അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍:  മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും

വിദ്യാധരന്‍ വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പൊലീസാകും മുന്‍പേ തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാല്‍, പതിനഞ്ചാം വയസ്സില്‍. ഒരു വാശിക്ക് തുടങ്ങിയതാണ്…

കളുടെ കല്യാണത്തിന് സി വി വിദ്യാധരന്‍റെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. അതൊക്കെ സാധാരണം. പക്ഷേ, ഈ വീട്ടിലെ ഒരുക്കം കണ്ട്  ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ചു.

“ഒരേയൊരു മോളല്ലേയുള്ളൂ.. അതിനെ ഇങ്ങനെയാണോ ഇറക്കിവിടേണ്ടതെ”ന്നു ഭാര്യയും ചില ബന്ധുക്കളുമൊക്കെ ചോദിച്ചു. വിദ്യാധരന്‍ പൊലീസ് അതൊന്നും മൈന്‍ഡ് ചെയ്തില്ല.


അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com

ഒരു ഹരിതക്കല്യാണം നടത്തണമെന്നായിരുന്നു വിദ്യാധരന്. പൂക്കളും മാലയുമൊക്കെ ഒഴിവാക്കി. അതിഥികള്‍ക്ക് മരത്തൈകളും പച്ചക്കറി വിത്തുകളും സമ്മാനമായി നല്‍കി.

പക്ഷേ ആ കല്യാണം വൈറലായിരുന്നു. അത് വിശദമായി പിന്നീട് പറയാം.

വീട്ടുമുറ്റം നിറയെ വെണ്ടയും മത്തനും കറിവേപ്പുമൊക്കെ കൃഷി ചെയ്യുന്ന കര്‍ഷകന്‍റെ വീട്ടില്‍ നാടന്‍ പശുവും തേനീച്ചയുമൊക്കെയുണ്ട്. പക്ഷേ പാലെടുക്കില്ല, തേനുമെടുക്കില്ല.

ആഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കാന്‍ അദ്ദേഹം സ്റ്റീല്‍ പ്ലേറ്റും ഗ്ലാസ്സുകളും സൗജന്യമായി നല്‍കുന്നു. കഴിഞ്ഞ 41 വര്‍ഷമായി വഴിവക്കിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മരങ്ങള്‍ നടുന്നു… ഇതുവരെ അരലക്ഷത്തിലധികം മരങ്ങള്‍!

“ആള്‍ക്കാര് എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടോ.. ഞാന്‍ ഇനിയും വഴിയോരത്തും പറമ്പിലുമൊക്കെ ചെടികളും തൈകളുമൊക്കെ നടും. പ്രകൃതിയെ മറന്ന് ജീവിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല.”

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ വിദ്യാധരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അച്ഛന് കൃഷിയായിരുന്നു. വാസുവെന്നാണ് അച്ഛന്‍റെ പേര്, അമ്മ പാര്‍വതി. അവരുടെ നാലാമത്തെ മകനാണ്. അച്ഛനില്‍ നിന്നാകും കൃഷിയോടും മണ്ണിനോടുമൊക്കെ എനിക്കും സ്നേഹം തോന്നുന്നത്.

“വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പൊലീസാകും മുന്‍പേ തുടങ്ങിയതല്ലേ. കൃത്യമായി പറഞ്ഞാല്‍, എന്‍റെ പതിനഞ്ചാമത്തെ വയസില്‍ ആരംഭിച്ചതാണ്.

“മരം നട്ടുപിടിപ്പിക്കണമെന്നു തോന്നാനൊരു കാരണമുണ്ട്. ഞാനന്ന് പത്താം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നത് അരീപ്പറമ്പിലാണ്.

വിദ്യാധരന്‍ വൃക്ഷ തൈ നടാനുള്ള ഒരുക്കത്തിലാണ്

“ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്ത് ഷെല്‍ട്ടറോ വെയിറ്റിങ് ഷെഡോ ഒന്നുമില്ല. അന്നുമില്ല ഇന്നുമില്ല.


നല്ല പൊരിഞ്ഞ വെയിലും കൊണ്ടാണ് ബസ് കാത്തുനില്‍ക്കുന്നത്.


“ഒരു മരം ഉണ്ടായിരുന്നുവെങ്കില്‍ ആ തണലില്‍ നില്‍ക്കാമായിരുന്നുവെന്നു തോന്നി. അങ്ങനെയാണ് അവിടെയൊരു തൈ നടുന്നത്. തൈ നട്ടതിന്‍റെ പിറ്റേദിവസം തന്നെ അതൊരാള്‍ പറിച്ചു കളഞ്ഞു. മരം നട്ടതിന് അടുത്തൊരു ബാങ്കുണ്ട്. ആ ബാങ്കിലെ ജീവനക്കാരനാണ് നശിപ്പിച്ചു കളഞ്ഞത്,”  പറിച്ചു കളഞ്ഞതു കണ്ടപ്പോള്‍ വിദ്യാധരന്  സങ്കടമായി.

“റോഡിന്‍റെ ഒരു ഓരത്താണ് തൈ നട്ടത്. പക്ഷേ ആ ജീവനക്കാരന്‍ പറഞ്ഞത്, അതു ബാങ്കിന്‍റെ സ്ഥലമാണെന്നാണ്. സങ്കടം മാത്രമല്ല വാശിയും തോന്നി,” എന്ന് വിദ്യാധരന്‍.

ആ ഒരു വാശിക്കാണ് വൃക്ഷ തൈകള്‍ നട്ടു തുടങ്ങുന്നത്.

ഐ ജി ബി.സന്ധ്യയോടൊപ്പം വിദ്യാധരന്‍

“അങ്ങനെ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മരങ്ങള്‍ നട്ടു തുടങ്ങി. പക്ഷേ, അന്നൊന്നും മരം നടുന്നത് നല്ലതാണെന്നോ അതിന്‍റെ ഗുണങ്ങളോ ഒന്നും എനിക്കറിയില്ലായിരുന്നു. ഒരു വാശിക്ക് നട്ടു തുടങ്ങിയതല്ലേ,” വിദ്യാധരന്‍ ചിരിക്കുന്നു.

അങ്ങനെ വീട്ടിലും റോഡിലും സ്കൂളിലും പറമ്പിലും വഴിവക്കിലുമൊക്കെ ആ വിദ്യാര്‍ത്ഥി മരത്തൈകള്‍ നട്ടു പിടിപ്പിച്ചു തുടങ്ങി.

“ഞങ്ങടെ നാട്ടില്‍ പഞ്ചാരമണലാണ്. ചെടിയും തൈയുമൊക്കെ നട്ടാല്‍ രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം. വളക്കൂറും ഇല്ലാത്ത മണ്ണാണിത്. കോട്ടയമോ ഇടുക്കിയോ പോലുള്ള സ്ഥലത്തെ ചെമ്മണ്ണ് ആയിരുന്നേല്‍ കുറേ മരങ്ങള്‍ നട്ടേനെ. നമ്മളിവിടെ 50 തൈകള്‍ നട്ട് കഠിനാധ്വാനം ചെയ്താലേ അതിലൊരു അഞ്ചെണ്ണമെങ്കിലും പിടിക്കൂ.

മരങ്ങള്‍ തെര‍ഞ്ഞെടുക്കുമ്പോള്‍ ഫലവൃക്ഷങ്ങള്‍ക്കാണ് വിദ്യാധരന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. “ഫലവൃക്ഷങ്ങള്‍ ആണെങ്കില്‍ വിഷമില്ലാത്ത ഫലങ്ങള്‍ കഴിക്കാന്‍ കിട്ടുമല്ലോ. മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ ഈ ഫലവ‍ൃക്ഷങ്ങള്‍ ഉപകാരപ്പെടും,” എന്നാണ് അദ്ദേഹം പറയുന്നത്.

