മഴയൊന്ന് നിന്നാല്‍ കേരളത്തിന്‍റെ പല ഭാഗത്തുനിന്നും ജലക്ഷാമത്തിന്‍റെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങും. 44 നദികളും ആറുമാസത്തോളം മഴയും നിറയെ കായലുകളുമുള്ള നാട്ടില്‍ വേനലാവുമ്പോഴേക്കും വെള്ളമില്ലാതെ ആളുകള്‍ കഷ്ടപ്പെടുമെന്ന് പുറംനാട്ടുകാര്‍ അമ്പരക്കും: ‘ഇത്രയധികം മഴ പെയ്തിട്ടും…!?’ എന്ന് അവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും.
നാട്ടില്‍ പെയ്യുന്ന മഴവെള്ളം സംഭരിച്ചാല്‍ തന്നെ ജലക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാം. എന്നാല്‍ വലിയ ടാങ്കുകെട്ടി മഴവെള്ളം ശേഖരിക്കുന്നത് പണച്ചെലവുള്ള കാര്യമാണ്.
മഴവെള്ളം കൊണ്ട് കിണറുകളും കുളങ്ങളും റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഗുണം ചെയ്യും. അതിന് പലരും പല രീതികളും പിന്തുടരുന്നുണ്ട്.
വീട്ടില്‍ ജലം പാഴാവുന്നത് 95% വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. സന്ദര്‍ശിക്കാം. Karnival.com
മഴവെള്ളം പാഴായിപ്പോകാന്‍ അനുവദിക്കാതെ കുറഞ്ഞ ചെലവില്‍ ശുദ്ധീകരിച്ചു കിണര്‍ റീചാര്‍ജ് ചെയ്യുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് മലപ്പുറം വളാഞ്ചേരിക്കാരന്‍ രാമകൃഷ്ണന്‍ നമ്പ്യാര്‍. ആര്‍ക്കും എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ഒരു മോഡല്‍ ആണെന്നതാണ് ഇതിന്‍റെ പ്രത്യേകത.
“കാലം തെറ്റിയുള്ള ഒറ്റപ്പെട്ട മഴ ലഭിക്കുന്നതൊഴിച്ചാല്‍ നമ്മുടെ നാട് ഇന്ന് രാജസ്ഥാന്‍ പോലെയൊക്കെ ആയി മാറിക്കൊണ്ടിരിക്കുകയാണ്. കര്‍ക്കിടകവും തുലാവര്‍ഷവും ഒക്കെ തെറ്റിച്ചുള്ള മഴയാകട്ടെ ആവശ്യത്തിലധികവും. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ,” മുന്‍ സി ആര്‍ പി എഫുകാരന്‍ കൂടിയായ രാമകൃഷ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“ഒരു മഴക്കാലത്ത് വീടിന്‍റെ ഉമ്മറത്തിരുന്ന് ചായ കുടിക്കുകയായിരുന്നു. പുറത്തു മഴ നല്ല തകൃതിയായി പെയ്യുന്നുണ്ട്. മുറ്റത്തൂടെ വെള്ളം ഒഴുകി പോകുന്നതും നോക്കി ഇരിക്കുമ്പോഴാണ് ഈ വെള്ളമൊക്കെ ചുമ്മാ ഇങ്ങനെ ഒഴുകി പോകുകയല്ലേ നമ്മുടെ ചുറ്റുവട്ടത്തുള്ള മഴവെള്ളം എങ്കിലും ശേഖരിച്ചു നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൂടെ എന്ന ചിന്ത വന്നത്,” അദ്ദേഹം തുടരുന്നു.
“പിന്നെ ഒട്ടും താമസിച്ചില്ല. അതിനുവേണ്ട നടപടികള്‍ എടുക്കാന്‍ തുടങ്ങി. എനിക്ക് ചെറുപ്പം മുതലേ സാങ്കേതിക പരീക്ഷണങ്ങള്‍ നടത്തുന്നത് ഒരു നേരമ്പോക്കായിരുന്നു. എന്തെങ്കിലും കണ്ടാല്‍ അത് സ്വന്തമായി പരീക്ഷിക്കാന്‍ നല്ല ഇഷ്ടമായിരുന്നു. ആരോടും അതിനെക്കുറിച്ചു അഭിപ്രായങ്ങള്‍ ഒന്നും ചോദിക്കാറില്ല കേട്ടോ. ‘ന്താന്നുവച്ചാ അത് ശെരിയായില്ലെങ്കിലും നാണക്കേടാവൂല്ലല്ലോ,” രാമകൃഷ്ണന്‍ ചിരിച്ചു. “ടെക്‌നിക്കല്‍ കാര്യങ്ങളെല്ലാം ഞാന്‍ സ്വയം ചെയ്തു പരീക്ഷിക്കും. വേറൊരാളുടെ കണ്ട് ചെയ്തു നോക്കാറില്ല. അപ്പൊ അത് കോപ്പിയടി ആകൂല്ലേ,” വീണ്ടും ചിരിമയം.
“മഴവെള്ളസംഭരണ സംവിധാനത്തെക്കുറിച്ചു എനിക്ക് ഉള്ളില്‍ ഒരു രൂപം ഉണ്ടായിരുന്നു. അതുവെച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. വീടിനു മുകളിലെ ഒരു മൂല ഒഴിച്ചു ബാക്കി മൂന്നു മൂലകളിലെയും മഴവെള്ളം പുറത്തേക്ക് പോകാന്‍ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകള്‍ ബ്ലോക്ക് ആക്കി മഴവെള്ളം ഒരു മൂലയിലേക്ക് മാത്രം ഒഴുകുന്ന രീതിയില്‍ ഒരുക്കി. നമ്മുടെ മഴവെള്ള സംഭരണ ടാങ്ക് ഈ ബ്ലോക്ക് ചെയ്യാത്ത മൂലയുടെ താഴെയായി മണ്ണില്‍ നിന്നും കുറച്ചു ഉയരത്തില്‍ ഒരു സ്റ്റാന്‍ഡ് വച്ച് ഉയര്‍ത്തി വേണം സ്ഥാപിക്കാന്‍.
“അങ്ങനെ ഞാന്‍ ഒരു വീപ്പ വാങ്ങി. ഒരുപാടു വലുതൊന്നുമല്ല, ഒരു ഇടത്തരം വലിപ്പം. ശേഷം വെള്ളം ശുദ്ധീകരിക്കാനുള്ള സാമഗ്രികള്‍ വീപ്പയില്‍ നിറച്ചു. അതിനായി ബേബി മെറ്റല്‍, ചരല്‍, കരി, ഒരു ലിറ്ററിന്‍റെ പെയിന്‍റ് പാട്ട (പ്ലാസ്റ്റിക്) തുടങ്ങിയവ വേണം. സ്റ്റീല്‍പാട്ട ഉപയോഗിക്കരുത്. എന്തെന്നാല്‍ തുടര്‍ച്ചയായി വെള്ളം വീണാല്‍ അവ തുരുമ്പെടുക്കും,” ഒന്ന് നിര്‍ത്തിയ ശേഷം അദ്ദേഹം സ്വയം തയ്യാറാക്കിയ ഫില്‍റ്റര്‍ ടാങ്കിന്‍മേല്‍ എഴുതി വച്ചിട്ടുള്ള രീതിയില്‍ അതില്‍ നിറച്ചിട്ടുള്ളവയെ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ തുടങ്ങി.
“വീപ്പക്ക് ഒരു വശത്തായി താഴെ ഒരു ഹോള്‍ ഇട്ട് പൈപ്പ് പുറത്തു നിന്ന് ഘടിപ്പിക്കണം. ആ പൈപ്പ് നേരിട്ട് കിണറിലേക്കായിരിക്കണം കണക്ട് ചെയേണ്ടത്. വീപ്പയില്‍ വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ചു കിണറിലേക്ക് ഒഴുകാനുള്ള പൈപ്പ് ആണ് അത്. ശേഷം ദ്വാരമിട്ടിരിക്കുന്ന ഭാഗത്തു, അതായത് പൈപ്പ് കണക്ട് ചെയ്തിരിക്കുന്ന വശത്തായി അകത്തു നേരത്തെ സൂചിപ്പിച്ച പ്ലാസ്റ്റിക് പാട്ട സ്ഥാപിക്കണം. പാട്ടയുടെ ഉള്‍ഭാഗം ദ്വാരത്തിനെ അഭിമുഖീകരിച്ചു വേണം വയ്ക്കാന്‍. പ്ലാസ്റ്റിക് പാട്ടയില്‍ ചെറിയ കമ്പി കൊണ്ട് ചുറ്റിനും ചെറിയ തുളകള്‍ ഉണ്ടാക്കണം. ഒരു അരിപ്പ പോലെ പ്രവര്‍ത്തിക്കാനാണിത്.
“എന്നിട്ട് വീപ്പയുടെ മൂന്നില്‍ ഒരു ഭാഗം ബേബി മെറ്റല്‍ നിറയ്ക്കണം. ശേഷം അതേ അളവില്‍ ചരല്‍ ഇടണം. ശേഷം അതേ അളവില്‍ കരി ചേര്‍ക്കണം. ബാക്കി വരുന്ന ഭാഗത്തു വീണ്ടും ബേബി മെറ്റല്‍ നിറയ്ക്കണം. വീപ്പയുടെ മുക്കാല്‍ ഭാഗം മാത്രമേ എല്ലാം കൂടി വരാന്‍ പാടുള്ളു. മഴപെയ്തു വീഴുന്ന വെള്ളം വീപ്പയില്‍ വീഴുകയും അതില്‍ നിറച്ചിരിക്കുന്നു വസ്തുക്കള്‍ വഴി വെള്ളം ശുദ്ധീകരിക്കുകയും പ്ലാസ്റ്റിക് പാട്ട വഴി അരിച്ചു വെള്ളം ഒഴുകി കിണറിലേക്ക് പോകുകയും ചെയ്യും,”
“വീപ്പയുടെ മുകള്‍ ഭാഗം മൂടാനായി പ്ലാസ്റ്റിക്കിന്‍റെ ഒരു ബേസിന്‍ എടുത്ത് ദ്വാരമിടണം. മഴവെള്ളം മുകളില്‍ നിന്ന് പൈപ്പിലൂടെ വന്നു ഈ ബേസിനിലേക്കു പതിച്ചു അതിലെ ദ്വാരങ്ങളിലൂടെയാണ് അകത്തേക്ക് കുതിക്കുക. ബേസിന്‍റെ വായ ഭാഗം ഒരു നെറ്റ് വച്ച് ഭദ്രമായി കെട്ടിയിട്ട് വേണം വീപ്പ മൂടാനായി ഉപയോഗിക്കാന്‍. കാക്കയും മറ്റു കിളികളും ഭഷ്യവസ്തുക്കള്‍ കൊണ്ട് വന്നിട്ടാല്‍ അത് വീപ്പയുടെ അകത്തുപോകാതിരിക്കാനാണിത്. മഴ പെയ്തു തുടങ്ങുമ്പോള്‍ ഈ ബേസിനില്‍ കാക്കയോ കിളികളോ ഒന്നും കൊണ്ട് വന്ന് ഇട്ടിട്ടില്ല എന്ന് എടുത്ത് നോക്കി ഉറപ്പ് വരുത്തണം. പിന്നെ ഒന്നും പേടിക്കാനില്ല. മഴവെള്ളം നല്ല ശുദ്ധമായ വെള്ളമായി തന്നെ നമ്മുടെ കിണറ്റില്‍ എത്തിക്കോളും,” രാമകൃഷ്ണന്‍ നമ്പ്യാര്‍ ഉറപ്പിച്ചുപറഞ്ഞു.
ഈ ഫില്‍റ്റര്‍ റീച്ചാര്‍ജ്ജ് സംവിധാനം വെച്ചതിന് ശേഷം കിണറില്‍ വെള്ളം കൂടിയോ?
“തീര്‍ച്ചയായും. മുമ്പ് രണ്ടര അടിയോളം വെള്ളം ഉണ്ടായിരുന്ന എന്‍റെ കിണറില്‍ ഇന്ന് ഒരു ആള്‍പൊക്കത്തില്‍ വെള്ളം എപ്പോഴും ഉണ്ട്. അതായത് ഒരു അഞ്ചു മുതല്‍ ആറടി വെള്ളം വരെ ഉണ്ട്. അരമണിക്കൂര്‍ മഴ പെയ്താല്‍ ആ സമയമത്രയും നമ്മുടെ വീടിന്‍റെ ചുറ്റളവില്‍ പെയ്ത മഴവെള്ളം ഫില്‍റ്റര്‍ ചെയ്തു നമ്മുടെ കിണറ്റിലെത്തും. നമ്മുടെ മുറ്റത്തൂടെ വെറുതെ ഒഴുകിപ്പോയിരുന്ന വെള്ളമാണ് ഇന്ന് നമ്മള്‍ കിണറിലേക്ക് റീച്ചാര്‍ജ് ചെയ്തു സംഭരിച്ചിരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്,” അദ്ദേഹം മറുപടി നല്‍കി.
ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്താന്നുവച്ചാല്‍ ബേബി മെറ്റലും ചരലും ഒക്കെ നല്ലവണ്ണം കഴുകി വൃത്തിയാക്കണം.
“കഴുകാന്ന് പറഞ്ഞാല്‍ കഴുകി കിട്ടുന്ന വെള്ളം ശുദ്ധമായ വെള്ളത്തിന്‍റെ അത്ര തെളിയുന്നത് വരെ കഴുകണം. കരി എത്ര കഴുകിയാലും കഴുകി കിട്ടുന്ന വെള്ളം കറുത്തിരിക്കും. എന്നാല്‍ നമ്മള്‍ നിര്‍ത്താതെ കരി കഴുകി കിട്ടുന്ന വെള്ളം തെളിയുന്നത് വരെ കഴുകണം. പിന്നെ ഒന്നും പേടിക്കാനില്ല. ഈ ഫില്‍റ്ററിലൂടെ അരിച്ചെത്തുന്ന വെള്ളം ശുദ്ധമായ പച്ചവെള്ളം തന്നെ. അത് കുടിച്ചാലും നോ പ്രോബ്ലം,” അദ്ദേഹം ഉറപ്പുപറയുന്നു.
ഈ രീതിയിലൊരു ജല സംഭരണ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ എന്തു ചെലവ് വരും?
“ഈ വീപ്പ വാങ്ങുന്നതിനായി എനിക്ക് ആയിരം രൂപ ചെലവായി. അതാണ് ഇതിനായി ചെലവായ ഏറ്റവും വലിയ തുക. പിന്നെ കുറച്ചു പിവിസി പൈപ്പും മെറ്റലുകള്‍ക്കുമൊക്കെയായി അഞ്ഞൂറ് രൂപയില്‍ താഴെ ആയിക്കാണും. മൊത്തം എന്തായാലും ആയിരത്തിഅഞ്ഞൂറിന്‍റെ കീഴെ വരുള്ളൂ,” രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇതുകൂടി വായിക്കാം: കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി
രാമകൃഷ്ണന്‍ സിആര്‍പിഎഫില്‍ നിന്നും വിരമിച്ചിട്ട് പത്തൊന്‍പത് വര്‍ഷമായി. “എല്ലാവരെയും പോലെ ഒരു സര്‍ക്കാര്‍ ജോലി ആയിരുന്നു ആഗ്രഹിച്ചിരുന്നത്. പിന്നീട് ടെസ്റ്റ് ഒക്കെ എഴുതി പാസ്സായി സി ആര്‍ പി എഫില്‍ ചേര്‍ന്നു. പിന്നീട് വീണ്ടും ടെസ്റ്റ് എഴുതി സി ആര്‍ പി എഫിലെ വയര്‍ലെസ്സ് തസ്തികയില്‍ പ്രവേശിച്ചു. എനിക്കിപ്പോള്‍ എഴുപത്തിമൂന്നു വയസ്സായില്ലെ, കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും പത്തൊന്‍പതു കൊല്ലമായി റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുന്നു,” പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
‘നാട്ടിന്‍പുറത്തെ റിട്ടയര്‍മെന്‍റ് ജീവിതമല്ലേ, കൃഷിയിലും ഒരു കൈ നോക്കാമായിരുന്നു,’ ഞാനും ഒന്ന് തോണ്ടി നോക്കി.
“ഒരു കൈ അല്ല രണ്ടു കൈയും നോക്കിയിരുന്നു. ഞാന്‍ വളരെ കാര്യമായി തന്നെ കൃഷിയിറക്കിയിരുന്നു. എന്നാല്‍ വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷി രീതിയില്‍ ചില പാകപ്പിഴകള്‍ വന്നു. ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്, പക്ഷെ ഒരുപാടൊന്നുമില്ല.വീട്ടിലേക്ക് വേണ്ട കുറച്ചു പച്ചക്കറികളും കപ്പയും ചക്കരക്കിഴങ്ങുമൊക്കെയായി സന്തോഷം കഴിഞ്ഞു പോകുന്നു. വീട്ടിലേക്ക് അത് ധാരാളം മതി. പിന്നെ അയല്‍വാസികള്‍ക്കും പങ്കുവെക്കും,” അദ്ദേഹം പറഞ്ഞു.
ഇത്തിരി കുടുംബകാര്യം.
“എന്‍റെ കുടുംബമാണ് എന്‍റെ എല്ലാം. ഭാര്യയും രണ്ടു മക്കളുമുണ്ട്. മക്കളുടെ കല്യാണമൊക്കെ കഴിഞ്ഞു ഇപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ കൂടിയത് മറ്റൊരു സന്തോഷം. ഭാര്യ പുഷ്പലത ആണ് എന്‍റെ ജീവിതബിന്ദു എന്ന് വേണമെങ്കില്‍ പറയാം. എല്ലാത്തിനും സപ്പോര്‍ട്ട്. എനിക്കൊരു മകനും മകളും ആണ് ഉള്ളത്. മകന്‍ രമേശ് മുംബൈയിലാണ് ജോലി ചെയുന്നത്. ഭാര്യയും മകളുമൊത്ത് അവിടെത്തന്നെയാണ് അവന്‍. മകള്‍ ഖത്തറിലാണ്,” രാമകൃഷ്ണന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.
ഇത്തരമൊരു ഫില്‍റ്റര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി നല്‍കാറുണ്ടോ?
“ഉണ്ടാക്കി നല്‍കിയിട്ടില്ല. എന്നാല്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചോദിച്ചു വരുന്നവരെ നിരാശപ്പെടുത്താറില്ല. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്. വീടുകളില്‍ പോയി ചെയ്തു കൊടുക്കാവുന്ന ആരോഗ്യസ്ഥിതി അല്ല എനിക്കിപ്പോള്‍,” അദ്ദേഹം പറഞ്ഞു.
“എല്ലാവരും വീട്ടില്‍ തന്നാലാവുന്നത് പോലെ വെള്ളം സംഭരിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. നമ്മുടെ വീടിന്‍റെ ചുറ്റളവില്‍ പെയ്യുന്ന മഴ എങ്കിലും സംഭരിച്ചു നമുക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമല്ലെ. അതും നേരവും കാലവും തെറ്റിയുള്ള മഴയും ന്യൂനമര്‍ദ്ദവും ഉള്ള ഇന്നത്തെ കാലത്തു കാലാവസ്ഥക്ക് പോലുമറിയില്ല എന്താ നടക്കുന്നതെന്ന്. മഴവെള്ളം സംഭരിച്ചു കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ചു എല്ലാവരും പഠിച്ചു പ്രാവര്‍ത്തികമാക്കുക,” രാമകൃഷ്ണന്‍ നമ്പ്യാര്‍ എല്ലാവരോടുമായി പറയുന്നു.
ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’
***
രാമകൃഷ്ണന്‍ നമ്പ്യാരുടെ കിണര്‍ റീച്ചാര്‍ജ്ജിങ് സംവിധാനം. വീഡിയോ കാണാം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.