ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി കൊടുങ്ങല്ലൂര്‍ക്കാരനായ പ്രഭാതകുസുമന്‍ ബാങ്കില്‍ ജോലിക്ക് കയറിയിട്ട്. ഇപ്പോള്‍ മൈസൂരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ഓഡിറ്ററാണ്.
ബാങ്കിലാണ് ജോലിയെങ്കിലും കൃഷിയിലാണ് കമ്പം. ഇനിയിപ്പോള്‍ ജോലിയില്‍ നിന്ന് വൊളന്‍ററി റിട്ടയര്‍മെന്‍റ് വാങ്ങാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. കൃഷിക്കാര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണം…അതാണ് ഉദ്ദേശ്യം.
കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യസേവനങ്ങള്‍ നല്‍കണം… തീറ്റപ്പുഴുക്കളെ വളര്‍ത്തലിനെക്കുറിച്ച് അറിവുപകരുകയാണ് അതിലൊന്ന്. നിങ്ങള്‍ കേട്ടത് ശരിയാണ്, പുഴുക്കളെ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ കമ്പം.
വിഷമില്ലാത്ത ജൈവ ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കാം. സന്ദര്‍ശിക്കൂ karnival.com ന്‍റെ ഓണ്‍ലൈന്‍ ഓര്‍ഗാനിക് ഫുഡ് കൗണ്ടര്‍
മണികണ്ഠനീച്ചയുടെ പുഴുക്കള്‍ വളര്‍ത്തി കോഴിക്കൃഷിയിലും മീന്‍ വളര്‍ത്തലിലും ചെലവ് കുറയ്ക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ഈ ബാങ്കുദ്യോഗസ്ഥന്‍ തെളിയിക്കുന്നു. അതിനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുതരും.
“28 വര്‍ഷം മുന്‍പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ജോലി കിട്ടി നാട്ടില്‍ നിന്നു പോയതോടെയാണ് എന്‍റെ കൃഷിജീവിതം അവസാനിച്ചത്. പക്ഷേ കൃഷിയോടുള്ള ഇഷ്ടം ഇന്നും മനസിലുണ്ട്,” ഇപ്പോള്‍ മൈസൂരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഓഡിറ്റായ പ്രഭാതകുസുമന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
കൃഷി ഇഷ്ടമായതു കൊണ്ട് പുതിയ കൃഷിക്കാര്യങ്ങളും അറിവുകളുമൊക്കെ വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് അദ്ദേഹം. അങ്ങനെയാണ് കാലിഫോര്‍ണിയ യുനിവേഴ്സിറ്റിയുടെ ഒരു പഠനം വായിക്കുന്നത്.
“മണികണ്ഠനീച്ച (ബ്ലാക്ക് സോള്‍ജിയര്‍ ഫ്ലൈ) യുടെ ലാര്‍വയെ കോഴിത്തീറ്റയും മത്സ്യങ്ങള്‍ക്കുള്ള തീറ്റയുമാക്കി മാറ്റുന്നതിനെക്കുറിച്ചായിരുന്നു പഠനത്തില്‍. അതേക്കുറിച്ച് കുറേ അന്വേഷിച്ചൊക്കെ വന്നപ്പോള്‍ സംഭവം ചെയ്തു നോക്കാമെന്നായി.
“ജൈവമാലിന്യം ലാര്‍വയുടെ ഭക്ഷണമാക്കാമെന്നും കോഴിത്തീറ്റയില്‍ ഈ ലാര്‍വ കൂടി ചേര്‍ത്തു നല്‍കാമെന്നും മനസിലായി. പ്രോട്ടീന്‍ സമ്പുഷ്ടമാണിത്. കോഴികള്‍ക്ക് പ്രോട്ടീന്‍ ഭക്ഷണം വേറെ നല്‍കേണ്ട കാര്യവുമില്ല,” അങ്ങനെയാണ് കോഴി കര്‍ഷകര്‍ “പുഴു കൃഷി” കൂടി നോക്കിയാല്‍ തീറ്റച്ചെലവ് കുറയ്ക്കാമെന്ന് അദ്ദേഹത്തിന് തോന്നുന്നതും അത് പരീക്ഷിക്കുന്നതും.
“ഈച്ചകളെ ആകര്‍ഷിക്കാനും അവയ്ക്കു മുട്ടയിടാനും ലാര്‍വയെ ശേഖരിക്കാനുള്ള സംവിധാനമൊക്കെ ഒരുക്കി. വിരിഞ്ഞെത്തുന്ന ലാര്‍വകള്‍ കോഴികള്‍ക്ക് ഭക്ഷണമായും നല്‍കി.
വിദേശത്തൊക്കെ ഈ ലാര്‍വയെ ഉണക്കിയെടുത്ത് പാക്കറ്റുകളിലാക്കി കോഴിത്തീറ്റയും മത്സ്യത്തീറ്റയുമായി വില്‍ക്കുന്നുണ്ട്.
“പുഴുക്കള്‍ കൊണ്ടുള്ള ഈ തീറ്റ കോഴികളെക്കാള്‍ കൂടുതല്‍ പ്രയോജനപ്രദം മത്സ്യങ്ങള്‍ക്കാണ്,” അദ്ദേഹം പറയുന്നു.
പറമ്പില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികള്‍ പുഴുക്കളെയും മറ്റും കൊത്തിതിന്നുകൊള്ളൂം. ബ്ലാക് സോള്‍ജിയര്‍ ഫ്ലൈ മണ്ണില്‍ തന്നെ ധാരാളമുണ്ട്.
ചീര തുടങ്ങിയ സസ്യങ്ങളുടെ ഇലയൊക്കെ തിന്നുമ്പോള്‍ സ്വാഭാവികമായി കോഴികള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കും, അദ്ദേഹം കൂടുതല്‍ വ്യക്തമായി പറഞ്ഞുതന്നു.
“എന്നാല്‍ കൂട്ടില്‍ വളര്‍ത്തുന്നവയ്ക്ക് ബ്ലാക് സോള്‍ജിയര്‍ ഫ്ലൈയെ തീറ്റയാക്കി കൊടുക്കാവുന്നതാണ്. ഇതിന് പുറമെ മീന്‍ വളര്‍ത്തുന്നവര്‍ക്ക് ഇത് നല്ലതാണ്. മീന്‍ തീറ്റയ്ക്ക് ചെലവ് കൂടുതലാണ്. പുറമേ നിന്നു വാങ്ങിക്കൊടുക്കുന്ന മീന്‍ ഭക്ഷണത്തിനെക്കാള്‍ പ്രോട്ടീന്‍ ഇതിനുണ്ട്. മീനുകളില്‍ തന്നെ തിലാപ്പിയയ്ക്കാണ് ഇതു കൂടുതല്‍ ഗുണമാകുന്നത്,” പെട്ടെന്നു വളരുന്ന തിലാപ്പിയ പോലുള്ള മീനുകളെ വളര്‍ത്തുന്നവര്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രഭാതകുസുമന്‍ കണക്കുകൂട്ടുന്നത്.
നൂറും ഇരുന്നൂറും കോഴികളെ വളര്‍ത്തുന്നവര്‍ക്കും വലിയതോതില്‍ മീന്‍ വളര്‍ത്തുന്നവര്‍ക്കും ഇതുവഴി തീറ്റച്ചെലവില്‍ കുറഞ്ഞത് ഇരുപത് ശതമാനം തീറ്റ ലാഭിക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
“അടുക്കളമാലിന്യം ഉപയോഗിച്ചു തന്നെ തീറ്റപ്പുഴുക്കളെയുണ്ടാക്കിയെടുക്കാം, അതിനു വേണ്ടി ശ്രമിച്ചിരുന്നു. കുറച്ചുനാള്‍ മുന്‍പ് ഒരു ലോങ് ലീവെടുത്ത് നാട്ടില്‍ പോയിരുന്നു. അന്നാണ് കൊടുങ്ങല്ലൂരിലെ വീട്ടില്‍ തീറ്റപ്പുഴുക്കളെയുണ്ടാക്കിയത്,” അദ്ദേഹം പറഞ്ഞു. ഇതുവഴി അടുക്കളമാലിന്യം ഉപയോഗപ്രദമായ രീതിയില്‍ ഒഴിവാക്കുകയും ചെയ്യാം.
വലിയ പണച്ചെലവില്ലാതെ ആര്‍ക്കും ചെയ്യാവുന്ന അതിന്‍റെ രീതികള്‍ അദ്ദേഹം വിശദീകരിച്ചതിങ്ങനെ:
- 200 ലിറ്റര്‍ ടാങ്ക് (നീലനിറത്തിലുള്ള വീപ്പ ചെറിയ വിലക്ക് കിട്ടും) വാങ്ങുക. ഇതിന് 800 രൂപ ചെലവാകും.
- ഈ വീപ്പയ്ക്കുള്ളില്‍ അടുക്കളമാലിന്യങ്ങള്‍ നിക്ഷേപിക്കണം.
- അതില്‍ ഈച്ചകള്‍ വന്നു മുട്ടയിട്ടുണ്ടാകുന്ന പുഴുക്കളാണ് കോഴികള്‍ക്കും മീനിനുമൊക്കെ നല്‍കേണ്ടത്.
- തീറ്റയുടെ ക്വാളിറ്റി അനുസരിച്ചാണ് വീപ്പയിലെ പുഴുക്കളും വലുതാകുന്നത്.
- പ്രോട്ടീന്‍ കുറഞ്ഞ ചോറ് പോലുള്ള സാധനങ്ങളാണ് കൂടുതല്‍ വീപ്പയില്‍ ഇടുന്നതെങ്കില്‍ പുഴുക്കള്‍ക്ക് അത്ര വലിപ്പമുണ്ടാകില്ല.
- എന്നാല്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് ഇടുന്നതെങ്കില്‍ പുഴുക്കള്‍ നന്നായി വലുതാകും.
“നീല വീപ്പ കിടത്തിവയ്ക്കുക. രണ്ട് വശത്തുമായി നാലഞ്ച് ചെറിയ ഹോളുണ്ടാക്കുക. അതിലേക്ക് ഒരു ഇഞ്ചിന്‍റെ പിവിസി പൈപ്പ് കയറ്റി വയ്ക്കണം.
“ഭക്ഷണാവിശിഷ്ടങ്ങള്‍ ചീയുമ്പോഴുള്ള ദുര‍്ഗന്ധം കുറയ്ക്കാനാണ് ഈ പൈപ്പ് ഘടിപ്പിക്കുന്നത്. ദുര്‍ഗന്ധം ഈ പൈപ്പിലൂടെ മെല്ലെ പോയ്ക്കോളൂം. ഡ്രം പറമ്പിലാകുമല്ലോ വയ്ക്കുന്നത്. സ്ഥലപരിമിതുണ്ടെങ്കില്‍ വീടിനു മുകളില്‍ സ്ഥാപിക്കാവുന്നതാണ്. ഭക്ഷണാവിശിഷ്ടങ്ങളിലേക്ക് ഈച്ചകള്‍ വേഗത്തിലെത്തും,”
പുഴുക്കളെ വളര്‍ത്തിയെടുക്കുന്ന വിധം പ്രഭാതകുസുമന്‍ കൂടുതല്‍ വിശദമാക്കുന്നു:
- മാലിന്യം ഇടുമ്പോള്‍ വെള്ളം കൂടാതെ നോക്കണം. വെള്ളമുണ്ടെങ്കില്‍ അതൊക്കെയും ടാങ്കിന്‍റെ അടിയില്‍ പോയി കെട്ടിക്കിടക്കും. പുഴുക്കള്‍ ആ വെള്ളത്തില്‍ വീണാല്‍ ചത്തുപോകും.
- അവശിഷ്ടങ്ങളില്‍ നിന്നൂറി വരുന്ന വെള്ളം ഒഴുക്കി കളയാനുള്ള സൗകര്യവും തുടക്കത്തിലേ ചെയ്തു കൊടുക്കണം.
- ഡ്രം കിടത്തിവയ്ക്കുക. കല്ലിന്‍റെ മുകളിലോ മറ്റോ വേണം വെയ്ക്കാന്‍.
- ഭക്ഷണാവശിഷ്ടങ്ങളിലേക്ക് ഉറുമ്പ് കയറി പുഴുക്കളെ കൊല്ലാതിരിക്കാന്‍ ഈ കല്ലിനു ചുറ്റും ഉറുമ്പുപ്പൊടിയോ മണ്ണെണ്ണയോ വെള്ളമോ ഒഴിക്കുക.
- കിടത്തിവെച്ചിരിക്കുന്ന വീപ്പയുടെ താഴെയും ചെറിയൊരു ഹോളിട്ട് കൊടുത്ത് പൈപ്പ് ഘടിപ്പിക്കണം. വീപ്പയില്‍ വീഴുന്ന വെള്ളം (സ്ലറി) ഈ പൈപ്പിലൂടെ പുറത്തേക്ക് കളയാം. കളയണ്ട, ഇതു ശേഖരിച്ചാല്‍ നേര്‍പ്പിച്ചെടുത്ത് ചെടികള്‍ ഒഴിക്കാം.
- കരിങ്കല്‍ ചീളുകള്‍ വീപ്പയ്ക്കുള്ളില്‍ പരത്തി ഇട്ടു കൊടുക്കണം. അതിന് മുകളില്‍ ചകിരി ഇട്ടു കൊടുക്കണം. ഇതുവെള്ളം വലിച്ചോളൂം.
- വെള്ളം ഇതിലൂടെ ഊറി കരിങ്കല്‍ച്ചീളുകള്‍ക്കിടയിലൂടെ ഊറി പൈപ്പിലൂടെ താഴേക്ക് പോകും. വെള്ളം ഒട്ടും കെട്ടി നില്‍ക്കില്ല.
- ഭക്ഷണ വേസ്റ്റുകള്‍ ടാങ്കിനുള്ളില്‍ വിരിച്ചിടണം.
- ആറിഞ്ച് കനത്തില്‍ കൂടുതല്‍ വേസ്റ്റ് ഇടരുത്. ഇതില്‍ കാറ്റ് കടക്കുന്ന തരത്തിലായിരിക്കണം. ഭക്ഷണാവിശിഷ്ടങ്ങള്‍ വീണ്ടും ഇട്ടതിന് ശേഷം ചകിരി പാകുക.
- തേങ്ങയുടെ തൊണ്ടാണ് ഉപയോഗിക്കുന്നത്. മടലിന്‍റെ ചകിരി പുറത്തേക്ക് കാണുന്ന തരത്തിലാകണം വയ്ക്കേണ്ടത്.
- ഇടയ്ക്ക് മീന്‍കഴുകിയ വെള്ളമൊക്കെ ഇതിനു മുകളില്‍ തളിച്ചു കൊടുക്കാം, മീന്‍ കഴുകിയ വെള്ളമോ മീന്‍ വേസ്റ്റോ കാണുന്നതരത്തിലാകണം ചകിരിയ്ക്ക് മുകളിലിടേണ്ടത്. ഈച്ചകള്‍ വന്നിരിക്കാനാണിത്.
- ടാങ്കിനുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
- വെയില്‍ കൊണ്ടാല്‍ പുഴു വളരില്ല. അതുകൊണ്ട് ടാങ്കിന് മുകള്‍ ഭാഗം അടച്ചുവയ്ക്കണം. ചണംച്ചാക്കോ മറ്റോ ഉപയോഗിച്ചാകണം ടാങ്ക് മൂടി വയ്ക്കേണ്ടത്. വെളിച്ചം അകത്തുകടന്നാല്‍ പുഴുക്കള്‍ ആ വീപ്പയുടെ അകത്തേക്ക് പോയിക്കൊണ്ടേയിരിക്കും. അതുതടയാനാണിത്.
അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴിയാണെങ്കില്‍ പറമ്പില്‍ വച്ചിരിക്കുന്ന ഈ വീപ്പയ്ക്ക് സമീപത്ത് വന്ന് പുഴുക്കളെ കൊത്തിപ്പെറുക്കി തിന്നോളൂം. കൂട്ടിലുള്ളവയാണെങ്കില്‍ പുഴുക്കളെ എടുത്തു കൊടുക്കണം.
വീപ്പയ്ക്കുള്ളില്‍ ചെയ്തതു പോലെ ചെറിയ ബക്കറ്റില്‍ ചെയ്താല്‍ കോഴിക്കൂടിനുള്ളില്‍ തന്നെ വെച്ചു കൊടുക്കാം. വീപ്പയില്‍ ചെയ്ത പോലെ തന്നെ ബക്കറ്റില്‍ ചെയ്യാം. ബക്കറ്റിന് മുകളില്‍ ഒരു മരക്കഷ്ണമോ മറ്റോ വെച്ച ശേഷം അടപ്പ് വയ്ക്കുക. ആവശ്യമായ വായു അകത്തുകയറാനാണിത്. തണലില്‍ വേണം ഇതു വയ്ക്കാന്‍, പ്രഭാത കുസുമന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം: ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍
ബിസിനസ് ആയിട്ട് ഇതു ചെയ്യുന്നതിനെക്കുറിച്ച് ആരും പഠനമൊന്നും നടത്തിയിട്ടില്ല. കൂടുതല്‍ വീടുകളില്‍ ചെയ്യുന്നതാണ് ലാഭകരം. വീട്ടിലെ ഭക്ഷണാവിശിഷ്ടങ്ങളുപയോഗിച്ച് ചെയ്യുന്നതു കൊണ്ട് മലിനീകരണവുമുണ്ടാകുന്നില്ല, അദ്ദേഹം വിശദമാക്കുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുഴുക്കളെയുണ്ടാക്കാന്‍ കൂടുതല്‍ കാശും സാങ്കേതിക വിവരവും വേണ്ടിവരും. പക്ഷേ വലിയ തുക മുടക്കിലായും അതിനുള്ള ലാഭം കിട്ടിയെന്നു വരില്ല. കാരണം ഇന്ത്യയില്‍ ഇതിനുള്ള ടെക്നിക്കല്‍ വിദഗ്ധന്‍മാരില്ല, അദ്ദേഹം മുന്നറിയിപ്പുതരുന്നു.
“ഇതൊക്കെ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തൊക്കെയാണ് ഞാന്‍ പഠിച്ചെടുത്തത്. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ഇത്തരം കാര്യങ്ങളൊക്കെ കുറേയുണ്ടാകും,” ഇത്തരം കാര്യങ്ങളെക്കുറിച്ചും നമ്മുടെ നാടിന്‍റെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തില്‍ എങ്ങനെ ചെയ്യണമെന്നൊക്കെ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കാനും അദ്ദേഹം എപ്പോഴും റെഡി.
“ഇതിനൊന്നും കമ്മിഷന്‍ വാങ്ങാറില്ലാട്ടോ. ഇങ്ങനെ പറഞ്ഞു കൊടുക്കാനിഷ്ടമാണ്. പ്രത്യേകിച്ച് കൃഷിക്കാര്യങ്ങള്‍. ആ ഇഷ്ടമാണിപ്പോള്‍ പുതിയൊരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
“പ്രഷര്‍ പിടിച്ച ജോലിയാണ് ബാങ്കിലേത്. എനിക്കിഷ്ടമുള്ള ജോലിയും ആയിരുന്നില്ല. 54 വയസായി. ബാങ്ക് റിലേറ്റഡ് ജോലികള്‍ ഫ്രീലാന്‍സായി ചെയ്യാനാകും. അതൊക്കെ ചെയ്യാമല്ലോയെന്നാണ് ആലോചിക്കുന്നത്.
“വിആര്‍എസ് എടുക്കുന്നതും അതുകൊണ്ടുതന്നെയാണ്. നേരത്തെ പറഞ്ഞില്ലേ.. വിആര്‍എസ് എടുത്തു മാര്‍ച്ചോടു കൂടി നാട്ടിലേക്ക്,” എന്നിട്ട് വേണം പുതിയ കാര്യങ്ങളൊക്കെ തുടങ്ങാനെന്നും അദ്ദേഹം.
കര്‍ഷകര്‍ക്ക് വേണ്ടിയൊരു യുട്യൂബ് ചാനല്‍ തുടങ്ങാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.
“കര്‍ഷകര്‍ക്കുള്ള ലോണുകള്‍, മുദ്ര ബാങ്ക് ലോണ്‍, ലോണിന്‍റെ തിരിച്ചടവ് ഇതേക്കുറിച്ചൊക്കെ ആളുകളോട് യുട്യൂബിലൂടെ പറഞ്ഞുകൊടുക്കാമല്ലോ. കൃഷി വിജയിപ്പിക്കുന്നതിനായുള്ള വിവരങ്ങളും പങ്കുവയ്ക്കും.”
റൂറല്‍ ബാങ്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലോണ്‍ സംബന്ധമായ കാര്യങ്ങള്‍– ഏതു ലോണ്‍, അതിന്‍റെ പലിശ, ഗുണങ്ങള്‍, ദോഷമാകുമോ ഇതൊക്കെ പറഞ്ഞുകൊടുക്കാനുള്ള വഴിയായി ആണ് അദ്ദേഹം ഇതിനെ കാണുന്നത്.
യുട്യൂബ് ചാനലിലൂടെ വരുമാനം നേടാമെന്ന ഉദ്ദേശ്യമൊന്നുമില്ല. “പൈസയോട് എനിക്ക് വല്യ താത്പ്പര്യമൊന്നുമില്ല. രണ്ട് മക്കളേയുള്ളൂ.. മോളും മോനും. മോള്‍ ഡോക്റ്ററും മോന്‍ എന്‍ജിനീയറുമാണ്. അവര്‍ക്ക് വേണ്ടി ഇനി ഞാന്‍ സമ്പാദിച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ല.
“എന്‍റെയൊരു പാഷനാണ് കൃഷി. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി. അത്രേയുള്ളൂ.
“നാട്ടില്‍ കൃഷിയൊക്കെയുണ്ടായിരുന്നു. അതൊക്കെ കണ്ടും ചെയ്തുമാണ് വളര്‍ന്നത്. അച്ഛന്‍ കുറേ പശുക്കളെ വളര്‍ത്തിയിരുന്നു. കൃഷി രക്തത്തിലുള്ളതാണ്. പിന്നെ ജൈവകൃഷിയോട് താല്‍പര്യമുള്ളയാളാണ്.” ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
“നാട്ടില്‍ പച്ചക്കറി കൃഷിയുമുണ്ടായിരുന്നു. ഒന്നും പുറത്ത് നിന്നു വാങ്ങേണ്ടി വന്നിട്ടില്ല.” കൃഷിയോട് കൂടുതല്‍ അടുപ്പിച്ചൊരു സംഭവം കൂടിയുണ്ടെന്നു അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
“അന്ന് കാണ്‍പൂര്‍ ബ്രാഞ്ചിലാണ് ജോലി. അവിടെയൊരു സര്‍ദാര്‍ 60 എരുമകളെ വളര്‍ത്തുന്നു.
നല്ല വിശാലമായ തൊഴുത്ത്. അതിന് മുകളിലാണ് സര്‍ദാറും കുടുംബവും താമസിക്കുന്ന വീട്.
“ആ വീടിന് മുന്നില്‍ പോയാല്‍ അവിടെ മാടിനെ വളര്‍ത്തുന്നുണ്ടെന്നു ആര്‍ക്കും പറയാനാകില്ല. ഈ സര്‍ദാറിന്‍റെ വീട്ടില്‍ ചാണകമണമൊന്നും ഇല്ല. അത്രയ്ക്ക് വൃത്തിയാണ്. കര്‍ട്ടന്‍ മാറ്റി നോക്കിയാലേ അവിടെയൊരു തൊഴുത്ത് ആണെന്നും എരുമകളുണ്ടെന്നും മനസിലാകൂ.
“മോള്‍ക്ക് കൊടുക്കാന്‍ നല്ല പാല്‍ അന്വേഷിച്ച് നടന്നപ്പോഴാണ് ഈ സര്‍ദാറിനെക്കുറിച്ച് അറിയുന്നത്. മുറ ഇനത്തില്‍പ്പെട്ട എരുമകളെയാണ് സര്‍ദാര്‍ വളര്‍ത്തുന്നത്. നല്ല വൃത്തിയും വെടിപ്പുമൊക്കെയുള്ള ഇടമാണ്.
“പാല്‍ സര്‍ദാറിന്‍റെ വീട്ടില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചു. പക്ഷേ പ്രശ്നമെന്താണെന്നു വച്ചാല്‍ പാലിന് രാവിലെ തന്നെ പോകണം. ഏഴു മണി കഴിഞ്ഞാല്‍ പിന്നെ പാല്‍ കിട്ടില്ല. തീര്‍ന്നു പോകും. പത്തറുപത് എരുമകളുടെ പാല്‍ അത്ര വേഗത്തിലാണ് തീരുന്നത്.
“നല്ല ക്വാളിറ്റി, വൃത്തി ഇങ്ങനെയുള്ള ഒരു തൊഴുത്തും നമ്മുടെ നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല. ഇതൊക്കെ കണ്ട് കൃഷി ചെയ്യണമൊന്നൊക്കെ തോന്നിയെങ്കിലും ജോലിയ്ക്കിടെ ഇതൊന്നും സാധിക്കില്ലായിരുന്നു,” പ്രഭാത കുസുമന്‍ ആഗ്രഹങ്ങള്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കും നാട്ടില്‍ ഇപ്പോഴും കൃഷിയൊക്കെയുണ്ട്.
പ്രിയയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. മകന്‍ അനിരുദ്ധും മകള്‍ ഡോ.പ്രതിഭയും.