രക്തചന്ദനം, നെല്ലി, പന ഇങ്ങനെ കിട്ടുന്നതെല്ലാം അദ്ദേഹം നട്ടുവെയ്ക്കും.  ഭൂമിയില്‍ ഒരു പാഴ്മരവും ഇല്ല. പാഴ്മരമെന്നു പറഞ്ഞു നടാതെ കളയുന്ന ചെടികള്‍ക്കു പോലും എന്തെങ്കിലും ഗുണമുണ്ടാകും എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

” പന ഇവിടുത്തുകാര്‍ക്ക് (ആലപ്പുഴക്കാര്‍ക്ക്) പാഴ്മരമാണ്. പന പാഴ്മരമാണെന്നു പറഞ്ഞു വെട്ടിക്കളഞ്ഞവരുണ്ട്. എന്നാല്‍ ഈ പനകളിലാണ് വണ്ടുകളും ചെമ്പന്‍ചെല്ലിയും കൊമ്പന്‍ ചെല്ലിയുമൊക്കെ കൂടുണ്ടാക്കി താമസിക്കുന്നത്.

“പന ഇല്ലാതായതോടെ ഈ ജീവികളൊക്കെ തെങ്ങിലേക്ക് താമസം മാറ്റി. പിന്നെ അതു തെങ്ങിന്‍റെ ചൊട്ട തിന്നാന്‍ തുടങ്ങി. അതോടെ തെങ്ങുകളും നശിച്ചു തുടങ്ങി,” പനകള്‍ ധാരാളം ഉണ്ടായിരുന്നുവെങ്കില്‍ ഈ ജീവികള്‍ തെങ്ങുകള്‍ നശിപ്പിക്കാനെത്തില്ലായിരുന്നുവെന്നാണ് വിദ്യാധരന്‍ ഉറച്ചുവിശ്വസിക്കുന്നത്.

കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം മരം നട്ടിട്ടുണ്ട്. കൂടുതലും ആലപ്പുഴയിലാണ്. ആലപ്പുഴ ബീച്ചില്‍, മുപ്പാലം, എസ് പി ഓഫിസ്, സബ് ജയിലിന് മുന്‍പ് വശത്തുമൊക്കെ കുറെയധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു.

“മൂന്നു ദിവസത്തേക്കുള്ള ഒരു യാത്രയാണെങ്കില്‍ ഉറപ്പായും ആ സ്ഥലത്ത് ഞാന്‍ വൃക്ഷ തൈകള്‍ നടും. തൈ നടാനുള്ള ഒരുക്കങ്ങളോടെയാണ് അത്തരം യാത്രകള്‍ക്ക്  പോകുന്നത്.


“തൈയും വളവും വെള്ളവും കുഴിയെടുക്കാനുള്ള മമ്മട്ടിയും അരിവാളും പിക്കാസുമൊക്കെയായാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. കാറിന്‍റെ ഡിക്കിയില്‍ ഇതൊക്കെ എപ്പോഴുമുണ്ടാകും.


എവിടെ പോകുമ്പോഴും കുറഞ്ഞത് ഒരു തൈ നടണമെന്നാണ് വിദ്യാധരന്‍റെ പോളിസി. അതിനുള്ള സജ്ജീകരണങ്ങള്‍ എല്ലായ്പ്പോഴും കൂടെയുണ്ടാകും. “ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലെ പുതിയ പാലമില്ലേ. അതിന്‍റെ അപ്രോച്ച് റോഡിന്‍റെ ഇരുവശങ്ങളിലും രണ്ട് വര്‍ഷം മുമ്പ് തൈകള്‍ നട്ടിരുന്നു.

“മാവും പ്ലാവും കണിക്കൊന്നയും നെല്ലും ഇതൊക്കെയാണ് അവിടെ നട്ടിരിക്കുന്നത്. ഫലവ‍ൃക്ഷങ്ങള്‍ക്കൊപ്പം കുറച്ചു അഗത്തി ചീരയും നട്ടിരുന്നു. എല്ലാം വളര്‍ന്നുവെങ്കിലും ആ പ്രദേശത്ത് ഇപ്പോള്‍ നിറയെ പയറു വള്ളികളാണ്. റബര്‍ തോട്ടത്തില്‍ നിലത്താകെ പടര്‍ന്നു പിടിക്കുന്ന ഒരുതരം പയര്‍ വള്ളികളില്ലേ. അതാണ്.”

ആ കാട്ടുപയര്‍ വള്ളികള്‍ മരങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലാതിരിക്കാന്‍ വിദ്യാധരന്‍ അതൊക്കെ വെട്ടി വൃത്തിയാക്കും.

“മാസത്തിലൊരിക്കല്‍ വെട്ടി വൃത്തിയാക്കിയില്ലെങ്കില്‍ അതൊക്കെ വളര്‍ന്നു പടരും. അതൊരു ഭാരിച്ച ജോലിയാണ്. അതൊക്കെ ഞാനാണിപ്പോള്‍ വെട്ടി വൃത്തിയാക്കുന്നത്. ചിലപ്പോ ആരെയെങ്കിലും നിറുത്തി അതൊക്കെ വെട്ടിക്കാറുമുണ്ട്,” അദ്ദേഹം പറഞ്ഞു.

മീനച്ചലാറിന്‍റെ തീരത്ത് തൈകള്‍ നടുന്നു

“കഞ്ഞിക്കുഴി റോഡിലും കുറേ പ്ലാവുകള്‍ നട്ടിട്ടുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും ആ പ്ലാവുകളൊക്കെ നിറയെ കായ്ച്ചു നില്‍ക്കുന്നതു കാണാനും നല്ല രസമാണ്.

“പക്ഷേ സങ്കടകരമായ കാര്യമെന്താണെന്നു വച്ചാല്‍ അതൊക്കെ വെട്ടാന്‍ പോകുകയാണ്. റോഡിന് വീതി കൂട്ടാനാണ് മരങ്ങള്‍ വെട്ടുന്നത്. വെട്ടാനുള്ള നമ്പര്‍ ഒക്കെ ഇട്ടു കഴിഞ്ഞു. പത്ത് വര്‍ഷം മുന്‍പ് നട്ട പ്ലാവുകളാണിതൊക്കെയും.

“മീനച്ചലാറിന്‍റെ തീരത്തും കുറച്ചു തൈകള്‍ നട്ടിട്ടുണ്ട്. കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന സ്ഥലമാണ്. ഐ ജി ബി. സന്ധ്യയുടെ  സഹകരണത്തോടെയാണ് ഇവിടെ തൈകള്‍ നട്ടത്.

“മീനച്ചലാറിന്‍റെ തീരങ്ങളില്‍ നടാന്‍ അനുയോജ്യമായിട്ടുള്ളത് ആറ്റുവഞ്ചിയാണ്.– കുറച്ചു ആറ്റുവഞ്ചികള്‍ നട്ടു കഴിഞ്ഞു. ഇതിനൊപ്പം കുറച്ചു മുളംതൈകളും നട്ടു.”

വഴിയോരത്ത് തൈകകള്‍ പുല്ലു വെട്ടാനെത്തുന്നവര്‍ ശ്രദ്ധിക്കാതെ വെട്ടിക്കളയുന്നുവെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ട്രീ ഗാര്‍ഡില്ലാത്തതാണ് പ്രശ്നമെന്ന് മനസ്സിലാക്കി വിദ്യാധരന്‍  400-ഓളം ട്രീ ഗാര്‍ഡുകള്‍ സ്വന്തമായി വാങ്ങി.

“പക്ഷേ കുറേക്കാലമായി ഉപയോഗിക്കുന്നതല്ലേ. പലതും ദ്രവിച്ചു നശിച്ചു പോയി. പിന്നെ പലയിടത്തായി തൈകളും നട്ടിട്ടുണ്ടല്ലോ. ഈ  ട്രീ ഗാര്‍ഡിനൊക്കെ ഒരു ഇരുപത് വര്‍ഷത്തെ പഴക്കമുണ്ടാകും.

“ദൂര സ്ഥലങ്ങളിലൊക്കെ തൈകള്‍ നടുമ്പോള്‍ ആലപ്പുഴയില്‍ നിന്നു ട്രീ ഗാര്‍ഡും കൊണ്ടുപോകുന്നത് ബുദ്ധിമുട്ടല്ലേ. ചെലവേറിയ പരിപാടിയാണ്. ചിലതു മണ്ണില്‍ ചെടിയ്ക്കൊപ്പം ഉറപ്പിച്ചു കഴിഞ്ഞാല്‍ തിരിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കും.

“നെട്ടൂരില്‍ നടുന്ന തൈകള്‍ സംരക്ഷിക്കാന്‍ ട്രീ ഗാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ പലരെയും സമീപിച്ചു. പ്രമുഖ ആശുപത്രികളെ പോലും.” പക്ഷേ ആരും അനുകൂലമായി മറുപടിയൊന്നും നല്‍കിയില്ലെന്നതാണ്  സങ്കടമെന്നു വിദ്യാധരന്‍.

സര്‍ക്കാരിന്‍റെയോ സംഘടനകളുടെയോ ഒന്നും സഹായമൊന്നും  കിട്ടുന്നില്ലെന്ന് വിദ്യാധരന്‍. ” ഞാന്‍ മുണ്ടു മുറുക്കിയുടുത്താണ് ഇതിനുള്ള തുകയൊക്കെ കണ്ടെത്തുന്നത്. ചായ കുടിക്കേണ്ട കാശിന് ഒരു ചെടിയ്ക്കുള്ള വളമെങ്കിലും വാങ്ങാനാകും.. അപ്പോ എന്താ ചെയ്യാ..? ചായ ഉപേക്ഷിക്കും.

“ഇങ്ങനെയൊക്കെയാണ് തൈകള്‍ക്കും വളത്തിനും മറ്റുമൊക്കെയുള്ള ചെലവുകള്‍ക്ക് കാശുണ്ടാക്കുന്നത്. മരം നട്ടുനടക്കല്‍ എളുപ്പമാണെന്നു തോന്നിയേക്കാം. ഇങ്ങനെയുള്ള കുറേ പ്രതിസന്ധികളൊക്കെയുമുണ്ട്.

“തൈ നടുന്നതിന്‍റെ ചെലവൊക്കെ സ്വന്തം പോക്കറ്റില്‍ നിന്നെടുക്കുന്നതു മാത്രമല്ല ചെടിയുടെ സംരക്ഷണവും ചിലപ്പോഴൊക്കെ സ്വയം ചെയ്യേണ്ടി വരും.
മിക്ക ഇടങ്ങളിലും വെള്ളമൊഴിക്കലും വളമിടലുമൊക്കെ ഞാന്‍ തന്നെയാണ്.

“അല്ലാതെ വേറെ നിവൃത്തിയില്ല. ആരും അതൊന്നും ഏറ്റെടുത്ത് ചെയ്യാന്‍ തയാറുമല്ല. ഇങ്ങനെയൊക്കെയുള്ള ചില പ്രതിസന്ധിയൊക്കെയുണ്ട്.

യേശുദാസിനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയ്ക്കുമൊപ്പം

“ഇത്രയും വര്‍ഷം കൊണ്ട് അരലക്ഷത്തിലേറെ മരങ്ങള്‍ നട്ടു. അതിലേറെയും പ്ലാവും മാവും തന്നെയാണ്. നഴ്സറികളില്‍ നിന്നു തൈകളൊന്നും വാങ്ങാറില്ല. വീട്ടില്‍ തന്നെ വിത്ത് മുളപ്പിച്ചാണ് നടാനുള്ള തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്.

“ഏതെങ്കിലും വീടിന്‍റെ പറമ്പില്‍  കായ്ച്ചു നില്‍ക്കുന്ന പ്ലാവും മാവുമൊക്കെ കണ്ടാല്‍, ഞാന്‍ അവരോട് ചോദിക്കും. പലരും വിത്താക്കാനുള്ള പഴം തരും. ആ കായ്ഫലം പാകി മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്,” അദ്ദേഹം പറഞ്ഞു.

മത്സ്യക്കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഫിഷ് ബോക്സിന്‍റെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറച്ച് വിത്ത് പാകും. ഈ വിത്ത് മുളച്ച് തൈയാകുമ്പോള്‍ പറിച്ചെടുത്ത് മാറ്റി നടും.  വിത്ത് പാകിയ നാല്‍പതോളം ഫിഷ് ബോക്സുകള്‍ വീട്ടിലുണ്ടെന്ന് വിദ്യാധരന്‍.

മരം നടലിനൊപ്പം ജലാശയങ്ങള്‍ക്ക് ചുറ്റും രാമച്ചം വച്ചു പിടിപ്പിച്ച് ജൈവവേലി നിര്‍മ്മിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ ഗന്ധരാജനാണ് വച്ചു പിടിപ്പിച്ചത്.  ജൈവവേലിയുണ്ടെങ്കില്‍ പിന്നെ കോണ്‍ക്രീറ്റ് മതില്‍ക്കെട്ടൊന്നും വേണ്ടി വരില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

പത്ത് സെന്‍റിലാണ് വിദ്യാധരന്‍റെ വീട്. വീടൊഴിച്ചുള്ള ബാക്കി സ്ഥലത്ത് അത്യാവശ്യം കൃഷിയും മരങ്ങളുമൊക്കെയുണ്ട്.

“തേക്ക്, ഔഷധസസ്യങ്ങള്‍, ഫലവ‍ൃക്ഷങ്ങളുമൊക്കെയുണ്ട്. പശുവിനെ വളര്‍ത്തുന്നുണ്ട്, തേനീച്ച കൃഷിയുമുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ കൃഷി ചെയ്തെടുക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം:‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു


“പച്ചക്കറികളും പച്ചമുളകും വേപ്പിലയുമൊന്നും കടകളില്‍ നിന്നു വാങ്ങാറില്ല. വെണ്ട, കുമ്പളങ്ങ, വഴുതന ഇതൊക്കെ ഇപ്പോ കായ്ച്ചു നില്‍പ്പുണ്ട്. …വില്‍ക്കാനുള്ളതൊന്നും ഇല്ല. പക്ഷേ വീട്ടില്‍ വരുന്ന സുഹൃത്തുക്കള്‍ക്കൊക്കെ കൊടുക്കാറുണ്ട്. നാടന്‍ പശു രണ്ടെണ്ണമുണ്ട്, ” ജൈവ കര്‍ഷക സംഘത്തിന്‍റെ ജില്ലാ പ്രസിഡന്‍റ് കൂടിയായ ആ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“20വര്‍ഷമായി തേനീച്ച വളര്‍ത്തുന്നുണ്ട്. ഇതൊരു കൃഷിയാണെന്നു പറയാനാകില്ല. തേനീച്ചകളെ വളര്‍ത്തുന്നു, പക്ഷേ തേനിന് വേണ്ടിയല്ല. തേനെടുക്കുന്നുമില്ല. പശുവില്‍ നിന്നു പാലെടുക്കാറുമില്ല,” അദ്ദേഹം പറഞ്ഞു.

പ്രകൃതി സ്നേഹം വെറും വാക്കുകളില്‍ മാത്രമല്ല. അക്കാര്യം മകളുടെ വിവാഹചടങ്ങളിലൂടെ കാണിച്ചു തന്നയാളാണ് വിദ്യാധരന്‍. “തെരേസയുടേത് ഹരിത കല്യാണമായിരുന്നു.” മകളുടെ വിവാഹദിനം അദ്ദേഹം ഓര്‍ക്കുന്നു.

“ഒരു ഉറുമ്പിന് പോലും ദോഷമാകുന്ന തരത്തില്‍ കല്യാണമൊന്നും നടത്തരുത്. ഒരു ചടങ്ങും അങ്ങനെ ആഘോഷിക്കരുത്. പണ്ടേ ആഗ്രഹിച്ചതാണിതൊക്കെ. മൂന്നു വര്‍ഷം മുന്‍പായിരുന്നു തെരേസയുടെ കല്യാണം.

“ഇതിനുവേണ്ടി മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. സദ്യ വിളമ്പുന്ന ടേബിളില്‍ പേപ്പര്‍ വിരിക്കുമല്ലോ. ആ പേപ്പര്‍ റോള്‍ വീട്ടില്‍ തന്നെയുണ്ടാക്കിയെടുക്കുകയായിരുന്നു. പഴയ പത്രങ്ങളെടുത്ത് ഓരോരോന്ന് ചേര്‍ത്ത് പിന്‍ ചെയ്തെടുത്ത് റോളാക്കുകയായിരുന്നു.

സദ്യ വിളമ്പുന്നതിന് മേശപ്പുറത്ത് ഈ കടലാസാണ് വിരിച്ചത്.

“ജൈവകൃഷിയിലൂടെ ഉത്പ്പാദിപ്പിച്ച നെല്ലിന്‍റെ അരിയും പച്ചക്കറികളും പഴക്കുലകളുമാണ് സദ്യയ്ക്ക് ഉപയോഗിച്ചത്. ഇതിനൊപ്പം രണ്ടായിരം പേപ്പര്‍ കവറുകളുണ്ടാക്കി.

“ആ കവറില്‍ അടുക്കള കൃഷിയ്ക്ക് ആവശ്യമായ 12- ഇനം വിത്തുകളും ഒരു അവാക്കാഡോ ചെടിയുടെയും ഒരു ചൂലുപഴം എന്ന മരത്തിന്‍റെ തൈയും കല്യാണം കൂടാനെത്തിയവര്‍ക്ക് സമ്മാനമായി നല്‍കി.


അവക്കാഡോയുടെ ജ്യൂസുണ്ടാക്കുന്ന ഒരു കടയില്‍ നിന്നു എന്നും പോയി വിത്തുകളെടുക്കും.


ആ വിത്ത് വീട്ടില്‍ കൊണ്ടുവന്നു മുളപ്പിച്ചാണ് അവാക്കാഡോ തൈയുണ്ടാക്കിയത്. ആ തൈയാണ് കല്യാണവിരുന്നുകാര്‍ക്ക് നല്‍കിയത്.

“സാധാരണ ജമന്തിയും റോസും മുല്ലപ്പൂവുമൊക്കെ കൊണ്ടല്ലേ മണ്ഡപം അലങ്കരിക്കുന്നത്. ഇവിടെ അങ്ങനെയല്ലായിരുന്നു. 70- ഓളം കൃഷി അറിവുകള്‍ ലാമിനേറ്റ് ചെയ്തെടുത്തു. അതാണ് കല്യാണമണ്ഡപം അലങ്കരിക്കാന്‍ ഉപയോഗിച്ചത്.

“അല്ലാതെ പൂവും ഇലയുമൊന്നും ഉപയോഗിച്ചില്ല. മണ്ഡപത്തില്‍ നിറപറയും നിലവിളക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്തശാലി നെല്ലാണ് ഈ പറയ്ക്കുള്ളില്‍ നിറച്ചത്. തൃശൂരിലെ ഇരിങ്ങാലക്കുടയിലെ ബാബു എന്ന കര്‍ഷകനില്‍ നിന്നാണ് ഈ നെല്ല് വാങ്ങുന്നത്.

“കല്യാണ ചടങ്ങിന് ശേഷം ഈ നെല്ലിന്‍റെ ഗുണങ്ങളെക്കുറിച്ച് വിരുന്നുകാരോട് പറയുകയും ഈ പറയില്‍ നിന്നു ഒരുപിടി നെല്ല് എടുത്തു കൊണ്ടുപോയി കൃഷി ചെയ്യാമെന്നും പറഞ്ഞു.

എല്ലാവരും വാരിക്കൊണ്ടുപോയി. ഇങ്ങനെ കൊണ്ടുപോയവരില്‍ ചിലര്‍ ഇന്നും രക്തശാലി കൃഷി ചെയ്യുന്നുണ്ട്. അവര്‍ എനിക്ക് മൂന്നാലു ഇടങ്ങഴി അരി കൊണ്ടു തരാറുമുണ്ട്.

“ഇങ്ങനെയൊരു കല്യാണത്തിന് ആദ്യമൊന്നും ഭാര്യയും മക്കളും സമ്മതിച്ചില്ല. അവരുടെ പിന്തുണയൊന്നുമില്ലായിരുന്നു. പിന്നെ പത്രത്തിലും ടെലിവിഷനിലുമൊക്കെ വാര്‍ത്തയൊക്കെ വന്നതോടെ അവര്‍ക്കും ഇതു അത്ര ചെറിയ കാര്യമല്ലെന്നു മനസിലായി.

“കല്യാണത്തിന് ആരില്‍ നിന്നും സംഭാവനകളും സ്വീകരിച്ചിരുന്നില്ല. പൂമാലയും ബൊക്കെയും ഒന്നും ഉപയോഗിച്ചില്ല. പിന്നെയൊരു ഷാളു കൊണ്ടുള്ള മാലയാണ് ഉപയോഗിച്ചത്.” ഈ ഷാള്‍ പിന്നീടവര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാമല്ലോയെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്.

ചേര്‍ത്തല റെയ്ല്‍വെ സ്റ്റേഷന് സമീപം തൈകള്‍ നടാനുള്ള ഒരുക്കത്തിലാണ് വിദ്യാധരന്‍

ആഘോഷങ്ങളില്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസും പ്ലേറ്റുകളും  വിദ്യാധരന്‍ നല്‍കാറുണ്ട്. “5,000 സ്റ്റീല്‍ ഗ്ലാസും 200 പ്ലേറ്റുകളുമാണുള്ളത്. ആരില്‍ നിന്നും പൈസയൊന്നും വാങ്ങാറില്ല, സൗജന്യമായാണ് നല്‍കുന്നത്. കൊണ്ടുപോകുന്ന സാധനം കേടുപാടുകളില്ലാതെ തിരിച്ചു കൊണ്ടുതരിക. അതു മാത്രമേ പറയാറുള്ളൂ.


ഇതുകൂടി വായിക്കാം:‘അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്‍റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം


വനമിത്ര, വ‍ൃക്ഷമിത്ര, ഭൂമിമിത്ര, വ‍ൃക്ഷസ്നേഹി, ഹരിതവ്യക്തി തുടങ്ങി കുറേ അവാര്‍ഡുകള്‍ വിദ്യാധരനെത്തേടിയെത്തി.

സബ് ഇന്‍സ്പെക്റ്ററായിരുന്ന വിദ്യാധരന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ലര്‍ക്കാണ് ഭാര്യ സുപ്രിയ. ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന ആഷിഖാണ് ഇളയമകന്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം