്.

“എനിക്ക് രണ്ട് മക്കളാണ്. ഒമ്പതാം ക്ലാസുകാരന്‍ അമര്‍ഷായും നാലാം ക്ലാസുകാരി അമന്നയും. കുറേ വര്‍ഷം മുന്‍പ്, അമര്‍ഷായുടെ പിറന്നാള്‍ ഞങ്ങളത് ഗംഭീരമായി ആഘോഷിച്ചു. അന്നു ഭര്‍ത്താവിന് നല്ല ജോലിയൊക്കെയാണ്. ഗള്‍ഫിലാണ് അദ്ദേഹം.

“ഇബ്രാഹിം ഷെമീര്‍ എന്നാണ് ഭര്‍ത്താവിന്‍റെ പേര്, ഇന്നത്തെ പോലെയല്ല. അന്നൊക്കെ സാമ്പത്തികമായി നല്ല നിലയിലായിരുന്നു. ചിക്കന്‍ ബിരിയാണിയൊക്കെ വച്ചു. ആഘോഷമൊക്കെ കഴിഞ്ഞപ്പോ ബാക്കിവന്നതും വേസ്റ്റുമൊക്കെ കൂടി പറമ്പിലൊരിടത്തു കൊണ്ടിട്ടു.

“അതു കഴിക്കാനെത്തിയ നായകള്‍ക്കൊപ്പം ഒരു മനുഷ്യനെയും കണ്ടു.


ഞാന്‍ കളഞ്ഞ ബിരിയാണിയ്ക്ക് തെരുവുനായക്കൊപ്പം ആ മനുഷ്യനും കടിപിടി കൂടുന്നു.


“ഇതുകണ്ട് ഞാനാകെ തകര്‍ന്നുപോയി. കുറ്റബോധം തോന്നി. അതോടു കൂടി വീട്ടിലെ ആഘോഷങ്ങളൊക്കെ ഒഴിവാക്കി. വിശേഷദിവസങ്ങളില്‍ ഭക്ഷണം കൂടുതലുണ്ടാക്കും. അതു പൊതികളിലാക്കി തെരുവിലുള്ളവര്‍ക്കായി വിതരണം ചെയ്തു തുടങ്ങി,” മുനീറ പറയുന്നു.

വിതരണത്തിന് ഒരുക്കിയിരിക്കുന്ന പൊതിച്ചോറുകള്‍

“പിന്നീട് എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഏതാണ്ട് നാലു മാസം മുന്‍പ് വരെ എല്ലാ ദിവസവും പൊതിച്ചോറ് വിതരണം ചെയ്യുമായിരുന്നു,” പൊതിച്ചോറ് വിതരണത്തിന് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് 39-കാരിയായ മുനീറ.

“ഇപ്പോഴെനിക്ക് അതിനു സാധിക്കുന്നില്ല. സാമ്പത്തിക നില വളരെ മോശമാണ്. പക്ഷേ അതുമാത്രമല്ല ആരോഗ്യവും ഇപ്പോ പ്രശ്നമായിരിക്കുകയാണ്. ആരില്‍ നിന്നും സംഭാവനകളൊന്നും സ്വീകരിക്കാറില്ല. കഷ്ടപ്പാടൊക്കെയുണ്ടെങ്കിലും സാമ്പത്തിക സഹായങ്ങളൊന്നും ഇതുവരെയും ആരില്‍ നിന്നും സ്വീകരിച്ചിട്ടില്ല.

“ഇടപ്പള്ളിയിലെ കെയര്‍ ആന്‍ഡ് ഷെയര്‍ എന്നൊരു ഗ്രൂപ്പുണ്ട്. അതിലെ റഫീഖ് മരയ്ക്കാര്‍, ആലുവയിലുള്ളൊരു എം.എച്ച് ഹാരീഷ് ഇവരൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. അരിയും സാധനങ്ങളുമൊക്കെയാണ് ഇവരൊക്കെ നല്‍കുന്നത്.

“സാമ്പത്തികം മാത്രമല്ല ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞല്ലോ.. ഹാര്‍ട്ടിന് ചില പ്രശ്നങ്ങളുണ്ട്. പിന്നെ പ്രഷറും ഷുഗറും കൂടുതലാണ്,” എങ്കിലും ആളുകള്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തില്‍ അധികപങ്കും ഇപ്പോഴും മുനീറ തന്നെയാണ് ഉണ്ടാക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിനിടയിലെ കേക്ക് വിതരണം

വീട്ടില്‍ അവര്‍ കഴിക്കുന്ന അതേ ആഹാരമാണ് മുനീറ വഴിയില്‍ അലയുന്നവര്‍ക്കും നല്‍കുന്നത്. ദിവസവും 80-ലധികം പൊതിച്ചോറെങ്കിലും തയ്യാറാക്കും. അസുഖങ്ങളൊക്കെ വന്നതോടെ ഇത്രയും ഭക്ഷണം പാകം ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടായി. .

“ഭക്ഷണമുണ്ടാക്കുന്നത് മാത്രമല്ല പച്ചക്കറിയും മീനും അരിയും സാധാനങ്ങളുമൊക്കെ വാങ്ങാന്‍ പോകുന്നതും ഞാന്‍ തന്നെയാണ്. വെളുപ്പിന് നാലു മണിക്ക് ഉണര്‍ന്ന് പണിയൊക്കെ തുടങ്ങും. വേറെ ആരും സഹായിക്കാനൊന്നുമില്ല.

“പ്രഷറും ഷുഗറുമൊക്കെ കാരണം ചിലപ്പോ തല കറങ്ങി വീഴും. ഉറക്കവും കുറവാണ്. അങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളൊക്കെ കാരണം ഭക്ഷണം വിതരണം ചെയ്യുന്നത് കുറഞ്ഞു. എല്ലാ ദിവസവും നല്‍കിയിരുന്നത് അവസാനിപ്പിച്ചു,” മുനീറ തുടരുന്നു.


ഇതുകൂടി വായിക്കാം:കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ


ആ നല്ല പ്രവൃത്തി നിര്‍ത്തരുതെന്നും പലരും അതിനായി കാത്തിരിക്കുന്നുണ്ടെന്നൊക്കെ ഒരുപാട് പേര്‍ മുനീറയോട് പറഞ്ഞു. അങ്ങനെ വീണ്ടും വിതരണം ചെയ്തു തുടങ്ങി.

വീട്ടില്‍ പാചകം ചെയ്യാതെ, മറ്റുള്ളവര്‍ നല്‍കുന്ന പൊതിച്ചോറുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണിപ്പോള്‍ മുനീറ. “ഇന്‍ഷാ അള്ളാ.. അതു തുടരും. ഏതാനും നാളുകളായി പലരും നല്‍കുന്ന ഭക്ഷണപ്പൊതികളാണിപ്പോള്‍ വഴിയോരത്തു അലയുന്നവര്‍ക്ക് നല്‍കുന്നത്,” എന്ന് മുനീറ.

മുനീറയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ചില സ്കൂള്‍ കുട്ടികളും പിന്തുണയറിയിച്ചുകൊണ്ടെത്തി. വെള്ളിയാഴ്ചകളില്‍ ആലുവ എടത്തല അല്‍ അമീന്‍ ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്കൂളിലെ കുട്ടികള്‍ മുനീറയ്ക്ക് പൊതിച്ചോറു നല്‍കാന്‍ തുടങ്ങി. നൂറിനു മുകളില്‍ ഭക്ഷണപ്പൊതികള്‍ സ്കൂളില്‍ നിന്നു കിട്ടാറുണ്ട് എന്ന് മുനീറ.

“ചൊവ്വയും ബുധനും തായിക്കാട്ടുകര ദാറുസ്സലാം ജംക്ഷനില്‍ താമസിക്കുന്ന രണ്ടു സ്ത്രീകളും പൊതിച്ചോറു നല്‍കും. കുറച്ചു നാളായി അങ്ങനെയാണിപ്പോള്‍ ഭക്ഷണ വിതരണമൊക്കെ നടന്നു പോകുന്നത്.

മുനീറയുടെ മകന്‍ അമര്‍ഷാ ഭക്ഷണം നല്‍കുന്നു

“അസുഖമൊക്കെയുണ്ടേലും വിശേഷ ദിവസങ്ങളൊക്കെ വരുമ്പോ ഭക്ഷണമുണ്ടാക്കി നല്‍കാറുണ്ട്. അതിപ്പോ ക്രിസ്മസ്, ഈസ്റ്റര്‍, ഓണം, വിഷു, പെരുന്നാള്‍ എന്തായാലും വീട്ടില്‍ തന്നെ ഞാന്‍ ഭക്ഷണമുണ്ടാക്കും.

“വിശേഷദിവസങ്ങളില്‍ സാധാരണ വീടുകളിലൊക്കെ ബിരിയാണിയും സദ്യയുമൊക്കെ ഉണ്ടാക്കി ആഘോഷിക്കില്ലേ… അതുപോലെ തന്നെയാണ് ഞാനും ആഘോഷിക്കുന്നത്.” അന്നുണ്ടാക്കുന്ന ഭക്ഷണം ആലുവ ടൗണില്‍ ഏതെങ്കിലും ഭാഗത്ത് വിതരണം ചെയ്യുകയാണ് പതിവെന്നും മുനീറ കൂട്ടിച്ചേര്‍ത്തു.

“വിശേഷ ദിവസങ്ങളില്‍ നെയ്ച്ചോറും ഇറച്ചിക്കറിയുമാണുണ്ടാക്കി കൊടുക്കുന്നത്. സാധാരണ ദിവസങ്ങളില്‍ സാദാ ചോറും മീന്‍ കറിയോ സമ്പാറോ ഉണ്ടാകും. അതിനൊപ്പം തോരന്‍, അച്ചാര്‍, പപ്പടം ഇതൊക്കെയുണ്ടാകും.

തെരുവില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നതിനിടെ മുനീറയുടെ മക്കള്‍

“നമ്മളെ കൊണ്ട് സാധിക്കുന്ന പോലെ കൊടുക്കും. സാധാരണ ഹോട്ടലുകളില്‍ കിട്ടുന്ന ഫൂഡ് പോലെയല്ല, വീട്ടില്‍ ഉണ്ടാക്കി നല്‍കുന്നതല്ലേ.


ചില ദിവസം ഉണക്കമീന്‍ വറുത്തതുണ്ടാകും, ചിലപ്പോ മീന്‍ പൊരിച്ചതോ ചിക്കന്‍ ഫ്രൈയോ നല്‍കും. അവര്‍ക്കും ഇതൊക്കെ കഴിക്കണമെന്നുണ്ടാകില്ലേ.


“കഴിഞ്ഞ അഞ്ചു വര്‍ഷമായി അല്‍ അമീന്‍ സ്കൂളില്‍ നിന്നു കുട്ടികള്‍ പൊതിച്ചോറ് നല്‍കുന്നുണ്ട്. ഇതുമാത്രമല്ല സ്കൂള്‍ മാനെജ്മെന്‍റും അധ്യാപകരുമൊക്കെ പിന്തണയ്ക്കുന്നുണ്ട്. ഭക്ഷണപ്പൊതികള്‍ ശേഖരിക്കാനും മറ്റും സ്കൂളുകാരും കുട്ടികളുമൊക്കെ സഹായിക്കാറുമുണ്ട്.

ഭക്ഷണപ്പൊതികളുമായി അല്‍ അമീന്‍ സ്കൂളിലെ കുട്ടികള്‍

കുട്ടികളിലും മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. എന്നെ കണ്ടാല്‍ അവര് ചോദിക്കും.. ആന്‍റി ഇന്ന് ഫൂഡ് കൊടുക്കാന്‍ പോയില്ലേന്ന്. ഇതു കേള്‍ക്കുന്നത് എനിക്കും സന്തോഷമാണ്.

“ഇടയ്ക്കൊക്കെ സ്കൂളിലെ കുട്ടികളുമായി ഭക്ഷണ വിതരണത്തിനും പോകാറുണ്ട്. സ്കൂളിലെ വണ്ടിയില്‍ കുട്ടികളുമായി പോകും. തെരുവിലൊക്കെ അലയുന്നവര്‍ക്ക് നേരിട്ട് ഭക്ഷണപ്പൊതി നല്‍കുമ്പോള്‍‍ അവര്‍ക്ക് സന്തോഷം മാത്രമല്ല. അത്തരക്കാരോടുള്ള മനോഭാവത്തിലും മാറ്റും വരുകയല്ലേ.

“ആരെയും അകറ്റി നിറുത്തി സംസാരിക്കില്ല… ചേര്‍ത്തുനിറുത്തിയാണ് അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും വര്‍ത്തമാനം പറയുന്നതും. ഇതൊക്കെ കുട്ടികള്‍ കാണുകയല്ലേ.” അവരിലും മാറ്റങ്ങള്‍ വരുത്തുമെന്നു മനസിലായെന്നു മുനീറ.

പാചകത്തിനുള്ള സാധനങ്ങളുമായി മുനീറ

ആദ്യമൊക്കെ രാത്രി ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്. പിന്നീടാണ് ഉച്ചഭക്ഷണമാക്കിയത്. “ഒന്നുരണ്ടു പേരുടെ അഭിപ്രായങ്ങളാണ് എന്നെ മാറി ചിന്തിപ്പിച്ചത്.

രാത്രി വിശപ്പ് സഹിച്ചാണെങ്കില്‍ പോലും അവര് ഉറങ്ങിപ്പോയ്ക്കോളൂം. പക്ഷേ പകല്‍ വയറിന് എരിച്ചില്‍ കൂടുതലായിരിക്കും. നല്ല വിശപ്പായിരിക്കുമെന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ശരിയാണല്ലോ എന്നു എനിക്കും തോന്നി. അങ്ങനെയാണ് പൊതിച്ചോറുകള്‍ പകല്‍ നേരങ്ങളില്‍ വിതരണം ചെയ്തു തുടങ്ങുന്നത്.

“ഭക്ഷണം മാത്രമല്ല വസ്ത്രങ്ങളും മരുന്നും സോപ്പുമൊക്കെ തെരുവിലുള്ളവര്‍ക്കായി നല്‍കാറുണ്ട്. പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യാറുണ്ട്. അത്യാവശ്യം ചില മരുന്നുകളും ആളുകള്‍ക്ക് എത്തിച്ചു നല്‍കാറുണ്ട്.

“മഴ സീസണ്‍ ആയപ്പോഴേക്കും പലര്‍ക്കും വസ്ത്രങ്ങളൊക്കെ നല്‍കിയിരുന്നു. മുണ്ടും ഷര്‍ട്ടും തോര്‍ത്തും സോപ്പുമൊക്കെയാണ് കൊടുത്തത്. ഇനിയിപ്പോ തണുപ്പ് കാലം വരികയല്ലേ.

“പുതപ്പുകള്‍ ശേഖരിക്കേണ്ട സമയമായി. വസ്ത്രങ്ങളും പുതപ്പുമൊക്കെ നല്‍കാന്‍ താത്പ്പര്യമുള്ളവര്‍ കുറേയുണ്ട്. അവരില്‍ നിന്നൊക്കെ ശേഖരിച്ചാണ് ഇതൊക്കെ വിതരണം ചെയ്യുന്നത്.

അല്‍ അമീന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി ഭക്ഷണ വിതരണത്തിന് പോകുന്നു

“ഭക്ഷണം വിതരണത്തിലും വസ്ത്രവിതരണത്തിനുമൊക്കെ പോകുമ്പോള്‍ എപ്പോഴുമെന്‍റെ കൂടെ മക്കളുണ്ടാകും. പിന്നെ ചെറിയൊരു ബിസിനസ് ചെയ്യുന്നുണ്ട്. അതിന്‍റെ പാര്‍ട്ണര്‍ ഒരാളുണ്ട് അബു താഹിര്‍.

“അദ്ദേഹവും ഇതിനൊക്കെ സഹായവുമായി ഒപ്പമുണ്ട്. മക്കളും അബു താഹിറും കൂടിയാണ് രാത്രിയിലൊക്കെ ഭക്ഷണവും വസ്ത്രങ്ങളും നല്‍കാന്‍ പോകുന്നത്.

“നേരത്തെ സാമ്പത്തിക പ്രശ്നമൊന്നും ഇല്ലായിരുന്നു. ഭക്ഷണവസ്ത്ര വിതരണവുമൊക്കെയായി നന്നായി പോകുകയായിരുന്നു. അപ്പോഴാണ് സൗദിയില്‍ ചില പ്രശ്നങ്ങളൊക്കെയുണ്ടാക്കുന്നത്. അതോടെ സാമ്പത്തിക പ്രശ്നങ്ങളൊക്കെയായി.

“സ്വന്തം വീട് വില്‍ക്കേണ്ടി വന്നു. ഇപ്പോ കൊടിക്കുത്തുമലയില്‍ തന്നെ വാടകയ്ക്കാണ് താമസിക്കുന്നത്. സാമ്പത്തിക പരാധീനതകളൊക്കെ വന്നതോടെ ഞാനും കൂടി എന്തെങ്കിലും ജോലി ചെയ്താലേ മതിയാകൂവെന്നു തിരിച്ചറിഞ്ഞു.

ആരോഗ്യപ്രശ്നവും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെയാണ് പൊതിച്ചോറു വിതരണത്തെയും ബാധിച്ചത്.

“അധികം താമസിക്കാതെ ഈ അവസ്ഥയൊക്കെ മാറുമെന്ന പ്രതീക്ഷയിലാണ്. പഴയപോലെ ഇതൊക്കെ ചെയ്യാനാകുമെന്നാണ് കരുതുന്നത്. അന്നേരം ഒരാളെ സഹായത്തിന് നിറുത്താമെന്നൊക്കെയാണ് കരുതുന്നത്.

“ഞ‌ാന്‍ സഹായിച്ചിരുന്ന കുറച്ചു കുടുംബങ്ങളുണ്ട്.. അതാണെന്‍റെ വലിയ സങ്കടം. സാമ്പത്തിക പ്രശ്നങ്ങളനൊക്കെ വന്നതോടെ അവരെ സഹായിക്കാന്‍ പറ്റുന്നില്ല. തെരുവില്‍ കഴിയുന്നവര്‍ക്ക് ഞാന്‍ ഭക്ഷണമോ വസ്ത്രമോ നല്‍കിയില്ലെങ്കിലും സാരമില്ല. മറ്റുപലരും അവരെ സഹായിക്കാനുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളുടെ കാര്യം ഓര്‍ക്കുന്നത് തന്നെ സങ്കടമാണ്.

“കഴിഞ്ഞ ദിവസമാണ് അവരുടെയൊക്കെ അവസ്ഥ വളരെ മോശമാണെന്നു അറിയുന്നത്. അതിപ്പോഴും വലിയ വേദനയായി എന്‍റെ മനസിലുണ്ട്. ഇവിടെ ആലുവയില്‍ തന്നെയുള്ള കുടുംബങ്ങളാണിതൊക്കെയും.


അവര്‍ക്കൊക്കെ ഒരു മാസത്തേക്ക് ആവശ്യമുള്ള വീട്ടുസാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിച്ചിരുന്നു. നാലു മാസം മുന്‍പ് വരെയും. ഇപ്പോ അതിന് എനിക്കാകുന്നില്ല.


“അവരെയൊക്കെ ആരെങ്കിലും സഹായിച്ചിരുന്നുവെങ്കില്‍ എന്നു തോന്നാറുണ്ട്.. കാശൊന്നും വേണ്ട. അവര്‍ക്കുള്ള നിത്യോപയോഗസാധനങ്ങളെത്തിച്ചാല്‍ മതി.” അവരെക്കുറിച്ചോര്‍ക്കുമ്പോഴാണ് ഇപ്പോള്‍ വലിയ സങ്കടമെന്നു മുനീറ പറ‍ഞ്ഞു.

മഹാത്മഗാന്ധി ധര്‍മ്മസേവ സമിതിയുടെ ജീവകാരുണ്യ സേവന പുരസ്കാരം മുന്‍ എംഎല്‍എ എ.എം.യുസഫില്‍ നിന്നു സ്വീകരിക്കുന്നു

ഭര്‍ത്താവും വീട്ടുകാരും നാട്ടുകാരുമൊക്കെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ തുടക്കത്തില്‍ ഒരുപാട് പേര്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നു മുനീറ.

“തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം കൊടുക്കണ്ട. അവരൊക്കെ മദ്യപിച്ച് നടക്കുന്നവരാണെന്നൊക്കെ പറയുന്നവരുണ്ട്. മദ്യം ഒരിക്കലും വിശപ്പകറ്റാനുള്ളതല്ലല്ലോ. പിന്നെ വിശക്കുന്നവരെ കണ്ടാല്‍ നമുക്ക് മനസിലാകും. വിശന്നാല്‍ ഭക്ഷണം ചോദിച്ച് വാങ്ങാന്‍ മടിക്കുന്നവരും ഈ തെരുവിലുണ്ട്.

അമന്നയ്ക്കും അമര്‍ഷായ്ക്കുമൊപ്പം മുനീറ

“മോനും മോള്‍ക്കും ഇതൊക്കെ ഇഷ്ടമാണ്. ഭക്ഷണമൊക്കെ പാചകം ചെയ്ത് പൊതിഞ്ഞെടുക്കാന്‍ വൈകിയാല്‍ ഇവര്‍ക്കാണ് വെപ്രാളം. ഫുള്‍ സപ്പോര്‍ട്ടാണ് ഇവര്‍. ഇത്രയും സപ്പോര്‍ട്ടീവായ മക്കളെ കിട്ടിയതാണെന്‍റെ ഭാഗ്യം.

“ഞാനിങ്ങനെയൊക്കെ ചെയ്യുന്നത് കണ്ട് അവരെന്നോട് ചോദിച്ചിട്ടുണ്ട്.. ഉമ്മച്ചിക്ക് ഇതൊക്കെ ചെയ്യാനുള്ള മോട്ടിവേഷന്‍ എന്താണെന്ന്. ഞാന്‍റെ വാപ്പച്ചിയുടെ കാര്യമൊക്കെ അവരോട് പറയും.

“വാപ്പച്ചിയെ കണ്ടിട്ടു പോലുമില്ലാത്ത കുട്ടികള്‍ക്ക് വാപ്പച്ചിയോട് വലിയ സ്നേഹമാണ്. പണ്ട് വാപ്പച്ചിയുടെ കൈ പിടിച്ച് ഞാന്‍ നടന്ന പോലെ മോള് ഇന്നു എന്‍റെ കൂടെ വരാറുണ്ട്.

ഭര്‍ത്താവ് ഷമീറിനൊപ്പം മുനീറ

“സ്ഥലത്തില്ലെങ്കിലും ഭര്‍ത്താവിനും ഞാനിങ്ങനെയൊക്കെ ചെയ്യുന്നത് ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ പിന്തുണയുമുണ്ട്. സാമ്പത്തികമായി നല്ല നിലയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹമെനിക്ക് മാസം ഒരു തുക നല്‍കും.

“ഭക്ഷണമുണ്ടാക്കി നല്‍കാനും മറ്റും. ഇപ്പോ അതൊക്കെ മുടങ്ങി, ഇപ്പോ പുള്ളിക്കാരന് അതൊക്കെ തരാന്‍ പറ്റിയ അവസ്ഥയല്ല. നാട്ടില്‍ വന്നു ബിസിനസ് തുടങ്ങിയെങ്കിലും ഒന്നും ശരിയായില്ല.


ഇതുകൂടി വായിക്കാം:തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


“അങ്ങനെ വീണ്ടും ഗള്‍ഫിലേക്ക് പോയി. രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് വരും. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍. ചെറിയൊരു ബിസിനസുണ്ട്.. റിയല്‍ എസ്റ്റേറ്റും ഹോസ്പിറ്റാലിറ്റിയുമൊക്കെയായി. ഫ്ലാറ്റുകളിലൊക്കെ ക്ലീനിങ്ങിനും മറ്റും ആള്‍ക്കാരെ ഏര്‍പ്പാടു ചെയ്തു കൊടുക്കും.

“ക്ലീനിങ് ജോലികള്‍ക്കൊക്കെ നാലു ഇതരസംസ്ഥാന തൊഴിലാളികള്‍ നമുക്കുണ്ട്.”

മുനീറയുടെ പ്രവര്‍ത്തനങ്ങളെ മഹാത്മഗാന്ധി ധര്‍മ്മസേവ സമിതി ജീവകാരുണ്യ സേവന പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം