ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’

ചുറ്റും വരണ്ടുകിടക്കുന്ന പറമ്പുകള്‍ പിന്നിട്ട് ജോര്‍ജ്ജേട്ടന്‍റെ വീട്ടിലെത്തുമ്പോള്‍ അതൊരു ഹരിത സ്വര്‍ഗമായിത്തോന്നും. പിതാവിന്‍റെ കൃഷി വിജയം കണ്ട് മകന്‍ ഗള്‍ഫിലെ ജോലിയുപേക്ഷിച്ചു വന്ന് കൃഷിയിലേക്ക് തിരിഞ്ഞു.

കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്‍റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി.

കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന്‍ നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന്‍ ഇനിയും ഒരുമാസമെടുക്കും.

വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും.

ജോര്‍ജ്ജേട്ടന്‍റെ പറമ്പിലെ ഒരു മഴവെള്ള സംഭരണി

കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് കിടക്കുന്നു. വഴി നീളെ വേനലില്‍ വാടിയും കരിഞ്ഞും കൃഷിയിടങ്ങള്‍… വരള്‍ച്ചയാണ് എങ്ങും. പക്ഷേ, ആ കുന്നിന്‍മുകളില്‍ ജോര്‍ജ്ജേട്ടന്‍റെ പറമ്പിലേക്ക് കടക്കുമ്പോള്‍ അന്തരീക്ഷം മാറുന്നു. എങ്ങും പച്ചപ്പ്. മണ്ണില്‍ നനവുണ്ട്, തണുപ്പും.


ഗള്‍ഫിലെ ജോലി വിട്ട് തിരിച്ചു വന്ന് മകന്‍ മാത്യൂസും കൃഷിക്കിറങ്ങിയിരിക്കുകയാണ്


ചുറ്റുമുളള കര്‍ഷകര്‍ കുടിക്കാനും നനയ്ക്കാനുമായി വെള്ളത്തിന് നെട്ടോട്ടമോടുമ്പോള്‍, കരിഞ്ഞുണങ്ങിയ വിളകള്‍ നോക്കി നെടുവീര്‍പ്പിടുമ്പോള്‍, കെ എം ജോര്‍ജ്ജെന്ന ഈ കര്‍ഷകന് ഒരു കുലുക്കവുമില്ല. കാരണം, ജോര്‍ജ്ജേട്ടന്‍ മഴവെള്ളക്കൊയ്ത്ത് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒന്നും രണ്ടുമല്ല, ഏഴു ടാങ്കുകളിലാണ് മഴവെള്ളം സംഭരിച്ചുവെച്ചിരിക്കുന്നത്, ഒരു തുള്ളി പോലും പാഴാക്കാതെ.

എന്‍റെ ആദ്യത്തെ ചോദ്യം ഇങ്ങനെയായിരുന്നു. “എന്തൊക്കെയായിരുന്നു ജോര്‍ജ്ജേട്ടാ നിങ്ങളുടെ കൃഷി
ജോര്‍ജ്ജേട്ടന്‍ ചിരിച്ചു: “ഇവിടെ എന്തൊക്കെ ഇല്ല എന്ന് ചോദിക്ക്.”

കെ എം ജോര്‍ജ്ജ്

ആകെ ഒന്നര ഏക്കറെയുള്ളൂ, അദ്ദേഹത്തിന്‍റെ ഭൂമി. കൃഷിയൊരിക്കലും നഷ്ടമല്ലെന്ന് തന്‍റെ ഒന്നര ഏക്കറില്‍ നിന്നുള്ള വരുമാനം കൊണ്ട് ജോര്‍ജ്ജേട്ടന്‍ തെളിയിക്കും. പിതാവിന്‍റെ വിജയ കഥ മകന്‍ മാത്യൂസിനും പ്രചോദനമായി. ഗള്‍ഫിലെ ജോലി വിട്ട് തിരിച്ചു വന്ന് മാത്യൂസും കൃഷിക്കിറങ്ങിയിരിക്കുകയാണ്.

സമ്മിശ്ര കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കുന്ന നിരവധി കര്‍ഷരുണ്ടാകാം. എന്നാല്‍ മഴക്കൊയ്ത്തിലൂടെ കൃഷിയിടത്തില്‍ വിജയകഥ രചിച്ച ജോര്‍ജ്ജേട്ടനെപ്പോലുള്ളവര്‍ അപൂര്‍വ്വമേ കാണൂ.


ഇതുകൂടി വായിക്കാം: കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ


അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ഒരു ഗ്രാമീണ കര്‍ഷകന്‍റെ കഥയാണ് ജോര്‍ജ്ജട്ടേന്‍റേത്.

“ഞാന്‍ ആറുവരെ മാത്രമേ പഠിച്ചിട്ടുള്ളു. എന്നാലും പത്രങ്ങളും കൃഷിയെകുറിച്ചുള്ള മാസികകളും വായിക്കാറുണ്ട്,” ജോര്‍ജ്ജേട്ടന്‍ പറഞ്ഞുതുടങ്ങുന്നു.


“ഒരു ഇടത്തരം കുടുംബത്തിലാണ് എന്‍റെ ജനനം. ഞങ്ങള്‍ ആറ് മക്കളായിരുന്നു. ഞാന്‍ മൂത്തയാളായിരുന്നതിനാല്‍ കൃഷിപ്പണിക്കിറങ്ങും. കുന്നുംചരിവായ ഞങ്ങളുടെ കൃഷിയിടത്തില്‍ ഒറ്റക്ക് കയ്യാല കെട്ടാനൊക്കെ അന്നേ ഞാന്‍ ശ്രമിച്ചിരുന്നു.” വെള്ളം പണ്ടേ ഇവിടെ പ്രശ്‌നമായിരുന്നു.

“കുടുംബ വിഹിതമായി എനക്ക് ഒന്നര ഏക്കര്‍ സ്ഥലമാണ് ലഭിച്ചത്. ഇതാണ് ഇന്നും എന്‍റെ ആസ്തി. ഇവിടെ നിന്നും എനിക്ക് ഒരുമാസം അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വരുമാനം ലഭിക്കുന്നുണ്ട്,” അദ്ദേഹം പറയുന്നു.
ചെലവില്ലാ ജൈവകൃഷിയുടെ പ്രചാരകന്‍ സുഭാഷ് പാലേക്കറുടെ കൃഷിപാഠങ്ങളില്‍ ആകൃഷ്ടനായി ജോര്‍ജ്ജേട്ടന്‍ കുറേ വര്‍ഷങ്ങളായി ജൈവകൃഷിയാണ് പിന്തുടരുന്നത്.


ഔഷധ സസ്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ഇവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്.


കിണറിലെ വെള്ളം ഏപ്രില്‍ പകുതിയാവുമ്പോഴേക്കും പൂര്‍ണമായും വറ്റും. ജലക്ഷാമം രൂക്ഷമാവുമ്പോള്‍ കൃഷിയൊന്നും നടക്കില്ല. അങ്ങനെ ഇരുപത് വര്‍ഷം മുമ്പ് ജോര്‍ജ്ജേട്ടന്‍ പറമ്പില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു. രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അതിലെ വെള്ളവും വറ്റി. അങ്ങിനെയാണ് മഴവെള്ള സംഭരണത്തെ കുറിച്ച് ചിന്തിച്ചത്.

സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച ടാങ്കുകള്‍

ജോര്‍ജ്ജേട്ടന്‍റെ പറമ്പില്‍ ഏഴ് മഴവെള്ള സംഭരണികളാണുള്ളത്. എല്ലാം സ്വയം നിര്‍മ്മിച്ചവ. ഏറ്റവും വലിയതില്‍ നാല് ലക്ഷം ലീറ്റര്‍ വെള്ളം സംഭരിക്കാം. പതിനഞ്ച് മീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ വീതിയും നാല് മീറ്റര്‍ ആഴവുമാണ് ഈ സംഭരണിക്കുള്ളത്. ഒരു ലക്ഷം ലീറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ട് ടാങ്കുകളും അമ്പതിനായിരം ലീറ്ററിന്‍റെ മൂന്നും പതിനായിരം ലീറ്ററിന്‍റെ മറ്റൊന്നും.

ചെറിയ ടാങ്ക് കുടിവെള്ളത്തിന് വേണ്ടി മാത്രമുള്ളതാണ്. ഇതില്‍ വെള്ളം ചിരട്ടക്കരി, കരിങ്കല്‍ച്ചീളുകള്‍, ഓട്ടിന്‍ കഷണങ്ങള്‍ എന്നിങ്ങനെ ഇട്ട് പല ഘട്ടങ്ങളിലായി അരിച്ചാണ് ഉപയോഗിക്കുന്നത്.

മഴവെള്ള സംഭരണികളില്‍ നാലെണ്ണത്തിലും മത്സ്യം വളര്‍ത്തുന്നുണ്ട്. കട്ല, രോഹു, ഗിഫ്റ്റ് സിലോഫിയ, നട്ടര്‍, ഗൗരാമി തുടങ്ങിയ മത്സ്യങ്ങളാണ് ടാങ്കുകളില്‍ വളരുന്നത്. ടാങ്കിലുള്ള ചില മത്സ്യങ്ങള്‍ ഇപ്പോള്‍ തന്നെ അരകിലോയോളം വളര്‍ച്ചയെത്തിയിട്ടുണ്ട്.

മത്സ്യം വളര്‍ത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്വാനിക്കാന്‍ താത്പര്യമുള്ള കര്‍ഷകന് ഏറ്റവും ലാഭകരമായി ചെയ്യാവുന്ന കൃഷിയാണ് അതെന്ന് ജോര്‍ജ്ജേട്ടന്‍ അനുഭവം പറഞ്ഞു.

“മത്സ്യം വളര്‍ത്തുന്ന ടാങ്കുകളില്‍ നിന്നുള്ള വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മത്സ്യവിസര്‍ജ്ജ്യമുള്ള വെള്ളം കൃഷിക്ക് കൂടുതല്‍ പോഷണം നല്‍കും. അതുകൊണ്ട് തന്നെ കര്‍ഷകനെ സംബന്ധിച്ച് അധിക വരുമാനമുണ്ടാക്കുന്ന ഒരു കൃഷി കൂടിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഈ ടാങ്കുകളെല്ലാം ഞാന്‍ തന്നെ നിര്‍മ്മിച്ചവയാണ്. കൃഷി ഉദ്യോഗസ്ഥരുടെ ഉപദേശമനുസരിച്ച് പറമ്പിന്‍റെ ഓരോ ഭാഗത്ത് ടാങ്കുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്‍റെ പറമ്പിലെ വലിയ കുളത്തില്‍ ഏത് വേനിലിലും വെള്ളം ഒന്നരയടിയില്‍ കുറയില്ല… മത്സ്യത്തിന് ഇത് മതി.”

20 കൊല്ലം മുമ്പ് 300 കവുങ്ങ് നട്ടിരുന്നു. ഇതിന് നനയ്ക്കാന്‍ കൂടിയാണ് ബോര്‍വെല്ല് കുഴിച്ചത്. 250 അടി താഴ്ചയിലായിരുന്നു കുഴല്‍ കിണര്‍. മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും അതിലെ വെള്ളം വറ്റി. അങ്ങനെ കൃഷി വിജ്ഞാന്‍ കേന്ദ്രയെ സമീപിക്കുകയും മഴവെള്ളക്കൊയ്ത്തിനെക്കുറിച്ച് പഠിക്കുകയുമായിരുന്നു. ജോര്‍ജ്ജിന്‍റെ കൃഷിയിടത്തില്‍ ഒരു കൊല്ലം ശരാശരി 3,750 എം എം മഴയാണ് പെയ്യുന്നത്. ഇത് പരമാവധി സംഭരിച്ച് നിര്‍ത്തുകയാണ് ചെയ്യുന്നത്.

മഴവെള്ളക്കൊയ്ത്തിലെ ജോര്‍ജ്ജേട്ടന്‍റെ പരീക്ഷണങ്ങളെക്കുറിച്ച് സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക ജയശ്രീ പറയുന്നത് ഇങ്ങനെയാണ്: “മഴവെള്ള കൊയ്ത്ത് നടത്തി കൃഷിയില്‍ വിജയം കൈവരിച്ച ഈ സമിശ്ര കര്‍ഷകന്‍ എല്ലാവര്‍ക്കും പാഠമാണ്. ഓടുന്ന വെള്ളത്തെ നടത്തിക്കുക, നടക്കുന്ന വെള്ളത്തെ നിര്‍ത്തിക്കുക, നിര്‍ത്തുന്ന വെള്ളത്തെ ഇരുത്തുക എന്നതാണ് മഴവെള്ള സംഭരണത്തെ കുറിച്ച് പറയാറുള്ളത്. മഴക്കുഴികള്‍ ഒരുക്കാനും കൈയ്യാല നിര്‍മ്മിക്കാനും എപ്പോഴും പറയാറുണ്ടെങ്കിലും പല കര്‍ഷകരും ഇതിന് ചെവികൊടുക്കാറില്ല.”

വളരെ കഷ്ടപ്പെട്ടാണ് ഈ കുന്നിന്‍ മുകളില്‍ വെള്ളം ശേഖരിക്കുന്നത്. വെള്ളം ഉപയോഗിക്കുന്നതിലുമുണ്ട് ആ ശ്രദ്ധയും സൂക്ഷ്മതയും. ഡ്രിപ്പ് ഇറിഗേഷന്‍വഴി ഓരോ വിളയ്ക്കും ആവശ്യമായ ജലം എത്തിക്കുകയാണ്. ഒരു തുള്ളിപോലും പാഴാവാതെ സൂക്ഷ്മജലസേചനമാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

കാടക്കൃഷി ലാഭക്കൃഷി

കൃഷിയുടെ ലാഭക്കണക്ക് കാടകൃഷിയെ ഉദാഹരിച്ചാണ് ജോര്‍ജ്ജ് പറയുക. എഴുനൂറ് കാടയുണ്ട്. ഒരു ദിവസം ശരാശരി 600 മുട്ട കിട്ടും. ഒരു മുട്ടക്ക് വിപണിയില്‍ 2 രൂപ വിലയുണ്ട്. കാടയുടെ തീറ്റച്ചെലവും കൂലിച്ചെലവും കൂടി ഒരു രൂപ കണക്കാക്കിയാല്‍ തന്നെ ഒരു രൂപ ലാഭമാണ്. നാല്‍പത് രൂപക്കാണ് കാടക്കുഞ്ഞിനെ വാങ്ങുന്നത്. മുട്ടയിടല്‍ കഴിഞ്ഞാല്‍ കാടയെ 50 രൂപക്ക് വില്‍ക്കാം. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന കൃഷിയാണിത്, അദ്ദേഹം മറ്റ് കര്‍ഷകരെ പ്രോത്സാഹിക്കുന്നു.

പശു, ആട് മുയല്, തുടങ്ങി ജോര്‍ജ്ജേട്ടന്‍റെ കൃഷിയിടം സമ്പന്നമാണ്. ഔഷധ സസ്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ഇവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പശുവിന്‍ ചാണകം ഉപയോഗിച്ച് ജീവാമൃതം ഉണ്ടാക്കിയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പച്ചചാണകം നേരിട്ട് ഉപയോഗിക്കാറുമുണ്ട്. ട്രൈക്കോഡര്‍മയില്‍ പത്ത് കിലോ വേപ്പിന്‍ പിണ്ണാക്കും തൊണ്ണൂറ് കിലോ ചാണകവും കൂട്ടിചേര്‍ത്ത മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്.

പശു, പന്നി, ആട് എന്നിവയുടെ കാഷ്ടം, പിന്നെ വീട്ടിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്‍റ് ഉണ്ട്. പതിനഞ്ച് വര്‍ഷമായി വീട്ടിലെ പാചകാവശ്യങ്ങള്‍ക്ക് ഈ പ്ലാന്‍റില്‍ നിന്നുള്ള ഗ്യാസാണ് ഉപയോഗിക്കുന്നത്.

നടീല്‍വസ്തുക്കള്‍ക്കായുള്ള കാര്‍ഷിക നഴ്സറിയും ഇവിടെയുണ്ട്. അതിന് വേണ്ട വെള്ളവും മഴവെള്ള സംഭരണിയില്‍ നിന്നുതന്നെ. വിവിധ ഇനം കുരുമുളക് തൈകളും കവുങ്ങ്, തെങ്ങ് തൈകളും ചെടികളുമൊക്കെയാണ് ഈ നഴ്സറിയില്‍ നിന്നും വില്‍പന നടത്തുന്നത്. ഗ്രാഫ്റ്റ് ചെയ്ത പന്നിയൂര്‍ 1, പന്നിയൂര്‍ 5 എന്നിവയ്ക്കാണ് ഏറെ ഡിമാന്‍റെന്ന് അദ്ദേഹം പറഞ്ഞു.

തേന്‍ വിറ്റ് ഒന്നേകാല്‍ ലക്ഷം രൂപ

വന്‍തേനും ചെറുതേനും ഒരുപോലെ ഉല്‍പ്പാദിപ്പിച്ച് തേന്‍ വളര്‍ത്തലിലും നേട്ടം കൊയ്യുന്നത് ഈ കര്‍ഷകന്‍, കഴിഞ്ഞ സീസണില്‍ അഞ്ച് ക്വിന്‍റല്‍ വന്‍തേനും 25 കിലോ ചെറുതേനുമാണ് വില്‍പന നടത്തിയത്. വന്‍തേന്‍ കിലോയ്ക്ക് 230 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ചെറുതേന് 2,000 രൂപയോളം ലഭിക്കും.

അടുത്ത സീസണില്‍ ചെറുതേന്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാവുമെന്നപ്രതീക്ഷയിലാണ് അദ്ദേഹം. ചെറുതേന്‍ കൃഷിയില്‍ കൃഷിവകുപ്പിന്‍റെ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

കടമില്ല, സന്തോഷം മാത്രം

ജോര്‍ജ്ജേട്ടന്‍ സന്തോഷവാനാണ്. സ്വന്തം അധ്വാനത്തിലൂടെ നേടിയ വിജയച്ചിരി മാത്രമല്ല അത്. പത്തുരൂപ പോലും കടമില്ലാതെ കൃഷി ചെയ്തു ജീവിക്കാന്‍ കഴിയുന്നു എന്ന സമാധാനമാണ് ആ ചിരിക്കുപിന്നില്‍.
കൃഷിയിടത്തിലെ എല്ലാ ജോലികള്‍ക്കും ഭാര്യ മേരിയും മകന്‍ മാത്യുസും ഒപ്പുമുണ്ട്. ജോര്‍ജ്ജിന് നാല് മക്കളാണ്. മൂന്ന് പെണ്‍മക്കളുണ്ട്.

പെണ്‍മക്കളുടെ വിവാഹത്തിന് ആരോടും പണം കടം വാങ്ങേണ്ടി വന്നിട്ടില്ല എന്ന് ജോര്‍ജ്ജേട്ടന്‍ പറയുന്നു. “എന്‍റെ സര്‍ക്കാര്‍ ജോലിക്കാരായ സഹോദരന്മാര്‍ അവരുടെ മക്കളുടെ കല്യാണത്തിന് ബാങ്ക് വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു വായ്പയും എടുക്കാതെ എനിക്ക് പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും കഴിഞ്ഞുവെന്നതില്‍ അഭിമാനമുണ്ട്,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം: ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍


സംഭരിക്കുന്ന വെള്ളത്തിനും ഉപയോഗിക്കുന്ന വെള്ളത്തിനും ഈ കര്‍ഷകന് കണക്കുണ്ട്. ആറ്റില്‍ കളഞ്ഞാലും അളന്നുകളയണമെന്നോ മറ്റോ അര്‍ത്ഥം വരുന്ന ഒരു പഴംചൊല്ലില്ലേ. പക്ഷേ, ഇവിടെ ഒന്നും വെറുതെ പാഴാവുന്നില്ല. അതുപോലെത്തന്നെ കിട്ടുന്ന വരുമാനത്തിനും അദ്ദേഹത്തിന് കൃത്യമായ കണക്കുണ്ട്.

കാടക്കോഴിയില്‍ നിന്നും വര്‍ഷം നാലര ലക്ഷം രൂപയും മീനില്‍ നിന്നും ഒന്നര ലക്ഷവും കുരുമുളകില്‍ നിന്ന് രണ്ടര ലക്ഷവും നഴ്സറിയില്‍ നിന്ന് എട്ട് ലക്ഷവും അടക്കയില്‍ നിന്നും 20,000 രൂപയും തേങ്ങയില്‍ നിന്നും 10,000 രൂപയും കാപ്പിയില്‍ നിന്നും 22000 രൂപയും കൊക്കോയില്‍നിന്നും 10,000 രൂപയും സുഗന്ധവിളകളില്‍ നിന്നും ആടില്‍ നിന്നും 30,000 രൂപ വീതവും തേനില്‍ നിന്നും ഒന്നേക്കാല്‍ ലക്ഷം രൂപയും ലഭിക്കുമെന്ന് ജോര്‍ജ്ജേട്ടന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ഉണക്കമീന്‍ തുണച്ചു: മാസം 60,000 രൂപയുടെ ജൈവപച്ചക്കറി വില്‍ക്കുന്ന ദമ്പതികളുടെ കൃഷിരഹസ്യങ്ങള്‍


“കഴിഞ്ഞ വര്‍ഷം ജൂണില്‍ മൂന്ന് ക്വിന്‍റല്‍ മത്സ്യമാണ് വിളവെടുത്തത്. രാജപുരത്ത് തന്നെ വില്‍പന നടത്തി. കിലോഗ്രാമിന് 200 രൂപ മുതല്‍ 500 രൂപ വരെ ലഭിച്ചു. ഞാന്‍ അരിയും ഉള്ളിയുമല്ലാതെ മറ്റൊന്നും കടയില്‍ നിന്ന് വാങ്ങാറില്ല. ഞങ്ങള്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും കൃഷിയില്‍ നിന്ന് കിട്ടും.”

ഇതിന്‍റെയൊക്കെ പുറകില്‍ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ മൂലധനം ഉണ്ട്–ഓരോ വര്‍ഷവും കൊയ്തെടുക്കുന്ന ഏഴര ലക്ഷം ലീറ്റര്‍ മഴവെള്ളം!

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം