കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി

“റോഡിലൂടെ ഒഴുകി പോകുന്ന മഴവെള്ളം പറമ്പിലേക്ക് ചെരിവിട്ട് ഒഴുക്കും. അത് അവിടെ താഴ്ന്നു പൊയ്‌ക്കോളും. പിന്നെ ടെറസിലെ മഴവെള്ളം പൈപ്പ് വഴി നേരിട്ട് ടാങ്കുകളിലേക്ക് ശേഖരിക്കും.” 

ഴവെള്ളം മാത്രം ആശ്രയിച്ചു മത്സ്യകൃഷിയോ? വേണമെങ്കില്‍ വര്‍ഷം മുഴുവന്‍ മീനും പച്ചക്കറിയും ഉണ്ടാക്കാന്‍ ടെറസില്‍ വീഴുന്ന മഴവെള്ളം തന്നെ ധാരാളമാണെന്ന് തൊടുപുഴക്കാരന്‍ ജോളി വര്‍ക്കി ഉറപ്പിച്ചു പറയും.

ടെറസിലും പറമ്പിലും വീഴുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാക്കാതെയാണ് ജോളി വര്‍ക്കി എല്ലാം നേടിയത്.

“ഞാന്‍ മുമ്പ് താമസിച്ചിരുന്നത് തൊടുപുഴയിലെ മയില്‍കൊമ്പ് എന്ന സ്ഥലത്തായിരുന്നു. അവിടെ നല്ല ജലക്ഷാമം നേരിട്ടിരുന്നു. വണ്ടിയില്‍ വെള്ളം കൊണ്ടന്നിറക്കിയാണ് കാര്യങ്ങളെല്ലാം നടത്തിയിരുന്നത്,” ജോളി കുറച്ചുവര്‍ഷം പുറകില്‍ നിന്നാണ് ആ പരീക്ഷണകഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങിയത്.

“കടുത്ത ക്ഷാമം ഉണ്ടായിരുന്നെങ്കിലും കൃഷിയും അക്വാപോണിക്സും എല്ലാം അന്നും ഉണ്ടായിരുന്നു. പുറത്തുനിന്നും കൊണ്ട് വരുന്ന വെള്ളം കൊണ്ടായിരുന്നു അതെല്ലാം നോക്കി നടത്തിയിരുന്നത്. എത്ര വെള്ളം ഇല്ലാത്ത അവസ്ഥയിലും നമുക്ക് അക്വാപോണിക്‌സ് ചെയ്യാം. അതാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം,” ജോളി തുടരുന്നു.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

ഏകദേശം പത്ത് വര്‍ഷം മുമ്പ് ജോളിയും കുടുംബവും മയില്‍ക്കൊമ്പില്‍ നിന്ന് തൊടുപുഴ ടൗണിലേക്ക് താമസം മാറി.

“ഇവിടേക്ക് താമസം മാറ്റിയപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് തന്നെ എന്തുകൊണ്ട് മഴവെള്ളം സംഭരിച്ചു കൃഷി ചെയ്തുകൂടാ എന്നാണ്. അതിനായി ഞാന്‍ ടെറസിലെ മൂന്നു കോണുകള്‍ ഒരടി താഴ്ചയില്‍ വാര്‍ത്തു രണ്ടു പൈപ്പുകള്‍ ഘടിപ്പിച്ചു നേരിട്ട് ടാങ്കിലേക്ക് ചാനല്‍ ഉണ്ടാക്കി മഴവെള്ളം സംഭരിക്കാന്‍ സജ്ജമാക്കി. അങ്ങനെ ടെറസിലെ മഴവെള്ളം ഒട്ടും തന്നെ പാഴാക്കാതെ പാത്തികള്‍ സ്ഥാപിച്ചു സംഭരിച്ചു തുടങ്ങി.

ടെറസില്‍ വീഴുന്ന ഒരുതുള്ളി മഴവെള്ളം പോലും പാഴാക്കുന്നില്ല.

“ഈ അമ്പതു സെന്‍റ് സ്ഥലത്തില്‍ അത്തരത്തില്‍ പത്തു കുളങ്ങള്‍ നിര്‍മിച്ചു മഴവെള്ളത്തില്‍ തന്നെ മീനുകളെയും മറ്റും വളര്‍ത്തുന്നുണ്ട്. ഇന്നത്തെ കാലത്തു പ്രകൃതിദത്തമായ കുളങ്ങള്‍ കുറവാണ്. അതുകൊണ്ടു നമ്മള്‍ തന്നെ കുളങ്ങള്‍ ഉണ്ടാക്കുകയെ നിവര്‍ത്തിയുള്ളു,” അദ്ദേഹം പറയുന്നു.

പറമ്പില്‍ വീഴുന്ന ഒരു ജലാംശവും പാഴാക്കാതെ പറമ്പില്‍ തന്നെ താഴ്ന്നു ഭൂമിക്ക് ഒരു ഉറവ എന്ന രീതിയിലുള്ള സംവിധാനവും ജോളി ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കാം: പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍


എവിടെയും കോണ്‍ക്രീറ്റ് കട്ട കൊണ്ട് ഭൂമി കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. ഭൂമിയിലേക്ക് വെള്ളം താഴാന്‍ ഉള്ള സാഹചര്യം ഇല്ലാത്തതിനാലാണ് നാട്ടില്‍ ജലക്ഷാമം  നേരിടുന്നതിന്‍റെ ഒരു കാരണം എന്നാണ് ഈ കര്‍ഷകന്‍ കരുതുന്നത്.

“ഞാന്‍ റോഡിലൂടെ ഒഴുകി പോകുന്ന മഴവെള്ളം പറമ്പിലേക്ക് ചെരിവിട്ട് ഒഴുക്കും. അത് അവിടെ താഴ്ന്നു പൊയ്‌ക്കോളും. പിന്നെ ടെറസിലെ മഴവെള്ളം പൈപ്പ് വഴി നേരിട്ട് ടാങ്കുകളിലേക്ക് ശേഖരിക്കും,”  അദ്ദേഹം വിശദമാക്കുന്നു.

അങ്ങനെ ശേഖരിക്കുന്ന വെള്ളത്തിലാണ് തിലാപ്പിയ, ആറ്റു കൊഞ്ച്, വാള, കരിമീന്‍…തുടങ്ങിയ മീനുകളെയൊക്കെ വളര്‍ത്തുന്നത്.

“ടാങ്കില്‍ തന്നെ കേജുകളായും അല്ലാതെയും തരം തിരിച്ചിട്ടുണ്ട്. കേജുകളില്‍ മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തും. അതിന്‍റെ താഴെയായി ആറ്റുകൊഞ്ചിനെ വളര്‍ത്തുന്നു. മറുഭാഗത്തു വലിയ തിലോപ്പിയ വളരുന്നു,” ജോളി തുടരുന്നു.

“ഒരു ടാങ്കില്‍ നിന്നും അടുത്ത ടാങ്കിലേക്ക് വെള്ളം ഒഴുകുമ്പോള്‍ ഫില്‍റ്റര്‍ ചെയ്താണ് പോകുക. ഈ ഫില്‍റ്ററില്‍ മീനിന്‍റെ മാലിന്യങ്ങളും തീറ്റയും അടങ്ങിയ സ്ലറി അടിയും. ഇത് ചെടികള്‍ക്ക് ഉത്തമമായ വളമാണ്. ഇത് നേരിട്ട് ചെടികള്‍ക്ക് ഒഴിക്കാം.

“അങ്ങനെ പത്തു കുളങ്ങളിലേക്കും വെള്ളം കേറിയിറങ്ങിയുള്ള ഒരു സംവിധാനമാണ് ഇത്. മഴവെള്ളം കൊണ്ട് മാത്രമാണ് ഞാന്‍ ഈ കുളം നിറക്കുന്നത്. വീട്ടിലെ ആവശ്യങ്ങള്‍ക്കൊഴിച്ചു മറ്റു കൃഷി ആവശ്യങ്ങള്‍ എല്ലാം ഇതുകൊണ്ട് നടക്കുന്നുണ്ട്,” ജോളി പറഞ്ഞു.

“അക്വാപോണിക്‌സ് ഞാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഏറ്റവും നല്ല അക്വാപോണിക്‌സ് കര്‍ഷകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള ഭാഗ്യവും കിട്ടി. സര്‍ക്കാരില്‍ നിന്നും സബ്സിഡിയും കിട്ടി,” എന്ന് ജോളി.

ഒരു ടാങ്ക് വെള്ളം കൊണ്ട് പോലും അക്വാപോണിക്‌സ് ചെയ്യാം എന്നതാണ് ഇതിന്‍റെ മേന്മ. ഇതിനായി കുറഞ്ഞ വാട്ടിന്‍റെ മോട്ടോറും അത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയും വേണമെന്ന് മാത്രം, അദ്ദേഹം അതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നു.

“പെട്ടെന്ന് കറന്‍റ് പോയാലും ഒരു മണിക്കൂര്‍ വരെയൊക്കെ കുഴപ്പമില്ലാതെ നോക്കാം. പകല്‍ മുഴുവന്‍ സോളാര്‍ പാനല്‍ പ്രവര്‍ത്തിപ്പിച്ചാണ് അക്വാപോണിക്‌സിലേക്കും മറ്റു ആവശ്യങ്ങള്‍ക്കും വൈദ്യുതി കണ്ടെത്തുന്നത്. രാത്രി മാത്രമാണ് വീട്ടില്‍ നിന്നും കറന്‍റ് വലിക്കുന്നത്. രാത്രി കറന്‍റ് പോയാല്‍ ഉപയോഗിക്കാന്‍ ജനറേറ്ററും ഉണ്ട്,” ഏതു സാഹചര്യവും നേരിടാന്‍ ജോളി റെഡി.

“ഒരു കുളം, മെറ്റല്‍ വിരിച്ച ഗ്രോ ബെഡ്, ഫില്‍റ്റര്‍ എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ ചേര്‍ന്നാല്‍ മാത്രമേ അക്വാപോണിക്‌സ് പൂര്‍ണമാകുകയുള്ളു. കുളത്തില്‍ മീനുകളെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായി വെള്ളത്തില്‍ അമോണിയയുടെ അളവ് കൂടും. ഇത് ഒരുപാട് കൂടിയാല്‍ മീനുകള്‍ ചത്ത് പോകും.


ഇതുകൂടി വായിക്കാം: ഒന്നര സെന്‍റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും


“മീനുകളുടെ തീറ്റയെടുക്കുന്ന സ്വഭാവം വീക്ഷിച്ചാല്‍ തന്നെ നമുക്ക് വെള്ളത്തിലെ അമോണിയയുടെ അളവിനെക്കുറിച്ചു ഒരു ഐഡിയ കിട്ടും. അമോണിയ അടങ്ങിയ വെള്ളം ചെടികള്‍ക്ക് കായ്ഫലം ഉണ്ടാകാന്‍ വളരെ നല്ലതാണു. അമോണിയ അടങ്ങിയ വെള്ളം കൃത്യമായ കണക്കുകൂട്ടലുകളോടെ കൃത്യമായ ഇടവേളകളില്‍ ഗ്രോ ബെഡുകളിലേക്ക് പമ്പ് ചെയ്യും.

“ചെടി വലിച്ചെടുത്തു മിച്ചം വരുന്ന വെള്ളം ശുദ്ധീകരിച്ചു കുളത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഈ പ്രക്രിയ ഇങ്ങനെ തുടരുന്നതിലൂടെ ചെടികള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കുന്നു. വെള്ളത്തിലെ അമോണിയയുടെ അളവ് നിയന്ത്രിച്ചു മീനുകള്‍ക്ക് വളരാന്‍ യോഗ്യമാവുകയും ചെയ്യുന്നു,” ജോളിവ്യക്തമാക്കുന്നു.

കരിമീന്‍ ഈയടുത്താണ് ക‍ൃഷി ചെയ്തു തുടങ്ങിയത്.

മഴവെള്ളത്തെ മാത്രം ആശ്രയിച്ചുള്ള കൃഷി ആയതുകൊണ്ട് തന്നെ വേനല്‍ക്കാലത്തു ജോളിക്ക് ആശ്രയിക്കാന്‍ മറ്റു ജലസ്രോതസ്സുകള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു കിണര്‍ പോലുമില്ലാത്ത പുരയിടത്തില്‍ മറ്റു വീട്ടാവശ്യങ്ങള്‍ക്കായി പൈപ്പ് വെള്ളമാണ് ഏക ആശ്രയം. പൈപ്പ് വെള്ളം അക്വാപോണിക്‌സില്‍ ഉപയോഗിക്കാനാവില്ല. ക്ലോറിന്‍റെ അംശം ഉള്ളതിനാല്‍ മീനുകള്‍ ചത്ത് പോകും.

“ഒരിക്കല്‍ സംഭരിച്ച മഴവെള്ളം കൃത്യമായ പി എച് ലെവല്‍ മനസിലാക്കി ഉപയോഗിച്ചാല്‍ എത്ര കാലം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഗ്രാവല്‍ ബെഡിലേക്ക് പോകുന്ന വെള്ളത്തിന്‍റെ ബാക്കി വരുന്നത് ശുദ്ധീകരിച്ചു കുളത്തിലേക്ക് തന്നെ തിരിച്ചെത്തുന്നത് മൂലം ജലനിരപ്പില്‍ കാര്യമായ വ്യത്യാസം വരുന്നില്ല.

“സസ്യങ്ങളുടെ ആവശ്യം കഴിഞ്ഞാലും ബാഷ്പീകരിച്ചു പോകുന്നതും കണക്കിലെടുത്താലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല. അതുകൊണ്ട് ഈ മാര്‍ഗത്തിലൂടെ നമുക്ക് വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ കൃഷി ചെയ്യാം,” ഒരിക്കല്‍ പോലും പുറത്തു നിന്നും വെള്ളം കൊണ്ടുവരേണ്ടി വരാറില്ല എന്ന് ജോളി പറയുന്നു. മഴ പെയ്തുകഴിഞ്ഞാല്‍ പഴയ വെള്ളം പുറത്തേക്ക് ഒഴുക്കി പുതുമഴവെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട് അക്വാപോണിക്‌സില്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്കിയുടെ പച്ചക്കറിത്തോട്ടം

തിലാപ്പിയയും വാളയും ആണ് ജോളി പ്രധാനമായും വളര്‍ത്തുന്നത്. “ഏകദേശം അയ്യായിരത്തോളം തിലോപ്പിയയും രണ്ടായിരത്തോളം വാളയും ആയിരത്തിഅഞ്ഞൂറോളം ആറ്റുകൊഞ്ചും കരിമീനുമാണ് ഈ സിസ്റ്റത്തില്‍ ഇവിടെ വളരുന്നത്. ആറ്റുകൊഞ്ചിനെ വളര്‍ത്താനാണ് ചെലവ് കൂടുതല്‍. മാംസവും മീനുമാണ് അവയുടെ പ്രധാന ആഹാരം. ഞാന്‍ പച്ചക്കപ്പയും തേങ്ങാപ്പീരയും ഒക്കെയാണ് തീറ്റയായി നല്‍കാറുള്ളത്,” ജോളി പറഞ്ഞു.

കരിമീന്‍ ഒരു പരീക്ഷണാര്‍ത്ഥം വളര്‍ത്താന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിട്ടുള്ളു. കുറച്ചു ഗപ്പികളെയും വളര്‍ത്തുന്നുണ്ട്. ഗപ്പിയെ മറ്റു മീനുകള്‍ക്ക് തീറ്റയായും നല്‍കാറുണ്ട്.


വര്‍ഷങ്ങളായി ഞങ്ങള്‍ വളര്‍ത്തുന്ന ഗൗരാമി എന്ന മീനും ഉണ്ട് ഒരു ടാങ്കില്‍. അതിനു ഏകദേശം മുപ്പത്തിരണ്ട് വയസ്സുണ്ടാകും. ആദ്യം മുതലേ വളര്‍ത്തുന്നതാണ് അതിനെ.


“ഗ്രോ ബെഡിലാണ് പച്ചക്കറികള്‍ പ്രധാനമായും കൃഷി ചെയുന്നത്. ഗ്രോ ബെഡില്‍ കൃഷി ചെയ്യാന്‍ മണ്ണിന്‍റെ ആവശ്യമില്ല. മെറ്റല്‍ വിരിച്ചു, അതിലാണ് ചെടികള്‍ നട്ടിരിക്കുന്നത്. വെണ്ട, തക്കാളി, വഴുതന, പാവല്‍, പീച്ചിങ്ങ എന്നിങ്ങനെ എല്ലാം ഇത്തരത്തിലാണ് കൃഷി ചെയ്യുന്നത്,” ജോളി പറയുന്നു.

സാലഡ് വെള്ളരിയും, പാവക്കയും തക്കാളിയുമൊക്കെ ആവശ്യത്തിന് കിട്ടും

ടെറസ്സിന്‍റെ മുകളിലും  കൃഷിയൊരുക്കിയിട്ടുണ്ട്. കറ്റാര്‍വാഴയും മറ്റു പച്ചക്കറികളും അവിടെ വേറെയും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ശൈത്യകാല പച്ചക്കറികളായ ക്യാരറ്റും കോളിഫ്‌ളവറും കാബ്ബേജും നവംബര്‍ -ഡിസംബര്‍ മാസങ്ങളിലാണ് കൃഷി ചെയ്യാറുള്ളത്. വീട്ടിലെ ആവശ്യങ്ങള്‍ കഴിച്ചു ബാക്കിയുള്ള പച്ചക്കറി പുറത്തേക്ക് വില്‍ക്കുകയാണ് പതിവ്.

മീനുകള്‍ മൂന്നു മാസത്തിലൊരിക്കലാണ് പിടിച്ചു വില്‍ക്കുക. അതിനായി ഒരു വാട്‌സാപ്പ് കൂട്ടായ്മയുണ്ട്. അതില്‍ അറിയിക്കുന്നതിനനുസരിച്ചു ആവശ്യക്കാര്‍ വീട്ടില്‍ വന്നു വാങ്ങി കൊണ്ടുപോകുന്നതിനാല്‍ മീന്‍ പുറത്തു കൊണ്ടുപോയി വില്‍ക്കേണ്ടി വരാറില്ലെന്ന് ജോളി.

ജോളിയുടെ പറമ്പില്‍ കുടിയേറി പാര്‍ക്കുന്നവര്‍ വേറെയും ഉണ്ട്. തേനീച്ച, പശു, കോഴി എന്നിങ്ങനെ കുറച്ചു അന്തേവാസികള്‍ കൂടി ചേരുന്നതാണ് അദ്ദേഹത്തിന്‍റെ കൊച്ചു ലോകം. വളത്തിന്‍റെ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും പശുവിനെ വളര്‍ത്തുന്നത്.

“പശു ഒന്നേ ഉള്ളു. അതിന്‍റെ പാല്‍ കറന്ന് വീട്ടിലെ ആവശ്യങ്ങള്‍ക്കും ചാണകം വളമായും ഉപയോഗിച്ച് വരുന്നു. തൊഴുത്തിലെ കുളിപ്പിക്കുന്നതും കഴുകുന്നതുമായ വെള്ളവും, ഗോമൂത്രവും, ചാണകവും എല്ലാം പാത്തികളിലൂടെ ഒരു ബയോഗാസ് പ്ലാന്‍റിലേക്ക് പോകുന്ന രീതിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യത്തിലധികം ഗ്യാസ് ഇത് വഴി ലഭിക്കുന്നുണ്ട്. അതില്‍നിന്നും ലഭിക്കുന്ന സ്ലറി ചെടികള്‍ക്ക് ഒഴിക്കുന്നതിനാല്‍ വളം പുറത്തുനിന്നും വാങ്ങേണ്ടി വരാറില്ല,” ജോളിക്ക് കൃഷി വിശേഷങ്ങള്‍  എത്ര പറഞ്ഞാലും തീരുന്നില്ല.

പോഷകത്തിനായി നല്ല നാടന്‍ മുട്ട നല്‍കാനായി അറുപത് കോഴികളും ഉണ്ട് ഈ തോട്ടത്തില്‍. വീട്ടിലെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് കടകളില്‍ കൊടുക്കും.

“നൂറു കോഴികളെ വളര്‍ത്താവുന്ന കൂടാണ് പണിതിരിക്കുന്നത്. കോഴിക്കൂടിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍ കൂട്ടില്‍ വെള്ളം വീഴാതെ നോക്കണം. അതിനായി കൂടിന്‍റെ പുറത്തു ഒരു ബാസ്‌കറ്റ് വച്ചിട്ടുണ്ട്. അതില്‍ നിന്നും കണക്ഷന്‍ കൊടുത്ത പൈപ്പുകള്‍ കൂടിനകത്തു ഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ഹോളും ഇട്ടിട്ടുണ്ട്. കോഴികള്‍ക്ക് ആവശ്യമായ വെള്ളം ആ ഹോളിലൂടെ കുടിക്കാം. വെള്ളം അതില്‍ എപ്പോഴും നിലനിര്‍ത്തിട്ടുണ്ടാകും. തീരുമ്പോള്‍ ബാസ്‌കറ്റിലെ ഫ്ളോട്ട് സിസ്റ്റം പ്രവര്‍ത്തിച്ചു വീണ്ടും വെള്ളം എത്തിക്കും. കൂടു വൃത്തിക്ക് സൂക്ഷിക്കുകയും ചെയ്യാം. കോഴിക്കാഷ്ടം ശേഖരിക്കാന്‍ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. അത് കോരി പറമ്പിലേക്കിട്ടാല്‍ വളവുമായി,” എല്ലാ വഴികളിലൂടെയും സഞ്ചരിക്കുന്ന വളരെ പ്രാക്ടിക്കല്‍ ആയ ഒരു കര്‍ഷകന്‍റെ അനുഭവസമ്പത്ത് ജോളിയുടെ ഓരോ വാക്കിലുമുണ്ട്.

കുടുംബത്തിലെ എല്ലാവരും കൃഷിയില്‍ സഹായിക്കും: ജോളിയും കുടുംബവും

ചെടികളെ അറിഞ്ഞുള്ള പരിപാലനം ആണ് ജോളിയുടേത്. കൃഷിയിടത്തില്‍ പൊതുവെ കീടബാധ ഉണ്ടാകാറില്ലെന്ന് അദ്ദേഹം പറയുന്നു. ചെറിയ രോഗങ്ങള്‍ ഒക്കെ ചെടിയുടെ ഇലയും നിലയും കണ്ടു മനസിലാക്കാന്‍ ജോളിക്ക് കഴിയും. അതനുസരിച്ചാണ് പിന്നീടുള്ള ജോളിയുടെ സ്‌പെഷ്യല്‍ തെറാപ്പി.

“സാധാരണ ചെറിയ കേടുകളൊക്കെ മാറാനായി കാന്താരിയും സോപ്പും ചേര്‍ത്തരച്ചു ലായിനിയാക്കി ചെടിക്ക് തളിച്ച് കൊടുക്കും. കീടങ്ങള്‍ പോകാന്‍ നല്ലതാണ്. മുരിങ്ങയില അരച്ച് കലക്കി ചെടിക്ക് ഒഴിച്ചാല്‍ അത്യുത്തമമാണ്. പിന്നെ ബയോ ഗാസ് പ്ലാന്‍റില്‍ നിന്നും മീന്‍ കുളത്തില്‍ നിന്നുമുള്ള സ്ലറിയും   അമോണിയ കലര്‍ന്ന വെള്ളവും ഒക്കെ തന്നെ ധാരാളമാണ്. അറ്റ കൈ പ്രയോഗമായി കുമ്മായം കലക്കി നേര്‍പ്പിച്ചു ഒഴിക്കാറുണ്ട്. അത് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം. കേടു വന്ന ചെടികള്‍ പിഴുത് പുതിയത് വെക്കുന്നതാണ് പൊതുവെ ചെയ്യാറുള്ളത്,” പരിചരണരീതികള്‍ അദ്ദേഹം എണ്ണമിട്ട് പറഞ്ഞുതന്നു.

കര്‍ഷകകുടുംബമായതുകൊണ്ടുതന്നെ ജോളിയുടെ അച്ഛനും അമ്മയും ഇരുകൈ സഹായമായി കൂടെയുണ്ട്. അച്ഛന്‍ ഡ്രൈവര്‍ ആയിരുന്നെങ്കിലും കൃഷിപ്പണി വളരെ ഭംഗിയായി ചെയ്യാന്‍ അറിയാമെന്ന് ജോളി പറയുന്നു. ഭാര്യ സോണാലും മക്കള്‍ മാത്യുവും മറിയയും എന്ത് സഹായത്തിനും കൂടെയുണ്ട്.

അക്വാപോണിക്‌സ് തുടങ്ങി പലരും നഷ്ടം വന്നുവെന്ന് പരാതി പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ജോളിയുടെ മറുപടി ഇങ്ങനെ:  “ഒരിക്കലുമില്ല. നമ്മള്‍ എവിടെങ്കിലും എന്തെങ്കിലും കണ്ടാല്‍ അതിനെക്കുറിച്ചു കൂടുതല്‍ ഒന്നും പഠിക്കാതെ ചാടിപുറപ്പെടുന്നതാണ് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നത്. എന്നാല്‍ നമ്മള്‍ അതിനെക്കുറിച്ചു പഠിച്ചു ചെറിയ യൂണിറ്റായി ചെയ്തു പരീക്ഷിച്ചു നോക്കുക. എന്നിട്ട് തനിക്ക് പറ്റുന്ന പണിയാണോ എന്നത് ആദ്യം മനസിലാക്കുക. തുടര്‍ന്ന് മാത്രം വലിയ തോതില്‍ വ്യാപിപ്പിച്ചെടുക്കുക.

“അല്ലാതെ തുടക്കത്തിലെ വലിയ യൂണിറ്റ് ചെയ്താല്‍ പരിചയക്കുറവ് മൂലം വരുന്ന നഷ്ടം വളരെ വലുതായിരിക്കും. കൈ നനയാന്‍ മടിയുള്ളവര്‍ ഇതിലേക്കിറങ്ങിയാല്‍ കുളവും ഫില്‍ട്ടറും ഒക്കെ ശുചിയാക്കാന്‍ പണിക്കാരെ വെക്കേണ്ടി വരും. അത് ചിലവ് കൂട്ടും. പരമാവധി നമ്മള്‍ തന്നെ മുന്നിട്ടിറങ്ങി ചിലവ് കുറക്കാവുന്നതേയുള്ളു.”


ഇതുകൂടി വായിക്കാം: ഒരു സെന്‍റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്‍റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്‍പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം


***
കൂടുതല്‍ അറിയാന്‍ ജോളി വര്‍ക്കിയെ വിളിക്കാം : +91 94476 13494

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം